Monday, October 4, 2010

കളിയരങ്ങിലെ കെടാവിളക്ക്

കലാമണ്ഡലം പത്മനാഭന്‍നായരെക്കുറിച്ച് മകന്‍ വേണുഗോപാലിന്റെ ഓര്‍മ്മ. ശ്രീ വേണുഗോപാല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്, കാളികാവ് ശാഖയില്‍ ജോലി ചെയ്യുന്നു.

കഥകളിയുടെ നിലനില്‍പിനും വളര്‍ച്ചക്കും വേണ്ടി കഠിനാദ്ധ്വാനം ചെയ്യുകയും മൌലികമായ സംഭാവനകള്‍കൊണ്ട് അതിനെ പോഷിപ്പിക്കുകയും ചെയ്‌ത അപൂര്‍വ്വം ചില വ്യക്തികളുടെ അത്യദ്ധ്വാനത്തിന്റെ ഫലമായിട്ടാണ് ഈ കല നിലനില്‍ക്കുന്നതും ജനപ്രീതി നേടി വളരുന്നതും.

കഥകളിയുടെ ആരംഭദശയില്‍ രൂപപ്പെട്ട കല്ലടിക്കോടന്‍, കല്ലിങ്ങാടന്‍ എന്നീ സമ്പ്രദായങ്ങള്‍ സമഗ്രമായി പരിഷ്‌ക്കരിക്കപ്പെട്ടാണ് കല്ലുവഴിച്ചിട്ട എന്നു പ്രസിദ്ധമായ മദ്ധ്യകേരളത്തിലെ കഥകളി സമ്പ്രദായം രൂപം കൊള്ളുന്നത്. ഈ സമ്പ്രദായത്തിന്റെ നെടുംതൂണായിരുന്നു കല്ലുവഴി കുയില്‍ തൊടിയില്‍ ഇട്ടിരാരിച്ചമേനോന്റെ. പ്രഗത്ഭനായ ശിഷ്യനായിരുന്ന നാട്യാചാര്യന്‍ പട്ടിക്കാംതൊടിയില്‍ രാമുണ്ണിമേനോന്‍.

കൊടുങ്ങല്ലൂര്‍ കോവിലകത്തെ ചെറിയ കൊച്ചുണ്ണിത്തമ്പുരാന്‍, ഭാഗവതര്‍ കുഞ്ഞുണ്ണിത്തമ്പുരാന്‍ എന്നീ മഹാപണ്ഡിതന്മാരില്‍ നിന്ന് നാട്യശാസ്‌ത്രവും ഭാവാഭിനയിത്തിന്റെ പ്രായോഗികവശങ്ങളും അഭ്യസിച്ച രാമുണ്ണിമേനോന്‍, തുടര്‍ന്ന് ശാസ്‌ത്രീയമായ അഭിനയ പദ്ധതിയെ കഥകളിയുടെ ചൊല്ലിയാട്ടത്തിലും ഭാവാഭിനയസങ്കേതങ്ങളിലും അതിസൂഷ്‌മതയോടെ സന്നിവേശിപ്പിച്ചുകൊണ്ട് അതിനെ കൂടുതല്‍ ഭാവാത്മകവും അതിസുന്ദരവുമാക്കിത്തീര്‍ത്തു. അതുകൊണ്ട് അത് പട്ടിക്കാംതൊടി ശൈലി എന്നറിയപ്പെട്ടു. മഹാകവി വള്ളത്തോള്‍ കേരളകലാമണ്ഡലത്തിലേക്കും വൈദ്യരത്നം പി.എസ്.വാരിയര്‍ പി.എസ്സ്.വി.നാട്യസംഘത്തിലേക്കും സദനം കുമാരന്‍ കഥകളി അക്കാദമിയിലേക്കും സ്വീകരിച്ചത് പട്ടിക്കാംതൊടി ശൈലിയായിരുന്നു. പട്ടിക്കാംതൊടിയില്‍ രാമുണ്ണിമേനോന്റെ പുത്രനും ശിഷ്യനുമായിരുന്നു എന്റെ അച്‌ഛന്‍ കലാമണ്ഡലം പത്മനാഭന്‍നായര്‍.

രാമുണ്ണി മേനോന്റെ കീഴില്‍ ലഭിച്ച പത്തുവര്‍ഷത്തെ നിരന്തരവും അതീവനിഷ്‌കര്‍ഷവുമായ അഭ്യസനത്തിലൂടെ അദ്ദേഹം മികച്ച നടനായിത്തീര്‍ന്നു. വെള്ളിനേഴിയിലും പി.എസ്.വി.നാട്യസംഘത്തിലും കേരളകലാമണ്ഡലത്തിലും ആയിട്ടായിരുന്നു അഭ്യാസനം. എങ്കിലും ഗുരുനാഥന്‍ എന്നും രാമുണ്ണിമേനോന്‍ തന്നെയായിരുന്നു.

രാമുണ്ണിമേനോന്‍ അന്തരിക്കുമ്പോള്‍ പത്മനാഭന്‍ നായര്‍ക്ക് ഇരുപതുവയസ്സേ ആയിരുന്നുള്ളൂ. ജിവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കാതെ തന്റെ അച്‌ഛന്റെ ശിഷ്യയും ബാംഗ്ളൂരിലെ പ്രശസ്‌തനര്‍ത്തകിയുമായ ശാന്തറാവുവിന്റെ നൃത്തസംഘത്തില്‍ അദ്ദേഹം അംഗമായി. 1950 ല്‍ കേരള കലാമണ്ഡലത്തിലെ കഥകളി വിഭാഗത്തില്‍ അദ്ധ്യാപകനായി മഹാകവി വള്ളത്തോള്‍ നിയമിക്കുമ്പോള്‍ പത്മനാഭന്‍നായര്‍ ഇരുപത്തിരണ്ടുകാരനായിരുന്നു.

സ്വന്തം അച്‌ഛനും ഗുരുനാഥനുമായ രാമുണ്ണിമേനോന്‍ നിരവധി ക്ളേശങ്ങള്‍ സഹിച്ച് അനവധി വര്‍ഷങ്ങളിലെ കഠിനാദ്ധ്വാനത്തിലൂടെ രൂപപ്പെടുത്തിയെടുത്ത പട്ടിക്കാംതൊടി ശൈലിയിലുള്ള കഥകളിയെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും പോഷിപ്പിക്കുകയുമാണ് തന്റെ നിയോഗമെന്ന് വിശ്വസിച്ചിരുന്ന പത്മനാഭന്‍നായര്‍ക്ക് കലാമണ്ഡലത്തിലെ അദ്ധ്യാപനവൃത്തി സഹായകരമായി.

മുപ്പത്തെട്ടുവര്‍ഷം നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിനിടയില്‍ വിദേശീയരടക്കം നിരവധി പ്രഗത്ഭഭരായ നടന്മാരെ അദ്ദേഹം വാര്‍ത്തെടുത്തു. സംഗീതമേള വിഭാഗങ്ങളില്‍പെട്ട ഒട്ടനേകംപേരും അദ്ദേഹത്തിന്റെ കളരിയില്‍ പരിശീലനം നേടിയവരാണ്. ആദ്യം അദ്ധ്യാപനത്തിലാണ് ശ്രദ്ധയൂന്നിയതെങ്കിലും ക്രമേണ അരങ്ങിലും അദ്ദേഹം സജീവമായി. കത്തി, മിനുക്ക് വിഭാഗങ്ങളില്‍പെട്ട വേഷങ്ങള്‍ക്കായിരുന്നു കൂടുതല്‍ ജനപ്രീതി. ബാലിവധം, തോരണയുദ്ധം (രാവണന്‍), സന്താനഗോപാലം (ബ്രാഹ്മണന്‍), നളചരിതം (ഹംസം, കാട്ടാളന്‍, സുദേവന്‍), രുഗ്‌മിണീ സ്വയംവരം (സുന്ദരബ്രാഹ്മണന്‍), കുചേലവൃത്തം (കുചേലന്‍), ബാലിവിജയം (രാവണന്‍, നാരദന്‍) തുടങ്ങിയ കഥകളിലെ അദ്ദേഹത്തിന്റെ പ്രശസ്‌തവേഷങ്ങള്‍ കാണുവാന്‍ വേണ്ടി പല സ്ഥലങ്ങളില്‍ നിന്നും ആളുകളെത്തി. കോട്ടയം കഥകളിലെ നായകവേഷങ്ങള്‍, സുഭദ്രാഹരണം അര്‍ജ്ജുനന്‍, നളചരിതം രണ്ടാം ദിവസത്തെ നളന്‍, ദക്ഷന്‍ ഉത്ഭവത്തില്‍ രാവണന്‍, നരകാസുരന്‍, കീചകന്‍ തുടങ്ങിയ കഥകളിയിലെ ചിട്ടപ്രധാനമായ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നവര്‍ പൂര്‍ണ്ണതക്കായി അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

കേരളകലാമണ്ഡലത്തിന്റെ പ്രിന്‍സിപ്പല്‍ ആയി 1989 ല്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിക്കുമ്പോഴേക്ക് മികച്ച നടനും ആചാര്യനുമായിരുന്ന അദ്ദേഹം കഥകളിയെ സംബന്ധിച്ച് അവസാനവാക്കായി മാറിക്കഴിഞ്ഞിരുന്നു. കലാപ്രേമിയായ ബ്രിട്ടീഷുകാരന്‍ ഡേവിഡ് ബോളണ്ടും പരേതനായ ശ്രീ.കെ.പി.എസ് മേനോനും (കഥകളി രംഗത്തിന്റെ കര്‍ത്താവ്) കൂടി തയ്യാറാക്കിയ ഒരു പദ്ധതിയുടെ അടിസ്ഥാനത്തില്‍ 1985 ല്‍ കഥകളിയിലെ ശാസ്‌ത്രീയത മുറ്റി നില്‍‌ക്കുന്ന കഥാപാത്രങ്ങളുടെ ചൊല്ലിയാട്ടം വീഡിയോയില്‍ പകര്‍ത്തുകയുണ്ടായി. പത്മനാഭന്‍നായരാണ് അന്ന് ചൊല്ലിയാടിയത്. ഇത് കഥകളിയുടെ വിലപ്പെട്ട ഒരു രേഖയായിത്തീര്‍ന്നു.

ഒരേ ഗുരുനാഥന്റെ ശിഷ്യന്മാരുടെ തന്നെ പ്രയോഗത്തില്‍ വ്യത്യാസങ്ങള്‍ കാണപ്പെടുന്നതിനാല്‍ കഥകളിയുടെ ചൊല്ലിയാട്ടവും അഭിനയസങ്കേതങ്ങളും സിദ്ധാന്തങ്ങളുമെല്ലാം രേഖപ്പെടുത്തേണ്ടത് അതിന്റെ നിലനില്‍പിന് അത്യാവശ്യമായിരുന്നു. ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ പത്മനാഭന്‍നായര്‍ ആ ചുമതലയേറ്റെടുത്തു. പന്ത്രണ്ടോളം വര്‍ഷങ്ങളിലെ കഠിനാദ്ധ്വാനം വേണ്ടിവന്നു അതു നിറവേറ്റുവാന്‍. അക്കാലത്ത് കലാമണ്ഡലത്തിലുണ്ടായിരുന്ന മഹാകവി ഒളപ്പമണ്ണ, ചിത്രന്‍ നമ്പൂതിരിപ്പാട്, കിള്ളിമംഗലം വാസുദേവന്‍നമ്പൂതിരിപ്പാട് തുടങ്ങിയവരുടെ നിരന്തരമായ പ്രോത്സാഹനം അദ്ദേഹത്തിന് ലഭിച്ചിരുന്നു. കഥകളിയഭ്യാസത്തിന്റെ പ്രാഥമികമായ കാര്യങ്ങളും തോടയം, പുറപ്പാട് എന്നിവയുമടങ്ങിയ പത്മനാഭന്‍നായരുടെ കഥകളിവേഷം എന്ന ഗ്രന്ഥത്തിന്റെ ഒന്നാംഭാഗം 1980 ലും മൂന്നു പ്രധാനകഥകളുടെ ആട്ടപ്രകാരമടങ്ങിയ രണ്ടാംഭാഗം 1982 ലും കേരളഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട് മുഖേന പ്രസിദ്ധീകരിക്കപ്പെട്ടു.

കഥകളിയിലെ ഒട്ടുമിക്ക കഥകളുടേയും ആട്ടപ്രകാരമടങ്ങിയ ചൊല്ലിയാട്ടം എന്ന ഗ്രന്ഥ രചന വളരെ ക്ളേശിച്ച് അദ്ദേഹം പൂര്‍ത്തിയാക്കിയെങ്കിലും അതിന്റെ പ്രസിദ്ധീകരണം ഒരു പ്രശ്‌നമായി. ഒടുവില്‍ ഒ.എന്‍.വി.കുറുപ്പ് അദ്ധ്യക്ഷനും രാധാകൃഷ്‌ണന്‍ നായര്‍ സെക്രട്ടറിയുമായ അന്നത്തെ കലാമണ്ഡലം ഭരണസമിതിയുടെ താല്പര്യപ്രകാരം മുഖ്യമന്ത്രി ശ്രീ.ഇ.കെ.നായനാര്‍ ചൊല്ലിയാട്ടത്തിന്റെ കൈയെഴുത്ത് പ്രതി പത്മനാഭന്‍നായരില്‍ നിന്നും ഏറ്റുവാങ്ങുകയും 2000 ല്‍ കലാമണ്ഡലം അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. ഈ പുസ്‌തകങ്ങള്‍ കഥകളിയെ സംബന്ധിച്ച് ഏറ്റവും ആധികാരികമായ റഫറന്‍സ് ഗ്രന്ഥങ്ങളായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

രാമുണ്ണിമേനോന്‍ കഥകളിക്ക് നല്‍‌കിയ സംഭാവനകള്‍ വിലയിരുത്തുന്നതിനായി ഞായത്ത് ബാലന്‍മാസ്‌റ്ററുമായി ചേര്‍ന്ന് പത്മനാഭന്‍നായര്‍ തയ്യാറാക്കിയതാണ് നാട്യാചാര്യന്റെ ജീവിതമുദ്രകള്‍ എന്ന പട്ടിക്കാംതൊടിയുടെ ജീവചരിത്രഗന്ഥം. കഥകളിയുടെ ഒരു കാലഘട്ടത്തിന്റെ തന്നെ ചരിത്രമായിത്തീര്‍ന്ന ഈ ഗ്രന്ഥത്തിന് ഗുരുവായൂരപ്പന്‍ ട്രസ്‌റ്റിന്റെ 2005 ലെ ഓടക്കുഴല്‍ പുരസ്‌ക്കാരം ലഭിച്ചു. ഈ പുസ്‌തകം പിന്നീട് കോഴിക്കോട് സര്‍വ്വകലാശാലയുടെ ബിരുദതലത്തിലുള്ള ഉപപാഠപുസ്‌തകമായി തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.

ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും കലാപ്രകടനം നടത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ലണ്ടനില്‍ ഷേക്‌സ്‌പിയര്‍ നാടകങ്ങള്‍ക്കായി മാത്രം സ്ഥാപിക്കപ്പെട്ടിട്ടുള്ള പ്രശസ്‌തമായ ഗ്ളോബ് തീയേറ്ററില്‍ നിറഞ്ഞ സദസ്സിനു മുന്‍പില്‍ തുടര്‍ച്ചയായി ഇരുപതു ദിവസമാണ് കിംഗ് ലിയര്‍ എന്ന ഷേക്‌സ്‌പിയര്‍ നാടകത്തിന്റെ കഥകളിയാവിഷ്‌ക്കരണം അവതരിപ്പിച്ചത്. അതിന്റെ സംവിധാനത്തില്‍ പ്രധാന പങ്കുവഹിച്ചതും ലിയര്‍ രാജാവിനെ അവതരിപ്പിച്ചതും പത്മനാഭന്‍നായര്‍ തന്നെയായിരുന്നു.

കഥകളിയുടെ ചൊല്ലിയാട്ടത്തിലേക്കും ഭാവാഭിനയസങ്കേതങ്ങളിലേക്കും നാട്യശാസ്‌ത്ര നിയമങ്ങളെ സ്വാംശീകരിച്ചുകൊണ്ട് അതിനെ കൂടുതല്‍ സുന്ദരവും ഭാവാത്മകവുമാക്കിത്തീര്‍ത്തു പട്ടിക്കര തൊടിയില്‍ രാമുണ്ണിമേനോന്‍. മകനും ശിഷ്യനുമായ പത്മനാഭന്‍ നായരാകട്ടെ സനിഷ്‌കര്‍ഷമായ അദ്ധ്യാപനത്തിലൂടെ നിരവധി പ്രഗത്ഭ നടന്മാരെ വളര്‍ത്തിയെടുത്തും ഭാവപൂര്‍ണ്ണതയോടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചും കഥകളിയുടെ ചൊല്ലിയാട്ടത്തേയും ഭാവാഭിനയസങ്കേതങ്ങളേയും വിവിധ മാധ്യമങ്ങളില്‍ വിശദമായി രേഖപ്പെടുത്തിയും അതിന്റെ ഗാംഭീര്യവും ലാവണ്യവും ചോര്‍ന്നുപോകാതെയും നിലവാരത്തകര്‍ച്ചകൂടാതെയും അടുത്ത തലമുറകള്‍ക്ക് കൈമാറുക എന്ന കര്‍ത്തവ്യം ഏറ്റവും ഭംഗിയായി നിര്‍വ്വഹിച്ചു.

സ്വന്തം കാലഘട്ടത്തില്‍ കഥകളിയുടെ ഏറ്റവും പ്രമുഖനായ വക്താവും പ്രയോക്താവും സൈദ്ധാന്തികനും സംരക്ഷകനുമായി വിരാജിച്ച പത്മനാഭന്‍ നായര്‍ 2007 ഏപ്രില്‍ 3-ാം തീയതി അന്തരിച്ചു. മഹാനടന്‍, നാട്യാചാര്യന്‍, ഗവേഷകന്‍, എഴുത്തുകാരന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ കഴിഞ്ഞ അരനൂറ്റൂണ്ടിനുള്ളില്‍ കഥകളിക്ക് ഇത്ര കനത്തതും സമഗ്രവുമായ സംഭാവനകള്‍ നല്‍കിയ മറ്റൊരാളുണ്ടെന്നു തോന്നുന്നില്ല. അതു തന്നെയാണ് കഥകളിയുടെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനവും.


******

കടപ്പാട് : ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം

പിന്‍‌കുറിപ്പ്

പ്രശസ്‌തരായ മാതാപിതാക്കളെ ബാങ്ക് ജീവനക്കാരായ മക്കള്‍ അനുസ്‌മരിക്കുമ്പോള്‍ തീര്‍ച്ചയായും അത് നമ്മുടെ കാലത്തെയും സമൂഹത്തെയും നേരിട്ട് സ്‌പര്‍ശിക്കുന്ന ഒന്നായിമാറുന്നു.

ഇടശ്ശേരി, പത്മശ്രീ വാഴേങ്കട കുഞ്ചുനായര്‍,കൂത്താട്ടു കുളം മേരി, സുബ്രഹ്മണ്യ ഷേണായി, കഥകളി ആചാര്യന്‍ പത്മനാഭന്‍ നായര്‍, ആദ്യകാല കമ്മ്യൂണിസ്‌റ്റ് പ്രവര്‍ത്തകനായിരുന്ന ഐ.സി.പി, എ.കെ.ബി.ഇ.എഫ് മുന്‍ പ്രസിഡണ്ട് ജി.രാമചന്ദ്രന്‍ പിള്ള എന്നിവരുടെ മക്കള്‍ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ 300 -ആം ലക്കത്തില്‍ പങ്ക് വച്ചത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കലാമണ്ഡലം പത്മനാഭന്‍നായരെക്കുറിച്ച് മകന്‍ വേണുഗോപാലിന്റെ ഓര്‍മ്മ.