Tuesday, October 26, 2010

കൊടുങ്കാറ്റുകള്‍ കൊയ്‌ത് കയറ്റരുത്

ദൈവവും മനുഷ്യനും തമ്മിലുള്ള മത്സരമല്ല ഒരു തെരഞ്ഞെടുപ്പും. ഈശ്വരസാന്നിധ്യം അറിയാനുള്ള ഹിതപരിശോധനയുമല്ല അത്. സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ പഞ്ചായത്ത് ഭരണസമിതി ആദ്യം ചര്‍ച്ചക്കെടുക്കുന്നത് ദൈവം ഉണ്ടോ, ഇല്ലയോ എന്ന വിഷയമല്ല. വിളക്കു കത്തിക്കാന്‍ വിശ്വാസപ്രമാണങ്ങള്‍ അറിയേണ്ട, വഴി തെളിക്കാന്‍ വേദപഠനങ്ങള്‍ ഹൃദിസ്ഥമാക്കേണ്ട. നിരക്ഷരന് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ പൂരിപ്പിച്ചുകൊടുക്കാന്‍ പത്തുകല്‍പ്പനകള്‍ പഠിക്കേണ്ടതില്ല. എന്നിട്ടും വിശ്വാസികള്‍ക്കേ വോട്ടുചെയ്യാവൂ എന്ന് ഇടയലേഖനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത് എന്തിനാണ്?

എങ്കില്‍ നഥുറാം വിനായക ഗോഡ്‌സെയും ജവാഹര്‍ ലാല്‍ നെഹ്റുവും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ആര്‍ക്ക് വോട്ടുചെയ്യണം? വിശ്വാസിയായിരുന്നു ഗോഡ്‌സെ. അവിശ്വാസിയായിരുന്നു നെഹ്റു. നമസ്‌കരിച്ച ശേഷമാണ് രാഷ്‌ട്രപിതാവിന്റെ മെലിഞ്ഞ ശരീരത്തിലേക്ക് ഗോഡ്‌സെ കാഞ്ചി വലിച്ചത്. നെഹ്റുവാകട്ടെ ഇനി അമ്പലം വേണ്ട അണക്കെട്ടുകള്‍ മതി എന്നാണ് പറഞ്ഞത്. 17 വര്‍ഷം നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അണക്കെട്ടുകളല്ല, ആരാധനാലയങ്ങള്‍ തന്നെയാണ് ഉയര്‍ന്നത്. നൂറുകോടി ജനങ്ങള്‍ക്ക് 15 ലക്ഷം സ്‌കൂളും 75,000 ആശുപത്രിയും ഉള്ളപ്പോള്‍ ആരാധനാലയങ്ങള്‍ 25 ലക്ഷമുണ്ട്. അമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞ സി കേശവന്‍ തിരു-കൊച്ചിയില്‍ മുഖ്യമന്ത്രിയായിരുന്നു. ശബരിമലയില്‍ ഇപ്പോഴും നടവരവ് വര്‍ഷം തോറും വര്‍ധിക്കുകയാണ്. 'ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് പറഞ്ഞ സഹോദരന്‍ അയ്യപ്പന്‍ കൊച്ചിയില്‍ മന്ത്രിയായിരുന്നു. കൊച്ചിയില്‍ ജാതിയോ, മതമോ, ദൈവമോ ഇല്ലാതായില്ല. വല്ലാര്‍പാടം പള്ളി പുതിയ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ന്നു. ദൃഢപ്രതിജ്ഞ ചൊല്ലിയാണ് എ കെ ആന്റണി മുഖ്യമന്ത്രിയായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനെയും ടോം വടക്കനെയും സ്ഥാനാര്‍ഥിയാക്കണമെന്ന് നിവേദനം നല്‍കാന്‍ ആന്റണിയുടെ 'അവിശ്വാസപ്രതിജ്ഞ' സഭയ്‌ക്ക് തടസ്സമായില്ല. അപ്പോള്‍ പ്രശ്‌നം വിശ്വാസത്തിന്റേതു തന്നെയോ?

വിശ്വാസിയാണ് നരേന്ദ്രമോഡി. വിശ്വാസിയാണ് യെദ്യൂരപ്പ, അയോധ്യയിലെ മിനാരങ്ങള്‍ ഇരുമ്പുകൂടംകൊണ്ട് തകര്‍ത്തവര്‍ വിശ്വാസികളായിരുന്നു. ഗുജറാത്തില്‍ ഗര്‍ഭിണിയുടെ അടിവയര്‍ കീറിയവര്‍ വിശ്വാസികളായിരുന്നു. താജ് ഹോട്ടലിനെ തോക്കിന്‍മുനയില്‍ തൂക്കി നിര്‍ത്തിയവര്‍ വിശ്വാസികളായിരുന്നു. വിക്‌ടോറിയ ടെര്‍മിനസിലും ബംഗളൂരുവിലും ബോംബുപാകിയവര്‍ വിശ്വാസികളായിരുന്നു. ആള്‍ക്കൂട്ടപ്പെരുവഴിയില്‍ പൊട്ടിത്തെറിക്കുന്ന ആത്മഹത്യാ ബോംബുകളും വിശ്വാസികളാണ്. അധ്യാപകന്റെ കൈയറുത്തവരും അറുത്ത കൈ പിടയുമ്പോള്‍ അദ്ദേഹത്തെ ജോലിയില്‍നിന്ന് പുറത്താക്കിയവരും വിശ്വാസികളാണ്. ഏതു വിശ്വാസത്തിന്റെ തിരുവടയാളത്തിലാണ് പൌരബോധത്തിന്റെ ധാര്‍മിക മുദ്ര പതിയേണ്ടത് ?

വിശ്വാസിക്കാണ് ധാര്‍മികബോധമെന്നും അവിശ്വാസികള്‍ അധാര്‍മികരാണെന്നതും ചരിത്രം നിരാകരിക്കുന്നു. അധികാരകേന്ദ്രങ്ങളെ അധാര്‍മികതയുടെ ഗര്‍വ്കൊണ്ട് മൂടിയത് അവിശ്വാസികളേക്കാള്‍ കൂടുതല്‍ വിശ്വാസികളാണ്. സിംഹാസനത്തില്‍ ആരൂഢമായപ്പോള്‍ ദൈവത്തേക്കാള്‍ വിശ്വാസികള്‍ വിശ്വസിച്ചത് കൊലമരത്തെയും തൂക്കുകയറിനെയുമായിരുന്നു. ജനറല്‍ സിയാ ഉള്‍ഹഖ് മെക്കയിലെ വിശുദ്ധ കബറിടത്തില്‍ പ്രാര്‍ഥിച്ച് പവിത്ര മനസ്സോടെ തിരികെയെത്തിയാണ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ തൂക്കിക്കൊന്നത്.

ദൈവനാമത്തിലാണ് ക്രിസ്‌റ്റഫര്‍ കൊളംബസ് യാത്ര തുടങ്ങിയത്. ഹിസ്‌പാനിയോളയില്‍ കൊളംബസ് സ്ഥാപിച്ച സൈനികത്താവളത്തിന് 'ക്രിസ്‌മസ്' എന്നായിരുന്നു പേര്. സ്വര്‍ണം കൊണ്ടുവരാത്ത തദ്ദേശീയരുടെ കൈവെട്ടിയെടുത്തത് ഇവിടെ വച്ചാണ്. കാല്‍വരിയിലെ വിലാപങ്ങള്‍ക്കുമീതെ കത്തിമുന രാകിയ ധാര്‍മികബോധം!

ആഫ്രിക്കയിലെ കറുത്ത മനുഷ്യരെ അടിമകളാക്കി കയറ്റുമതി ചെയ്യുന്നത് തിരുസഭയ്‌ക്ക് നിരക്കുന്നതാണോ എന്ന് സാന്‍ഡോവില്‍ എന്ന പുരോഹിതന്‍ അധികാരികളോട് ചോദിച്ചു. മറുപടി കിട്ടി-'അടിമക്കച്ചവടം നിയമവിരുദ്ധമല്ല'. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായവന്‍, അവരുടെ മുറിവുകള്‍ക്കുമീതെ ഇളങ്കാറ്റായി ലേപനം ചെയ്‌തവന്‍, കുരിശില്‍ ഒരുവട്ടംകൂടി പിടഞ്ഞിട്ടുണ്ടാവും.

ദസ്‌തയോവസ്‌കിയുടെ കാരമസോവ് സഹോദരന്മാരില്‍ മതദ്രോഹവിചാരകന്‍ തടവില്‍ കിടക്കുന്ന യേശുവിനെ ചോദ്യംചെയ്യാന്‍ വരുന്നുണ്ട്. 'നീ ചെയ്‌ത തെറ്റുകളിലൊന്ന് ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയതാണെന്ന്' വിചാരകന്‍ യേശുവിനെ കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യം ആവശ്യപ്പെട്ട അടിമകളെയാണ് റോമാസമ്രാജ്യം കുരിശില്‍ തൂക്കിയത്. കുരിശില്‍ പിടഞ്ഞ 'സ്‌പാര്‍ട്ടക്കസുമാരുടെ' കണ്ണുകള്‍ കഴുകന്മാര്‍ കൊത്തിപ്പറിച്ചപ്പോള്‍ നീറോ ചക്രവര്‍ത്തിമാര്‍ വീണക്കമ്പികള്‍ മുറുക്കി. ആ കുരിശില്‍ കിടന്ന് മുള്‍മുടിയും മരണവും സ്വീകരിച്ചുകൊണ്ടാണ് യേശുക്രിസ്‌തു മനുഷ്യന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.

മതം രാഷ്‌ട്രീയാധികാരത്തോട് ഒട്ടിയപ്പോള്‍ കുരിശ് വഴിയില്‍ ഉപേക്ഷിച്ച് കുതിരപ്പുറത്ത് കയറി. യോഗദണ്ഡ് ചെങ്കോലേന്തിയപ്പോള്‍ താഴികക്കുടങ്ങള്‍ തകര്‍ന്നു. ഇത് വിശ്വാസത്തിന്റെ വഴിതെറ്റലാണ്. രണ്ട് നൂറ്റാണ്ട് നീണ്ട കുരിശുയുദ്ധം വഴിതെറ്റലാണ്. മതപീഡനങ്ങള്‍ വഴിതെറ്റലാണ്. മതദ്രോഹവിചാരണകള്‍ വഴിതെറ്റലാണ്. മധ്യകാലഘട്ടം വഴിതെറ്റലാണ്. അന്ന് ലോകം ഇരുണ്ടു, കുരിശേറ്റം കണ്ട സീയോന്‍ പുത്രികളെപ്പോലെ. വിജ്ഞാനം പ്രകാശിപ്പിച്ച വിളക്കുമരങ്ങള്‍ കണ്ണടച്ചു. ജ്യോതിശാസ്‌ത്രജ്ഞര്‍, ഗവേഷകര്‍, വൈദ്യ വിദ്യാര്‍ഥികള്‍ തീയിലെരിഞ്ഞു. മിഗ്വേല്‍ സെര്‍വെറ്റ് എന്ന ഭിഷഗ്വരന്‍ വേദനയോടെ കുറിച്ചു: 'ഈ ലോകത്ത് സത്യമെന്ന ഒന്നില്ല; കടന്നുപോകുന്നത് നിഴലുകള്‍ മാത്രം!'. രക്തചംക്രമണം കണ്ടുപിടിച്ച ഈ സെര്‍വെറ്റിനെ 1553ല്‍ മതദ്രോഹവിചാരണക്കോടതി തീയില്‍ ചുട്ടു.

മതത്തിന്റെ വൈകാരികത പുരട്ടി അധികാരം പൊതുസമ്മതി തേടുമ്പോള്‍ അതിന് സമനില തെറ്റും. കൃത്രിമക്കാലില്‍ ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്ക് ഉറങ്ങാനാവില്ല. ഉയരമില്ലായ്‌മ അവരെ എന്നും വേട്ടയാടും. മറ്റുള്ളവരുടെ മുന്നിലേ സത്യം മൂടിവയ്‌ക്കാനാവൂ, സ്വന്തം മനസ്സ് സത്യത്തിന്റെ സ്‌മാരകശിലകള്‍ തന്നെയായിരിക്കും. ക്യൂബയിലേക്കും പ്യൂര്‍ട്ടോറിക്കോയിലേക്കും ഹോണ്ടുറാസിലേക്കും കൊളംബിയയിലേയും ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലേക്കും അമേരിക്കന്‍ സൈനികത്താവളങ്ങള്‍ നീങ്ങിയപ്പോള്‍ എഴുത്തുകാരനായ അംബ്രോസ് ബിയേഴ്‌സ് കുറിച്ചു' 'ഭൂമിശാസ്‌ത്രം പഠിപ്പിക്കാന്‍ ദൈവം കണ്ടെത്തിയ വഴിയാണ് യുദ്ധം!'. അന്ന് അമേരിക്കന്‍ പതാകയിലെ നക്ഷത്രങ്ങളുടെ സ്ഥാനത്ത് മാര്‍ക് ട്വയിന്‍ തലയോടുകള്‍ വരച്ചു.

മതവിശ്വാസം പ്രഖ്യാപിക്കുന്ന രാഷ്‌ട്രീയ അധികാരിക്ക് ഒരിക്കലും തലച്ചോറ് വേണ്ട, തലയോടുകള്‍ മതി. നാസിത്തടവറകള്‍ സ്ഥാപിച്ച ഹിറ്റ്ലറിന് കാത്തലിക് സെന്റര്‍ പാര്‍ടിയുടെ പിന്തുണയുണ്ടായിരുന്നു. നാഗസാക്കിയും ഹിരോഷിമയും അഗ്നിഗോളങ്ങള്‍ നക്കിത്തുടച്ചപ്പോള്‍ ബോംബിന്റെ സ്രഷ്‌ടാവായ ഓപ്പന്‍ഹീമര്‍ വാഷിങ്ടണിലിരുന്ന് വിതുമ്പി. പ്രസിഡന്റ് ഹാരിട്രൂമാനോട് പറഞ്ഞു-'എന്റെ കൈയില്‍ രക്തം പുരണ്ടപോലെ' ട്രൂമാന്‍ ഉടനെ സ്‌റ്റ്റേറ്റ് സെക്രട്ടറിയെ വിളിച്ചുപറഞ്ഞു 'ആ പിഴച്ചവനെ ഇനി ഈ ഓഫീസില്‍ കാണരുത് !'. ട്രൂമാന്‍ വിശ്വാസിയാണ്. ദൈവങ്ങളുടെ നാടാണ് അമേരിക്ക. ദൈവങ്ങളെ ഇറക്കുമതിചെയ്‌തും കയറ്റുമതിചെയ്‌തും സന്തോഷിക്കുന്നവര്‍.

ട്രൂമാനേക്കാള്‍ വിശ്വാസിയായിരുന്നു ജോര്‍ജ് ബുഷ്. ഇറാഖിലെ 'രഹസ്യായുധങ്ങള്‍' കണ്ടെത്താന്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ വിഷം പുരട്ടുമ്പോള്‍ പ്രാര്‍ഥിക്കുകയായിരുന്നു ബുഷ്. പ്രാര്‍ഥനാ മുറിയില്‍നിന്ന് ബുഷ് ഇറങ്ങി. ബാഗ്‌ദാദിലേക്ക് ബോംബുകള്‍ ചീറി. ഇറാഖ് കല്ലിന്മേല്‍ കല്ല് ശേഷിക്കാത്തവിധം തകര്‍ത്തിട്ടും 'രഹസ്യായുധങ്ങള്‍' കിട്ടിയില്ല. നുണ അധികാരത്തിന്റെ ശക്തിപ്രകടനമാണ്. വിശ്വാസത്തിന്റെ വേഷം ധരിക്കുന്നതോടെ അതില്‍ ആത്മീയ ചൈതന്യവും പുരളുന്നു.

വിയറ്റ്നാമിലെ കൃഷിക്കാരന്റെ നെഞ്ചിലേക്ക് മൈന്‍ വിതറിയ യുദ്ധവും വിശ്വാസിയായ ലിന്‍ഡന്‍ ജോണ്‍സന്റെ തന്ത്രപരമായ നുണയായിരുന്നു. രണ്ട് അമേരിക്കന്‍ കപ്പലുകള്‍ വിയറ്റ്നാംകാര്‍ മുക്കിയതിനാണ് ജോണ്‍സണ്‍ യുദ്ധം പ്രഖ്യാപിച്ചത്. യുദ്ധംകഴിഞ്ഞപ്പോള്‍ പ്രതിരോധ സെക്രട്ടറി ആല്‍ബര്‍ട്ട് മക്‌നമാറ പറഞ്ഞു: 'അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല!'

നുണകള്‍ ഒരു രാഷ്‌ട്രതന്ത്രമാണ്. അധികാരം അതിന് വിശ്വാസത്തിന്റെ പുതപ്പ് കൂടി നല്‍കുന്നു. മനുഷ്യന്‍ നിലവിളിയും, ദൈവം തലോടലുമാണെങ്കില്‍ അതിനിടയിലെന്തിന് കാപട്യം. പതിനേഴുവര്‍ഷത്തിനുശേഷം ഫാദര്‍ വടക്കന്‍ ഏറ്റുപറഞ്ഞത് അങ്ങനെ ഒരു നുണയെ കുറിച്ചാണ്. 1957ലെ വിമോചന സമരത്തില്‍ അങ്കമാലിയിലെ വെടിവെപ്പിന് ഉത്തരവാദികള്‍ സമരക്കാര്‍തന്നെയെന്ന് ഫാ.വടക്കന്‍ സമ്മതിച്ചു. കുടിച്ച് ലക്കുകെട്ട നുറുകണക്കിനാളുകള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് തുരുതുരാ കല്ലുകള്‍ എറിയുകയായിരുന്നു. വിമോചന സമരത്തിന്റെ അമ്പതാം വാര്‍ഷികത്തിന് അങ്കമാലി കല്ലറയില്‍ ഒപ്പീസു ചൊല്ലിയപ്പോള്‍ ചിലരെങ്കിെലും ഇത് ഓര്‍ത്തിട്ടുണ്ടാവും!

വിശ്വാസികള്‍ അധികാരത്തില്‍ വന്നാല്‍ രാഷ്‌ട്രീയത്തില്‍ ധര്‍മം പുലരും എന്നതും സങ്കുചിതത്വത്തിന്റെ ഒളിച്ചുകടത്തലാണ്. ഒരു തരിയത് കുത്തിത്തൊമ്മനപ്പുറത്തേക്ക് അത് നീളില്ല. കാഴ്‌ചബംഗ്ളാവിലേക്ക് വരയന്‍ കുതിരകളെ വാങ്ങാന്‍ തിരുവിതാംകൂര്‍ അസംബ്ളിയില്‍ ചര്‍ച്ച നടന്നപ്പോള്‍ അതില്‍ രണ്ട് കത്തോലിക്കന്‍ വേണം എന്ന് ആവശ്യപ്പെട്ട കുത്തിത്തൊമ്മന്‍ ഒരു ഫലിത കാഴ്‌ചയാണ്.

രാഷ്‌ട്രീയത്തിലെ ധാര്‍മികതയുടെ ഉരകല്ല് മതസംഹിതകളല്ല. വേദപുസ്‌തകവും, വേദങ്ങളും, മനുസ്‌മൃതിയും, ഭഗവദ്ഗീതയും, വിശുദ്ധ ഖുറാനുമല്ല അതിന്റെ മാനദണ്ഡം. ജനങ്ങള്‍ തന്നെയാണ്, ജനങ്ങളുടെ പൊതുബോധമാണ്, ജനങ്ങളുടെ മനസാക്ഷിയാണ്. വിശ്വാസമല്ല മനസാക്ഷി നല്‍കുന്നത്. വിശ്വാസത്തിനകത്തെ മനുഷ്യത്വമാണ്. ആ മനുഷ്യത്വത്തിന് ജാതിയില്ല. മതമില്ല, പക്ഷെ പേരുണ്ട്- മനുഷ്യന്‍. ഹോട്ടലില്‍ വെച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ വസ്‌ത്രങ്ങള്‍ അഴിപ്പിച്ച മാനേജര്‍ക്ക് പണം നല്‍കി, ബഷീറിന് പഴ്‌സ് തിരിച്ചുനല്‍കി നടന്നുപോയ പോക്കറ്റടിക്കാരന് കിട്ടിയ അതേ പേര് - മനുഷ്യന്‍. മനുഷ്യന്റെ മുഖം കരുണാര്‍ദ്രമാണ്- നിങ്ങള്‍ നഗ്നന് വസ്‌ത്രം നല്‍കുമ്പോള്‍ വിശക്കുന്നവന് ഭക്ഷണം നല്‍കുമ്പോള്‍ അത് എനിക്ക് നല്‍കുന്നതിന് തുല്യമാണെന്ന് പറഞ്ഞ സ്‌നേഹസാഗരം. വെട്ടിമുറിക്കാനല്ല ക്രിസ്‌തു വന്നത് കൂട്ടിചേര്‍ക്കാനാണ്. അതുമറക്കാതിരിക്കുക. വൃക്ഷം പൂവിനു വേണ്ടിയും വിറകിനു വേണ്ടിയും വളര്‍ത്താമെന്ന് ടാഗോര്‍ ഓര്‍മ്മിപ്പിച്ചു. എന്തിനാണെന്ന് തീരുമാനിക്കുന്നത് നട്ടുനനച്ച തോട്ടക്കാരന്‍ തന്നെ.


*****


എം എം പൌലോസ്, കടപ്പാട് : ദേശാഭിമാനി 26-10-2010

8 comments:

വര്‍ക്കേഴ്സ് ഫോറം said...

നഥുറാം വിനായക ഗോഡ്‌സെയും ജവാഹര്‍ ലാല്‍ നെഹ്റുവും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ആര്‍ക്ക് വോട്ടുചെയ്യണം? വിശ്വാസിയായിരുന്നു ഗോഡ്‌സെ. അവിശ്വാസിയായിരുന്നു നെഹ്റു. നമസ്‌കരിച്ച ശേഷമാണ് രാഷ്‌ട്രപിതാവിന്റെ മെലിഞ്ഞ ശരീരത്തിലേക്ക് ഗോഡ്‌സെ കാഞ്ചി വലിച്ചത്. നെഹ്റുവാകട്ടെ ഇനി അമ്പലം വേണ്ട അണക്കെട്ടുകള്‍ മതി എന്നാണ് പറഞ്ഞത്. 17 വര്‍ഷം നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അണക്കെട്ടുകളല്ല, ആരാധനാലയങ്ങള്‍ തന്നെയാണ് ഉയര്‍ന്നത്. നൂറുകോടി ജനങ്ങള്‍ക്ക് 15 ലക്ഷം സ്‌കൂളും 75,000 ആശുപത്രിയും ഉള്ളപ്പോള്‍ ആരാധനാലയങ്ങള്‍ 25 ലക്ഷമുണ്ട്. അമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞ സി കേശവന്‍ തിരു-കൊച്ചിയില്‍ മുഖ്യമന്ത്രിയായിരുന്നു. ശബരിമലയില്‍ ഇപ്പോഴും നടവരവ് വര്‍ഷം തോറും വര്‍ധിക്കുകയാണ്. 'ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് പറഞ്ഞ സഹോദരന്‍ അയ്യപ്പന്‍ കൊച്ചിയില്‍ മന്ത്രിയായിരുന്നു. കൊച്ചിയില്‍ ജാതിയോ, മതമോ, ദൈവമോ ഇല്ലാതായില്ല. വല്ലാര്‍പാടം പള്ളി പുതിയ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ന്നു. ദൃഢപ്രതിജ്ഞ ചൊല്ലിയാണ് എ കെ ആന്റണി മുഖ്യമന്ത്രിയായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനെയും ടോം വടക്കനെയും സ്ഥാനാര്‍ഥിയാക്കണമെന്ന് നിവേദനം നല്‍കാന്‍ ആന്റണിയുടെ 'അവിശ്വാസപ്രതിജ്ഞ' സഭയ്‌ക്ക് തടസ്സമായില്ല. അപ്പോള്‍ പ്രശ്‌നം വിശ്വാസത്തിന്റേതു തന്നെയോ?

M.A Bakar said...

Nice article..

kARNOr(കാര്‍ന്നോര്) said...

വിശ്വാസി ദൈവമല്ല.. “ദൈവവിശ്വാസി“ എന്നത് സ്വയം പ്രഖ്യാപനത്തിലുപരി മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടേണ്ടതാണ്. ഫലം കണ്ട് മരം നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയണം. ലേബലുകള്‍ നമുക്ക് ഉപേക്ഷിക്കാം. വിഷക്കായ്കളും നല്ല പഴങ്ങളും നല്‍കുന്ന മരങ്ങള്‍ ഒരേ മണ്ണില്‍ ഒരേ വളവും വെള്ളവും എടുത്ത് ഒരേ സൂര്യപ്രകാശത്തില്‍ വളരുന്നു.. എല്ലാ ‘വിശ്വാസികളും’ നല്ലവരല്ല, എല്ലാ ‘അവിശ്വാസികളും’ ചീത്തയുമല്ല.

N.J Joju said...

തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ മതധ്വംസനം നടത്തുന്നവര്‍ വോട്ടു കിട്ടാന്‍ വേണ്ടി നടത്തുന്ന ജല്പ്നനങ്ങള്‍.

ഷൈജൻ കാക്കര said...

“നഥുറാം വിനായക ഗോഡ്‌സെയും ജവാഹര്‍ ലാല്‍ നെഹ്റുവും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ആര്‍ക്ക് വോട്ടുചെയ്യണം? വിശ്വാസിയായിരുന്നു ഗോഡ്‌സെ. അവിശ്വാസിയായിരുന്നു നെഹ്റു. ”

ഗാന്ധിജിയും സ്റ്റാലിനും മൽസരിച്ചാൽ ആർക്ക്‌ വോട്ട്‌ ചെയ്യും... ഗാന്ധിജി വിശ്വാസിയും സ്റ്റാലിൻ അവിശ്വാസിയുമാണ്‌...

C.K.Samad said...

"""""കൃത്രിമക്കാലില്‍ ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്ക് ഉറങ്ങാനാവില്ല. ഉയരമില്ലായ്‌മ അവരെ എന്നും വേട്ടയാടും. മറ്റുള്ളവരുടെ മുന്നിലേ സത്യം മൂടിവയ്‌ക്കാനാവൂ, സ്വന്തം മനസ്സ് സത്യത്തിന്റെ സ്‌മാരകശിലകള്‍ തന്നെയായിരിക്കു........""""".

Jijo Kurian said...

Jesus said: "Truth will make you free;" however, "the guardians" of Truth can blind your thoughts and bind your freedom, unless you are watchful....! God always walks in the marginal places of life... He speaks from the unexpected places and persons. And the so-called religious man always ask the question, "Can any good come from Nazareth?" The article proves: "yes, it can, and will."

മലമൂട്ടില്‍ മത്തായി said...

The workers party has a lot of work to do. The party lost in the Lok Sabha elections. The people were sending the message to change tack. Instead, the party went all out for all kinds of fundamentalists - kept Madani as a celebrity. Now he has proved to be a handicap (no pun intended). Now with the panchayath election, people have spoken again. If the party is not listening, you will not be around for much longer.

At any rate, India needs a new left; one which is different from the doctrinaire version of Marxism. It has to be different from the party whose chief is still analyzing what happened in the 1940s. He still thinks that the millions of poor people in India is all ears for his dull words.