Sunday, October 10, 2010

വാക്കുകളുടെ പ്രലോഭനം ഏറ്റുവാങ്ങിയ എഴുത്തുകാരന്‍

പെറുവിയന്‍ എഴുത്തുകാരന്‍ മാരിയോബര്‍ഗാസ് യോസയ്‌ക്ക് 2010ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചുവെന്ന വാര്‍ത്ത മനസ്സിനു സന്തോഷംപകരുന്ന ഒന്നാണ്. ആദ്യമായി പറയട്ടെ സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയാണ് ബര്‍ഗാസ് യോസ. നോവല്‍, ചെറുകഥ, നാടകം, ലേഖനങ്ങള്‍, പഠനങ്ങള്‍ ഇങ്ങനെ അദ്ദേഹം കൈവയ്‌ക്കാത്ത സാഹിത്യവിഭാഗങ്ങള്‍ ഒന്നുംതന്നെയില്ല.

എഴുത്തിലെ വൈവിദ്ധ്യമാണ് യോസയെ ഏറെ ശ്രദ്ധേയനാക്കുന്നത്. ലോക സാഹിത്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന തീവ്രമായ ബന്ധവും രചനകള്‍ക്ക് കൂടുതല്‍ കരുത്തുപകര്‍ന്നു. പ്രമേയത്തിലെ സാര്‍വലൌകിക സ്വഭാവവും യോസയെ ആസ്വാദകര്‍ക്ക് പ്രിയങ്കരനാക്കി. നൊബേല്‍ അക്കാദമി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യോസയെ പരിഗണിക്കുന്നുണ്ടെങ്കിലും അവസാനം അത് എത്തിച്ചേര്‍ന്നത് പലപ്പോഴും നിലവാരം കുറഞ്ഞ എഴുത്തുകാരുടെ പക്കലായിരുന്നു. വൈകിയാണെങ്കിലും അംഗീകാരം യോസയെ തേടിയെത്തിയെന്നത് ആശ്വാസംപകരുന്നു.

1962ല്‍ പുറത്തുവന്ന ടൈംഓഫ് ദി ഹീറോ എന്ന നോവലിലൂടെയാണ് യോസ ശ്രദ്ധേയനാകുന്നത്. അറുപതുകളിലെ സാഹിത്യത്തിലുണ്ടായ നവോത്ഥാനം യോസയുടെ രചനകളിലൂടെ സാഹിത്യലോകം തിരിച്ചറിയുകയായിരുന്നു. ഇടതുപക്ഷ ചിന്താഗതിക്കാരനായ യോസ ക്യൂബന്‍ വിപ്ളവകാലത്ത് ആവേശത്തോടെ പ്രതികരിക്കാന്‍ തയ്യാറായി. ലാറ്റിനമേരിക്ക അടക്കിവാണ ക്യാപിറ്റല്‍ സമൂഹം സാധാരണക്കാരില്‍ അടിച്ചേല്‍പ്പിച്ച അസമത്വങ്ങള്‍ക്കെതിരെ യോസയിലെ വിപ്ളവകാരി രചനകളിലൂടെ പ്രതികരിച്ചു. ലാറ്റിനമേരിക്കന്‍ ചരിത്രവും യാഥാര്‍ഥ്യങ്ങളും പങ്കുവച്ച ഊര്‍ജത്തിന്റെ നിഴലില്‍ പ്രശസ്‌തരായ ഗാർസിയാ മാര്‍കേസിനെപ്പോലെയും കാര്‍ലോസ് ഫുയന്‍തെസിനെപ്പോലെയും സര്‍ഗാത്മക രചനയുടെ വൈവിദ്ധ്യത്തിലൂടെ ശ്രദ്ധേയനാകുവാന്‍ അദ്ദേഹത്തിനുകഴിഞ്ഞു.

1965ല്‍ പുറത്തുവന്ന ഗ്രീന്‍ഹൌസ് എന്ന നോവലാണ് യോസയെ കൂടുതല്‍ പ്രശസ്‌തനാക്കിയത്. സാമൂഹികവും രാഷ്‌ട്രീയവുമായ മാറ്റങ്ങള്‍ ലാറ്റിനമേരിക്കയില്‍ ഉണ്ടാവണമെങ്കില്‍ അത് സാഹിത്യരചനകളിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂവെന്ന ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു. സാഹിത്യത്തിന് ഇതില്‍ ഒരു രാഷ്‌ട്രീയമായ ഭാഗം ഉണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. വിപ്ളവങ്ങളുടെ കാലത്ത് അതില്‍ പങ്കെടുത്ത സാധാരണക്കാര്‍ക്കൊപ്പം യോസയുടെയും മാര്‍കേസിന്റെയും രചനകള്‍ നിലനിന്നുവെന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ക്യൂബന്‍ വിപ്ളവത്തോടും കാസ്‌ട്രോയോടും പരോക്ഷമായ പിന്തുണ പ്രഖ്യാപിക്കാനും അദ്ദേഹം തയ്യാറായത് ഈയൊരു ദര്‍ശനത്തിന്റെ പിന്‍ബലത്തിലാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ശേഷിച്ച നാലു ദശാബ്‌ദങ്ങള്‍ യോസയുടെ രചനകളുടെ വസന്തകാലമായിരുന്നു. സാഹിത്യത്തിലെ ഏതു മികച്ച രചനയും സമൂഹത്തിന് ഒരു നവോത്ഥാനത്തിന്റെ പാത തുറന്നുകൊടുക്കുമെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം പൂര്‍ണമായ സര്‍ഗാത്മക സ്വാതന്ത്ര്യമാണ് ഏറെ അഭികാമ്യമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ എഴുത്തുകാരനും രാഷ്‌ട്രീയപരവും ചരിത്രപരവുമായ അവബോധമുണ്ടായിരിക്കണം എന്നുമദ്ദേഹം ആഗ്രഹിച്ചു.

യോസയുടെ ഓരോ നോവലും സ്വന്തമായ ഒരു രൂപഘടനയ്‌ക്കുള്ളില്‍ നിലനില്‍ക്കുന്ന ഒന്നാണ്. 1969ല്‍ പുറത്തുവന്ന കോൺവെര്‍സേഷന്‍ ഇന്‍ ദി കത്തീഡ്രല്‍ എന്ന നോവല്‍ ആഖ്യാനത്തിന്റെ കാര്യത്തില്‍ ഏറെ പുതുമ പുലര്‍ത്തുന്ന ഒന്നാണ്. യോസയുടെ സോഷ്യലിസ്റ്റ് ദര്‍ശനങ്ങള്‍ക്കൊപ്പം വികസിച്ച ഒരു രചനയാണിത്. ക്യാപ്പിറ്റലിസ്റ്റ് സമൂഹം കാട്ടുന്ന ക്രൂരതകളോടും പീഡനങ്ങളോടും വളരെ ശക്തമായ രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്.

ക്രമേണ സോഷ്യലിസ്റ്റ് ദര്‍ശനങ്ങളില്‍നിന്ന് നിയോ ലിബറല്‍ ദര്‍ശനങ്ങളിലേക്കു കടക്കുന്ന എഴുത്തുകാരനെയാണ് പിന്നീട് നാം കാണുന്നത്. അധികമാരും വായിക്കാത്ത വാര്‍ ഓഫ് ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് ഈ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. യോസയുടെ മാസ്റ്റര്‍പീസ് രചനയായും ഇതിനെ കാണണം. 1993ല്‍ വന്ന ഡെത്ത് ഇന്‍ ദി ആൻഡീസും 1997ല്‍ വന്ന നോട്ട്ബുക്ക്സ് ഓഫ് ഡോ റിഗോ ബര്‍ത്തോയും ശക്തമായ രചനകളാണ്. ഏകാധിപത്യത്തിനെതിരെ ആഞ്ഞടിച്ച ഫീസ്റ്റ് ഓഫ് ദി ഗോട്ടും മറ്റൊരു നോവലായ ബാഡ്‌ഗേളുമൊക്കെ സാഹിത്യലോകത്തെ വിസ്‌മയിപ്പിച്ച രചനകളാണ്.

ഇന്‍ പ്രെയിസ് ഓഫ് സ്റ്റെപ്പ്മദര്‍ എന്ന നോവലില്‍ ലൈംഗികതയുടെ സൂക്ഷ്‌മാവലോകനത്തിന്റെ നിഴലില്‍ കലയുടെ ആസ്വാദനതലങ്ങളെക്കുറിച്ച് അന്വേഷിക്കാനും യോസ തയ്യാറായി. വാക്കിന്റെ പ്രലോഭനങ്ങള്‍ ഏറ്റുവാങ്ങിയ മഹാനായ ഈ എഴുത്തുകാരന്റെ മുന്നില്‍ ഇനിയും മികച്ച പ്രമേയങ്ങളും മികച്ച രചനകളും സാന്നിധ്യം കുറിക്കട്ടെയെന്ന് നമുക്ക് ആഗ്രഹിക്കാം. മാരിയോ ബര്‍ഗാസ് യോസ ഈ നേട്ടങ്ങള്‍ നേടിയത് കുറുക്കുവഴികളിലൂടെ ആയിരുന്നില്ല, കഠിനാധ്വാനത്തിലൂടെയാണ്.


*****


വൈക്കം മുരളി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പെറുവിയന്‍ എഴുത്തുകാരന്‍ മാരിയോബര്‍ഗാസ് യോസയ്‌ക്ക് 2010ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചുവെന്ന വാര്‍ത്ത മനസ്സിനു സന്തോഷംപകരുന്ന ഒന്നാണ്. ആദ്യമായി പറയട്ടെ സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയാണ് ബര്‍ഗാസ് യോസ. നോവല്‍, ചെറുകഥ, നാടകം, ലേഖനങ്ങള്‍, പഠനങ്ങള്‍ ഇങ്ങനെ അദ്ദേഹം കൈവയ്‌ക്കാത്ത സാഹിത്യവിഭാഗങ്ങള്‍ ഒന്നുംതന്നെയില്ല.