Thursday, October 14, 2010

മത രാഷ്‌ട്രീയ ബന്ധങ്ങളിലെ കുലീന മാതൃക

ഒരു ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എല്ലാ പൌരജനങ്ങളും പങ്കാളികളാകണമെന്ന് രാഷ്‌ട്രം ആഗ്രഹിക്കുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്തുന്നതാണ് പൌരധര്‍മ്മം. മത നേതാക്കള്‍ ഉള്‍പ്പടെ ആരുംതന്നെ അതില്‍നിന്ന് വേറിട്ട് നില്‍ക്കുന്നത് ഉചിതവുമല്ല. വ്യക്തിപരമായി ഇങ്ങനെ കക്ഷിരാഷ്‌ട്രീയത്തില്‍ ആര്‍ക്കെങ്കിലും വോട്ടുനല്‍കാന്‍ ഇടവരുന്ന ഘട്ടത്തിലും അത് താന്‍ അംഗമായി പ്രതിനിധാനംചെയ്യുന്ന സഭയിലോ, സംഘടനയിലോ അടിച്ചേല്‍പിച്ച് അത് മത-സാമുദായികാടിസ്ഥാനത്തിലുള്ള ഒരു സംഘടിത നിലപാടായി മാറ്റാന്‍ ശ്രമിക്കുന്നത് അനുചിതമാണ്. ക്വൊട്ടേഷന്‍ സംഘങ്ങളെപ്പോലെ ചിലര്‍ക്ക് വോട്ട് മറിച്ചുകൊടുക്കുന്നവരായി തരംതാഴുന്ന നില വരുമ്പോള്‍ ജനാധിപത്യവ്യവസ്ഥയില്‍ ജനക്ഷേമത്തിനുപകരം സഭാ-സമുദായ പ്രീണനങ്ങള്‍ക്കു മാത്രമായി രാഷ്‌ട്രീയക്കാരും ചിന്തിക്കുന്ന നിലവരും. ഇതില്‍നിന്ന് സ്വയം മോചിതമാകാന്‍ മത-സാമുദായിക നേതൃത്വം തീരുമാനിക്കുകയും മത-സാമുദായിക വിഷയങ്ങളില്‍ രാഷ്‌ട്രീയക്കാര്‍ പക്വമായ നിലപാട് സ്വീകരിക്കുകയും ചെയ്‌താല്‍ അതും ജനാധിപത്യത്തെ ശക്തിപ്പെടുത്തും.

"തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയവും മത-സാമുദായികവും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കരുത് '' എന്ന തലക്കെട്ടില്‍ 2010 ഒക്‌ടോബര്‍ ഒന്നിലെ സര്‍വ്വീസ് മുഖപ്രസംഗത്തിലൂടെ എന്‍എസ്എസ് നേതൃത്വം തങ്ങളുടെ കുലീനമായ മാതൃകയെ അവതരിപ്പിക്കുമ്പോള്‍ അത് ഭാരതം ചെന്നുപെട്ട തെറ്റായ ഒരു സമീപനത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ആഹ്വാനമായി.

അയോധ്യയിലെ വസ്‌തുതര്‍ക്കം സംബന്ധിച്ച ഹൈക്കോടതിവിധി ജനങ്ങള്‍ തികഞ്ഞ പക്വതയോടെ സ്വീകരിച്ചത് ഇക്കാലയളവില്‍തന്നെയാണ്. ക്ഷേത്രനിര്‍മ്മാണം ഒരു രാഷ്‌ട്രീയ പ്രക്രിയയല്ല. ഇവിടെ ഭൂമിയുടെ അവകാശം സംബന്ധിച്ച തര്‍ക്കത്തെ നൈയാമികമായി പരിഹരിക്കുന്നതില്‍ ആറുപതിറ്റാണ്ടിലേറെയായി നീതിപീഠങ്ങള്‍ ഒഴിഞ്ഞു എന്നത് അനുചിതമായി. ഇതിനിടയില്‍ രാഷ്‌ട്രീയക്കാര്‍ രംഗത്തുവന്നു. വലിയ ഒരു രാജ്യത്തിന്റെ ഒരു കോണിലെ ക്ഷേത്ര നിര്‍മ്മാണം ദേശീയ പ്രശ്‌നമായി. എത്രയേറെ തീവ്രവേദനകളിലൂടെ സമൂഹം കടന്നുപോയി. അവസാനം കോടതി വിധിവരുമ്പോള്‍ സംയമനത്തിന് മുന്‍തൂക്കം നല്‍കാന്‍ ഏവരും തയ്യാറായി. ഇതേസംയമനം നഷ്‌ടപ്പെടുത്തിയതിന്റെ ഫലമായി പൊലിഞ്ഞ ജീവിതങ്ങള്‍ എത്ര? സ്വതന്ത്ര ഭാരതത്തിനുണ്ടായ മുറിവുകള്‍ എത്ര ആഴമുള്ളതാണ് ?

"തെരഞ്ഞെടുപ്പുകളില്‍ വോട്ടിനെ സ്വാധീനിക്കുന്ന ഇടപെടലുകളോ, നടപടികളോ മത-സാമുദായിക സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല'' എന്ന അഭിപ്രായം വ്യക്തമാക്കിക്കൊണ്ട് മുഖപ്രസംഗം ഇങ്ങനെ തുടരുന്നു. "എന്‍എസ്എസ് സാമുദായിക സംഘടനയാണ് എങ്കിലും സമുദായാംഗങ്ങളുടെ മതപരവും ആത്മീയവും ആയ കാര്യങ്ങളില്‍ ഇടപെടാറില്ല. സമുദായത്തിന്റെയും മറ്റു ജനവിഭാഗങ്ങളുടേയും സാമൂഹികമായ ഉയര്‍ച്ചയാണ് സംഘടനയുടെ ലക്ഷ്യം. അവിടെയാണ് എന്‍എസ്എസിന്റെ മതേതര സ്വഭാവം വ്യക്തമാകുന്നത്. ഈ തെരഞ്ഞെടുപ്പിലും രാഷ്‌ട്രീയത്തില്‍ ഇടപെടാനോ, ഏതെങ്കിലും മുന്നണിയുമായി ധാരണയുണ്ടാക്കുവാനോ ആരെയെങ്കിലും പിന്തുണയ്‌ക്കുവാനോ, സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനോ ഉദ്ദേശിക്കുന്നില്ല'' എന്ന് ലേഖനം വ്യക്തമാക്കുന്നു. "സമുദായാംഗങ്ങള്‍ക്ക് അടിസ്ഥാന മൂല്യങ്ങള്‍ കൈവിടാതെ യഥേഷ്‌ടം മത്സരിക്കാനുള്ള അവകാശമുണ്ട്. ആരുടെ പിന്തുണയും വാങ്ങാം. ആര്‍ക്കുവേണമെങ്കിലും വോട്ടുചെയ്യാം എന്ന അഭിപ്രായമാണ് എന്‍എസ്എസിനുള്ളത്.''

മാതൃകാപരമായ ജനസേവനം നടത്തുന്ന എല്‍ഡിഎഫിന് തികച്ചും സ്വീകാര്യമായ ഈ സമീപനം തങ്ങള്‍ക്കും പഥ്യമാണെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുമോയെന്നാണ് ഇനി വ്യക്തമാകാനുള്ളത്. ജനക്ഷേമത്തില്‍ എല്‍ഡിഎനോട് മത്സരിക്കാന്‍ ആര്‍ക്കാണ് സാധിക്കുന്നത്. സംവരണാനുകൂല്യം സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന മുന്നോക്ക സമുദായാംഗങ്ങള്‍ക്ക് കൂടി നല്‍കണമെന്ന നിലപാട് എന്‍എസ്എസ് എല്ലാകാലത്തും ഉയര്‍ത്തിപ്പിടിക്കുന്നു. മുന്നോക്കക്കാരനായതിന്റെ പേരില്‍ ദരിദ്രനായ ഒരാള്‍ വീടില്ലാതെ നരകിക്കുമ്പോള്‍ സംവരണാനുകൂല്യത്തിന്റെപേരില്‍ സാമ്പത്തികമായി അതിലേറെ മെച്ചപ്പെട്ട ഒരു കുടുംബം ആനുകൂല്യം നേടുന്നത് സാമൂഹികമായ അസ്വസ്ഥതയുണ്ടാക്കുന്നതാണ് ചൂണ്ടിക്കാട്ടപ്പെട്ടത്. ഇവിടെ എല്ലാ കുടുംബങ്ങള്‍ക്കും ഇ എം എസ് ഭവന പദ്ധതിയില്‍ വീട് നല്‍കുന്നതിനാല്‍, എന്‍എസ്എസ് ചൂണ്ടിക്കാട്ടിയ ആശങ്ക മറ്റൊരുവഴിയില്‍കൂടി പരിഹരിക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. ഇതുപോലെ ജാതിനോക്കാതെ പാവങ്ങള്‍ക്ക് രണ്ടുരൂപയ്‌ക്ക് അരിയും, ന്യായവില കടകളും, എല്ലാ വീട്ടിലും വൈദ്യുതിയും എത്തിക്കുന്ന ഒരു ഭരണ സംവിധാനത്തിന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അതാണ് എല്‍ഡിഎഫിനുള്ള മെച്ചം. ജനക്ഷേമത്തിന്റെ കാര്യത്തില്‍ സര്‍വ്വകാല റിക്കാര്‍ഡ് നേടിയ ഇന്നത്ത എല്‍ഡിഎഫ് സര്‍ക്കാരിനെ നേരിടാന്‍ യുഡിഎഫിനാകില്ല. അത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് കെപിസിസി തെരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിക്കുംമുമ്പ് കെസിബിസി ഇടയലേഖനവുമായി രംഗത്തുവന്നത്.

സമുദായാംഗങ്ങള്‍ക്ക് ഏതു രാഷ്‌ട്രീയപാര്‍ടിയുടെ പാനലിലും മത്സരിക്കാമെന്നും പിന്തുണ സ്വീകരിക്കാമെന്നും എന്‍എസ്എസ് തുറന്ന് പറയുമ്പോള്‍ അത് ഇടതു-വലതു ഭേദമില്ലാതെ ഏതു രാഷ്‌ട്രീയക്കാര്‍ക്കും സ്വീകാര്യമാകും. എന്നാല്‍ ഇടയലേഖനത്തില്‍ പറയുന്നത് മറ്റൊന്നാണ്. സഭാംഗങ്ങള്‍ മത്സരിക്കുന്നതോ പോകട്ടെ, സ്വതന്ത്രരായിപ്പോലും ഇടതുമുന്നണിയുടെ ഭാഗമായിക്കൂടാ. സഹകരിക്കാനും പാടില്ല. അതിന്റെ ചുവടുപിടിച്ച് ചില വൈദികര്‍ പലരേയും പ്രത്യേകിച്ച് സ്‌ത്രീകളെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍നിന്ന് വിലക്കി. ഒരു വനിതാ സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചതിന്, പ്രാര്‍ത്ഥനയ്‌ക്കിടയില്‍ കടുത്ത ശാപവചനങ്ങള്‍കൊണ്ട് തന്റെ ഉള്ളിലിരിപ്പ് പുറത്തുകാട്ടാന്‍വരെ ഒരു വൈദികന്‍ മുതിര്‍ന്നു. ഇതൊക്കെ ഒരു ജനാധിപത്യരാജ്യത്ത് പുലര്‍ത്താവുന്ന മര്യാദയാണോ? മതം രാഷ്‌ട്രീയത്തിലും രാഷ്‌ട്രീയം മതത്തിലും ഇടപെട്ടുകൂടായെന്ന മതനിരപേക്ഷതയെ ഭരണഘടനയില്‍ എഴുതിവച്ച രാജ്യത്താണ് തികച്ചും പ്രാദേശികമായ ഒരു തെരഞ്ഞെടുപ്പില്‍പോലും വലതുപക്ഷ രാഷ്‌ട്രീയത്തിനുവേണ്ടി ചില വൈദികർ ഉറങ്ങാതിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണിതെന്ന ആക്ഷേപം വന്നപ്പോള്‍പോലും സ്വയം ന്യായീകരിക്കാനിറങ്ങിയ കത്തോലിക്കാ സഭയുടെ വക്താക്കള്‍ സര്‍വ്വീസ് മുഖപ്രസംഗത്തിലെ മന:ശുദ്ധി കാണാന്‍ കണ്ണുള്ളവരാകണം. അന്ധതയെ ചികിത്സിച്ചു മാറ്റാമെങ്കിലും മനസ്സിന്റെ അന്ധതയെ മാറ്റാനുള്ള ശാസ്‌ത്രീയ വൈഭവം ആതുരമേഖല നേടിയിട്ടില്ല. കോമണ്‍വെല്‍ത്ത് അഴിമതിയുടെ ആഴം വ്യക്തമാക്കിക്കൊണ്ട് മേല്‍പാലങ്ങളും അടിപ്പാതകളും ഡല്‍ഹിയില്‍ പരക്കെ തകര്‍ന്നുവീണതിന് നടുവില്‍ ചങ്ങനാശ്ശേരിയിലെ ഒരു വന്ദ്യപിതാവ് ചൈനയിലെ അഴിമതിയെപ്പറ്റി ഉപന്യസിക്കുന്നത് മാധ്യമങ്ങളിലൂടെ കാണാനിടയായി.

കൂട്ടത്തില്‍ പറയട്ടെ രാഷ്‌ട്രീയക്കാര്‍ മതകാര്യങ്ങളിലും ഇടപെടാന്‍ പോകേണ്ടതില്ല. മത-വിശ്വാസ വേദികളില്‍ വല്ലാതെ അടുത്തകൂടുന്ന പല രാഷ്‌ട്രീയ നേതാക്കള്‍ക്കും തങ്ങളുടെ വിശ്വാസത്തേക്കാളുപരി, കരിയറിന്റെ ഭാഗമായ വിശ്വാസാഭിനയം മാത്രമാണതെന്നും തിരിച്ചറിയപ്പെടണം.

വലതുപക്ഷത്തിന്റെ കൌടില്യങ്ങള്‍ക്ക് അകമ്പടി സേവിക്കുന്ന ഒരു കൂട്ടം മത നേതാക്കളുടെ മനസ്സിന്റെ അന്ധതയെ മാറ്റാനുള്ള പ്രകാശം സര്‍വ്വീസ് മുഖപ്രസംഗം പ്രസരിപ്പിക്കുന്നുണ്ട്. എന്നിട്ടും തിരിയാത്തവരുണ്ടെങ്കില്‍ അവരുടെ ദൈവം അവരോട് പൊറുക്കട്ടെ.


*****

അഡ്വ. കെ അനില്‍കുമാര്‍, കടപ്പാട് : ചിന്ത വാരിക, 15-10-2010

2 comments:

വര്‍ക്കേഴ്സ് ഫോറം said...

"തെരഞ്ഞെടുപ്പുകളില്‍ വോട്ടിനെ സ്വാധീനിക്കുന്ന ഇടപെടലുകളോ, നടപടികളോ മത-സാമുദായിക സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല'' എന്ന അഭിപ്രായം വ്യക്തമാക്കിക്കൊണ്ട് മുഖപ്രസംഗം ഇങ്ങനെ തുടരുന്നു. "എന്‍എസ്എസ് സാമുദായിക സംഘടനയാണ് എങ്കിലും സമുദായാംഗങ്ങളുടെ മതപരവും ആത്മീയവും ആയ കാര്യങ്ങളില്‍ ഇടപെടാറില്ല. സമുദായത്തിന്റെയും മറ്റു ജനവിഭാഗങ്ങളുടേയും സാമൂഹികമായ ഉയര്‍ച്ചയാണ് സംഘടനയുടെ ലക്ഷ്യം. അവിടെയാണ് എന്‍എസ്എസിന്റെ മതേതര സ്വഭാവം വ്യക്തമാകുന്നത്. ഈ തെരഞ്ഞെടുപ്പിലും രാഷ്‌ട്രീയത്തില്‍ ഇടപെടാനോ, ഏതെങ്കിലും മുന്നണിയുമായി ധാരണയുണ്ടാക്കുവാനോ ആരെയെങ്കിലും പിന്തുണയ്‌ക്കുവാനോ, സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനോ ഉദ്ദേശിക്കുന്നില്ല'' എന്ന് ലേഖനം വ്യക്തമാക്കുന്നു. "സമുദായാംഗങ്ങള്‍ക്ക് അടിസ്ഥാന മൂല്യങ്ങള്‍ കൈവിടാതെ യഥേഷ്‌ടം മത്സരിക്കാനുള്ള അവകാശമുണ്ട്. ആരുടെ പിന്തുണയും വാങ്ങാം. ആര്‍ക്കുവേണമെങ്കിലും വോട്ടുചെയ്യാം എന്ന അഭിപ്രായമാണ് എന്‍എസ്എസിനുള്ളത്.''

ഇലക്ട്രിസിറ്റി വര്‍ക്കര്‍ said...

ആര്‍ക്കു വോട്ടു ചെയ്യണമെന്ന ചില ക്രിസ്ത്യന്‍ പുരോഹിതരുടെ ഉപദേശം ചിരിച്ചു തള്ളുകയാണ് വിശ്വാസികള്‍ എന്ന് ഇവര്‍ അറിയുന്നില്ല.