Tuesday, October 19, 2010

നഗരങ്ങളിലെ ഭക്ഷ്യസുരക്ഷ അപകടത്തില്‍

ഇന്ത്യയിലെ നഗര സമ്പദ് ഘടന വളരുമ്പോള്‍ തന്നെ നഗരപ്രദേശങ്ങളിലെ ജനങ്ങളില്‍ ഗണ്യമായ വിഭാഗം ഗൗരവതരമായ ഭക്ഷ്യ അരക്ഷിതാവസ്ഥയാണ് നേരിടേണ്ടിവരിക. അടിയന്തര നടപടികളാവശ്യപ്പെടുന്ന ഒരു മേഖലയാണിത്.

കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഇന്ത്യന്‍ സമ്പദ്ഘടന ത്വരിതഗതിയിലുള്ള വളര്‍ച്ച നേടിയിട്ടുണ്ട്. നഗര സമ്പദ്ഘടനയും നല്ല നിലയില്‍ വളര്‍ന്നുവെന്നാണ് പൊതുവെയുള്ള ധാരണ.

എന്നാല്‍ നഗര സമ്പദ്ഘടനയുടെ വളര്‍ച്ച കൊണ്ടു മാത്രം നഗരവാസികളുടെയെല്ലാം ജീവിതം മെച്ചപ്പെടുന്നില്ല. നഗര സമ്പദ്ഘടന ത്വരിതഗതിയില്‍ വളരുമ്പോള്‍ തന്നെ നഗര ജനസംഖ്യയില്‍ ഗണ്യമായ വിഭാഗം ഗുരുതരമായ ഭക്ഷ്യ അരിക്ഷിതാവസ്ഥ നേരിടുമെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്നതാണ് ഭക്ഷ്യ സാധനങ്ങളുടെ വന്‍തോതിലുള്ള വിലക്കയറ്റം.

അസംഘടിത മേഖലയിലെ സംരംഭങ്ങള്‍ക്കുവേണ്ടിയുള്ള ദേശീയ കമ്മിഷന്‍ (എന്‍ സി ഇ യു എസ്) നാഷണല്‍ സാമ്പിള്‍ സര്‍വേയില്‍ നിന്നു ലഭിച്ച സ്ഥിതിവിവര കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ചൂണ്ടിക്കാണിച്ചത് ഇന്ത്യയിലെ നഗര പ്രദേശങ്ങളിലെ തൊഴില്‍ അവസരങ്ങളുടെ വളര്‍ച്ചാനിരക്ക് 1987-88 - 1993-94 കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1993-94 - 1999-2000 ത്തില്‍ ഗണ്യമായി കുറഞ്ഞുവെന്നാണ്. 1999-2000, 2004-05 ല്‍ തൊഴില്‍ അവസരം വര്‍ധിച്ചെങ്കിലും അത് മിക്കവാറും അനൗപചാരികമേഖലയിലാണ്. ആ മേഖലയില്‍ പണിയെടുക്കുന്നവരുടെ തൊഴില്‍ സാഹചര്യം പരിതാപകരമാണ്.

വേതനം വളരെ കുറവ്, അവര്‍ക്ക് സാമൂഹ്യസുരക്ഷയില്ല. അങ്ങേയറ്റം ദരിദ്രരാണ് അസംഘടിതമേഖലയില്‍ പണിയെടുക്കുന്ന ഇവര്‍. ഉല്‍പ്പാദനക്ഷമമായ ആസ്തികളൊന്നുമില്ലാത്ത ഇവര്‍ പ്രാഥമികമായും ആശ്രയിക്കുന്നതു വേതനത്തെയാണ്. അതിന്റെ അര്‍ഥം നഗര ജനസംഖ്യയില്‍ ഗണ്യമായ വിഭാഗത്തിന് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യവിലക്കയറ്റം താങ്ങാനാവില്ലെന്നാണ്. ചെറുകിട - ഇടത്തരം പട്ടണങ്ങളിലെ തൊഴിലാളികളുടെ സ്ഥിതിയാണ് കൂടുതല്‍ പരിതാപകരം. അവര്‍ക്ക് ഭക്ഷ്യസുരക്ഷിതത്വമില്ല.

ആസൂത്രണമില്ലാത്ത നഗരവികസനം നഗരങ്ങളില്‍ ചേരിപ്രദേശങ്ങള്‍ പെരുകുന്നതിനു വഴിവെയ്ക്കുന്നു. മാന്യമായ താമസസൗകര്യമോ കൂടിവെള്ളമോ ശുചീകരണ സംവിധാനങ്ങളോ കക്കൂസുകളോ ചേരികളില്‍ ലഭ്യമല്ല.

സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും ഉയര്‍ന്ന മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയുടെയും കാലഘട്ടം നഗരഭക്ഷ്യസുരക്ഷയില്‍ പുരോഗതിയുണ്ടാക്കിയില്ലെന്നാണ് നഗരഭക്ഷ്യ അരക്ഷിതാവസ്ഥയെകുറിച്ച് എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഈയ്യിടെ നടത്തിയ പഠനം വെളിപ്പെടുത്തിയത്.

നഗരഭക്ഷ്യസുരക്ഷയ്ക്ക് ഗവണ്‍മെന്റ് അടിയന്തരമായി സ്വീകരിക്കേണ്ട ഒട്ടനവധി നടപടികളുണ്ട്. ഉല്‍പ്പാദനക്ഷമവും ആദായകരവുമായ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കണം. നഗരസമ്പദ്ഘടനയിലെ എണ്ണമറ്റ ചെറുകിട-നാമമാത്ര സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായങ്ങള്‍ ലഭ്യമാക്കണം. എന്‍ സി ഇ യു എസ് നിര്‍ദേശിച്ചതുപോലെ ഈ സംരംഭങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയും വായ്പയും വിപണത്തിനുള്ള സഹായവും ഉറപ്പുവരുത്തുകയും ചെയ്യണം. നഗരതൊഴിലുറപ്പു നിയമത്തെ അടിസ്ഥാനമാക്കി നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കണം.


നഗരങ്ങളിലെ സൗകര്യങ്ങള്‍, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം നഗരങ്ങളില്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുമായി ബന്ധപ്പെടുത്തിയായിരിക്കണം ഇതു നടപ്പാക്കേണ്ടത്. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കണം. കക്കൂസുകള്‍ ഉള്‍പ്പെടെയുള്ള ശുചീകരണസംവിധാനങ്ങള്‍ ഒരുക്കണം.

ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ നഗരപുനരുദ്ധാരണ മിഷന്‍ (ജെ എന്‍ എന്‍ യു ആര്‍ എം) പോലുള്ള പദ്ധതികള്‍ ചെറുകിട-ഇടത്തരം പട്ടണങ്ങളുടെ ആവശ്യങ്ങളിലും ചേരിപ്രദേശങ്ങളുടെ പ്രശ്‌നങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കണം. പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടം, കുടിവെള്ളം, ശുചീകരണ സംവിധാനം തുടങ്ങിയവ ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കണം. നഗരങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അര്‍ഥം ഫ്‌ളൈഓവറുകളും ആറുവരി പാതകളും മാത്രമാകരുത്.

നഗരപ്രദേശങ്ങളില്‍ പൊതുവിതരണസംവിധാനം സാര്‍വത്രികമാക്കണം. പൊതുവിതരണ സംവിധാനം സമഗ്രമായ ഭക്ഷ്യസുരക്ഷയുടെ ഒരു ഭാഗം മാത്രമാണെന്ന കാര്യം ഓര്‍ക്കണം. തെരുവില്‍ കഴിയുന്ന കുട്ടികള്‍, അനാഥര്‍, എച്ച് ഐ വി ബാധിതര്‍ തുടങ്ങി ഏറ്റവും പിന്നണിയില്‍ കഴിയുന്ന വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം.

നഗരപ്രദേശങ്ങളിലും നഗരപ്രാന്തപ്രദേശങ്ങളിലും കൃഷി, പ്രത്യേകിച്ച് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നത് ഭക്ഷ്യ-പോഷകാഹാരസുരക്ഷയില്‍ പ്രധാനമാണ്. സ്ഥായിയായ ജീവിതവൃത്തിക്കുള്ള ഒരു സ്രോതസുകൂടിയാണത്. ജനാധിപത്യപരമായ അധികാരവികേന്ദ്രീകരണത്തിലൂടെയും പ്രാദേശിക സമിതികളുടെ ശേഷി വര്‍ധിപ്പിച്ചും നഗരങ്ങളിലെ ഭക്ഷ്യ-പോഷകാഹാര പരിപാടികളുടെ നടത്തിപ്പ് കാര്യക്ഷമാക്കാന്‍ കഴിയും.
നഗരഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പണം വകയിരുത്തേണ്ടതാവശ്യമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനായി സാമ്പത്തിക പരിഷ്‌കരണത്തെ തന്നെ പരിഷ്‌കരിക്കേണ്ടതുണ്ട്.

*
വെങ്കിടേഷ് ആത്രേയ ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയിലെ നഗര സമ്പദ് ഘടന വളരുമ്പോള്‍ തന്നെ നഗരപ്രദേശങ്ങളിലെ ജനങ്ങളില്‍ ഗണ്യമായ വിഭാഗം ഗൗരവതരമായ ഭക്ഷ്യ അരക്ഷിതാവസ്ഥയാണ് നേരിടേണ്ടിവരിക. അടിയന്തര നടപടികളാവശ്യപ്പെടുന്ന ഒരു മേഖലയാണിത്.

കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഇന്ത്യന്‍ സമ്പദ്ഘടന ത്വരിതഗതിയിലുള്ള വളര്‍ച്ച നേടിയിട്ടുണ്ട്. നഗര സമ്പദ്ഘടനയും നല്ല നിലയില്‍ വളര്‍ന്നുവെന്നാണ് പൊതുവെയുള്ള ധാരണ.

എന്നാല്‍ നഗര സമ്പദ്ഘടനയുടെ വളര്‍ച്ച കൊണ്ടു മാത്രം നഗരവാസികളുടെയെല്ലാം ജീവിതം മെച്ചപ്പെടുന്നില്ല. നഗര സമ്പദ്ഘടന ത്വരിതഗതിയില്‍ വളരുമ്പോള്‍ തന്നെ നഗര ജനസംഖ്യയില്‍ ഗണ്യമായ വിഭാഗം ഗുരുതരമായ ഭക്ഷ്യ അരിക്ഷിതാവസ്ഥ നേരിടുമെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്നതാണ് ഭക്ഷ്യ സാധനങ്ങളുടെ വന്‍തോതിലുള്ള വിലക്കയറ്റം.