Sunday, October 3, 2010

ചരിത്രത്തിന്റെ ഓര്‍മ്മകള്‍

പശ്ചാത്തല പരിജ്ഞാനം ഏതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും മുന്നേറ്റത്തിനുള്ള ശക്തി പകരും. രാഷ്‌ട്രീയ പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം അത് ഏറ്റവും ശരിവഴിക്കുള്ള പ്രേരകവുമാവണം. ഭൂതകാലമെന്നാല്‍ ചരിത്രമാണ്. ഇവിടെ പശ്ചാത്തല പരിജ്ഞാനം ചരിത്രത്തെക്കുറിച്ചുള്ള പഠനംതന്നെ. മതാധിഷ്‌ഠിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങി രാഷ്‌ട്രീയ-വിപ്ളവങ്ങള്‍വരെ അതിനായി നമ്മുടെ മുന്നിലുണ്ട്. എല്ലാറ്റിലും മനുഷ്യന്‍ നിറഞ്ഞുനില്‍ക്കുന്നു. അവരെക്കുറിച്ചുള്ള സ്‌മരണയാകട്ടെ ആര്‍ക്കും ആവേശംപകരുന്നതും. കാലയവനികയ്‌ക്കു പിന്നില്‍ മറഞ്ഞുവെങ്കിലും മനുഷ്യമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കുറേ മനുഷ്യരുടെ ജീവിതകഥ - 'കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനം: ആദ്യ പഥികര്‍' എന്ന ഗ്രന്ഥത്തിലൂടെ സി ഭാസ്‌കരന്‍ പറഞ്ഞുതരുന്നു. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലാകെ നിറഞ്ഞുപ്രവര്‍ത്തിച്ച വിപ്ളവകാരികളെക്കുറിച്ചുള്ള വിവരണവും അടങ്ങിയതാണ് ഗ്രന്ഥം. 85 പേരെയാണ് പരിചയപ്പെടുത്തുന്നത്.

ഒരാള്‍ എങ്ങനെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നു, എങ്ങനെ അതിന്റെ നേതൃത്വത്തില്‍ എത്തുന്നു എന്നെല്ലാം ഈ ചെറു ജീവിതരേഖാ വിവരണങ്ങളില്‍നിന്നു മനസ്സിലാക്കാം. ഡോക്‌ടറാകാന്‍ ആഗ്രഹിച്ചവര്‍. പുരോഹിതനാകാന്‍ കൊതിച്ചവര്‍. കുടുംബം പുലര്‍ത്താന്‍ പല തൊഴിലിലും ഏര്‍പ്പെട്ടവര്‍- ഇവരെല്ലാം കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ ക്ളേശതയാര്‍ന്ന പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന കഥകള്‍ രോമാഞ്ചജനകങ്ങളാണ്.

ഖാദിയില്‍ തുടങ്ങി സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസില്‍. പിന്നെ കോണ്‍ഗ്രസ് സോഷ്യലിസ്‌റ്റാവുക. ഒടുവില്‍ കമ്യൂണിസ്‌റ്റ് പാര്‍ടിയിലും അതിന്റെ നേതൃനിരയിലും. വിപ്ളവപ്രസ്ഥാനത്തിലേക്കുള്ള പലരുടെയും നടന്നുകയറ്റം അങ്ങനെയായിരുന്നുവെന്ന് ഗ്രന്ഥം മനസ്സിലാക്കിത്തരുന്നു. അത് വെട്ടിയൊരുക്കിയ പാതയിലൂടെ ആയിരുന്നില്ലെന്നര്‍ഥം.

ചരിത്രത്തിലൂടെയും ആത്മകഥയിലൂടെയും മറ്റും സുപരിചിതരായ നേതാക്കളെക്കുറിച്ചുള്ള ചെറുവിവരണങ്ങളും ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇ എം എസ്, എ കെ ജി, സി അച്യുതമേനോന്‍, സി എച്ച് കണാരന്‍, അഴീക്കോടന്‍ രാഘവന്‍, ഇ കെ നായനാര്‍, ഇ ബാലാനന്ദന്‍, എം എന്‍ ഗോവിന്ദന്‍നായര്‍, കെ ദാമോദരന്‍, ടി വി തോമസ്, സി ഉണ്ണിരാജ, എന്‍ ഇ ബലറാം, ടി കെ രാമകൃഷ്‌ണന്‍, പി കെ വാസുദേവന്‍ നായര്‍, സുശീല ഗോപാലന്‍, കെ സി ജോര്‍ജ് തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു.

1964ല്‍ കമ്യൂണിസ്‌റ്റ് പാര്‍ടി പിളര്‍ന്നശേഷം നേതൃനിരയിലുണ്ടായ ചിലര്‍ വിവിധ കാരണങ്ങളാല്‍ വിട്ടുപോയിട്ടുണ്ട്. കെ പി ആര്‍ ഗോപാലന്‍, എന്‍ സി ശേഖര്‍ തുടങ്ങിയവര്‍ നക്‌സല്‍പ്രസ്ഥാനങ്ങളില്‍ ചേക്കേറി (ഒടുവില്‍ സിപിഐ എം ആഭിമുഖ്യമുള്ളവരായി മാറിയിരുന്നു). പി ഗംഗാധരന്‍ എസ്ആര്‍പി രൂപീകരണവും അതുമായ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും മുഴുകി. കെ ചാത്തുണ്ണിമാസ്‌റ്റര്‍ സിഎംപിയിലും ഇടം കണ്ടെത്തി. പക്ഷേ, ഇവരെല്ലാം കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്കുചെയ്‌ത സേവനങ്ങള്‍ ഒരു കമ്യൂണിസ്‌റ്റ് ഗ്രന്ഥകാരന് വിസ്‌മരിക്കാനാവില്ലല്ലോ. അതുകൊണ്ടുതന്നെ സി ഭാസ്‌കരന്‍ അവരെക്കുറിച്ചുള്ള വിവരണങ്ങളും പുസ്‌തകത്തില്‍ ചേര്‍ത്തിരിക്കുന്നുവെന്നത് ശ്ളാഘനീയമാണ്.

സി ഭാസ്‌കരനൊപ്പം കെഎസ്എഫിലും പിന്നീട് 'ദേശാഭിമാനി' റിപ്പോര്‍ട്ടറായി എറണാകളത്തും പ്രവര്‍ത്തിക്കാനുള്ള അവസരം ഈ ലേഖകന് ലഭിച്ചു. അതിനാല്‍ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ള ചുരുക്കം ചിലരൊഴികെ മറ്റെല്ലാവരുമായും ബന്ധം പുലര്‍ത്താനുള്ള അവസരവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഈ 'സംഗ്രഹ ജീവചരിത്ര ഗ്രന്ഥം' തയ്യാറാക്കുന്നതില്‍ ഭാസ്‌കരന്‍ തികച്ചും വസ്‌തുനിഷ്‌ഠ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.

അതുപോലെത്തന്നെ പ്രസ്ഥാനത്തില്‍ പുതുതായി എത്തിയതും എത്തുന്നതുമായവര്‍ക്ക് പ്രചോദനമാകും ഈ ഗ്രന്ഥമെന്ന കാര്യത്തിലും തര്‍ക്കമില്ല. കേരളത്തിലെ കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ വളര്‍ച്ചയെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഈ ഗ്രന്ഥം വലിയ സഹായമാകും. സ്വന്തം താല്‍പ്പര്യങ്ങള്‍ ഉപേക്ഷിച്ച് ത്യാഗോജ്വല പോരാട്ടത്തിലൂടെ പ്രസ്ഥാനം കെട്ടിപ്പടുത്തവരുടെ അനുഭവ കഥയാണിത്. അവതാരികയില്‍ കെ ഇ എന്‍ പറയുന്നതുപോലെ "മണ്‍മറഞ്ഞ കമ്യൂണിസ്‌റ്റ് നേതാക്കന്മാര്‍ സ്വന്തം ചോരയുടെ ചുവപ്പുകൊണ്ടും വിയര്‍പ്പിന്റെ ഉപ്പുകൊണ്ടും സ്വപ്‌നങ്ങളുടെ ആര്‍ദ്രതകൊണ്ടും കല്ലിനുമുകളില്‍ കല്ലുവച്ചല്ല, എല്ലിനും മുകളില്‍ എല്ലുവച്ച് കെട്ടിപ്പടുത്ത ഒരു മഹാപ്രസ്ഥാനത്തിന്റെ ചരിത്രമാണ് ഈ കൃതി.“

*****

എം എം ലാസര്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് 26-10-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പശ്ചാത്തല പരിജ്ഞാനം ഏതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും മുന്നേറ്റത്തിനുള്ള ശക്തി പകരും. രാഷ്ട്രീയ പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം അത് ഏറ്റവും ശരിവഴിക്കുള്ള പ്രേരകവുമാവണം. ഭൂതകാലമെന്നാല്‍ ചരിത്രമാണ്. ഇവിടെ പശ്ചാത്തല പരിജ്ഞാനം ചരിത്രത്തെക്കുറിച്ചുള്ള പഠനംതന്നെ. മതാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങി രാഷ്ട്രീയ-വിപ്ളവങ്ങള്‍വരെ അതിനായി നമ്മുടെ മുന്നിലുണ്ട്. എല്ലാറ്റിലും മനുഷ്യന്‍ നിറഞ്ഞുനില്‍ക്കുന്നു. അവരെക്കുറിച്ചുള്ള സ്മരണയാകട്ടെ ആര്‍ക്കും ആവേശംപകരുന്നതും. കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞുവെങ്കിലും മനുഷ്യമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കുറേ മനുഷ്യരുടെ ജീവിതകഥ- 'കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം: ആദ്യ പഥികര്‍' എന്ന ഗ്രന്ഥത്തിലൂടെ സി ഭാസ്കരന്‍ പറഞ്ഞുതരുന്നു. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലാകെ നിറഞ്ഞുപ്രവര്‍ത്തിച്ച വിപ്ളവകാരികളെക്കുറിച്ചുള്ള വിവരണവും അടങ്ങിയതാണ് ഗ്രന്ഥം. 85 പേരെയാണ് പരിചയപ്പെടുത്തുന്നത്.