Monday, October 4, 2010

അച്‌ഛന്‍ പകര്‍ന്നു തന്ന ജീവിതം

അരനൂറ്റാണ്ടിലേറെക്കാലം മധ്യകേരളത്തിലെ മിക്ക ഗ്രാമങ്ങളിലും വിപ്ളവത്തിന്റെ, സ്വാതന്ത്ര്യസമരത്തിന്റെ തീനാളവുമായി ഒളിഞ്ഞു തെളിഞ്ഞു ഓടി നടന്ന സ. ഐ സി പി നമ്പൂതിരിയെ സ്‌മരിക്കുന്നു, അദ്ദേഹത്തിന്റെ മകനും ബി ഇ എഫ് ഐ സംസ്‌ഥാന കമ്മിറ്റി അംഗവുമായ സ. ഐ.എം.സതീശന്‍. സതീശനിപ്പോള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍ , പട്ടാമ്പി ശാഖയില്‍ ജോലി ചെയ്യുന്നു.

ജീവിക്കുന്നത് ഒരിക്കലും തനിക്കുവേണ്ടിയല്ല, മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് എന്നാണ് അച്‌ഛന്‍ ജീവിതം കൊണ്ട് കാട്ടിത്തന്നത്. ഉണ്ണാന്‍വേണ്ടി ജീവിക്കുകയല്ല, ജീവിക്കാന്‍വേണ്ടി മാത്രം ഉണ്ണുക”എന്നായിരുന്നു അമ്മയുടെ വാക്കുകള്‍. ഈ രണ്ടു ധാരകള്‍ ആണ് ഞങ്ങളില്‍ നന്മകള്‍ നല്‍കിയത്.

അരനൂറ്റാണ്ടിലേറെക്കാലം മധ്യകേരളത്തിലെ മിക്ക ഗ്രാമങ്ങളിലും വിപ്ളവത്തിന്റെ, സ്വാതന്ത്ര്യസമരത്തിന്റെ തീനാളവുമായി ഒളിഞ്ഞു തെളിഞ്ഞു ഓടി നടന്നയാളാണ് എന്റെ അച്‌ഛന്‍ ഐ.സി.പി.എന്ന ഇട്ട്യാമ്പറമ്പത്ത് ചെറിയ പരമേശ്വരന്‍ നമ്പൂതിരി. പഴയ വള്ളുവനാട്ടില്‍ മോസ്‌കോ’എന്നറിയപ്പെട്ടിരന്ന ചളവറയിലാണ് ജനിച്ചത്. വിപ്ളവ പ്രസ്ഥാനത്തെ നെഞ്ചേറ്റിയിരുന്ന അദ്ദേഹം കൃഷ്‌ണപ്പിള്ള, എ.കെ.ജി, ഇ.എം.എസ്. തുടങ്ങിയ നിരവധി നേതാക്കള്‍ക്ക് ഒളിസങ്കേതമൊരുക്കിക്കൊടുക്കുകയും അവരോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്‌തു.

കമ്യൂണിസ്‌റ്റ് പ്രസ്ഥാനവുമായുള്ള ബന്ധം

1937 ല്‍ ഒറ്റപ്പാലത്ത് വച്ചാണ് അച്‌ഛന്‍ ഇ.എം.എസ്സില്‍ നിന്നും കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങുന്നത്. പാര്‍ട്ടിസാഹിത്യം പ്രചരിപ്പിക്കാനുള്ള ചുമതലയാണദ്ദേഹത്തിന് പാര്‍ട്ടി നല്‍കിയത്. ഇതിനായിഅദ്ദേഹം മലബാറിന്റെ മുക്കിലും മൂലയിലുമെത്തി. പട്ടാളച്ചിട്ടയില്ലാതെ അന്നത്തെപരിതസ്ഥിതിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുവാന്‍ കഴിയുമായിരുന്നില്ല എന്ന് അച്‌ഛന്‍ പറയുമായിരുന്നു. പാര്‍ട്ടിയില്‍ അച്‌ഛന്‍ പ്രഭാഷകനായോ, നേതാവായി സമരം നയിക്കുകയോ ചെയ്‌തിട്ടില്ല. എന്നും പിറകില്‍ നിന്ന് ഒരുപാട് നേതാക്കള്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു. അച്‌ഛനെ സ്വാധീനിച്ച ചില മഹല്‍വ്യക്തികളെക്കുറിച്ച് അദ്ദേഹം ഇടക്കിടക്ക് പറയുമായിരുന്നു.

മലബാറിലെ ഒരിടത്തരം ജന്മി കുടുംബാംഗമായിരുന്ന ഇട്ട്യാമ്പറത്ത് ചെറിയ പരമേശ്വരന്‍ നമ്പൂതിരിയെ ജനങ്ങളറിയുന്ന ഐ.സി.പി.യാക്കി മാറ്റിയത് കൃഷ്‌ണപിള്ളയുടെ സ്വാധീനമായിരുന്നു എന്ന് അച്‌ഛന്‍ പറയാറുണ്ടായിരുന്നു. ഒളിവു ജീവിതത്തിന്റെ കാഠിന്യവും പ്രാധാന്യവും ആപത്തും എന്താണെന്ന് തന്നെ പഠിപ്പിച്ചത് കഷ്‌ണപിള്ളയാണെന്നദ്ദേഹം ഓര്‍മ്മിക്കാറുണ്ടായിരുന്നു. ഒളിവില്‍ പ്രവര്‍ത്തിക്കുക എന്നാല്‍ ഒളിച്ചിരിക്കലല്ല, പിടികൊടുക്കാതെ ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കയാണ്. ഒറ്റുകാരെമാത്രം ഒഴിവാക്കുക, മറ്റുള്ളവരെ പ്രയോജനപ്പെടുത്തുക ഇതായിരുന്നു കൃഷ്‌ണപിള്ളയുടെ ഉപദേശം. കൃഷ്‌ണപിള്ളയുമായുള്ള ബന്ധം അച്‌ഛന് അതിരറ്റ ആത്മവിശ്വാസമാണ് നല്‍കിയത്.

സാമുദായിക പരിഷ്‌ക്കരണ ശ്രമങ്ങളില്‍ വി.ടി.യോടൊപ്പം അച്‌ഛനുമുണ്ടായിരുന്നു. ആവേശകരമായ വാഗ്‌ധോരണിയുള്ള വി.ടി.യോട് ആരാധനയായിരുന്നു അച്‌ഛന്. മറ്റ് മനുഷ്യരെക്കുറിച്ച് അറിവില്ലാതിരുന്ന നമ്പൂതിരിമാരെ രൂപാന്തരപ്പെടുത്തുന്നതിനായി രൂപം കൊടുത്ത യോഗക്ഷേമസഭയുടെയും നമ്പൂതിരി യുവജനസംഘത്തിന്റെയും അവ മുന്നോട്ടുവച്ച് പുരോഗമനാശയങ്ങളുടെയും പ്രയോഗവേദിയായി ഞങ്ങളുടെ ഇട്ട്യാമ്പറത്ത് ഇല്ലം മാറി. അച്‌ഛന്റെ ഓപ്പോള്‍ക്ക് നിശ്ചയിച്ച വൃദ്ധവിവാഹം തടഞ്ഞുകൊണ്ട് വി.ടി.ക്ക് വിവാഹം ചെയ്‌തുകൊടുത്തതാണ് ആദ്യ പരീക്ഷണം. തുടര്‍ന്ന് ആദ്യവിധവാ വിവാഹം (സഹോദരി ഉമയും എം.ആര്‍.ബി.യും തമ്മിലുള്ളത്), വിജാതീയ വിവാഹം (തിയ്യ ജാതിയില്‍ നിന്നുള്ള കല്ലാട്ടുകൃഷ്‌ണനുമായി സഹോദരി പ്രിയദത്തയുടെ വിവാഹം) എന്നിവക്കൊക്കെ അച്‌ഛന്‍ കര്‍മ്മിയായി. മനുഷ്യസ്‌നേഹിയായ മുത്തച്‌ഛനും ഈ വിപ്ളവകരമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും അച്‌ഛനോടൊപ്പം നില്‍ക്കുകയും ചെയ്‌തു.

അച്‌ഛനേക്കാള്‍ ഒന്നരവയസ്സ് ഇ.എം.എസ്സിനു കൂടുതല്‍ ഉണ്ടായിരുന്നു. സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനത്തിലും, കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയിലും ആയി ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ട് അവര്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. ചഞ്ചലത ഒഴിവാക്കി സ്ഥിരത കൈവരിക്കാന്‍ തന്നെ സഹായിച്ചത് ഇ.എം.എസുമായുള്ള സഹവാസമായിരുന്നുവെന്ന് അച്‌ഛന്‍ പറയാറുണ്ട്.

1935 ല്‍ ഷൊര്‍ണ്ണൂരില്‍ നിന്നും (ഇടതുപക്ഷത്തിന്റെ ജിഹ്വയായിരുന്നു) പ്രഭാതം വാരിക തുടങ്ങിയപ്പോള്‍ അതിന്റെ ചുമതല ഇ.എം.എസ്. ഏല്‍പ്പിച്ചതു അച്‌ഛനെയായിരുന്നു. അതിന്റെ എഡിറ്റര്‍ മുതല്‍ വിതരണക്കാരന്‍ വരെയായി അച്‌ഛന്‍ പ്രവര്‍ത്തിച്ചു. പത്രം നിരോധിച്ചസമയത്ത് പ്രത്യേകിച്ചും സാമ്പത്തികമായി അതിനെ നിലനിര്‍ത്താന്‍ അച്‌ഛന്‍ ഏറെ ത്യാഗം അനുഷ്‌ഠിച്ചിട്ടുണ്ട്. പ്രഭാതം പത്രം ദേശാഭിമാനിയായി വളര്‍ന്നപ്പോഴും അച്‌ഛന്‍ അതിന്റെയൊരു രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു. എന്റെ ജേഷ്‌ഠന്‍ മോഹനേട്ടനെ (ഐ.വാസുദേവന്‍) മദ്രാസിലെ വളം കമ്പനിയിലെ നല്ല ജോലി ഉപേക്ഷിച്ച് ദേശാഭിമാനിയില്‍ ചേരാന്‍ പ്രേരിപ്പിച്ചത് അച്‌ഛനായിരുന്നു.

1964 പാര്‍ട്ടി പിളര്‍ന്നപ്പോള്‍ രണ്ടുപേരും രണ്ടു ചേരിയിലാണ് നിലയുറപ്പിച്ചത്. തുടര്‍ന്ന് തമ്മില്‍ കാണുമ്പോള്‍ രാഷ്‌ട്രീയം സംസാരിക്കാതെ വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്നത് കാണാമായിരുന്നു. മരണം തമ്മില്‍ പിരിക്കുന്നതുവരെയും അവരുടെ സൌഹൃദം നിലനിന്നു. ഇ.എം.എസ്. ഈ ഭാഗങ്ങളില്‍ എത്തുമ്പോള്‍ അച്‌ഛനെ കാണാന്‍ സമയം കണ്ടെത്തിയിരുന്നു.

ഗാന്ധിജിയുടെ ലളിതജീവിതം അച്‌ഛനെയേറെ സ്വീധീനിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വളരെ വ്യക്തമായി കാണാമായിരുന്നു. എന്നാല്‍ സോഷ്യലിസ്‌റ്റ് ആദര്‍ശങ്ങളിലേക്ക് മനസ്സ് പടര്‍ന്നു കയറിയതോടെ ഗാന്ധിസത്തില്‍ നിന്നും അദ്ദേഹം അകന്നു. എങ്കിലും ജീവിതത്തിലെ ലാളിത്യം തുടരാന്‍ അച്‌ഛനു കഴിഞ്ഞു.

കുടുംബഭാരം അച്‌ഛന് പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഒരു തടസ്സമായിരുന്നില്ല. തന്റെ കുടുംബജീവിതവും ഒരു പാര്‍ട്ടിപ്രവര്‍ത്തനമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. അങ്ങനെയാണ് കമ്മ്യൂണിസ്‌റ്റുകാരന്‍ ജീവിക്കേണ്ടത് എന്ന് അച്‌ഛന് നിര്‍ബന്ധമുണ്ടായിരുന്നു.

ചളവറയിലെ വ്യത്യസ്ഥ രാഷ്‌ട്രീയകാഴ്‌ചപ്പാടുള്ളവരുമായി അച്‌ഛന് നല്ല ബന്ധമായിരുന്നു. ആ ബന്ധം 25 വര്‍ഷക്കാലം പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സഹായകരമായി. ജനകീയാസൂത്രണ മാതൃക പണ്ടുമുതലേ നടപ്പാക്കിവന്ന ഒരു പഞ്ചായത്ത് ആയിരുന്നു ചളവറ. അതിന് അച്‌ഛന്റെ സൌഹൃദങ്ങളും എല്ലാ രാഷ്‌ട്രീയക്കാരെയും കൂട്ടിയോജിപ്പിക്കാനുള്ള കഴിവും സഹായകരമായി.

കേരളത്തിന്റെ കുഗ്രാമങ്ങളിലും, ഇടവഴികളിലും വയല്‍വരമ്പുകളിലും, പണിയിടങ്ങളിലും വിയര്‍ത്തൊലിച്ച് നടന്ന്, പട്ടിണി കിടന്ന്, മര്‍ദ്ദനമേറ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ജീവിതം ഹോമിച്ചവര്‍ വഴിപിരിഞ്ഞത് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. 64ന്ശേഷം അദ്ദേഹം പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കിയില്ല.

പോരാളിയുടെ മനസ്സ്

താന്‍ ജനിച്ചുവളര്‍ന്ന സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരായി പോരാട്ടമാരംഭിച്ച അച്‌ഛന്‍ ജീവിതാന്ത്യം വരെ ഒരു പോരാളിയായിട്ടാണ് ജിവിച്ചത്. സാമൂഹ്യ പരിഷ്‌ക്കരണപ്രസ്ഥാനത്തില്‍ നിന്ന് ദേശീയ പ്രസ്ഥാനത്തിലേക്കും തുടര്‍ന്ന് കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിലേക്കും വിശ്രമമെന്തെന്നറിയാത്തതായിരുന്നു ആ ജീവിതം. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാന്‍ സാധിക്കാതിരുന്ന അദ്ദേഹത്തിന് സ്വപ്രയത്നം കൊണ്ട് മലയാളവും ഇംഗ്ളീഷും അനായാസം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നു. ഹിന്ദു, ദേശാഭിമാനി, മാതൃഭൂമി പത്രങ്ങള്‍ ദിവസവും അദ്ദേഹം വായിക്കുമായിരുന്നു. അതോടൊപ്പം തന്നെ പുതിയ പുസ്‌തകങ്ങള്‍ വായിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം എടുത്തുപറയേണ്ടതാണ്. പത്രപാരായണവും റേഡിയോ ശ്രവിക്കലും വഴി ലോക വിവരങ്ങള്‍ അദ്ദേഹം കൃത്യമായി ഗ്രഹിച്ചിരുന്നു. വാര്‍ദ്ധക്യം ബാധിച്ചുവെന്ന് അദ്ദേഹം കരുതിയിരുന്നില്ല. ‘വൃദ്ധന്‍’ എന്ന പ്രതികരണത്തിന് അദ്ദേഹം കണക്കിന് മറുപടി നല്‍കുമായിരുന്നു. ചിന്താമണ്ഡലത്തെ അനുദിനം നവീകരിച്ചിരുന്ന അദ്ദേഹത്തിന്റെ ചേതന നിത്യയൌവ്വനത്തോടെ തിളങ്ങിയിരുന്നത് പോരാളിയുടേതായ ഒരു മനസ്സുണ്ടായിരുന്നതുകൊണ്ടാണ്. മരിക്കുന്നതിന്റെ തലേന്നുപോലും വള്ളത്തോള്‍ കവിതയും കഥകളി പദവും ഉരുവിട്ടിരുന്നു.

മക്കളെല്ലാംതന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വെച്ചു പുലര്‍ത്താതെ, സാമൂഹ്യബന്ധങ്ങള്‍ നിലനിര്‍ത്തി തങ്ങളാലാവുന്ന വിധം പൊതുപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നുണ്ട്. മോഹനേട്ടന്റെ മരണത്തോടെ അതിലെ പ്രബലമായ ഒരു കണ്ണിയറ്റിരിക്കുന്നു.

ദേശീയോത്ഥാനത്തിന് ഉത്തമ ഉദാഹരണം കൂടിയായ ഞങ്ങളുടെ കുടുംബത്തില്‍ പഞ്ചാബ്, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ആന്ധ്ര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബ്രാഹ്മണര്‍ മുതല്‍ മുസ്ളീങ്ങള്‍ വരെ വിവാഹബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്.

“അനുഭവങ്ങളാണ് അനാചാരങ്ങള്‍ക്കെതിരെ പടപൊരുതാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. അത്തരം അനുഭവങ്ങള്‍ പുതിയ തലമുറക്കില്ല, അതിനാല്‍ തിരിച്ചുപോക്കിനുള്ള ശ്രമമാണ് പലരും ഇന്ന് നടത്തുന്നത്. ഞാനൊരു ശുഭാപ്‌തി വിശ്വാസിയാണ്. എല്ലാം കലങ്ങിത്തെളിയും. അച്‌ഛന്‍ പുതിയ തലമുറയെക്കുറിച്ച് പറഞ്ഞിരുന്നതിങ്ങനെയായിരുന്നു.

അച്‌ഛന്റെ ഈ ശുഭാപ്‌തിവിശ്വാസം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഇതെല്ലാം കണ്ടും കേട്ടും വളര്‍ന്ന എനിക്ക് അച്‌ഛനെപ്പോലെയാവാന്‍ കഴിഞ്ഞില്ലെങ്കിലും അതിനുള്ള ശ്രമമെങ്കിലും നടത്താതെങ്ങനെ ? പൊന്നുവെക്കുന്നിടത്ത് പൂവു വെക്കുക - അതാണ് ഞങ്ങള്‍ ചെയ്യുന്നത്.


******


കടപ്പാട് : ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം

പിന്‍‌കുറിപ്പ്

പ്രശസ്‌തരായ മാതാപിതാക്കളെ ബാങ്ക് ജീവനക്കാരായ മക്കള്‍ അനുസ്‌മരിക്കുമ്പോള്‍ തീര്‍ച്ചയായും അത് നമ്മുടെ കാലത്തെയും സമൂഹത്തെയും നേരിട്ട് സ്‌പര്‍ശിക്കുന്ന ഒന്നായിമാറുന്നു.

ഇടശ്ശേരി, പത്മശ്രീ വാഴേങ്കട കുഞ്ചുനായര്‍,കൂത്താട്ടു കുളം മേരി, സുബ്രഹ്മണ്യ ഷേണായി, കഥകളി ആചാര്യന്‍ പത്മനാഭന്‍ നായര്‍, ആദ്യകാല കമ്മ്യൂണിസ്‌റ്റ് പ്രവര്‍ത്തകനായിരുന്ന ഐ.സി.പി, എ.കെ.ബി.ഇ.എഫ് മുന്‍ പ്രസിഡണ്ട് ജി.രാമചന്ദ്രന്‍ പിള്ള എന്നിവരുടെ മക്കള്‍ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ 300 -ആം ലക്കത്തില്‍ പങ്ക് വച്ചത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രശസ്‌തരായ മാതാപിതാക്കളെ ബാങ്ക് ജീവനക്കാരായ മക്കള്‍ അനുസ്‌മരിക്കുമ്പോള്‍ തീര്‍ച്ചയായും അത് നമ്മുടെ കാലത്തെയും സമൂഹത്തെയും നേരിട്ട് സ്‌പര്‍ശിക്കുന്ന ഒന്നായിമാറുന്നു.

ഇടശ്ശേരി, പത്മശ്രീ വാഴേങ്കട കുഞ്ചുനായര്‍, കൂത്താട്ടുകുളം മേരി, സുബ്രഹ്മണ്യ ഷേണായി, കഥകളി ആചാര്യന്‍ പത്മനാഭന്‍ നായര്‍, ആദ്യകാല കമ്മ്യൂണിസ്‌റ്റ് പ്രവര്‍ത്തകനായിരുന്ന ഐ.സി.പി, എ.കെ.ബി.ഇ.എഫ് മുന്‍ പ്രസിഡണ്ട് ജി.രാമചന്ദ്രന്‍ പിള്ള എന്നിവരുടെ മക്കള്‍ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ 300 -ആം ലക്കത്തില്‍ പങ്ക് വച്ചത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു