Tuesday, October 26, 2010

തൊഴിലുറപ്പു പദ്ധതിയിലും മാതൃക തീര്‍ക്കുമ്പോള്‍

കേന്ദ്രത്തിന്റെ ഔദാര്യമാണ് കേരളം നടപ്പാക്കുന്ന ഒട്ടുമിക്ക പദ്ധതികളുമെന്നാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം യുഡിഎഫ് പ്രചരിപ്പിച്ചത്. അതിന് അവര്‍ ചൂണ്ടിക്കാട്ടിയ ഒരുദാഹരണം തൊഴിലുറപ്പു പദ്ധതിയുടേതാണ്. ഒന്നാം യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ നിരന്തരസമ്മര്‍ദംകൊണ്ട് നടപ്പാക്കേണ്ടിവന്നതാണ് ആ പദ്ധതി എന്ന യാഥാര്‍ഥ്യവും അവര്‍ മറച്ചുപിടിക്കുന്നു. ദേശീയ അടിസ്ഥാനത്തില്‍ കാര്‍ഷിക മേഖലയിലെ തകര്‍ച്ചയുടെയും അതിന്റെ ഫലമായുണ്ടായ ദാരിദ്ര്യത്തിന്റെയും കര്‍ഷക ആത്മഹത്യയുടെയും പശ്ചാത്തലത്തിലാണ് തൊഴിലുറപ്പു പദ്ധതിക്ക് രൂപം നല്‍കിയത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. പദ്ധതിക്ക് ദേശീയതലത്തില്‍ തുടക്കംകുറിച്ചത് 2005 ലാണ്. അന്ന് കേരളത്തില്‍ യുഡിഎഫ് ഭരണമായിരുന്നു. ഉദ്ഘാടനം നിര്‍വഹിച്ചു എന്നതൊഴിച്ചാല്‍ തൊഴിലാളികളെ രജിസ്‌റ്റര്‍ചെയ്യുകയോ തൊഴില്‍ കാര്‍ഡ് നല്‍കുകയോ കൂലിയിനത്തില്‍ ഒരു രൂപയെങ്കിലും ചെലവഴിക്കുകയോ ചെയ്‌തില്ല. അതിന് പരിശ്രമിച്ചുമില്ല. പദ്ധതി നിര്‍വഹണം കേരളത്തില്‍ ആരംഭിച്ചത് 2006 മേയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തിയതിനു ശേഷമാണ്.

ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിച്ച 200 ജില്ലയില്‍ കേരളത്തില്‍നിന്ന് വയനാടും പാലക്കാടും മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ടാം ഘട്ടത്തിലെ 130 ജില്ലയിലും കേരളത്തില്‍നിന്ന് ഇടുക്കിയും കാസര്‍കോടും മാത്രവും. രാജ്യത്തെ എല്ലാ ജില്ലയിലും പദ്ധതി നടപ്പാക്കിയ മൂന്നാം ഘട്ടത്തിലാണ്, 2008-09ലാണ് കേരളത്തിലെ 10 ജില്ല പദ്ധതിയില്‍ ഉള്‍പ്പെട്ടത്. ഈ പത്തു ജില്ലയിലും ആദ്യ വര്‍ഷം മുന്നൊരുക്കങ്ങള്‍ക്കു വേണ്ട സമയം ആവശ്യമായിരുന്നു. ഫലത്തില്‍ 2009-10 വര്‍ഷം മുതല്‍ക്കുമാത്രമാണ് ചിട്ടയായ പദ്ധതിനിര്‍വഹണം കേരളത്തില്‍ സാധ്യമായത്.

കായികാധ്വാനത്തിന് തയ്യാറുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസമെങ്കിലും തൊഴിലും കൂലിയും അധികമായി നല്‍കുക എന്നതാണ് പദ്ധതി ലക്ഷ്യം. പൊതുഭൂമിയിലും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളിലെ ഭൂമിയിലുമുള്ള കായികാധ്വാനം മാത്രമാണ് അനുവദിക്കപ്പെട്ടത്. മണ്ണ് - ജലസംരക്ഷണ - വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ഉണ്ട്. ഈ മേഖലകളിലെ പ്രവര്‍ത്തനം കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. എന്നാല്‍, പൊതുഭൂമിയുടെ ലഭ്യത കേരളത്തില്‍ തീരെ കുറവാണ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെ കൈവശമുള്ള ഭൂമിയുടെ വിസ്‌തൃതിയുടെ കാര്യവും വ്യത്യസ്‌തമല്ല. കാര്‍ഷിക പരിഷ്‌കരണം പൂര്‍ണമായ തോതില്‍ നടപ്പാക്കിയ സംസ്ഥാനമെന്ന നിലയില്‍ ചെറുകിട നാമമാത്ര കര്‍ഷകരാണ് കേരളത്തില്‍ മഹാഭൂരിപക്ഷവും. നാമമാത്ര കര്‍ഷകരുടെ കൃഷിഭൂമിയിലെ അധ്വാനവും തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍മാത്രമേ കേരളത്തില്‍ കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ കണ്ടെത്താന്‍ കഴിയുകയുള്ളൂ. ഇത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഓരോ സംസ്ഥാനത്തെയും കാര്‍ഷിക മേഖലയിലെ മിനിമം കൂലിയാണ് തൊഴിലുറപ്പുപദ്ധതിയില്‍ കൂലിയായി അംഗീകരിച്ചിട്ടുള്ളത്. പദ്ധതിക്ക് തുടക്കം കുറിച്ച 2005-2006 ല്‍ നിലനിന്നിരുന്ന മിനിമംകൂലിയായ 125 രൂപയാണ് കേരളത്തില്‍ തൊഴിലുറപ്പു പദ്ധതിക്ക് ഇന്നും അനുവദിച്ച കൂലി. കേരളത്തില്‍ കാര്‍ഷിക മേഖലയിലെ മിനിമംകൂലി 200 രൂപയായി പുതുക്കി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഈ നിരക്ക് അനുവദിക്കാന്‍ നിവൃത്തിയില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. തൊഴിലുറപ്പു പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പദ്ധതി നിര്‍വഹണം അസാധ്യമാകുന്ന സാമൂഹ്യ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഈ പ്രതികൂല സാഹചര്യങ്ങളെ മുറിച്ചു കടന്ന് അഴിമതിരഹിതമായും സുതാര്യമായും എങ്ങനെ പദ്ധതി നിര്‍വഹണം സാധ്യമാകും എന്ന പരിശ്രമമാണ് തദ്ദേശസ്വയം‘ഭരണ വകുപ്പ് നടത്തിയത്. ഈ ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചാണ് പദ്ധതി നിര്‍വഹണം നാലാം വര്‍ഷം പിന്നിട്ടത്. കേരളത്തിന്റെ പദ്ധതിനടത്തിപ്പിന്റെ കാര്യക്ഷമതയും അഴിമതിരാഹിത്യവും അഖിലേന്ത്യാതലത്തില്‍ അംഗീകാരം നേടി. ഇവിടെ പദ്ധതിപ്രവര്‍ത്തനം പൂര്‍ണമായും പഞ്ചായത്തുകളുടെ ഉത്തരവാദിത്തത്തിലാണ്. ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കി. കരാറുകാര്‍ ഇല്ല. നടത്തിപ്പു ചുമതല കുടുംബശ്രീ സംവിധാനത്തിനാണ്. കൂലി ബാങ്ക് അക്കൌണ്ടുകളിലൂടെമാത്രം നല്‍കുന്നു. അഴിമതിരഹിതമായി പൂര്‍ണ സുതാര്യതയോടെ എല്ലാ പ്രവര്‍ത്തനവും നടക്കുന്നു. കൃഷി, ജലവിഭവം, വനം തുടങ്ങിയ വകുപ്പുകളുമായി പ്രവൃത്തി തലത്തിലുള്ള സംയോജനം സാധ്യമായിട്ടുണ്ട്. ഇതുവരെ 19 ലക്ഷം കുടുംബങ്ങള്‍ക്ക് 529.8 ലക്ഷം തൊഴില്‍ദിനങ്ങള്‍ നല്‍കി 802.8 കോടി രൂപയാണ് കേരളത്തില്‍ ചെലവഴിച്ചത്.

മൂന്നു കോടിയിലേറെ ചെലവഴിച്ച പത്തു പഞ്ചായത്തും രണ്ടു കോടിയിലേറെ ചെലവഴിച്ച 23 പഞ്ചായത്തും കേരളത്തിലുണ്ട്. ഒരു കോടി രൂപയിലേറെ തൊഴിലുറപ്പു പദ്ധതിയില്‍ 2009-10ല്‍ ചെലവഴിച്ച 95 പഞ്ചായത്ത് കേരളത്തിലുണ്ട്. 2 ലക്ഷത്തോളം കുടുംബങ്ങള്‍ 50 ദിവസത്തിലേറെ പണിയെടുത്തവരാണ്. 100 ദിവസം തികച്ചവര്‍ 36746 കുടുംബങ്ങളാണ്. തൊഴില്‍ദിനങ്ങളുടെ 88.82 ശതമാനം സ്‌ത്രീത്തൊഴിലാളികളുടേതാണ്. പട്ടികജാതിക്കാരുടേത് 16.88 ശതമാനവും പട്ടികവര്‍ഗത്തിന്റേത് 5.67 ശതമാനവുമാണ്. മിക്ക ജില്ലകളിലും നീര്‍ത്തട മാസ്‌റ്റര്‍ പ്ളാനുകള്‍ തയ്യാറായിക്കഴിഞ്ഞു. ചെറുകിട, നാമമാത്ര കര്‍ഷകരുടെ ‘ഭൂമിയില്‍ ഭൂവികസനവും ഹോള്‍ട്ടിക്കള്‍ച്ചറല്‍ പ്രവര്‍ത്തനവും സാധ്യമാവുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും.

ഈ വര്‍ഷം 6.75 ലക്ഷം കുടുംബങ്ങള്‍ക്ക് 130 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്‍കി 215.42 കോടി രൂപ ഇതുവരെ ചെലവഴിച്ചു. കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം ഈ വര്‍ഷം നടക്കും എന്നതിന്റെ സൂചനയാണിത്. പദ്ധതി നഗരപ്രദേശത്തേക്കു കൂടി വ്യാപിപ്പിക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ നഗര തൊഴിലുറപ്പു പദ്ധതി നവംബര്‍ മുതല്‍ ആരംഭിക്കുകയാണ്. സുതാര്യതയിലും അഴിമതിയില്ലായ്‌മയിലും വിട്ടുവീഴ്‌ചയില്ലാതെയുള്ള പദ്ധതിനിര്‍വഹണത്തില്‍ കേരളം രാജ്യത്തെ മറ്റേതു സംസ്ഥാനത്തേയുംകാള്‍ മുന്നിലാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നിശ്ചയദാര്‍ഢ്യമാണ് ഈ മുന്നേറ്റത്തിന് അടിത്തറയായിട്ടുള്ളത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളെ കോഗ്രസ് ഭരിക്കുന്ന സംസ്ഥാന ഗവമെന്റുകള്‍ കറവപ്പശുക്കളായാണ് കാണുന്നതെങ്കില്‍ എല്‍ഡിഎഫ് ഇവിടെ ജനങ്ങള്‍ക്കുവേണ്ടി എങ്ങനെ അവയെ രൂപപ്പെടുത്താം; പ്രയോജനപ്പെടുത്താം എന്ന ഗവേഷണമാണ് നടത്തിയത്-അതാണ് പ്രാവര്‍ത്തികമാക്കിയത്. തൊഴിലുറപ്പു പദ്ധതി അസൂയാവഹമാം വണ്ണം വിജയത്തിലേക്കെത്തിച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെ നയിക്കുന്ന മന്ത്രി പാലോളി മുഹമ്മദ് കുട്ടി സവിശേഷമായ അഭിനന്ദനമര്‍ഹിക്കുന്നു. യുഡിഎഫ് എന്തുതന്നെ പ്രചരിപ്പിച്ചാലും, പദ്ധതിയുടെ ഗുണഫലം അനുഭവിക്കുന ജനങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാനാകും.

*****

ദേശാഭിമാനി മുഖപ്രസംഗം 26-1-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേന്ദ്രത്തിന്റെ ഔദാര്യമാണ് കേരളം നടപ്പാക്കുന്ന ഒട്ടുമിക്ക പദ്ധതികളുമെന്നാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം യുഡിഎഫ് പ്രചരിപ്പിച്ചത്. അതിന് അവര്‍ ചൂണ്ടിക്കാട്ടിയ ഒരുദാഹരണം തൊഴിലുറപ്പു പദ്ധതിയുടേതാണ്. ഒന്നാം യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ നിരന്തരസമ്മര്‍ദംകൊണ്ട് നടപ്പാക്കേണ്ടിവന്നതാണ് ആ പദ്ധതി എന്ന യാഥാര്‍ഥ്യവും അവര്‍ മറച്ചുപിടിക്കുന്നു. ദേശീയ അടിസ്ഥാനത്തില്‍ കാര്‍ഷിക മേഖലയിലെ തകര്‍ച്ചയുടെയും അതിന്റെ ഫലമായുണ്ടായ ദാരിദ്ര്യത്തിന്റെയും കര്‍ഷക ആത്മഹത്യയുടെയും പശ്ചാത്തലത്തിലാണ് തൊഴിലുറപ്പു പദ്ധതിക്ക് രൂപം നല്‍കിയത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. പദ്ധതിക്ക് ദേശീയതലത്തില്‍ തുടക്കംകുറിച്ചത് 2005 ലാണ്. അന്ന് കേരളത്തില്‍ യുഡിഎഫ് ഭരണമായിരുന്നു. ഉദ്ഘാടനം നിര്‍വഹിച്ചു എന്നതൊഴിച്ചാല്‍ തൊഴിലാളികളെ രജിസ്‌റ്റര്‍ചെയ്യുകയോ തൊഴില്‍ കാര്‍ഡ് നല്‍കുകയോ കൂലിയിനത്തില്‍ ഒരു രൂപയെങ്കിലും ചെലവഴിക്കുകയോ ചെയ്‌തില്ല. അതിന് പരിശ്രമിച്ചുമില്ല. പദ്ധതി നിര്‍വഹണം കേരളത്തില്‍ ആരംഭിച്ചത് 2006 മേയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തിയതിനു ശേഷമാണ്.