Monday, October 4, 2010

മഹാനടന്‍ മകന്റെ ഓര്‍മ്മയില്‍

മഹാനടന്‍ പത്മശ്രീ വാഴേങ്കട കുഞ്ചുനായരെ അദ്ദേഹത്തിന്റെ മകന്‍ ശ്രീ പി.വി.ശ്രീവത്സന്‍ അനുസ്‌മരിക്കുന്നു. സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് കുന്നന്താനം ശാഖാ മനേജരാണ് ശ്രീ പി.വി.ശ്രീവത്സന്‍.

അച്‌ഛന്‍ കുട്ടിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ നിന്നും മടങ്ങും വഴി, പട്ടിക്കാംതൊടി രാവുണ്ണിമേനോനാശാന്റെ കഥകളിക്കളരിയില്‍ കയറി അഭ്യസനം കാണുക പതിവായിരുന്നു. അക്കാലത്ത് കഥകളി പഠിക്കുന്നവര്‍ കടുത്തശിക്ഷണത്തിനും അതിനുപരി ആശാന്മാരുടെ ശിക്ഷക്കും വിധേയരായിരുന്നു. സാമ്പത്തികമായി വലിയ വരുമാനം പ്രതീക്ഷിക്കാനും വഴിയില്ലായിരുന്നു. അതുകൊണ്ട് കഥകളി പഠിപ്പിക്കുന്നതില്‍ വലിയതാല്‍പര്യം മാതാപിതാക്കള്‍ക്കില്ലായിരുന്നു.

ചെറുപ്പത്തില്‍ കഥകളിയേക്കാള്‍ ചിത്രരചനയിലായിരുന്നു അച്‌ഛന് കമ്പം. ഒടുവില്‍ അന്ന് കന്യാകുമാരിയില്‍ ഉണ്ടായിരുന്ന പ്രശസ്‌തമായ ചിത്രകലാവിദ്യാലയത്തില്‍ പഠിപ്പിക്കുവാന്‍ അച്‌ഛനമ്മമാര്‍ തയ്യാറായി. അവിടേക്ക് പോവുന്നതിന് രണ്ട് നാള്‍ മുമ്പ്, അദ്ദേഹം മികച്ച ഒരു കളിക്ക് സാക്ഷ്യം വഹിച്ചു. കഥകളിയില്‍ ചേരണമെന്ന് വീട്ടില്‍ നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ അക്കാലത്തെയെന്നല്ല എക്കാലത്തെയും മഹാനായ ആചാര്യന്‍ പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ ശിഷ്യനായിത്തീര്‍ന്നു. ആശാന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായി മാറാന്‍ അച്‌ഛന് ഏറെ സമയം വേണ്ടി വന്നില്ല.

അഭിനേതാവും ആചാര്യനും

അഭ്യസനത്തിനുശേഷം കഥകളി പഠിപ്പിച്ചുകൊണ്ട് കുറെ വര്‍ഷങ്ങള്‍ ചെലവഴിച്ചു. ഇക്കാലത്ത് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ വാഴേങ്കടയിലും തൂതയിലും താമസിച്ച് അദ്ദേഹത്തിന്റെ കീഴില്‍ കഥകളി അഭ്യസിക്കുകയുണ്ടായി. പിന്നീട് പി.എസ്.വി (കോട്ടക്കല്‍ ആര്യവൈദ്യശാല) നാട്യസംഘത്തിന്റെ പ്രിന്‍സിപ്പലായി വിപുലമായ ഒരു ശിഷ്യസമ്പത്ത് തന്നെ നേടുകയുണ്ടായി.

കഥകളി നടന്മാരില്‍ ചിലര്‍ മികച്ച അഭിനേതാക്കളായിരിക്കും. ഗുരു അഥവാ ആശാന്‍ എന്ന നിലയില്‍ നിപുണരാവണമെന്നില്ല. നേരേ തിരിച്ചും അനുഭവമുണ്ട്. അച്‌ഛനെ സംബന്ധിച്ചിടത്തോളം ഒരേ സമയം മികച്ച അഭിനേതാവും അതിപ്രഗത്ഭനായ ആചാര്യനുമായിരുന്നു. വിദ്യാര്‍ത്ഥികളില്‍ ഒന്നും അടിച്ചേല്‍പിക്കുന്നതിന് അദ്ദേഹം തയ്യാറല്ലായിരുന്നു. അവര്‍ക്ക് ചില സൂക്ഷ്‌മമായ സൂചനകള്‍ നല്‍കി അവരെക്കൊണ്ടുതന്നെ സ്വന്തം സര്‍ഗശേഷിയില്‍ നിന്ന് ആവിഷ്‌ക്കാരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയായിരുന്നു അദ്ദേഹം. കഥകളി പഠിക്കുന്നവര്‍ ധാരാളം വായിക്കുകയും ലോകപരിചയം നേടുകയും സാമൂഹ്യബന്ധം പുലര്‍ത്തുകയും ചെയ്യണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ല.

ടാഗോര്‍ നല്‍കിയ കീര്‍ത്തിപത്രം

അദ്ദേഹം ഒരു കഥകളിമാത്രപ്രസക്തനായ നടന്‍ മാത്രമല്ലായിരുന്നു.വാഴേങ്കടയിലെയും ചുറ്റുവട്ടത്തെയും നാടന്‍ കലാകാരന്മാരുടെ കലാപ്രകടനങ്ങള്‍ സശ്രദ്ധം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്‌ത അദ്ദേഹം മികച്ച ഒരു വായനക്കാരനുമായിരുന്നു. സംസ്‌കൃതഭാഷ സ്വപ്രയത്നത്താല്‍ പഠിച്ച അദ്ദേഹം ശ്ളോകരചനയിലേര്‍പ്പെടുമായിരുന്നു. വടക്കുള്ള സാഹിത്യനായകന്മാരുമായി അടുത്ത ആത്മബന്ധം അദ്ദേഹം സ്ഥാപിച്ചിരുന്നു. വി.കെ.എന്‍, പി. കുഞ്ഞിരാമന്‍ നായര്‍, എന്‍.വി. കൃഷ്‌ണവാരിയര്‍, മുണ്ടശ്ശേരി മാസ്‌റ്റര്‍ എന്നിവരൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അതിലുപരി ആരാധകരുമായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ തൃശൂരുള്ള മംഗളോദയം ഓഫീസിലെത്തി സാഹിത്യ ചര്‍ച്ചകള്‍ നടത്തുന്നതില്‍ ഏറെ താല്‍പര്യം പുലര്‍ത്തിയിരുന്നു. മംഗളോദയം പ്രസ്സില്‍ വെച്ച് മുണ്ടശ്ശേരി മാസ്‌റ്ററുമായുണ്ടായ സൌഹൃദം, അദ്ദേഹം മന്ത്രിയായപ്പോള്‍ കേരള കലാമണ്ഡലത്തിന്റെ പ്രിന്‍സിപ്പലാവാന്‍ അച്‌ഛനെ ക്ഷണിക്കുവാന്‍ ഹേതുവായിത്തീര്‍ന്നു. കലാമണ്ഡലത്തിലെ കലാകാരന്മാര്‍ നടത്തിയ വിജയകരമായ രണ്ടാം ലോകപര്യടനത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ധാരാളം ആസ്വാദകരെയും ആരാധകരെയും സമ്പാദിക്കുകയും ചെയ്‌തു. കലാമണ്ഡലത്തിന്റെ പ്രാഥമിക ദശയില്‍ ശാന്തിനികേതനം സന്ദര്‍ശിച്ച അദ്ദേഹത്തെ കഥകളി കഴിഞ്ഞ് ഒരു കീര്‍ത്തിപത്രം നല്‍കി മഹാകവി ടാഗോര്‍ അഭിനന്ദിച്ചത് പ്രത്യേകം പ്രസ്‌താവ്യമാണ്.

തിരക്കിനിടയിലും ഇ.എം.എസ്

ആദ്യകാലത്ത് കത്തിവേഷങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നത്. നരകാസുരന്‍, രാവണന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് അച്‌ഛനിലൂടെ പുതിയ മാനവും ഭാവവും ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞു. മധ്യവയസ്സായപ്പോഴേക്കും അദ്ദേഹം കത്തിവേഷം വിട്ട് സാത്വികമായ കഥാപാത്രങ്ങളെ രംഗത്തവതരിപ്പിക്കുവാന്‍ തുടങ്ങി. നളന്‍, ബാഹുകന്‍, ധര്‍മ്മപുത്രര്‍, ബ്രാഹ്മണന്‍ തുടങ്ങിയ വേഷങ്ങള്‍ സമര്‍ത്ഥമായി അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം മുന്നേറി. വളരെ വലിയ തിരക്കിനിടയിലും ഇ.എം.എസ്. ഒരിക്കല്‍ കുഞ്ചുനായരുടെ വേഷം കാണാനെത്തിയത് വലിയ വാര്‍ത്തയായിരുന്നു. അദ്ദേഹം രംഗത്തെത്തുന്ന കാലത്ത് നളചരിതം ആട്ടക്കഥക്ക് ഇന്നത്തെ സ്ഥാനം ആസ്വാദകരും നടന്മാരും കല്പിച്ചിരുന്നില്ല. സംഗീതവും സാഹിത്യവുംകൊണ്ട് സമ്പന്നമാണെങ്കിലും ആട്ടക്കഥയെന്ന നിലയില്‍ വേണ്ടത്ര അവതരണക്ഷമമല്ല ആ കൃതി എന്ന ധാരണയാണ്ടായിരുന്നത്. ഈ ധാരണ തിരുത്തിക്കുറിക്കുന്നതില്‍ അച്‌ഛന്‍ വലിയ പങ്കുവഹിച്ചു. നളന്റെ വേഷമെടുത്ത്, ആ കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതകളും വിദഗ്ദ്ധമായി ആവിഷ്‌ക്കരിച്ച് നളചരിതത്തെ കഥകളിയുടെ മണ്ഡലത്തില്‍ ഉന്നതസ്ഥാനത്ത് പ്രതിഷ്‌ഠിക്കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായകമായ പങ്ക് വഹിച്ചു.

കോട്ടക്കല്‍ ശിവരാമന്‍

അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന ഭാവാഭിനയത്തിന്റെ രംഗത്താണ്. കഥകളി നടന്മാര്‍, മുഖഭാവങ്ങളിലൂടെ കഥാപാത്രത്തിന്റെ വികാരവിചാരങ്ങള്‍ പ്രകാശിപ്പിക്കുന്നു. മുഖം മാത്രമല്ല, സമസ്‌ത അംഗങ്ങളും നാം വികാരാധീനരാവുമ്പോള്‍ ചലനാത്മകമാവുന്നു, അതതിന്റെ ഭാഷയില്‍ ധാരാളം കാര്യങ്ങള്‍ വിനിമയം ചെയ്യുന്നു. ശരീരഭാഷ എന്നുപറയുന്ന ആശയത്തിലൂന്നി കഥകളി നടന്‍ അംഗങ്ങളാകെ, കഥാപാത്രത്തിന്റെ ഭാവത്തിനനുസരിച്ച് ചലനാത്മകമാക്കണം എന്ന് അദ്ദേഹം വിശ്വസിച്ചു. ശിഷ്യന്മാരെ അക്കാര്യത്തില്‍ ജാഗരൂകരാക്കാനും പരിശ്രമിച്ചു. ദീര്‍ഘനാള്‍ അതുല്യനടനായ കോട്ടയ്‌ക്കല്‍ ശിവരാമനെ ഒപ്പംകൂട്ടി, അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തു. കാലക്രമേണ കോട്ടക്കല്‍ ശിവരാമന്‍ അംഗീകരിക്കപ്പെട്ട മഹാനടനായി ഉയരുകയും ചെയ്‌തു. ചിരപരിചിതമായ ആട്ടക്കഥകളോടൊപ്പം താടകാവധം, ടെംപസ്‌റ്റ്, ടാഗോറിന്റെ ചിത്രാംഗദ എന്നിങ്ങനെയുള്ള നവീനകൃതികളുടെ ആവിഷ്‌ക്കാരത്തിലും പങ്കെടുക്കുന്നതില്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചു. 22 വയസ്സു മുതല്‍ 62 വയസ്സുവരെ കഥകളി രംഗത്ത് നിറഞ്ഞു നിന്നു. മിതത്വത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നു, അഭിനയത്തില്‍.

വിവാഹവും രുഗ്‌മാംഗദ രാജാവിന്റെ ദുരന്തവും

അച്‌ഛന്റേത് പ്രണയവിവാഹമായിരുന്നു. ആദ്യവിവാഹത്തില്‍ രണ്ടുകുട്ടികളുണ്ടായി. ആ വിവാഹം അധികം നീണ്ടുനിന്നില്ല. ബോംബെയില്‍, ക്ഷണപ്രകാരം, രുഗ്‌മാംഗ ഗദചരിതം കഥകളിയില്‍ പങ്കെടുക്കുവാന്‍ പോയതായിരുന്നു അദ്ദേഹം. കഥകളി, നിറഞ്ഞ സദസ്സിന് മുമ്പില്‍ പൊടിപൊടിക്കുമ്പോള്‍, സംഘാടകര്‍ക്ക് വിവരം കിട്ടുന്നു; വാഴേങ്കടയുടെ പ്രിയ പത്നി അന്തരിച്ചിരിക്കുന്നു. കളിക്കിടെ വിശ്രമിച്ചിരുന്ന അദ്ദേഹത്തെ നിറഞ്ഞ വ്യസനത്തോടെ സംഘാടകര്‍ വിവരമറിയിക്കുന്നു. ആത്മാവിനെ മഥിക്കുന്ന ദുഃഖം അമര്‍ത്തിപ്പിടിച്ച്, രുഗ്‌മാംഗദ രാജാവിന്റെ ദുരന്തജീവിതം അരങ്ങില്‍ ആവിഷ്‌ക്കരിച്ച് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. പിന്നീട് ഭാര്യയുടെ സഹോദരിയെ, എന്റെ അമ്മയെ, മാതാപിതാക്കളുടെ നിര്‍ബന്ധം മൂലം അദ്ദേഹം വിവാഹം കഴിച്ചു. അവരില്‍ എട്ടു കുട്ടികള്‍ ജനിച്ചു. മക്കളില്‍ കലാമണ്ഡലം പ്രിന്‍സിപ്പലായിരുന്ന വിജയേട്ടന്‍ അച്‌ഛന്റെ പാത പിന്തുടര്‍ന്നു.

മുഖം കാണിക്കില്ല, വിളിച്ചാലേ ചെല്ലൂ

പ്രേക്ഷകരെ തൃപ്‌തിപ്പെടുത്തുവാന്‍ മാത്രമായി കളിയുടെ നിലവാരത്തില്‍ മാറ്റമുണ്ടാക്കുവാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. തന്റെ കലാജീവിതത്തെ ഭരിക്കുവാനോ, നിയന്ത്രിക്കുവാനോ അദ്ദേഹം ആരെയും അനുവദിച്ചില്ല. പ്രശസ്‌ത വേദപണ്ഡിതനായ ഒ.എം.സി. നമ്പൂതിരിപ്പാട് ഒരിക്കല്‍ പരസ്യമായി പറയുകയുണ്ടായി. "കുഞ്ചുനായര്‍ മുഖം കാണിക്കില്ല, വിളിച്ചാലേ ചെല്ലൂ'' കഥകളി നടന്മാര്‍ എപ്പോഴും ബന്ധപ്പെടുക അക്കാലത്തെ ജന്മിമാരും പണക്കാരുമൊക്കെയായിട്ടായിരുന്നല്ലോ. അവരെ മുഖം കാണിക്കലും സേവപിടിക്കലും സര്‍വ്വസാധാരണമായിരുന്നു. വാഴേങ്കട അക്കൂട്ടത്തിലായിരുന്നില്ല. തികഞ്ഞ സ്വാതന്ത്ര്യദാഹിയായിരുന്നു അദ്ദേഹം. കളിക്ക് അദ്ദേഹം പ്രതിഫലം എത്രയെന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ധാരാളം ചൂഷണം അദ്ദേഹത്തിന് സഹിക്കേണ്ടി വന്നിട്ടുണ്ട്. കഥകളി നടന്മാരില്‍ കൃത്യനിഷ്‌ഠയുടെ ആള്‍രൂപമായിരുന്നു അദ്ദേഹം. കളി നടക്കുന്ന സ്ഥലത്ത് വളരെ നേരത്തതന്നെ എത്തുന്നതായിരിന്നു അദ്ദേഹത്തിന്റെ ശീലം. കലകൊണ്ടു സമ്പന്നനാവുക അദ്ദേഹത്തിന്റെ ലക്ഷ്യമേ ആയിരുന്നില്ല.

കഥകളി വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. അവിടെ ആ വീട്ടുകാരനോടൊപ്പം കന്നുപൂട്ടുകയും കൃഷിപ്പണി നടത്തുകയും ചെയ്യാന്‍ അദ്ദേഹം മടി കാണിച്ചിരുന്നില്ല. കുടുംബത്തിലെ വിശേഷദിവസങ്ങളില്‍ നാനാജാതി മതസ്ഥരായ സുഹൃത്തുക്കളെ ക്ഷണിച്ച് സല്‍ക്കരിക്കുന്നതില്‍ ഏറെ തൃപ്‌തനായിരുന്നു. കുടുംബത്തിലെ ആചാരാനുഷ്‌ഠാനങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു.

1969 ല്‍ വാഴേങ്കടയില്‍ വെച്ച് വിപുലമായ ഷഷ്‌ടിപൂര്‍ത്തിയാഘോഷങ്ങള്‍ നടന്നു. തുടര്‍ന്ന് കലാമണ്ഡലത്തിലും. ഷഷ്‌ടിപൂര്‍ത്തി സ്‌മരണികയായി 'കലാപ്രസാദം' എന്ന ഗ്രന്ഥം നാഷണല്‍ ബുക്ക് സ്‌റ്റാള്‍ പ്രസിദ്ധീകരിച്ചു. പ്രൊഫ. കെ.പി. നാരായണപിഷാരടി, ഡോ. ബാലകൃഷ്‌ണവാരിയര്‍ തുടങ്ങിയ പണ്ഡിതന്മാരുടെ പ്രൌഢമായ പ്രബന്ധങ്ങളും കുഞ്ഞിരാമന്‍ നായരുടെ കവിതയും എല്ലാമായി കനപ്പെട്ട ഒരു ഉപഹാരഗ്രന്ഥമാണത്.

സോപാന സംഗീത സാമ്രാട്ട് ഞെരളത്തുമായി അച്‌ഛന് നല്ല ബന്ധമായിരുന്നെന്നും, ഞെരളത്തിനെ ആരും തിരിഞ്ഞുനോക്കാത്തപ്പോള്‍ സഹായിച്ചവരില്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നത് വാഴേങ്കടയായിരുന്നുവെന്നും ഞെരളത്തിന്റെ പത്നി അനുസ്‌മരിക്കുന്നുണ്ട്. അതേക്കുറിച്ച് ?

പവിത്രമായ സ്‌നേഹബന്ധമായിരുന്നു അച്‌ഛനും ഞെരളത്തിനും തമ്മില്‍ ഉണ്ടായിരുന്നത്. പലരും ഞെരളത്തിനെ ഒരു എക്‌സെന്‍ട്രിക് ആയിട്ടായിരുന്നല്ലോ കണ്ടിരുന്നത്. അച്‌ഛന്‍ അദ്ദേഹത്തിന്റെ മഹത്വം ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. പരസ്‌പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പവിത്രമായ ഒരാത്മബന്ധം.- അതിനെക്കുറിച്ച് അങ്ങിനെപറയാം.

അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍?

നിരവധി. പിന്നെ 1965 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും. 1971 ല്‍ പത്മശ്രീ നല്‍കി രാഷ്‌ട്രം അദ്ദേഹത്തെ ആദരിച്ചു.

കഥകളി ആശാന്‍മാരുടെ മദ്യപാനത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. അച്‌ഛനെങ്ങനെയായിരുന്നു?

കഥകളി നടന്മാരില്‍ പലരും മദ്യത്തിനടിമപ്പെട്ട്, അവരുടെ കലാജീവിതവും, സ്വകാര്യജീവിതവും അലങ്കോലപ്പെടുത്തിയ കഥകള്‍ ധാരാളമുണ്ട്. ഈ വകുപ്പില്‍ പെടുന്ന ആളായിരുന്നില്ല അദ്ദേഹം. മൂന്നുനാലുദിവസം അടുപ്പിച്ച് കഥകളിയുണ്ടായിരിക്കുന്ന അവസരത്തില്‍ അദ്ദേഹം അല്‍പം മദ്യം ഉപയോഗിക്കാറുണ്ട്. കരുണം, ശോകം തുടങ്ങിയ രസങ്ങള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ കഥാപാത്രത്തോട് സാത്മ്യം പ്രാപിച്ച് മറ്റൊരാളായി മാറുകയാണ് കഥകളി നടന്‍. തുടര്‍ച്ചയായി ഈ ഭാവങ്ങളില്‍ ലയിച്ചു കഴിയുമ്പോള്‍ മനസ്സിന് അവാച്യമായ സംഘര്‍ഷവും സന്ത്രാസവും അനുഭവപ്പെടുക സ്വാഭാവികമാണല്ലോ. അങ്ങനെയുള്ള അവസരങ്ങളില്‍ മൌനംകൊണ്ട് കനംതൂങ്ങിയ മനസ്സും മുഖവുമായി അദ്ദേഹം മണിക്കൂറുകളോളം കഴിയുന്നത് കാണാം. ഈ അന്തഃസംഘര്‍ഷത്തിന്റെ കുരുക്കഴിക്കുവാനാണ് അദ്ദേഹം മദ്യത്തെ ആശ്രയിച്ചിരുന്നത്. മനസ്സിന് ലാഘവം വരുത്തുവാനും, ദൈനംദിന ജീവിതത്തിന്റെ നിത്യനൈമികത്തിലേക്ക് തിരിച്ചെത്താനും വേണ്ടിയായിരുന്നു അത് മിക്കപ്പോഴും.

അരങ്ങൊഴിയല്‍

ഗുരുവായൂര് നിറഞ്ഞ സദസ്സിന് മുമ്പില്‍ സന്താനഗോപാലം കഥകളി നടക്കുന്നു. കലാമണ്ഡലം കൃഷ്‌ണന്‍ നായരും അച്‌ഛനുമാണ് അരങ്ങില്‍ മത്സരിച്ച് അഭിനയിക്കുന്നത്. സന്താനഗോപാലത്തിലെ ബ്രാഹ്മണനായി അച്‌ഛന്‍ അഭിനയത്തിന്റെ ഉദാത്തമേഖലകളിലൂടെ സഞ്ചരിക്കുകയാണ്. പെട്ടെന്നാണ് പക്ഷാഘാതത്തിന്റെ ആരംഭംമൂലം അദ്ദേഹം കുഴഞ്ഞുവീഴാന്‍ ഭാവിച്ചത്. കൃഷ്‌ണന്‍ നായര്‍ അദ്ദേഹത്തെ താങ്ങിനിര്‍ത്തി. തുടര്‍ന്ന് ദീര്‍ഘനാള്‍ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സയില്‍ കഴിയേണ്ടി വന്നു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സ തേടി. പിന്നീട് അദ്ദേഹത്തിന് അരങ്ങിലെത്താന്‍ സാധിച്ചില്ല. 62-ാം വയസ്സില്‍ അങ്ങനെ അദ്ദേഹം അരങ്ങില്‍ നിന്ന് വിരമിച്ചു.

അച്‌ഛന്റെ ശതാബ്‌ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രം 'മനയോലപ്പാടുകള്‍' എന്ന പേരില്‍ ഞാന്‍ തയ്യാറാക്കുകയുണ്ടായി. കഴിയുന്നത്ര വസ്‌തുനിഷ്‌ഠമായി വാഴേങ്കട കുഞ്ചുനായര്‍ എന്ന് കലാകാരനെയും മനുഷ്യനെയും വിലയിരുത്തുവാനാണ് ശ്രമിച്ചിരിക്കുന്നത്.

കഥകളിപോലുള്ള ക്ളാസിക്കല്‍ കലയുടെ പ്രണേതാക്കളായ മഹാന്മാരായ കലാകാരന്മാരുടെ ശ്രേണിയില്‍ പ്രമുഖ സ്ഥാനമുള്ള വാഴേങ്കട കുഞ്ചുനായര്‍, അനുസ്‌മരിക്കപ്പെടുന്നു, ആദരിക്കപ്പെടുന്നു, ഈ ശതാബ്‌ദി വര്‍ഷത്തില്‍ എന്നത് കേരളീയരുടെ കലാഭിരുചിയുടെയും സഹൃദയത്വത്തിന്റെയും നിലവാരം ഉയര്‍ന്നുതന്നെ നില്‍‌ക്കുന്നു, എന്നതിന്റെ തെളിവുതന്നെയാണ്.

*****


(അഭിമുഖം വി. ബാലചന്ദ്രന്‍, ഏബ്രഹാം തോമസ്, എം. പരമേശ്വരന്‍)

കടപ്പാട് : ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം

പിന്‍‌കുറിപ്പ്

പ്രശസ്‌തരായ മാതാപിതാക്കളെ ബാങ്ക് ജീവനക്കാരായ മക്കള്‍ അനുസ്‌മരിക്കുമ്പോള്‍ തീര്‍ച്ചയായും അത് നമ്മുടെ കാലത്തെയും സമൂഹത്തെയും നേരിട്ട് സ്‌പര്‍ശിക്കുന്ന ഒന്നായിമാറുന്നു.

ഇടശ്ശേരി, പത്മശ്രീ വാഴേങ്കട കുഞ്ചുനായര്‍,കൂത്താട്ടു കുളം മേരി, സുബ്രഹ്മണ്യ ഷേണായി, കഥകളി ആചാര്യന്‍ പത്മനാഭന്‍ നായര്‍, ആദ്യകാല കമ്മ്യൂണിസ്‌റ്റ് പ്രവര്‍ത്തകനായിരുന്ന ഐ.സി.പി, എ.കെ.ബി.ഇ.എഫ് മുന്‍ പ്രസിഡണ്ട് ജി.രാമചന്ദ്രന്‍ പിള്ള എന്നിവരുടെ മക്കള്‍ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ 300 -ആം ലക്കത്തില്‍ പങ്ക് വച്ചത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മഹാനടന്‍ പത്മശ്രീ വാഴേങ്കട കുഞ്ചുനായരെ അദ്ദേഹത്തിന്റെ മകന്‍ ശ്രീ പി.വി.ശ്രീവത്സന്‍ അനുസ്‌മരിക്കുന്നു.