Friday, October 8, 2010

ഇടപ്പള്ളി : ഓര്‍മയിലെ ഇടിമുഴക്കം

അഭിമുഖം: എം എം ലോറന്‍സ് /ഗുലാബ് ജാന്‍

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പഥികരില്‍ ഒരാളാണ് എം എം ലോറന്‍സ്. ത്യാഗപൂര്‍ണ്ണമായ ഒരു ജീവിതമായിരുന്നു ലോറന്‍സിന്റേത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണകേസില്‍ പ്രതിയാക്കപ്പെട്ട് 1950ല്‍ ഭീകരമായ പൊലീസ് മര്‍ദ്ദനത്തിനിരയായ ലോറന്‍സ് 22 മാസം വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞു. പിന്നീട് 1964ല്‍ ചൈനീസ് ചാരന്മാരാണെന്നാരോപിച്ച് സി പി ഐ എം നേതാക്കളെ ഒന്നടങ്കം തുറങ്കിലടച്ച ഘട്ടത്തില്‍ 16 മാസവും അടിയന്തരാവസ്ഥയില്‍ 17 മാസവും ജയിലിലായിരുന്നു. മുന്നും നാലും മാസമായും രണ്ടോ മൂന്നോ ആഴ്ചയായും പലതവണ ജയിലില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്.

മാടമാക്കല്‍ എം എ മാത്യുവിന്റെയും മറിയത്തിന്റേ(മേരി)യും പന്ത്രണ്ട് മക്കളില്‍ ആറാമനായാണ് ലോറന്‍സ് ജനിച്ചത്. യുക്തിവാദിയും മികച്ച വായനക്കാരനുമായിരുന്നു അച്ഛന്‍. കത്തോലിക്കാ സഭയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന സെന്റ് ആല്‍ബര്‍ട്സ് സ്കൂളില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനായി സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായി. വൈകാതെ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനമാരംഭിച്ചു. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1978ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 1985ല്‍ കേന്ദ്രകമ്മിറ്റിയിലെത്തി. ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം.

ലോറന്‍സിന്റെ സംഭവ ബഹുലമായ ജീവിതത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് ഈ അഭിമുഖം.


വളരെ ചെറുപ്പംമുതല്‍തന്നെ സഖാവ് പാര്‍ടി അംഗമായിട്ടുണ്ടല്ലോ. ഒരു കമ്യൂണിസ്റ്റുകാരനാകുന്നതെങ്ങനെയാണ്?

പതിനെട്ടാമത്തെ വയസ്സില്‍തന്നെ ഞാന്‍ പാര്‍ടി മെമ്പറായിട്ടുണ്ട്; 1946ല്‍. അതിനുമുമ്പ് പാര്‍ടിയുമായി ബന്ധപ്പെടാറുണ്ടായിരുന്നു. രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ പാര്‍ടിയെ മനസ്സിലാക്കുകയും പഠിക്കുകയും വായിക്കുകയും ചെയ്യുന്ന ആളാണ്. എന്റെ ജ്യേഷ്ഠന്‍ എബ്രഹാം മാടമാക്കല്‍ പഠിക്കുന്ന കാലത്ത്തന്നെ കോണ്‍ഗ്രസായിരുന്നു. കോണ്‍ഗ്രസ് അന്ന് കൊച്ചി രാജ്യത്ത് പ്രജാമണ്ഡലം എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. നാട്ടുരാജ്യങ്ങളില്‍ അതിന് ചേരുന്ന സ്വതന്ത്രമായ പേരില്‍ വേണം പ്രവര്‍ത്തിക്കേണ്ടതെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തീരുമാനമായിരുന്നു. തിരുവിതാംകൂറില്‍ ട്രാവന്‍കൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസായിരുന്നു. മലബാര്‍മേഖല മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗവും അത് ഇംഗ്ളീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന് കീഴിലുമായിരുന്നതുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നുതന്നെയായിരുന്നു. ജ്യേഷ്ഠന്റെ മുറിയില്‍ മഹാത്മാഗാന്ധിയുടെ ഒരു ഫോട്ടോയുണ്ട്. അതിനടിയില്‍ കൊടുത്ത വാചകം ‘The soul of the man'(മനുഷ്യന്റെ ആത്മാവ്) എന്നായിരുന്നു. ഗാന്ധിയുടെ ഫോട്ടോ ആയിരുന്നില്ല. ഒരു തരം ദൈവീകമായ പരിവേഷത്തോടുകൂടിയ പെയ്ന്റിങ്. ഞങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഖദറുടുത്താണ് നടക്കാറ്. ദേശാഭിമാന ബോധത്തിന്റെ ചിഹ്നമായിരുന്നു ഖാദി. തക്കിളി ഉപയോഗിച്ച് പഞ്ഞിയില്‍ നിന്ന് നൂല് നൂറ്റി ഖാദി സ്റ്റോറില്‍ നിശ്ചിത അളവില്‍ കൊടുത്തെങ്കില്‍ മാത്രമേ അന്ന് ഖാദി വസ്ത്രം കിട്ടുമായിരുന്നുള്ളൂ. ഞങ്ങളില്‍ പലരും ജുബ്ബയില്‍ ചെറിയ ത്രിവര്‍ണ പതാക കുത്തുമായിരുന്നു. സ്കൂള്‍ മാനേജ് മെന്റിനും അന്നത്തെ ഹെഡ് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള മിക്കവാറും കത്തോലിക്കാ അധ്യാപകന്മാര്‍ക്കും ദേശീയ പ്രസ്ഥാനത്തോട് വലിയ എതിര്‍പ്പാണുണ്ടായിരുന്നത്. പക്ഷെ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം അവരെല്ലാം കോണ്‍ഗ്രസുകാരായി മാറി.

അന്ന് കമ്യൂണിസറ്റ് പാര്‍ട്ടി മെമ്പര്‍മാരും പാര്‍ട്ടി അനുഭാവികളുമായിരുന്ന പലരും പ്രജാമണ്ഡലത്തില്‍ നിലകൊണ്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. ജ്യേഷ്ഠന്‍ തികച്ചും കമ്യൂണിസ്റ്റ് ആശയഗതിക്കാരാനായിരുന്നു. കവികൂടിയായിരുന്ന ജ്യേഷ്ഠന്‍ എഴുതിയ പല കവിതകളിലും സോഷ്യലിസത്തിന്റെയും വിപ്ളവത്തിന്റെയും ആശയ ഗതി ശക്തമായി പ്രതിഫലിച്ചിരുന്നു. വളരെ ചെറുപ്പം മുതലേ എന്നില്‍ കമ്മ്യൂണിസ്റ്റാശയത്തോട് ആഭിമുഖ്യമുണ്ടാക്കുന്നതില്‍ ജ്യേഷ്ഠന്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എനിക്കൊരു പത്തോ പതിനൊന്നോ വയസ്സുള്ളപ്പോഴാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ കാറല്‍ മാര്‍ക്സിന്റെ ചെറിയൊരു ജീവ ചരിത്ര പുസ്തകം ജ്യേഷ്ഠന്‍ വായിക്കാന്‍ തരുന്നത്. ജ്യേഷ്ഠനെക്കുറിച്ചറിഞ്ഞ് അദ്ദേഹത്തെ കമ്യൂണിസ്റ്റാക്കുന്നതിനുവേണ്ടി കൃഷ്ണപിള്ള പലതവണ വീട്ടില്‍ വരാറുണ്ടായിരുന്നു. അങ്ങനെയാണ് ആദ്യമായി കൃഷ്ണപിള്ളയെ കാണുന്നത്. അദ്ദേഹം ഒളിവില്‍ കഴിയുന്ന കാലമായിരുന്നു. അന്നെനിക്ക് ഇതാണ് കൃഷ്ണപിള്ളയെന്ന് അറിയില്ല. പിന്നീടാണ് അത് മനസ്സിലാവുന്നത്. പിന്നീട് 1940 ആകുമ്പോഴേക്കും ജ്യേഷ്ഠന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി സജീവ ബന്ധം പുലര്‍ത്താന്‍ തുടങ്ങി.

അത് രണ്ടാം ലോക മഹായുദ്ധം നടക്കുന്ന കാലമല്ലെ. കമ്യൂണിസ്റ്റ് പാര്‍ടി യുദ്ധത്തിന് അനുകൂലമായിരുന്നില്ലെ?

അതേ. രണ്ടാം ലോക മഹായുദ്ധം തുടങ്ങുന്നത് 1939ലാണ്. യുദ്ധത്തില്‍ ബ്രിട്ടണ്‍ തോല്‍ക്കണമെന്നായിരുന്നു തുടക്കത്തില്‍ പാര്‍ടിയുടെ അഭിപ്രായം. കോണ്‍ഗ്രസിന്റേതും ഏറെക്കുറെ അങ്ങനെതന്നെയായിരുന്നു. 1942 ല്‍ ഹിറ്റ്ലറുടെ നാസി ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോള്‍ ആ തീരുമാനം മാറി. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ തീരുമാനം വന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അന്നെല്ലാം പ്രവര്‍ത്തിച്ചിരുന്നത് ഇന്റര്‍നാഷണലിന്റെ കീഴിലായിരുന്നു. സോവിയറ്റ് യൂണിയന്‍ എന്നാല്‍ കേവലമായൊരു രാജ്യമായി കണക്കാക്കിയാല്‍ പോര, ലോകത്തെ തൊഴിലാളിവര്‍ഗ വിപ്ളവശക്തിയുടെ കേന്ദ്രബിന്ദുവാണ്. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ തീരുമാനം വന്നപ്പോള്‍ പാര്‍ടി സാമ്രാജ്യത്വ യുദ്ധം എന്നതിനു പകരം 'ജനകീയ യുദ്ധം' എന്ന മുദ്രാവാക്യം സ്വീകരിച്ചു.

ജനകീയ യുദ്ധം എന്ന മുദ്രാവാക്യം സ്വീകരിച്ച് ജ്യേഷ്ഠന്‍ പാര്‍ടിയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പ്രജാമണ്ഡലം നേതാവായിരുന്ന ആര്‍ എം മനക്കലാത്ത് അക്കാലത്ത് വീട്ടില്‍ വന്ന് ചേട്ടനോട് സംസാരിക്കുമായിരുന്നു. അപ്പോള്‍ ഞാനത് കേള്‍ക്കാന്‍ നില്‍ക്കും. ജനകീയ യുദ്ധം എന്ന മുദ്രാവാക്യം സ്വീകരിച്ച് കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അഞ്ചാം പത്തിയായി തീര്‍ന്നിരിക്കുകയാണ് എന്നതായിരുന്ന മനക്കലാത്തിന്റെ വാദം. അതുകൊണ്ട് ദേശസ്നേഹിയായ ജ്യേഷ്ഠന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അകലണം എന്നായിരുന്നു മനക്കലാത്ത് ഉപദേശിച്ചത്. ഈ വാദ പ്രതിവാദം നടന്നു കൊണ്ടിരിക്കേ ഒരു ദിവസം അന്ന് പാര്‍ട്ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായിരുന്ന പി സുബ്രമണ്യയ്യര്‍ മുറിയിലേക്ക് കടന്നുവന്നു. കാക്കി ട്രൌസറും ഷര്‍ട്ടുമാണ് അദ്ദേഹത്തിന്റെ വേഷം. അത് അന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പി സി ജോഷിയുടെ വേഷമായിരുന്നു. ഇയാള്‍ വിശന്നാണ് വരുന്നത്. ഒരു ഇളനീര്‍ കിട്ടിയാല്‍ കൊള്ളാം എന്ന് സ്വാമി പറഞ്ഞു. മനക്കലാത്ത് പറഞ്ഞു- കൊടുക്കാന്‍ പാടില്ല, അയാള്‍ അഞ്ചാംപത്തിയാണ്. കമ്യൂണിസ്റ്റാണ്. ജ്യേഷ്ഠന്‍ അത് കേട്ടുകൊണ്ടു നില്‍ക്കുകയാണ്. ജേഷ്ഠന് കൊടുക്കണമെന്നാഗ്രഹമുണ്ടായിരുന്നു. പക്ഷേ, അനങ്ങിയില്ല. എനിയ്ക്കത് ഇഷ്ടപ്പെട്ടില്ല. ഞാന്‍ അമ്മയുടെ അടുത്ത്പോയി അരയണ വാങ്ങി, സ്വാമിയെ വിളിച്ച് ഒരു ചായക്കടയില്‍ പോയി പഴം വാങ്ങിക്കൊടുത്തു. ജ്യേഷ്ഠന്‍ ജനകീയ യുദ്ധത്തില്‍നിന്ന് പിന്തിരിഞ്ഞ് വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങി. അന്ന് കോണ്‍ഗ്രസിന്റെ പൊതുയോഗങ്ങള്‍ നടത്താന്‍ പാടില്ല. നിരോധനമുണ്ട്. നിരോധനം ലംഘിച്ച് ജ്യേഷ്ഠന്‍ യോഗം നടത്തി പ്രസംഗിച്ചു. ജ്യേഷ്ഠനെ അറസ്റ്റ് ചെയ്തു, ആറുമാസത്തേക്ക് ശിക്ഷിച്ചു.

ജ്യേഷ്ഠന്‍ ജയിലില്‍ പോയതിനു ശേഷവും സുബ്രമണ്യയ്യര്‍ വീട്ടില്‍ വരുമായിരുന്നു. ഞാന്‍ സ്വാമിയുടെ കൂടെ നടക്കും. എന്റെ അയല്‍പക്കത്ത് കൊച്ചിന്‍ ഹാര്‍ബറിലെ നിരവധി തൊഴിലാളികള്‍ താമസിച്ചിരുന്നു. അവരെ കമ്യൂണിസ്റ്റാക്കി മാറ്റുവാനും യൂണിയനില്‍ ചേര്‍ക്കുവാനുമാണ് സ്വാമിഞാനും ആ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തുതുടങ്ങി.

അപ്പോള്‍ ജ്യേഷ്ഠന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോയപ്പോള്‍ സഖാവ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ സജീവമായി അല്ലെ?

അങ്ങനെയല്ല. ജ്യേഷ്ഠന്‍ മടങ്ങിവന്ന് പീപ്പിള്‍സ് വാര്‍ മുദ്രാവാക്യം അംഗീകരിച്ച് വീണ്ടും പാര്‍ടിപ്രവര്‍ത്തനം തുടങ്ങി. ജയിലില്‍ കഴിയുമ്പോള്‍ സി അച്യുതമേനോന്‍ ജയിലിലുണ്ടായിരുന്നു. അന്ന് അച്യുതമേനോന്‍ കൊച്ചിരാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറിയാണ്. അദ്ദേഹം ചേട്ടനെ പറഞ്ഞ് ബോധ്യപ്പെടുത്തി. അങ്ങനെയാണ് 1946-ല്‍ ചേട്ടനും ഞാനും ഒരുമിച്ച് പാര്‍ടി മെമ്പര്‍മാരാകുന്നത്. ഇബ്രാഹിം, റാഫേല്‍ എന്നീ ജ്യേഷ്ഠന്റെ കൂട്ടുകാരും ഞങ്ങളോടൊരുമിച്ച് മെമ്പര്‍ഷിപ്പിലേക്ക് വന്നു.

ജ്യേഷ്ഠന്‍ ആവശ്യപ്പെട്ടിട്ടും പാര്‍ടി അംഗത്വം ഉപേക്ഷിക്കാന്‍ തയ്യാറാവാതിരുന്ന ഒരു സംഭവം ഉണ്ടായിരുന്നില്ലെ. അത് ഏത് കാലത്തായിരുന്നു?

അതേയതെ. അങ്ങനെ ഒരു സംഭവമുണ്ട്. അത് പി സി ജോഷി ജനറല്‍ സെക്രട്ടറി ആയിരുന്ന കാലത്ത്. പി സി ജോഷിയുടെ ലൈന്‍ തെറ്റാണെന്നും റിവിഷനിസമാണെന്നും അത് വിപ്ളവത്തെ ചതിക്കുകയാണ് ചെയ്യുന്നതെന്നുമുള്ള ആശയം പാര്‍ടിയുടെ അകത്ത് വലിയ ചര്‍ച്ചയായി. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം പാര്‍ടി കോണ്‍ഗ്രസില്‍ വെച്ച് പി സി ജോഷിയെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. ആ ലൈന്‍ ആകെ മാറ്റി കല്‍ക്കത്താ തീസിസ് വന്നു. രണദിവെ തീസീസ് എന്നും പറയും. രണദിവെ ആയിരുന്നു ആ ആശയ പോരാട്ടത്തിന് നേതൃത്വം കൊടുത്തത്. അങ്ങനെ 48ല്‍ ഒരു പുതിയ തീസീസ് അംഗീകരിച്ചു. ആ തീസീസിന്റെ കോപ്പി കൈയില്‍ കിട്ടിയപ്പോള്‍ ജ്യേഷ്ഠനെന്നെ വിളിച്ചു, നീ വായിച്ചോ എന്നു ചോദിച്ചു. നിനക്ക് വല്ലതും മനസ്സിലായോ. ഞാനന്ന് പഠിച്ചിരുന്നത് ഇംഗ്ളീഷ് മീഡിയം സമ്പ്രദായത്തിലായിരുന്നു. അഞ്ചാം ക്ളാസ്സുമുതല്‍ എല്ലാ വിഷയവും പഠിപ്പിക്കുന്നത് ഇംഗ്ളീഷിലാണ്. ഇംഗ്ളീഷിലായിരുന്നു തീസീസ്. ജ്യേഷ്ഠനോട് ഞാന്‍ മനസ്സിലായിട്ടുണ്ടെന്ന് പറഞ്ഞു. കൊള്ളാമെന്നാണ് എന്റെ അഭിപ്രായമെന്നും പറഞ്ഞു. എന്റെ വീട്ടിനടുത്ത് പട്ടാളത്തില്‍നിന്ന് പിരിഞ്ഞുവന്ന കമ്യൂണിസ്റ്റ് ആശയഗതിക്കാരനായ ഒരാള്‍ താമസിച്ചിരുന്നു, ജോണ്‍ വിവേര. അച്ഛനറിയാതെ, അവിടെ വെച്ച് അടുത്തദിവസം സംസാരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ തീസിസ് വായിച്ചു. ജ്യേഷ്ഠന്‍ പറഞ്ഞു. നിനക്കൊരു ചുക്കും മനസ്സിലായിട്ടില്ല. ഇത് ഇവിടെ നടപ്പിലാവാന്‍ പോവുന്നില്ല. കുറേയാളുകള്‍ മരിക്കും. കമ്യൂണിസ്റ്റ് പാര്‍ടി തകരുകയും ചെയ്യും. പ്രായോഗികമല്ലിത്. ചേട്ടന് എന്നേക്കാള്‍ കൂടുതല്‍ അറിവുണ്ട്. വായിക്കുന്ന ആളാണ്. അതു വായിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ ഇനി മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്നും നീയും പുതുക്കാന്‍ പാടില്ലെന്നും പറഞ്ഞു. ഞാന്‍ പറഞ്ഞു എനിക്ക് പ്രായപൂര്‍ത്തിയായതാണ്, അതുകൊണ്ട് തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. ജ്യേഷ്ഠന്‍ പറ്റില്ലെങ്കില്‍ പോക്കോ, ഞാന്‍ തുടരും. അപ്പോള്‍ ജ്യേഷ്ഠന്‍ പറഞ്ഞു. അതുപറ്റില്ല, വലിയ കുഴപ്പമാകും, അപ്പന്‍ എന്നെയായിരിക്കും കുറ്റപ്പെടുത്തുകയെന്ന്. ചേട്ടന് അപ്പന്റെ വഴക്ക് കേള്‍ക്കാതിരിക്കാന്‍വേണ്ടി എനിക്ക് പാര്‍ടി വേണ്ടെന്ന് വെക്കാനാവില്ലെന്ന് ഞാന്‍ തീര്‍ത്ത് പറഞ്ഞു.

പാര്‍ടിയില്‍ വന്ന് വളരെ പെട്ടെന്ന് ലോക്കല്‍ സെക്രട്ടറിയാകുന്നുണ്ട്. 1949ല്‍ തന്നെ?

ലോക്കല്‍ സെക്രട്ടറിയാകുമ്പോള്‍ ഞാന്‍ ഒളിവില്‍ കഴിയുന്ന സമയമാണ്. എറണാകുളം ടൌണും ചുറ്റുപാടുള്ള പഞ്ചായത്തുകളും ചേര്‍ന്നതാണ് ഞങ്ങളുടെ ലോക്കല്‍ കമ്മിറ്റി. അന്നത്തെ ടാറ്റാ തൊഴിലാളികളുടെ തൊഴില്‍സമരത്തിന് തെറ്റായ ഉപദേശം കൊടുത്തതിന്റെ പേരില്‍ നിലവിലെ സെക്രട്ടറി കെ എ രാജനെ രണ്ടുകൊല്ലത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഈ തീരുമാനമെടുക്കാന്‍ യോഗം കൂടിയത് പനമ്പിള്ളി ഗോവിന്ദമേനോന്റെ ജൂനിയറായിരുന്ന ജാനകിയമ്മയുടെ വസതിയിലായിരുന്നു. ജാനകിയമ്മയുടെ സഹോദരന്‍ വിജയകുമാരന്‍ അന്ന് പാര്‍ടി മെമ്പറാണ്. ഇടപ്പള്ളിക്കേസില്‍ വിജയനും പ്രതിയാക്കപ്പെടുകയുണ്ടായി. ആ കെട്ടിടത്തിലായിരുന്നു സഹോദരന്‍ അയ്യപ്പന്‍ കൊച്ചിരാജ്യത്തിലെ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ താമസിച്ചിരുന്നത്. അദ്ദേഹം അവിടെനിന്ന് മാറിയശേഷം അത് ആരും ശ്രദ്ധിക്കാനില്ലാതെ ഒഴിഞ്ഞുകിടന്നു. ആ കെട്ടിടത്തിലാണ് ഞങ്ങള്‍ ഒളിവില്‍ താമസിക്കലും പാര്‍ട്ടി സാഹിത്യങ്ങള്‍ സൂക്ഷിക്കലും ഒക്കെ. അന്ന് കമ്യൂണിസ്റ്റ് സാഹിത്യങ്ങള്‍ക്കും നിരോധനമായിരുന്നു. പുസ്തകങ്ങള്‍ പറമ്പില്‍ ഒരു അറയുണ്ടാക്കി കുഴിച്ചിട്ടാണ് സൂക്ഷിക്കുന്നത്. വെള്ളം കടക്കാത്ത വിധത്തില്‍ പലകയൊക്കെ വെച്ച്. (പപ്പേട്ടനായിരുന്നു അതിന്റെ ചാര്‍ജ്. പപ്പേട്ടന്‍ തലശേരിക്കാരനാണ്. പാര്‍ടി സാഹിത്യങ്ങളുടെ അച്ചടിയും വിതരണവും പപ്പേട്ടന്റെ ഉത്തരവാദിത്തത്തിലാണ്). അവിടെവെച്ച് ഞങ്ങള്‍ യോഗം ചേര്‍ന്നു. തെക്കന്‍ കൊച്ചി ഡിവിഷന്‍ കമ്മിറ്റി സെക്രട്ടറി പി ഗംഗാധരനും യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ രാജന്റെ പേരിലുള്ള ആരോപണങ്ങളൊക്കെ പറഞ്ഞു. സസ്പെന്‍ഷന്‍ ചെയ്യാനുള്ള തീരുമാനമെടുത്തു. അപ്പോള്‍ പകരം സെക്രട്ടറി ആരാവണം എന്ന ചര്‍ച്ച വന്നു. ഉടനെ എന്റെ പേര് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ സെക്രട്ടറിയാകുന്നത്.

ഇക്കാലത്തല്ലേ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം. ഇത്തരം ഒരു സമര രീതിയോട് സഖാവിന് വിയോജിപ്പുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.എങ്ങനെയായിരുന്നു സ്റ്റേഷന്‍ ആക്രമണം?

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം നടക്കുന്നത് 1950 ഫെബ്രുവരി 28നാണ്. 1950 മാര്‍ച്ച് 9നാണ് അഖിലേന്ത്യാ റെയില്‍വേ സ്ട്രൈക്കിന് ആഹ്വാനം ചെയ്യുന്നത്. സ്ട്രൈക്കിന് ആഹ്വാനം ചെയ്തത് പാര്‍ടിയാണ്. യൂണിയനല്ല. പാര്‍ടി ജനറല്‍ സെക്രട്ടറി ബി ടി ആറിന്റെ ആഹ്വാനമായിരുന്നു. എന്തുവിലകൊടുത്തും ട്രെയിന്‍ ഓടുന്നത് തടയണം. സ്ട്രൈക്ക് വിജയിപ്പിക്കണം. ദക്ഷിണ റയില്‍വേയില്‍ നമുക്ക് സ്വാധീനമുണ്ട്. തൃശ്ശിനാപ്പള്ളിയിലും ബംഗാളിലും ബോംബെയിലും നല്ല സ്വാധീനമുണ്ട്. ഇന്ത്യയില്‍ വ്യാപകമായി സ്വാധീനമുണ്ടെന്ന് പറയാന്‍ കഴിയില്ല. ഒരു അഖിലേന്ത്യാ സ്ട്രൈക്കിന് ആഹ്വാനം ചെയ്ത് കഴിഞ്ഞാല്‍ യൂണിയന്റെ പ്രവര്‍ത്തനംകൊണ്ട് മാത്രം അത് വിജയിക്കില്ല. അതിന് പാര്‍ടിയുടെ മുഴുവന്‍ ശക്തിയും ഉപയോഗിക്കണം. തൊഴിലാളിയെ പണിമുടക്കാന്‍ പ്രേരിപ്പിക്കണം. പണിമുടക്കിയില്ലെങ്കിലും വണ്ടി ഓടാന്‍ പാടില്ല. റെയില് പൊളിക്കുക, വണ്ടി മറിക്കുക എന്നിവയായിരുന്നു റെയില്‍വേ പിക്കറ്റ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍. ഇതിനെപ്പറ്റി ആലോചിയ്ക്കാന്‍ വേണ്ടി ഇടപ്പള്ളി പോണേക്കരയില്‍, ഇപ്പോള്‍ അമൃതാ ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്നപ്രദേശത്ത് ഒരു യോഗം വിളിച്ചു. അന്ന് ഞങ്ങള്‍ക്ക് അവിടെയൊന്നും പരിചയമില്ല. അതൊക്കെ തിരുവിതാംകൂറിന്റെ ഭാഗമാണ്. ഞങ്ങള്‍ കൊച്ചിക്കാരാണ്. കെ സി മാത്യുവായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്. ഞങ്ങള്‍ ഒരു പത്തുപതിനഞ്ച് പേര്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെത്തി. ചായയൊക്കെ കഴിച്ചപ്പോ വണ്ടിക്ക് ടിക്കറ്റെടുക്കാന്‍ കാശില്ല. ഇടപ്പള്ളിയിലേക്ക് കള്ളവണ്ടി കയറി. സ്റ്റേഷനിലെത്തിയപ്പോള്‍ വടക്ക് വശത്തുകൂടെ ഇറങ്ങി പുറത്തേക്ക് കടന്നു. അവിടെ ഒരാള് വന്ന് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.

യോഗസ്ഥലത്തെത്തുമ്പോള്‍ കെ സി മാത്യുവും കുറേപേരും കൂടി സംസാരിച്ചുകൊണ്ടിരിക്കുന്നു. അവിടെയെത്തിയപ്പോള്‍ ഞങ്ങളോട് മാത്യു പറഞ്ഞു. ഇന്ന് നമ്മുടെ രണ്ട് സഖാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലാണവര്‍. അതിലൊരാളെ പൊലീസ് മര്‍ദിച്ച് കൊന്നെന്നാണ് കേള്‍ക്കുന്നത്. നമുക്കാ ജീവിച്ചിരിക്കുന്ന സഖാവിനെയെങ്കിലും മോചിപ്പിക്കണം. ഞങ്ങളാകെ ഒരു പതിനെട്ടോളം പേരുണ്ടാകും. ഇങ്ങനെ ഒരു നിര്‍ദേശം മാത്യൂ വച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് അത് വലിയ വിഡ്ഢിത്തരമാണെന്നാണ്. ഞാന്‍ വിശ്വനെ(വിശ്വനാഥമേനോന്‍) പതുക്കെ അവിടെനിന്ന് മാറ്റി നിര്‍ത്തിയിട്ട് പറഞ്ഞു; സ്റ്റേഷന്‍ നമുക്ക് പരിചയമില്ല. എത്ര പൊലീസുകാരുണ്ടെന്നോ, എത്ര തോക്കുണ്ടെന്നോ നമുക്കറിയില്ല. അവിടേക്ക് പോവേണ്ട വഴിപോലുമറിയില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ ഈ തീരുമാനം വലിയ അബദ്ധമാകുമെന്നാണ് എനിക്ക് തോന്നുന്നത്.

ഞങ്ങളുടെ കൈയില്‍ ആകെയുള്ള ആയുധം കെ സി മാത്യു ഞങ്ങള്‍ എത്തുന്നതിന് മുമ്പേ തന്നെ സംഘടിപ്പിച്ച തുണിചുറ്റികെട്ടിയുണ്ടാക്കിയ രണ്ട്മൂന്ന് പടക്കവും, നാല് വാക്കത്തികളും കുറച്ച് മുളവടികളും മറ്റുമായിരുന്നു. വിശ്വത്തിനും എന്റെ അഭിപ്രായം തന്നെയായിരുന്നു. ഞങ്ങളുടെ ആശങ്കകള്‍ വിശ്വം യോഗത്തില്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തടഞ്ഞു. ഇപ്പോള്‍ ഇത് പറഞ്ഞാല്‍ ഭീരുത്വംകൊണ്ട് പറഞ്ഞതാണെന്ന് തോന്നും. ഏതായാലും എന്തിനും തെയ്യാറായി വന്നതല്ലേ. നമുക്ക് നോക്കാം. അങ്ങനെയാണ് സ്റ്റേഷന്‍ ആക്രമിക്കാന്‍ പോവുന്നത്. കെ സി മാത്യുവായിരുന്നു ലീഡര്‍. പതിനേഴ് പേര്‍ വെളുപ്പാന്‍ കാലത്ത് രണ്ടുമണിക്ക് ജാഥയായിട്ടാണ് പോവുന്നത്. കെ സി മാത്യു അറ്റാക്ക് എന്നു പറഞ്ഞാല്‍ പാഞ്ഞ് സ്റ്റേഷനില്‍ കയറണം. റിട്രീറ്റ് എന്നു പറഞ്ഞാല്‍ അതുപോലെതന്നെ പുറത്തേക്ക് മടങ്ങിപ്പോരണം.

അവിടെ എത്തിയപ്പോള്‍, സ്റ്റേഷന്റെ മുന്നില്‍ ലൈറ്റുണ്ട്. മാത്യു അറ്റാക്ക് പറഞ്ഞു. ഞങ്ങളെല്ലാവരും പാഞ്ഞ് സ്റ്റേഷനിലേക്ക് കയറി. അവിടത്തെ കാവല്‍ക്കാരനായ പൊലീസുകാരന്‍ ബൈനറ്റ് ഘടിപ്പിച്ച തോക്കുകൊണ്ട് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരാളെ കുത്തി. പക്ഷേ, നേരെ കൊണ്ടില്ല. രണ്ടാമത് അയാള് കുത്താന്‍ പോയപ്പോള്‍ കെ സി മാത്യു കയറിപ്പിടിച്ചു. മാത്യുവിന്റെ കൈ കുറച്ച് മുറിഞ്ഞു. അതോടെ ആരോ കാവല്‍ക്കാരനെ അടിച്ചിട്ടു. അതു കഴിഞ്ഞിട്ട് അകത്ത് കയറിയപ്പോള്‍ പൊലീസുകാരില്‍ പലരും ഓടി രക്ഷപ്പെട്ടു. ചിലര്‍ക്ക് അടിയൊക്കെ കൊണ്ടിട്ടുണ്ട്. വേലായുധന്‍ എന്ന ഒരു പൊലീസുകാരനുണ്ടായിരുന്നു. അയാള് സിഐഡിയാണ്. വളരെ ജനദ്രോഹിയായ പൊലീസുകാരന്‍. ഖദര്‍ ജുബ്ബയൊക്കെയിട്ട് സിഐഡിയായി നടന്ന് ആളുകളെ കമ്യൂണിസ്റ്റാണെന്ന് പറഞ്ഞ് കേസില്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കാശുവാങ്ങുന്ന ആളാണ്. ഇയാളും അടികൊണ്ട് വീണു. ഇവര്‍ രണ്ടുപേരും മരിച്ചുപോയി. സ്റ്റേഷന്‍ ആക്രമണം പതിനഞ്ച് മിനിറ്റെടുത്തു. ലോക്കപ്പില്‍ അവര് രണ്ടുപേരുമുണ്ട്. ആരും മരിച്ചിട്ടില്ല. ലോക്കപ്പ് തുറക്കാന്‍ താക്കോല് നോക്കിയിട്ട് കിട്ടിയില്ല. ചാഞ്ചന്‍ എന്നൊരു സഖാവുണ്ട്. നല്ല കരുത്തനാണ്. ഇരുമ്പുപോലുള്ള കൈയായിരുന്നു. അവിടെയുണ്ടായിരുന്ന തോക്കെടുത്ത് അയാള്‍ തോക്കിന്റെ പാത്തികൊണ്ട് ലോക്കപ്പിന്റെ അഴീമ്മല്‍ ഇടിക്കാന്‍ തുടങ്ങി. ഭയങ്കര ശബ്ദമാണ്. ആദ്യം ഈ ശബ്ദംകേട്ടിട്ട് ചുറ്റുപാടുള്ള വീട്ടുകാരൊക്കെ ലൈറ്റിട്ടു നോക്കി. പിന്നെ എന്തോ കുഴപ്പമാണെന്ന് മനസ്സിലാക്കി എല്ലാവരും ലൈറ്റ് ഓഫ് ചെയ്തു. ഫോണൊക്കെ ഞങ്ങള്‍ തുടക്കത്തിലേ കട്ടു ചെയ്തിട്ടുണ്ട്. വയര്‍ലസ് സംവിധാനമൊന്നും അന്നുണ്ടായിരുന്നില്ല. എന്നാലും ഏങ്ങനെയെങ്കിലും അറിഞ്ഞ് മറ്റു പൊലീസുകാര്‍ വരുമെന്ന് കരുതി പതിനഞ്ച് മിനുറ്റുകള്‍ക്കകം ഞങ്ങള്‍ പിന്‍മാറി. അറസ്റ്റു ചെയ്യപ്പെട്ട് ലോക്കപ്പില്‍ കിടന്നിരുന്നത് എന്‍.കെ മാധവും വര്‍ദുകുട്ടിയുമായിരുന്നു. കൊടിയ മര്‍ദ്ദനത്തിനു മുമ്പിലും ധീരമായി ചെറുത്തുനിന്ന സഖാവായിരുന്നു എന്‍.കെ മാധവന്‍. വര്‍ദുകുട്ടി പിന്നീട് കേസില്‍ മാപ്പുസാക്ഷിയായി.

ലോക്കപ്പിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയോ?

ഇല്ല. ലോക്കപ്പ് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇരുമ്പഴികള്‍ പൊളിക്കാനായില്ല. പിന്നീട് ഞങ്ങളെ അറസ്റ്റ് ചെയ്ത് അവിടെകൊണ്ടുപോയപ്പോഴാണ് ആ ഡോറില്‍ അടിക്കുന്നതിന് പകരം ചുമരിലടിച്ചിരുന്നെങ്കില്‍ അത് എളുപ്പത്തില്‍ പൊളിയുമായിരുന്നെന്ന് മനസ്സിലായത്. ആ ചിന്ത അപ്പോ പോയില്ല.

പിന്നീടെപ്പോഴാണ് പൊലീസ് പിടിയിലാകുന്നത്?

പയ്യപ്പള്ളി ബാലന്‍, കെ രാജന്‍ തുടങ്ങിയ സഖാക്കളെയാണ് സ്റ്റേഷന്‍ ആക്രമണത്തിന്റെ പേരില്‍ ആദ്യം അറസ്റ്റ് ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ഇവര്‍ രണ്ടുപേരും സ്റ്റേഷന്‍ ആക്രമണം അറിഞ്ഞിട്ടുപോലുമില്ലായിരുന്നു. അവരെ പൊലീസ് ഭീകരമായി മര്‍ദിച്ചു. ഒരു മാസത്തിനകംതന്നെ ഞങ്ങളെയും അറസ്റ്റ് ചെയ്തു. കെ സി മാത്യുവിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. അതിന്റെ പിന്നിലൊരു കഥയുണ്ട്. അറ്റാക്ക് കഴിഞ്ഞ് കുറേ നാളത്തേക്ക് കെ സി മാത്യു ഉള്‍പ്പെടെയുള്ള സഖാക്കളുമായി ബന്ധം വിട്ടുപോയിരുന്നു. ഞാന്‍ ബോംബെയിലേക്ക് ഒളിവില്‍പോകാന്‍ തീരുമാനിച്ചു. വീട്ടില്‍നിന്ന് കുറേ കാശൊക്കെ സംഘടിപ്പിച്ചുവച്ചിരുന്നു, വേറെ മാര്‍ഗമൊന്നുമില്ല. അപ്പോള്‍ കെ സി മാത്യുവിനെ വീണ്ടും ബന്ധപ്പെടാനിടയായി. ഇവിടെത്തന്നെ ഒളിസങ്കേതം നോക്കാമെന്ന് മാത്യൂ പറഞ്ഞു. മാത്യുവിന്റെ അമ്മയുടെ ഒരു വീടുണ്ട് കോഴഞ്ചേരിയില്‍. അവിടെ നില്‍ക്കാമെന്ന് ധാരണയായി. മറ്റു ഷെല്‍ട്ടര്‍ കിട്ടിയില്ലെങ്കില്‍ മാത്യുവും വരാമെന്ന് പറഞ്ഞു. ഇല്ലെങ്കില്‍ അപ്പോള്‍ മാത്യുവിന്റെ കൂടെയുണ്ടായിരുന്ന ആളുടെ കൈവശം വീട്ടിലേക്കുള്ള വഴി അടങ്ങിയ കത്തുകൊടുത്തയക്കാമെന്നും പറഞ്ഞു. രണ്ടുദിവസം കൂടി കാത്തിരിക്കാനും പറഞ്ഞു. എറണാകുളത്ത് ഒളിസങ്കേതമില്ലാത്തതുകൊണ്ട് ആ ദിവസങ്ങളില്‍ രാത്രിയില്‍ ഞാന്‍ മഹാരാജാസ് കോളേജിന്റെ ഹോസ്റ്റലില്‍ കയറി കിടക്കും. വെക്കേഷനായതുകൊണ്ട് വിദ്യാര്‍ഥികള്‍ നാട്ടില്‍ പോയ സമയമാണ്. അവിടെ താമസിക്കുന്ന എന്റെ ചില സുഹൃത്തുക്കളുടെ മുറിയുടെ താക്കോല്‍ എന്റെ കൈയിലുണ്ടായിരുന്നു. വാച്ച്മേന്‍ കാണാതെ രാത്രി അകത്ത് കടക്കും. വെളുപ്പാന്‍ കാലത്ത് തന്നെ ബോട്ട് കയറി മട്ടാഞ്ചേരിയില്‍ പോയി മത്സ്യത്തൊഴിലാളികളുടെ കൂടെ നടക്കും.

ഭക്ഷണമൊന്നുമില്ല. വീട്ടില്‍പോകാനും കഴിയില്ല. അവിടെയൊക്കെ പൊലീസ് കാവലുണ്ട്. രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ മാത്യു പറഞ്ഞ സ്ഥലത്തേക്ക് ചെന്നു. ലോ കോളജ് ഹോസ്റ്റലിന് സമീപമായിരുന്നു ഞങ്ങള്‍ കാണാമെന്നു പറഞ്ഞത്. വഴിയില്‍ നല്ല ഉയരവും ആരോഗ്യവുമുള്ള സാധാരണ അവിടങ്ങളില്‍ കാണാറില്ലാത്ത ചിലരെ കണ്ടപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് തോന്നി. ഞാന്‍ വേഗം തിരിച്ചു നടന്നു. തിരിച്ചു നടന്ന് റോഡില്‍ കയറുമ്പോള്‍ മാത്യു പറഞ്ഞ ആള്‍ വരുന്നു. അയാളുടെ മുഖം ആകെ കരുവാളിച്ച് മുടിയൊക്കെ പാറിപ്പറന്നിരിക്കുകയായിരുന്നു, കണ്ടപ്പോഴേ എനിക്കെന്തോ സംശയം തോന്നി. ഞാന്‍ വേഗം പോവാന്‍ നോക്കിയപ്പോള്‍ അയാള്‍ ഒരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞ് എന്നെ അവിടെ നിര്‍ത്തി. അയാളുമായി സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഇരുഭാഗത്തുനിന്നും മഫ്ടിയിലെത്തിയ പൊലീസിന്റെ പിടിവീണു. ഷര്‍ട്ടിലും മുടിയിലും ഒക്കെയായിട്ടാണ് പിടി. എന്താ നിങ്ങള് ചെയ്യുന്നതെന്ന് ചോദിച്ച് ഞാന്‍ ബഹളംകൂട്ടി. നീ കെ സി മാത്യു അല്ലേടാ എന്നവര്‍ ചോദിച്ചു. ഞാന്‍ മാത്യു അല്ല ഗോപിയാണെന്ന് പറഞ്ഞു. അങ്ങനെ തര്‍ക്കിച്ചു നില്‍ക്കുമ്പോള്‍ സ്ഥിരം പ്രസംഗം കേള്‍ക്കാനൊക്കെ മഫ്ടിയില്‍ വരുന്ന സി ഐ ഡി വര്‍ഗീസ് എത്തി എന്നെ തിരിച്ചറിഞ്ഞു. കെ സി മാത്യു എന്റെയടുത്തേക്ക് പറഞ്ഞയച്ചയാളെ ഒരാഴ്ചമുമ്പ് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അവന് കുറെ പണം കൊടുത്ത് ട്രെയ്സ് ചെയ്താണ് ഞങ്ങളെ പിടിക്കുന്നത്.

എന്നെ ആദ്യം റിസര്‍വ് ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. ഒരു മന്നാഡിയാരാണ് എസ്.പി. അദ്ദേഹം അവിടെ ഞങ്ങളെ കിട്ടിയിട്ടേ സിഗരറ്റ് വലിക്കൂ എന്ന് പറഞ്ഞ് ക്യാമ്പില്‍ കാത്തിരിക്കുകയാണ്. എന്നെ അവിടെയെത്തിച്ചപ്പോള്‍ അയാള്‍ ഉടനെ സിഗരറ്റ് കത്തിച്ച് വലിക്കാന്‍ തുടങ്ങി. പൊലീസുകാര്‍ എനിക്ക് ചുറ്റും അടിക്കാനായി വട്ടം കൂടിയപ്പോള്‍ തൊട്ടുപോവരുതെന്ന് നിര്‍ദേശം കൊടുത്തു. ഞാന്‍ പോലീസുകാരോട് ഒരു ബീഡി വലിച്ചാല്‍ കൊള്ളാമെന്നു പറഞ്ഞു. അയാള് തന്നു. ഞാനവിടെ ഇരുന്ന് വലിച്ചു. അവസാനത്തെ വലിയാണെന്നു കരുതിയാണ് വലിക്കുന്നത്.

ഒരു അഞ്ച് മിനിറ്റിനകം കെ സി മാത്യുവിനെയും രാമവര്‍മ്മയെയും അവിടെ കൊണ്ടുവന്നു. അന്ന് എറണാകുളം റേഡിയോ കമ്പനിയില്‍ എഞ്ചിനീയറായിരുന്ന വര്‍മ്മ പാര്‍ടി മെമ്പറായിരുന്നു. ഞങ്ങളെ മൂന്ന് പേരേയുംകൂടി വിലങ്ങ്വെച്ചു. കൂട്ടത്തില്‍ ഇളയത് ഞാനാണെങ്കിലും വലുപ്പം കൂടുതല്‍ എനിക്കായിരുന്നു. എന്നെ നടുക്ക് നിര്‍ത്തി എന്റെ ഇടത്തേ കൈ വര്‍മയുടെ വലത്തേകയ്യിലും വലത്തേ കൈ മാത്യുവിന്റെ ഇടത്തെ കയ്യിലുമായി വിലങ്ങുവെച്ചു. എറണാകുളം ഷണ്‍മുഖം റോഡിലൂടെ തെക്കോട്ട് കൊണ്ടുപോയി ബ്രോഡ്‌വേയിലൂടെ നടത്തിയാണ് സബ് ജയിലേക്ക് കൊണ്ടുപോകുന്നത്. റോഡിന്റെ ഇരുവശത്തുമുള്ള കടകളൊന്നും അടച്ചിട്ടില്ല. മുന്നിലും പിന്നിലുമായി പൊലീസുകാര്‍ അടിച്ചും ഇടിച്ചുമാണ് കൊണ്ടുപോകുന്നത്. സബ് ജയിലിലെത്തുന്നതിന് മുമ്പ് ഒരു പൊലീസ് ക്വാര്‍ട്ടേഴ്സ് ഉണ്ട്. അവിടെത്തെ സ്ത്രീകളെയെല്ലാം വിളിച്ചിറക്കി അവരുടെ മുന്നില്‍ വെച്ച് വട്ടംകൂടിനിന്ന് മര്‍ദിച്ചു. അതും കഴിഞ്ഞാണ് സബ് ജയിലിലേക്ക് കൊണ്ടുപോയത്. സ്റ്റേഷനിലേക്ക് കയറിയ ഉടനെ തന്നെ അവിടെ ബാല ഗംഗാധരമേനോന്‍ എന്നൊരു ഡവിഷന്‍ ഇന്‍സ്പക്റ്റര്‍ ഉണ്ടായിരുന്നു. അയാള്‍ എന്റെ രണ്ട്ചെവി കൂട്ടി കരണത്തൊരടി. പിന്നെ കുറേ ചീത്ത വിളിച്ചു. എന്റെ അമ്മയെ കുറേ ആക്ഷേപിച്ചു. അതെന്റെ മനസ്സില്‍നിന്നൊരിക്കലും പോകാതെ കോറിക്കിടക്കുന്നുണ്ട്. അതിനുശേഷം ഞങ്ങളെ പൂര്‍ണനഗ്നരാക്കിയാട്ടാണ് മര്‍ദനം. എന്നെ ഒരിടത്തിട്ട് തല്ലാന്‍ തുടങ്ങി. വേറൊരിടത്ത് മറ്റുള്ളവരേയും തല്ലുന്നുണ്ട്. അവരെ തല്ലുന്നത് ഞാന്‍ കാണുന്നില്ല; ശബ്ദം കേള്‍ക്കുന്നുണ്ട്. കുറേ അടിച്ചശേഷം എന്നോട് ചുമര് ചാരിയിരിക്കാന്‍ പറഞ്ഞു. കാല് നീട്ടാന്‍ പറഞ്ഞു. കാല് നീട്ടിയപ്പോള്‍ രണ്ട് കാലും കൂട്ടിക്കെട്ടി ഉള്ളങ്കാലില്‍ ചൂരലുകൊണ്ട് അടിക്കാന്‍ തുടങ്ങി. എത്ര അടിച്ചു എന്നൊന്നും ഓര്‍മയില്ല. അപ്പോഴേക്കും ബോധം പോയിക്കഴിഞ്ഞിരുന്നു. ഇടയ്ക്ക് ബോധം വന്നപ്പോള്‍ വെള്ളം ചോദിച്ചു. അപ്പോള്‍ ഒരാള്‍ പോയി ഒരുബക്കറ്റ് കൊണ്ടുവന്ന് എന്റെ വായയിലേക്ക് ഒഴിച്ചു. അത് മൂത്രമായിരുന്നു. എനിക്ക് നല്ല പരവശമുണ്ടായിരുന്നു. മരണവെപ്രാളം എന്നൊക്കെ പറയില്ലെ അതുപോലെത്തൊരവസ്ഥയിലായിരുന്നു. ഞാനത് കുറേ കുടിച്ചു പോയിട്ടുണ്ട്.... ആ മര്‍ദനം കുറേ നേരം തുടര്‍ന്നു. പിന്നെ എപ്പോഴാണെന്നോര്‍മ്മയില്ല, ലോക്കപ്പിലിട്ടു. ലോക്കപ്പിലേക്ക് എടുത്തെറിയുകയായിരുന്നു. അപ്പോഴും ഒന്നും ഉടുക്കാന്‍ തന്നിട്ടില്ല. പൂര്‍ണനഗ്നനാണ്. നല്ല തണുപ്പുള്ള സിമന്റ് തറയാണ്. എനിക്ക് എഴുന്നേല്‍ക്കാനൊന്നും വയ്യ. അപ്പോഴൊരാള് ലോക്കപ്പിന്റെ വാതിലിക്കല്‍ വന്ന് എന്റെ പേര് വിളിച്ചു. നല്ല ഇരുട്ടാണ്. ആളുടെ മുഖം കാണുന്നില്ല. അയാള്‍ പറഞ്ഞു. ലോറന്‍സേ... എങ്ങിനെയെങ്കിലും എഴുന്നേല്‍ക്കാന്‍ നോക്ക്. നിലത്ത് കിടന്നാല്‍ പിന്നെ എഴുന്നേക്കില്ല. അതോടെ അവസാനിക്കും. അതുകൊണ്ട് ചുമരില്‍ താങ്ങിപ്പിടിച്ച് എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടന്ന് നോക്ക്.....അത് പറഞ്ഞ് അയാളുപോയി. അതാരായിരുന്നുവെന്ന് എനിക്ക് ഇപ്പോഴുമറിയില്ല. ഒരുപക്ഷേ ഏതെങ്കിലും പൊലീസുകാരന്‍തന്നെ ആയിരിക്കും.

പിറ്റേന്ന് രാവിലെ വിളിച്ചുണര്‍ത്തി വെളിക്കിരുത്താന്‍ കൊണ്ടുപോയി. ലോക്കപ്പിന്റ അടുത്ത് നിന്ന് കുറച്ച് ദൂരെയാണ് കക്കൂസ്. എനിക്ക് നടക്കാനൊന്നും വയ്യ. അപ്പോള്‍ ഇടിവീണ്ടും തുടങ്ങി. ഇടിയും ചവിട്ടുമൊക്കെയുണ്ട്. അതിന് ശേഷം ആരോ ഉടുത്ത് മുഷിഞ്ഞൊരു ടര്‍ക്കി ടവ്വല്‍ തന്നു. എന്റെ മുട്ടിന് വരെ വരുന്ന ഒരു ടവ്വല്‍. അതുടുത്തു. പിന്നെ കെ സി മാത്യുവിനെയും എന്നെയും ഒരു വാനില്‍ കയറ്റി തോക്കെടുപ്പിക്കാനാണെന്ന് പറഞ്ഞ് കൊണ്ടുപോയി. തോക്ക് എവിടെയാണെന്നൊക്കെ അവര്‍ നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. തോക്കുപേക്ഷിച്ച ആ കുളത്തിന്റെയടുത്ത് ഞങ്ങളെ കൊണ്ടുപോയി. അവര്‍തന്നെ അതെടുത്ത് ഞങ്ങള്‍ എടുത്ത് കൊടുത്തതാണെന്ന് രേഖയുണ്ടാക്കി. അത് കഴിഞ്ഞ് ആ പ്രദേശത്ത് കൂടി കുറേ നേരം നടത്തി. അപ്പോഴൊക്കെ അടി തുടര്‍ന്നുകൊണ്ടിരുന്നു. പിന്നെ വണ്ടിയില്‍ കയറ്റി ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് ഇന്‍സ്പെക്റ്റര്‍ പറഞ്ഞു. ഭക്ഷണം വാങ്ങി കൊട്ക്ക്. ചിക്കന്‍ തന്നെയായിക്കോട്ടെ. അവസാനത്തെ ഭക്ഷണമല്ലെ. അങ്ങത്തന്നെയായിരുന്നു ഞാനും കരുതിയത്.

പിന്നെ റിമാന്‍ഡ് ചെയ്യാന്‍ വേണ്ടി മജിസ്റ്റ്രേട്ടിന്റെ അടുത്ത്കൊണ്ട് പോയി. റിമാന്‍ഡ് ചെയ്തു. പിന്നീട് ആലുവ സബ്ജയിലിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് എല്ലാ ദിവസവും മര്‍ദനമാണ്. പൊലീസുകാര്‍ മാറിമാറി വന്നിടിക്കും. ചുറ്റും കൂടി നിന്ന് ഇടിയും ചവിട്ടും ഒക്കെ നടക്കും. പുലയസമുദായത്തില്‍ പെട്ട ഒരു പൊലീസുകാരനുണ്ടായിരുന്നു. അയാള്‍ ഞങ്ങളെ ഇടിക്കാനൊന്നും വരാതെ മാറിനില്‍ക്കും. ഒരു ദിവസം മറ്റു പൊലീസുകാര്‍ അയാളെ ഇളക്കി പറഞ്ഞു; ഓ തമ്പുരാക്കന്മാരല്ലെ അതുകൊണ്ടായിരിക്കും അടിക്കാത്തത്. അതിന് ശേഷം അയാളും അടിക്കാന്‍ തുടങ്ങി. ഇടപ്പള്ളി കേസിന്റെ ഭാഗമായി ഇരുപത്തിരണ്ടു മാസം വിചാരണ തടവുകാരനായിട്ട് ജയിലില്‍ കിടന്നു.

പിന്നീട് എങ്ങനെയാണ് കേസില്‍ നിന്ന് വിട്ടുപോരുന്നത്. ഇടപ്പള്ളി ആക്രമണം അനാവശ്യമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടൊ?

അങ്ങനെ പറയാന്‍ പറ്റില്ല. അന്നത്തെ സാഹചര്യം നാം മനസ്സിലാക്കണം. വ്യാപകമായ മര്‍ദനം പാര്‍ടിക്കെതിരെ നടക്കുന്ന കാലമായിരുന്നു അത്. നിരവധി പാര്‍ടി സഖാക്കളെ ഒരു കാരണവുമില്ലാതെ പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിട്ട് തല്ലിച്ചതക്കുക. വീട്ടില്‍ കയറി മര്‍ദിക്കുക. അത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും നടന്നിട്ടുണ്ട്. വടക്കെ മലബാറില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന കൊടിയ മര്‍ദ്ദനങ്ങളൊന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ പാര്‍ട്ടി കത്തുകളിലൂടെ എം എസ് പി നടത്തുന്ന നരവേട്ടയുടേയും ഫാസിസ്റ്റ് മര്‍ദ്ദനത്തിന്റേയും വിവരങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രചരിച്ചിരുന്നു. മട്ടാഞ്ചേരിയില്‍ സ്റ്റുഡന്‍സ് ഫെഡറേഷന്റെ പ്രവര്‍ത്തകനായിരുന്ന ശ്രീനിവാസനെ വീട്ടില്‍ കയറി അമ്മാവന്റെ മുന്നില്‍വെച്ചാണ് ക്രൂരമായി മര്‍ദിച്ചത്. ഇതൊക്കെ ഞങ്ങള്‍ അറിയുന്നുണ്ട്. അതൊക്കെ ഞങ്ങളില്‍ ഭയമല്ല വലിയ രോഷവും പകയുമാണുണ്ടാക്കിയത്. അങ്ങനെയൊരു പശ്ചാത്തലം കൂടി സ്റ്റേഷനാക്രമിക്കാനുള്ള പ്രചോദനമായിട്ടുണ്ട്. ഇടപ്പള്ളിയില്‍ തന്നെ ഇടപ്പള്ളി അച്ചുകുട്ടി എന്ന പ്രമാണിയായൊരാളുണ്ടായിരുന്നു. അയാളായിരുന്നു പൊലീസ് സ്റ്റേഷന്‍ ഭരിച്ചിരുന്നത്. നാട്ടിലെ നിരവധി പാവപ്പെട്ടവരുടെ ഭൂമി അയാള്‍ സ്വന്തമാക്കിട്ടുണ്ട്. പൊലീസുകാര്‍ക്കൊക്കെ അയാളുടെ വക ശമ്പളമുണ്ടായിരുന്നു. അയാള്‍ക്ക് വിരോധമുള്ള അളുകളെയൊക്കെ കമ്യൂണിസ്റ്റാണെന്നും പറഞ്ഞ് ലോക്കപ്പിലിട്ട് മര്‍ദിക്കും. അയാളുടെ നിര്‍ദ്ദേശപ്രകാരം നിരപരാധികളായ കുറേയാളുകളെ ഇടപ്പള്ളി കേസിലും പ്രതിയാക്കിട്ടുണ്ട്. നിരപരാധികളായ അവരില്‍ പലരും ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.

സ്റ്റേഷനാക്രമണം നേരിട്ട് കണ്ടയാരും തന്നെയുണ്ടായിരുന്നില്ല. എല്ലാം കള്ള സാക്ഷികളായിരുന്നു. അതുകൊണ്ടുതന്നെ കേസിന്റെ വിധിവന്നപ്പോള്‍ യഥാര്‍ഥ പ്രതികളായിരുന്നില്ല നിരപരാധികളായിരുന്നു കൂടുതല്‍ ശിക്ഷിക്കപ്പെട്ടത്. അന്ന് കിട്ടാവുന്ന ഏറ്റവുംവലിയ വക്കീല്‍മാരാണ് ഞങ്ങള്‍ക്ക് വേണ്ടി കേസ് വാദിച്ചത്. കെ ജി കുഞ്ഞിക്യഷ്ണപിളള -അദ്ദേഹം അഡ്വക്കറ്റ് ജനറലൊക്കെയായിരുന്നയാളാണ്. കെ ടി തോമസ്, എം ഭാസ്കരമേനോന്‍, ജി ഭാസ്കരമേനോന്‍ തുടങ്ങിയ പ്രമുഖരായ ക്രിമിനല്‍ വക്കീല്‍മാര്‍ ഞങ്ങള്‍ക്കുവേണ്ടി വാദിക്കാനുണ്ടായിരുന്നു. ടി സി എം മേനോന്‍. എനിക്കുവേണ്ടി വാദിച്ചത് അദ്ദേഹമാണ്. കെ സി മാത്യവും ഞാനും കൂടി ഒരുമിച്ച് തോക്ക് കണ്ടെടുത്തുവെന്നും ഒരുമിച്ച് കുറ്റം സമ്മതിച്ചുവെന്നുമാണ് പൊലീസ് രേഖപ്പെടുത്തിട്ടുള്ളത്. ഇങ്ങനെ തൊണ്ടിസാധനം എടുക്കുമ്പോള്‍ രണ്ട് പ്രതികള്‍ ഉണ്ടെങ്കില്‍ അവര്‍ ഒന്നിച്ച് സമ്മതിച്ചുവെന്നത് സ്വീകരിക്കാന്‍ പാടില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഒരു ജഡ്ജിമെന്റ് ഉണ്ടായിരുന്നു. ആ ജഡ്ജിമെന്റ കൂടി ക്വോട്ട് ചെയ്താണ് അദ്ദേഹം ഞങ്ങള്‍ക്കുവേണ്ടി വാദിച്ചത്. അങ്ങയാണ് ഞാന്‍ കേസില്‍ നിന്ന് വിട്ടുപോരുന്നത്. ജയിലില്‍ നിന്ന് വിട്ടുവന്ന ഞങ്ങള്‍ക്ക് സ്വീകരണം നല്‍കിയ യോഗത്തില്‍ സ. ഇ എം എസും ഉണ്ടായിരുന്നു.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പഥികരില്‍ ഒരാളാണ് എം എം ലോറന്‍സ്. ത്യാഗപൂര്‍ണ്ണമായ ഒരു ജീവിതമായിരുന്നു ലോറന്‍സിന്റേത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണകേസില്‍ പ്രതിയാക്കപ്പെട്ട് 1950ല്‍ ഭീകരമായ പൊലീസ് മര്‍ദ്ദനത്തിനിരയായ ലോറന്‍സ് 22 മാസം വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞു. പിന്നീട് 1964ല്‍ ചൈനീസ് ചാരന്മാരാണെന്നാരോപിച്ച് സി പി ഐ എം നേതാക്കളെ ഒന്നടങ്കം തുറങ്കിലടച്ച ഘട്ടത്തില്‍ 16 മാസവും അടിയന്തരാവസ്ഥയില്‍ 17 മാസവും ജയിലിലായിരുന്നു. മുന്നും നാലും മാസമായും രണ്ടോ മൂന്നോ ആഴ്ചയായും പലതവണ ജയിലില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്.

മാടമാക്കല്‍ എം എ മാത്യുവിന്റെയും മറിയത്തിന്റേ(മേരി)യും പന്ത്രണ്ട് മക്കളില്‍ ആറാമനായാണ് ലോറന്‍സ് ജനിച്ചത്. യുക്തിവാദിയും മികച്ച വായനക്കാരനുമായിരുന്നു അച്ഛന്‍. കത്തോലിക്കാ സഭയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന സെന്റ് ആല്‍ബര്‍ട്സ് സ്കൂളില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനായി സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായി. വൈകാതെ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനമാരംഭിച്ചു. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1978ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 1985ല്‍ കേന്ദ്രകമ്മിറ്റിയിലെത്തി. ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം.

ലോറന്‍സിന്റെ സംഭവ ബഹുലമായ ജീവിതത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് ഈ അഭിമുഖം.