Friday, October 15, 2010

തിരഞ്ഞെടുപ്പും അനിവാര്യമായ പരിഷ്‌കാരങ്ങളും

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം, പണംപറ്റി വാര്‍ത്ത നല്‍കല്‍, തിരഞ്ഞെടുപ്പിലെ പണാധിപത്യം, രാഷ്‌ട്രീയത്തിന്റെ ക്രിമിനല്‍വല്‍ക്കരണം എന്നീ നാലു പ്രധാന വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ദേശീയ പാര്‍ട്ടികളുടെയും സംസ്ഥാന തലത്തിലുള്ള പാര്‍ട്ടികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സി പി ഐയെ പ്രതിനിധീകരിച്ച് ഞാനാണ് യോഗത്തില്‍ പങ്കെടുത്തത്.

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന പരാതികളെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ കുറ്റമറ്റതാക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗത്തില്‍ അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങളുടെ ഘടനയും നിര്‍മാണവും കൃത്രിമങ്ങള്‍ നടത്താന്‍ പഴുതുകളില്ലാത്തതാണെന്നാണ് കമ്മിഷന്റെ നിലപാട്. വോട്ടിംഗ് യന്ത്രത്തിന്റെ സീലുകള്‍ കുറ്റമറ്റതാണെന്നും കമ്മിഷന്‍ പറഞ്ഞു. കമ്മിഷന്‍ കൈക്കൊണ്ട നടപടികള്‍ക്ക് രാഷ്‌ട്രീയ പാര്‍ട്ടികള്‍ അംഗീകാരം നല്‍കണമെന്നും കമ്മിഷന്‍ അഭ്യര്‍ഥിച്ചു.

കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നുണ്ടെങ്കിലും യന്ത്രങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് സംശയങ്ങളും ആശങ്കകളും ഉണ്ട്. സ്ഥാനാര്‍ഥിയുടെ ചിഹ്നത്തില്‍ വോട്ടു രേഖപ്പെടുത്തുന്നതാണ് വോട്ടര്‍മാര്‍ക്ക് കൂടുതല്‍ വിശ്വസനീയമായി തോന്നുന്നത്. വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ താന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിക്കുതന്നെ അത് ലഭിക്കുമെന്നതില്‍ പലര്‍ക്കും വേണ്ടത്ര വിശ്വാസം തോന്നുന്നില്ല. ഈ ആശങ്ക പരിഹരിക്കാന്‍ തുറന്ന മനസ്സോടെയുള്ള സമീപനം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകണം. വോട്ടിംഗ് യന്ത്രം കുറ്റമറ്റതാണോ എന്നതല്ല ജനങ്ങള്‍ക്ക് അതില്‍ പൂര്‍ണ വിശ്വാസമുണ്ടോ എന്നതാണ് മുഖ്യമായ പ്രശ്‌നം.

വാര്‍ത്തകളാണെന്ന വ്യാജേന സ്ഥാനാര്‍ഥികളുടെ പരസ്യം നല്‍കുന്നതും മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതും സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പിനു ഭീഷണിയാണ്. പണം നല്‍കി വാര്‍ത്തകള്‍ നല്‍കുന്നത് അഴിമതിയാണ്. അത് ജനാധിപത്യത്തെ തുരങ്കം വെയ്‌ക്കലാണ്. മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെയും ഇതു സ്വാധീനീക്കുന്നു. ഈ പ്രശ്‌നം പാര്‍ലമെന്റിനകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇത് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ നടപടികളെടുക്കണം. വന്‍കിട ബിസിനസുകാരുടെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലാണ് മാധ്യമങ്ങളില്‍ നല്ലൊരു പങ്ക്. ഇത് നിഷ്‌പക്ഷവും വസ്‌തുനിഷ്‌ഠവുമായ വാര്‍ത്തകളും വിവരങ്ങളും ലഭിക്കുന്നതിന് തടസമാകുന്നുണ്ട്.

തെറ്റു ചെയ്യുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എതിരെ ശിക്ഷണ നടപടികളെടുക്കുന്നതിന് പ്രസ് കൗണ്‍സിലിനു നിയമപരമായ അധികാരം നല്‍കണം. ഇപ്പോള്‍ ശാസിക്കാനുള്ള വ്യവസ്ഥകള്‍ മാത്രമാണുള്ളത്. പ്രസ് കൗണ്‍സില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഗവണ്‍മെന്റിനെ ബാധ്യസ്ഥമാക്കുന്ന തരത്തില്‍ 1978 ലെ പ്രസ് കൗണ്‍സില്‍ നിയമത്തിന്റെ 15 (4) വകുപ്പ് ഭേദഗതി ചെയ്യണം. പ്രസ് കൗണ്‍സിലിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. സ്വതന്ത്രവും വസ്‌തുനിഷ്‌ഠവുമായ തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന് മാധ്യമങ്ങള്‍ അവയുടേതായ പെരുമാറ്റചട്ടത്തിനു രൂപം നല്‍കണം.

ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെയും അവയുടെ സ്ഥാനാര്‍ഥികളുടെയും ചെലവിന്റെ മുഖ്യഭാഗം കണക്കില്‍ ചേര്‍ക്കാത്ത തിരഞ്ഞെടുപ്പ് ചെലവുകളാണ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവും പണവും നല്‍കുന്നവരുണ്ട്. മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തുന്നതിനും പണം നല്‍കുന്നു. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന പ്രവണതയാണിത്.

തിരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനം എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും തുല്യമായ തരത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നിഷേധിക്കുകയാണ്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ പണം ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടു. തിരഞ്ഞെടുപ്പുവേളയില്‍ ഭരണത്തിന്റെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലാണെങ്കിലും പണവും മദ്യവുമെല്ലാം യഥേഷ്‌ടം ഉപയോഗിക്കുന്നത് തടയാന്‍ കഴിയുന്നില്ല.

കണക്കില്‍ പെടാത്ത പണം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് ഫലപ്രദമായി തടയണം. രാഷ്‌ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന കാര്യം സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും ഗൗരവമായി പരിഗണിക്കണം. ഇന്ദ്രജിത്ഗുപ്‌ത കമ്മിറ്റി ഇത് സംബന്ധിച്ച് നല്‍കിയ ശുപാര്‍ശകളില്‍ തീരുമാനമെടുക്കാന്‍ വൈകരുത്.

സി പി ഐയുടെ വരവുചെലവു കണക്കുകള്‍ കൃത്യമായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യുകയും പതിവായി ഇന്‍കംടാക്‌സ് അധികൃതര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനും കൃത്യമായി കണക്കുകള്‍ സമര്‍പ്പിക്കുന്നുണ്ട്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലോ തിരഞ്ഞെടുപ്പ് കമ്മിഷനോ നിയോഗിക്കുന്ന ഓഡിറ്റര്‍മാര്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം സ്വീകാര്യമല്ല.

രാഷ്‌ട്രീയത്തിന്റെ ക്രിമിനല്‍വല്‍ക്കരണവും ക്രിമിനലുകളുടെ രാഷ്‌ട്രീയവല്‍ക്കരണവും ഗൗരവതരമായ പ്രശ്‌നമാണ്. രാഷ്‌ട്രീയക്കാരും ക്രിമിനലുകളും തമ്മിലുള്ള കൂട്ടുകെട്ട് ജനാധിപത്യത്തിന് ഭീഷണിയാണ്. ക്രിമിനലുകളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാതിരിക്കാനുള്ള പെരുമാറ്റചട്ടം എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും പിന്തുടരണം. ബിഹാറില്‍ അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നാഷണല്‍ ഇലക്ഷന്‍ വാച്ച് നടത്തിയ അഭിപ്രായ പ്രകടനം ഞെട്ടിപ്പിക്കുന്നതാണ്. സംഘടന പരിശോധിച്ച 183 സ്ഥാനാര്‍ഥികളില്‍ 80 പേരും അവര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നല്‍കിയ സത്യവാങ്മൂലമനുസരിച്ച് ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്.

കോടതികളില്‍ കുറ്റപത്രം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു സ്ഥാനാര്‍ഥിയെ അയോഗ്യമാക്കാന്‍ പാടില്ല. ഗുരുതരമായ കുറ്റകൃത്യത്തിനു സെഷന്‍സ് കോടതി വിചാരണ ചെയ്‌ത് ശിക്ഷിക്കുകയും അതിനു മുകളിലുള്ള കോടതി അത് ശരിവെയ്‌ക്കുകയും ചെയ്‌തവരെ അയോഗ്യരാക്കണം. അഴിമതി നിരോധനനിയമം, പട്ടികജാതി-പട്ടിവര്‍ഗക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമം എന്നിവ പ്രകാരം ശിക്ഷിക്കപ്പെട്ടവരെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യരാക്കണം

*****

ഡി രാജ, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...