Sunday, April 6, 2014

അനാരോഗ്യകേരളത്തിലേക്ക് അതിവേഗം

കേപ്ടൗണ്‍ സര്‍വകലാശാലാക്യാമ്പസിലെ പള്ളിയില്‍നിന്ന് തുടര്‍ച്ചയായി മരണമണി മുഴങ്ങിക്കൊണ്ടിരുന്നു. ദിവസം പത്തും പതിനഞ്ചും തവണ ശവമഞ്ചങ്ങളുമായി സെമിത്തേരിയിലേക്ക് വിലാപയാത്രകള്‍ നീങ്ങിക്കൊണ്ടിരുന്നു. കാലം 1997. സര്‍വകലാശാലയില്‍ പ്രബന്ധാവതരണത്തിനെത്തിയ ഇന്ത്യയിലെ പ്രമുഖ ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ. ബി ഇക്ബാലിനെ അത്യസാധാരണമായ ഈ മരണനിരക്ക് അതിശയിപ്പിച്ചു. എയ്ഡ്സിന്റെ ഇരകളായിരുന്നു അവിടെ മരിച്ചുവീണുകൊണ്ടിരുന്നത്. എന്നും മരണങ്ങള്‍. സര്‍വകലാശാലയ്ക്കുപുറത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ദക്ഷിണാഫ്രിക്കയുടെ ജനസംഖ്യയില്‍ 40 ശതമാനമാണ് എയ്ഡ്സിന്റെ പിടിയിലകപ്പെട്ടത്. ഇതര ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും എയ്ഡ്സ് വ്യാപകമായി പടര്‍ന്നുപിടിച്ചുകഴിഞ്ഞിരുന്നു. മരുന്നില്ല, ചികിത്സയും . ഇതായിരുന്നു സ്ഥിതി. പിന്നീട് രോഗം നിയന്ത്രിക്കാന്‍ മരുന്ന് കണ്ടെത്തിയപ്പോഴോ വില പതിനായിരക്കണക്കിനു ഡോളര്‍. ദരിദ്രരാജ്യങ്ങള്‍ക്ക് തൊടാന്‍ പറ്റില്ല.

ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഡോ. ഇക്ബാല്‍ വീണ്ടും കേപ്ടൗണ്‍ സന്ദര്‍ശിച്ചു. അന്താരാഷ്ട്ര ജനകീയാരോഗ്യ അസംബ്ലിയില്‍ പങ്കെടുക്കാന്‍. താമസം അപ്പോഴും സര്‍വകലാശാലയില്‍ത്തന്നെ. പക്ഷേ, ഇക്കുറി പ്രഭാതങ്ങളെ അസ്വസ്ഥമാക്കി അതിവിളംബതാളത്തില്‍ മരണമണികള്‍ മുഴങ്ങിയില്ല. ഉറഞ്ഞുകൂടിയ നിശബ്ദതയിലൂടെ ശവമഞ്ചങ്ങള്‍ നീങ്ങുന്നത് ദൃശ്യമായില്ല. കാരണം, അവിടെ എയ്ഡ്സ് ഒരു പരിധിവരെ നിയന്ത്രിക്കപ്പെട്ടു. പൂര്‍ണ ചികിത്സയില്ലെങ്കിലും മറ്റേത് ദീര്‍ഘസ്ഥായി രോഗങ്ങളുംപോലെയായി എയ്ഡ്സ്. അതിന് ആഫ്രിക്കയ്ക്ക് തുണയായതാകട്ടെ ഇന്ത്യയും. അമേരിക്ക 15,000 ഡോളറിന് വിറ്റുകൊണ്ടിരുന്ന എയ്ഡ്സ് മരുന്ന് നമ്മള്‍ 325 ഡോളറിന് നല്‍കി. അതു പിന്നെയും കുറഞ്ഞ് 125 ഡോളര്‍വരെയായി. ഔഷധമേഖലയിലെ ഇടപെടലിലൂടെ ഇന്ത്യ വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി എന്ന് ഖ്യാതി നേടി. പക്ഷേ, ഈ സ്ഥാനം നമുക്ക് നഷ്ടമായി. ആഗോളവല്‍ക്കരണത്തിന്റെ രക്തസാക്ഷിയായി ഇന്ത്യന്‍ ഔഷധമേഖല മാറിക്കഴിഞ്ഞതായി ഡോ. ഇക്ബാല്‍ പറയുന്നു.

ഇന്ത്യന്‍ ഭരണകൂടം ലോകവ്യാപാരസംഘടനയ്ക്കുമുന്നില്‍ അടിയറവു പറയുകയും ബഹുരാഷ്ട്രകുത്തകകള്‍ക്കായി ഇന്ത്യന്‍ പേറ്റന്റ് നിയമം പൊളിച്ചെഴുതുകയുംചെയ്തു. ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒരു മനസ്സായി. 1999ലും 2002ലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 1970ലെ മാതൃകാപരമായ ഇന്ത്യന്‍ പേറ്റന്റ് നിയമത്തിന് ദേഭഗതിവരുത്തി. തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ മൂന്നാംഭേദഗതിയിലൂടെ ശവപ്പെട്ടിയിലെ അവസാന ആണിയുമടിച്ചു. ഇതേത്തുടര്‍ന്ന് ഔഷധവില കുതിച്ചുയരുകയാണ്. വിലനിയന്ത്രണ സംവിധാനങ്ങളെല്ലാം അപ്രസക്തവും കടലാസ് പ്രഖ്യാപനങ്ങളും മാത്രമാണ്. യുപിഎ- എന്‍ഡിഎ സര്‍ക്കാരുകള്‍ ഇന്ത്യക്കാരോടുമാത്രമല്ല ലോകജനതയോടുതന്നെ ചെയ്ത ചതി ചര്‍ച്ചചെയ്യപ്പെടാതെ പോകരുതെന്ന് ഡോ. ഇക്ബാല്‍ അഭിപ്രായപ്പെടുന്നു.

കേരള മാതൃക, അമേരിക്കന്‍ മാതൃക

ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ശിശു-മാതൃ-പൊതുമരണ നിരക്കുകള്‍ കുറയ്ക്കാനും സാധിച്ചതിലൂടെ കൊച്ചുകേരളം പൊതുജനാരോഗ്യരംഗത്ത് ലോകമാതൃകയായി. അതുപക്ഷേ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ടുമാത്രമുണ്ടാക്കിയ നേട്ടമല്ല. സ്ത്രീകളുടെ വിദ്യാഭ്യാസം, ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസം, ഗ്രാമീണ ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങിയ സാമൂഹ്യമാറ്റങ്ങള്‍ കൂടിച്ചേര്‍ന്നാണ് ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തിയത്. ലോകാരോഗ്യസംഘടനയാണ് സാമൂഹ്യനീതിയിലധിഷ്ഠിതമായ, ചെലവുകുറഞ്ഞ ആരോഗ്യസംരക്ഷണത്തെ  കേരള മാതൃകയെന്നുവിളിച്ചത്. 1957ലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് തുടങ്ങിവച്ചതും തുടര്‍ന്നുള്ള ഇടതു സര്‍ക്കാരുകള്‍ പിന്തുടര്‍ന്നതുമായ നയങ്ങളാണ് ഈ മാതൃക സൃഷ്ടിച്ചതെന്ന് അറിയാത്തവരില്ല. ഇതിന് ബദലായി ഒരമേരിക്കന്‍ മാതൃകയുണ്ട്. കേരളത്തില്‍ ആളൊന്നുക്ക് ശരാശരി 50 ഡോളര്‍ ചെലവഴിച്ച് നിലനിര്‍ത്തുന്ന പൊതുജനാരോഗ്യനിലവാരം അമേരിക്കയില്‍ കൊണ്ടുവരാന്‍ ഏഴായിരം ഡോളറാണ് ചെലവ്. ഇതിന്റെ ഫലമായി 30 ദശലക്ഷം ആളുകള്‍ക്കെങ്കിലും അമേരിക്കയില്‍ ചികിത്സ നിഷേധിക്കപ്പെടുന്നു. എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട് അവിടെ. ഏതുരോഗത്തിനും മികച്ച ചികിത്സ. പക്ഷേ, അത്യാവശ്യ ചികിത്സപോലും കിട്ടാത്തവരും അനവധി. ഈ മാതൃകയുടെ അപകടത്തിലേക്കാണ് ഇപ്പോഴത്തെ സര്‍ക്കാരുകള്‍ നമ്മെ കൊണ്ടുചെല്ലുന്നതെന്ന് ഇക്ബാല്‍ ആശങ്കപ്പെടുന്നു. കഴിഞ്ഞ രണ്ടരവര്‍ഷംകൊണ്ട് കേരളത്തിലെ പൊതുജനാരോഗ്യമേഖല ഇങ്ങനെ പിന്നോട്ടടിക്കപ്പെട്ടത് എങ്ങനെയെന്ന് സംസ്ഥാനത്തെ പ്രമുഖ ന്യൂറോസര്‍ജന്മാരിലൊരാളായി പേരെടുക്കുകയും സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗമായി ആരോഗ്യരംഗത്തെ കര്‍മപദ്ധതികളുടെ രൂപീകരണത്തിന് നേതൃത്വംവഹിക്കുകയും ചെയ്ത ഡോ. ഇക്ബാല്‍ ചോദിക്കുന്നു.

ജനകീയാസൂത്രണവും പിന്നെ ശ്രീമതി ടീച്ചറും

1957ലെയും "67ലെയും ഗവണ്‍മെന്റുകളുടെ പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ആരോഗ്യരംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടാകുന്നത് ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായാണ്. ജില്ലാ ആശുപത്രികള്‍മുതല്‍ താഴോട്ടുള്ള സ്ഥാപനങ്ങള്‍ ആരാലും ശ്രദ്ധിക്കാതെ അവഗണിക്കപ്പെട്ടു കിടന്നു. മരുന്നില്ല. ഡോക്ടര്‍മാരില്ല. മുറിവുവന്നാല്‍ വച്ചുകെട്ടാനുള്ള പഞ്ഞിപോലുമില്ല- ഇതായിരുന്നു സ്ഥിതി. എന്നാല്‍, ജനകീയാസൂത്രണത്തോടെ ജില്ലാ ആശുപത്രികള്‍വരെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാനും ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും പ്രാദേശികതലത്തില്‍ ആളുണ്ടായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന് ആരോഗ്യമന്ത്രിയെന്ന നിലയില്‍ നേതൃത്വം നല്‍കിയ ശ്രീമതി ടീച്ചര്‍ സംസ്ഥാനത്തിന്റെ ആരോഗ്യപ്രവര്‍ത്തനചരിത്രത്തില്‍ ഇടംപിടിച്ചെന്നാണ് ഡോക്ടറുടെ അഭിപ്രായം. വലിയ പ്രസംഗങ്ങളും ആത്മപ്രശംസയുംകൊണ്ട് മേനി നടിക്കാറില്ലെങ്കിലും എല്‍ഡിഎഫിന്റെ പുരോഗമനപരമായ പദ്ധതികള്‍ ടീച്ചര്‍ ഫലപ്രദമായി നടപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളത്തെയും മലപ്പുറത്തെയുമൊക്കെ ജില്ലാ ആശുപത്രികളിലേക്കോ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കോ ചേര്‍ത്തലയിലെ താലൂക്കാശുപത്രിയിലേക്കോ ഒന്നുപോയി നോക്കിയാല്‍ മതി, എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍. ആളുകള്‍ സ്വകാര്യആശുപത്രികളേക്കാള്‍ വിശ്വാസ്യതയോടെ, മെച്ചപ്പെട്ട ചികിത്സ തേടി ഇവിടേക്കെത്തുന്നു. തിരുവനന്തപുരത്ത് തൈക്കാട്ടുള്ള അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രിക്ക് ദേശീയതല അക്രഡിറ്റേഷന്‍തന്നെ ലഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഗവ. ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തിയതിന്റെ ഒരു ഗുണഭോക്താവായി. കുറേനാള്‍ മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തിന് ആന്‍ജിയോഗ്രാം ചെയ്തത് കോട്ടയം മെഡിക്കല്‍ കോളേജിലാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജിലടക്കം കോടികള്‍ മുടക്കി കാത്ത്്ലാബും ഹൃദ്രോഗചികിത്സയ്ക്ക് വിദഗ്ധ സൗകര്യവും ഏര്‍പ്പെടുത്തി.

ആശുപത്രി ചികിത്സാച്ചെലവുമൂലം ആളുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാകുന്ന രാജ്യമാണ് ഇന്ത്യ. കേന്ദ്രസര്‍ക്കാര്‍നയങ്ങള്‍മൂലം ജീവന്‍രക്ഷാമരുന്നുകളുടെ വില ക്രമാതീതമായി ഉയര്‍ന്നതാണ് ഇതിനു കാരണം. സര്‍ക്കാര്‍ ആശുപത്രിയില്‍മാത്രം പ്രതിവര്‍ഷം 300 കോടി രൂപയുടെ ഔഷധങ്ങള്‍ ആവശ്യമുണ്ട്. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനം വരുന്ന കേരളീയര്‍ രാജ്യത്ത് വില്‍ക്കുന്ന മരുന്നിന്റെ പത്തുശതമാനം ഉപയോഗിക്കുന്നവരാണ്. ഈ പശ്ചാത്തലത്തിലാണ് ഔഷധങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ആരംഭിച്ചത്. നീതി മെഡിക്കല്‍ സ്റ്റോറുകള്‍പോലുള്ള സഹകരണ മേഖലാസംരംഭങ്ങള്‍ വേറെയും. കേരളത്തില്‍ത്തന്നെ മരുന്നുണ്ടാക്കാന്‍ ആലപ്പുഴയിലെ കേരളാ സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനമുണ്ട്. നശിച്ചു കിടന്നിരുന്ന കെഎസ്ടിപിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുദ്ധരിച്ചു. ഫലമോ? കുറഞ്ഞ ചെലവില്‍ മികച്ച ഔഷധങ്ങള്‍ കേരളത്തിലെ രോഗികള്‍ക്ക് ലഭ്യമായി. നാല്‍പ്പതുകോടി രൂപയ്ക്കുള്ള 50 ഇനം മരുന്നുകളാണ് 2006-11ല്‍സര്‍ക്കാര്‍ കെഎസ്ടിപിയില്‍നിന്ന് വാങ്ങിയത്. ആരോഗ്യമേഖലയിലെ ഗവേഷണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരോഗ്യസര്‍വകലാശാല ആരംഭിച്ചു.

വെളുപ്പില്‍നിന്ന് കറുപ്പിലേക്ക്

കേരളത്തിലെ ആരോഗ്യരംഗം കൈവരിച്ച നേട്ടങ്ങള്‍ ഇപ്പോള്‍ ഒന്നൊന്നായി അപ്രത്യക്ഷമാകുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ മെച്ചപ്പെടുത്തിയ പശ്ചാത്തല സൗകര്യങ്ങള്‍ അത്ര എളുപ്പം ഇല്ലാതാക്കാന്‍ കഴിയില്ലെന്നതു മാത്രമാണ് ആശ്വാസം. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ അഴിമതിയുടെ കേന്ദ്രമായി. പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. കെഎസ്ടിപിക്കുള്ള സര്‍ക്കാര്‍ പിന്തുണ പിന്‍വലിച്ചു. സ്ഥാപനം ഇതോടെ നഷ്ടത്തിലായി. സര്‍ക്കാരിന് സ്വകാര്യമുതലാളിമാരില്‍നിന്ന് വന്‍ വിലയ്ക്ക് യഥേഷ്ടം മരുന്നുവാങ്ങല്‍കരാര്‍ ഉറപ്പിക്കാനായി. അട്ടപ്പാടിയെന്ന ദുരന്തഭൂമിയിലേക്ക് ഡോ. ഇക്ബാല്‍ വിരല്‍ചൂണ്ടുന്നു. ആദിവാസി ഊരുകളിലെ കുഞ്ഞുങ്ങള്‍ പോഷകാഹാരമില്ലാതെ മരിച്ചുവീഴുകയാണ്. അവര്‍ പലവിധ രോഗങ്ങള്‍ക്ക് അടിപ്പെട്ടിരിക്കുന്നു. മരുന്നും വാക്സിനുകളുമെന്നല്ല, വിശപ്പടക്കാനുള്ള അന്നംപോലും അവര്‍ക്കില്ല. ജീവച്ഛവങ്ങളായി ജീവിക്കുകയാണ് അവരില്‍ പലരും. സിക്കിള്‍സെല്‍ അനീമിയ എന്ന അരിവാള്‍രോഗം ഊരുകളില്‍ വ്യാപകമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ പല ആദിവാസിവിഭാഗങ്ങളുടെയും വംശനാശംതന്നെ സംഭവിച്ചേക്കാമെന്ന് അട്ടപ്പാടിയിലെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പഠിച്ച അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളും ഇതര പരമ്പരാഗത തൊഴില്‍മേഖലകളിലെ തൊഴിലാളികളും നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും സര്‍ക്കാര്‍ അവഗണിക്കുകയാണ്.

ലോകാരോഗ്യദിന ചിന്തകള്‍

ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തില്‍ ലോകാരോഗ്യ സംഘടന കൊതുകുപോലുള്ള ജീവികള്‍ പരത്തുന്ന രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. കേരളത്തില്‍ വളരെയേറെ പ്രസക്തമായ ഒരു വിഷയമാണിത്. കൊതുക് പരത്തുന്ന രോഗങ്ങളുടെ കേന്ദ്രമാണ് കേരളം. ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍. നിര്‍മാര്‍ജനംചെയ്തതായി നാം പ്രഖ്യാപിച്ച മലേറിയ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. അടുത്ത ഭീഷണി മഞ്ഞപ്പനിയുടേതാണ്. മരണനിരക്ക് വളരെ കൂടുതലായ മഞ്ഞപ്പനി ഇതുവരെ ഇവിടെ എത്തിയിട്ടില്ല. മാലിന്യനിര്‍മാജനം, പരിസരശുചിത്വം, കൊതുകുനശീകരണം, ശുദ്ധജലവിതരണം എന്നിവയുടെ പ്രാധാന്യം ഏറുകയാണ്. വ്യക്തിശുചിത്വത്തിന് പേരുകേട്ട കേരളീയര്‍ക്ക് സാമൂഹ്യശുചിത്വബോധം ഉണ്ടാകാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകില്ല. ഇതിനായി ഒരു ജനകീയ പ്രസ്ഥാനം രൂപപ്പെടേണ്ടതുണ്ടെന്ന് ഡോ. ഇക്ബാല്‍.

സമീപഭാവിയില്‍ കേരളം നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി പ്രായാധിക്യമുള്ളവരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളായിരിക്കും. ജനനനിരക്ക് കുറയുകയും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും ചെയ്തതോടെ കേരളസമൂഹത്തില്‍ പ്രായമായവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അടുത്ത കാല്‍നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും കേരളജനതയില്‍ മൂന്നിലൊന്നും 60 വയസ്സ് കഴിഞ്ഞവരായിരിക്കും. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരേക്കാള്‍ കൂടുതലായതുകൊണ്ടും വിവാഹപ്രായത്തിലുള്ള വ്യത്യാസംമൂലവും ഇവരില്‍ കൂടുതലും വിധവകളുമായിരിക്കും. പ്രായമാവുമ്പോള്‍ സ്ത്രീകളുടെ ആരോഗ്യസ്ഥിതി പുരുഷന്മാരേക്കാള്‍ മോശമാകാനാണ് സാധ്യത. വാര്‍ധക്യകാല രോഗങ്ങളുടെ ചികിത്സാച്ചെലവ് വളരെ കൂടുതലായിരിക്കും. പ്രാഥമികാരോഗ്യ സേവനം, ആരോഗ്യവിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യാരോഗ്യ ഇടപെടലുകളിലൂടെ രോഗപ്രതിരോധവും പ്രാരംഭഘട്ട ചികിത്സയും ഉറപ്പാക്കിയാല്‍ ചികിത്സാച്ചെലവ് കുറയ്ക്കാനും ഗുരുതരമായ രോഗാവസ്ഥ തടയാനുമാകും. ഡോ. ഇക്ബാല്‍ പറഞ്ഞു നിര്‍ത്തി.

*
ബി അബുരാജ്

No comments: