Tuesday, April 22, 2014

കടഭാരത്തില്‍ തകരുന്ന കേരളം

സംസ്ഥാനം ആയിരം കോടി രൂപകൂടി കടമെടുക്കുന്നു എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതുതന്നെയാണ്. ഓണകാലത്തല്ലാതെ ഇത്തരം കടമെടുക്കല്‍ പതിവില്ല. നിത്യച്ചെലവിനടക്കം പലിശയ്ക്ക് പണം വാങ്ങേണ്ടിവരുന്നത്, കടംകൊണ്ട് മുടിയുന്ന നാടിനെ സൃഷ്ടിക്കലാണ്. ഇത്ര കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്തെ എത്തിച്ചത് ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ്. വരുത്തിവച്ച പ്രതിസന്ധിയാണിത്. നികുതിപിരിവ് പാവങ്ങളില്‍നിന്നേയുള്ളൂ. കള്ളക്കടത്തുകാര്‍, നികുതിവെട്ടിപ്പുകാര്‍, വന്‍കിടവ്യാപാരികള്‍, ബാര്‍ ഹോട്ടലുകാര്‍, വിലകുറച്ച് പ്രമാണം രജിസ്റ്റര്‍ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍- ഇങ്ങനെ നികുതിവെട്ടിച്ച് കൊഴുക്കുന്നവര്‍ അനേകം. ഖജനാവിലേക്ക് എത്തിച്ചേരേണ്ട നികുതിപ്പണം വഴിമാറ്റുന്നതിന്റെ വിഹിതം ഭരണ രാഷ്ട്രീയ നേതൃത്വത്തിനും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്നു. ഈ തട്ടിപ്പും കൊള്ളയും കൊടുക്കല്‍വാങ്ങലുമാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കും അരാജകത്വത്തിലേക്കും തള്ളിയിടുന്നതിന്റെ ഒരു കാരണം.

എല്ലാ മേഖലയിലും സ്തംഭനമാണ്. റവന്യൂവരുമാനം റവന്യൂ ചെലവിന് തികയുന്നില്ല. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് കടംവാങ്ങിയാണ്. കടത്തിന്റെ ഗണ്യഭാഗം റവന്യൂ കമ്മി നികത്താന്‍ ഉപയോഗിക്കുന്നു. ആ തുക കൂടുന്നതിനുസരിച്ച് വികസനച്ചെലവുകള്‍ കുറയ്ക്കുന്നു. വികസനപ്രവര്‍ത്തനംപോയിട്ട് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍പോലും കഴിയാതെ ട്രഷറിതന്നെ അടച്ചുപൂട്ടുന്നത് ഭരണമില്ലായ്മയുടെ ലക്ഷണമാണ്. ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ ചെലവിട്ടത് അടങ്കലിന്റെ പകുതിക്കു താഴെമാത്രം.

നിയമസഭ അംഗീകാരം നല്‍കുന്ന ചെലവുപരിധിക്കകത്ത് സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സര്‍ക്കാരിനാകെ ബാധ്യതയുണ്ട്. 2010-11 നെ അപേക്ഷിച്ച് 2013-14 ല്‍ റവന്യൂച്ചെലവ് 76.47 ശതമാനം വര്‍ധിച്ചു. അതാകട്ടെ എന്തെങ്കിലും ജനോപകാരം ചെയ്തിട്ടല്ല. ചെലവുവര്‍ധിപ്പിക്കുന്ന സര്‍ക്കാരിന് വരുമാനം വര്‍ധിപ്പിക്കാനും കഴിയണം. ട്രഷറി കാലിയാക്കിയ സര്‍ക്കാര്‍ പ്രാദേശിക വികസനത്തിന് ഫലത്തില്‍ നിരോധനം അടിച്ചേല്‍പ്പിച്ചു. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നു പറയാം. ഗുരുതരമായ ഈ സ്ഥിതി എങ്ങനെ ഉണ്ടായി എന്ന് പറയാതെ "ബുദ്ധിമുട്ടേയുള്ളൂ" എന്ന് നടിക്കുകയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും.

നികുതി പിരിച്ചെടുക്കുന്നതിലെ അനാസ്ഥയും കേന്ദ്രത്തില്‍നിന്ന് ന്യായവിഹിതം വാങ്ങാന്‍ കഴിയാതിരുന്നതും അധിക വിഭവ സമാഹരണം ഇല്ലാതിരുന്നതും ഭരണധൂര്‍ത്തും അഴിമതിയും ചേര്‍ന്നുണ്ടാക്കിയ പ്രതിസന്ധിക്ക് ഒന്നാമത്തെ ഉത്തരവാദിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരുതന്നെയാണ് വരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഭരണമേറ്റെടുത്തത് സമ്പന്നമായ ട്രഷറിയോടെയാണ്. എല്‍ഡിഎഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടിയോളമായി റവന്യൂ കമ്മി വര്‍ധിച്ചു എന്നതാണ് ഈ സര്‍ക്കാരിന്റെ "നേട്ടം".

ഏപ്രില്‍ മാസമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇതാണവസ്ഥയെങ്കില്‍ വരും മാസങ്ങളിലേത് അചിന്തിതമാകും. സംസ്ഥാനം കടുത്ത വേനലിലേക്ക് കടക്കുമ്പോള്‍ കുടിവെള്ളം എത്തിക്കുന്നതിന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ട്രഷറി നിയന്ത്രണംമൂലം തടസ്സപ്പെടുന്ന അവസ്ഥയുണ്ട്. വേനല്‍ക്കെടുതിക്ക് പരിഹാരമുണ്ടാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള മുന്‍കൈക്കുപോലും കൂച്ചുവിലങ്ങിട്ടു.

9.62 ശതമാനം പലിശയിലാണ് കടപ്പത്രം ഇറക്കുന്നത്. കഴിഞ്ഞ ഒമ്പതിന് 1000 കോടി രൂപ കടമെടുത്തതാണ്. ഇങ്ങനെ കടംവാങ്ങിയിട്ടും ചെലവിന് തികയുന്നില്ല എന്നത് മറ്റൊരു വശം. ജീവനക്കാരുടെയും അധ്യാപകരുടെയും പിഎഫ് വായ്പയും ലീവ് സറണ്ടറും ചികിത്സാസഹായവും ഭവനവായ്പയും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഭീഷണിയിലാണ്. മാര്‍ച്ചിലെ ശമ്പളവും പെന്‍ഷനും പൂര്‍ണമായി വിതരണംചെയ്തിട്ടില്ല. ഏപ്രിലിലെ ശമ്പളവും പെന്‍ഷനും വിതരണംചെയ്യാന്‍ വഴി തെളിഞ്ഞിട്ടില്ല. ഈ കുരുക്കില്‍നിന്ന് തലയൂരാനാണ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യമാസംതന്നെ രണ്ടാമതും കടമെടുക്കുന്നത്. ശമ്പളത്തിനും പെന്‍ഷനും മാത്രമായി 2800 മുതല്‍ 3000 കോടിവരെ രൂപ വേണം. ക്ഷാമബത്ത വേറെ നല്‍കണം. പലിശബാധ്യത വേറെ. എല്ലാം ചേര്‍ത്ത് അടുത്ത പതിറ്റാണ്ടില്‍ ജനിക്കുന്ന മലയാളിയെപ്പോലും കടക്കാരനാക്കിയിരിക്കുന്നു. കടമെടുത്ത് മുടിക്കാന്‍ ഇങ്ങനെയൊരു സര്‍ക്കാര്‍ എന്തിന് എന്ന വലിയ ചോദ്യത്തിന് ഉമ്മന്‍ചാണ്ടിയെക്കൊണ്ട് മറുപടി പറയിപ്പിക്കേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

1 comment:

മുക്കുവന്‍ said...

other than liquor tell me a industry where govt get regular tax?

what is vision to improve jobs in state?