Friday, April 25, 2014

വിദ്യാര്‍ഥി സംഘടനാ നിരോധനം കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി

ഞാന്‍ ഹൈസ്കൂളില്‍ ചേര്‍ന്നത് 1947 ജൂണിലായിരുന്നു. സ്കൂള്‍ ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ക്ലാസില്‍ പോകാന്‍ കഴിഞ്ഞത്. അന്ന് കാലത്ത് സ്കൂളില്‍ എത്തുമ്പോള്‍ അതിന്റെ രണ്ടു ഗേറ്റുകളിലും വിദ്യാര്‍ഥികളുടെ പിക്കറ്റിങ്ങായിരുന്നു. സ്വാതന്ത്ര്യലബ്ധിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമായിരുന്നു അതിന് അടിസ്ഥാനം. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് ഏതാണ്ട് രണ്ടുമാസം മുമ്പത്തെ സ്ഥിതിയായിരുന്നു അത്. മറ്റെല്ലാ ജനവിഭാഗങ്ങള്‍ക്കുമൊപ്പം വിദ്യാര്‍ഥികളും സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. പഠനത്തില്‍ മാത്രം താല്‍പര്യമെടുക്കുകയും സമൂഹത്തെ സംബന്ധിക്കുന്ന നാനാ കാര്യങ്ങള്‍ക്കുനേരെ മുഖംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികളെയും യുവതീയുവാക്കളെയുമല്ല, മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര നേതാക്കള്‍ വിഭാവനംചെയ്തത്. രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ അവര്‍ തങ്ങളുടേതായ രീതിയില്‍ പങ്കാളികളാകണം. അതിനുതക്കവണ്ണം അവര്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി രാജ്യത്ത് നടക്കുന്ന നാനാ സംഭവങ്ങളും അവ സമൂഹജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കുകയും അവ ചര്‍ച്ചചെയ്ത് അഭിപ്രായ രൂപീകരണം നടത്തുകയും വേണ്ടിവരുമ്പോള്‍ ഇടപെടുകയും വേണം.

ഈ നിലപാടിനെ എതിര്‍ത്തവര്‍ അക്കാലത്തും ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ പഠിച്ചാല്‍ മാത്രം മതി, സമൂഹത്തെ ബാധിക്കുന്ന മറ്റു കാര്യങ്ങള്‍ മുതിര്‍ന്നവര്‍ നോക്കിക്കൊള്ളും എന്നായിരുന്നു അവരുടെ നിലപാട്. സ്വാന്ത്ര്യസമരകാലത്തുതന്നെ വിദ്യാര്‍ഥി പങ്കാളിത്തത്തെ അവര്‍ എതിര്‍ത്തു. ജനാധിപത്യ സമൂഹത്തില്‍ പൗരര്‍ക്കെല്ലാമുള്ള അവകാശങ്ങളും ഉത്തരവാദിത്വങ്ങളും പ്രതീക്ഷകളും പ്രതിഷേധങ്ങളും വിദ്യാര്‍ഥികള്‍ക്കുമുണ്ട് എന്ന ജനാധിപത്യ സങ്കല്‍പനത്തിന് എതിരാണ് നാടുവാഴിത്ത ചിന്തയുടെ ഉല്‍പന്നമായ ഈ വാദഗതി. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നപ്പോള്‍, അത് വിദ്യാഭ്യാസരംഗത്തും കാര്‍ഷികബന്ധങ്ങളിലും കാലോചിതവും ജനാധിപത്യപരവുമായ മാറ്റങ്ങള്‍ നിയമനിര്‍മാണത്തിലൂടെ വരുത്തിയപ്പോള്‍, അതിനെ എതിര്‍ക്കുന്നതിനായി കോണ്‍ഗ്രസിന്റെ പോഷകസംഘടനയായി വിദ്യാര്‍ഥി സംഘടന രൂപീകരിക്കുന്നതിനും ആ സംഘടനയുടെ നേതൃത്വത്തിലുള്ള സമരത്തിന്റെ ഭാഗമായി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അവര്‍ക്ക് ആദര്‍ശപരമായ തടസ്സമോ മനസ്സാക്ഷിക്കുത്തോ ഉണ്ടായില്ല. മാത്രമല്ല, ആ കെഎസ്യുവിന്റെ അഖിലേന്ത്യാ പതിപ്പായി എന്‍എസ്യുഐ രൂപീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു അവര്‍. അതിപ്പോഴും പ്രവര്‍ത്തിച്ചുവരുന്നു.

എബിവിപി, എസ്എഫ്ഐ, എഐഎസ്എഫ് തുടങ്ങി അഖിലേന്ത്യാതലത്തിലും സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വിദ്യാര്‍ഥി സംഘടനകള്‍ ഇന്നുണ്ട്. വാജ്പേയി സര്‍ക്കാര്‍ ഒരു വ്യാഴവട്ടത്തിനുമുമ്പ് ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച് നിയോഗിച്ച ബിര്‍ള-അംബാനി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് 12-ാം പദ്ധതിക്കാലത്ത് യുപിഎ ഗവണ്‍മെന്റ് പല പരിഷ്കാരങ്ങളും വരുത്തിക്കൊണ്ടിരിക്കുന്നത്. അവയ്ക്ക് ആധാരമായി പ്രവര്‍ത്തിക്കുന്നത് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) തയ്യാറാക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ച ""ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച വാര്‍ഷിക അവലോകനം 2013"" (എഎസ്എച്ച്ഇ 2013) എന്ന റിപ്പോര്‍ട്ടും എഫ്ഐസിസിഐ തയ്യാറാക്കി ആസൂത്രണകമ്മീഷന്‍ പ്രസിദ്ധീകരിച്ച ""ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം; പന്ത്രണ്ടാം പദ്ധതിയും അതിനുശേഷവും"" എന്ന റിപ്പോര്‍ട്ടുമാണ്. ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് വാജ്പേയി ഗവണ്‍മെന്റ് വിദ്യാഭ്യാസരംഗത്തേക്ക് കൈപിടിച്ച് ആനയിച്ച കോര്‍പറേറ്റ് മേഖലയ്ക്ക് യുപിഎ സര്‍ക്കാര്‍ ഔദ്യോഗിക പങ്കാളിത്തം പിപിപി (പൊതു-സ്വകാര്യ പങ്കാളിത്തം) വഴി നല്‍കി എന്നാണ്. എന്താണ് ഇതിന്റെ പ്രത്യേകത? ഇതേവരെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന എയ്ഡഡ് - വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുപുറമെ സഹായം ലഭിച്ചിരുന്നുള്ളു. അവയുടെ പ്രതിനിധികളും അധ്യാപകരും മാത്രമാണ് സര്‍വകലാശാലാ സമിതികളിലും മറ്റും ഉണ്ടായിരുന്നത്. ഇപ്പോള്‍ അതിനുപകരം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വലിയ അംഗീകാരവും അധികാരവും സാമ്പത്തിക സഹായവും സര്‍ക്കാര്‍ നല്‍കുന്നു. ഇതാണ് വന്നിരിക്കുന്ന പ്രധാന മാറ്റം. ഇതിന്റെ ഭാഗമായാണ് രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (ആര്‍യുഎസ്എ അഥവാ റുസ) എന്ന പദ്ധതി.

അരനൂറ്റാണ്ടിലേറെക്കാലമായി സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി) വഴിയാണ് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നതും. അവ പാലിക്കുന്നവയ്ക്ക് അംഗീകാരവും സഹായവും നല്‍കിവന്നതും. ഇപ്പോള്‍ ഇന്ത്യയില്‍ സര്‍വകലാശാലകള്‍ 700ല്‍പരമുണ്ട്. കോളേജുകള്‍ 35,000ല്‍പരവും. യുജിസി എന്ന ഒറ്റ സ്ഥാപനത്തിന് ഇവയുടെയെല്ലാം നിലവാരം നിര്‍ണയിക്കാനും മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനും അവ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തി സഹായം നല്‍കാനും കഴിയില്ല. അധികാര വികേന്ദ്രീകരണം വേണം, സംശയമില്ല. സംസ്ഥാനതലത്തില്‍ നേരത്തെ നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ച് ഇത്തരം കുറെ ചുമതലകള്‍ അവയെ ഏല്‍പിക്കുന്നത് സ്വീകാര്യമാണ്. പക്ഷേ, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉന്നത വിദ്യാഭ്യാസതലത്തിലെ വിവിധ സ്ഥാപനങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്ന് ഉറപ്പുവരുത്തണം. സാമ്പത്തിക സഹായം നല്‍കുമ്പോള്‍ ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്കായി അത് ചെലവഴിക്കപ്പെടുന്നു എന്ന് നിഷ്കര്‍ഷിക്കണം. വിവിധ ബൗദ്ധിക മേഖലകളില്‍ ഉന്നത നിലവാരമുള്ള ബിരുദമോ ബിരുദാനന്തരബിരുദമോ ഗവേഷണശേഷിയോ ഉള്ളവര്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെടുന്നു എന്ന് അത് ഉറപ്പുവരുത്തണം. അക്കാര്യത്തില്‍ സ്വാര്‍ഥതാല്‍പര്യ പ്രേരിതമായി പ്രവര്‍ത്തിക്കാത്തവരെയാണ് കൗണ്‍സിലിന്റെ ചുമതല ഏല്‍പിക്കേണ്ടത്. എന്നാല്‍, സാമുദായികമോ ബിസിനസ്പരമോ മറ്റുതരത്തിലോ ഉള്ള സങ്കുചിതവും വിദ്യാഭ്യാസേതരവുമായ താല്‍പര്യങ്ങളാണ് വിദ്യാഭ്യാസതലത്തില്‍ ഇപ്പോള്‍ പിടിമുറുക്കി കാണുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനു പകരം ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ കഴിയുമാറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവസരമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതും രൂപീകരിക്കുന്നതുമായ ഇത്തരം ഉന്നത സമിതികള്‍ നല്‍കുന്നത്. ഇതിനുതെളിവാണ് എന്‍ജിനീയറിങ് ബിരുദധാരികളില്‍ 75 ശതമാനവും നിലവാരമില്ലാത്തവരാണെന്നും മൊത്തം സര്‍വകലാശാലകളില്‍ 90 ശതമാനവും ശരാശരി നിലവാരമില്ലാത്തവയാണെന്നുമുള്ള സര്‍ക്കാര്‍ വിദഗ്ധസമിതികളുടെ റിപ്പോര്‍ട്ട്. വാസ്തവത്തില്‍, അവര്‍ക്കുവേണ്ടിയാണ് കോഴ്സുകള്‍ സ്വയം ആവിഷ്കരിക്കാനും അവയനുസരിച്ച് അധ്യാപനം നടത്തി സ്വയം നടത്തുന്ന പരീക്ഷയിലൂടെ ഉന്നത നിലവാരമുള്ളവരെ കണ്ടെത്തി ബിരുദം നല്‍കാനുമുള്ള സ്വയംഭരണ (ആട്ടോണമസ്) കോളേജുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. കോഴ്സുകള്‍ സ്വയം ആവിഷ്കരിക്കാനും അവയെ കാലാകാലങ്ങളില്‍ അവലോകനംചെയ്ത് മെച്ചപ്പെടുത്താനും വിദ്യാര്‍ഥികള്‍ നല്ല നിലവാരം കൈവരിച്ചു എന്ന് പരീക്ഷവഴി വിലയിരുത്താനും ശേഷിയുള്ള സ്ഥാപനങ്ങളെ ഇവിടെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളില്‍ അത്തരം സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ നമുക്കും അവയാകാം. പക്ഷേ, അവയില്‍ പ്രിന്‍സിപ്പല്‍ മുതല്‍ക്കുള്ള അധ്യാപകര്‍ക്കാണ് സ്വയംഭരണാവകാശം വേണ്ടത്; മാനേജ്മെന്റിനല്ല. സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുക്കേണ്ടത് വിദ്യാഭ്യാസവകുപ്പോ മന്ത്രിസഭയോ അല്ല. വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവരും അക്കാദമിക് തലത്തില്‍ വ്യാപകമായ അംഗീകാരം ഉള്ളവരുമായ ആളുകള്‍ അടങ്ങുന്ന സമിതികളാണ്. ഏത് കോളേജിനെയും ഒരു പ്രക്രിയയിലൂടെ മാത്രമേ ഈ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയൂ അതിനെ തുടര്‍ച്ചയായി വിലയിരുത്തുകയും വേണം. അത്തരമൊരു പ്രക്രിയയും കൂടാതെ ആട്ടോണമസ് കോളേജ് പദവി ചില സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനെ ആര്‍ക്കും അംഗീകരിക്കാനാവില്ല. പല സംസ്ഥാനങ്ങളിലും കഴിഞ്ഞകാലത്ത് നല്‍കിയതിന്റെ അനുഭവം വിവാദപരമാണ്. ഇങ്ങനെ ഉന്നത വിദ്യാഭ്യാസരംഗത്ത് കോര്‍പറേറ്റ് മേധാവികള്‍ക്കും സാമുദായിക താല്‍പര്യങ്ങള്‍ക്കും നിര്‍ണായക നിയന്ത്രണം നല്‍കാനും അവര്‍ക്ക് വിദ്യാര്‍ഥിപ്രവേശനം, അധ്യാപകനിയമനം, ഫീസ്, ശമ്പളം എന്നിവ നിശ്ചയിക്കുന്നതില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനുമാണ് ആട്ടോണമസ് കോളേജ്, റുസ പദ്ധതികള്‍വഴി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുതിര്‍ന്നുകാണുന്നത്. ഈ നീക്കങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി-അധ്യാപക സമൂഹങ്ങളില്‍നിന്ന് വലിയ എതിര്‍പ്പ് ഉയര്‍ന്നുവന്നിട്ടുണ്ട്. അവയില്‍ വിദ്യാര്‍ഥികളടെ എതിര്‍പ്പിന് കൂച്ചുവിലങ്ങിടാനാണ് വിദ്യാര്‍ഥി സംഘടനകള്‍ പാടില്ല എന്നും മറ്റും നിഷ്കര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ നിലപാടെടുക്കുന്നതും അതിന് അംഗീകാരം നല്‍കാന്‍ പലപ്പോഴും കോടതി തുനിയുന്നതും. അതിന്റെ ഭാഗമാണ് കഴിഞ്ഞദിവസം യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ ഇതുസംബന്ധിച്ച് സമര്‍പ്പിച്ച രേഖ. ഒരു കാര്യം ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്. ഇവിടത്തെ വിദ്യാര്‍ഥികള്‍ പല കാര്യങ്ങളിലും ജനാധിപത്യപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കഴിഞ്ഞകാലത്ത് സമരംചെയ്ത് നേടിയെടുത്തത് നശീകരണ പ്രവര്‍ത്തനം നടത്താനല്ല, വിദ്യാഭ്യാസ നിലവാരം ഇടിച്ചുതാഴ്ത്താനുമല്ല. ടാഗോര്‍ പണ്ടുപറഞ്ഞതുപോലെ നിര്‍ഭയമായി തന്റെ സ്വതന്ത്രമായ അഭിപ്രായം തലയുയര്‍ത്തി പറയാന്‍ ആത്മധൈര്യമുള്ള ജനത ഒരു ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറയാണ്. അത്തരമൊന്നിനെ വാര്‍ത്തെടുക്കാന്‍ കെല്‍പുള്ളതാവണം വിദ്യാഭ്യാസ വ്യവസ്ഥയെങ്കില്‍, അത് ജനാധിപത്യത്തില്‍ അധിഷ്ഠിതമായിരിക്കണം. എന്നാല്‍, വന്‍കിട സ്വത്തുടമകള്‍ക്കും അധികാരികള്‍ക്കും വേണ്ടത് അവരുടെ തീര്‍പ്പ് ചോദ്യംചെയ്യാതെ അനുസരിക്കുന്ന ഭീരുക്കളായ വിധേയരെയാണ്. ആഗോളവല്‍ക്കരണകാലത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ അത്തരം വിധേയതലമുറകളെ വാര്‍ത്തെടുത്ത് തങ്ങളുടെ ചൂഷണവാഴ്ച അരക്കിട്ടുറപ്പിക്കാനാണ് കോര്‍പ്പറേറ്റുകളും അവര്‍ക്ക് ശിങ്കിടി പാടുന്ന കോണ്‍ഗ്രസ് - ബിജെപി നേതൃത്വങ്ങളും സാമുദായിക സംഘടനകളും ശ്രമിക്കുന്നത്. അതിന് തെളിവാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വിദ്യാര്‍ഥികളുടെ സംഘടനാ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന രേഖ. ഇടത്തരം നീക്കങ്ങളെ എതിര്‍ത്ത് തോല്‍പിക്കേണ്ടതാണ് ഇന്ത്യയിലെ ജനസാമാന്യം അടരാടി നേടിയെടുത്ത സ്വാതന്ത്ര്യവും അതുമായി ബന്ധപ്പെട്ട മതനിരപേക്ഷ-ജനാധിപത്യ-സാമൂഹ്യനീതി ആദിയായ സങ്കല്‍പനങ്ങളും നിലനിര്‍ത്താനും കൂടുതല്‍ ശക്തവും അര്‍ഥവത്തും ആക്കാനും ആവശ്യമാണ്. നമ്മുടെ അസ്തിത്വം നിരന്തരമായ സമരങ്ങളിലൂടെ നിലനിര്‍ത്തേണ്ടതും കൂടുതല്‍ മിഴുവുറ്റതാക്കേണ്ടതുമായ ഒന്നാണ്. അതിനുവേണ്ടിയാണ് വിദ്യാര്‍ഥികള്‍ ഈ പ്രശ്നത്തില്‍ സംഘടിച്ച് നിലപാടെടുക്കുന്നതും സമരം ചെയ്യുന്നതും. എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും ആ സമരത്തിന് ഉറച്ച പിന്‍തുണ നല്‍കേണ്ടതുണ്ട്.

*
സി പി നാരായണന്‍

No comments: