Saturday, April 5, 2014

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മന്ത്രിമാര്‍ മറുപടി പറയണം

മലയോരജനതയ്ക്ക് കൊലക്കയറാകുന്ന ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സാധാരണക്കാരായ ഞങ്ങള്‍ക്ക് ഇപ്പോഴും ഏറെ ആശങ്കകളുണ്ട്. അത് പരിഹാരിക്കേണ്ടവര്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും നേതാക്കളുമാണ്. ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞേ തീരൂ.... $. കേരളത്തിലെ 123 വില്ലേജിലും അതിന്റെ 10 കി.മീ ആവാസ കേന്ദ്രങ്ങളായി മാറുന്ന പ്രദേശങ്ങളിലുമുള്ള 125 ലക്ഷത്തോളം ജനങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ആര്‍ക്കുവേണ്ടി?.

$ പാശ്ചാത്യരാജ്യങ്ങള്‍ നിയന്ത്രിക്കുന്ന "യുനെസ്കോ"യില്‍ ഇന്ത്യ അംഗമായി ഒപ്പിട്ട് പശ്ചിമഘട്ട പരിസ്ഥിതിസംരക്ഷണത്തിന്റെപേരില്‍ എത്ര ലക്ഷം കോടികള്‍ ഇതിനോടകം കൈപ്പറ്റി? സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ വിറ്റ് എത്ര കോടി വാങ്ങി?

$ സംസ്ഥാനത്ത് ഇഎഫ്എല്‍ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച 123 വില്ലേജിലും നിസ്സഹായരായ മനുഷ്യര്‍ താമസിക്കുന്നത് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും അറിയില്ലേ?

$ സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് പ്രദേശവും ജനവാസ കേന്ദ്രവും കൃഷിയിടങ്ങളും ടൗണ്‍ഷിപ്പുകളും പരിസ്ഥിതിലോല പ്രദേശങ്ങളായി നിശ്ചയിച്ചതാര്? ഇഎഫ്എല്‍ ആയി പ്രഖ്യാപിക്കുന്നതിന്റെ മാനദണ്ഡമെന്ത്? ആരാണ്, ഏത് വകുപ്പാണ് സര്‍വേ നടത്തിയത്?

$ ഈ നിയമം പാര്‍ലമെന്റിലോ നിയമസഭകളിലോ ത്രിതല പഞ്ചായത്ത് ഗ്രാമസഭകളിലോ ചര്‍ച്ചചെയ്ത് പാസാക്കിയതാണോ? എന്തുകൊണ്ട് ജനങ്ങളില്‍നിന്ന് ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ മറച്ചുവച്ച് സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുന്നു?

$ മുഖ്യമന്ത്രി "അധാര്‍മികമെന്ന് വിശേഷിപ്പിച്ച ഇഎഫ്എല്‍ നിയമം" എന്തിനാണ് സംസ്ഥാനത്ത് നടപ്പാക്കി ജനങ്ങളെ കുരുതി കൊടുക്കുന്നത്?

$ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അത് നിഷേധിക്കുന്നത് നീതിയാണോ?

$ ഈ ഭീകരനിയമം സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ സംസ്ഥാനത്തെ എട്ട് കേന്ദ്രമന്ത്രിമാരും യുഡിഎഫ് സര്‍ക്കാരും സമ്മര്‍ദം ചെലുത്തിയാല്‍ കേരളജനതയെ രക്ഷിക്കാമായിരുന്നില്ലേ?

$ "ആശങ്ക വേണ്ടാ" എന്ന് വാ തോരാതെ പറയുന്ന ഭരണകര്‍ത്താക്കളെ പ്രതിരോധിച്ചിരുന്നില്ലെങ്കില്‍ ഇതിനകം സംസ്ഥാനത്ത് ഈ നിയമം നടപ്പാക്കുമായിരുന്നില്ലേ?

$ പരിസ്ഥിതിസംരക്ഷണം കേവലം ചില വില്ലേജുകളില്‍മാത്രം മതിയോ? തണ്ണീര്‍ത്തടാകം നികത്തലും പ്രകൃതി ചൂഷണംചെയ്യുന്ന ഖനങ്ങളും കെട്ടിടനിര്‍മാണങ്ങളും നിയന്ത്രിക്കേണ്ടേ?

$ ക്വാറി, ഖനം തുടങ്ങിയവയ്ക്ക് പശ്ചിമഘട്ടത്തില്‍ അനുമതി നല്‍കുന്നത് അഴിമതിക്കാരായ നിങ്ങള്‍തന്നെയല്ലേ? മാഫിയകളുടെ കോടികളുടെ മുമ്പില്‍ ഓച്ഛാനിക്കുന്ന ഭരണക്കാര്‍ മലയോര ജനതയെ ബലിയാടാക്കുകയല്ലേ?

$ അസംഘടിതരും അധ്വാനശീലരും നിഷ്കളങ്കരുമായ കര്‍ഷകജനതയെ പ്രകൃതി-പരിസ്ഥിതി ചൂഷകരും രാജ്യദ്രോഹികളുമായി ചിത്രീകരിച്ച് പിറന്ന മണ്ണില്‍നിന്ന് ആട്ടിയിറക്കാന്‍ ഗൂഢാലോചന നടത്തുന്നവരെന്തിന് ഇവരുടെ വോട്ടിനായി പരക്കംപായുന്നു?

$ യുഡിഎഫിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഈ കരിനിയമം സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി അവരുടെ ആശങ്ക അകറ്റാത്തതെന്ത്?

$ പരിസ്ഥിതി സംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 1980ലും 1986ലും നിയമം ഉണ്ടാക്കി അതിന് ഒരു മന്ത്രാലയവും തുറന്നില്ലേ? എന്നിട്ടും ആരാണ് വനവും പശ്ചിമഘട്ടവും പരിസ്ഥിതിയും നശിപ്പിച്ചത്? രാജ്യത്ത് ഏറ്റവും കൂടുതല്‍ വനഭൂമി കേരളത്തിലല്ലേ? പിന്നെന്തിനാണ് കര്‍ഷകഭൂമി പിടിച്ചെടുക്കുന്നത്?.

$ ഗാഡ്ഗില്‍-കസ്തൂരി ദുരന്തത്തിന്റെ ഇരയായി സഹോദരിയുടെ വിവാഹത്തിന് സ്ഥലം വില്‍ക്കാന്‍ പറ്റാതെയും ബാങ്ക് വായ്പ കിട്ടാതെയും അപമാനഭാരത്താല്‍ ജീവന്‍ വെടിഞ്ഞ തിരുവമ്പാടി രമേശന്റെ മരണത്തിന്റെ ഉത്തരവാദിയാര്?

$ രാജ്യത്തെ നിയമനിര്‍മാണ സഭകളായ പാര്‍ലമെന്റ്, രാജ്യസഭകളേക്കാളും പരമോന്നത നീതിപീഠമായ സുപ്രീംകോടതിയേക്കാളും അധികാരം "ഗ്രീന്‍ ട്രിബ്യൂണലിന്" നല്‍കിയതാര്?.

$ എന്ത് തെറ്റാണ് മലയോര കര്‍ഷകജനത ചെയ്തത്? സ്വന്തം മണ്ണില്‍ രാപ്പകല്‍ അധ്വാനിച്ച് ഭക്ഷ്യധാന്യങ്ങളും നാണ്യവിളകളും ഉല്‍പ്പാദിപ്പിച്ച് രാജ്യത്തെയും ജനങ്ങളെയും സമ്പുഷ്ടമാക്കിയതോ? കാലാകാലങ്ങളില്‍ ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടുത്തി രാഷ്ട്രത്തോടൊപ്പം നിന്നതോ? പുതിയതൊന്നും തന്നില്ലേലും വേണ്ട, ദയവായി സ്വന്തം മണ്ണില്‍ കൃഷിചെയ്യാനും ജീവിക്കാനും അനുവദിക്കുമോ? മറുപടി പറയാന്‍ മന്ത്രിമാര്‍ ബാധ്യസ്ഥരാണ്...മറുപടി ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശവുമാണ്...

മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റി കൂരാച്ചുണ്ട്, കോഴിക്കോട് ജില്ല

No comments: