Wednesday, April 2, 2014

അബദ്ധംകൊണ്ട് പ്രതിരോധം

ഏത് ഉയര്‍ന്ന സ്ഥാനത്ത് ചെന്നിരുന്നാലും ഇരിക്കുന്നയാള്‍ അപക്വമതിയാണെങ്കില്‍ ആ അപക്വത, ആ സ്ഥാനത്തിന് താന്‍ പറ്റിയ ആളല്ല എന്നത് വെളിവാക്കിക്കൊണ്ട് അറിയാതെ പുറത്തുവരും.എ കെ ആന്റണിയുടെ കാര്യത്തില്‍ ഇതിന് ഉദാഹരണം നിരവധിയാണ്. ഇരിക്കുന്നത് പ്രതിരോധമന്ത്രിസ്ഥാനത്താണെങ്കിലും ആ സ്ഥാനത്തിന് നിരക്കുന്നതല്ല അദ്ദേഹം പറയുന്ന കാര്യങ്ങളൊന്നും.ഏതെങ്കിലും ഒരു രാജ്യത്തിന്റെ പ്രതിരോധമന്ത്രി, പ്രതിരോധകാര്യത്തില്‍ രാജ്യം ദുര്‍ബലമാണെന്ന് വിളിച്ചുപറയുമോ? അതുപോലും ചെയ്ത പ്രതിരോധമന്ത്രിയാണ് നമുക്കുള്ളത്.

ഭീകരപ്രവര്‍ത്തകര്‍ മുംബൈ ആക്രമണം നടത്തിയതിന് ചില മാസങ്ങള്‍ക്കുമുമ്പായിരുന്നു പ്രതിരോധമന്ത്രിയുടെ രാജ്യസുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച ദൗര്‍ബല്യങ്ങളെക്കുറിച്ചുള്ള വിളംബരം."കരയിലൂടെ ആക്രമണമുണ്ടായാല്‍ അത് നേരിടാന്‍ സജ്ജമാണ് നമ്മുടെ സൈന്യം. ആക്രമണം കടലിലൂടെയാണെങ്കില്‍ അത് നേരിടാന്‍ വേണ്ട പ്രാപ്തി നമുക്കില്ല\'. ഇതായിരുന്നു അന്ന് എ കെ ആന്റണി കൊച്ചിയില്‍ നടത്തിയ പ്രഖ്യാപനം.ഇത് പ്രതിരോധ സേനാധിപന്മാരുടെ രഹസ്യയോഗത്തില്‍ പ്രതിരോധമന്ത്രിക്ക് പറയാം. ഒരു പൊതുവേദിയില്‍ ഇങ്ങനെ രാജ്യസുരക്ഷാ ദൗര്‍ബല്യം പ്രസിദ്ധപ്പെടുത്താമോ ഒരു പ്രതിരോധമന്ത്രി? പാടില്ല എന്ന് അറിയാനുള്ള വിവേകമോ പക്വതയോപോലും നമ്മുടെ പ്രതിരോധമന്ത്രിക്കുണ്ടായില്ല.എ കെ ആന്റണി ഇത് പരസ്യമായിപ്പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസംതന്നെ പത്രങ്ങള്‍ വലിയ തലക്കെട്ടുകളോടെ ഇത് പ്രസിദ്ധപ്പെടുത്തി. പാകിസ്ഥാനിലെ ഡോണ്‍ എന്ന പത്രം ആന്റണിയുടെ പ്രഖ്യാപനം മുഖ്യതലക്കെട്ടാക്കി. "ആക്രമണം കടലിലൂടെയായാല്‍ ഇന്ത്യക്ക് നേരിടാന്‍ ശേഷിയില്ല: പ്രതിരോധമന്ത്രി\' ഇതായിരുന്നു തലക്കെട്ട്.ഇതുകഴിഞ്ഞ് ചില മാസങ്ങള്‍മാത്രം കഴിഞ്ഞ വേളയിലാണ് കടലിലൂടെതന്നെ ഭീകരര്‍ പാകിസ്ഥാനില്‍നിന്നെത്തി രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് മുംബൈ ആക്രമണം നടത്തിയത്.

സത്യത്തില്‍, കടലിലൂടെ വന്നോളാന്‍ പാക് ഭീകരര്‍ക്ക് സന്ദേശം കൊടുക്കുന്നതിന് തുല്യമായിരുന്നില്ലേ ആന്റണിയുടെ പ്രഖ്യാപനം? ആന്റണി മനഃപൂര്‍വം അങ്ങനെ ചെയ്തുവെന്ന് പറയുന്നില്ല. എങ്കിലും, അവിവേകം നിറഞ്ഞ ഇത്തരം പ്രസ്താവനകള്‍ നടത്തിക്കൂടാത്തതാണെന്ന് തിരിച്ചറിയാനുള്ള പക്വതയെങ്കിലുമില്ലാത്ത ഒരാള്‍ പ്രതിരോധമന്ത്രിസ്ഥാനത്ത് ഇരുന്നുകൂടാത്തതാണ് എന്ന സത്യം പറയാതിരിക്കുന്നുമില്ല.മുംബൈ ഭീകരാക്രമണം ഉണ്ടായതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശിവരാജ്പാട്ടീല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ചു. കടലിലൂടെ വിദേശ ഭീകരര്‍ ആക്രമണം നടത്തുന്നത് തടയേണ്ട ചുമതല കൂടുതലായുള്ളത് ആഭ്യന്തരമന്ത്രിക്കല്ല, രാജ്യത്തിന്റെ പ്രതിരോധമന്ത്രിക്കാണ്. ആദ്യം രാജിവയ്ക്കേണ്ടത് പ്രതിരോധമന്ത്രിയാണ്; കടലിലൂടെ വന്നാല്‍ ഇവിടെ ആരും തടയാനുണ്ടാവില്ലെന്ന് വിവരം കൊടുക്കുകകൂടി ചെയ്തയാളാണ് എന്നതുകൊണ്ട് പ്രത്യേകിച്ചും. എന്നാല്‍, ശിവരാജ്പാട്ടീല്‍ രാജിവച്ചു; ആന്റണി ഇളകിയില്ല.

ഇതേപോലെ മറ്റൊരിക്കല്‍ അതിര്‍ത്തി കടന്നു വന്ന പാക് സൈനികര്‍ അതിര്‍ത്തിക്കിപ്പുറത്തെ ഇന്ത്യന്‍ സേനാംഗങ്ങളുടെ തല വെട്ടിക്കൊണ്ടുപോയി. നമ്മുടെ പ്രതിരോധമന്ത്രി അന്നു പാര്‍ലമെന്റില്‍ പറഞ്ഞത്, അവര്‍ പാക് സൈനികരല്ല, സൈനികവേഷമിട്ട ആള്‍ക്കാര്‍മാത്രമാണ് എന്നാണ്. പാര്‍ലമെന്റില്‍ വലിയ ബഹളമായി. ഒടുവില്‍ പ്രതിരോധവക്താവിനുതന്നെ പ്രതിരോധമന്ത്രിയെ തിരുത്തേണ്ട ഗതികേടുണ്ടായി. ഒരു പ്രതിരോധമന്ത്രിക്കു പറയാന്‍ കൊള്ളുന്ന കാര്യമാണോ താന്‍ പറഞ്ഞത് എന്ന് ആന്റണി സാവകാശം ആലോചിക്കട്ടെ. ഇത്തരമൊരു സ്ഥാനത്ത് ഇരിക്കാന്‍ താന്‍ യോഗ്യനാണോ എന്ന കാര്യവും. അബദ്ധങ്ങള്‍ പറയാന്‍ പ്രതിരോധമന്ത്രിസ്ഥാനം വേണമെന്നൊന്നുമില്ല എ കെ ആന്റണിക്ക്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍നിന്നു കാലുമാറി കോണ്‍ഗ്രസിലേക്കുപോയ വേളയില്‍ ആന്റണി പറഞ്ഞത് ആരും മറന്നിട്ടുണ്ടാവില്ല. ""ഇനി നൂറുവര്‍ഷത്തേക്ക് സിപിഐ എം കേരളത്തില്‍ അധികാരത്തില്‍ വരില്ല\'\' എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ സിപിഐ എം കേരളത്തില്‍ അധികാരത്തില്‍ വരുന്നത് എ കെ ആന്റണിക്ക് കാണേണ്ടിവന്നു. മത്സരം സിപിഐ എം- ബിജെപി കക്ഷികള്‍ തങ്ങളിലാണെങ്കില്‍ താന്‍ സിപിഐ എമ്മിന് വോട്ടുചെയ്യില്ല എന്ന് മറ്റൊരിക്കല്‍ ആന്റണി പറഞ്ഞു. സിപിഐ എമ്മിനെ ആക്ഷേപിക്കാനുള്ള വ്യഗ്രതയില്‍ ബിജെപിക്കു ഗുഡ് സര്‍വീസ് സര്‍ട്ടിഫിക്കറ്റുകൊടുക്കുകയല്ലേ ഫലത്തില്‍ ആന്റണി ചെയ്യുന്നത് എന്ന് കോണ്‍ഗ്രസുകാര്‍ പോലും അന്ധാളിച്ചു.

കോ-ലീ-ബി സഖ്യത്തിലൂടെയടക്കം ബിജെപിയുമായി ബന്ധം സ്ഥാപിച്ച് സിപിഐ എമ്മിനെ ഒറ്റപ്പെടുത്താന്‍ നോക്കിയിട്ടുള്ള പാര്‍ടിയാണ് കോണ്‍ഗ്രസ്. വി പി സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മതനിരപേക്ഷ സര്‍ക്കാരിനെ ബിജെപിക്കൊപ്പംനിന്നു വോട്ടുചെയ്തു തകര്‍ത്ത പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിന്റെ നേതാവ് ഇങ്ങനെ പറയുന്നതില്‍ അന്ധാളിക്കാന്‍ ഒന്നുമില്ലെന്നതു മറ്റൊരു കാര്യം!ഇപ്പോഴിതാ, തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ആന്റണി ഡല്‍ഹിയില്‍നിന്ന് എത്തിയിരിക്കുന്നു. ആദ്യംതന്നെ പറഞ്ഞത് പാര്‍ടി കോടതികള്‍ അനുവദിക്കില്ല എന്നാണ്. എവിടെയാണ് പാര്‍ടി കോടതിയുള്ളത്?

തെരഞ്ഞെടുപ്പുവരുമ്പോള്‍ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താനായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളിലല്ലാതെ പാര്‍ടി കോടതി, പാര്‍ടി ഗ്രാമം എന്നൊക്കെയുള്ളവ സങ്കല്‍പ്പമായിപോലും എവിടെയും നിലവിലില്ല. യാഥാര്‍ഥ്യം പറഞ്ഞു ജയിക്കാനാകാതെ വരുമ്പോള്‍ സങ്കല്‍പ്പം പറഞ്ഞു പുകമറയുണ്ടാക്കി രക്ഷപ്പെടുന്ന സ്ഥിരം കോണ്‍ഗ്രസ് രാഷ്ട്രീയ രീതി!കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ പറഞ്ഞത് കണ്ണൂരിലാകെ പാര്‍ടി ഗ്രാമങ്ങളാണെന്നും ആ ഗ്രാമങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്ക് സ്വതന്ത്രമായി വോട്ടുചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കിയെന്നുമാണ്. അന്ന് ഇങ്ങനെ പറഞ്ഞുനടന്ന ആന്റണിയോട്, അതായിരുന്നു സത്യമെങ്കില്‍ കെ സുധാകരന്‍ ജയിച്ചതെങ്ങനെ എന്ന് ജനങ്ങള്‍ തിരിച്ചുചോദിക്കേണ്ടതുണ്ട്. ആ ചോദ്യം വന്നേക്കാമെന്നതുകൊണ്ടാകണം, ഇത്തവണ ആന്റണി ഇറങ്ങിയത് "പാര്‍ടി കോടതി\' എന്ന സങ്കല്‍പ്പവുമായാണ്!

ആന്റണി രണ്ടാമതു പറഞ്ഞത് സിബിഐ അന്വേഷണത്തെക്കുറിച്ചാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും അതുമായി ബന്ധപ്പെട്ട ഫയലും പഠിച്ചശേഷം സിബിഐ നിശ്ചയിച്ചത് തങ്ങള്‍ അന്വേഷിക്കേണ്ട ഒന്നും ഇതിലില്ല എന്നാണ്. സിബിഐക്ക് അങ്ങനെ നിശ്ചയിക്കാന്‍ സ്വാതന്ത്ര്യവും അധികാരവുമുണ്ട്. എന്നാല്‍, ആ സ്വാതന്ത്ര്യവും അധികാരവും അനുവദിക്കില്ല എന്ന മട്ടിലാണ് ഇപ്പോള്‍ എ കെ ആന്റണി. സിബിഐ അന്വേഷണം ഉണ്ടാകും എന്ന പ്രതീതിപരത്താന്‍ കേന്ദ്രമന്ത്രിസ്ഥാനം ദുരുപയോഗിക്കുകയാണ് അദ്ദേഹം ഇതിലൂടെ ചെയ്യുന്നത്. ഇതു തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നത് ആന്റണി മനസിലാക്കിയ മട്ടില്ല.

സിബിഐ അന്വേഷണം ഉണ്ടാകില്ലെന്നു കരുതിയവര്‍ ആഹ്ലാദിക്കാന്‍ വരട്ടെ, എന്നൊക്കെയാണ് ആന്റണി പറയുന്നത്. തന്റെ അധികാരം ഉപയോഗിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കും എന്നു പറയുന്നതിനു തുല്യമാണിത്. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ പാടുള്ള കാര്യമല്ല ഇത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തെറിച്ചുപോകാനുള്ളതേയുള്ളൂ ആ മന്ത്രിക്കസേര. അതുപയോഗിച്ചു ഭീഷണി വേണ്ട! ഓരോ തെരഞ്ഞെടുപ്പുവരുമ്പോഴും ഓരോ വിഷയത്തില്‍ ഓരോ സിബിഐ അന്വേഷണം. സിബിഐ കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ഏറ്റുപാടുന്ന കൂട്ടിലടച്ച തത്തയാണെന്നു സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. അത് അങ്ങനെതന്നെയാണെന്ന് സ്ഥിരീകരിക്കാനുള്ള പുറപ്പാടാണോ ആന്റണിയുടേത്?

തെരഞ്ഞെടുപ്പ് പ്രചാരണ മീറ്റ് ദ പ്രസില്‍ സിബിഐ അന്വേഷണം ഉണ്ടാകുമെന്ന് ആന്റണി സൂചിപ്പിക്കുന്നു; കുറച്ചു കഴിയുമ്പോള്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സിബിഐക്ക് കത്തയക്കുന്നു; അന്വേഷണ സാധ്യത അറിയിക്കാന്‍ ജോയിന്റ് ഡയറക്ടര്‍ക്ക് സിബിഐ ഡയറക്ടര്‍ എഴുതുന്നു. അപ്പോള്‍ അന്വേഷണം വേണ്ടതാണോ വേണ്ടാത്തതാണോ എന്ന് തീരുമാനിക്കുന്നതാരാണ്? സിബിഐയോ അതോ ഭരണരാഷ്ട്രീയമോ?

സിബിഐ അന്വേഷണ കാര്യത്തില്‍ കാണിക്കുന്ന താല്‍പര്യത്തിന്റെ പതിനായിരത്തില്‍ ഒരംശം കേരളത്തിന്റെ വികസന താല്‍പര്യങ്ങളിലോ കസ്തൂരിരംഗന്‍ പോലുള്ള പ്രശ്നങ്ങളിലോ ആന്റണി കാണിച്ചിരുന്നുവെങ്കില്‍ എന്ന് ആരും ചിന്തിച്ചുപോകും.ഏതായാലും ആന്റണിക്കു പറ്റിയ ശിഷ്യനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അദ്ദേഹവും സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണ്. തന്റെ ആഭ്യന്തരമന്ത്രിസ്ഥാനത്തിനുകീഴില്‍ നടന്ന അന്വേഷണം ശരിയല്ലായിരുന്നുവെന്നു പുരപ്പുറത്തുനിന്ന് വിളിച്ചുകൂവുന്നതിനു തുല്യമാണിത്. ഇങ്ങനെ സ്വയം അവഹേളിക്കുന്ന മറ്റൊരു മന്ത്രിയെ ലോകം കണ്ടിട്ടുണ്ടാവില്ല. സിബിഐ അന്വേഷണം നടക്കില്ല എന്നറിഞ്ഞ് ആരോ പായസം വച്ചതായൊക്കെ ആന്റണി പറയുന്നുണ്ട്. ആര് പായസംവച്ചു എന്നാണ്? എ കെ ആന്റണിക്കല്ലാതെ രാജ്യത്തിന്റെ പ്രതിരോധമന്ത്രിക്ക് ചേരുന്നതല്ല ഇത്തരം വാക്കുകള്‍!

*
പ്രഭാവര്‍മ ദേശാഭിമാനി

No comments: