Thursday, April 3, 2014

ഇതര സംസ്ഥാനത്തൊഴിലാളികളും മലയാളി മധ്യവര്‍ഗവും

"കേരളം വിദേശത്തേക്ക്; ഇന്ത്യ കേരളത്തിലേക്കും" എന്ന ഡോക്ടര്‍ എം ഷാജഹാന്റെ ലേഖനം വായിച്ചു. കേരളത്തിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ലേഖകന്‍ പങ്കുവെക്കുന്ന ആശങ്കകളില്‍ പലതും മലയാളി മധ്യവര്‍ഗത്തിന്റെ വിലക്ഷണ മനസ്സില്‍ ഉരുവം ചെയ്തതും കേരളീയ സമൂഹത്തിന്റെ പൊതുബോധത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ കാര്യങ്ങളാണ്. സ്വന്തം നാട്ടിലെ ദുസ്സഹമായ ജീവിതസാഹചര്യത്തില്‍നിന്ന് രക്ഷ തേടിയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ധാരാളം പാവപ്പെട്ട തൊഴിലാളികള്‍ തൊഴിലന്വേഷിച്ച് നമ്മുടെ നാട്ടില്‍ എത്തിയത്.

പ്രവാസി മലയാളികളുടെ കോടികളുടെ സമ്പാദ്യം കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് കാരണമായതോടെ കേരളത്തിന്റെ സേവന മേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് പലായനം ചെയ്തത്. കേരളത്തിലെ സാമൂഹികാന്തരീക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. ഉയര്‍ന്ന കൂലിയും പൊതുമണ്ഡലത്തില്‍ തൊഴിലാളിവര്‍ഗംഅനുഭവിക്കുന്ന സ്വീകാര്യതയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തെ ഇഷ്ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. സ്വന്തം നാട്ടില്‍ അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗം ജാതി-ജന്മിത്വ-ഫ്യൂഡല്‍ സാമൂഹിക ബന്ധങ്ങളാല്‍ അസ്പൃശ്യത അനുഭവിക്കുന്ന വിഭാഗം, അന്തസ്സും ആത്മാഭിമാന ബോധവുമുള്ള കേരളത്തിലെ സംഘടിത തൊഴിലാളിവര്‍ഗത്തെ അത്ഭുതാദരവോടെയാണ് നോക്കിക്കാണുന്നത്.

അന്തസ്സുള്ള തൊഴിലാളിവര്‍ഗം കേരളത്തില്‍ വളര്‍ന്നുവന്നത് പ്രകൃതി നിര്‍ധാരണത്തിലൂടെയല്ല. പുരോഗമന പ്രസ്ഥാനങ്ങള്‍ ചരിത്രത്തില്‍ നടത്തിയ ഇടപെടലുകളിലൂടെയാണ്. തൊഴിലാളിവര്‍ഗം ശക്തിപ്രാപിക്കുന്നതില്‍ അസഹിഷ്ണുതപൂണ്ട വര്‍ഗം കേരളത്തിലുമുണ്ടായിരുന്നു. അവരാണ് വിമോചനസമരം നടത്തിയത്. "ചാത്തന്‍ പാടം പൂട്ടട്ടെ, ചാക്കോ നാടു ഭരിക്കട്ടെ, തമ്പ്രാനെന്ന് വിളിപ്പിക്കും, പാളേ കഞ്ഞി കുടിപ്പിക്കും" എന്ന് വിമോചന സമരക്കാര്‍ വിളിക്കാന്‍ കാരണം ഇന്നലെവരെ തങ്ങളെ ഓച്ഛാനിച്ച് നിന്നവര്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതോടെ നട്ടെല്ലുള്ളവരായി മാറുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടാണ്. എപ്പോഴൊക്കെ കേരളത്തില്‍ തൊഴിലാളി വര്‍ഗത്തിന് മുന്‍തൂക്കമുള്ള സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട്.

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരിന്റെ പങ്ക് അനിവാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ "കേരള കുടിയേറ്റ തൊഴിലാളി നിയമം" പാസാക്കിയത്. 2010ല്‍ നിലവില്‍ വന്ന ഈ നിയമപ്രകാരം കേരളത്തിന് പുറത്ത് ജനിച്ചുവളര്‍ന്നവരും തൊഴില്‍ ആവശ്യാര്‍ഥം സംസ്ഥാനത്ത് താമസിച്ച് സ്വന്തം നിലയിലോ കരാറുകാരുടെ കീഴിലോ തൊഴില്‍ ചെയ്യുന്ന 18നും 60 നും മധ്യേ പ്രായമുള്ളവര്‍ക്ക് 30 രൂപ രജിസ്ട്രേഷന്‍ ഫീസടച്ച് പദ്ധതിയില്‍ അംഗങ്ങളാകാം. അങ്ങനെ അംഗങ്ങളാവുന്നവര്‍ക്ക് ചികിത്സാ ധനസഹായം, അംഗത്തിന്റെ മക്കള്‍ക്ക് വിദ്യാഭ്യാസഗ്രാന്റ്, മരണാനന്തര ആനുകൂല്യം, ടെര്‍മിനല്‍ ബെനിഫിറ്റ്, ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ സാമ്പത്തികസഹായം തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ ഈ ക്ഷേമപദ്ധതിയിലൂടെ ലഭിക്കും. കേരള നിര്‍മാണത്തൊഴിലാളി ക്ഷേമബോര്‍ഡിനാണ് ഇതിന്റെ നിര്‍വഹണച്ചുമതല.

സാമൂഹിക സുരക്ഷാ പദ്ധതികളില്‍നിന്ന് ഭരണകൂടം പിന്നോക്കം പൊയ്ക്കൊണ്ടിരിക്കുന്ന നവലിബറല്‍ കാലഘട്ടത്തിലാണ് കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന വിപ്ലവകരമായ നിയമനിര്‍മാണം കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ് കൊണ്ടുവന്നത്. എന്നാല്‍ ഈ നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍ സമുക്കിതുവരെ സാധിച്ചിട്ടില്ല. കേരളത്തില്‍ വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിര്‍ബന്ധ രജിസ്ട്രേഷന്‍ നടപ്പിലാക്കണമെന്ന ലേഖകന്റെ നിര്‍ദേശം ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) ല, ഴ, വകുപ്പുകള്‍ പ്രകാരം രാജ്യത്തെ ഏത് പൗരനും രാജ്യത്തെവിടെ താമസിക്കാനും തൊഴില്‍ ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ ആഭ്യന്തര കുടിയേറ്റത്തെക്കുറിച്ച് പഠിച്ച ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷന്‍ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി അവരുടെ സ്വയം സമ്മതപ്രകാരമുള്ള രജിസ്ട്രേഷനുവേണ്ടി ഒരു ഏകജാലക സംവിധാനം കൊണ്ടുവരണമെന്ന് ശുപാര്‍ശ ചെയ്തത്.

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍, സാംക്രമിക രോഗങ്ങളുടെ അപൂര്‍വ സാന്നിധ്യം, ലഹരി വസ്തുക്കളുടെ ഉപയോഗം ഇവയൊക്കെ സാമാന്യവല്‍ക്കരിച്ച് ഇതര സംസ്ഥാനത്തൊഴിലാളികളെ പ്രതിനായകസ്ഥാനത്ത് നിര്‍ത്തി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവര്‍ പൂണൂലും കുടുമയുമില്ലാത്ത പുത്തന്‍ വരേണ്യതയുടെ വക്താക്കളാണ്. അവര്‍ക്ക് ഇതര സംസ്ഥാനതൊഴിലാളികള്‍ തീവ്രവാദികളും ദേശവിരുദ്ധ ശക്തികളുമാണ്. നാട്ടിലെ തൊഴില്‍ നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ചൂഷകവര്‍ഗത്തെക്കുറിച്ച് അവര്‍ ഒന്നും ഉരിയാടില്ല. ജീവിക്കാന്‍ ഗതിയില്ലാത്ത പാവപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെയാകെ ശത്രുപക്ഷത്താക്കി അനാവശ്യ ആശങ്കകള്‍ സൃഷ്ടിച്ച് ആഭ്യന്തര കലാപത്തിന് പോലും ഭാവിയില്‍ കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന തരത്തിലുള്ള വാദഗതികള്‍ അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

*
പ്രേമന്‍ തറവട്ടത്ത് ദേശാഭിമാനി വാരിക

No comments: