Friday, October 18, 2013

ജനസമ്പര്‍ക്കം എന്ന അസംബന്ധനാടകം

അഴിമതിയുടെ പാതാളത്തില്‍ നിന്നുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ അഭിനയപാടവത്തിന് പുതിയ അരങ്ങൊരുക്കാന്‍ നോക്കുകയാണ്. 'ജനസമ്പര്‍ക്കം' എന്നാണ് ഈ അസംബന്ധ നാടകത്തിന് അദ്ദേഹം കണ്ടുപിടിച്ച പേര്. സാമ്പത്തിക തട്ടിപ്പുകാരുടെയും ക്രിമിനല്‍ ഗൂഢസംഘങ്ങളുടെയും അധോലോക രാജാക്കന്മാരുടെയും തലതൊട്ടപ്പനാണു മുഖ്യമന്ത്രി. തന്റെമേല്‍ അടിഞ്ഞുകൂടിയ കളങ്കം മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഈ നാടകം ഇപ്പോള്‍ അരങ്ങേറ്റുന്നത്. പാവങ്ങളായ മനുഷ്യരുടെ ജീവിത ദുരിതങ്ങളെയും നിസഹായതയെയും മുതലാക്കി തന്റെ പ്രതിച്ഛായ നിര്‍മിതിയുടെ സാഹസിക പരീക്ഷണങ്ങള്‍ക്കാണ് അദ്ദേഹം തത്രപ്പെടുന്നത്. സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലും സമ്പൂര്‍ണമായും ഒറ്റപ്പെട്ട ഒരു മുഖ്യമന്ത്രി, ജനങ്ങള്‍ വെറുപ്പോടെയും പുച്ഛത്തോടെയും കാണുന്ന ഒരു മുഖ്യമന്ത്രി ഈ ജനസമ്പര്‍ക്ക നാടകത്തിന് ഇപ്പോള്‍ കര്‍ട്ടന്‍ പൊക്കുന്നത് എന്തിനാണെന്ന് എല്ലാ കേരളീയര്‍ക്കും മനസിലാകും. കോടാനുകോടി രൂപയുടെ അഴിമതി ഇടപാടുകള്‍ക്കു കാര്‍മികത്വം വഹിച്ച ഈ രാജാവ് നഗ്നനാണ്. പട്ടിണിക്കാരുടെ കണ്ണീരും കാത്തിരിപ്പും കൊണ്ട് ഉടയാട നെയ്ത് ആ നഗ്നത മറയ്ക്കാനാണ് കാപട്യത്തിനു കൈയും കാലും വച്ച ഈ സൂത്രശാലിയുടെ ശ്രമം. അത് 'പണ്ടേപോലെ' ഇനി ഒരിക്കലും ഫലിക്കില്ല. ജീവിതയാഥാര്‍ഥ്യങ്ങളുടെ ചൂടും വെളിച്ചവും നെഞ്ചേറ്റിയ കേരളജനത ഈ തട്ടിപ്പിന്റെ കെണിയില്‍ കാത്തുവച്ചിട്ടുള്ള മധുരം പുരട്ടിയ വിഷം വെട്ടിവിഴുങ്ങാന്‍ പോകുന്നില്ല. ആ ജനകീയ ദൃഢനിശ്ചയത്തിന്റെ കരുത്തറിയിക്കാനാണ് എല്‍ ഡി എഫ് ആഹ്വാന പ്രകാരം ആയിരങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ ഉപരോധിക്കുന്നത്. എല്‍ ഡി എഫ് ഉപരോധിക്കുന്നത് ജനങ്ങളെയല്ല; ജനവഞ്ചന കലയും ശാസ്ത്രവുമാക്കിയ മുഖ്യമന്ത്രിയെയാണ്.

ജനസമ്പര്‍ക്ക പരിപാടി അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് ഇതുവരെ പറഞ്ഞുപോന്ന എല്ലാത്തിന്റെയും സമ്പൂര്‍ണ നിഷേധമാണ്. ഏറ്റവും താഴെയുള്ള വില്ലേജ് ഓഫീസുകള്‍ മുഖേന ജനങ്ങള്‍ക്ക് അവരുടെ വീടുകളില്‍ എത്തിച്ചു നല്‍കേണ്ട ചെറിയ ആനുകൂല്യങ്ങള്‍ നിരവധിയുണ്ട്. അവപോലും ലഭ്യമാകണമെങ്കില്‍ മുഖ്യമന്ത്രി എന്ന 'സൃഷ്ടി സ്ഥിതി സംഹാരകന്റെ' തിരുമുമ്പിലെത്തി കാത്തുകെട്ടി നില്‍ക്കണമെന്നാണ് ഈ പരിപാടി കല്‍പ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 14,957 പരാതികളാണത്രെ ഈ മഹാനുഭാവന്റെ തൃക്കൈയാല്‍ തീര്‍പ്പു കാത്തിരിക്കുന്നത്! അവയില്‍ 8430 എണ്ണം ബി പി എല്‍ റേഷന്‍ കാര്‍ഡിനുവേണ്ടിയാണ്. മുഖ്യമന്ത്രിയെ മുഖം കാണിച്ചാല്‍ നടക്കുന്ന കാര്യമാണതെങ്കില്‍ അതു നേരത്തെ നടത്തിക്കൂടായിരുന്നോ? ആ പാവങ്ങളെ ഇക്കാലമത്രയും ബുദ്ധിമുട്ടിലാക്കിയ തലതിരിഞ്ഞ നിബന്ധനകളെല്ലാം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നത്? 1420 അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു സഹായം തേടിയാണ്, 208 എണ്ണം വികലാംഗ സഹായം തേടിയുള്ളത്, വീടും സ്ഥലവും തേടി 1318, ജോലിക്കായി 663, പൊലീസ് സഹായത്തിന് 48, വൈദ്യുതിക്കും വെള്ളത്തിനുംവേണ്ടി 125, വീട്ടു നമ്പറിനായി 34, ഗതാഗത പ്രശ്‌നങ്ങള്‍ - 135, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ 66, ചികിത്സ - 315, മാലിന്യ നിര്‍മാര്‍ജ്ജനം - 54, റോഡ്, കെട്ടിടം - 168, പി എസ് സി - 41, സഹകരണ സംഘങ്ങള്‍ സംബന്ധിച്ച് - 40, സര്‍ട്ടിഫിക്കറ്റുകള്‍ക്കുവേണ്ടി- 34, വായ്പ സംബന്ധിച്ച് - 404, പട്ടയം തേടി - 422, മറ്റ് ആവശ്യങ്ങള്‍ക്കായി - 1038! ഇതിലെ മഹാഭൂരിപക്ഷം കാര്യങ്ങളും മുഖ്യമന്ത്രി തലത്തിലേ കൈകാര്യം ചെയ്യാനാവൂ എന്നു വന്നാല്‍ ഇവിടെ ഭരണസംവിധാനം തകര്‍ന്നു എന്നല്ലേ അര്‍ഥം? മാസങ്ങളായി സര്‍ക്കാര്‍ ഓഫീസുകളെ മുഴുവന്‍ ഈ മാമാങ്കത്തിനുവേണ്ടി മാറ്റി വച്ചത് എങ്ങനെ നീതീകരിക്കപ്പെടും? ഇതിനായി എത്രകോടി രൂപയാണ് ദീവാളികുളിക്കുന്നതെന്നു ചോദിക്കാതിരിക്കാനാവില്ല. ആ കോടികളുണ്ടായിരുന്നെങ്കില്‍ ആയിരക്കണക്കിനു രോഗികള്‍ക്കു ചികിത്സാ സഹായം നല്‍കാമായിരുന്നു.

ഇതിനുമുമ്പു നടന്ന ജനസമ്പര്‍ക്കത്തിന്റെ ബാക്കിപത്രവും പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞകൊല്ലത്തെ സമ്പര്‍ക്കത്തില്‍ ലഭിച്ച 2,47,996 അപേക്ഷകള്‍ ഒരു തീരുമാനവുമില്ലാതെ കുപ്പത്തൊട്ടിയില്‍ കിടക്കുന്നു. 2004 ല്‍ ഇതേ മുഖ്യമന്ത്രിയുടെ സമ്പര്‍ക്ക നാടകത്തില്‍ ഏറ്റുവാങ്ങിയ 54,151 അപേക്ഷകള്‍ കുപ്പത്തൊട്ടിയില്‍പോലും സ്ഥലം കിട്ടാതെ അലയുകയാണ്. അവയുടെ മുകളിലേയ്ക്ക് ഇനിയുമിതാ പതിനായിരക്കണക്കിനു അപേക്ഷകള്‍ ഗതികിട്ടാ പ്രേതങ്ങളായി വന്നുപതിക്കാന്‍ പോകുന്നു. രാജ്യവും ജനങ്ങളും അറപ്പോടെ നോക്കി കാണുന്ന ഒരു മുഖ്യമന്ത്രിയെ വെള്ളപൂശാന്‍വേണ്ടി പൊതുഖജനാവിലെ പണമുപയോഗിച്ചാണ് ഇതെല്ലാം നടക്കുന്നത്. ആര്‍ത്തരും ആലംബഹീനരുമായ ആയിരങ്ങളെയാണ് ഇതിനുള്ള കരുവാക്കുന്നത്. വില്ലേജ് ഓഫീസ് മുതലുള്ള എല്ലാ ഓഫീസുകളെയുമാണ് ഇതിനുവേണ്ടി നിഷ്‌ക്രിയമാക്കുന്നത്. ഇതിന്റെപേര്‍ ജനസമ്പര്‍ക്കമെന്നല്ല; കിരീടം ചൂടിയ ജനവഞ്ചന എന്നാണ്.

*
ജനയുഗം മുഖപ്രസംഗം 18-10-13

1 comment:

മുക്കുവന്‍ said...

അവയില്‍ 8430 എണ്ണം ബി പി എല്‍ റേഷന്‍ കാര്‍ഡിനുവേണ്ടിയാണ്. മുഖ്യമന്ത്രിയെ മുഖം കാണിച്ചാല്‍ നടക്കുന്ന കാര്യമാണതെങ്കില്‍ അതു നേരത്തെ നടത്തിക്കൂടായിരുന്നോ?...

was this cases germinated in this year? was there any govt earlier? why that govt did not solve it? yes, the bureaucracy is the problem!!