Monday, October 28, 2013

ചെ യുടെ ചിത്രത്തിന് നിരോധനമോ

ലോകമെങ്ങും ആദരവോടെ മാത്രം ഉച്ചരിക്കപ്പെടുന്ന നാമമാണ് ഏണസ്റ്റോ ചെ ഗുവേരയുടേത്. ചുവപ്പുകണ്ടാല്‍ വെറിപിടിച്ച് ആക്രമണോത്സുകരാകുന്നവര്‍ വാഴുന്ന നാട്ടില്‍പോലും പോരാട്ടത്തിന്റെയും വിമോചനസ്വപ്നങ്ങളുടെയും ധീരതയുടെയും പ്രതീകമായി ചെ ആദരിക്കപ്പെടുന്നു; സ്മരിക്കപ്പെടുന്നു. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തില്‍ ഉയര്‍ത്തിപ്പിടിച്ച പതാകകളില്‍ ചെ ഗുവേരയുടെ ചിത്രം ആലേഖനം ചെയ്തിരുന്നു. അറേബ്യന്‍ നാടുകളില്‍, അമേരിക്കന്‍ സാമ്രാജ്യത്തെ വെറുക്കുന്നവര്‍ക്ക് ചെ യുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ വിലക്കുകളില്ല. സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ക്യൂബയുടെ സുപ്രീം പ്രോസിക്യൂട്ടറും മന്ത്രിയുമായിരുന്ന ചെ ഗുവേരയെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ഇന്ത്യയില്‍ സ്വീകരിച്ച് ആദരിച്ചതും ചരിത്രം. ലോകജനതയുടെ ഹൃദയങ്ങളില്‍ ഉന്നതസ്ഥാനമലങ്കരിക്കുന്ന ചെ ഗുവേരയുടെ ചിത്രം കോളേജിന്റെ പ്രവേശനകവാടത്തിനരികെ വരച്ചുവച്ചു എന്ന "കുറ്റ"ത്തിന് കുറെ വിദ്യാര്‍ഥികള്‍ക്ക് പഠനാവകാശം നിഷേധിക്കുക; അതിനെതിരെ വിദ്യാര്‍ഥിനേതാക്കള്‍ക്ക് നിരാഹാരസമരം നടത്തേണ്ടിവരിക എന്ന അനുഭവം കേരളത്തിലുണ്ടാകേണ്ടതല്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അത് ഇവിടെ സംഭവിച്ചിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലാണ്, ചെ യുടെ ചിത്രം വരച്ചതിന് എട്ടു വിദ്യാര്‍ഥികള്‍ പുറത്താക്കപ്പെട്ടത്. കോളേജ് മാഗസിന്‍ പ്രകാശനത്തിന്റെ ഭാഗമായാണ് ചിത്രം വരച്ചത്. "ഭീകര തീവ്രവാദി"യായ രാഷ്ട്രീയനേതാവിന്റെ പടം ക്യാമ്പസില്‍ വരച്ചെന്ന കുറ്റമാണ് എട്ടുപേരെ പുറത്താക്കാന്‍ പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള അധ്യാപിക ചുമത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും കോളേജിലെ ഭൂരിഭാഗം അധ്യാപകരും മാനേജ്മെന്റിലെ വലിയവിഭാഗവും ഈ നടപടിയെ അനുകൂലിക്കുന്നില്ല. പക്ഷേ, തെറ്റ് തിരുത്തി പുറത്താക്കപ്പെട്ടവര്‍ക്ക് പഠനാവസരമൊരുക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. വിദ്യാര്‍ഥികളില്‍നിന്ന് പിരിക്കുന്ന സ്പെഷ്യല്‍ ഫീസ് സര്‍വകലാശാലയ്ക്ക് അടയ്ക്കാത്തത് സര്‍വകലാശാല കണ്ടെത്തിയിരുന്നു. അതുന്നയിച്ച് രംഗത്തുവന്ന വിദ്യാര്‍ഥികളെയും വേട്ടയാടാനുള്ള നീക്കമാണ് നടക്കുന്നത്.

കോളേജ് അനിശ്ചിതമായി അടച്ചിട്ടു. പുറത്ത് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നു. ഒമ്പതുദിവസം നിരാഹാരസമരം നടത്തിയ എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറി എം എസ് കിച്ചുവിന്റെ ആരോഗ്യനില വഷളായതോടെ അറസ്റ്റുചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റും കോളേജില്‍നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിയുമായ ഷൈന്‍ദാസാണ് തുടര്‍ന്ന് നിരാഹാരസമരമാരംഭിച്ചത്. സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് കോളേജിന് പുറത്തും ബഹുജനപ്രതിഷേധം ശക്തമാണ്. റോഡ് ഉപരോധിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിനേതാക്കളെ അറസ്റ്റ്ചെയ്തു. കേരള സര്‍വകലാശാല മുന്‍കൈയെടുത്ത് നടത്തിയ അനുരഞ്ജനചര്‍ച്ച മാനേജ്മെന്റിന്റെ പിടിവാശിയില്‍ അലസിപ്പിരിഞ്ഞു.

സമരം സംസ്ഥാനതലത്തിലേക്കു വ്യാപിപ്പിക്കുമെന്നും വിദ്യാര്‍ഥികളെ തിരിച്ചെടുത്താല്‍ മാത്രമേ അവസാനിക്കൂവെന്നും എസ്എഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കാട്ടാക്കട സമരപ്പന്തലിലേക്ക് ദിനേന നടക്കുന്ന അഭിവാദ്യപ്രകടനങ്ങള്‍ സമരത്തിനുള്ള ജനപിന്തുണ വിളിച്ചോതുന്നു. അജ്ഞതയും രാഷ്ട്രീയതിമിരവും മനുഷ്യത്വരാഹിത്യവും സമ്മേളിക്കുന്നതാണ് പിരിച്ചുവിടല്‍ തീരുമാനം എന്ന് ജനങ്ങള്‍ ഒന്നടങ്കം പറഞ്ഞിട്ടും അധികൃതരുടെ കണ്ണുതുറക്കാത്തത് ആശ്ചര്യകരമാണ്്. പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുത്ത് എത്രയുംവേഗം സമരം ഒത്തുതീര്‍പ്പാക്കാനുള്ള ബാധ്യതയില്‍നിന്ന് കോളേജധികൃതര്‍ ഒളിച്ചോടരുത്. അവരെ അതിന് പ്രേരിപ്പിക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാരും നിറവേറ്റണം. ചെ ഗുവേരയുടെ ചിത്രം വരച്ചത് മഹാപരാധമായി കണ്ട് ഇത്തരമൊരു അബദ്ധനടപടിക്ക് ഇറങ്ങിത്തിരിച്ചവര്‍ ചരിത്രം പഠിക്കാനുള്ള വിവേകം ആര്‍ജിച്ചാലേ തിരുത്തലിന് തയ്യാറാകൂ എന്ന് മനസ്സിലാക്കിയുള്ള ഇടപെടലുണ്ടാകണം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: