Friday, October 11, 2013

അതേ, സാനിയ മിര്‍സ ഒരു യാഥാര്‍ഥ്യമാണ്...

സാനിയ മിര്‍സ എന്ന ഹൈദരാബാദുകാരിയുടെ ഇച്ഛാശക്തിയില്‍ ഇന്ത്യന്‍ ടെന്നീസിന്റെ തലവര മാറ്റിയെഴുതപ്പെടുന്നതാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി നാം കാണുന്നത്. ബീജിങ്ങില്‍ നടന്ന വനിതാ ടെന്നീസ് അസോസിയേഷന്‍ ചൈന ഓപ്പണില്‍ സിംബാബ്വെക്കാരി കാരബ്ലാക്കുമൊത്ത് ഡബിള്‍സ് കിരീടം ചൂടിക്കൊണ്ട് 2013 സീസണ് ഷട്ടര്‍ വീഴ്ത്തിയ സാനിയ മിര്‍സ തന്റെ കരിയറില്‍ നിര്‍ണായക വഴിത്തിരിവിലെത്തിയിരിക്കയാണ്. മഹേഷ് ഭൂപതിയുമൊത്ത് ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ തന്റെ ആദ്യവിജയം നേടിയ 2012നെ അപേക്ഷിച്ച് കിരീടങ്ങളുടെ എണ്ണത്തില്‍ ഈ വര്‍ഷം സാനിയ മുന്നിലെത്തി.

ഈ സീസണില്‍ അഞ്ചുതവണ പങ്കാളികളെ മാറ്റേണ്ടിവന്ന സാനിയക്ക് കാരബ്ലാക്കുമായുള്ള മനപ്പൊരുത്തവും കളിപ്പൊരുത്തവും തുടര്‍ച്ചയായി രണ്ടു കിരീടങ്ങളാണ് സമ്മാനിച്ചത്. ബീജിങ്ങിനു മുമ്പുനടന്ന ജപ്പാന്‍ ഓപ്പണിലായിരുന്നു ഈ ഭാഗ്യജോഡിയുടെ ആദ്യ കിരീടം. പരിക്കും ചികിത്സയും ശസ്ത്രക്രിയയുമൊക്കെ സാനിയയുടെ ടെന്നീസ് കരിയറിന്റെ നൈരന്ത്യരത്തിന് ഇടവേള സൃഷ്ടിച്ചെങ്കിലും സെര്‍വുകള്‍ മെച്ചപ്പെടുത്താനും ഫോര്‍ഹാന്‍ഡുകള്‍ ശക്തിപ്പെടുത്താനും കഴിഞ്ഞതിലൂടെ ബേസ്ലൈനില്‍ ഊന്നിനില്‍ക്കുന്ന സാനിയയുടെ ശൈലിക്ക് വിജയങ്ങള്‍ വെട്ടിപ്പിടിക്കാനും കഴിഞ്ഞുവെന്നതാണ് നടപ്പുസീസന്റെ പ്രത്യേകത. ചിലപ്പോള്‍ നിര്‍ഭാഗ്യം നിങ്ങളുടെ വഴി തടഞ്ഞെന്നുവരാം. എന്നാല്‍ കാരബ്ലാക്കുമൊത്ത് കളത്തിലിറങ്ങിയപ്പോഴോക്കെ ഏറ്റവും നല്ല കളി പുറത്തെടുക്കാന്‍ ആയതിലൂടെ വലിയ അവസരങ്ങള്‍ വെട്ടിപ്പിടിച്ചതിന്റെ നിര്‍വൃതിയിലാണ് സാനിയ. ഈ വര്‍ഷം അഞ്ച് പങ്കാളികളെ കൂട്ടുപിടിച്ച സാനിയ അവരില്‍ മൂന്നുപേരുമൊത്ത് കിരീടവിജയം ആഘോഷിച്ചു.

അമേരിക്കയുടെ ബഥാനിമാറ്റേക്ക് സാന്‍ഡ്സ്, ചൈനയുടെ ജിഷെങ്, കാരബ്ലാക്ക് എന്നിവരാണ് സാനിയയുടെ വിജയജോഡിയിലെ ആ കണ്ണികള്‍. ബഥാനിയുമൊത്ത് ബ്രിസ്ബെയ്ന്‍, ദുബായ് കിരീടങ്ങളും ജിഷെങ്ങിനൊപ്പം ന്യൂഹാവ്നിലെ ചാമ്പ്യന്‍ഷിപ്പുമാണ് നേടിയത്. ഡബിള്‍സില്‍ ലോക ഒന്നാംറാങ്കായ കാരയുടെ നെറ്റിലെ വൈദഗ്ധ്യവും ബാക്ക് കോര്‍ട്ടില്‍നിന്നുള്ള സാനിയയുടെ തകര്‍പ്പന്‍ ഷോട്ടുകളും ചേര്‍ന്നപ്പോള്‍ തുടര്‍ച്ചയായ ഒമ്പതു മത്സരങ്ങളിലാണ് അവര്‍ അപരാജിത കുതിപ്പു നടത്തിയത്. ചൈന ഓപ്പണ്‍ സെമിഫൈനലിലാകട്ടെ ലോക ഒന്നാംനമ്പര്‍ കൂട്ടുകെട്ടായ സാറാ ഇറാനി-റോബര്‍ട്ടോ വിന്‍സിമാരെ ഞെട്ടിക്കുകയും ചെയ്തു. അതേ, സാനിയ മിര്‍സ യാത്ര തുടരുകയാണ്. ദശാബ്ദങ്ങളേറെ റാക്കറ്റെടുത്ത കൃഷ്ണന്മാരും അമൃത്രാജ്മാരും ലിയാന്‍ഡര്‍പെയ്സ്, മഹേഷ് ഭൂപതിമാരുമൊക്കെ പുരുഷടെന്നീസിന് നേടിക്കൊടുത്ത പെരുമ കുറഞ്ഞകാലത്തിനുള്ളില്‍ സാനിയ ഒറ്റയ്ക്ക് കൈവരിച്ചതാണ് ചരിത്രം.

ക്രിക്കറ്റിന്റെ സര്‍വാധിപത്യത്തില്‍ മറ്റുകളികളൊക്കെ വീര്‍പ്പുമുട്ടിയ ഇന്ത്യന്‍ കളിമുറ്റത്ത് 19-ാം വയസ്സില്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ എത്തി സാനിയ നടത്തിയ കുതിപ്പ് ഇന്ത്യന്‍ ടെന്നീസിന് നവോന്മേഷവും പുതിയ ഭാവുകത്വങ്ങളും നല്‍കി. വനിതാ ടെന്നീസില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കളിക്കാരിയായ സാനിയ, ലോകോത്തര താരങ്ങളെ മലര്‍ത്തിയടിക്കാനുള്ള പ്രതിഭാശേഷി തന്നിലുണ്ടെന്ന് പലവട്ടം പ്രകടമാക്കി. ഒറ്റപ്പെട്ടയിടങ്ങളിലെ കളി എന്നതില്‍നിന്ന് ഇന്ത്യന്‍ ടെന്നീസിനെ ജനകീയമാക്കിയ പ്രതിഭയാണ് സാനിയ മിര്‍സ. അസാമാന്യമായ ആത്മവിശ്വാസമാണ് സാനിയയുടെ കരുത്ത്. സാനിയയെ ഇന്ത്യന്‍ ടെന്നീസിലെ കുര്‍ണിക്കോവ എന്നു വിശേഷിപ്പിച്ചവരുണ്ട്. കളിമികവുകൊണ്ടല്ല, അന്ന കുര്‍ണിക്കോവയെപ്പോലെ തൊലിവെളുപ്പും അഴകളവുകളും ഒത്തിണങ്ങിയ തരുണീമണി എന്നതുകൊണ്ടാണ് സാനിയയുടെ നേരെ സ്പോര്‍ട്ട്ലൈറ്റുകള്‍ നീങ്ങുന്നതെന്ന് ചിലര്‍ വിമര്‍ശമുയര്‍ത്തി. എന്നാല്‍ വിമര്‍ശങ്ങളുടെ മുനയൊടിച്ചായിരുന്നു സാനിയ റാക്കറ്റില്‍ പ്രഭചൊരിഞ്ഞത്.

സാനിയയുടെ കരുത്തുറ്റ ഗ്രൗണ്ട് സ്ട്രോക്കുകളും റിട്ടേണുകളുമാകട്ടെ ടെന്നീസ് ലോകത്തിന്റെ മനം കവരുകയും ചെയ്തു. ടെന്നീസ് കളിക്കാരി എന്നതിലുപരി ആധുനികത, സ്വാതന്ത്ര്യം, യുക്തിപരത തുടങ്ങിയ പല ഗുണങ്ങളുടെയും മൂര്‍ത്തീമദ്ഭാവമായി സാനിയ മാറിക്കഴിഞ്ഞു. സാമൂഹിക വിധേയത്വവും പരിഹരിക്കാനാവാത്ത പിന്നോക്കാവസ്ഥയും സൃഷ്ടിച്ച് വാര്‍പ്പ് മാതൃകകളെ മറികടന്നുകൊണ്ട് സ്വന്തം പ്രവര്‍ത്തനമണ്ഡലത്തില്‍ സുവ്യക്തമായ മുദ്രപതിപ്പിച്ച മുസ്ലിമാണ് സാനിയ. റാക്കറ്റുകളെ പ്രണയിക്കുന്ന ഇന്ത്യയിലെ കൊച്ചുതലമുറ സാനിയയുടെ നേട്ടമാകുന്നു. അതേ, സാനിയ മിര്‍സ ഒരു യാഥാര്‍ഥ്യമാണ്. ഉയരങ്ങള്‍ തേടി, പുതിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് ആ യാത്ര തുടരട്ടെ.

*
എ എന്‍ രവീന്ദ്രദാസ്

No comments: