Thursday, November 7, 2013

മുസ്ലിം സമുദായം ചിന്തിക്കാന്‍

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം രാജവംശമായ അറയ്ക്കല്‍ സ്വരൂപത്തിന്റെ തലസ്ഥാനമെന്ന നിലയ്ക്കാണ് കണ്ണൂര്‍ മുസ്ലിം ഭൂപടത്തില്‍ ശ്രദ്ധേയമാവുന്നത്. മക്കത്തേക്ക് പോയ ചേരമാന്‍ പെരുമാളിന്റെ സഹോദരി ശ്രീദേവിയുടെ പുത്രന്‍ മഹാബലി എന്ന മുഹമ്മദാലിയാണത്രേ ഈ രാജവംശം സ്ഥാപിച്ചത്. അതിനാല്‍ ഇതിന് മുഗളരോ പേര്‍ഷ്യക്കാരോ ആയ മുസ്ലിം വംശങ്ങളോട് ഒരു ബന്ധവുമില്ല. അറയ്ക്കല്‍ രാജാക്കന്മാര്‍ തികച്ചും കേരളീയരായിരുന്നു. കേരളത്തിലെ സാമൂഹിക ആചാരങ്ങളുടേയും സൂഫീ പ്രബോധനങ്ങളുടേയും പ്രചോദനത്താല്‍ സ്ഥാപിക്കപ്പെട്ട ഒരു മലയാളി രാജവംശം.

മാലി ദ്വീപും ലക്ഷദ്വീപും അടങ്ങുന്ന ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപന്‍മാരായിരുന്നു അറയ്ക്കല്‍ സുല്‍ത്താന്മാര്‍. അറബി ദേശക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതിനാലാവണം അറേബ്യയില്‍ നിന്ന് നേരത്തെ തന്നെ നബി കുടുംബക്കാരായ സയ്യിദ് വംശക്കാര്‍ ഇവിടെ എത്തിയത്. ഇവരെ സമൂഹത്തിലെ ഉന്നത ജാതിക്കാരെ സ്നേഹ പുരസ്സരം വിളിക്കുന്ന തങ്ങള്‍ എന്ന് വിളിച്ചു തുടങ്ങിയതും കണ്ണൂരില്‍ നിന്നാവണം. കാരണം തങ്ങള്‍ എന്ന പേരിലറിയപ്പെടുന്ന ഹൈന്ദവ കുടുംബങ്ങള്‍ കണ്ണൂരില്‍ ഇപ്പോഴുമുണ്ട്. വളപട്ടണത്തെ തങ്ങന്മാര്‍ക്ക് ആതിഥ്യമരുളിയത് അരയന്‍ കുളങ്ങര നായന്മാരായിരുന്നല്ലോ. സാമുദായിക ഐക്യം വിളിച്ചോതുന്ന കലാ രൂപങ്ങളായ മുക്രി തെയ്യവും ആലിത്തെയ്യവുമൊക്കെ കണ്ണൂരിന് സ്വന്തമാണ്.

1521ല്‍ വളപട്ടണത്ത് എത്തിയ അറബ് വംശജനായ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ കാണുന്നത് കോലത്തിരിയും സാമൂതിരിയും പറങ്കികള്‍ക്കെതിരെ പടച്ചട്ടയണിയുന്നതാണ്. തെക്കേ മലബാറില്‍ മഖ്ദൂം തങ്ങന്മാര്‍ സാമൂതിരിക്കൊപ്പം അധിനിവേശത്തിനെതിരെ പോരാടിയപ്പോള്‍ കോലത്തിരി രാജാവിന് ശക്തി പകര്‍ന്നത് വളപട്ടണം തങ്ങന്മാരായിരുന്നു. കണ്ണൂരും പരിസരത്തും ഉള്ള മുസ്ലിം രക്ത സാക്ഷികളുടെ ചരിത്രം അറിയുമ്പോള്‍ മലബാറിലെ കൊളോണിയല്‍ വിരുദ്ധ സമരങ്ങളില്‍ ഏറനാട്ടിലെ മാപ്പിളമാരെപ്പോലെ വടക്കന്‍ മലബാറുകാരും വലിയ പങ്ക് വഹിച്ചതായി കാണാം. കോലത്തിരിയുടെ കീഴില്‍ സമൃദ്ധമായ കോലത്തു നാടിനെ സമ്പന്നമാക്കിയ അറബി ദേശക്കാര്‍ക്ക് സര്‍വ സൗകര്യവും ലഭിച്ചു. മക്കത്തെ പള്ളിക്കൊപ്പിച്ച പള്ളി -മാടായി പള്ളി എന്ന നാടന്‍ പാട്ടിലെ പള്ളി - അറബ് നാട്ടില്‍ പോലും പ്രസിദ്ധമായിരുന്നു. തങ്ങന്മാര്‍ക്ക് പുറമേ കേയിമാര്‍ കോലത്തിരിയുടെ തുറമുഖ വാണിജ്യത്തിന് ചുക്കാന്‍ പിടിച്ചു. പറങ്കികള്‍ക്കെതിരെ പോരടിച്ച് കോലത്തു നാടിന്റെ മാനം കാക്കാനും മുസ്ലിം സമുദായമുണ്ടായിരുന്നു. പാര്‍ശ്വവതക്കരിക്കപ്പെട്ടവന്റെ ചരിത്രം തമസ്കരണത്തിന് വിധേയമായപ്പോള്‍ കണ്ണൂരിലെ മാപ്പിള സമൂഹത്തിന്റെ ചരിത്രവും വിസ്മൃതിയിലായി.

സ്വന്തം താല്പര്യങ്ങള്‍ക്കായി മതത്തെപ്പോലും ഹൈജാക്ക് ചെയ്ത ജന്മിമാരും ഖാന്‍ ബഹാദൂര്‍മാരും സാധാരണക്കാരുടെ വിയര്‍പ്പിന്റെ ചരിത്രം ഒറ്റക്കെട്ടായി തന്നെ കുഴിച്ചു മൂടി. അത് കൊണ്ടാണ് പാവപ്പെട്ട മുസ്ലിങ്ങള്‍ നടത്തിയ അധിനിവേശ വിരുദ്ധ സമരങ്ങള്‍ ചരിത്രം കാണാതെ പോയത്. പോരാട്ടങ്ങള്‍ പോരാട്ടമില്ലാതെ ചരിത്രമില്ല. എത് സമൂഹവും ചരിത്രത്തില്‍ നിറഞ്ഞുനില്ക്കുന്നത് പോരാട്ടങ്ങളിലൂടെയാണ്. കരിവെള്ളൂരും തില്ലങ്കേരിയും പാടിക്കുന്നും നടന്ന കര്‍ഷക സമരങ്ങളാണ് വടക്കേ മലബാറിലെ തൊഴിലാളി വര്‍ഗത്തിന് ചരിത്രമുണ്ടാക്കിക്കൊടുത്തതെങ്കില്‍ അതിനും മുമ്പ് ചരിത്രം കുറിച്ച് കൊടുത്തത് കുഞ്ഞാലി മരക്കാര്‍മാരും കണ്ണൂരിലെ അലി ശഹീദും പട്ടു മരക്കാറും പറങ്കികളാല്‍ കൂട്ടക്കൊല ചെയ്യപ്പെട്ട രാമന്തളിയിലെ പതിനേഴ് രക്ത സാക്ഷികളുമാണ്. ചൂഷണത്തിനെതിരേയുള്ള ഈ സമരങ്ങളെല്ലാം, അവ ആര് സൃഷ്ടിച്ചാലും, തമസ്കരിക്കാനുള്ള ശ്രമങ്ങള്‍ എക്കാലത്തും നടത്തിയിട്ടുണ്ട്. ചൂഷകര്‍ ഏത് സമുദായത്തില്‍പെട്ടവരായാലും അവര്‍ അവഗണിക്കപ്പെടേണ്ടവരാണ്. പറങ്കികളുടെ ഒത്താശക്കാരനായിരുന്ന കോയ പക്കിയും പറങ്കികള്‍ക്കെതിരെ ചോര ചിന്തിയ കുഞ്ഞാലി മരക്കാറും ഒരേ സമുദായക്കാരാണെന്ന് വച്ച് അവരെ ഒന്നായി കാണാന്‍ വയ്യ. ബ്രിട്ടീഷുകാരുടെ സേവകരായ ജന്മിമാരുണ്ടായിരുന്നു; എന്ന് വച്ച് അവരുടെ ക്രൂരതയ്ക്കിരയായ ഹിന്ദു കുടിയാന്മാരെ ഹൈന്ദവതയുടെ പേരില്‍ ഒന്നായി കാണാന്‍ കഴിയില്ല. ഒരു വിഭാഗം മതത്തെ അനുഗമിക്കുമ്പോള്‍ മറു വിഭാഗം മതത്തെ താന്താങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യുകയായിരുന്നു. ചൂഷകര്‍ക്കെതിരെ ഒന്നിക്കാനാണ് ഖുര്‍ആനും ഗീതയും ആഹ്വാനം ചെയ്യുന്നത്. വിശുദ്ധ ഗ്രന്ഥങ്ങളിലെ ധര്‍മ യുദ്ധങ്ങള്‍ ചൂഷകര്‍ക്കെതിരെയായിരുന്നു. ഇക്കാര്യം തന്നെയാണ് ഇവിടെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും നിര്‍വഹിക്കുന്നത്.

ചൂഷണത്തിന് വേണ്ടി നിലക്കൊള്ളുകയും പാവപ്പെട്ടവരെ അവഗണിക്കുകയും ചെയ്യുന്നവരെ മത നിഷേധികള്‍ എന്നാണ് ഖുര്‍ആന്‍ പോലും വിശേഷിപ്പിക്കുന്നത്. നീ മത നിഷേധികളെ കണ്ടുവോ? അനാഥകളെ ദ്രോഹിക്കുന്നവരും അഗതികള്‍ക്ക് അന്നം വിലക്കുന്നവരുമാണവര്‍. (ഖുര്‍ആന്‍/107). അതിനാല്‍ ഒരാള്‍ മതക്കാരനാണോ അല്ലേ എന്ന് നിര്‍വചിക്കുന്നത് അയാള്‍ പാവപ്പെട്ടവരോടുള്ള കടമ നിര്‍വഹിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണ്; പേര് കൊണ്ടല്ല. ഇക്കാര്യത്തില്‍ ക്രിസ്തുവിന്റേയും കൃഷ്ണന്റേയും നബിയുടേയും മാര്‍ക്സിന്റേയും അനുയായികള്‍ ഒരേ വൃത്തത്തിലാണ്. പേരല്ല; പ്രവര്‍ത്തനങ്ങളാണ് ആശയങ്ങളെ വ്യക്തമാക്കുന്നത്.

താന്‍ കമ്യൂണിസ്റ്റാണെന്ന് പറഞ്ഞത് കൊണ്ടോ ഇസ്ലാമാണെന്ന് പറഞ്ഞത് കൊണ്ടോ, ആരും കമ്യൂണിസ്റ്റോ മുസ്ലിമോ ആവുന്നില്ല; പ്രവൃത്തിയാണ് മുഖ്യം. മതവും കമ്യൂണിസവും കമ്യൂണിസം മതത്തിന്റെ ശത്രുവാണെന്ന് ചിലര്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത് സാമ്രാജ്യത്വ ശക്തികള്‍ സ്ഥിരമായി ചെയ്തു വരുന്ന പ്രവൃത്തിയാണ്. പാവപ്പെട്ടവരുടെ സംരക്ഷണത്തിന് വേണ്ടിയാണ് മതങ്ങള്‍ അടിസ്ഥാന പരമായി നില കൊള്ളുന്നത്. കമ്യൂണിസവും അധ്വാനിക്കുന്നവര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നു. മതങ്ങള്‍ ദൈവത്തെക്കൊണ്ടും കമ്യൂണിസ്റ്റുകാര്‍ ദൈവത്തെക്കൂടാതെയും ദരിദ്രര്‍ക്കൊപ്പം നില്ക്കുന്നു. യൂറോപ്പിലെ പൗരോഹിത്യം മുതലാളിമാര്‍ക്കൊപ്പം നിന്ന് പാവങ്ങളെ ചൂഷണം ചെയ്തപ്പോള്‍ കാറല്‍ മാര്‍ക്സ് അതിനെ എതിര്‍ത്തു. ചൂഷകരായ പുരോഹിതന്‍മാരെയും അദ്ദേഹം എതിര്‍ത്തു. പുരോഹിതന്‍മാരെ മുഹമ്മദ് നബിയും എതിര്‍ത്തിട്ടുണ്ട്. ദൈവങ്ങളേയും നബി എതിര്‍ത്തിട്ടുണ്ട്. മാര്‍ക്സിന്റെ വചനങ്ങളിലും മതങ്ങള്‍ വിമര്‍ശന വിധേയമായിട്ടുണ്ട്. എന്നാല്‍ മാര്‍ക്സ് എവിടേയും മതങ്ങളെ നിരാകരിച്ചിട്ടില്ല. മതമായിരുന്നില്ല മാര്‍ക്സിന് വിഷയം. മുതലാളിത്തത്തിനൊപ്പം നിന്ന് തൊഴിലാളികളെ മര്‍ദിച്ചവരെ അദ്ദേഹം എതിര്‍ത്തു. അല്ലാതെ ഒരു മതത്തോടും നിതാന്തമായ ശത്രുത അദ്ദേഹം പുലര്‍ത്തിയില്ല.

തെക്കന്‍ അമേരിക്കയിലെ പാതിരിമാര്‍ ചൂഷണത്തിനെതിരെ നിന്നപ്പോള്‍ അവരെ എംഗല്‍സ് വാഴ്ത്തിയത് കാണാം. റഷ്യയില്‍ മുസ്ലിം നേതാക്കളോടൊപ്പം നിന്നാണ് ലെനിന്‍ വിപ്ലവം നയിച്ചത്. മതക്കാരില്‍ തന്നെ ഏകദൈവക്കാരും ബഹുദൈവക്കാരുമുണ്ട്. അത് പരസ്പര വിരുദ്ധമാണ്. ബഹുദൈവം മഹാപാപമായി മുസ്ലിങ്ങള്‍ കരുതുന്നു. എന്നാല്‍ ബഹുദൈവത്തിലൂടെ തന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മോക്ഷം കാംക്ഷിക്കുന്നു. ഈ ആശയങ്ങളെല്ലാം ഇവിടെ പരസ്പര സൗഹൃദത്തോടെ നില നില്ക്കണം. ചൂഷണത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം.

മുസ്ലിം ലീഗ് 

തലശേരിയിലെ ബ്രിട്ടീഷ് ഭക്തന്‍മാരായ ഏതാനും വക്കീലന്‍മാര്‍ ചേര്‍ന്ന് മുസ്ലിം ക്ലബ്ബുണ്ടാക്കുന്നു. അത് പിന്നീട് മുസ്ലിം ലീഗായി മാറുന്നു. താഴേക്കിടയിലുള്ളവര്‍ക്കൊന്നും അതില്‍ സ്ഥാനമുണ്ടായിരുന്നില്ല. മതത്തിന്റെ മറവില്‍ ലീഗ് ശക്തി പ്രാപിക്കുന്നു. മുസ്ലിം ലീഗ് പിറവിയെടുക്കുന്നത് അങ്ങനെയാണ്. ആദ്യ കാലത്ത് കോണ്‍ഗ്രസും മുസ്ലിം ലീഗുമൊക്കെ സമ്പന്നരുടെ താല്പര്യ സംരക്ഷണമാണ് മുന്നില്‍ വച്ചത്. കാരണം പണമുള്ള രാജ ഭക്തന്‍മാര്‍ക്ക് മാത്രമായിരുന്നു വോട്ടവകാശം. പാവങ്ങള്‍ക്കവിടെ കാര്യമുണ്ടായിരുന്നില്ല. ചതുരംഗക്കളിയും ഹുക്കവലിയും മദ്യ സേവയുമൊക്കെയാണ് ഇവരെ ഒന്നിപ്പിച്ചത്. മുസ്ലിം നവാബുമാരേയും പ്രമാണിമാരേയും കോണ്‍ഗ്രസ് ജന്മിമാരും സവര്‍ണരും അവഗണിക്കുന്നുവെന്ന് പറഞ്ഞാണ് മുസ്ലിം ലീഗുണ്ടാക്കുന്നത്. അതേ സമയം മുസ്ലിം സമുദായത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ക്ക് വേണ്ടിയും ലീഗ് ശബ്ദിച്ചു. ഇതാണ് സമുദായത്തില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കിയത്.

കേരളത്തില്‍ ശുഷ്കമായിരുന്ന ലീഗ് ശക്തി പ്രാപിക്കുന്നത് ബാഫഖി തങ്ങളുടെ വരവോടെയാണ്. തങ്ങള്‍ ലീഗിനെ മട്ടുപ്പാവില്‍ നിന്നിറക്കി സാധാരണക്കാരിലെത്തിച്ചു. തങ്ങളുടെ ആത്മാര്‍ഥതയും വ്യക്തി പ്രഭാവവുമാണ് ലീഗിനെ ബഹുജന പാര്‍ട്ടിയാക്കിയത്. ഇ.എം.എസ് ആദ്യ മന്ത്രി സഭയുമായി വന്നപ്പോള്‍ ലീഗും കോണ്‍ഗ്രസും നയിക്കുന്ന വരേണ്യവര്‍ഗം ഇ.എം.എസിനെ താഴെയിറക്കാന്‍ വിമോചന സമരം നടത്തി. അതിന് മത മേലാളന്‍മാരുടെ സഹായവും കിട്ടി. മതമായിരുന്നു അവരുടെ തുരുപ്പു ശീട്ട്. ജന്‍മിമാരില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന ഭൂപരിഷ്കരണമായിരുന്നു മേലാളന്‍മാരുടെ പേടി സ്വപ്നം. ലീഗിലെ വക്കീല്‍ ലോബിയാണ് പാര്‍ട്ടിയെ വിമോചന സമരത്തിലേക്ക് തള്ളിയത്.

കോണ്‍ഗ്രസിനൊപ്പം ഭരണം പങ്കിടാന്‍ മോഹിച്ചെങ്കിലും തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ബാഫഖി തങ്ങള്‍ക്ക് മനസ്സിലായി. തങ്ങള്‍ ഇ.എം.എസിനെ സമീപിക്കുന്നതും കമ്യൂണിസ്റ്റുകാരുമായി സഖ്യത്തിലാവുന്നതും അങ്ങനെയാണ്. കമ്യൂണിസ്റ്റുകാര്‍ ഇസ്ലാമിന്റെ ശത്രുക്കളാണെന്നും അവരുമായി കൂട്ടുകൂടുന്നതിന്റെ ഫലം നരകമാണെന്നും അതുവരെ പറഞ്ഞതൊക്കെ ലീഗ് വിഴുങ്ങി. ഇ.എം.എസ് സിന്ദാബാദ്, ബാഫഖി തങ്ങള്‍ സിന്ദാബാദ് എന്ന് അനുയായികളെക്കൊണ്ട് നേതാക്കള്‍ വിളിപ്പിച്ചു. ലീഗിനോട് മാന്യത കാണിച്ച ഇ.എം.എസ് അവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം നല്കി. കൂടാതെ മുസ്ലിം സമുദായത്തില്‍ നിന്ന് വേറെയും രണ്ട് പേരെ കൂടി മന്ത്രിമാരായി ഉള്‍പ്പെടുത്തിയ മന്ത്രിസഭയ്ക്കാണ് ഇ എം എസ് 1967ല്‍ രൂപം കൊടുത്തത്. പിന്നോക്ക മുസ്ലിങ്ങള്‍ അധിവസിക്കുന്ന ഏറനാടിന്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കി മലപ്പുറം ജില്ല തന്നെ രൂപീകരിച്ചു. നേരത്തെ ഇ എം എസ് സര്‍ക്കാര്‍ തന്നെ സ്ഥാപിച്ച മെഡിക്കല്‍ കോളജ് വികസിപ്പിച്ചു. നിരവധി സര്‍ക്കാര്‍ സ്കൂളുകള്‍ മലബാറില്‍ സ്ഥാപിച്ചു. ഒപ്പം കാലിക്കറ്റ് യൂണിവേഴ്സിറ്റിയും.

ഭൂപരിഷ്കരണം ലീഗിലെ സമ്പന്നന്‍മാര്‍ക്ക് വിനയായതിനാലാണ് ലീഗ് വീണ്ടും കോണ്‍ഗ്രസ് പാളയത്തിലെത്തുന്നത്. മത പണ്ഡിതന്‍മാരില്‍ ചിലരെ ഭൂപരിഷ്കരണത്തിനെതിരെ രംഗത്തിറക്കി. ജന്മിമാരുടെ ഭൂമി പിടിച്ചെടുത്ത് സ്വന്തമാക്കുന്നത് ഹറാമാണെന്ന് ഈ പണ്ഡിതന്‍മാര്‍ പ്രസ്താവിച്ചു കളഞ്ഞു. പില്ക്കാലത്ത് സമുദായത്തിന് വേണ്ടി ഒന്നും ചെയ്യാതെ കേവലം മന്ത്രി സ്ഥാനം പങ്കുവെയ്ക്കുകയും അധികാരം ആസ്വദിക്കുകയും ചെയ്തതല്ലാതെ പാവപ്പെട്ട മുസ്ലിങ്ങളുടെ ഉന്നതിക്ക് ഒരു താല്പര്യവും ലീഗ് കാണിച്ചില്ല. ബാങ്ക് ഭരണ സമിതികളില്‍ കയറിപ്പറ്റിയതും മലബാറില്‍ വ്യാപകമായി ബാര്‍ ഹോട്ടലുകള്‍ കൊണ്ടു വന്നതുമാണ് കാര്യമായ നേട്ടങ്ങള്‍. വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും കാര്യമായി വര്‍ധിച്ചില്ല. കോണ്‍ഗ്രസിന്റെ കൂടെ നിന്നുകൊണ്ട് എന്തെങ്കിലും നേടിയതായി ലീഗിന് പറയാന്‍ കഴിയില്ല. പിന്നീട് നായനാര്‍ മന്ത്രി സഭയുടെ കാലത്ത് നരേന്ദ്രന്‍ കമ്മീഷനെ പിന്നോക്ക വിഭാഗങ്ങളുടെ അവസ്ഥ പഠിക്കാന്‍ ഏര്‍പ്പാടാക്കി. അതിന്റെ റിപ്പോര്‍ട്ട് വന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്. അത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചില്ല. ലീഗിന് വഴങ്ങേണ്ടി വന്നു. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ ലീഗ് തിക്ത ഫലം അനുഭവിച്ചു. മലപ്പുറം ജില്ലയില്‍ പോലും ലീഗിന് പരാജയം സഹിക്കേണ്ടി വന്നു. എല്‍ ഡി എഫാവട്ടെ മുസ്ലിം മേഖലകളില്‍ ഉന്നത വിജയം കൊയ്തു. പക്ഷേ പിന്നീട് മതത്തിന്റെ പേരില്‍ തന്നെ ലീഗ് രംഗത്തിറങ്ങി. കമ്യൂണിസം മതത്തിനെതിരാണെന്ന പഴയ പ്രചാരണം ഏറ്റെടുത്തു. ഒപ്പം സമുദായ ഐക്യവും തുരുപ്പു ശീട്ടാക്കി. പാഠപുസ്തകങ്ങള്‍ കത്തിച്ചും പള്ളികള്‍ രാഷ്ട്രീയ കേന്ദ്രങ്ങളാക്കിയും വര്‍ഗീയ പാര്‍ട്ടികളെ കൂട്ടു പിടിച്ചും ആക്രമണോത്സുകമായ നീക്കമാണ് ലീഗ് നടത്തിയത്. ഇടത് ഭരണം മുസ്ലിം പിന്നോക്കാവസ്ഥ മാറ്റാന്‍ വേണ്ടി കൊണ്ടു വന്ന പരിഷ്കരണങ്ങളെ മുസ്ലിം ലീഗ് അട്ടിമറിച്ചു. സമുദായത്തിലെ ഏറ്റവും ദുര്‍ബല വിഭാഗമായ മദ്രസാധ്യാപകര്‍ക്ക് വേണ്ടി കൊണ്ടു വന്ന പെന്‍ഷന്‍ പദ്ധതി പോലും എതിര്‍ത്ത് തോല്പിച്ചില്ലേ?

ഇപ്പോള്‍ ഹൈന്ദവ വര്‍ഗീയതയെക്കുറിച്ചാണ് മുസ്ലിം ലീഗ് സംസാരിക്കുന്നത്. മോഡി വരുന്നേ എന്ന് പേടിപ്പിച്ച് സമുദായത്തെ ഒന്നിപ്പിക്കുകയാണ്. ഹൈന്ദവ വര്‍ഗീയത വളര്‍ത്തുകയല്ലാതെ അതിനെതിരെ എന്ത് നീക്കമാണ് ലീഗ് നടത്തുന്നത്? പലേടത്തും സിപിഐ എമ്മിനെ എതിര്‍ക്കാന്‍ ബിജെപിയുമായി കൂട്ടൂകൂടി.. കോലീബീ സഖ്യത്തിന്റെ കഥ പറഞ്ഞ് നീട്ടുന്നില്ല. സമുദായത്തെ വര്‍ഗീയതയ്ക്ക് മുമ്പില്‍ എറിഞ്ഞുകൊടുത്ത് അധികാരം ആസ്വദിക്കാനാണ് പാര്‍ട്ടി തുനിഞ്ഞത്. ഹൈന്ദവ വര്‍ഗീയതക്കെതിരെ മരണം വരിക്കുന്ന സിപിഐ എമ്മിനെയാണോ ലീഗിനേയാണോ സമുദായം ഏറ്റെടുക്കേണ്ടത്? ബി.ജെ.പിയുമായി സഖ്യം ചെയ്തിട്ടില്ല എന്ന് ലീഗിന് വാ തുറന്ന് പറയാനൊക്കുമോ? ബേപ്പൂരില്‍ ഹംസക്കയെ തോല്പിക്കാന്‍ ബി.ജെ.പിക്കാര്‍ക്ക് വേണ്ടി മന്ത്രച്ചരടും കെട്ടി നടന്നത് കേരള ജനതയ്ക്ക് മറക്കാനാവുമോ?

ഈ ഭരണത്തില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ലീഗ് ചെയ്തതെന്താണ്? അഞ്ച് മന്ത്രിമാരെ കൊണ്ടു വന്നു എന്നായിരിക്കും അവകാശ വാദം. അഞ്ച് പേര്‍ക്കും സിന്ദാബാദ് വിളിച്ച് വെയില് കൊള്ളുകയല്ലാതെ പാവപ്പെട്ടവര്‍ക്ക് എന്ത് നേട്ടം? മലയോരത്തും തീര ദേശത്തുമുള്ളവര്‍ക്കായി ഇടത് മുന്നണി കൊണ്ടുവന്ന പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാവാനുണ്ട്. മത്സരപ്പരീക്ഷകള്‍ക്ക് വേണ്ടി തുറന്ന കേന്ദ്രങ്ങള്‍ അടച്ച് പൂട്ടിയിരിക്കയാണ്. ഇഫ്ലു കേമ്പസ് എന്ന പേരില്‍ ഉമ്മാക്കി കാട്ടിയിട്ട് വല്ലതുമായോ? അലിഗഡ് കേമ്പസിന്റെ നാലയലത്തേക്ക് പോലും ഇഫ്ലു എത്തുകയുമില്ല. അലിഗഡ് കേമ്പസിന് തന്നെ എന്തെങ്കിലും ചെയ്യാന്‍ യു.ഡി.എഫിന് കഴിയുന്നുണ്ടോ? കേമ്പസിന്റെ പേരില്‍ കോണ്‍ഗ്രസും ലീഗും പകിട കളിക്കുകയാണ്. കലിക്കറ്റ് കേമ്പസില്‍ ഒരു അറബി പഠന കേന്ദ്രത്തിന് ഇടത് ഭരണം പദ്ധതി തയ്യാറാക്കിയിരുന്നു. അതെവിടെയെങ്കിലുമെത്തിയോ? വിദ്യാഭ്യാസ കാര്യത്തില്‍ മലബാര്‍ മേഖലയില്‍ കൂടുതല്‍ കോളേജുകളും കോഴ്സുകളും നല്കണമെന്ന പാലൊളികമ്മറ്റിയുടെ ശുപാര്‍ശ നടപ്പിലാക്കിയത് നല്ലത് തന്നെ. പക്ഷേ പാവപ്പെട്ടവരുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി ഇടതുമുന്നണി ആവിഷ്കരിച്ച പദ്ധതികളെപ്പറ്റി യുഡിഎഫ് മിണ്ടുന്നില്ല. അതിന് പാലൊളി കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ വായിച്ച് നോക്കണം.

ഗള്‍ഫുകാരുടെ കഴുത്തില്‍ പിടിച്ച് മുറുക്കുന്നതില്‍ കേമന്മാരാണ് ലീഗുകാര്‍. റിലീഫിന് വേണ്ടി പിരിക്കുന്ന കോടികള്‍ മുതല്‍ കൂട്ടുകയാണ്. സാധാരണ ഗള്‍ഫുകാരുടെ പുനരധിവാസത്തിന് ഇടത് മുന്നണി കൊണ്ടുവന്ന പദ്ധതികളൊക്കെ മുക്കിക്കളഞ്ഞില്ലേ? ലീഗ് ഇപ്പോഴും പ്രതിനിധാനം ചെയ്യുന്നത് സാമ്രാജ്യത്വ ഭക്തിയേയാണ്. അമേരിക്കയുടേയും ഇസ്രായേലിന്റേയും നീക്കങ്ങളെ പാര്‍ട്ടി കണ്ണടച്ചനുസരിക്കുന്നു. മൊസാദും, സിഐഎയും കൂടി മുസ്ലിങ്ങളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുമ്പോള്‍ പാര്‍ട്ടിക്കൊന്നും ചെയ്യാനാവുന്നില്ല. ജയിലില്‍ കഴിയുന്ന നിരപരാധികളെ മോചിപ്പിക്കുന്നതിന് ലീഗല്ല; സിപിഐ എമ്മാണ് മുന്നോട്ടുവന്നത്. ഇസ്രായേലുമായുള്ള ബാന്ധവം അവസാനിപ്പിക്കണമെന്ന് ശിഹാബ് തങ്ങള്‍ പറഞ്ഞപ്പോള്‍ അത് വിഴുങ്ങിക്കളയുകയാണ് പാര്‍ട്ടി ചെയ്തത്. പണ്ടും ലീഗ് സാമ്രാജ്യത്വത്തിന്റെ പക്ഷത്താണ്. സാമ്രാജ്യത്വത്തിന് എതിരെ പൊരുതിയ അബ്ദുറഹ്മാന്‍ സാഹിബിനെ കാഫറെന്ന് വിളിച്ച് മതത്തില്‍ നിന്ന് പുറത്താക്കിയതും കല്ലെറിഞ്ഞതും ലീഗുകാരാണ്. ലീഗിനെ പേടിച്ച് കോണ്‍ഗ്രസ് പോലും ആ മഹാനുഭാവനെ അനുസ്മരിക്കുന്നില്ല. അതും സിപിഐ എമ്മിന് ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നു. അന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പട പൊരുതുമ്പോള്‍ അതിനെ പരിഹസിച്ച് ലീഗുകാരെഴുതിയ പാട്ടൊന്ന് കേള്‍ക്കണേ&വലഹഹശു ഇന്ത്യാ എന്ന പതിക്ക് സ്വയം ഭരണം കിട്ടാനാശിച്ചെന്തിനെടോ വഴക്കിന് പോണിക്കാലത്ത് ഇത്രയും മര്യാദക്കെന്നെന്നും ഇന്നാട് ഭരിക്കുവാന്‍ ഇത്തരം നല്ലൊരു മന്നവനുണ്ടോ ലോകത്ത് തന്ത്രമാണിത് ഗാന്ധി പറഞ്ഞൊരു മന്തിരം കേട്ട് നടക്കണ്ടാ തപ്പില് കടലത് കോരീട്ട് ഉപ്പ് കുറുക്കി നടക്കണ്ടാ ഹന്ത വിധം ഖദര്‍ വസ്ത്രവും ബഹു തൊന്തരവാണതുടുക്കണ്ട അങ്ങനെ മദ്ദിയ ഷാപ്പുകള്‍ പിക്കറ്റത് ചെയ്ത് നടക്കണ്ടാ.

ബ്രിട്ടീഷുകാരുടെ അപ്രീതി ഭയന്ന് മാപ്പിള സമരങ്ങളെ പറ്റി മൗനം പൂണ്ട ലീഗിനോടും കോണ്‍ഗ്രസിനോടും സഖാവ് എ.കെ.ജി ചോദിച്ചത് കേള്‍ക്കുക:

"ഇരുപത്തഞ്ച് വര്‍ഷം മുമ്പ് നമ്മുടെ പാവപ്പെട്ട സമൂഹത്തില്‍ നിന്ന് ഒരു സാധാരണ മുസ്ലിമായ ആലി മുസ്ലിയാര്‍ ബ്രിട്ടീഷ് ഭരണത്തിനും, അനീതിക്കും, അടിമത്തത്തിനും എതിരെ കേരളത്തില്‍ ഒരു മഹാ സമരം നടത്തി. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, നിശ്ചയ ദാര്‍ഢ്യവും ധൈര്യവും ആരെങ്കിലും അവകാശപ്പെടു ന്നുണ്ടെങ്കില്‍ അത് ധൈര്യ ശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിം കര്‍ഷകരാണ്. അവര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കുകളേയും പീരങ്കികളേയും ധൈര്യപൂര്‍വം എതിരിട്ടു. അതൊക്കെ അവര്‍ പുല്‍ക്കൊടിയായി കണ്ടു. നമ്മുടെ ഈ മാപ്പിള സഹോദരന്‍മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാകുക? (മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും)

ഇപ്പോഴിതാ പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറയ്ക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. എന്തിനാണ് ഇവര്‍ ശരീഅത്തിനെ ഇങ്ങനെ അപായപ്പെടുത്തുന്നത്? ശരീഅത്തിന്റെ മേല്‍ പുരുഷ വിഭാഗം നടത്തിയ കടന്നാക്രമണത്തിന്റെ ഫലമായി കെട്ടിപ്പടച്ചതാണ് പേഴ്സണല്‍ ലോ. ഇത് ശരീഅത്തിനെ യഥാവിധി ഉള്‍ക്കൊള്ളുന്നില്ല. ശരീഅത്ത് സ്ത്രീകളെ ബഹുമാനിക്കുന്നു. പേഴ്സണല്‍ ലോ അവരെ അപമാനിക്കുന്നു. പെണ്ണിന്റെ സമ്മതമില്ലാതെ കല്യാണം നടത്താന്‍ ശരീഅത്ത് സമ്മതിക്കുന്നില്ല. പക്വത വന്ന സഹോദരിമാര്‍ക്കേ സമ്മതം കൊടുക്കാന്‍ പറ്റൂ. നാട്ടാചാരങ്ങളെ സ്വീകരിച്ച് ശൈശവ വിവാഹവും അറബിക്കല്യാണവുമൊക്കെ നടത്തുന്നത് ശരീഅത്തിന്റെ പേരില്‍ കെട്ടി വയ്ക്കാന്‍ ഉദ്ബുദ്ധരായ മുസ്ലിം ജനത സമ്മതിക്കില്ല. തോന്നിയ പോലെ കെട്ടാനും മൊഴി ചൊല്ലാനും ശരീഅത്ത് അനുവദിക്കുന്നില്ല. ഇതൊക്കെ പേഴ്സണല്‍ ലോയിലൂടെ ഒപ്പിച്ചെടുത്തിരിക്കയാണ് ചൂഷകരായ പ്രമാണിമാര്‍. അനാഥകളേയും അഗതികളേയും സംരക്ഷിക്കാത്തവന്‍ മുസല്‍മാനേ അല്ല എന്ന ശരീഅത്തിന്റെ ഭാഗങ്ങളൊക്കെ പേഴ്സണല്‍ ലോയില്‍ നിന്ന് മുസ്ലിം മുതലാളിത്തവും ബ്രിട്ടീഷുകാരും കൂടി പറിച്ചെറിഞ്ഞിരിക്കയാണ്. സ്ത്രീധനം ശരീഅത്തിലെവിടേയും പറഞ്ഞിട്ടില്ല. വിവാഹ പ്രായം പതിനാറാക്കാനും വ്യവസ്ഥയില്ല. എത്രയോ പെണ്‍കുട്ടികള്‍ സ്ത്രീ ധനം കൊടുക്കാനില്ലാതെ പുര നിറഞ്ഞ് കണ്ണീര് കുടിക്കുന്നു. ഈ മേലാളന്മാര്‍ക്കെന്താ കണ്ണീരു വരാത്തത്? ഇവര്‍ ശരീഅത്തിനെ മുതലാളിമാര്‍ക്കും പെണ്ണ് കെട്ട് വീരന്മാര്‍ക്കും വില്ക്കുകയാണ്. മുസ്ലിം ലീഗ് ഇവിടെയൊക്കെ മൗനം ഭജിക്കുന്നു.

സമുദായം തീരുമാനിക്കട്ടെ

മുസ്ലിം സമുദായം അവരുടെ ഭാവിയെ കുറിച്ച് തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. മതപരമായി അവര്‍ ഒന്നിച്ചു നില്ക്കുന്നത് മതപരമായ വ്യക്തിത്വ സംരക്ഷണത്തിന് ആവശ്യമായിരിക്കും. അതിനെ വര്‍ഗീയമായി ഉപയോഗിക്കാത്തിടത്തോളം കാലം ആരും എതിര്‍ക്കേണ്ടതില്ല. മത സംഘടനകള്‍ അബല മന്ദിരങ്ങളും പള്ളികളും സ്ഥാപിച്ച് അവരുടെ ചുമതല നിര്‍വഹിക്കുന്നു. മതപരമായ ആവശ്യങ്ങള്‍ അവര്‍ ഭരണാധികാരികളുടെ മുന്നിലെത്തിക്കുകയും ചെയ്യുന്നു. പക്ഷേ, രാഷ്ട്രീയ രംഗത്ത് മുസ്ലിം സമുദായം മതേതര പാര്‍ട്ടികളുമായി സഹകരിച്ച് മുന്നോട്ട് പോകണം. എങ്കിലേ പൊതു രംഗത്ത് വിവിധ സമുദായങ്ങളുമായി ഐക്യപ്പെടാനും അവകാശങ്ങള്‍ സഹകരണത്തോടെ നേടുവാനും സാധിക്കൂ.

പിന്നോക്ക വിഭാഗങ്ങളേയും അവശരേയും ഒന്നായി കാണാനും സമുദായത്തിന് കഴിയണം. സമുദായം നേടിയെടുത്ത കാര്യങ്ങള്‍ എല്ലാ വിഭാഗങ്ങളുമായും പങ്ക് വയ്ക്കാനും സമുദായത്തിന് കഴിയണം. ഈ കൂട്ടായ്മ സാധ്യമാക്കാന്‍ മതേതര പാര്‍ട്ടികളുമായി സഹകരിക്കുകയാണുവേണ്ടത്. ഈ സമ്മേളനം തന്നെ അതിന് മികച്ച തെളിവാണ്. രാജ്യത്ത് മുസ്ലിങ്ങള്‍ ഏറ്റവും കൂടുതലായി തന്നെ അവഗണന അനുഭവിക്കുന്നവരാണ്. അവരിലെ ഒരു ശതമാനം വരുന്ന വരേണ്യ വര്‍ഗത്തെ വച്ചുകൊണ്ട് സമുദായത്തെ വിലയിരുത്താനാവില്ല. കേരളത്തിലെ മുസ്ലിങ്ങളെ മുന്നില്‍ വച്ച് ഇന്ത്യന്‍ മുസ്ലിങ്ങളെ വിലയിരുത്താനും കഴിയില്ല. സമുദായം ഒറ്റപ്പെട്ട് നില്ക്കുന്നത് പലപ്പോഴും വര്‍ഗീയതയിലേക്കും സാമുദായികതയിലേക്കും കൂടി നയിക്കുമെന്ന് ഓര്‍ക്കണം. അതാണ് ലീഗില്‍ നിന്ന് തീവ്രവാദ പാര്‍ട്ടികളും ഗ്രൂപ്പുകളും ഉടലെടുക്കാന്‍ കാരണം.

പല കാരണങ്ങള്‍ കൊണ്ടും മത സൗഹൃദവുമായി രാജിയാവാന്‍ ലീഗിന് കഴിയാതെ പോവുന്നതും തീവ്രവാദ ഗ്രൂപ്പുകളുമായും അവരുടെ ആശയങ്ങളുമായും രാജിയാവേണ്ടി വരുന്നതും മത നിരപേക്ഷത ഉള്‍ക്കൊള്ളാത്തത് മൂലമാണ്. പാരമ്പര്യത്തിന്റെ പാട്ട് പാടിയിട്ട് ഇനി കാര്യമില്ല. പഴയത് പോലുള്ള നിസ്വാര്‍ഥരായ നേതാക്കളെ വളര്‍ത്തിക്കൊണ്ട് വരാന്‍ ലീഗിന് കഴിയാതെ വന്നിരിക്കുന്നു. സാമുദായിക പാര്‍ട്ടികള്‍ മുതലാളിത്തത്തിന്റേയും സാമ്രാജ്യത്വത്തിന്റേയും പിടിയിലമര്‍ന്നതുകൊണ്ട് ദരിദ്ര വിഭാഗത്തിന്റെ മോക്ഷം അവര്‍ കാണുന്നില്ല. തീരപ്രദേശങ്ങളിലും മലയോരങ്ങളിലും തീവ്രവാദവും വര്‍ഗീയതയും കാലുറപ്പിക്കുന്നത് കൂടി നാമറിയാതെ പോവരുത്. പാവപ്പെട്ട മുസ്ലിം സമുദായാംഗങ്ങള്‍ തീവ്രവാദങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയും അവര്‍ മഹാ വിപത്തുകളില്‍ പെടുകയും ചെയ്യുന്നത് പലപ്പോഴും സാമുദായികതയുടെ അതിപ്രസരം കൊണ്ടാണ്. ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന സാമ്രാജ്യത്വ വിരോധവും ദരിദ്രരുടെ ക്ഷേമവും ഉറപ്പു വരുത്താന്‍ ന്യൂനപക്ഷങ്ങള്‍ അവരുടെ പിന്നില്‍ അണിനിരക്കണം.

ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തിക ക്ഷേമത്തിന് പുറമേ സാമൂഹികവും സാംസ്കാരികവുമായ പ്രത്യേകതകളുള്ളതുകൊണ്ട് അത് സംരക്ഷിച്ച് കൊടുക്കാന്‍ കഴിഞ്ഞ ഭരണത്തില്‍ ചെയ്തത് പോലെ ഇടതുപക്ഷത്തിന് പ്രത്യേക പദ്ധതികളാവിഷ്കരിക്കാവുന്നതുമാണ്. സാമുദായിക രാഷ്ട്രീയ പാര്‍ട്ടികളില്‍ അള്ളിപ്പിടിച്ച് മതനിരപേക്ഷതയെ അവഗണിക്കുമ്പോള്‍ അത് തീവ്രവാദത്തിലേക്കുള്ള മാര്‍ഗം തെളിക്കലാവും. തങ്ങളുടെ ബുദ്ധി പരമായ സംഭാവനകള്‍ സമൂഹത്തിന് സമര്‍പ്പിക്കാന്‍ നല്ല മാര്‍ഗം മത നിരപേക്ഷതയുമായി കൈ കോര്‍ക്കലാണ്. മതമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടാനും ഇതാവശ്യമാണ്. രാജ്യത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മറ്റ് സമുദായങ്ങളോടൊപ്പം നില്ക്കുമ്പോള്‍ മാത്രമാണ് സമുദായത്തിന് മുന്നോട്ടെത്താന്‍ കഴിയുക. അതിനാവശ്യമായ വിദ്യാഭ്യാസവും സാമ്പത്തിക മുന്നേറ്റവും സമുദായം ആര്‍ജിക്കുന്നുണ്ട്. ഈ നേട്ടങ്ങള്‍ ബഹു സ്വര സമൂഹത്തിന് സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് സമുദായത്തിന്റെ അന്തസ്സ് സംരക്ഷിക്കാനാവുക. അതാണ് രാജ്യത്തോടും സമൂഹത്തോടും സമുദായത്തിന് ചെയ്യാനുള്ളതും.

*
ഹുസൈന്‍ രണ്ടത്താണി ചിന്ത 01-11-2013

4 comments:

prachaarakan said...

ഇസ്‌ലാമും കമ്മ്യൂണിസവും എന്ന രചനയും ഹുസൈൻ രണ്ടത്താണിയുടെ തന്നെയായിരുന്നു.. ഇവിടെ അദ്ധേഹം മാർക്സ് മതത്തെ എതിർത്തിട്ടില്ലെന്ന് പറയുന്നു. ഇടത് പക്ഷത്തിന്റെ പിന്തുണക്കായി ചരിത്ര സത്യങ്ങളിൽ വെള്ളം ചേർക്കുന്നത് ഒരു ചരിത്രകാരനെ സംബന്ധിച്ച് അനുചിതമാണ്.. മറ്റുള്ള കാര്യങ്ങളോട് യോജിക്കുന്നു

Unknown said...

സത്യം പരയാൻ പക്ഷം ചേരണമെന്നില്ലല്ലോ. പണ്ട് ഓമാനൂർ മുഹമ്മദ്‌ ലീഗ് വിരുദ്ധനായിരുന്ന കാലത്ത് സമുദായത്തിന് വേണ്ടി ലീഗ് ഒന്നും ചെയ്തിട്ടില്ലെന്ന് വാദിച്ചപ്പോൾ സെമിനാറിലെ മോഡരേറ്റരായിരുന്ന രണ്ടത്താണി 'ഞാൻ പഠിപ്പിക്കുന്നത് ലീഗിന്റെ കൂടി പരിഗണന കൊണ്ടല്ലേ' എന്ന് മറുപടി കൊടുത്ത് ചര്ച്ച 'നിയന്ത്രിച്ചത്' ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം ഈ പറഞ്ഞ വിഷയങ്ങളിൽ സമുദായത്തിന്റെ ചിന്ത ഉണരേണ്ടതുണ്ടോ ഇല്ലേ എന്നത് വേറെ വിഷയം. രാഷ്ട്രീയ കുപ്പായം ഇട്ടെന്ന് തോന്നുമ്പോഴേക്കും ചിലത് മറക്കുന്നതും മാറിപ്പറയുന്നതും സമുദായത്തെ പോരാട്ടത്തിലേക്ക് ക്ഷണിക്കുന്നവർക്ക് ക്ഷന്തവ്യമല്ല. ഈ കമന്റ് ഇങ്ങനെ കുറിക്കേണ്ടി വന്നു എന്ന് വെച്ച് ഈ കുറിപ്പുകാരാൻ ലീഗിനെ കൊള്ളുന്നവനല്ല തന്നെ. ഓരോ ട്വിസ്റ്റുകൾ പിറക്കുന്ന കോലമേ...!

Unknown said...

ആഗ്രഹങ്ങൾ ഒരു മനുഷ്യനെ എവിടെയെല്ലാം കൊണ്ടെത്തിക്കും എന്നതിന്റെ പുതിയ ഉദാഹരണമാണ് രണ്ടാതനിയുടെ പുതിയ ചിന്തകള്.

Unknown said...

ഒരു സമൂഹത്തിൻറ ഭരണം അത് ജനാതിപത്യ വ്യവസ്ഥയാണ് എൻകിൽ അവിടെ ആര് ഭരിക്കണമെന്ന് തീരുമാനിക്കണ്ടത് ജനങ്ങളല്ലെ ഭരണം എന്നത് ഏതെങ്കിലും മതക്കാർക്ക് വേണ്ടിയല്ലല്ലോ.അപ്പോൾ ഭരിണാധികാരിയെ തിരഞ്ഞെടുക്കാൻ വേണ്ടി ഏത് രാഷ്ടീയവും സ്വീകരിക്കാമോ?