Wednesday, November 6, 2013

നേതാവല്ല, നീതിയാണ് ഇന്ന് ആവശ്യം

ചാള്‍സ് ഡിക്കന്‍സിനോട് ഉചിതമായ വിധത്തില്‍ മാപ്പ് രേഖപ്പെടുത്തിക്കൊണ്ട്, ""രണ്ട് ഇന്ത്യകളുടെ കഥ"" പറയേണ്ട സമയം സമാഗതമായിരിക്കുന്നു. ""രണ്ട് നഗരങ്ങളുടെ കഥ"" എന്ന ഡിക്കന്‍സിന്റെ നോവലിന്റെ തുടക്കം ഭയചകിതമാംവിധം സമകാലിക സ്വഭാവത്തോടുകൂടിയുള്ളതാണ്. അദ്ദേഹം ആരംഭിക്കുന്നത് ഇങ്ങനെയാണ്: ""അത് ഏറ്റവും നല്ല കാലമായിരുന്നു; ഏറ്റവും മോശപ്പെട്ട കാലവുമായിരുന്നു. അത് വിവേകത്തിന്റെ കാലമായിരുന്നു; വിഡ്ഢിത്തത്തിന്റെ കാലവുമായിരുന്നു; അത് വിശ്വാസത്തിന്റെ കാലഘട്ടമായിരുന്നു; അവിശ്വാസത്തിന്റെ കാലഘട്ടവുമായിരുന്നു; അത് പ്രകാശത്തിന്റെ കാലമായിരുന്നു; അത് അന്ധകാരത്തിന്റെ കാലവുമായിരുന്നു. അത് പ്രത്യാശയുടെ വസന്തമായിരുന്നു; അത് നിരാശയുടെ ശൈത്യകാലവുമായിരുന്നു...""

""നാമോ രാഗ""ത്തിന്റെ ഉച്ചസ്ഥായിയിലുള്ള അപശബ്ദം, നമ്മുടെ അത്യന്തം ദുര്‍ബലമായ സാമൂഹ്യസ്വരലയത്തെ വീണ്ടും കൂടുതല്‍ അപകടത്തിലേക്ക് കൊണ്ടെത്തിക്കുകയാണ്-ഇന്നത്തെ സമൂഹത്തിന്റെ അടിത്തട്ടിലുള്ള യാഥാര്‍ത്ഥ്യങ്ങളെ അപകടകരമാംവിധത്തില്‍ അവഗണിച്ചുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ആറുകൊല്ലംമുമ്പ് ഇന്ത്യാ-അമേരിക്കന്‍ ആണവക്കരാറിനെതുടര്‍ന്ന് ഇന്ത്യയ്ക്ക് വേണ്ടത്ര വൈദ്യുതി മിച്ചമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. അത്തരമൊരു കരാര്‍ ജനങ്ങളുടെ തലയില്‍ കെട്ടിയേല്‍പിച്ച ഒന്നാം യുപിഎ ഗവണ്‍മെന്റ്, അന്ന് ഇടതുപക്ഷം പുറത്തുനിന്ന് നല്‍കിക്കൊണ്ടിരുന്ന പിന്തുണ നിരസിച്ചു. അങ്ങനെ അധികാരത്തിന്റെ കൊള്ള മുതല്‍ കൈക്കലാക്കുന്നതിനുവേണ്ടി രണ്ടാം യുപിഎ ഗവണ്‍മെന്റിനെ ""മോചിപ്പിച്ചെടുത്തു"". എന്നാല്‍ ഒരൊറ്റ യൂണിറ്റ് ആണവ വൈദ്യുതിപോലും അവര്‍ക്ക് അധികം ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞതുമില്ല. പക്ഷേ അത് അഴിമതിയുടെ ആണവശൃംഖലാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഇന്ന് അതിന്റെ വേഗത വര്‍ദ്ധിച്ചുവര്‍ദ്ധിച്ച്, എല്ലാം കൈവിട്ടുപോകുന്നവിധത്തില്‍ ""എസ്കേപ്പ് വെലോസിറ്റി""യില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.

സമൂഹത്തിന്റെ അടിത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്, ഇതേവിധത്തില്‍ ഒട്ടുംതന്നെ ഉല്‍ക്കണ്ഠ കാണിക്കാത്ത ബിജെപിയാകട്ടെ, തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ആവേശത്തോടുകൂടി വിപണനംനടത്തിക്കൊണ്ടിരിക്കുകയാണ്. അവരുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിക്കുവേണ്ടിയുള്ള പ്രചരണച്ചെലവിന്റെ ബജറ്റ് 80 കോടി രൂപയുടേതാണ്. അതിനുപുറമെ അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രചരണത്തിനുവേണ്ടി ഡിജിറ്റല്‍ മാധ്യമങ്ങളില്‍ അവര്‍ 150 കോടി രൂപയും 20 കോടി രൂപയും കൂടി ചെലവാക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ""ഊര്‍ജ്ജസ്വലമായ ഗുജറാത്ത്"" എന്ന പ്രചരണ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോള കണ്‍സല്‍ട്ടന്‍സിയായ കെഎംപിജി അവരുടെ ഓഡിറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ 2008ലെ ഒബാമയുടെ പ്രചരണത്തിന്റെ രീതിയിലുള്ള (വ്യാപാര പ്രചരണച്ചരക്ക് വില്‍പനയിലൂടെ അന്ന് ലഭിച്ചത് 380 ലക്ഷം ഡോളറായിരുന്നു) പ്രചരണം പ്രധാനമന്ത്രിപദമോഹിക്കുവേണ്ടി നടപ്പാക്കുന്നതിലൂടെ വ്യാപാര പ്രചരണച്ചരക്ക് വ്യവസായം കുതിച്ചുയരുകയാണ്-അത് 500 കോടി രൂപയായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്രയൊക്കെ പണം എവിടെനിന്നാണ് വന്നുകൊണ്ടിരിക്കുന്നത്? ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍, ഇന്ത്യക്കാരുടെ വിദേശ ബാങ്കുകളിലെ നിയമവിരുദ്ധ അക്കൗണ്ടുകളിലെ പണം പിടിച്ചെടുക്കും എന്ന പ്രധാനമന്ത്രിപദമോഹിയുടെ പ്രസ്താവന, വെറും പൊള്ള വാഗ്ദാനമാണെന്ന് കാണാം.

എന്താണ് യാഥാര്‍ത്ഥ്യം?

കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിക്കപ്പെട്ട 2011-12 വര്‍ഷത്തെ ""ആഗോള പട്ടിണി സൂചക റിപ്പോര്‍ട്ട്"" അനുസരിച്ച് ലോകത്തിലാകെയുള്ള പട്ടിണിക്കാരില്‍ നാലിലൊന്നുപേരും ഇന്ത്യയില്‍ത്തന്നെയാണ് - അതായത് 84.2 കോടി ജനങ്ങളില്‍ 21 കോടി പേര്‍). ലോകത്താകെയുള്ള അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ തൂക്കക്കുറവുള്ള കുട്ടികളില്‍ 43.5 ശതമാനവും ഇന്ത്യയിലാണ്. 162 രാജ്യങ്ങളിലെ സ്ഥിതി പരിശോധിച്ച് തയ്യാറാക്കിയ (കഴിഞ്ഞ ആഴ്ചയാണ് ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്) ആഗോള അടിമത്ത സൂചികയനുസരിച്ച്, ഇന്ത്യയ്ക്ക് ഏറ്റവും ദയനീയ റെക്കോര്‍ഡാണുള്ളത്-ലോകത്താകെയുള്ള 296 ലക്ഷം ആധുനിക അടിമപ്പണിക്കാരില്‍ പകുതിയോളം പേര്‍ (അതായത് 133 ലക്ഷംതൊട്ട് 147 ലക്ഷംവരെ) ഇന്ത്യക്കാര്‍തന്നെയാണ്. ആധുനിക അടിമകളില്‍ പരമ്പരാഗതമായ അടിമകളും കടഭാരംകൊണ്ട് അടിമപ്പണിക്കാരായിത്തീര്‍ന്നവരും നിര്‍ബന്ധിതമായി അടിമപ്പണി ചെയ്യിക്കപ്പെടുന്നവരും നിര്‍ബന്ധിതമായി വിവാഹംചെയ്തയയ്ക്കപ്പെട്ടവരും വ്യഭിചാരശാലകളിലേക്ക് വില്‍ക്കപ്പെടുന്നവരും എല്ലാം ഉള്‍പ്പെടുന്നു. അങ്ങനെ, ""നാമോ രാഗ"" പ്രചരണങ്ങള്‍, ""യഥാര്‍ത്ഥ"" ഇന്ത്യയെ സംബന്ധിച്ചിടത്തോളം, യാഥാര്‍ത്ഥ്യാതീതമായി അനുഭവപ്പെടുന്നു.

നവലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങളുടെ അജണ്ട അക്രമാസക്തമായവിധത്തില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും അങ്ങനെ പരമാവധി ലാഭം ഉണ്ടാക്കുന്നതിന് അനുവദിക്കുന്നതിനും കഴിവുള്ള ഒരാളായിട്ടാണ് ബിജെപിയുടെ പ്രധാനമന്ത്രിപദമോഹിയെ ഇന്ത്യയിലെ കോര്‍പ്പറേറ്റുകളില്‍ ഒരു വിഭാഗം സന്തോഷപൂര്‍വ്വം വീക്ഷിക്കുന്നത്. ഒരുപക്ഷേ അത് നിരാശകൊണ്ടുമാവാം. എ ബി വാജ്പേയിയുടെ ആഭിമുഖ്യത്തില്‍ ഉണ്ടായിരുന്ന, ബിജെപിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന എന്‍ഡിഎ ഗവണ്‍മെന്റാണ് ""തിളങ്ങുന്ന ഇന്ത്യ""യെക്കുറിച്ചും ""മെച്ചപ്പെട്ട ജീവിതത്തെ""ക്കുറിച്ചും ഉള്ള വ്യാമോഹം ആദ്യം വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചത് എന്ന കാര്യം ഓര്‍ക്കുക. അതായത് രണ്ട് ഇന്ത്യക്കാരെ (അവര്‍ക്കിടയിലുള്ള വിടവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ) സൃഷ്ടിക്കുന്ന പ്രവണത ശക്തിപ്പെടുത്തിയത് അവരാണ്.

വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അത്തരം അസമത്വങ്ങളെ ഈയിടെ വന്ന രണ്ട് മാധ്യമ റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ദൃഢമാക്കി കാണിക്കുന്നുമുണ്ട്. അതില്‍ ഒന്നാമത്തേത് ഇതാണ്: വീണ്ടും നിക്ഷേപിക്കുന്നതിന് ഉതകുന്ന ആസ്തിയായി 10 ലക്ഷം ഡോളറില്‍ അധികം കൈവശമുള്ള, ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ സംഖ്യ ഏറ്റവും കൂടുതല്‍ വര്‍ധിക്കുന്ന കാര്യം പരിഗണിച്ചാല്‍, ഇന്ത്യയ്ക്ക് രണ്ടാംസ്ഥാനമാണ് ഉള്ളത് എന്ന് ഒരു ആഗോള ആസ്തി-നിക്ഷേപ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അത്തരം വ്യക്തികളുടെ എണ്ണം 2012ല്‍ 22.2 ശതമാനം കണ്ടാണ് വര്‍ദ്ധിച്ചത്. അതേ അവസരത്തില്‍ അവരുടെ ആസ്തി 23.4 ശതമാനം കണ്ടും വര്‍ദ്ധിച്ചു. ഇത്തരക്കാരായ 1,53,000 ഇന്ത്യക്കാരുടെ കയ്യില്‍ ആകെയുള്ള ആസ്തി 58,900 കോടി ഡോളറാണ്-അതായത് നമ്മുടെ മൊത്തം ജനസംഖ്യയില്‍ 0.001275 ശതമാനം മാത്രം വരുന്ന ഇത്തരക്കാരുടെ ആസ്തി നമ്മുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നിലൊന്നിനും രണ്ടിലൊന്നിനും ഇടയിലാണ്. രണ്ടാമത്തേത് ഇതാണ്: കാര്‍ഷികമേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്തിയവരുടെ (അതായത് കൃഷിചെയ്യുന്നവരുടെ) അനുപാതം ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും കാര്‍ഷികമേഖലയില്‍നിന്ന് വളരെയേറെപ്പേര്‍ കാര്‍ഷികേതര ജോലികളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് അവിടെയും അരക്ഷിതാവസ്ഥയാണെന്നും ആള്‍ ഇന്ത്യാ റൂറല്‍ ഡവലപ്മെന്റ് റിപ്പോര്‍ട്ട് കാണിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്ത് കാര്‍ഷികമേഖലയിലുള്ള പൊതുനിക്ഷേപം ഒട്ടും വര്‍ദ്ധിക്കാതെ മുരടിച്ചുനില്‍ക്കുകയായിരുന്നു; അതിന്റെ ഫലമായുള്ള പ്രതിസന്ധിയാണ് കര്‍ഷക ആത്മഹത്യകളില്‍ പ്രതിഫലിക്കുന്നത്. ഇങ്ങനെ ആത്മഹത്യചെയ്യുന്നവരുടെ പ്രതിവര്‍ഷസംഖ്യ 1995ല്‍ 10,700നു മേലെയായിരുന്നത്, 2009 ഓടുകൂടി 17,000ത്തിന് മേലെയായി ഉയര്‍ന്നിരിക്കുന്നു. ഇത്തരം ആത്മഹത്യകള്‍ക്ക് കാരണമായി പറയുന്നത്, കടബാദ്ധ്യതയും വിളനാശവുമാണ്. പോഷകാഹാരക്കുറവ് എന്ന ശാപം ഗ്രാമീണ ഇന്ത്യയെ ദുരിതക്കയത്തിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. കലോറി കണക്കിലുള്ള ഉപഭോഗം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത്, മുമ്പ് 2153 കലോറി ഉപഭോഗം ഉണ്ടായിരുന്നത്, ക്രമേണ ക്രമേണ കുറഞ്ഞ് 2009-10 ആയപ്പോഴേക്ക് വെറും 2020 കലോറിയായിത്തീര്‍ന്നിരിക്കുന്നുവെന്നാണ്. പോഷകാഹാരം കഴിക്കാന്‍ മിക്ക ആളുകള്‍ക്കും വൈമുഖ്യമൊന്നുമുണ്ടാവില്ലല്ലോ. എന്നിട്ടും സ്ഥിതി ഇതാണെങ്കില്‍, അത് ദുരിതമയമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

ഗ്രാമീണമേഖലയിലെ ആരോഗ്യ പരിരക്ഷാ സൗകര്യം വളരെ പരിതാപകരമാണ്. 28 ശതമാനംപേരും ചികിത്സയ്ക്കായി വരുന്നതേയില്ല; കാരണം അവര്‍ക്ക് അതിനുള്ള കഴിവില്ല. പട്ടികജാതിക്കാരുടെ കാര്യത്തില്‍ ഇത് 37 ശതമാനമായും പട്ടികവര്‍ഗക്കാരുടെ കാര്യത്തില്‍ 32 ശതമാനമായും ഉയരുകയും ചെയ്യുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ശോചനീയാവസ്ഥയും അതോടൊപ്പം വലിയ അളവിലുള്ള സ്വകാര്യവല്‍ക്കരണവും കൂടിയാകുമ്പോള്‍ പാവങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ അപ്രാപ്യമായിത്തീരുന്നു. എന്‍ആര്‍എച്ച്എം (നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍) എന്ന പദ്ധതിയുണ്ടായിട്ടും ഗ്രാമീണ ആരോഗ്യമേഖലയില്‍ യോഗ്യതയുള്ളവരുടെ അഭാവം വളരെ വലിയതാണ്; അത് എല്ലാതലങ്ങളിലും ഉണ്ട്. ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപം നടത്തേണ്ടത് ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. ഗ്രാമീണമേഖലയില്‍ സ്കൂളില്‍ചേരുന്ന കുട്ടികളുടെ സംഖ്യ ഉയര്‍ന്നതാണെങ്കിലും, സ്കൂളില്‍ പഠിക്കുന്ന പ്രായപരിധിയില്‍പ്പെട്ട കുട്ടികളുടെ അനുപാതം പ്രൈമറിതലത്തില്‍ 78 ശതമാനവും ഹയര്‍സെക്കണ്ടറിതലത്തില്‍ വെറും 29 ശതമാനവും ആയി ക്രമേണ കുറഞ്ഞുവന്നു. 2009-10 വര്‍ഷത്തിലെ കണക്കാണിത്. പഠന നിലവാരവും വളരെ ശോചനീയമാണ്. അഞ്ചാംക്ലാസിലെ കുട്ടികളില്‍ ഏതാണ്ട് പകുതിപേര്‍ക്ക് ഒന്നിലെയോ രണ്ടിലെയോ പുസ്തകമേ വായിക്കാന്‍ കഴിവുള്ളു. എട്ടാംക്ലാസിലെ കുട്ടികളില്‍ പകുതിയില്‍ താഴെപേര്‍ക്ക് മാത്രമേ അക്കങ്ങള്‍ വേര്‍തിരിച്ചറിയാനും കൂട്ടാനും കിഴിക്കാനും കഴിവുള്ളു. രണ്ട് ഇന്ത്യകളെ സംബന്ധിച്ച യാഥാര്‍ത്ഥ്യമാണിത്. സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ പാപ്പരായവരും ആക്കുന്ന ഈ നയം കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പാക്കപ്പെടണം എന്നാണ് ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ ""രക്ഷകന്‍"" അത് നിറവേറ്റിത്തരുമെന്ന് അവര്‍ ആശിക്കുകയും ചെയ്യുന്നു.

വര്‍ഗീയ ധ്രുവീകരണം രൂക്ഷമാക്കിത്തീര്‍ക്കുകയും നവലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങളുടെ അജണ്ട ഊര്‍ജിതമായി നടപ്പാക്കുകയും ചെയ്യുന്ന ഈ മാരകമായ നയം, ഇന്ത്യയിലെ ജനങ്ങളുടെ ജീവിതമാര്‍ഗത്തില്‍ മഹാദുരന്തം വരുത്തിവെക്കുകതന്നെ ചെയ്യും; രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അത് ആപത്താണ്; നമ്മുടെ ആധുനിക റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ-ജനാധിപത്യ അടിത്തറയെ അത് അട്ടിമറിക്കുകയും ചെയ്യും. അതിനാല്‍ 2014ല്‍ ഇന്ത്യയ്ക്കുമുന്നിലുള്ള ചോദ്യം രണ്ട് നേതാക്കളില്‍ ആരെ തിരഞ്ഞെടുക്കണം എന്നതല്ല; മറിച്ച് കൂടുതല്‍ മെച്ചപ്പെട്ട ഇന്ത്യ ഉണ്ടാക്കുന്നതിനായി നമ്മുടെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കെല്‍പുള്ള ബദല്‍ നയങ്ങളാണ്. ""നേതാവല്ല, നീതിയാണ് ഇന്ന് ആവശ്യം"".

*
സീതാറാം യെച്ചൂരി ചിന്ത 01-11-2013

No comments: