Friday, November 22, 2013

വിദ്യാഭ്യാസവും കേരളസമൂഹവും

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിലുമായി കൊളോണിയല്‍ ഭരണം കേരളത്തില്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ ഇവിടെ നിലവിലിരുന്ന ജാതി- ജന്മി- നാടുവാഴി വ്യവസ്ഥയെ നിലനിര്‍ത്താനാവശ്യമായ പാരമ്പര്യ ബുദ്ധിജീവികളെ വാര്‍ത്തെടുത്തത് അന്നത്തെ വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു. ഭരണകൂടത്തിന്റെ സാമ്പത്തിക സഹായത്തോടുകൂടി ദേവാലയങ്ങളിലും ബ്രാഹ്മണ ഗൃഹങ്ങളിലും നടത്തിയിരുന്ന വേദവിദ്യാഭ്യാസമായിരുന്നു ആ ഉല്‍പ്പാദന വ്യവസ്ഥയുടെ ദര്‍ശനത്തെ രൂപപ്പെടുത്തിയിരുന്നത്. സംസ്കൃതവും ഷഡ്ദര്‍ശനങ്ങളും ആയിരുന്നു ഉളളടക്കം. ശൈവ- വൈഷ്ണവ- ശാക്തേയ ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അവര്‍ണര്‍ക്ക് അവര്‍ മഹാഭൂരിപക്ഷമായിരുന്നെങ്കില്‍പ്പോലും വേദവിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. എന്നാല്‍, ഭരണകൂടത്തിന്റെ ദര്‍ശനമെന്ന നിലയ്ക്ക് അതിന്റെ ക്രോഡീകൃതരൂപവും എന്നാല്‍ അലിഖിതവുമായ ധര്‍മശാസ്ത്രങ്ങളെന്നപേരില്‍ അവ അവര്‍ണര്‍ക്കും ബാധകമായിരുന്നു.

ലണ്ടനിലെ കച്ചവടക്കാരുടെ സംഘടനയായി 1600ല്‍ സ്ഥാപിക്കപ്പെട്ട ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി വ്യവസായികള്‍ക്കുംകൂടി അംഗത്വമുള്ള സംഘടനയായി പരിണമിക്കപ്പെട്ടുകഴിഞ്ഞിരുന്നു. തുണിനിര്‍മാതാക്കളുടെയും (ഇംഗ്ലണ്ടിലെ വ്യാവസായികവിപ്ലവം ആദ്യം സംഭവിച്ചത് തുണിനിര്‍മാണത്തിലായിരുന്നു) തുണിക്കച്ചവടക്കാരുടെയും വകയായ കമ്പനി ഇവിടത്തെ ഭരണകര്‍ത്താക്കളായി മാറിയപ്പോള്‍ അതിന്റെ വക്താക്കളായ ബുദ്ധിജീവിവിഭാഗത്തെ നിര്‍മിക്കേണ്ടതും ആവശ്യമായിരുന്നു. കൈത്തറിയിലുണ്ടാക്കിയ ഒറ്റമുണ്ടും ഒറ്റത്തോര്‍ത്തുമുടുത്ത് നടന്നവരെ വസ്ത്രോപയോഗത്തിന്റെ ധാരാളിത്തത്തിലേക്ക് ആകര്‍ഷിച്ച് കച്ചവടം പരിപോഷിപ്പിക്കേണ്ടത് ഭരണവര്‍ഗത്തിന് ആവശ്യമായിരുന്നു. അതിന്റെ പ്രചാരവേല ചെയ്യുന്നതിനാവശ്യമായ ബുദ്ധിജീവികളെ ഉല്‍പാദിപ്പിക്കേണ്ടതും ആവശ്യമായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി പാശ്ചാത്യവിദ്യാഭ്യാസം അവശ്യവസ്തുവാണെന്ന അംഗീകാരം സവര്‍ണാവര്‍ണഭേദമെന്യേ എല്ലാവരും നല്‍കുകയുംചെയ്തു. കൊളോണിയല്‍ഭരണത്തെ നിലനിര്‍ത്താനാവശ്യമായ ഒരു ഐഡിയോളജിയായി പാശ്ചാത്യവിദ്യാഭ്യാസം പരിണമിച്ചു.

അതോടൊപ്പംതന്നെ കോളനിവിരുദ്ധ സമരത്തിന്റെ വിത്തുപാകാനും പാശ്ചാത്യവിദ്യാഭ്യാസം ഉപകാരപ്പെട്ടു. എന്നാല്‍, അത് കോളനിഭരണത്തിന്റെ അടിത്തറയായ മുതലാളിത്തചൂഷണത്തെ അവസാനിപ്പിക്കുന്നതിനുള്ള ഉപകരണമായിട്ടല്ല പ്രവര്‍ത്തിച്ചത്. ഉല്‍പ്പാദനവ്യവസ്ഥയില്‍ മാറ്റം വരുത്താതെ ബ്രിട്ടീഷ് മാതൃകയിലുള്ള ഭരണം സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ചുരുക്കത്തില്‍ ഭരണകൂടത്തിന്റെ വക്താക്കളായ ശക്തമായ ഒരു ബുദ്ധിജീവിവിഭാഗത്തെ സൃഷ്ടിക്കുന്നതില്‍ പാശ്ചാത്യവിദ്യാഭ്യാസം വിജയിച്ചു. ബ്രിട്ടീഷ്രാജിന്റെ തുടര്‍ച്ചയായി സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്ഥാപിക്കപ്പെട്ട കോണ്‍ഗ്രസ്രാജ് പാശ്ചാത്യവിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരു മാറ്റവും വരുത്തിയില്ല. ബ്രിട്ടീഷുകാരായ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍, അധ്യാപകര്‍, പ്രൊഫസര്‍മാര്‍, വൈസ്ചാന്‍സലര്‍മാര്‍ എന്നിവരുടെസ്ഥാനത്ത് അവരുടെ ദര്‍ശനത്തിന്റെ വക്താക്കളായ മലയാളികള്‍ നിയമിതരായി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഗണപരമായി പെരുകി. എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമായി. പന്ത്രണ്ടാംക്ലാസുവരെ സൗജന്യമായി. കോളനിഭരണത്തിന്‍കീഴില്‍ സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസത്തിന്റെ ദര്‍ശനത്തില്‍ ഒരു മാറ്റവും വരുത്താതെയുള്ള ഗണപരമായ വര്‍ധനയാണ് ഇവിടെയുണ്ടായത്. പഞ്ചായത്തംഗംമുതല്‍ പാര്‍ലമെന്റംഗംവരെയുള്ളവരും ശിപായിമുതല്‍ ചീഫ്സെക്രട്ടറിവരെയുള്ളവരും അഭിഭാഷകന്‍മുതല്‍ ചീഫ്ജസ്റ്റിസുവരെയുള്ളവരും ഈ ദര്‍ശനത്തിന്റെ പതാകവാഹകരാണ്. അതുകൊണ്ടാണ് ശ്രേഷ്ഠഭാഷാപദവി ലഭിച്ചിട്ടും മലയാളത്തിന് വ്യവഹാരഭാഷയാകാന്‍ കഴിയാത്തത്; പാഠ്യപദ്ധതി പരിഷ്കരണം അട്ടിമറിക്കപ്പെടുന്നത്.

ഉല്‍പ്പാദനവ്യവസ്ഥയെ സംരക്ഷിക്കുന്ന പാഠ്യപദ്ധതിക്കേ നിലനില്‍പ്പുണ്ടാവുകയുള്ളൂ എന്ന തിരിച്ചറിവുണ്ടാകേണ്ടതും ആവശ്യമാണ്. അഥവാ ഉല്‍പ്പാദനവ്യവസ്ഥയെ തകിടംമറിക്കുന്ന പാഠ്യപദ്ധതിയെ ആര്‍ക്ക് പ്രോത്സാഹിപ്പിക്കാന്‍ കഴിയും? വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലൂടെ പരിമിതമായ തോതിലും വിദ്യാലയങ്ങളുടെ ഭൗതികപരിസരത്തിലൂടെ വ്യാപകമായതോതിലും കേരളത്തില്‍ വളര്‍ന്നുവന്നതാണ് ജനാധിപത്യബോധവും വിമര്‍ശനചിന്തയും. അതിന് പിന്തുണയായി വര്‍ധിച്ചത് തൊഴിലാളി-കര്‍ഷകസമരങ്ങളായിരുന്നു. വിദ്യാലയങ്ങളും കലാലയങ്ങളും സര്‍വകലാശാലകളും ഒരുക്കിക്കൊടുത്ത ഭൗതികപരിസരമാണ് രാഷ്ട്രീയകേരളത്തെ രൂപപ്പെടുത്തിയത്. എന്നാല്‍, കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലംകൊണ്ട് അരനൂറ്റാണ്ടുകാലത്തെ പൊതുബോധത്തെ അട്ടിമറിക്കാന്‍ കഴിഞ്ഞു. അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത് ഇക്കാലത്താണ്. സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് (വിസ്താരഭയത്താല്‍ ഉദ്ധരിക്കുന്നില്ല) സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലുള്ളതിനേക്കാള്‍ കൂടുതലാണ് അണ്‍ എയ്ഡഡ് മേഖലയിലുള്ളത് എന്നാണ്. അവിടെ അധ്യാപകര്‍ക്ക് സംഘടനയില്ല, അതിനുള്ള സ്വാതന്ത്ര്യമില്ല, മാന്യമായ കൂലിയുമില്ല. ജീവനക്കാരുടെ സ്ഥിതിയും തഥൈവ. വിദ്യാര്‍ഥിസംഘടനാ സ്വാതന്ത്ര്യമില്ല. സ്ഥാപനഉടമയ്ക്ക് ഇഷ്ടമുള്ളവരെ കോളേജ് യൂണിയന്‍ ഭാരവാഹിയാക്കാം. അങ്ങനെയുള്ളവര്‍ എണ്ണത്തില്‍ കൂടിയതുകൊണ്ടാണ് കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ പ്രതിലോമശക്തികളുടെ നിയന്ത്രണത്തിലായത്. ഇതിന്റെ സ്വാധീനം എയ്ഡഡ് കോളേജുകളിലും പ്രകടമായിത്തുടങ്ങി. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ അനുഭവം അതാണ് കാണിക്കുന്നത്. മിക്കവാറും വനിതാ കോളേജുകളിലെ സ്ഥിതിയും ജനാധിപത്യവിരുദ്ധമാണ്.

അണ്‍ എയ്ഡഡ് കോളേജുകളില്‍ നടക്കുന്ന പീഡനങ്ങളും വ്രണിതഹൃദയരുടെ ആത്മഹത്യകളും അപൂര്‍വങ്ങളല്ലാതായിത്തീര്‍ന്നിരിക്കുന്നു. സംഘടനാ പ്രവര്‍ത്തനവും സംവാദങ്ങളുമില്ലാതെ, പത്രവായനയും ചര്‍ച്ചയുമില്ലാതെ, ദൃശ്യമാധ്യമത്തിലൂടെമാത്രം ലോകത്തെ നോക്കിക്കാണുന്ന, ലക്ഷക്കണക്കായ യുവാക്കളാണ് കേരളത്തിലെ കോളേജുകളിലൂടെ വര്‍ഷംതോറും പുറത്തിറങ്ങുന്നത്. അവരാണ് നാളെ നിയമനിര്‍മാതാക്കളും ഭരണകര്‍ത്താക്കളുമായിത്തീരേണ്ടത്. എന്നാല്‍, അവര്‍ അരാഷ്ട്രീയവാദികളാണ്. ഇവര്‍ സംഘടനകളില്‍ വിശ്വസിക്കുന്നില്ല. സംഘടിക്കുന്നില്ല. ചൂഷിതരാണ് എന്ന് തിരിച്ചറിയുന്നില്ല.

അഞ്ചുപതിറ്റാണ്ടുകാലത്തെ വിദ്യാഭ്യാസവ്യാപനത്തിലൂടെ നേടിയെടുത്ത പൗരബോധം, ജനാധിപത്യബോധം, രാഷ്ട്രീയബോധം എന്നീ മൂല്യങ്ങള്‍ പൊതുവില്‍ ചൂഷണത്തിനെതിരായാണ് പ്രവര്‍ത്തിച്ചത്. അത് ചൂഷകര്‍ക്ക് ഗുണകരമല്ല. നിലവിലുള്ള ക്യാമ്പസുകളാണ് അത്തരമൊരവസ്ഥ ഉണ്ടാക്കിയത്. ആ ക്യാമ്പസുകളെ ഇല്ലാതാക്കുക പ്രയാസമാണ്. അതിനാല്‍, അതിനേക്കാള്‍ വലിയ ക്യാമ്പസുണ്ടാക്കി നിലവിലുള്ളതിനെ ചെറുതാക്കുക എന്നതാണ് തന്ത്രം. ആ തന്ത്രം വിജയിക്കുന്നതിന്റെ ലക്ഷണമാണ് അണ്‍ എയ്ഡഡ് കോളേജിന്റെ അന്തരീക്ഷം എയ്ഡഡ് കോളേജുകളിലേക്കും സ്വയംഭരണത്തിലൂടെ സര്‍ക്കാര്‍ കോളേജുകളിലേക്കും സംക്രമിക്കുന്നത്. അരാഷ്ട്രീയവല്‍ക്കരണമെന്ന ഒറ്റവാക്കിലൊതുങ്ങാത്തത്ര സങ്കീര്‍ണമായ കാര്യമാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം കേരളത്തില്‍ നിര്‍മിച്ച പൊതു ഇടത്തെ അതേ വിദ്യാഭ്യാസംതന്നെ ഇല്ലായ്മചെയ്യുന്ന ഘട്ടമാണ് ഇപ്പോഴത്തേത്. ഭരണകൂടത്തിന്റെ ദര്‍ശനം കരുപ്പിടിപ്പിക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. ദര്‍ശനം മാറിയതുകൊണ്ടുമാത്രം ഭരണകൂടവും ഉല്‍പ്പാദനവ്യവസ്ഥയും മാറുകയില്ല. വ്യവസ്ഥ മാറിയാലേ ദര്‍ശനവും മാറുകയുള്ളൂ.

*
വി കാര്‍ത്തികേയന്‍നായര്‍ ദേശാഭിമാനി

No comments: