Sunday, November 24, 2013

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനം

പുരോഗമന കലാസാഹിത്യസംഘത്തിന്റെ പത്താമത് സംസ്ഥാന സമ്മേളനം 2013 നവംബര്‍ 1, 2, 3 തീയതികളില്‍ പാലക്കാട്ട് നടന്നു. തീര്‍ച്ചയായും സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായിരുന്നു സമ്മേളനം എങ്കിലും ഇത് ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുക ആത്മാര്‍ഥവും തീക്ഷ്ണവുമായ സമകാലിക വിമര്‍ശനംകൊണ്ടും ആത്മവിമര്‍ശനംകൊണ്ടുമായിരിക്കും. സമ്മേളനത്തിനിടയില്‍ ഒരു സെമിനാറില്‍ അശോകന്‍ ചരുവില്‍ സൂചിപ്പിച്ചതുപോലെ പുരോഗമനസാഹിത്യം സമകാലിക വിമര്‍ശംപോലെ ആത്മവിമര്‍ശവുമായിരിക്കണം. എന്നാല്‍ സമ്മേളനത്തിനു തൊട്ടുപിറ്റേന്ന് നവംബര്‍ നാലിന് മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം സമ്മേളനത്തിലുയര്‍ന്ന സമകാലിക വിമര്‍ശനങ്ങളെ മുഴുവന്‍ വെട്ടുവഴിക്കവിതകളിലേക്കും ചില വ്യക്തികളിലേക്കും ഒതുക്കാന്‍ ഒരു വ്യര്‍ഥശ്രമം നടത്തുന്നത് കണ്ടു. കേരളത്തിന്റെ സമകാലിക അവസ്ഥകള്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ഒരു നയരേഖ വിശദമായി ചര്‍ച്ച ചെയ്ത് ഒരു കമ്മിറ്റി തയ്യാറാക്കിയത് സമ്മേളനത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടതൊന്നും ശ്രദ്ധയില്‍പെടാതെ എവിടെനിന്നോ കിട്ടുന്ന പൊട്ടുംപൊടിയും വിളക്കിച്ചേര്‍ത്ത് അതിശയീകരിക്കപ്പെട്ട വാര്‍ത്തകള്‍ ചമയ്ക്കുന്ന പതിവുരീതി ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. പുരോഗമനകലാ സാഹിത്യസംഘത്തെ ഏതെങ്കിലും വ്യക്തികളല്ല, മനുഷ്യനന്മയിലും പുരോഗതിയിലും വിശ്വസിക്കുന്ന ഇടതുപക്ഷ വിശ്വാസികളും പുരോഗമന ചിന്താഗതിക്കാരുമായ ആയിരക്കണക്കിനാളുകളുടെ കൂട്ടായ നേതൃത്വമാണ് മുന്നോട്ടു കൊണ്ടുപോകുന്നതെന്ന സത്യം തമസ്കരിക്കാനുള്ള ഒരു വൃഥാവ്യായാമം ആ വാര്‍ത്താശകലത്തില്‍ കാണാം. അതേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെങ്കിലും സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു കാരിക്കേച്ചറിലൊതുക്കി ലഘൂകരിക്കുന്ന പ്രവണതക്കു പിറകില്‍ ഒരു അജണ്ടയുണ്ടെന്ന് സൂചിപ്പിക്കുക മാത്രം ചെയ്യുന്നു.

കരടു നയരേഖയുടെ പരിമിതികള്‍ നിശിതമായിത്തന്നെ വിലയിരുത്തപ്പെട്ടു. ഇന്ത്യയുടെ മുമ്പിലുള്ള ഇന്നത്തെ മൂര്‍ത്തമായ പ്രശ്നം എല്ലാത്തരം കോര്‍പറേറ്റ് ശക്തികളുടെയും യാഥാസ്ഥിതിക താല്‍പ്പര്യങ്ങളുടെയും ഒത്താശകളോടെ ആനയും അമ്പാരിയുമായി എഴുന്നള്ളിക്കപ്പെടുന്ന ഭൂരിപക്ഷ വര്‍ഗീയ ഫാസിസം തന്നെയാണെന്ന് സമ്മേളനം ഏകകണ്ഠമായിത്തന്നെ അംഗീകരിച്ചു. എന്നാല്‍ ഭൂരിപക്ഷ വര്‍ഗീയതയോടൊപ്പം തന്നെ ന്യൂനപക്ഷ വര്‍ഗീയതയും അപലപിക്കപ്പെടേണ്ടതുണ്ടെന്ന് കോര്‍പറേറ്റ് താല്‍പര്യങ്ങളുമായി കൈകോര്‍ക്കുന്നതില്‍ രണ്ടുതരം വര്‍ഗീയതകളും മത്സരിക്കുന്നതും കാണേണ്ടതുണ്ടെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മൂര്‍ത്തമായ സാംസ്കാരികാവസ്ഥയില്‍ ധനാധിപത്യംകൊണ്ടും ആത്മീയാധികാര ശേഷികള്‍കൊണ്ടും ഇസ്ലാമിക വര്‍ഗീയത ഇടപെടല്‍ശേഷി വര്‍ധിപ്പിക്കുന്നതിനെയും അത് ഇടതുപക്ഷത്തിനെതിരെ സമര്‍ഥമായി ഉപയോഗിക്കുന്നതിനെയും കാണാതെ പൊയ്ക്കൂട എന്ന് പ്രതിനിധികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. വര്‍ഗ വിശകലനങ്ങള്‍ക്കും വര്‍ഗസമരങ്ങള്‍ക്കും ഒപ്പം ചേര്‍ന്നുനിന്നുകൊണ്ട് നടത്തപ്പെടേണ്ട ചരിത്ര സാംസ്കാരിക വിലയിരുത്തലുകള്‍ സ്വത്വപരിഗണനകള്‍ കൊണ്ടു കലുഷിതമായിപ്പോകാതെ പരിരക്ഷിക്കപ്പെടേണ്ടതായിട്ടുണ്ടെന്ന പൊതുവികാരമാണ് സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞത്. സംസ്കാരത്തിന്റെ എല്ലാത്തരം പ്രതിനിധാനരൂപങ്ങളെയും ഇത്തരം കാഴ്ചപ്പാടില്‍ വിമര്‍ശനാത്മകമായി വിലയിരുത്തിക്കൊണ്ടേ സംഘത്തിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ സാധ്യമാകൂ എന്ന കാഴ്ചപ്പാടാണ് സമ്മേളനം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത്. വെട്ടുവഴിക്കവിതകള്‍ സംസ്കാരചരിത്രത്തിലെ ഒരു വെറും നോക്കുകുത്തി മാത്രമാണ്. ആയിരം കഠാരിക്കുത്തുകള്‍ മാനവികതയുടെ മേല്‍ ആഞ്ഞുവീഴുമ്പോഴും നിര്‍വികാരമായി നിലക്കൊള്ളുന്ന കവി മനസ്സുകള്‍ക്ക് ചില പ്രസാധക പ്രമുഖരുടെ മോതിരവിരല്‍ത്തഴുകലുകള്‍ ലഭിക്കാന്‍ കിട്ടിയ ഒരു സുവര്‍ണാവസരമായിരുന്നു അത്. സംഘത്തിന്റെ സംസ്ഥാനസമ്മേളനം അര്‍ഹിക്കുന്ന അവഗണനയോടെ അതിനെ തള്ളിക്കളയുകയാണ് സത്യത്തില്‍ ചെയ്തത്.

എക്കാലത്തെയുംപോലെ കരുത്തുറ്റ കൈകളില്‍ സംഘത്തിന്റെ സംസ്ഥാന നേതൃത്വം തുടരുന്നു. "വണ്ടി വേഷങ്ങളും" "വേലിമുല്ലയും" "യമക"വും "സൈലന്‍സും" എഴുതിയ വൈശാഖന്‍ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി വന്നിരിക്കുന്നു. വൈലോപ്പിള്ളി മാഷില്‍നിന്ന് വൈശാഖനിലെത്തുമ്പോള്‍ സംഘം അതിന്റെ കൊടിക്കൂറ ഉയര്‍ത്തിത്തന്നെയാണ് പിടിക്കുന്നത്. ""കത്തിന വിരലാല്‍ ചൂണ്ടുന്നുണ്ടതു മര്‍ത്ത്യപുരോഗതിമാര്‍ഗങ്ങള്‍"". ഇടശ്ശേരിയെപ്പോലെ സംഘവും ചോദിക്കുന്നു ""ഋത്വിക്കുകളേ, ചോര പുരണ്ടൊരു കത്തികള്‍ പൂഴ്ത്തിടുമുയിരോടെ, നിങ്ങള്‍ പിന്‍വാങ്ങിപ്പോം ശാലകള്‍ എന്നിരുള്‍മൂടും മേഖലകള്‍."" സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വാരികയുടെ അഭിവാദ്യങ്ങള്‍.

*
കെ പി മോഹനന്‍ ദേശാഭിമാനി വാരിക

No comments: