Wednesday, November 13, 2013

വിവാഹ ധൂര്‍ത്തും വേറിട്ട ചിന്തകളും

കഴിഞ്ഞ ദിവസം ഒരു വിവാഹ ക്ഷണക്കത്ത് ലഭിച്ചു. അതിമനോഹരമായ ഡിസൈന്‍ ചെയ്ത ഒരു ചെറിയ പേടകം. സ്വര്‍ണനാരുകള്‍കൊണ്ട് അത് പൊതിഞ്ഞിരിക്കുന്നു. തുറക്കുമ്പോള്‍ വിലയേറിയ കടലാസില്‍ ക്ഷണപ്പത്രം. തുറക്കാന്‍ തന്നെ ഒരു പക്ഷേ തോന്നിയെന്നുവരാത്തവിധം അതിരുകടന്ന ആര്‍ഭാടം നിറഞ്ഞുനില്‍ക്കുന്നു. ആയിരം രൂപയെങ്കിലുമായിക്കാണും അതിന്റെ ചെലവെന്ന് ഒരു സുഹൃത്ത് പറഞ്ഞു. വിവാഹം പല ദിവസങ്ങളിലായാണ് നടത്തിയത്. ഓരോ ദിവസവും പഞ്ചനക്ഷത്ര ഹോട്ടലിലെ മുന്തിയ വിരുന്ന്. വിവാഹം ഇപ്പോള്‍ പ്രതാപവും പൊങ്ങച്ചവും കാണിക്കാനുള്ള ഏറ്റവും പ്രധാന വേദിയായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു വിവാഹത്തിനുപോയി. എങ്ങനെയാണ് അവിടെനിന്നും രക്ഷപ്പെടുകയെന്നതായിരുന്നു പ്രധാനചിന്ത. എല്ലാ കലാരൂപങ്ങളും ആടിത്തിമര്‍ക്കുന്നു. വല്ലാത്ത ശബ്ദകോലാഹലം. വിവാഹമാണ് നടക്കുന്നതെന്ന് പറയാന്‍ കഴിയില്ല.

മറ്റൊരു വിവാഹത്തില്‍ വരന്റെ വരവ് രാജകീയമായാണ്. കുതിരകള്‍ കെട്ടിയ പ്രത്യേക രഥത്തിലാണ് കതിര്‍മണ്ഡപത്തിലേക്കുള്ള യാത്ര. സിനിമയുടെ കലാസംവിധായകനാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്. വിവാഹത്തിന് പല സെലിബ്രറ്റികളെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ആ വിഭാഗത്തില്‍പ്പെട്ടവര്‍ വിവാഹം കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍ പ്രത്യേക ഉപഹാരം തയ്യാറാക്കിയിട്ടുണ്ട്. മന്ത്രിയായിരുന്ന ഒരു സുഹൃത്ത് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ കഥ ഒരിക്കല്‍ പറയുകയുണ്ടായി. വധുവിന്റെ പിതാവിന്റെ നിര്‍ബന്ധം സഹിക്കാന്‍ കഴിയാതെ ചോദ്യോത്തര ദിവസമായിട്ടും തിരുവനന്തപുരത്തുനിന്ന് വിവാഹത്തിലേക്ക് ഓടിയെത്തി. എളുപ്പത്തില്‍ എത്താനായി ട്രെയിനില്‍ വന്ന് അവിടെനിന്നും തന്റെ സ്വന്തം വാഹനം ഓടിച്ച് കല്യാണം നടക്കുന്ന ഹാളിലെത്തി. വണ്ടിയില്‍നിന്നും ഇറങ്ങിയ മന്ത്രിയോട് ഇതിനാണോ നിങ്ങളോട് വരാന്‍ പറഞ്ഞതെന്നായിരുന്നു വധുവിന്റെ പിതാവിന്റെ ആദ്യചോദ്യം. പൊലീസ് അകമ്പടിയോടെ വരുന്ന ആഘോഷത്തിനാണ് വിളിയെന്ന് മന്ത്രി സുഹൃത്തിന് അപ്പോഴാണ് മനസ്സിലായത്.

വിവാഹം ആര്‍ഭാടങ്ങള്‍ നിറഞ്ഞ മഹാമേളകളായി മാറുമ്പോഴാണ് അതില്‍നിന്നും വേറിട്ട അനുഭവം സിനിമാസംവിധായകന്‍ ആഷിക് അബുവും റിമ കല്ലിങ്കലും കേരളീയ സമൂഹത്തിനു നല്‍കിയത്. ആഷിക് എസ്ആര്‍വി സ്കൂളിലും മഹാരാജാസിലുമാണ് പഠിച്ചത്. രണ്ടിടങ്ങളിലും എസ്എഫ്ഐയുടെ പ്രധാന സംഘാടകനായിരുന്നു ആഷിക്കിന്റെ സഹോദരന്‍ ആബിദ്. ചേട്ടന്റെ വഴിയില്‍ തന്നെയാണ് അനുജന്റെ സഞ്ചാരവും. മികച്ച സംഘാടകനായിരുന്നു ആഷിക്. മഹാരാജാസ് എല്ലാ പ്രതിഭകള്‍ക്കും കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സാഹചര്യമൊരുക്കുന്ന ഇടമാണ്. ആഷിക്കിനെ പോലെ തന്നെ മഹാരാജാസില്‍ നിറഞ്ഞു നിന്നവരായിരുന്നു രാജീവ് രവിയും അമല്‍നീരദും അന്‍വര്‍ റഷീദും സമീറുമെല്ലാം. മഹാരാജാസില്‍ രണ്ടു തവണ തുടര്‍ച്ചയായി യൂണിയന്‍ ചെയര്‍മാനായിരുന്നു അമല്‍ നീരദ്. വിദ്യാര്‍ഥികളുടെയും മഹാരാജാസിന്റെയും പ്രിയപ്പെട്ട അധ്യാപകനായിരുന്ന സി ആര്‍ ഓമനക്കുട്ടന്‍ സാറിന്റെ മകന്‍ .

രാജീവ് രവിയും അവിടെ ചെയര്‍മാനായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് രാജീവ് പഠിച്ചത്. സമരമുഖങ്ങളില്‍ ഇവരെല്ലാം നിറഞ്ഞ സാന്നിധ്യമായിരുന്നു. അന്‍വര്‍ റഷീദ് ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. സംഘശക്തിയുടെ നിറഞ്ഞ പ്രകടനമായിരുന്ന കലോത്സവരാവുകളില്‍ ഇവരെല്ലാം ഒറ്റക്കെട്ടായി മഹാരാജാസിനെ നയിച്ചു. ഇന്നും ഇവര്‍ക്കെല്ലാം മഹാരാജാസ് വികാരമാണ്. ഈ വികാരം ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നുവെന്നതാണ് ആഷിക്കിന്റെയും റിമയുടെയും തീരുമാനങ്ങളില്‍ പ്രതിഫലിക്കുന്നത്. വിവാഹത്തിനായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന പണം പാവപ്പെട്ട രോഗികള്‍ക്ക് മരുന്നു വാങ്ങിക്കുന്നതിനായി നല്‍കാനാണ് തീരുമാനമെന്ന് ആഷിക്കും റിമയും തീരുമാനിച്ചത് പുതിയ സന്ദേശമാണ് സമൂഹത്തിനു നല്‍കിയത്.

എറണാകുളത്തെ ജനറല്‍ ആശുപത്രിയില്‍ രോഗികളെ സഹായിക്കുന്ന നിരവധി പദ്ധതികളുണ്ട്. അവിടെ എംപി ഫണ്ട് ഉപയോഗിച്ച് കേന്ദ്രീകൃതമായ ഒരു അടുക്കള ആരംഭിച്ചിട്ടുണ്ട്. ഡയറ്റീഷ്യന്‍ ശുപാര്‍ശ ചെയ്യുന്ന ഭക്ഷണം ആധുനിക അടുക്കളയില്‍ പാചകം ചെയ്ത് രോഗികളുടെ ബെഡില്‍ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. എംപി ഫണ്ടില്‍നിന്നും ദൈനംദിന ചെലവുകള്‍ക്ക് പണം നല്‍കാന്‍ പദ്ധതിയില്ല. അതു നല്‍കുന്നത് ഉദാരമതികളായ വ്യക്തികളും സ്ഥാപനങ്ങളുമാണ്. വിവാഹം, പേരിടല്‍, മാമോദീസ എന്നിങ്ങനെയുള്ള ആഘോഷങ്ങളിലും മരണാനന്തരചടങ്ങുകളിലും പലരും സദ്യ നല്‍കാറുണ്ട്. ആ കൂട്ടത്തില്‍ 25,000 രൂപ അടച്ചാല്‍ ഈ രോഗികള്‍ക്കും ഭക്ഷണം നല്‍കാം. ഈ പദ്ധതിയില്‍ പലരും സഹകരിക്കുന്നുണ്ട്. ഒരു ദിവസം പോലും മുടങ്ങാതെ രണ്ടു വര്‍ഷത്തോളമായി അത് നടന്നുവരുന്നു. എന്നാല്‍, ഇത് ഒരു പൊതുഅവബോധമായി മാറേണ്ടതുണ്ട്. അതിനു സഹായകരമാണ് റിമയും ആഷിക്കും എടുത്ത തീരുമാനം.

ഏറ്റവുമധികം മരുന്നിന് വില നല്‍കേണ്ടിവരുന്നവരാണ് ക്യാന്‍സര്‍ രോഗികള്‍. പരമാവധി എങ്ങനെ ചൂഷണം ചെയ്തെടുക്കാമെന്നതാണ് മരുന്നുവ്യാപാരികളുടെ പ്രധാന ചിന്ത. അതുകൊണ്ടാണ് സഹായം ക്യാന്‍സര്‍ രോഗികള്‍ക്കാവട്ടെ എന്ന നിലപാട് സ്വീകരിച്ചത്. കേരളത്തില്‍ ഇതുപോലെ സഹായങ്ങള്‍ നല്‍കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന നൂറുകണക്കിന് ആളുകളുണ്ട്. ഇപ്പോള്‍ അതൊരു പ്രസ്ഥാനംപോലെ ശക്തിപ്പെടുന്നു. ജീവിതശൈലി രോഗങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. വൃക്കരോഗികളും ഇതുപോലെ തന്നെ വലിയ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. ആരോഗ്യമേഖലയില്‍ പൊതുനിക്ഷേപം വര്‍ധിപ്പിച്ചുകൊണ്ടുമാത്രമേ ഇതില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കാന്‍ കഴിയൂ. അവശ്യമരുന്നുകളുടെ ഉല്‍പ്പാദനത്തിലും വിതരണത്തിലും സര്‍ക്കാരിനു നിയന്ത്രണമുണ്ടാകണം. അതിനായുള്ള ശ്രമങ്ങള്‍ കൂട്ടായി നടത്തുമ്പോള്‍ തന്നെ താല്‍ക്കാലികമായ ആശ്വാസപദ്ധതികളും നടപ്പിലാക്കാന്‍ കഴിയണം.

ആഷിക്കും റിമയും ചെയ്തതുപോലെ പ്രവര്‍ത്തിക്കുന്ന നിരവധി പേരുണ്ടെന്നും അതെല്ലാം ഇത്രയും കൊട്ടിഘോഷിക്കേണ്ടതുണ്ടോയെന്നും പലരും ചോദിക്കുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചെറുതല്ലാത്ത വിഭാഗം ലളിതമായി വിവാഹം കഴിച്ചവരാണ്. എന്നാല്‍, സിനിമയിലെ സജീവസാന്നിധ്യങ്ങളുടെ തീരുമാനം പോലെ നന്നായി ഒരു സന്ദേശം നല്‍കാന്‍ കഴിയുന്ന സന്ദര്‍ഭം മറ്റൊന്നില്ലെന്നു തോന്നുന്നു. സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളില്‍ ഒന്നാണ് സിനിമ. അതുകൊണ്ടുതന്നെ സിനിമയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെ പ്രവര്‍ത്തനം വലിയ സ്വാധീനം ചെലുത്തും. സിനിമക്കാരുടെ ബന്ധങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ചും ഉല്‍ക്കണ്ഠകള്‍ പ്രകടിപ്പിക്കുന്നവരുണ്ട്. അത് വ്യക്തിപരമായ തെരഞ്ഞെടുക്കലിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രശ്നമാണ്. അങ്ങനെയുള്ള പലതും ചാനല്‍ ചര്‍ച്ചകളില്‍ പ്രകടിപ്പിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ഇതിന്റെ യഥാര്‍ഥ സന്ദേശം മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. ആര്‍ഭാടരഹിതമായ വിവാഹങ്ങളുടെ നാടായി കേരളം മാറട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.

*
പി രാജീവ് ദേശാഭിമാനി വാരിക

No comments: