Wednesday, May 18, 2011

ഉല്‍പ്പാദനം കൂടിയിട്ടും കൃഷിക്കാര്‍ ദുരിതത്തില്‍

പഞ്ചാബിലെ മോഗ, ഖന്നപോലുള്ള സംഭരണ കേന്ദ്രങ്ങളില്‍ വന്‍തോതില്‍ ഗോതമ്പ് എത്തുന്ന വിസ്മയകരമായ കാഴ്ചയ്ക്ക് 1968 ഏപ്രില്‍-മെയ് മാസങ്ങള്‍ സാക്ഷ്യംവഹിച്ചു. ആ വര്‍ഷം രാജ്യത്തെ ഗോതമ്പ് ഉല്‍പാദനം 170 ലക്ഷം ടണ്ണായി ഉയര്‍ന്നു. തൊട്ടുമുമ്പത്തെ വര്‍ഷം ഉല്‍പാദനം 120 ലക്ഷം ടണ്ണായിരുന്നു. ''ഗോതമ്പു വിപ്ലവം'' എന്ന ശീര്‍ഷകത്തില്‍ 1968 ജൂലൈയില്‍ ഇന്ദിരാഗാന്ധി ഒരു സ്‌പെഷല്‍ തപ്പാല്‍ സ്റ്റാമ്പ് പുറത്തിറക്കി. നമ്മുടെ കാര്‍ഷിക പ്രക്രിയയിലെ ഒരു പുതിയ ഘട്ടത്തെയാണ് ആ വര്‍ഷത്തെ ഗോതമ്പ് ഉല്‍പാദനം കുറിച്ചത്. ഇറക്കുമതിയെ ആശ്രയിച്ചുള്ള ഭക്ഷണത്തില്‍ നിന്നും രാജ്യം പുറത്തുകടന്നത് രാജ്യം ശരിക്കും ആഘോഷിച്ചു. ഗോതമ്പിന്റെയും അരിയുടേയും ഉല്‍പാദനത്തിലുണ്ടായ കുതിച്ചുചാട്ടത്തെ ഹരിത വിപ്ലവമായാണ് വിശേഷിപ്പിച്ചത്. ഉല്‍പാദനത്തിലും ഉല്‍പാദനക്ഷമതയിലുമുണ്ടായ ഗണ്യമായ വര്‍ധനയുടെ പര്യായമായി ഹരിത വിപ്ലവം അറിയപ്പെടാന്‍ തുടങ്ങി.

1947ല്‍ സ്വാതന്ത്ര്യം നേടിയ സമയത്ത് ഗോതമ്പിന്റെ ഉല്‍പാദനം 70 ലക്ഷം ടണ്ണായിരുന്നു. ഈ വര്‍ഷം ഉല്‍പാദനം 850 ലക്ഷം ടണ്ണാകും. പഞ്ചാബിലെ മോഗ, ഖന്ന, ഖനനോണ്‍ തുടങ്ങിയ നിരവധി സ്ഥലങ്ങളിലെ ധാന്യ സംഭരണ കേന്ദ്രങ്ങള്‍ ഏപ്രില്‍ 23 മുതല്‍ 27 വരെ ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. ആഹ്ലാദവും അതേസമയം ദുഃഖവും തോന്നിയ കാഴ്ചയായിരുന്നു ഞാന്‍ കണ്ടത്. വളരെയേറെ പ്രയാസകരമായ സാഹചര്യങ്ങളില്‍ നമ്മുടെ കര്‍ഷകര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലം കണ്ടപ്പോഴാണ് ആഹ്ലാദം തോന്നിയത്. പകല്‍ വൈദ്യുതി ലഭിക്കാത്തതുമൂലം പലപ്പോഴും രാത്രിയായിരുന്നു കര്‍ഷകര്‍ പാടങ്ങളില്‍ വെള്ളം എത്തിച്ചത്. ഏറെ ശ്രദ്ധയോടെ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച ധാന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതു കണ്ടപ്പോഴാണ് ദുഃഖം തോന്നിയത്. സംസ്ഥാന മാര്‍ക്കറ്റിംഗ് ഏജന്‍സികളും ഫുഡ് കോര്‍പ്പറേഷനും ദിനംപ്രതി എത്തുന്ന ഗോതമ്പിന്റെ വന്‍ കൂമ്പാരം സംഭരിക്കാനും സൂക്ഷിക്കാനും കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. 2010 ഏപ്രില്‍-മെയ് മാസങ്ങളില്‍ സംഭരിച്ച ഗോതമ്പ് നിറച്ച ചാക്കുകള്‍ വിവിധ സംഭരണ കേന്ദ്രങ്ങളില്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ സംഭരിച്ച ധാന്യങ്ങളുടെ സ്ഥിതി ദയനീയമായ കാഴ്ചയാണ്. ഈര്‍പ്പം നെല്ലിന്റെ ഗുണമേന്മയെ ഗുരുതരമായി ബാധിക്കുന്നു. ധാന്യം നശിച്ചുപോകുന്നത് തടയാന്‍ അലൂമിനിയം സള്‍ഫേറ്റ് ഗുളികകള്‍ ഉപയോഗിച്ച് പുകയ്ക്കുകയും മലാത്തിയോണ്‍ സ്‌പ്രേ അടിക്കുകയും ചെയ്യുന്നുണ്ട്.

പൊതുവിതരണ സംവിധാനം നിലനിര്‍ത്താനാവശ്യമായ ഗോതമ്പിന്റെ 40 ശതമാനവും അരിയുടെ 26 ശതമാനവും നല്‍കുന്നത് പഞ്ചാബിലെ കര്‍ഷകരാണ്. നിര്‍ദിഷ്ട ദേശീയ ഭക്ഷ്യസുരക്ഷാനിയമം വിഭാവനം ചെയ്യുന്ന ഭക്ഷ്യധാന്യം പഞ്ചാബിലെയും ഹരിയാനയിലെയും മിച്ചധാന്യം ഉല്‍പ്പാദിപ്പിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെയും കൃഷിക്കാരുടെ സഹായമില്ലാതെ നല്‍കാന്‍ കഴിയില്ല. കാര്‍ഷിക യന്ത്രങ്ങളിലും സംഭരണ സംവിധാനത്തിലും വേണ്ടത്ര നിക്ഷേപം നടത്താത്തതുമൂലം ഉല്‍പ്പാദന ഘട്ടത്തിലും കൊയ്ത്തിനുശേഷമുള്ള ഘട്ടത്തിലും കര്‍ഷകര്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുന്നു. ഉല്‍പ്പാദനരംഗത്ത് ഈടുനില്‍ക്കുന്ന ഭക്ഷ്യ ഉല്‍പ്പാദനത്തിന് അനിവാര്യമായ പാരിസ്ഥിതിക അടിത്തറകള്‍ തകര്‍ച്ചയിലാണ്. ഭൂഗര്‍ഭജലം അതിരു കവിഞ്ഞ തോതിലാണ് ചൂഷണം ചെയ്യുന്നത്. ജലസേചനത്തെ ആശ്രയിക്കുന്ന കൃഷിഭൂമിയില്‍ എഴുപതു ശതമാനത്തോളത്തിനും വേണ്ടത്ര വെള്ളം ലഭിക്കുന്നില്ല. കീടനാശിനികളുടെയും രാസവളങ്ങളുടെയും വിവേചനരഹിതമായ ഉപയോഗം ജലത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. പഞ്ചാബിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ അരലക്ഷത്തോളം ഹെക്ടര്‍ കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറുന്നുണ്ട്. നൈട്രജന്റെയും ഫോസ്ഫറസിന്റെയും സിങ്കിന്റെയും അഭാവവും പഞ്ചാബിലെ കൃഷിയിടങ്ങളെ ബാധിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി ഉല്‍പ്പാദനക്ഷമത കുറഞ്ഞുവരുന്നു. കൃഷിയുടെ ഭാവിയെകുറിച്ചുള്ള ആശങ്കമൂലം യുവതലമുറ കൃഷിയില്‍ ഉറച്ചുനില്‍ക്കാന്‍ മടിക്കുന്നു. ഇത് ആശങ്കാജനകമാണ്. യുവാക്കളെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കാനും അവിടെ ഉറപ്പിച്ചുനിര്‍ത്താനും നടപടികളെടുത്തില്ലെങ്കില്‍ പഴയതലമുറ കൃഷിയിടങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്ക് വിറ്റു രംഗം വിടാന്‍ നിര്‍ബന്ധിതരാവും.

ഗോതമ്പിന്റെയും അരിയുടെയും ആഗോളവില നമ്മുടെ കൃഷിക്കാര്‍ക്ക് നല്‍കുന്ന മിനിമം താങ്ങുവിലയുടെ അമ്പതു ശതമാനത്തിലധികമാണ്. നമ്മുടെ ജനസംഖ്യ 120 കോടി കവിഞ്ഞു. ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുകവഴി മാത്രമേ കഴിയുകയുളളൂ.
2011 ലെ കാനേഷുമാരിയിലെ അസ്വസ്ഥജനകമായ ഒരു വസ്തുത പഞ്ചാബ്-ഹരിയാന മേഖലയില്‍ കുട്ടികള്‍ക്കിടയില്‍ സ്ത്രീ-പുരുഷ അനുപാതം ഗണ്യമായി കുറഞ്ഞുവരുന്നതാണ്. കാര്‍ഷികവൃത്തിയില്‍ ഗണ്യമായ പങ്കുവഹിക്കുന്നത് സ്ത്രീകളാണ്. ഗ്രാമങ്ങളില്‍ നിന്നും യുവാക്കള്‍ നഗരപ്രദേശങ്ങളിലേക്ക് കുടിയേറുന്ന പ്രവണതയ്ക്ക് ഒപ്പം സ്ത്രീകളുടെ അനുപാതം കുറഞ്ഞുവരികയും ചെയ്യുന്നത് കാര്‍ഷിക പുരോഗതിയെ അപകടത്തിലാക്കും. പെണ്‍കുട്ടി വിവാഹിതയാകുന്നതോടെ കൃഷി ഭൂമി കുടുംബത്തിന്റെ നിയന്ത്രണത്തില്‍ നിന്നും കൈവിട്ടുപോകുമെന്ന ഭീതിയാണ് കൃഷിക്കാരില്‍ പലരും ആണ്‍കുഞ്ഞിന് മുന്‍ഗണന നല്‍കുന്നതിന്റെ ഒരു കാരണം. കാര്‍ഷിക വൃത്തിയിലേക്ക് സ്ത്രീകളെ കൂടുതലായി ആകര്‍ഷിക്കണം. അതിന് സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാവുന്ന കാര്‍ഷിക യന്ത്രങ്ങല്‍ നിര്‍മിക്കേണ്ടതാവശ്യമാണ്.

ഈ സീസണില്‍ സംഭരിക്കുന്ന 260 ലക്ഷം ടണ്‍ ഗോതമ്പ് കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കണം. റയില്‍വേ വാഗണുകള്‍ വഴി ഗോതമ്പ് നീക്കം ചെയ്യുന്നതിന് മുന്‍കൂട്ടി പദ്ധതി തയാറാക്കണം. ഒരു വാഗണില്‍ 2500 ടണ്‍ ഗോതമ്പ് കൊണ്ടുപോകാന്‍ കഴിയും. ഇപ്പോള്‍ പ്രതിദിനം നാല്‍പതിനായിരം ടണ്‍വരെ ഗോതമ്പ് റയില്‍വേ വഴി നീക്കം ചെയ്യുന്നുണ്ട്. പ്രതിദിനം ഒരു ലക്ഷം ടണ്‍ ഗോതമ്പു കൊണ്ടുപോകാന്‍ കഴിയുംവിധം സജ്ജീകരണങ്ങളുണ്ടാകണം. പൊതുവിതരണ സംവിധാനത്തിനായി സംസ്ഥാനങ്ങളില്‍ ഇത് എത്തിക്കണം. ഗോതമ്പ് സംഭരിച്ചു സൂക്ഷിക്കുകയാണ് മറ്റൊരു കടമ. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സൂക്ഷിപ്പു കേന്ദ്രങ്ങളാണാവശ്യം. പത്തു ലക്ഷം ടണ്‍ ധാന്യങ്ങള്‍ നന്നായി സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കാന്‍ 600 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. പഞ്ചാബ്-ഹരിയാന-പടിഞ്ഞാറന്‍ യു പി മേഖലയിലെ 150 ലക്ഷം ടണ്‍ ധാന്യങ്ങള്‍ നല്ലനിലയില്‍ സൂക്ഷിക്കുന്നതിനുള്ള ആധുനിക ധാന്യപുരകള്‍ സ്ഥാപിക്കുന്നതിന് പതിനായിരം കോടി രൂപയുടെ നിക്ഷേപമാവശ്യമായിവരും. ഈ നിക്ഷേപം ഒരിക്കലും ഒരു നഷ്ടമാവില്ല. സുപ്രിംകോടതി നിര്‍ദേശിച്ചതുപോലെ പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാന്‍ നമുക്ക് കഴിയും. മിച്ചം വരുന്നത് കയറ്റി അയക്കുകയും ചെയ്യാം. ആഗോള ഭക്ഷ്യവില ആകര്‍ഷകമാണെങ്കില്‍ മാത്രമേ കയറ്റുമതി ചെയ്യാവൂ. അതുവഴി ലഭിക്കുന്ന ലാഭം ദേശീയ കാര്‍ഷിക കമ്മിഷന്‍ നിര്‍ദേശിച്ചതുപോലെ കൃഷിക്കാര്‍ക്ക് ബോണസായി നല്‍കുകയും ചെയ്യണം. നാം ഒരു ദേശീയ ധാന്യഗ്രിഡ് ഉണ്ടാക്കേണ്ട സമയമായിരിക്കുന്നു. ഗ്രാമതലംമുതല്‍ ആധുനിക സംഭരണ സൂക്ഷിപ്പുകേന്ദ്രങ്ങള്‍വരെ ഉള്‍ക്കൊള്ളുന്നതായിരിക്കണം ദേശീയ ധാന്യഗ്രിഡ്. കൊയ്ത്തിനുശേഷമുണ്ടാകുന്ന ധാന്യ നഷ്ടം പരമാവധി കുറച്ചുകെണ്ടുവരാന്‍ ഇതുവഴി കഴിയും. ഉല്‍പ്പാദനവും വിളവെടുപ്പിനുശേഷമുണ്ടാകുന്ന നഷ്ടവും തമ്മിലുള്ള അന്തരം നികത്താന്‍ കഴിയേണ്ടത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലെ ഒരു പ്രധാന ഘടകമാണ്.

*****

ഡോ. എം എസ് സ്വാമിനാഥന്‍, കടപ്പാട്: ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...