Wednesday, May 25, 2011

കുറിപ്പടി മരണങ്ങള്‍

കാനഡയിലെ ടോറോണ്ടോ നഗരത്തില്‍ വസിക്കുന്ന ടെരെന്‍സ് യന്ഗന്റെയും ഗ്ലോറിയയുടെയും മകള്‍ പതിനഞ്ചു വയസ്സുകാരി വനെസ്സയ്ക്ക് ചെറിയൊരു ആരോഗ്യ പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ: ആഹാരം കഴിച്ചുകഴിഞ്ഞാല്‍ ഛര്‍ദിക്കുക. കുടുംബ ഡോക്ടര്‍ കുറിച്ചുകൊടുത്തത് പ്രിപല്‌സിഡ് എന്ന അതിസാധാരണ മരുന്ന്. അത് കഴിച്ചിട്ട് അസുഖത്തിനു ആശ്വാസം ഉണ്ടെന്നാണ് വനെസ്സ പറഞ്ഞിരുന്നത്. പക്ഷേ, 2000 മാര്‍ച്ച് 19 ന് അച്ഛനോട് സംസാരിച്ചുകൊണ്ടിരുന്ന വനെസ്സ പൊടുന്നനെ ബോധംകെട്ടു കുഴഞ്ഞുവീണു. ഉടനടി ആശുപത്രിയിലെത്തിച്ചു വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും വനെസ്സയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മറ്റെല്ലാ വിധത്തിലും അരോഗ ദൃഡഗാത്ര ആയിരുന്ന വനെസ്സയുടെ ആകസ്മിക മരണം സ്വാഭാവികമായും അവള്‍ കഴിച്ചിരുന്ന പ്രിപല്‌സിഡ് എന്ന മരുന്നിലേയ്ക്ക് ആണ് വിരല്‍ ചൂണ്ടിയത്. സിസാപ്രയിഡ് എന്നാണതിന്റെ പൊതു നാമം. പക്ഷേ വിവിധ ബ്രാന്‍ഡ് പേരുകളില്‍ ആണ് വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത കമ്പനികള്‍ അത് വില്‍ക്കുന്നത്. യു എസ് ഏയില്‍ പ്രോപല്‌സിഡ് എന്ന പേരില്‍ ആണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തന്നെ അത് വിറ്റിരുന്നത്. (ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 27 മരുന്നുകളില്‍ സിസാപ്രയിഡ് അടങ്ങിയിട്ടുണ്ടത്രേ) വനെസ്സയുടെ മരണം ഒരു ഒറ്റപ്പെട്ട അപകടം ആയിരുന്നില്ല. അമേരിക്കയില്‍ പ്രോപല്‌സിഡ് കഴിച്ച് 86 പേര്‍ എങ്കിലും മരിച്ചിട്ടുണ്ട് എന്ന് ഔദ്യോഗിക കണക്കുകള്‍ തന്നെ കാണിക്കുന്നു. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളിലൂടെ ഓരോ വര്‍ഷവും ഒരുലക്ഷത്തിലധികം മരണങ്ങളാണ് അമേരിക്കയിലെ ആശുപത്രികളില്‍ സംഭവിക്കുന്നത്. ഇതിന് പുറമെയാണ് വീടുകളിലും വൃദ്ധ സദനങ്ങളിലും മറ്റും സംഭവിക്കുന്ന മറ്റ് ഒരു ലക്ഷത്തോളം മരുന്ന് മരണങ്ങള്‍. മരുന്ന് മാറിക്കഴിക്കുന്നതുമൂലവും ഓവര്‍ഡോസ് മൂലവും മറ്റും ഉണ്ടാകുന്ന അപകട മരണങ്ങള്‍ ഇതില്‍ പെടില്ല. കൃത്യമായ രോഗനിര്‍ണയത്തിനു ശേഷം ഭിഷഗ്വരന്മാര്‍ നല്‍കുന്ന നിയമ വിധേയമായ മരുന്നുകളുടെ പാര്‍ശ്വഫലം മൂലം ഉണ്ടാകുന്ന മരണങ്ങള്‍ ആണിവ. കാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ കഴിഞ്ഞാല്‍ മരുന്ന് ആണത്രേ അമേരിക്കയിലെ ഏറ്റവും വലിയ കൊലയാളി!

എന്നാല്‍ വനെസ്സയുടെ അച്ഛന്‍ ഈ ദുരന്തത്തെ വിധി വിഹിതം എന്ന് വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. ഈ ദുര്‍വിധി മറ്റൊരാള്‍ക്കും സംഭവിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാശി. ഇത്രയും മരണങ്ങള്‍ക്ക് കാരണം ആകുന്ന പ്രിപല്‌സിഡ് എന്തുകൊണ്ട് നിരോധിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ആ അന്വേഷണം അദ്ദേഹത്തെ എത്തിച്ചത് ആരെയും അസ്വസ്ഥരാക്കുന്ന, ഞെട്ടിപ്പിക്കുന്ന, കണ്ടെത്തലുകളില്‍ ആയിരുന്നു. ലാഭം വര്‍ധിപ്പിക്കാന്‍ വേണ്ടി
ബോധപൂര്‍വം പാര്‍ശ്വഫലങ്ങള്‍ മറച്ചുവച്ചു മരുന്നുകള്‍ വിപണിയില്‍ ഇറക്കുന്നതിന്റെ കഥകള്‍, മരുന്ന് മരണങ്ങള്‍ ഉണ്ടായിട്ടും അപകടമായ മരുന്ന് പിന്‍ വലിക്കാന്‍ കൂട്ടാക്കാത്തതിന്റെ കഥകള്‍, മരുന്ന് കമ്പനികളും ആരോഗ്യ അധികൃതരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കഥകള്‍. ടെരെന്‍സ് യന്ഗിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഉദ്വേഗ ജനകമായ വിവരണം അദ്ദേഹം എഴുതിയ 'കുറിപ്പടി മരണങ്ങള്‍' എന്ന പുസ്തകത്തില്‍ വായിക്കാം. ഏറ്റവും അദ്ഭുതകരമായ സംഗതി സിസാപ്രയിഡ് എന്ന മരുന്ന് ആഹാരത്തിനു ശേഷമുള്ള ഛര്‍ദിലിനു പറഞ്ഞിട്ടുള്ള മരുന്നേ അല്ല എന്നുള്ളതാണ്. അതിന് യു എസ് ഏ യില്‍ അനുമതി കിട്ടിയത് നെഞ്ചെരിച്ചില്‍ എന്ന രോഗത്തിനായിരുന്നു. ഛര്‍ദിലിനു അത് ഫലപ്രദം ആണെന്ന് ഒരു പരീക്ഷണത്തിലും തെളിയിക്കപ്പെട്ടിരുന്നില്ല. മരുന്നിനോടൊപ്പമുള്ള 'ലേബലില്‍' അങ്ങനെ പറയുന്നുമില്ല. (കൂട്ടത്തില്‍ പറയട്ടെ, അവര്‍ 'ലേബല്‍' എന്ന് പറയുന്നത് മരുന്ന് കൂടിനു പുറത്തുള്ള ഒട്ടിപ്പ് അല്ല; ഓരോ മരുന്നിന്റെയും അനുമതി പത്രത്തിന്റെ ഒപ്പം പ്രസിദ്ധപ്പെടുത്തുന്ന വിശദമായ വിവരണം ആണ്. അത് പലപ്പോഴും പത്തു മുപ്പതു പേജു വരും. മിക്ക ഡോക്ടര്‍മാരും അത് കാണാറ് പോലുമില്ല എന്നതാണ് വാസ്തവം!) എങ്കിലും ഇത് ഛര്‍ദിലിനും കൊടുക്കാം എന്ന മെഡിക്കല്‍ റെപ്പ് മാരുടെ വാചാ പ്രചാരണത്തില്‍ വിശ്വസിച്ചാണ് ഡോക്ടര്‍മാര്‍ അത് ഛര്‍ദിലിനും കുറിച്ചു കൊടുത്തു തുടങ്ങിയത്. ഇപ്രകാരമുള്ള 'ഓഫ് ലേബല്‍' കുറിമാനങ്ങള്‍ ആണത്രേ പല 'ഹിറ്റ്' മരുന്നുകളുടെയും വിജയ രഹസ്യം. അതിനുവേണ്ടി മെഡിക്കല്‍ റെപ്പ് മാര്‍ നടത്തുന്ന അഭ്യാസങ്ങളും ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന 'പ്രേരകങ്ങളും' നമുക്കും അറിവുള്ളതാണല്ലോ. അതിനും പുറമേ, കുട്ടികള്‍ക്ക്, വിശേഷിച്ചു പെണ്‍കുട്ടികള്‍ക്ക്, അതുമൂലം ഹൃദ്രോഗം വരാനുള്ള സാധ്യത ഉണ്ടെന്നുള്ളതിനു പല സൂചനകളും ഉണ്ടായിരുന്നു താനും. ഇത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ കമ്പനിക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അത് സംബന്ധിച്ച് ഒരു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അത്തരം മുന്നറിയിപ്പ് കത്തുകളുടെ കാര്യം വേറൊരു കഥ. അത് വഴിയെ പറയാം.

വാസ്തവത്തില്‍ നെഞ്ചെരിച്ചിലിനു മോട്ടിലിയം എന്നൊരു മരുന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രചരിപ്പിച്ചിരുന്നത്. 1991 ല്‍ അതിന്മേലുള്ള കുത്തക അവകാശം അവസാനിക്കും എന്ന ഘട്ടം വന്നപ്പോഴാണ് അത് പിന്‍വലിച്ചുകൊണ്ട് പ്രിപല്‌സിഡ് വിപണിയില്‍ ഇറക്കിയത്. ഇതും ബഹുരാഷ്ട്ര മരുന്ന് കമ്പനികളുടെ ഒരു സ്ഥിരം തന്ത്രമത്രേ. പേറ്റന്റ് കാലാവധി കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അതേ രാസ തന്മാത്രയുള്ള മരുന്ന് തുച്ഛമായ വിലയ്ക്ക് ഇറക്കാം. ശതകോടികള്‍ പിരിയുന്ന കുത്തകയാണ് പൊളിയുന്നത്. അതുകൊണ്ടാണ് തക്ക സമയത്ത് തന്നെ അവര്‍ അതേ രോഗത്തിന് മറ്റൊരു മരുന്ന് വിപണിയില്‍ ഇറക്കി മോട്ടിലിയം പിന്‍വലിച്ചത്. മോട്ടിലിയത്തിനു ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരുന്നു എന്നതും നേര്. പക്ഷേ അതിന്റെ ആയുഷ്‌കാലം മുഴുവന്‍ അത് ഗൗരവത്തില്‍ എടുക്കാതെ അവസാന കാലത്ത് പാര്‍ശ്വഫലത്തിന്റെ പേര് പറഞ്ഞ് അതു പിന്‍ വലിച്ചത് വെറും കച്ചവട തന്ത്രം മാത്രം ആയിരുന്നെന്നു കാണാന്‍ വിഷമമില്ല.

പുതിയ മരുന്നിനു പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്ന വിശദമായ ഫീല്‍ഡ് പരിശോധനകള്‍ക്ക് ശേഷം മാത്രമേ വില്പന അനുവാദം കൊടുക്കൂ എന്നാണ് സങ്കല്‍പം. പക്ഷേ അവിടെയാണ് പല കള്ളക്കളികളും നടക്കുക. കമ്പനിയുടെ ചെലവില്‍ ഫീല്‍ഡ് ട്രയലുകള്‍ നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഭീമമായ പ്രതിഫലം ആണ് കിട്ടുക. അമേരിക്കയില്‍ ഇത് രോഗി ഒന്നിന് 20000 ഡോളര്‍ വരെ ആയേക്കാം. നൂറു രോഗികളെ വച്ചുള്ള ഒരു ഫീല്‍ഡ് ട്രയലിലൂടെ രണ്ട് മില്യന്‍ ഡോളറാണ് ഡോക്ടര്‍ക്ക് കിട്ടുക. അത്തരം പഠനങ്ങളില്‍ പലപ്പോഴും വിപരീത ഫലങ്ങള്‍ മറച്ചു വയ്ക്കപെടുകയോ ലഘൂകരിക്കപ്പെടുകയോ ചെയ്‌തേക്കാം. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ അനുബന്ധ സ്ഥാപനമായ മക്‌നീല്‍ വികസിപ്പിചെടുത്ത സുപ്രോള്‍ എന്ന മരുന്നിന്റെ ഫീല്‍ഡ് ട്രയല്‍ വേളയില്‍ തന്നെ പരീക്ഷണത്തില്‍ പങ്കെടുത്ത 24 യുവാക്കളില്‍ 9 പേര്‍ക്കും പള്ള വേദന അനുഭവപ്പെടുകയുണ്ടായി. എന്നിട്ടും 1985 ഡിസംബറില്‍ അതിന് അംഗീകാരം കിട്ടി. 1986 ഏപ്രില്‍ മുതല്‍ തന്നെ 'മരുന്നിനു പാര്‍ശ്വഫലമായി പള്ളവേദന ഉണ്ടാകാം, സൂക്ഷിക്കണം' എന്ന മുന്നറിയിപ്പ് നല്‍കുന്ന കത്തുകള്‍ ഡോക്ടര്‍മാര്‍ക്ക് അയക്കാന്‍ കമ്പനി നിര്‍ബന്ധിതമായി. 'പ്രിയപ്പെട്ട ഡോക്ടര്‍' എന്ന് തുടങ്ങുന്ന ഈ മുന്നറിയിപ്പ് കത്തുകളുടെ കാര്യവും വളരെ വിശേഷമാണ്. മിക്ക ഡോക്ടര്‍മാരും ഈ കത്തുകള്‍ വായിക്കുകയോ ഗൗരവത്തില്‍ എടുക്കുകയോ ചെയ്യാറില്ല എന്ന് കമ്പനിക്കും അറിയാം. അതറിഞ്ഞു കൊണ്ട് തന്നെയാണ് തുടരെ തുടരെ ഇത്തരം കത്തുകള്‍ അയക്കുക. 1986 ഒക്ടോബര്‍ ആയപ്പോഴേക്കും ബ്രിട്ടനില്‍ മരുന്നിനെതിരെ നിരോധനം വന്നേക്കും എന്ന ഘട്ടമായപ്പോള്‍ ബ്രിട്ടീഷ് വിപണിയില്‍ നിന്ന് സുപ്രോള്‍ പിന്‍ വലിക്കാന്‍ കമ്പനി തയാറായി. 'വാണിജ്യപരമായ കാരണങ്ങള്‍' ആണ് പുറമേ പറഞ്ഞത്. അതും ഒരു തന്ത്രം ആണ്. സര്‍ക്കാരിന്റെ വിലക്കു കാരണം ഒരു മരുന്ന് പിന്‍ വലിക്കേണ്ടി വന്നാല്‍, അത് മറ്റു രാജ്യങ്ങളിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. സ്വയം പിന്‍വലിച്ചാല്‍ അത് ഒഴിവാക്കാമല്ലോ. ബ്രിട്ടനില്‍ സുപ്രോള്‍ പിന്‍വലിക്കുമ്പോഴും അമേരിക്കയില്‍ മറ്റൊരു 'പ്രിയപ്പെട്ട ഡോക്ടര്‍' കത്തില്‍ തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തം ഒതുക്കി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. 1997 ആയപ്പോഴേക്കും യൂറോപ്പില്‍ സര്‍ക്കാര്‍ നിരോധനം വരും എന്ന അവസ്ഥയിലെത്തി
കാര്യങ്ങള്‍. ഇതിനകം മുന്നൂറോളം പേര്‍ക്ക് മരുന്നിന്റെ പാര്‍ശ്വഫലമായി പള്ളവേദന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അപ്പോള്‍ യൂറോപ്യന്‍ - യു എസ് വിപണികളില്‍ നിന്ന് കൂടി സുപ്രോള്‍ പിന്‍വലിക്കപ്പെട്ടു. പക്ഷേ ലോകത്ത് മറ്റു എത്ര രാജ്യങ്ങളില്‍ അത് ഇപ്പോഴും വില്ക്കുന്നുണ്ട് എന്ന് ആര്‍ക്കും അറിയില്ല.

വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത ബ്രാന്‍ഡ് പേരുകളില്‍ ആയിരിക്കും ഒരേ മരുന്ന് തന്നെ വില്‍ക്കുക. ഒരു മരുന്ന് കാരണം എന്തെങ്കിലും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നതിനും ഇത് തടസ്സം സൃഷ്ടിക്കും. ഒരേ രാസസ്വഭാവമുള്ള എല്ലാ മരുന്നുകളുടെയും പാര്‍ശ്വ ഫലങ്ങള്‍ ഒന്നിച്ച് ശേഖരിച്ച് ലഭ്യമാക്കുന്ന ഒരു സമ്പ്രദായം ഉണ്ടായേ തീരൂ. പക്ഷേ അത് വരാതിരിക്കുക എന്നതാണ് മരുന്നുകമ്പനികളുടെ താത്പര്യം. കോടിക്കണക്കിനു ആളുകള്‍ ഒരു മരുന്ന് ഉപയോഗിക്കുമ്പോള്‍ നൂറുകണക്കിന് മരണം ഉണ്ടായാല്‍ പോലും അവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. ആരെങ്കിലും വാശിയോടെ കേസിന് പോയാല്‍ പോലും ഒറ്റപ്പെട്ട ഒരു സംഭവത്തില്‍ മരുന്നും മരണവും തമ്മില്‍ കാര്യകാരണ ബന്ധം തെളിയിക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍ നൂറു കണക്കിന് സംഭവങ്ങള്‍ ഒന്നിച്ച് പരിശോധിച്ചാല്‍ സാംഖികമായ തെളിവ് അനിഷേധ്യമാകും. അതുകൊണ്ടാണ് പാര്‍ശ്വഫലങ്ങള്‍ ഒന്നിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തടയാന്‍ കമ്പനികള്‍ ആവുന്നത്ര ശ്രമിക്കുന്നത്.

ഒറ്റപ്പെട്ട നഷ്ടപരിഹാര കേസുകളെ അവര്‍ ഉരുക്കുമുഷ്ടി കൊണ്ട് നേരിടും. ഒരു കേസിന് വേണ്ടി ലക്ഷക്കണക്കിന് ഡോളര്‍ ചെലവാക്കാന്‍ അവര്‍ക്ക് മടിയൊന്നുമില്ല. അതൊക്കെ ബിസിനസ് ചെലവില്‍ പൊയ്‌ക്കൊള്ളും. പക്ഷേ കേസ് പ്രതികൂലം ആകുന്നെന്നോ ക്രമത്തിലധികം പബ്ലിസിറ്റി ഉണ്ടാകുന്നുണ്ടെന്നോ തോന്നിയാല്‍ എത്ര പണം കൊടുത്തും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് ഉണ്ടാക്കാനും അവര്‍ തയാറാകും. അതിന്റെ ഗുട്ടന്‍സ് എന്തെന്ന് വച്ചാല്‍ അത്തരം ഒത്തുതീര്‍പ്പിന്റെ വ്യവസ്ഥകള്‍ രഹസ്യം ആയിരിക്കും. ആ വിവരങ്ങള്‍ ഒരിക്കലും പിന്നെ മറ്റൊരു കേസില്‍ അവര്‍ക്കെതിരായി ഉപയോഗിക്കപ്പെടില്ല. കൂട്ട നഷ്ടപരിഹാര കേസുകളില്‍ കോടിക്കണക്കിനു ഡോളര്‍ കൊടുത്തു കേസ് 'ഒതുക്കിയ' ചരിത്രം ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ക്ക് ഉണ്ട്. മരുന്ന് പിന്‍ വലിക്കുകയോ നിരോധിക്കപ്പെടുകയോ ചെയ്യുന്നതിനേക്കാള്‍ ലാഭം ഇങ്ങനെ നഷ്ടപരിഹാരം കൊടുക്കുന്നതാണ് എന്ന പച്ചയായ കണക്ക് കൂട്ടലാണ് ഇതിന്റെ പിന്നില്‍. വിപണി വ്യവസ്ഥയില്‍ മനുഷ്യ ജീവനേക്കാള്‍ വലുതാണല്ലോ ലാഭം!

ചില സന്ദര്‍ഭങ്ങളില്‍ അപകട സാധ്യത ഉള്ള മരുന്നുകള്‍ ഉപയോഗിക്കേണ്ടിവന്നേക്കാം എന്ന് സമ്മതിക്കാതെ തരമില്ല. കാന്‍സര്‍ ചികിത്സയിലോ ഹൃദ്രോഗ ചികിത്സയിലോ കരള്‍ രോഗത്തിനോ കിഡ്‌നി രോഗത്തിനോ ഒക്കെ അത്തരം 'വിഷ പ്രയോഗം' സാധു ആയേക്കാം. 'എല്ലാ മരുന്നും വിഷം ആണ്' എന്ന് പറഞ്ഞത് വൈദ്യ രസതന്ത്രത്തിന്റെ പിതാവായ പാരാസെല്‌സസ് ആയിരുന്നു. രോഗത്തിന്റെ അവസ്ഥയും രോഗിയുടെ ശരീരസ്ഥിതിയും മരുന്ന് കൊടുത്താലുള്ള ഗുണവും ദോഷവും കൊടുക്കാഞ്ഞാലുള്ള ഭവിഷ്യത്തും ഒക്കെ വിലയിരുത്തി തീരുമാനം എടുക്കേണ്ടത് ഭിഷഗ്വരന്‍ ആണ്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ മരുന്ന് കൊടുപ്പിക്കുക എന്ന കമ്പനികളുടെ സമ്മര്‍ദ തന്ത്രത്തിനു അവരില്‍ പലരും കീഴടങ്ങുന്ന അവസ്ഥയാണ് മിക്ക രാജ്യങ്ങളിലും ഇപ്പോള്‍ ഉള്ളത്.

ജീവന്‍ രക്ഷാ മരുന്നുകളുടെ കാര്യത്തില്‍ മാത്രമല്ല, ജലദോഷം, മൂക്കൊലിപ്പ് തുടങ്ങിയ (മരുന്ന് വേണ്ടാത്ത) സാധാരണ രോഗങ്ങള്‍ക്ക് കൊടുക്കുന്ന മരുന്നുകള്‍ക്ക് പോലും ഇത്തരം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഗതി വളരെ ഗുരുതരം ആകുന്നു. മൂക്കൊലിപ്പിനു ചികിത്സയ്ക്കായി ഹെഴ്സ്റ്റ് കമ്പനി വിപണിയിലിറക്കിയ സെല്‌ഡേയ്ന്‍ എന്ന ആന്റി ഹിസ്ടമിന്‍ മരുന്നിന്റെ കഥ കേള്‍ക്കൂ. 1985 ല്‍ ആണ് അമേരിക്കയില്‍ ആദ്യമായി ഈ മരുന്ന് വിപണിയില്‍ ഇറക്കിയത്. ലോകമൊട്ടാകെ പത്തു കോടി ആളുകളെങ്കിലും ഇത് കഴിച്ചിട്ടുണ്ടാകും എന്നാണ് കണക്ക്. പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് ഹൃദയത്തെ ബാധിക്കും എന്ന് താമസിയാതെ മനസ്സിലായി. എങ്കിലും പകരം അല്ലാഗ്ര എന്ന മരുന്ന് വിപണിയില്‍ എത്തിച്ച ശേഷമേ സെല്‌ഡേയ്ന്‍ പിന്‍ വലിക്കാന്‍ കമ്പനി തയാറായുള്ളൂ. അത് പോലെ മുഖക്കുരുവിന് കുറിച്ചു നല്‍കുന്ന അക്ക്യുടെയ്ന്‍ എന്ന മരുന്ന് പഴയ താലിഡോമയിഡ് പോലെ കുഞ്ഞുങ്ങള്‍ക്ക് ജനിതക തകരാറുകള്‍ ഉണ്ടാക്കുന്നതാണെന്ന് കണ്ടെത്തി. എന്നാലും മരുന്ന് പിന്‍വലിക്കാന്‍ കമ്പനിക്കാരോ നിരോധിക്കാന്‍ സര്‍ക്കാരുകളോ തയാറായില്ല. അതിനുപകരം നിര്‍മാതാക്കളായ റോഷ് കമ്പനി ചെയ്തത് മറ്റൊരു 'പ്രിയപ്പെട്ട ഡോക്ടര്‍' കത്ത് അയക്കുകയാണ്.

ദോഷം പറയരുതല്ലോ, ഈ മരുന്ന് കൊടുക്കുന്നതിനു മുന്‍പ് രോഗിയെക്കൊണ്ട് ഒരു സമ്മതപത്രത്തില്‍ ഒപ്പിടിക്കണം എന്നും അവര്‍ കത്തില്‍ പറഞ്ഞിരുന്നു. നല്ല കാര്യമായി! ഇത്തരം കത്തുകള്‍ വായിച്ചുനോക്കാതെ ചവറ്റുകുട്ടയില്‍ ഇടുന്ന ഡോക്ടര്‍മാരാണ് രോഗിയെക്കൊണ്ട് സമ്മതപത്രം ഒപ്പിടീപ്പിച്ചിട്ടു മുഖക്കുരുവിന് മരുന്നു കൊടുക്കാന്‍ പോകുന്നത്! മരുന്ന് ദുരന്തങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഗുരുതരമായത് താലിഡോമയിഡ് തന്നെ. ഗ്രുനെന്താല്‍ എന്ന ജര്‍മന്‍ കമ്പനി വികസിപ്പിച്ചെടുത്ത താലിഡോമയിഡ് 1957 മുതല്‍ 1961 വരെ ഗര്‍ഭകാലത്തെ ഛര്‍ദിലിനു പരിഹാരമായി ലോകമെങ്ങും വിറ്റുവന്നിരുന്ന ഏറ്റവും പോപ്പുലര്‍ ആയ മരുന്ന് ആയിരുന്നു. ക്രമേണയാണ് ഇതുകഴിച്ച അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് പലവിധ ജനിതക തകരാറുകളും ഉണ്ടാകുന്നതായി ശ്രദ്ധയില്‍ പെട്ടത്. 10000 ത്തിനും 20000 നും ഇടയ്ക്ക് കുഞ്ഞുങ്ങള്‍ ഇങ്ങനെ അംഗവൈകല്യത്തോടെ ജനിച്ചതായി കണക്കാക്കപ്പെടുന്നു. ഒടുവില്‍ ലോകമെങ്ങും താലിഡോമയിഡ് പിന്‍വലിക്കപ്പെടുകയും കോടിക്കണക്കിനു ഡോളര്‍ നഷ്ടപരിഹാരമായി കമ്പനി നല്‍കുകയും ചെയ്തു. രസകരമായ സംഗതി, അടുത്ത കാലത്ത് ഒരുതരം ക്യാന്‍സറിനുള്ള ഔഷധം ആയി താലിഡോമയിഡ് തിരിച്ചുവരുന്നു എന്നതാണ്. ഇത് മുന്‍പ് സൂചിപ്പിച്ച ഒരു ശാസ്ത്രീയ തത്വം ആണ് കാണിക്കുന്നത്. അപകടകാരിയായ മരുന്നുകള്‍ ചിലപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കേണ്ടിവന്നെക്കാം. അത് ഡോക്ടര്‍മാരുടെ ശ്രദ്ധാപൂര്‍വമായ മേല്‍നോട്ടത്തില്‍ ആയിരിക്കണം. ഒരിക്കലും രോഗാവസ്‌ഥയെക്കാള്‍ അപകടം ഉണ്ടാക്കുന്ന വിധത്തില്‍ ആയിരിക്കരുത്. പക്ഷേ ആരോഗ്യരക്ഷയും ചികിത്സയും കച്ചവടവത്കരിക്കപ്പെടുന്ന ഈ കാലത്ത് കര്‍ക്കശമായ സര്‍ക്കാര്‍ നിയന്ത്രണവും പൊതുജന ഇടപെടലും ഉണ്ടെങ്കില്‍ മാത്രമേ ഇത് ഉറപ്പാക്കാന്‍ കഴിയൂ.


*****


ദൃഷ്ടി/ആര്‍ വി ജി മേനോന്‍, കടപ്പാട്: ജനയുഗം

3 comments:

വര്‍ക്കേഴ്സ് ഫോറം said...

കാനഡയിലെ ടോറോണ്ടോ നഗരത്തില്‍ വസിക്കുന്ന ടെരെന്‍സ് യന്ഗന്റെയും ഗ്ലോറിയയുടെയും മകള്‍ പതിനഞ്ചു വയസ്സുകാരി വനെസ്സയ്ക്ക് ചെറിയൊരു ആരോഗ്യ പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ: ആഹാരം കഴിച്ചുകഴിഞ്ഞാല്‍ ഛര്‍ദിക്കുക. കുടുംബ ഡോക്ടര്‍ കുറിച്ചുകൊടുത്തത് പ്രിപല്‌സിഡ് എന്ന അതിസാധാരണ മരുന്ന്. അത് കഴിച്ചിട്ട് അസുഖത്തിനു ആശ്വാസം ഉണ്ടെന്നാണ് വനെസ്സ പറഞ്ഞിരുന്നത്. പക്ഷേ, 2000 മാര്‍ച്ച് 19 ന് അച്ഛനോട് സംസാരിച്ചുകൊണ്ടിരുന്ന വനെസ്സ പൊടുന്നനെ ബോധംകെട്ടു കുഴഞ്ഞുവീണു. ഉടനടി ആശുപത്രിയിലെത്തിച്ചു വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും വനെസ്സയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മറ്റെല്ലാ വിധത്തിലും അരോഗ ദൃഡഗാത്ര ആയിരുന്ന വനെസ്സയുടെ ആകസ്മിക മരണം സ്വാഭാവികമായും അവള്‍ കഴിച്ചിരുന്ന പ്രിപല്‌സിഡ് എന്ന മരുന്നിലേയ്ക്ക് ആണ് വിരല്‍ ചൂണ്ടിയത്. സിസാപ്രയിഡ് എന്നാണതിന്റെ പൊതു നാമം. പക്ഷേ വിവിധ ബ്രാന്‍ഡ് പേരുകളില്‍ ആണ് വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത കമ്പനികള്‍ അത് വില്‍ക്കുന്നത്. യു എസ് ഏയില്‍ പ്രോപല്‌സിഡ് എന്ന പേരില്‍ ആണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തന്നെ അത് വിറ്റിരുന്നത്. (ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 27 മരുന്നുകളില്‍ സിസാപ്രയിഡ് അടങ്ങിയിട്ടുണ്ടത്രേ) വനെസ്സയുടെ മരണം ഒരു ഒറ്റപ്പെട്ട അപകടം ആയിരുന്നില്ല. അമേരിക്കയില്‍ പ്രോപല്‌സിഡ് കഴിച്ച് 86 പേര്‍ എങ്കിലും മരിച്ചിട്ടുണ്ട് എന്ന് ഔദ്യോഗിക കണക്കുകള്‍ തന്നെ കാണിക്കുന്നു. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളിലൂടെ ഓരോ വര്‍ഷവും ഒരുലക്ഷത്തിലധികം മരണങ്ങളാണ് അമേരിക്കയിലെ ആശുപത്രികളില്‍ സംഭവിക്കുന്നത്. ഇതിന് പുറമെയാണ് വീടുകളിലും വൃദ്ധ സദനങ്ങളിലും മറ്റും സംഭവിക്കുന്ന മറ്റ് ഒരു ലക്ഷത്തോളം മരുന്ന് മരണങ്ങള്‍. മരുന്ന് മാറിക്കഴിക്കുന്നതുമൂലവും ഓവര്‍ഡോസ് മൂലവും മറ്റും ഉണ്ടാകുന്ന അപകട മരണങ്ങള്‍ ഇതില്‍ പെടില്ല. കൃത്യമായ രോഗനിര്‍ണയത്തിനു ശേഷം ഭിഷഗ്വരന്മാര്‍ നല്‍കുന്ന നിയമ വിധേയമായ മരുന്നുകളുടെ പാര്‍ശ്വഫലം മൂലം ഉണ്ടാകുന്ന മരണങ്ങള്‍ ആണിവ. കാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ കഴിഞ്ഞാല്‍ മരുന്ന് ആണത്രേ അമേരിക്കയിലെ ഏറ്റവും വലിയ കൊലയാളി!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചികില്‍സയെ പറ്റി എവിടെ കണ്ടാലും ചാടിവീഴുന്ന കുറെ പേരുണ്ടല്ലൊ അമേരിക്കയില്‍ തന്നെയും. ഇവിടെ എന്താ ആളനക്കം ഇല്ലാത്തത്‌ ഓ ആധുനികവൈദ്യം ആണല്ലൊ അല്ലെ?

അപ്പൊ പിന്നെ കുഴപ്പം ഇല്ല അത്‌ ചാത്രീയം

Suraj said...

ഇതേ ആര്‍.വി.ജി മേനോന്‍ തന്നെ ശബരിമലയിലെ ഉഡായ്പ്പിനെതിരേ എഴുതിയപ്പോ ഈ ഭാഗത്തെങ്ങും കാണാത്ത അമ്മാവന്മാരൊക്കെ അമേരിക്ക, ശാസ്ത്രം, വൈദ്യം എന്നൊക്കെ വായിച്ചപ്പം ജലൂസിലാദിലേഹ്യമോ അനാസിനാദി തൈലമോ വാറ്റിയടിച്ചപോലെ പെട്ടെന്ന് പൊങ്ങിവന്നത് കണ്ട് ആനന്ദാശ്രുക്കള്‍ ടര്‍ക്കി ടവലും ബക്കറ്റും വച്ച് കളക്റ്റ് ചെയ്യുന്നു അടിയന്‍.

ഒപ്പം ഈ വിഷയവുമായി ബന്ധപ്പെട്ടതും അത്ര പഴേതല്ലാത്തതുമായ ഒരു ലേഖനം അടിയന്റെ വക ഇവിടെ ലിങ്ക് ഇടുന്നു. Malayal.am-ല്‍ പ്രസിദ്ധീകരിച്ചത്.