Sunday, May 1, 2011

ഹിന്ദുവിന് കുടിവെള്ളം കൊടുക്കുന്ന മുസല്‍മാന്‍

തെരഞ്ഞെടുപ്പു ദിവസം ഞാന്‍ ഊരു ചുറ്റുകയായിരുന്നു. എനിയ്ക്ക് വോട്ടില്ല എന്നതായിരുന്നു കാരണം. വോട്ട് ഡല്‍ഹിയിലായിപ്പോയതില്‍ ദുഃഖിച്ച ദിവസമായിരുന്നു അത്. വോട്ടുചെയ്യുക എന്നത് ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിയെ ജയിപ്പിക്കുക എന്നതു മാത്രമല്ല. അത് രാഷ്ട്രീയമായ തന്റെ നിലപാട് രേഖപ്പെടുത്തുക എന്നതുകൂടിയാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍മാത്രം ലഭിയ്ക്കുന്ന ഒരപൂര്‍വ സന്ദര്‍ഭം.

ഞാന്‍ പോയത് പയ്യന്നൂരിലായിരുന്നു. കൂടെ കൈരളി ചാനലിന്റെ ഗള്‍ഫ് അസോസിയേറ്റ് എഡിറ്റര്‍ ഇ എം അഷ്റഫുമുണ്ടായിരുന്നു. ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഒരേ ഒരു ജീവിതം എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് നിര്‍വഹിക്കുവാനായിരുന്നു ആ യാത്ര. ഒരേ ഒരു ജീവിതം സ്വാമി ആനന്ദതീര്‍ഥരുടെ ജീവചരിത്രമാണ്. തെരഞ്ഞെടുപ്പ് എന്ന ചരിത്രസന്ധിയില്‍ ഒരു മലയാളിയ്ക്ക് അനുസ്മരിക്കാന്‍ പറ്റിയ വിഷയം തന്നെയല്ലേ ഇത്?

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത് അതിന്റെ പോരാട്ടങ്ങളുടെ ചരിത്രമാണ്. ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതേയാക്കുമെന്ന കുപ്രചാരണം ചുറ്റും നടക്കുമ്പോഴെല്ലാം നമ്മുടെ നവോത്ഥാനങ്ങളുടെയും സാമൂഹ്യ വിപ്ലവങ്ങളുടെയും ചരിത്രത്തിലേക്ക് നിശ്ശബ്ദം തിരിഞ്ഞുനോക്കുകയാണ് ഞാന്‍ ചെയ്തത്. അങ്ങനെ അവസാനിക്കുന്നതല്ല പുരോഗമന പ്രസ്ഥാനം എന്ന് ആ തിരിഞ്ഞുനോട്ടങ്ങള്‍ പറയുന്നുണ്ടായിരുന്നു.

സ്വാമി ആനന്ദതീര്‍ഥരുടെ ആശ്രമത്തില്‍വച്ചായിരുന്നു ചടങ്ങ്. സാധാരണഗതിയില്‍ ഒരു ആശ്രമത്തില്‍ കാല്‍ സ്പര്‍ശിക്കുമ്പോള്‍ ആത്മശാന്തിയാണ് അനുഭവപ്പെടുക. എന്നാല്‍ ആനന്ദതീര്‍ഥരുടെ ആശ്രമത്തില്‍ കാല്‍ കുത്തുമ്പോള്‍ ചോര തിളയ്ക്കുകയാണ് ചെയ്യുന്നത്. ആശ്രമത്തെ ഒരു സമരഭൂവാക്കി മാറ്റിയ മഹദ് വ്യക്തിയാണ് ആനന്ദതീര്‍ത്ഥര്‍ അല്ലെങ്കില്‍ അനന്തഷേണായി. പുലയരെപ്പോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിലെ അധഃകൃത വര്‍ഗങ്ങളുടെ വിമോചനത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത ആനന്ദതീര്‍ഥരെ, ശ്രീനാരായണഗുരുവിനെയോ അയ്യങ്കാളിയെയോ അറിയുന്നതുപോലെ നമുക്കറിയില്ലെന്നു തോന്നുന്നു.

കീഴ്ജാതിക്കാരുടെ ഉന്നമനത്തിനായി ഐതിഹാസികമായ സമരങ്ങള്‍ നയിച്ച പലരും കീഴ്ജാതിക്കാര്‍ തന്നെയായിരുന്നു. സവര്‍ണനായി ജന്മംകൊണ്ടിട്ടുംഅവര്‍ണരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നത് കമ്യൂണിസ്റ്റു പാര്‍ടിയുടെ പാരമ്പര്യമാണ്. അങ്ങനെയൊരാളായിരുന്നല്ലോ ഇ എം എസ്. ആ പാരമ്പര്യത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഒരാളാണ് ആനന്ദതീര്‍ത്ഥര്‍. ഗൗഡ സാരസ്വത ബ്രാഹ്മണനായി ജനിച്ചിട്ടും ഹരിജനങ്ങള്‍ക്കു വേണ്ടി ത്യാഗപൂര്‍ണമായ ജീവിതം നയിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്റെ ഗര്‍ഭത്തില്‍ ഇങ്ങനെ ഒരു പുലയച്ചെറുക്കന്‍ എങ്ങനെയുണ്ടായി എന്ന് അമ്മ ദേവി അമ്മാള്‍ അത്ഭുതപ്പെട്ടിരുന്നു. കാരണം അനന്തഷേണായി എപ്പോഴും കൂട്ടുകൂടി നടന്നത് പുലയച്ചെറുക്കരുമായായിരുന്നു.

അനന്തഷേണായിയുടെ ജ്യേഷ്ഠ സഹോദരന്മാരില്‍ ഒരാള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അറ്റകുറ്റ പ്പണികള്‍ക്ക് മേല്‍നോട്ടം വഹിച്ച എന്‍ജിനിയറായിരുന്നു. അനന്തഷേണായിക്കും അതുപോലൊരു വഴിയില്‍ സഞ്ചരിക്കാമായിരുന്നു. പക്ഷേ അദ്ദേഹം ചെറുപ്രായത്തില്‍തന്നെ യാത്ര പുറപ്പെട്ടത് മറ്റൊരു ദിശയിലേയ്ക്കായിരുന്നു. യാത്രകളിലൂടെയാണ് തന്റെ സമൂഹത്തെ അനന്തഷേണായി അറിഞ്ഞത്. ഗ്രാമപ്രദേശത്തുകൂടി ചുറ്റിനടക്കുമ്പോഴാണ് സവര്‍ണ ഹിന്ദുക്കളില്‍നിന്ന് ഹരിജനങ്ങള്‍ക്കനുഭവിക്കേണ്ടി വരുന്ന നിരവധി കഷ്ടപ്പാടുകള്‍ നേരിട്ടറിയാന്‍ കഴിഞ്ഞത്. ഹിന്ദുത്വത്തിന്റെ പേരില്‍ നടക്കുന്ന ഈ നീചകൃത്യങ്ങളെ ശാശ്വതമായി അവസാനിപ്പിക്കുന്നതിനുവേണ്ടി ഞാനെന്റെ ജീവിതം സമര്‍പ്പിക്കുന്നു-1941ല്‍ അദ്ദേഹം പറഞ്ഞു.

സ്വാഭാവികമായും ശ്രീനാരായണഗുരു ദര്‍ശനങ്ങളില്‍ ആനന്ദതീര്‍ഥര്‍ ആകൃഷ്ടനായി. ഗ്രന്ഥകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍, പുഴ കടലില്‍ ചെന്നെത്തിയതുപോലെയായിരുന്നു ആനന്ദതീര്‍ഥര്‍ ഗുരുദേവനിലെത്തിയതും. എട്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഹരിജന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആനന്ദതീര്‍ഥര്‍ ആരംഭിച്ച ശ്രീനാരായണ വിദ്യാലയത്തിലെ ഹരിജന്‍ വിദ്യാര്‍ഥികളുമായി ഞാന്‍ സംസാരിച്ചു. അവര്‍ ഞങ്ങള്‍ക്ക് ചുടുചായ ഉണ്ടാക്കിത്തന്നു. അതിഥികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ആ ചായ മൊത്തിക്കുടിച്ചു. അപ്പോള്‍ ഞാനാലോചിച്ചുപോയി; അധഃകൃത വര്‍ഗത്തിന്റെ ജീവിതം ഇന്ന് എത്രമാത്രം മാറിയിരിക്കുന്നു. അവരുണ്ടാക്കിത്തന്ന ചായ കുടിച്ച ഞങ്ങള്‍ക്കിടയില്‍ സവര്‍ണരും അവര്‍ണരും മുസ്ലിങ്ങളും ഉണ്ടായിരുന്നു. ഞങ്ങളാരുടെയും മനസ്സില്‍ ജാതി മത ചിന്തകളുണ്ടായിരുന്നില്ല. പക്ഷേ ഒരുകാലത്ത് എങ്ങനെയായിരുന്നു കീഴ്ജാതിക്കാരുടെ ജീവിതം?

പശുക്കളെ അടിച്ചെന്നാല്‍ ഉടമസ്ഥന്‍ തടുത്തീടും
പുലയരെ അടിച്ചെന്നാല്‍ ഒരുവരില്ല.
റോട്ടിലെങ്ങാനും നടന്നാല്‍ ആട്ടുകൊള്ളും.
തോട്ടിലേയ്ക്കൊന്നിറങ്ങിയാല്‍ കല്ലേറുകൊള്ളും.

(സമസ്ത കൊച്ചി പുലയ മഹാസഭയുടെ പ്രഥമ വാര്‍ഷിക സമ്മേളനത്തില്‍ കേട്ടത്). അങ്ങനെയായിരുന്നു അന്ന് അവര്‍ ജീവിച്ചത്.

ആനന്ദതീര്‍ഥര്‍ സമാധിയായ കട്ടിലും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും സംരക്ഷിച്ചുവച്ചിട്ടുണ്ട്. അദ്ദേഹം തന്റെ നിരവധി യാത്രകളില്‍ കൂടെ കൊണ്ടുപോയ വിലകുറഞ്ഞ ചെറിയ ബാഗും ചെരിപ്പും അവിടെ കണ്ടു. ആ മുറിയില്‍ നിശ്ശബ്ദനായി നില്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു പിടച്ചില്‍ അറിഞ്ഞു. എന്തുകൊണ്ടാണ് ഇന്ന് നമുക്ക് വലിയ ജീവിതങ്ങള്‍ ജീവിക്കുവാന്‍ കഴിയാതെ പോകുന്നത്? എന്തുകൊണ്ടാണ് ആനന്ദതീര്‍ത്ഥരെപ്പോലെയോ അയ്യങ്കാളിയെ പ്പോലെയോ ഉള്ള വലിയ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഇല്ലാതിരിക്കുന്നത്? ഒരുപക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചെറിയ മനുഷ്യരുടെ നൂറ്റാണ്ടായിരിക്കാം. എങ്കിലെന്ത്? ചെറിയവനായാലും വലിയവനായാലും ശരി, ഉള്ളില്‍ നന്മയുണ്ടായാല്‍ മതി, അല്ലേ? ആനന്ദതീര്‍ത്ഥരുടെ മരണശയ്യയുടെ മുമ്പില്‍ നിന്നുകൊണ്ട് അങ്ങനെയൊക്കെ ഞാന്‍ ആലോചിച്ചുപോയി

ഇ എം അഷ്റഫിന്റെ പുസ്തകത്തില്‍നിന്നും ആശ്രമത്തിന്റെ പ്രസിഡന്റ് വസുമിത്രനില്‍നിന്നും സ്വാമി ആനന്ദതീര്‍ത്ഥരുടെ ജീവിതത്തെക്കുറിച്ച് കുറേ അറിവുകള്‍ പകര്‍ന്നുകിട്ടി. നേരത്തെ സ്വാമിജിയെക്കുറിച്ച് ഞാന്‍ കൈവരിച്ച അറിവുകളില്‍ ധാരാളം വിടവുകളുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം ചേര്‍ത്തുവച്ച് നോക്കിയപ്പോള്‍ ആനന്ദതീര്‍ഥരെ എനിയ്ക്ക് മനസ്സിലാകുന്നുണ്ട് എന്നുതോന്നി. ഇ എം എസ് തന്റെ കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങളും മറ്റു സ്വത്തുക്കളും ദാനം ചെയ്തതുപോലെ സ്വാമി ആനന്ദതീര്‍ഥരും സര്‍വവും ശ്രീനാരായണ വിദ്യാലയത്തിനുവേണ്ടി ദാനംചെയ്തു. ഒരു ജോടി കാവിവസ്ത്രം മാത്രമായിരുന്നു പിന്നീട് സ്വാമിജിയുടെ സ്വത്ത്.

സാരസ്വത ബ്രാഹ്മണനും വിദ്യാസമ്പന്നനും (മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എംഎ ബിരുദം നേടിയത്) തറവാട്ടുകാരനും ധനികനുമായ അനന്തഷേണായി തന്റെ ജീവിതം മുഴുവന്‍ ഹരിജനങ്ങളുടെ ഉന്നമനത്തിനായി അര്‍പ്പണം ചെയ്തു. അതൊരു ദുര്‍ഘടമായ യാത്രയായിരുന്നു. ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശന സ്വാതന്ത്ര്യത്തിനുവേണ്ടി തലശേരി ജഗന്നാഥ ക്ഷേത്രത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലുമെല്ലാം അദ്ദേഹം സമരംചെയ്തു. ഹരിജനങ്ങള്‍ക്കു മാത്രമല്ല അഹിന്ദുക്കള്‍ക്കും ഹൈന്ദവ ആരാധനാലയങ്ങളില്‍ പ്രവേശനം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്റെ കുട്ടിക്കാലം മുതല്‍തന്നെ തലശേരി ജഗന്നാഥക്ഷേത്ര ഉത്സവത്തിന് മുസ്ലിങ്ങള്‍ വരുന്നത് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ അത് സ്വാമി ആനന്ദതീര്‍ത്ഥരുടെ പരിശ്രമഫലമായിരുന്നു എന്ന് അന്നെനിയ്ക്ക് അറിയില്ലായിരുന്നു. കീഴ്ജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വര്‍ഗക്കാര്‍ക്കും മാത്രമല്ല അഹിന്ദുക്കള്‍ക്കും ദൈവാരാധന നടത്തുവാനും വിദ്യാഭ്യാസം ചെയ്യുവാനുമുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടിയുള്ള പരിശ്രമങ്ങള്‍ ആനന്ദതീര്‍ഥര്‍ തുടര്‍ന്നപ്പോള്‍ അധിക്ഷേപങ്ങളും അവഹേളനങ്ങളും സ്വാമിജിയെ പിന്തുടര്‍ന്നു. പിന്നീട് അത് ശാരീരികമായ ആക്രമണങ്ങളായി മാറി. പലതവണ അദ്ദേഹത്തിന് മര്‍ദനമേറ്റു. 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇ എം എസ് സ്വാമിജിയുടെ സുരക്ഷയ്ക്കായി ഒരു സ്ക്വാഡിനെ നിയമിച്ചിരുന്നു.

കീഴ്ജാതിക്കാര്‍ക്കുവേണ്ടിയാണ് ആനന്ദതീര്‍ഥര്‍ ജീവിച്ചതും മരിച്ചതും. എന്നിട്ട് കീഴ്ജാതിക്കാരില്‍നിന്നും അദ്ദേഹത്തിന് അവഹേളനം ഏല്‍ക്കേണ്ടിവരികയുണ്ടായി. സബര്‍മതിയിലേക്കുള്ള നീണ്ട കാല്‍നട യാത്രയ്ക്കിടയില്‍ രത്നഗിരിയില്‍വച്ച് അദ്ദേഹത്തിന് കഠിനമായ ദാഹം അനുഭവപ്പെട്ടു. അവിടെ കണ്ട ഹരിജന്‍കുടിലില്‍ കയറി സ്വാമിജി കുടിക്കാന്‍ വെള്ളം ചോദിച്ചു. അദ്ദേഹം സവര്‍ണനാണെന്ന് മനസ്സിലാക്കിയ ഹരിജന്‍ കുടുംബം വെള്ളം നിഷേധിച്ചു. തുടര്‍ന്ന് ഒരു സവര്‍ണന്റെ വീട്ടില്‍ ചെന്ന് വെള്ളം ചോദിച്ചു. ഹരിജന്റെ കുടിലില്‍നിന്ന് സ്വാമി ഇറങ്ങിവരുന്നതുകണ്ട സവര്‍ണ കുടുംബവും അദ്ദേഹത്തിന് കുടിവെള്ളം കൊടുത്തില്ല. ദാഹംകൊണ്ട് തൊണ്ടപൊട്ടിയ സ്വാമിയ്ക്ക് അവസാനം കുടിനീര്‍ നല്‍കിയത് ഒരു മുസ്ലിമായിരുന്നു.

എല്ലാ മുസ്ലിങ്ങളെയും തീവ്രവാദികളായി കാണുന്ന പ്രവണത നമ്മുടെ ഇടയില്‍ വളര്‍ന്നുവരികയാണ്. എന്നാല്‍ അയിത്തോച്ചാടനത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനുംവേണ്ടി സമരങ്ങളും സത്യഗ്രഹങ്ങളും ചെയ്ത ആനന്ദതീര്‍ഥര്‍ക്ക് ദാഹിച്ചപ്പോള്‍ കുടിവെള്ളം നല്‍കിയത് ഒരു മുസ്ലിമാണ്. മാത്രമല്ല, സവര്‍ണര്‍ സ്വാമിജിയെ മര്‍ദിച്ചവശനാക്കുമ്പോള്‍ അദ്ദേഹത്തിന്റെ രക്ഷയ്ക്കായി ഓടിയെത്തിയത് മുസ്ലിങ്ങളായിരുന്നു. ഇതൊക്കെ ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഓര്‍ക്കണം. അതിന് ഇ എം അഷ്റഫിന്റെ പുസ്തകം സഹായിക്കും.

*****

എം മുകുന്ദന്‍, കടപ്പാട് :ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...