Wednesday, December 15, 2010

സമാധാനനൊബേലിന്റെ രാഷ്ട്രീയം

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരജേതാവിനെ എല്ലാകാലത്തും നിശ്ചയിച്ചിട്ടുള്ളത് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ഈ പുരസ്കാരം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുകയും സമ്മാനിക്കുകയും ചെയ്യുന്ന നോര്‍വെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികസഖ്യമായ നാറ്റോയിലെ അംഗമാണ്. നോര്‍വെ പാര്‍ലമെന്റ് അംഗങ്ങളായ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സമിതിയാണ് നൊബേല്‍ ജേതാവിനെ നിശ്ചയിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ട് ഒരുവര്‍ഷംപോലും തികയാതിരിക്കെ ബറാക് ഒബാമയ്ക്കാണ് കഴിഞ്ഞവര്‍ഷം സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കിയത്. സമ്മാനം സ്വീകരിച്ച് അധികനാള്‍ കഴിയുംമുമ്പ് ഒബാമ 30,000 അമേരിക്കന്‍ സേനാംഗങ്ങളെക്കൂടി അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. ഇറാഖില്‍ ഇപ്പോഴും 50,000ല്‍പരം അമേരിക്കന്‍ സൈനികരുണ്ട്. ഇതാണ് 'സമാധാനത്തിന്റെ' വിചിത്രമായ വ്യാഖ്യാനം.

മുമ്പ്, വിയറ്റ്നാം അധിനിവേശയുദ്ധത്തിന് കാരണക്കാരനായ അമേരിക്കന്‍ വിദേശസെക്രട്ടറി ഹെന്‍ട്രി കിസിഞ്ചറിനും രണ്ടാംലോകമഹായുദ്ധത്തിനുശേഷമുണ്ടായ ഏറ്റവും ഭീകരമായ കടന്നാക്രമണത്തെ ചെറുത്ത വിയറ്റ്നാംനേതാവ് ലീ ഡോക്ക് തോയ്ക്കും സംയുക്തമായി സമാധാനത്തിനുള്ള പുരസ്കാരം സമ്മാനിച്ച് നൊബേല്‍സമിതി അവരുടെ തനിനിറം സ്വയം വെളിപ്പെടുത്തിയിരുന്നു. നെല്‍സന്‍ മണ്ടേലയ്ക്ക് സമാധാനനൊബേല്‍ സമ്മാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയന്‍ ഭരണകൂടത്തിന്റെ അവസാനത്തെ പ്രസിഡന്റായിരുന്ന ഡി ക്ളാര്‍ക്കിനും ഒപ്പം നല്‍കി.

ചൈനയിലെ ഒരു എഴുത്തുകാരനായ ലിയു സിയാബോവിനാണ് ഇക്കൊല്ലം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനിച്ചത്. മനുഷ്യാവകാശങ്ങളുടെ മഹാനായ പോരാളിയായി ലിയുവിനെ പാശ്ചാത്യമാധ്യമങ്ങള്‍ ചിത്രീകരിക്കുന്നു. പക്ഷേ, ലിയുവിന് സമാധാനനൊബേല്‍ നല്‍കാനുള്ള യഥാര്‍ഥകാരണം അദ്ദേഹം പാശ്ചാത്യ വലതുപക്ഷ യാഥാസ്ഥിതികര്‍ക്ക് സമാനമായ വീക്ഷണം പുലര്‍ത്തുന്നുവെന്നതാണ്.

ഈയിടെ എഴുതിയ ലേഖനത്തില്‍ താരിഖ് അലി ഈ കാഴ്ചപ്പാടുകള്‍ തുറന്നുകാട്ടി. ലിയു സിയാബോ പരസ്യമായിതന്നെ താഴെപ്പറയുന്ന ചില പ്രസ്താവനകള്‍ നടത്തി:

1) ചൈനയുടെ യഥാര്‍ഥദുരന്തം എന്തെന്നാല്‍ 300 വര്‍ഷമെങ്കിലും ഈ രാജ്യത്തെ ഏതെങ്കിലും പാശ്ചാത്യശക്തിയോ ജപ്പാനോ കോളനിയാക്കിവച്ചില്ലെന്നതാണ്; അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ചൈന എന്നേക്കുമുള്ള പരിഷ്കൃത സമൂഹമായി മാറിയേനെ.

2) അമേരിക്ക നടത്തിയ കൊറിയന്‍, വിയറ്റ്നാം യുദ്ധങ്ങള്‍ സമഗ്രാധിപത്യത്തിന് എതിരായി ഉള്ളവയായിരുന്നു, ഇവ വാഷിങ്ടണിന്റെ 'ധാര്‍മിക വിശ്വാസ്യത' ഉയര്‍ത്തി.

3) ഇറാഖിനെ കടന്നാക്രമിക്കാന്‍ ബുഷിന് അവകാശമുണ്ടായിരുന്നു.

4) അഫ്ഗാനില്‍ നാറ്റോ നടത്തുന്ന യുദ്ധത്തിന് പൂര്‍ണപിന്തുണ.

ഈ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നതാണോ ലിയുവിന് നൊബേല്‍പുരസ്കാരം ലഭിക്കാനുള്ള കാരണം?

ലോകമെമ്പാടുമുള്ള അമേരിക്കന്‍ നയതന്ത്രജ്ഞര്‍ അയച്ച പതിനായിരക്കണക്കിന് രഹസ്യസന്ദേശങ്ങള്‍ വിക്കിലീക്സ് പുറത്തുകൊണ്ടുവന്നതിനെത്തുടര്‍ന്ന്, വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെ ലണ്ടനില്‍ അറസ്റുചെയ്തു; കെട്ടിച്ചമച്ച ബലാത്സംഗക്കേസില്‍ വിചാരണയ്ക്കായി ഉടന്‍തന്നെ സ്വീഡന് കൈമാറുകയുംചെയ്യും. ജൂലിയന്‍ അസാഞ്ചെയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കണമെന്ന് റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദേവ് ആവശ്യപ്പെട്ടിരിക്കുന്നു. ഈ നിര്‍ദേശത്തിന് ചൈനയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, തീവ്രമായ ഈ ആവശ്യത്തോട് നോര്‍വേസമിതി യോജിക്കാന്‍ ഒരു സാധ്യതയുമില്ല. മാത്രമല്ല, അസാഞ്ചെയെ അമേരിക്ക ശത്രുവായും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ഓസ്ലോയില്‍ നൊബേല്‍പുരസ്കാരം സമ്മാനിച്ചപ്പോള്‍ നോര്‍വെ തലസ്ഥാനത്തുള്ള 65 രാജ്യങ്ങളുടെ സ്ഥാനപതിമാരില്‍ 19 പേര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. റഷ്യ, വിയറ്റ്നാം, ക്യൂബ, ഈജിപ്ത്, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ ഇതില്‍പ്പെടുന്നു. ഇന്ത്യ, തീര്‍ച്ചയായും ചടങ്ങില്‍ പങ്കെടുത്തു.

ഏതെങ്കിലും സംഗതിവശാല്‍ അടുത്ത വര്‍ഷം ജൂലിയന്‍ അസാഞ്ചെയ്ക്ക് സമാധാന നൊബേല്‍ നല്‍കിയാല്‍ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കും? ഉത്തരം വ്യക്തം-അമേരിക്ക ശത്രുവും ക്രിമിനലുമായി പ്രഖ്യാപിച്ച ഒരു വ്യക്തിക്ക് പുരസ്കാരം നല്‍കുന്ന ചടങ്ങില്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ പ്രതിനിധി ഹാജരാകില്ല.

*
പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി ദിനപത്രം 15 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...