Sunday, December 12, 2010

ഫെമിനിസത്തിന്റെ മാര്‍ക്സിസ്റ്റ് മുഖങ്ങള്‍

കാള്‍മാര്‍ക്സും ഏംഗല്‍സും ലെനിനും ട്രോട്സ്കിയും മാവോയുമൊക്കെ ജന്‍ഡര്‍ ഇക്വാലിറ്റി (ലിംഗസമത്വം) യെക്കുറിച്ച് , സ്‌ത്രീക്ക് അവകാശപ്പെട്ട ഇടത്തെ സംബന്ധിച്ച്, ചരിത്രാധിഷ്ഠിതവും ആശയ ശാസ്ത്രപരവുമായ ആലോചനകള്‍, പ്രബുദ്ധമായ വിചാരങ്ങള്‍, പല അവസരങ്ങളിലും അതികുശലമായി അവതരിപ്പിച്ച ആചാര്യന്മാരത്രെ. അടിച്ചമര്‍ത്തപ്പെടുന്ന, നീതി നിഷേധിക്കപ്പെടുന്ന, നാവു നഷ്ടപ്പെടുന്ന, നിസ്വവര്‍ഗങ്ങളുടെ ചേരിയില്‍ പെണ്‍സമൂഹത്തെയും യാഥാര്‍ഥ്യബോധത്തോടെ ചേര്‍ത്തുപിടിക്കുകയാണ് മാര്‍ക്സിസം ചെയ്തത്. വര്‍ഗ സമരസിദ്ധാന്തം വികസിപ്പിക്കുമ്പോള്‍ മാര്‍ക്സിസ്റ്റ് വിമോചനശാസ്ത്രം, മര്‍ദിത-ചൂഷിത വിഭാഗങ്ങളിലൊന്നായി അവ്വയെ അടയാളപ്പെടുത്തിയിരുന്നു. പുരുഷാധിപത്യ ഘടനകളുടെ ശാശ്വതീകരണം- Perpetuation-മുതലാളിത്ത വ്യവസ്ഥയുടെ മുഖ്യ താല്‍പര്യമാണെന്ന് തിരിച്ചറിഞ്ഞത് മാര്‍ക്സിസമാണ്. അപ്രതിഹതമായ ആണ്‍വാഴ്ച, നിത്യ ചൂഷണത്തിനു ഏറെ സൌകര്യമുള്ള ഒരുപഭോഗവസ്തുവായി, പെണ്ണിനെ തരംതാഴ്ത്തിയതിനെ സമൂഹ വികാസത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ ശാസ്‌ത്രീയമായി വിശ്ളേഷിക്കാന്‍ മാര്‍ക്സിയന്‍ ചിന്താപദ്ധതിക്കു സാധിച്ചു. പോരാടുന്ന തൊഴിലാളിയെപ്പോലെ, അങ്കംവെട്ടാന്‍ കച്ചമുറുക്കുന്ന അടിയാളനെപ്പോലെ, വെറുമൊരു ഉത്പന്നമായി പുരുഷാധിപത്യ മുതലാളിത്ത സമ്പ്രദായം താഴ്ത്തിക്കെട്ടുന്ന പെണ്ണും സംഘബോധവും സമരവീര്യവും ഉള്‍ക്കൊള്ളണമെന്നാണ് മാര്‍ക്സിസ്റ്റ് സിദ്ധാന്തം ഉദ്ബോധിപ്പിച്ചത്. ആണ്‍-പെണ്‍ലിംഗ തുല്യത ഒരടിസ്ഥാന തത്വമായി അംഗീകരിക്കുക മാത്രമല്ല ഈ പ്രത്യയശാസ്ത്രം ചെയ്തത്. അത് ഉയര്‍ത്തുന്ന സ്വയംനിര്‍ണയാവകാശ പ്രശ്നങ്ങളില്‍ ധീരമായൊരു പെണ്‍പക്ഷ പരിപ്രേക്ഷ്യം സ്വീകരിക്കുകകൂടിയാണ്.

റാഡിക്കല്‍ പെണ്‍പക്ഷ വാദികളില്‍ നല്ലൊരു ശതമാനം സോഷ്യലിസ്റ്റ് ഫെമിനിസ്റ്റുകളായിരുന്നു. സ്‌ത്രീ സംവാദത്തിന് (Female discourse), സ്‌ത്രീ പ്രവര്‍ത്തനത്തിന് (Feminist Action) ആശയ ശാസ്ത്രപരമായ ഒരസ്തിവാരം അത്യാവശ്യമാണെന്നും അതു നിര്‍മിച്ചുനല്‍കാന്‍ മാര്‍ക്സിസ്റ്റ് വേദാന്തത്തിനു മാത്രമേ കെല്പുള്ളുവെന്നും തിരിച്ചറിഞ്ഞ ഒരുപാട് ഉദ്ബുദ്ധ ഫെമിനിസ്റ്റുകള്‍ ബ്രിട്ടനിലും അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു. സമരസജ്ജമായ പെണ്‍കൂട്ടായ്മകള്‍ക്ക് പലേടത്തും രൂപവും ഭാവവും നല്‍കിയത് അവരാണ്. സ്‌ത്രീകളുടെ സമ്മതിദായകാവകാശം സ്ഥാപിച്ചു കിട്ടുന്നതിനുവേണ്ടി പടിഞ്ഞാറു നടന്ന പ്രക്ഷോഭങ്ങള്‍ക്ക് ചൂട്ടുപിടിച്ചത് മാര്‍ക്സിയന്‍ സോഷ്യലിസ്റ്റ് ആശയങ്ങളില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട സ്‌ത്രീ സംഘങ്ങളായിരുന്നു. Suffrage (സമ്മതിദാനാവകാശം) എന്നത് മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. പെണ്ണിനു വേലയും കൂലിയും നേടുക, തൊഴിലവസരങ്ങളില്‍ സമത്വം ഉറപ്പുവരുത്തുക, വ്യഭിചാരം തുടച്ചുനീക്കുക,ബാലികാ ചൂഷണം അവസാനിപ്പിക്കുക, ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുക, ഗാര്‍ഹിക പീഡനം നിര്‍ത്തലാക്കുക, സാമൂഹ്യ-സാഹിത്യ-സാംസ്കാരിക രംഗങ്ങളില്‍ നടക്കുന്ന സ്‌ത്രീയുടെ പ്രാന്തവത്കരണത്തിനു തടയിടുക എന്നീ ആവശ്യങ്ങളും പുരോഗമന സ്‌ത്രീപക്ഷം അതിന്റെ കര്‍മപരിപാടിയില്‍ ചേര്‍ത്തു. ആശയശാസ്ത്രപരമായ ഒരായുധവത്കരണത്തിനു സോഷ്യലിസ്റ്റ് ഫെമിനിസ്റ്റുകള്‍ വലിയ പ്രാമുഖ്യം കല്പിച്ചു. ശില്പശാലകളും പഠനക്കളരികളും പതിവായി. ഈ ചിട്ടയായ ആശയവിദ്യാഭ്യാസം ആംഗ്ളോ-അമേരിക്കന്‍ ഫെമിനിസ്റ്റ് ചിന്തക്ക് പുതിയ ചക്രവാളം സമ്മാനിച്ചു.

ഫെമിനിസത്തിന്റെ പടിഞ്ഞാറന്‍ ചരിത്രം വായിക്കുമ്പോള്‍ തുടക്കം മുതലേ സോഷ്യലിസ്റ്റ് വീക്ഷണമുള്ള സാരഥികള്‍ തേര്‍തെളിക്കാനുണ്ടായിരുന്നു എന്നു കാണാം. അവരില്‍ എടുത്തുപറയേണ്ട പേരാണ് Clara Zetkin (ക്ളാറ സെറ്റ്കിന്‍, 1857- 1933) എന്ന വിപ്ളവകാരിയുടേത്. ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപക മെമ്പര്‍മാരില്‍ ഒരാളായിരുന്നു ട്രേഡ് യൂണിയന്‍ നേതാവായിരുന്ന സെറ്റ്കിന്‍. ജര്‍മനിയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് ചാലുകീറിയത് അവരാണ്. സ്‌ത്രീയുടെ അവകാശപ്പോരാട്ടം വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും ഒരു വര്‍ഗരഹിത സമൂഹത്തിന്റെ സൃഷ്ടിയിലൂടെ മാത്രമേ ലിംഗസമത്വം കൈവരിക്കാന്‍ കഴിയൂ എന്നും ഈ കമ്യൂണിസ്റ്റുകാരി വാദിച്ചു.

സോഷ്യലിസ്റ്റും ട്രേഡ് യൂണിയന്‍ ആക്റ്റിവിസ്റ്റുമായ അമേരിക്കന്‍ ഫെമിനിസ്റ്റ്, Lena Morrow Lewis (ലേന മെറോ ലിവിസ്) ഫെമിനിസ്റ്റ് പ്രസ്ഥാനത്തെ മാര്‍ക്സിയന്‍ വീക്ഷണങ്ങളുമായി ബന്ധപ്പെടുത്താനാണ് മരണം വരെ ശ്രമിച്ചത്. ഒരുപാട് പെണ്‍പോരാട്ടങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കി.

മാര്‍ക്സിന്റെ കനിഷ്ഠപുത്രി- ആറാമത്തെ മകള്‍ - Eleanor Marx (എലെനോര്‍ മാര്‍ക്സ്) സ്‌ത്രീപക്ഷ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത കമ്യൂണിസ്റ്റായിരുന്നു. 'ടസ്സി' ( "Tussy" ) എന്ന അരുമപ്പേരില്‍ അറിയപ്പെട്ടിരുന്ന എലെനോര്‍, മാര്‍ക്സിയന്‍ കാഴ്ചപ്പാടില്‍ പെണ്‍പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് ധാരാളം ലഘുലേഖനങ്ങള്‍ എഴുതി. ബൌദ്ധിക പ്രവര്‍ത്തനങ്ങളില്‍ മാര്‍ക്സ് തന്റെ സഹായിയായി കണ്ടത് ധിഷണാശാലിയായ ഈ മകളെ ആയിരുന്നു. മാര്‍ക്സിന്റെ പല രചനകളും ഇംഗ്ളീഷിലേക്ക് തര്‍ജമ ചെയ്യുകയുമുണ്ടായി. നാല്പത്തഞ്ചാം വയസ്സില്‍ അവര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

ഫെമിനിസ്റ്റ് കൂട്ടായ്മക്കും ആശയമേഖലക്കും കാര്യമായ സംഭാവന നല്‍കിയ അമേരിക്കന്‍ മാര്‍ക്സിസ്റ്റായിരുന്നു 1938 ല്‍ അന്തരിച്ച Mary Beard (മേരി ബിയേഡ്). വിലപ്പെട്ട ഗ്രന്ഥങ്ങള്‍ അവര്‍ രചിച്ചു: ' History of the United States (1921), 'A Short History of the American Labor Movement. (1922), 'Women as a Force in History' (1946). പെണ്ണുങ്ങള്‍ അവരുടെ പരാതികളും പരിഭവങ്ങളുമായി കഴിയുകയല്ല വേണ്ടത്; തങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നതിനെപ്പറ്റി ആവലാതിപ്പെടുകയുമല്ല. സ്‌ത്രീ അവളുടെ സ്വത്വം വീണ്ടുെക്കണം. സമൂഹത്തിന്റെ നിര്‍മാണത്തില്‍ അവര്‍ വഹിക്കുന്ന പങ്ക് വ്യക്തമായി നിര്‍വചിക്കണം. ചരിത്രത്തെ പുനര്‍നിര്‍മിക്കണം- ഇതൊക്കെയാണ് ഈ മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റ് ആവശ്യപ്പെട്ടത്.

വേറൊരു ശ്രദ്ധേയയായ അമേരിക്കന്‍ സോഷ്യലിസ്റ്റ് പെണ്‍പക്ഷ വാദിയായിരുന്നു Clara Fraser (ക്ളാര ഫ്രേസര്‍ 1923- 1998). മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തെ ഫെമിനിസ്റ്റ് പ്രവര്‍ത്തനവുമായി വിളക്കിച്ചേര്‍ക്കാനാണ് ക്ളാര ഉദ്യമിച്ചത്. മൂല്യാധിഷ്ഠിത രാഷ്‌ട്രീയത്തിനുവേണ്ടിയും അവര്‍ വാദിച്ചു. ഒരു 'Class Party'-വര്‍ഗപ്പാര്‍ടി- അത്യാവശ്യമാണെന്ന് ക്ളാര വിശ്വസിച്ചു. സോഷ്യലിസം, ഫെമിനിസം, വംശീയ വിമോചനം, ലെസ്ബിയന്‍ സ്വാതന്ത്യ്രം എന്നിവയൊക്കെ കണ്ണിചേര്‍ന്നു കിടക്കുന്നവയാണെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. ക്ളാര ഫ്രേസര്‍ സ്‌ത്രീമോചനത്തിനുവേണ്ടി ഒരു സംഘടനതന്നെയുണ്ടാക്കി: 'Freedom Socialist Party. കറുത്ത വര്‍ഗത്തിന്റെ മോചനവും പാര്‍ടിയുടെ ലക്ഷ്യമായിരുന്നു. 'Revolution, She Wrote,' എന്ന ക്ളാര ഫ്രേസറുടെ പുസ്തകം ഇന്നു വിപുലമായി വായിക്കപ്പെടുന്നുണ്ട്. എണ്ണപ്പെട്ട മറ്റു ചില ഗ്രന്ഥങ്ങളും അവര്‍ രചിക്കുകയുണ്ടായി: 'Socialism for Skeptics', 'Woman as Leader: Double Jeopardy on Account of Sex ', 'The Emancipation of Women '.

തന്താധിപത്യത്തിന്റെ കപടനാട്യങ്ങളെയും കുത്സിത തന്ത്രങ്ങളെയും നഖശിഖാന്തം എതിര്‍ത്തുപോന്ന ഒരു മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റായിരുന്നു ട്രോട്സ്കിയിസ്റ്റ് ഗ്രൂപ്പുകളില്‍ സജീവമായിരുന്ന Evelyn Reed · (എവലിന്‍ റീഡ്). അവര്‍ ചിത്രകാരിയുമായിരുന്നു. മെക്സിക്കോയില്‍ വെച്ച് ലിയോണ്‍ ട്രോട്സ്കിയുമായി അടുത്ത് പരിചയപ്പെട്ട എവലിന്‍ Socialist Workers Party യില്‍ അംഗത്വം സമ്പാദിച്ചു. ട്രോട്സ്കിയുടെ പത്നിയുടെ ചിത്രമാണ് അവരുടെ മാസ്റ്റര്‍പീസ്. പിന്നീട് അവര്‍ ചിത്രമെഴുത്ത് പൂര്‍ണമായും ഉപേക്ഷിച്ച് തീവ്ര സോഷ്യലിസ്റ്റ് രാഷ്‌ട്രീയത്തിലിറങ്ങി. ഏംഗല്‍സിന്റെ പുസ്തകങ്ങളാണ് റീഡിനെ കാര്യമായി സ്വാധീനിച്ചത്. മാര്‍ക്സിസ്റ്റ് ഫെമിനിസത്തെക്കുറിച്ചും സ്‌ത്രീയുടെ അടിച്ചമര്‍ത്തപ്പെടലിനെക്കുറിച്ചും സ്‌ത്രീവിമോചനത്തെക്കുറിച്ചും എവലിന്‍ റീഡ് വിസ്തരിച്ചെഴുതി. 'Problems of Women’s Liberation, Woman’s Evolution: From Matriarchal Clan to Patriarchal Family,' Is Biology Woman’s Destiny?' എന്നീ ഗ്രന്ഥങ്ങള്‍ക്ക് ഇന്നും വായനക്കാരുണ്ട്. 1972 ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടിയുടെ സ്ഥാനാര്‍ഥിയായി എവലിന്‍ മത്സരിക്കുകയുമുണ്ടായി.

Angela Davis (ഏഞ്ചല ഡേവിസ്) എന്ന ബ്ളാക് മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റിനെക്കുറിച്ച് രണ്ടുവാക്ക് പറയാതെ വയ്യ. ഒരു പൂര്‍ണ വിപ്ളവകാരിയായ ഏഞ്ചല അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലും ബ്ളാക് പാന്തര്‍ പ്രസ്ഥാനത്തിലും പ്രശസ്തമായിത്തന്നെ പ്രവര്‍ത്തിച്ചു. തല്‍ഫലമായാണ് എഞ്ചല ഏറെ വിവാദം സൃഷ്ടിച്ച ജാക്സണ്‍ കേസില്‍ പ്രതിയാക്കപ്പെട്ടത്. കോടതി അവരെ വെറുതെ വിട്ടു. 'If they come in the morning: voices of resistance(1971) Women, race & class(1981), Women, culture & politics (1989) എന്നീ പേരുകേട്ട പുസ്തകങ്ങള്‍ അവരുടേതാണ്. ആധുനിക സ്‌ത്രീപക്ഷ കൂട്ടായ്മകള്‍ അഭിസംബോധന ചെയ്യുന്നത് മധ്യവര്‍ഗ സ്‌ത്രീയെ മാത്രമാണെന്നും അടിയാളസ്‌ത്രീ ഇന്നും അവഗണിക്കപ്പെടുകയാണെന്നും ഏഞ്ചല അവലോകനം ചെയ്യുന്നു.

Shulamith Firestone(ഷൂലാമിത്ത് ഫയര്‍സ്റ്റണ്‍) 1945 ല്‍ ജനിച്ച, ജൂതവംശജയായ റാഡിക്കല്‍ മാര്‍ക്സിസ്റ്റ് സ്‌ത്രീപക്ഷ സൈദ്ധാന്തികയും പ്രക്ഷോഭകാരിയുമാണ്. ഇരുപത്തഞ്ചാം വയസ്സില്‍ അവരെഴുതിയ പുസ്തകം 'The Dialectic of Sex; The Case for Feminist Revolution ' വലിയ വിവാദങ്ങള്‍ക്കു വഴിതുറന്നു. കുഞ്ഞുങ്ങളെ പെറുക എന്ന ജീവശാസ്ത്രപരമായ ജോലിയില്‍നിന്നു സയന്‍സ് സ്‌ത്രീയെ സ്വതന്ത്രയാക്കുംവരെ യഥാര്‍ഥ ലിംഗസമത്വം അസാധ്യമാണെന്നാണ് ഷൂലാമിത്ത് ഫയര്‍സ്റ്റണ്‍ വാദിച്ചത്. കൃത്രിമ ഗര്‍ഭപാത്രങ്ങള്‍ നിര്‍മിച്ച് ഭ്രൂണങ്ങളെ വളര്‍ത്തുക എന്ന ആശയം അവര്‍ അവതരിപ്പിച്ചു. അങ്ങനെ പിറക്കുന്ന ശിശുക്കളെ കമ്യൂണ്‍ സമ്പ്രദായത്തിലുള്ള വീടുകളില്‍ എട്ടുപത്തു മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ പോറ്റി വലുതാക്കാം. ഫെമിനിസ്റ്റ് തിയറിക്കു ഫയര്‍സ്റ്റണ്‍ നല്‍കിയ മികച്ച ആശയ സംഭാവന ഈ ഗ്രന്ഥമാണെന്നു പറയാം. 'ദി ഡയലെക്റ്റിക് ഓഫ് സെക്സ്' എന്ന സുപ്രധാന പാഠത്തില്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ഫ്രോയ്ഡിന്റെയും സിമണ്‍ ദെ ബുവെയുടെയും സ്വാധീനം വ്യക്തമായി കാണാം. 1970 ലാണ് ഈ പുസ്തകം വെളിച്ചത്തു വന്നത്. ഇന്നും അതിന്റെ ജനപ്രിയതക്ക് മങ്ങലേറ്റിട്ടില്ല. സാങ്കേതികവിദ്യയുടെ (Technology) അപാരസാധ്യതകളിലേക്കു ഫെമിനിസ്റ്റ് സംവാദത്തെ ക്ഷണിക്കാനാണ് ഈ മൌലിക പ്രതിഭ ശ്രമിച്ചത്. 'Redstockings' എന്ന റാഡിക്കല്‍ പെണ്‍കൂട്ടായ്മയുടെ ചാലകശക്തിയായിരുന്നു ഫയര്‍സ്റ്റണ്‍.

കോംബ്രിഡ്ജ് സര്‍വകലാശാലയില്‍ സൈക്കോ അനാലിസിസിന്റെയും ജന്‍ഡര്‍ സ്റ്റഡീസിന്റെയും പ്രൊഫസറായി പ്രവര്‍ത്തിക്കുന്ന 'Juliet Mitchell' (ജൂലിയറ്റ് മിച്ചല്‍) തികഞ്ഞൊരു മാര്‍ക്സിസ്റ്റാണ്. Psychoanalysis and Feminism. Freud, Reich, Laing and Women, 1974' എന്ന അവരുടെ പ്രകൃഷ്ട കൃതി ഒരു സ്‌ത്രീപക്ഷ ക്ളാസിക്കായി പരക്കെ അംഗീകരിക്കപ്പെടുന്നു. മനോവിശ്ളേഷണത്തെയും ഫെമിനിസത്തെയും എവ്വിധം പൊരുത്തപ്പെടുത്താമെന്ന് പരിശോധിക്കുകയാണ് ജൂലിയറ്റ് മിച്ചല്‍ ചെയ്യുന്നത്. അതോടൊപ്പംതന്നെ, താതാധിപത്യമുക്തമായ ഘടനകള്‍ എങ്ങനെ സൃഷ്ടിക്കാമെന്ന ആലോചനയില്‍ മാര്‍ക്സിസ്റ്റ് ആശയശാസ്ത്രം വെളിച്ചം വീശുന്നുണ്ടെന്ന് ഈ സൈദ്ധാന്തിക നിരീക്ഷിക്കുന്നു. ചുരുക്കത്തില്‍ സൈക്കോ അനാലിസിസിനെയും മാര്‍ക്സിസത്തെയും മാതൃകകളാക്കാന്‍ ഫെമിനിസത്തിനു സാധിക്കുമെന്നാണ് അവരുടെ നിലപാട്.

ഫെമിനിസ്റ്റ് സംവാദത്തിന്, സ്‌ത്രീവിചാര സമ്പ്രദായത്തിന് വളരെ പ്രയോജനപ്പെടുന്ന ഉള്‍ക്കട്ടിയുള്ള പാഠങ്ങള്‍ ജൂലിയറ്റ് മിച്ചല്‍ സമ്മാനിച്ചു: 'Woman's Estate, ', 'Women: The Longest Revolution', ' Mad Men and Medusas: Reclaiming Hysteria', ' Siblings, Sex and Violence'.

അമേരിക്കയില്‍ പ്രവര്‍ത്തിച്ചുപോന്ന ഒരു മാര്‍ക്സിസ്റ്റ്-ലെനിസ്റ്റ് ഫെമിനിസ്റ്റാണ് Marlene Dixon (മാര്‍ലെന്‍ ഡിക്സണ്‍). കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജി പ്രൊഫസറായിരുന്ന ഡിക്സണെ രാഷ്‌ട്രീയ കാരണങ്ങളാല്‍ അധികൃതര്‍ പുറത്താക്കിയപ്പോള്‍ അവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പതിനാറു ദിവസം സമരം ചെയ്തത് അക്കാലത്ത് -1969ല്‍ -ലോകശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. പിന്നീട് കുറച്ചിട ഡിക്സണ്‍ പഠിപ്പിച്ചത് മോണ്‍ട്രിയലിലെ (കാനഡ) മഗ്ഗില്‍ യൂണിവേഴ്സിറ്റിയിലാണ്. അമേരിക്കയില്‍ തിരിച്ചെത്തിയ ഈ മാര്‍ക്സിസ്റ്റ് ഒരു പുതിയ രാഷ്‌ട്രീയ സംഘടനക്കു രൂപം നല്‍കി: Democratic Workers Party(DWP).

ഫെമിനിസ്റ്റ് പോരാട്ടങ്ങളെ മാര്‍ക്സിസ്റ്റ്-ലെനിസ്റ്റ് ആശയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കുവാനും ഒരു വിപ്ളവ സ്വഭാവവും വര്‍ഗപരമായ കാഴ്ചപ്പാടും ഫെമിനിസത്തിനു നല്‍കാനുമാണ് മെര്‍ലിന്‍ ഡിക്സണ്‍ യത്നിച്ചത്. അവരുടെ On the Super-Exploitation of Women, The Subjugation of Women Under Capitalism: The Bourgeois Morality, എന്നീ ആശയപാഠങ്ങള്‍ക്കു ഫെമിനിസ്റ്റ് സംവാദത്തില്‍ വലിയ പ്രസക്തിയുണ്ട്.

സ്‌ത്രീ എല്ലാ തുറകളിലും അടിച്ചമര്‍ത്തപ്പെടുകയാണ് എന്ന കൃത്യമായി അടയാളപ്പെടുത്താന്‍ മാര്‍ക്സിസ്റ്റ് ആശയസംവാദത്തിന് പണ്ടേ കഴിഞ്ഞിട്ടുണ്ട്. സ്വകാര്യ സ്വത്തും മുതലാളിത്ത വ്യവസ്ഥയും അരങ്ങുവാഴുന്ന കാലത്തോളം ഈ അവസ്ഥ ഒളിഞ്ഞോ തെളിഞ്ഞോ തുടരുകതന്നെ ചെയ്യും. മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ ഉന്മൂലനം മാത്രമാണ് മോചനത്തിന്റെ മാര്‍ഗം. മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റ് കാഴ്ചപ്പാട്, ചുരക്കിപ്പറഞ്ഞാല്‍ ഇതത്രെ.

മാര്‍ക്സിസം പല പുരുഷ സംവാദങ്ങളില്‍ (Male Discourse) ഒന്നുമാത്രമാണെന്ന ആരോപണമാണ് ചില സൈക്കോ അനലിറ്റിക്കല്‍ ഫെമിനിസ്റ്റുകള്‍, പോസ്റ്റ് സ്ട്രക്ചറലിസ്റ്റ് പെണ്‍പക്ഷവാദികള്‍, പല അവസരങ്ങളിലും ഉന്നയിച്ചത്. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചരിത്രബോധവും ശാസ്‌ത്രീയ വീക്ഷണവുമുള്ള പല ഫെമിനിസ്റ്റുകളും സ്ഥാപിച്ചുകഴിഞ്ഞു. മനോവിശ്ളേഷണത്തിന്റെ വഴികളൊന്നും സ്‌ത്രീവിമോചനത്തിന്റേതല്ല എന്ന തിരിച്ചറിവും ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്.


*****

വി സുകുമാരന്‍, കടപ്പാട് : ദേശാഭിമാനി

അധിക വായനയ്‌ക്ക് :

ഫെമിനിസ്റ്റ് സിദ്ധാന്ത വിചാരം

കാലം മറന്നുപോയ ഫെമിനിസ്റ്റ് - കേറ്റ് മില്ലറ്റ്

സിമണ്‍ ദെ ബൊവെ - ഫ്രഞ്ച് ഫെമിനിസത്തിന്റെ വഴികാട്ടി...

ഫെമിനിസത്തിന്റെ മാര്‍ക്സിസ്റ്റ് മുഖങ്ങള്‍

നുണകള്‍, രഹസ്യങ്ങള്‍, നിശ്ശബ്‌ദതകള്‍: ഏഡ്റിയന്‍ റി...

ഡേല്‍ സ്‌പെന്‍ഡര്‍ : ദി ക്രിംസണ്‍ ഫെമിനിസ്‌റ്റ്

ലൂസ് ഇറിഗാറെ : ലിംഗവൈജാത്യത്തിന്റെ സിദ്ധാന്ത രൂപങ്...

അപനിര്‍മാണവും ഫെമിനിസവും: ഗായത്രി ചക്രബൊര്‍തി സ്‌പ...

കറുത്ത കത്രീനയുടെ സംഘകഥ

ഫെമിനിസത്തിന്റെ ഇന്ത്യന്‍ രുചിഭേദങ്ങള്‍

ഫെമിനിസവും ഇന്‍ഡിംഗ്ളീഷ് നോവലും

സ്‌ത്രീപക്ഷവിചാരം, ചുരുക്കത്തില്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മാര്‍ക്സിസം പല പുരുഷ സംവാദങ്ങളില്‍ (Male Discourse) ഒന്നുമാത്രമാണെന്ന ആരോപണമാണ് ചില സൈക്കോ അനലിറ്റിക്കല്‍ ഫെമിനിസ്റ്റുകള്‍, പോസ്റ്റ് സ്ട്രക്ചറലിസ്റ്റ് പെണ്‍പക്ഷവാദികള്‍, പല അവസരങ്ങളിലും ഉന്നയിച്ചത്. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചരിത്രബോധവും ശാസ്‌ത്രീയ വീക്ഷണവുമുള്ള പല ഫെമിനിസ്റ്റുകളും സ്ഥാപിച്ചുകഴിഞ്ഞു. മനോവിശ്ളേഷണത്തിന്റെ വഴികളൊന്നും സ്‌ത്രീവിമോചനത്തിന്റേതല്ല എന്ന തിരിച്ചറിവും ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്.