Friday, December 31, 2010

ചരിത്രം സൃഷ്ടിച്ച ചരിത്രവിരുദ്ധത

ഹിന്ദുഫാസിസ്റുകള്‍ ഇന്ത്യന്‍ മതനിരപേക്ഷതയുടെ മിനാരങ്ങള്‍ തകര്‍ത്ത 1992 ഡിസംബര്‍ ആറിനെന്നപോലെ 2010 സപ്തംബര്‍ 30നും ഇന്ത്യന്‍ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. അയോധ്യയിലെ ബാബ്രി മസ്ജിദ് തകര്‍ക്കാന്‍ മിത്തുകളും കെട്ടുകഥകളും വിശ്വാസവുമാണ് സംഘപരിവാറിന് ആയുധമായതെങ്കില്‍ ഇതേ കെട്ടുകഥകള്‍ക്ക് ഇന്ത്യന്‍ ജുഡീഷ്യറി നിയമപരമായ സാധൂകരണം നല്‍കിയ ദിനമാണത്. അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ലഖ്നൌ ബെഞ്ച് ബാബറിമസ്ജിദ് നിലനിന്ന സ്ഥലത്തെ ഉടമസ്ഥാവകാശ തര്‍ക്കത്തിന് തീര്‍പ്പുകല്‍പ്പിച്ച ദിവസം. സംഘപരിവാറിന്റെ നിയമനിഷേധത്തിന് നിയമപരമായ സാധൂകരണമാണ് ഇതുവഴി ലഭിച്ചത്. ചരിത്രമോ യുക്തിയോ മതനിരപേക്ഷ മൂല്യങ്ങളോ പരിഗണിക്കാതെയുള്ള ഈ വിധി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ)യുടെ ഉല്‍ഖനനത്തില്‍ കണ്ടെത്തിയ വസ്തുതകള്‍ പരിഗണിക്കാതെയാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. കോടതി തെളിവുകള്‍ക്കുപകരം വിശ്വാസത്തിന് മുന്‍തൂക്കം നല്‍കുകയായിരുന്നു.

2.7 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വീതിക്കാന്‍ രണ്ട് ജഡ്ജിമാര്‍ വിധിച്ചപ്പോള്‍ തര്‍ക്കസ്ഥലം പൂര്‍ണമായി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഒരു ജഡ്ജി വിധിച്ചു. മൂന്നായി തിരിക്കുന്ന ഭൂമിയില്‍ ഒരു ഭാഗം വഖഫ്ബോര്‍ഡിനും മറ്റു രണ്ടുഭാഗങ്ങള്‍ നിര്‍മോഹി അഖാഡയ്ക്കും രാമന്റെ ബാലരൂപത്തെ ആരാധിക്കുന്ന കക്ഷികള്‍ക്കുമായി നല്‍കാനാണ് രണ്ടു ജഡ്ജിമാര്‍ ഉത്തരവിട്ടത്. എഎസ്ഐ നടത്തിയ ഉത്ഖനനത്തില്‍ സ്ഥലത്ത് മൃഗാസ്ഥിയും സുര്‍ക്കി മിശ്രിതം ഉപയോഗിച്ചുള്ള നിര്‍മാണവും കണ്ടെത്തിയിരുന്നു. ഇതെല്ലാം മുസ്ളീം ജീവിതരീതിയുടെ ഭാഗമാണ്. മസ്ജിദ് നിലനിന്നിടം ഹിന്ദുക്ഷേത്രമായിരുന്നുവെന്ന വാദത്തിന് നിരക്കാത്ത ഈ കണ്ടെത്തല്‍ കോടതി ലഖ്നൌ ബഞ്ച് പരിഗണിച്ചതേയില്ല.

രാമന്‍ ജനിച്ചതായി കരുതപ്പെടുന്നത് ഒമ്പതുലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ 1500 ബിസിക്ക് മുമ്പ് അയോധ്യയിലും സമീപപ്രദേശങ്ങളിലും മനുഷ്യവാസമുള്ളതായി ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടുമില്ല. 1949 ന് മുമ്പ് ഹിന്ദുക്കള്‍ ആരാധന നടത്തിയതിന് തെളിവില്ല. മസ്ജിദിന്റെ മിനാരത്തിനു കീഴില്‍ 1949ല്‍ ബലപ്രയോഗത്തിലൂടെയാണ് രാമവിഗ്രഹം സ്ഥാപിച്ചതെന്ന് വിധിയില്‍ സമ്മതിക്കുന്നുമുണ്ട്. എന്നാല്‍, രാമന്‍ ജനിച്ചത് അവിടെയാണെന്ന് സമ്മതിച്ചതിലൂടെ വിഗ്രഹം ബലപ്രയോഗത്തിലൂടെ സ്ഥാപിച്ചത് അവകാശപ്പെട്ട സ്ഥലത്തു തന്നെയാണെന്ന അയുക്തിയെയാണ് ഈ സപ്തംബര്‍ 30ന്റെ വിധി ന്യായീകരിക്കുന്നത്.

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 31 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...