Tuesday, September 25, 2012

മുഴച്ചു നില്‍ക്കുന്നത് കമ്യൂണിസ്റ്റ് വിരോധം

പൊതുപ്രാധാന്യമുള്ളതും വിശകലനാര്‍ഹവുമായ വാര്‍ത്തകള്‍ നിറഞ്ഞതായിരുന്നു കഴിഞ്ഞ ഒരാഴ്ചക്കാലം. എന്നാല്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ അതിനിടയിലും സിപിഐ എമ്മിനെ അടിക്കാനും തകര്‍ക്കാനും വടിയും വെടിമരുന്നും അന്വേഷിക്കുന്ന കൗതുകകാഴ്ചകള്‍ തെളിഞ്ഞ് കാണാവുന്നതാണ്. ജനങ്ങള്‍ക്കുനേരെയുള്ള ഏറ്റവും കടുത്ത കടന്നാക്രമണമായിരുന്നു യുപിഎ സര്‍ക്കാര്‍ പോയവാരം നടത്തിയത് - ഡീസല്‍ വില വര്‍ദ്ധനയും പാചകവാതക വിതരണ നിയന്ത്രണവും ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതും. സാധാരണ ജനങ്ങളുടെ ജീവിതത്തെയാകെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരായ ജനരോഷത്തെ പരമാവധി കുറച്ചുകാണിക്കാനുള്ള വ്യഗ്രതയും അതിനെതിരായ പ്രതിഷേധങ്ങളെ അപഹസിക്കാനുള്ള ആവേശവുമാണ് മുന്‍നിര മുഖ്യധാരാ പത്രങ്ങളാകെ പ്രകടിപ്പിച്ചത്.

ജനജീവിതം തകര്‍ക്കുന്ന നയങ്ങള്‍ സ്വീകരിക്കുന്ന ഭരണാധികാരികള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന രോഷത്തെ അതില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരായി തിരിച്ചുവിടാനുള്ള നീക്കമാണ് ഇവ നടത്തിയത്. സര്‍ക്കാര്‍ തീരുമാനം ഒന്നാം പേജില്‍ തന്നെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്ത മുഖ്യധാരാ പത്രങ്ങള്‍ അതിനെതിരെ കേരളത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും ഹര്‍ത്താലിെന്‍റയും വാര്‍ത്തകള്‍ ""പ്രാദേശിക വാര്‍ത്ത"" കോളങ്ങളിലേക്ക് ഒതുക്കുക മാത്രമല്ല, ഹര്‍ത്താലിനെതിരെയുള്ള പ്രതികരണങ്ങളായാണ് അവ പ്രത്യക്ഷപ്പെട്ടത്. സെപ്തംബര്‍ 16െന്‍റ ""മലയാള മനോരമ""യില്‍ ""പ്രാദേശികം"" പേജില്‍ (തിരുവനന്തപുരം എഡിഷന്‍, പേജ് 3) ""ജനജീവിതം സ്തംഭിച്ചു, ഹര്‍ത്താല്‍ പൂര്‍ണം"" എന്ന വാര്‍ത്തയ്ക്കൊപ്പം അതിനേക്കാള്‍ പ്രാധാന്യത്തില്‍, ""ബൈക്കില്‍ ജോലിയ്ക്ക് പോയവര്‍ക്ക് മര്‍ദ്ദനം: എസ്ഐയെ തടഞ്ഞു"", ""ആറ്റിങ്ങലില്‍ കടയ്ക്കുനേരെ ആക്രമണം, ഉടമയ്ക്ക് പരിക്ക്"", ""കല്ലേറും കയ്യേറ്റവുമില്ലാതെ സിപിഎമ്മിന്റെ കര്‍ഷകതൊഴിലാളി സംഘടനയുടെ സമ്മേളനം നടന്നു"" എന്നീ ശീര്‍ഷകങ്ങളിലുള്ള വാര്‍ത്തകള്‍ കൊണ്ട് പേജ് നിറച്ചിരിക്കുന്നു.

ഹര്‍ത്താല്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ആയിരുന്നു. സമാധാനപരവുമായിരുന്നു. രാഷ്ട്രീയ പാര്‍ടികളുടെയോ ബഹുജന സംഘടനകളുടെയോ ഒന്നും സമ്മേളനങ്ങളെയോ പൊതുചടങ്ങുകളെയോ ഒന്നും ഒരിടത്തും തടസ്സപ്പെടുത്തിയിരുന്നില്ല. അത്തരം പരിപാടികള്‍ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നതുമില്ല. ""മനോരമ"" വാര്‍ത്തയില്‍ തന്നെ, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തിനു വരേണ്ട പ്രതിനിധികള്‍ എല്ലാം അതിരാവിലെ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്ത് എത്തിയതായും വൈകുന്നേരം സമ്മേളനം കഴിഞ്ഞ് അതേ വാഹനങ്ങളില്‍ തിരികെ പോയതായും വായിക്കാം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനും കോണ്‍ഗ്രസിനും നേരെ തിരിയേണ്ട പ്രതിഷേധത്തെ സിപിഐ എമ്മിനെതിരെ തിരിക്കാനുള്ള ജുഗുപ്സാവഹമായ നീക്കമാണ് ""മനോരമ"" നടത്തുന്നത്. സൂര്യനുതാഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും മുഖപ്രസംഗത്തിലൂടെ പ്രതികരിക്കുന്ന ""മനോരമ""യ്ക്ക് ഡീസല്‍ വില വര്‍ദ്ധനയും പാചകവാതക വിതരണ നിയന്ത്രണവും മുഖപ്രസംഗത്തിനുള്ള വിഷയമായതുമില്ല. വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടാന്‍ കൂടുമ്പോള്‍ തന്നെ, വേട്ടയാടപ്പെടുന്ന മൃഗത്തിന്റെ ഉല്‍ക്കണ്ഠയ്ക്കൊപ്പമാണ് തങ്ങളെന്ന് വരുത്താനുള്ള വ്യഗ്രതയും ഈ പത്രമുത്തശ്ശി പ്രകടിപ്പിക്കുന്നുണ്ട്. സെപ്തംബര്‍ 16െന്‍റ ""സാമ്പത്തികം"" പേജില്‍ (പേജ് 6) ""ഡീസല്‍ വിലവര്‍ദ്ധന : വിലക്കയറ്റം ജനത്തെ വരിഞ്ഞുമുറുക്കും"" എന്ന വാര്‍ത്ത. എന്നാല്‍ അപ്രധാനമായി നല്‍കിയ വാര്‍ത്തയില്‍പോലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വെള്ളപൂശാന്‍ പത്രം ഇടം കണ്ടത് ഇങ്ങനെ - ""ഓണക്കാലത്ത് പച്ചക്കറി വില പിടിച്ചുനിര്‍ത്താന്‍ കൃഷിവകുപ്പിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞു"". ഓണക്കാലത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ അതിനെതിരെ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല എന്നത് അനുഭവം. എന്നാല്‍ വായനക്കാരുടെ ഓര്‍മ്മശക്തി പരീക്ഷിക്കുകയാണ് പത്രം. എണ്ണക്കമ്പനികള്‍ നഷ്ടത്തിലായതുകൊണ്ടാണ് വില വര്‍ദ്ധനവ് എന്ന സര്‍ക്കാര്‍ വാദം ശരിയാണോ എന്ന് പരിശോധിക്കാനും ""മനോരമ"" എന്നല്ല മുഖ്യധാരാ മാധ്യമങ്ങളൊന്നും തയ്യാറാകുന്നുമില്ല. യുപിഎ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ പ്രതിഷേധിക്കുന്ന മുഖപ്രസംഗം കാച്ചിയ ""മാധ്യമം"" പത്രമാകട്ടെ, പ്രതിഷേധ പ്രകടനങ്ങള്‍ക്കും ഹര്‍ത്താലിനും ഒന്നാം പേജില്‍ പൊതുവാര്‍ത്തയായി ഇടം നല്‍കിയില്ലെങ്കിലും 16-ാം തീയതിയിലെ പത്രത്തിന്റെ ഒന്നാം പേജ് ഹര്‍ത്താല്‍ വിരുദ്ധ വാര്‍ത്തയാല്‍ അലംകൃതമാണ്. ""ഹര്‍ത്താല്‍ ദിനത്തില്‍ പിഞ്ചുമകളുടെ മൃതദേഹവുമായി രാജസ്ഥാന്‍ ദമ്പതികളുടെ അലച്ചില്‍"" എന്ന ഒന്നാം പേജിലെ മൂന്ന് കോളം സചിത്ര ബോക്സ് വാര്‍ത്തയിലൂടെ ""മാധ്യമം"" തങ്ങളുടെ ഹര്‍ത്താല്‍ വിരോധ വിഷം ചീറ്റുന്നു. ആശുപത്രിയില്‍ പോകുന്നതിനോ ശവസംസ്കാരം നടത്തുന്നതിനോ ഒന്നും ഒരിടത്തും ഒരു തടസ്സവും ഉണ്ടായതായി ""മാധ്യമ""ത്തിനുപോലും റിപ്പോര്‍ട്ടുചെയ്യാനില്ല. രാജസ്ഥാനില്‍നിന്ന് തൊഴില്‍ തേടി കേരളത്തില്‍ കണ്ണൂര്‍ ടൗണില്‍ ഏതാനും ദിവസം മുമ്പ് എത്തിയ ദമ്പതികളുടെ ജന്മനാ രോഗിയായ രണ്ടുവയസ്സുള്ള മകള്‍ ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ മരിച്ചു. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കരിക്കാന്‍ തടസ്സം നേരിട്ടു. തുടര്‍ന്ന് മാധ്യമം ലേഖകന്‍ തന്നെ എഴുതുന്നത് ഇങ്ങനെ - ""ഹര്‍ത്താലായതിനാല്‍ ചലനമറ്റ കുഞ്ഞുമകളെയും തോളത്തിട്ട് ഇവര്‍ പയ്യാമ്പലത്തേക്ക് നടന്ന് പോവുകയായിരുന്നു. രേഖകള്‍ വേണമെന്നതിനാല്‍, പയ്യാമ്പലത്തെ ചിലരാണ് ഓട്ടോ വിളിച്ച് ജില്ലാ ആശുപത്രിയിലേക്ക് അയച്ചത്. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പൊലീസ് നിര്‍ദ്ദേശിക്കുകയുമായിരുന്നു... വൈകിട്ടോടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് സിമ്രാനെ പയ്യാമ്പലത്തു തന്നെ സംസ്കരിച്ചു"". ശ്മശാനത്തിലേക്ക് മൃതദേഹം രാവിലെ കൊണ്ടുപോകാനും വേണമെങ്കില്‍ വാഹനം ലഭിക്കുമായിരുന്നു എന്ന് ഈ വാര്‍ത്തയില്‍നിന്നു തന്നെ വായിച്ചെടുക്കാം.

ഈ സംഭവത്തിന് ഹര്‍ത്താലുമായി പിന്നെന്ത് ബന്ധമാണ് ജമാഅത്തെ ഇസ്ലാമി മുഖപത്രം കാണുന്നത്? ""ഹര്‍ത്താല്‍ പൂര്‍ണം, ജനം വലഞ്ഞു"" എന്ന് ഒന്നാം പേജില്‍ ഒറ്റക്കോളം വാര്‍ത്തയെങ്കിലും നല്‍കാന്‍ സന്മനസ്സു കാണിച്ച ""മാതൃഭൂമി"" ദിനപത്രം ""എരിയുന്ന തീയില്‍ വീണ്ടും എണ്ണ"" എന്ന മുഖപ്രസംഗത്തിന്റെ അവസാന വരികള്‍ ഇങ്ങനെ, ""പാചകവാതകത്തിന്റെ കാര്യത്തിലും സര്‍ക്കാരിന്റെ ബാധ്യത കുറയ്ക്കാനുതകുന്ന തീരുമാനം ഉണ്ടാകുമെന്ന് പൊതുവെ പ്രതീക്ഷിച്ചിരുന്നതാണ്. ഒറ്റയടിക്ക് കടുത്ത നടപടി വേണ്ടെന്ന നിലയ്ക്കാവാം, സബ്സിഡിയോടെ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ"". വിലവര്‍ദ്ധനവിലെ പ്രതിഷേധമല്ല, ജനത്തിനോട്, ""ഇത്രയല്ലേ സംഭവിച്ചുള്ളൂ, സാരമില്ല, നമുക്ക് സര്‍ക്കാരിനോട് പൊറുക്കാം"" എന്ന് ധ്വനിപ്പിക്കുകയാണ് ഈ പത്രം.

എണ്ണയിട്ട് വാഴയില്‍ കയറുന്ന അതേ മെയ്വഴക്കം തന്നെ. എമര്‍ജിങ് കേരളയെക്കുറിച്ചുള്ള ""പ്രതീക്ഷകള്‍ നിറവേറ്റാന്‍ വേണ്ടത് കൂട്ടായ ശ്രമം"" എന്ന സെപ്തംബര്‍ 14െന്‍റ മാതൃഭൂമി മുഖപ്രസംഗവും ഇതേ മെയ്വഴക്കം തന്നെ പ്രകടിപ്പിക്കുന്നു. ""40,000 കോടിയുടെ നിക്ഷേപം"" എമര്‍ജിങ് കേരളയിലൂടെ കേരളത്തിലേക്ക് ഒഴുകി എത്താന്‍ പോകുന്നുവെന്നാണ് ""മാതൃഭൂമി"" ഉള്‍പ്പെടെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും 15-ാം തീയതിയില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നത്. എന്നാല്‍ 2003ലെ ജിമ്മിലെ ""26,000 കോടിയുടെ നിക്ഷേപം എവിടെ എന്ന ചോദ്യം ഉന്നയിക്കാന്‍ ഈ പത്രങ്ങളുടെ ഒന്നും അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ ഇടം കണ്ടില്ല. ""മലയാള മനോരമ""യാകട്ടെ, 13-ാം തീയതി ""സ്വപ്നങ്ങള്‍ നമുക്ക് വേണ്ടി"" എന്ന മുഖപ്രസംഗത്തില്‍ കേരളത്തിന്റെ വികസന സ്വപ്നങ്ങളാകെ ദര്‍ശിക്കുന്നയാളായി പ്രധാനമന്ത്രിയെ വാഴ്ത്തുന്നു. 14-ാം തീയതിയിലെ ""കേരള കൗമുദി""യില്‍ 9-ാം പേജില്‍ (ജനറല്‍) ""എസ്എഫ്ഐ നേതാവിനെ മര്‍ദ്ദിച്ച കേസ്: പി സി വിഷ്ണുനാഥിനും എം ലിജുവിനും വാറണ്ട്"" എന്ന വാര്‍ത്ത കാണാം. 2002 മാര്‍ച്ച് 22ന് തിരുവനന്തപുരം ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ബാബുവിനെ പിഎംജി ജംഗ്ഷനില്‍വെച്ച് കമ്പിപ്പാരയ്ക്ക് അടിച്ചുവീഴ്ത്തിയതിനാണ് അന്ന് ഇരു യുവകോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ പോലീസ് കേസെടുത്തത് എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേ ദിവസം ""മാധ്യമം"" പത്രത്തിന്റെ ""പ്രാദേശികം"" പേജിലും (2) ഈ വാര്‍ത്ത കാണാം. എന്നാല്‍, ""മലയാള മനോരമ""യും ""മാതൃഭൂമി""യും ഈ സംഭവമേ അറിഞ്ഞമട്ടില്ല. അക്രമ രാഷ്ട്രീയത്തിനെതിരെയും നിയമവാഴ്ച ഉറപ്പാക്കാനും വാദിക്കുന്ന ഈ പത്രങ്ങള്‍ യുവകോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കൊടും കുറ്റകൃത്യത്തിനെതിരെ കണ്ണടയ്ക്കുന്നു; കോടതിയില്‍ ഹാജരാകാതെ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. എന്തൊരു നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം! ലിജുവും വിഷ്ണുവും കമ്പിപ്പാരകൊണ്ട് ബാബുവിന് 51 അടി ഏല്‍പിക്കാത്തതുകൊണ്ടാവുമോ ഇവര്‍ക്ക് ഇത് വാര്‍ത്തയാകാത്തത്? ഈ ആഴ്ചയും മുഖ്യധാരാ മാധ്യമങ്ങള്‍ ഏറെ സമയവും സ്ഥലവും മഷിയും വിനിയോഗിച്ചത് സിപിഐ എം വിരുദ്ധ വാര്‍ത്തകള്‍ക്കായാണ്. 12-ാം തീയതിയിലെ ""മാതൃഭൂമി"" 1-ാം പേജില്‍ ""മുണ്ടൂരിലും വിമത സിപിഎം"" എന്ന ശീര്‍ഷകത്തില്‍ 6 കോളം ലീഡ് വാര്‍ത്തയായാണ് പാലക്കാട് ജില്ലയിലെ ഒരു പ്രാദേശിക പ്രശ്നത്തെ ആഘോഷിച്ചത്. അന്നുതന്നെ പത്രത്തിന്റെ 17-ാം പേജില്‍ ഇതു സംബന്ധിച്ച അനുബന്ധ വാര്‍ത്തകള്‍ മാത്രമാണുള്ളത്. തുടര്‍ന്ന് 13, 14, 15, 16 തീയതികളിലും തുടര്‍ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കി പൊലിപ്പിക്കാനും ""മാതൃഭൂമി"" മറന്നില്ല. ""മനോരമ""യും മറ്റു മുഖ്യധാരക്കാരും അല്‍പവും വ്യത്യസ്തരായിരുന്നില്ല. ഒരു പ്രാദേശിക പ്രശ്നത്തിന് അന്താരാഷ്ട്ര പ്രാധാന്യം നല്‍കുക മാത്രമല്ല, 4000ല്‍ ഏറെപ്പേര്‍ വിമതയോഗത്തില്‍ പങ്കെടുത്തതായുള്ള പ്രസ്താവത്തിലൂടെ പര്‍വതീകരണവും നടക്കുന്നു. ആയിരത്തോളം ആളുകള്‍ക്ക് പങ്കെടുക്കാവുന്ന ഹാളിലും പരിസരത്തുംകൂടി 4000 പേര്‍ പങ്കെടുത്തുവെന്ന് എഴുതുന്ന മാധ്യമങ്ങള്‍ സ്വന്തം വിശ്വാസ്യത പോലും കളഞ്ഞ് കുളിക്കുന്നു. കഴിഞ്ഞയാഴ്ചയിലെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വാര്‍ത്തകളിലൊന്നാണ് കൂടംകുളം ആണവനിലയത്തിനെതിരായ പ്രതിഷേധ സമരം. ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്ത പാര്‍ടിയാണ് സിപിഐ എം. എന്നാല്‍ ""മനോരമ""യും ""മാതൃഭൂമി""യും ഉള്‍പ്പെടെയുള്ള മുഖ്യധാരാമാധ്യമങ്ങള്‍ കൂടംകുളം പ്രശ്നത്തെയും സിപിഐ എമ്മിനെ താറടിക്കാനും തകര്‍ക്കാനുമുള്ള കരുവായിട്ടാണ് ആഘോഷിക്കുന്നത്.

കേന്ദ്ര ഭരണകക്ഷിക്കും പ്രതിപക്ഷത്തുള്ള മറ്റു കക്ഷികള്‍ക്കും ഇത് സംബന്ധിച്ച നിലപാടെന്തെന്ന് അന്വേഷിക്കാന്‍ ഈ പത്രങ്ങള്‍ മിനക്കെടുന്നില്ല എന്നു മാത്രമല്ല, സ്വന്തം നിലപാട് പോലും തുറന്നു പറയാതെയാണ് സിപിഐ എം വേട്ട നടത്തുന്നത്. ഈ മാധ്യമ വേട്ടയുടെ ഉള്ളുകള്ളി വെളിപ്പെടുത്തുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിെന്‍റ ""കവര്‍ സ്റ്റോറി"" എന്ന പരിപാടിയുടെ ശീര്‍ഷകം - ""സിപിഎമ്മിനെ തകര്‍ക്കാന്‍ വീണ്ടും ഒരു ആണവ പ്രശ്നം"" സംഗതി വ്യക്തമാക്കാന്‍ ഇതിനപ്പുറം എന്തുവേണം! വാല്‍ക്കഷ്ണം ""അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ വാങ്ങാനാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ലാഭത്തിലാണെന്ന കണക്ക് അവതരിപ്പിക്കുന്നത്"" കോണ്‍ഗ്രസ് എംപിയായ എം ഐ ഷാനവാസ് ""മനോരമ വിഷ""നോട് 14.9.2012 രാത്രി. ""പാചകവാതകത്തിനുപകരം വീട്ടമ്മമാര്‍ വിറക് ഉപയോഗിക്കാന്‍ ശീലിക്കണം"" കോണ്‍ഗ്രസ് വനിതാ നേതാവ് ലതിക സുഭാഷ് റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ സെപ്തംബര്‍ 14 രാത്രി. വിലക്കയറ്റം തടയാന്‍ ഉചിത മാര്‍ഗം എല്ലാ നിത്യോപയോഗ സാധനങ്ങളും സ്വന്തമായി ഉല്‍പാദിപ്പിക്കണമെന്നു പറയാനും കോണ്‍ഗ്രസ് കൊച്ചമ്മമാര്‍ മടിക്കില്ല.

*
ഗൗരി ചിന്ത 22 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പൊതുപ്രാധാന്യമുള്ളതും വിശകലനാര്‍ഹവുമായ വാര്‍ത്തകള്‍ നിറഞ്ഞതായിരുന്നു കഴിഞ്ഞ ഒരാഴ്ചക്കാലം. എന്നാല്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ അതിനിടയിലും സിപിഐ എമ്മിനെ അടിക്കാനും തകര്‍ക്കാനും വടിയും വെടിമരുന്നും അന്വേഷിക്കുന്ന കൗതുകകാഴ്ചകള്‍ തെളിഞ്ഞ് കാണാവുന്നതാണ്. ജനങ്ങള്‍ക്കുനേരെയുള്ള ഏറ്റവും കടുത്ത കടന്നാക്രമണമായിരുന്നു യുപിഎ സര്‍ക്കാര്‍ പോയവാരം നടത്തിയത് - ഡീസല്‍ വില വര്‍ദ്ധനയും പാചകവാതക വിതരണ നിയന്ത്രണവും ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതും. സാധാരണ ജനങ്ങളുടെ ജീവിതത്തെയാകെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരായ ജനരോഷത്തെ പരമാവധി കുറച്ചുകാണിക്കാനുള്ള വ്യഗ്രതയും അതിനെതിരായ പ്രതിഷേധങ്ങളെ അപഹസിക്കാനുള്ള ആവേശവുമാണ് മുന്‍നിര മുഖ്യധാരാ പത്രങ്ങളാകെ പ്രകടിപ്പിച്ചത്.