Sunday, September 23, 2012

പ്രവാസിയുടെ ആടുജീവിതത്തിന് ആര് മണി കെട്ടും

അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന മലയാളി പ്രവാസത്തിന്റെ ദിശാഗതികള്‍ അവലോകനം ചെയ്യുന്ന വാരികയിലെ ലേഖനങ്ങള്‍ പൈങ്കിളിത്വത്തോടെ പ്രവാസി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പതിവ് മാധ്യമരീതികളെ തിരുത്തുന്നു എന്നത് ആശ്വാസമാണ്. പരസ്യവരുമാനത്തിന്റെ സിംഹഭാഗത്തെ തൃപ്തിപ്പെടുത്താന്‍ ദിനംപ്രതി ഗള്‍ഫ് വാര്‍ത്തകളും സാംസ്കാരിക വിനോദപരിപാടികളും സംപ്രേഷണം ചെയ്യുന്ന ദൃശ്യമാധ്യമങ്ങളും ഗള്‍ഫ് എഡിഷനുകള്‍ തന്നെ പ്രസിദ്ധീകരിക്കുന്ന മുഖ്യധാരാ പത്രങ്ങളും പ്രവാസി ജീവിതത്തിന്റെ ഇരുളടഞ്ഞ ആശങ്കകളിലേക്ക് വേണ്ടത്ര വെളിച്ചം തെളിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ഉപരിപ്ലവമായ കെട്ടുകാഴ്ചകളില്‍ ആടിത്തിമര്‍ക്കുന്ന സമ്പന്നമായ ഉപരിജീവിതമാണ് വിപണി താല്‍പര്യങ്ങളില്‍ പ്രവാസ ജീവിതമായി ആഘോഷിക്കപ്പെടുന്നത്. അതിനിടയില്‍ പ്രചാരണമൂല്യമുള്ള ചില ആടുജീവിതങ്ങള്‍ മിന്നിമറയുന്നു എന്നുമാത്രം. കോര്‍പറേറ്റ് കാലത്തിന്റെ പൊങ്ങച്ചമൂല്യവും സാമ്പത്തിക വികാസവും കരഗതമാക്കിയ ഒരു ന്യൂനപക്ഷത്തെ ഗള്‍ഫ് നാടുകളിലെ മലയാളി പ്രവാസികളിലും കാണാന്‍ കഴിയും. ഇവര്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ ബലമുള്ള കണ്ണിയായും എമര്‍ജിങ് കേരള വികസനത്തിന്റെ സ്വപ്നാടകന്മാരായും ധനാഢ്യതയുടെ പുളപ്പില്‍ ജാതി-മത പുനരുത്ഥാനത്തിന്റെ കോട്ടും സൂട്ടും ഇട്ട അരാഷ്ട്രീയതയായും കേരളത്തില്‍ തിളങ്ങുന്നുണ്ട്. ഈ സമ്പന്ന ന്യൂനപക്ഷത്തിന്റെ താല്‍പര്യസംരക്ഷണം പ്രവാസി മേളകളായി കൊണ്ടാടാന്‍ താലമേന്തുന്ന ഭരണവര്‍ഗം ബഹുഭൂരിപക്ഷം വരുന്ന സാധാരണ പ്രവാസികളുടെ കണ്ണുനീരിനു മുമ്പില്‍ മുഖംതിരിക്കല്‍ രാഷ്ട്രീയം തുടരുകയാണ്. ഗള്‍ഫ് തൊഴില്‍ മേഖലയിലെ കൂട്ടക്കുഴപ്പങ്ങളും ആണ്ടുകള്‍ കൂടുമ്പോഴുള്ള നാട്ടുയാത്രകളുടെ പങ്കപ്പാടുകളും എണ്‍പതു ശതമാനം വരുന്ന ചെറിയ അക്ക ശമ്പളക്കാരുടെ എണ്ണിയാലൊടുങ്ങാത്ത ദുരിതപര്‍വങ്ങളും ഇവര്‍ക്കു കേട്ടുകേള്‍വിയുടെ സുഖം പകരുന്ന യക്ഷിക്കഥകള്‍ മാത്രം. മുഖലേഖനത്തില്‍ കെ പി മോഹനന്‍ ആറ്റികുറുക്കി നിരത്തുന്ന പ്രവാസികളുടെ ജീവല്‍പ്രശ്നങ്ങള്‍ പല തലമുറകളിലെ ലക്ഷക്കണക്കായ പ്രവാസ ജീവിതങ്ങളെ അരക്ഷിതമാക്കിയവയാണ്.

വിവര സാങ്കേതിക സൗകര്യങ്ങള്‍ നടപടിക്രമങ്ങളെ ഏറെ വേഗതയിലാക്കുകയും ലഘൂകരിക്കുകയും ചെയ്ത പുതിയ കാലത്തും പ്രവാസ ജീവിതം ദുസ്സഹമായ അവസ്ഥയില്‍ തുടരുകയാണ്. ആഗോളവല്‍ക്കരണ കാലത്തെ തൊഴില്‍ വിപണി കരാര്‍ തൊഴിലുകളിലൂടെയും മറ്റുമുള്ള അവകാശങ്ങള്‍പോലും കവരുകയും ഗള്‍ഫ് മേഖലയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ അനിവാര്യമാക്കുന്ന സ്വദേശിവല്‍ക്കരണം സ്ഥിതിഗതികളെ കൂടുതല്‍ മോശമാക്കുകയും ചെയ്യുന്നു. പതിറ്റാണ്ടുകളായി പ്രവാസത്തില്‍ തുടരുന്നവര്‍പോലും വിവിധ കാരണങ്ങളാല്‍ അപ്രതീക്ഷിതമായി തിരിച്ചയക്കപ്പെടുന്ന സാഹചര്യം നേരിടാന്‍ കഴിയാതെ അമ്പരക്കുകയാണ്. ആരും ഒരു തിരിച്ചുപോക്കിന് മാനസികമായോ, ഭൗതികമായോ തയാറായിട്ടില്ല എന്നതാണ് വാസ്തവം. കുടുംബങ്ങളുടെ ഉപഭോഗ ആവശ്യം തൃപ്തിപ്പെടുത്താന്‍ യന്ത്രസമാനം ജോലി ചെയ്യുകയും പണം അയച്ചുകൊടുക്കുകയും ചെയ്യുന്ന ബഹുഭൂരിപക്ഷത്തിനും ഒന്നും മിച്ചം വയ്ക്കാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. അവനെ അതിനു പ്രേരിപ്പിക്കാനോ, അതിനായി പദ്ധതികള്‍ വിഭാവനം ചെയ്യാനോ ഇച്ഛാശക്തിയോടെ നടപ്പാക്കാനോ ഇതുവരെയായും കേരളീയസമൂഹം തയാറായിട്ടില്ല. ഭരണകൂടത്തിനും പ്രവാസികളുടെ ബന്ധുക്കള്‍ക്കും ഈ സാധുജീവികളുടെ രക്തം കറന്നെത്തുന്ന ഡ്രാഫ്റ്റുകളില്‍ മാത്രമാണ് താല്‍പര്യം എന്ന് ദുഃഖപൂര്‍വം പറയേണ്ടി വരുന്നു. ഖുദ്സി വിവരിക്കുന്ന ആദ്യകാല പ്രവാസജീവിതത്തിലെ ടെലിഫോണ്‍ ബൂത്തുകള്‍ക്ക് മുമ്പിലെ നീണ്ട ക്യൂ മൊബൈല്‍ ഫോണിലെ നെറ്റ് കാളുകളുടെ ധാരാളിത്തത്തിലേക്ക് വഴിമാറിയിട്ടുണ്ട്. അത് കത്തുകളും കത്ത് കാസറ്റുകളും നല്‍കിയ വൈകാരിക അന്തരീക്ഷത്തെ മാറ്റിമറിച്ചിട്ടുണ്ട്. അതല്ലാതെ അമ്പതു വയസ്സ് പിന്നിട്ട പ്രവാസ ചരിത്രത്തില്‍ സാധാരണ പ്രവാസികളുടെ ജീവിതത്തില്‍ ഗുണപരമായ എന്തുമാറ്റമാണ് സംഭവിച്ചിട്ടുള്ളത്. മൂന്ന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുള്ള കേരളത്തില്‍ നാടിനെ പൊന്നണിയിക്കുന്ന മലയാളി പ്രവാസിയുടെ യാത്രാപ്രശ്നം പരിഹരിക്കപ്പെട്ടോ? എയര്‍ ഇന്ത്യ സമരത്തെ തുടര്‍ന്ന് അനിശ്ചിതത്തിലായ പ്രവാസികളുടെ യാത്രാപ്രശ്നം ഈ കുറിപ്പെഴുതുമ്പോഴും തുടരുകയാണ്. ഗള്‍ഫിലെ സ്കൂളവധികാലത്ത് നടന്ന സമരം അവസാനിപ്പിക്കാനും സത്വര നടപടികള്‍ സ്വീകരിക്കാനും കേരളത്തില്‍ നിന്ന് ആറ് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും എന്താണ് കഴിയാതിരുന്നത്. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വര്‍ധിച്ച പശ്ചാത്തലത്തില്‍ യാത്ര മുടങ്ങിയവരുടെ നിര തന്നെയുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബോംബെ ടിക്കറ്റിനു നല്‍കിയ തുക മാത്രമാണ് ബഹുഭൂരിപക്ഷത്തിനും ഇപ്പോഴും കമ്പനികള്‍ നല്‍കുന്നത്. ബാക്കി തുക സ്വന്തം കൈയില്‍നിന്നും മുടക്കേണ്ടിവരുന്ന നിര്‍ധന പ്രവാസികള്‍ രണ്ടുംമൂന്നും വര്‍ഷം കൂടുമ്പോഴുള്ള നാട്ടുയാത്രാമോഹവും മാറ്റിവയ്ക്കേണ്ട ഗതികേടിലാണ്. മൂന്നര മണിക്കൂര്‍ മാത്രം കേരളത്തിലേക്ക് യാത്രാസമയമുള്ള ഗള്‍ഫില്‍നിന്നും എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ ഈടാക്കുന്ന നിരക്കുകള്‍ യൂറോപ്യന്‍ സെക്ടറിനെ താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നുംനാലും ഇരട്ടിയാണ് എന്ന വസ്തുത പരിഹാരം ഇല്ലാതെ തുടരുന്നു. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ ഒന്നാംബജറ്റില്‍ കേരള-എയര്‍ തുടങ്ങാനുള്ള നിര്‍ദേശം ഉണ്ടായിരുന്നു. പ്രവാസികളുടെ യാത്രാദുരിതം ഒരു പരിധിവരെ പരിഹരിക്കാവുന്ന പദ്ധതിക്ക് വ്യോമയാന വകുപ്പ് അനുമതി നിഷേധിച്ചപ്പോള്‍ എന്താണ് സംഘടിതമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരാതിരുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഉത്തരവാദിത്വമുള്ള ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളുടെ അലംഭാവത്തെക്കുറിച്ചും, പിടിപ്പുകേടിനെക്കുറിച്ചുമുള്ള ആക്ഷേപങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിവിധ രാജ്യങ്ങളുമായുള്ള തൊഴില്‍ കരാറുകള്‍ കാലാനുസൃതമായി പരിഷ്കരിച്ചും കൗണ്‍സിലേറ്റുകളുടെ കൂടുതല്‍ ഉപഓഫീസുകള്‍ ആരംഭിച്ചും ഉദ്യോഗസ്ഥന്മാരെ ആവശ്യത്തിനു നിയമിച്ചും പ്രവാസി സംഘടനകളുടെ സഹായങ്ങള്‍ സ്വീകരിച്ചും പ്രവാസി ലക്ഷങ്ങളുടെ ദൈനംദിന ആവശ്യങ്ങളില്‍ ഇടപെടാന്‍ സന്നദ്ധമാകാത്ത കേന്ദ്രഗവണ്‍മെന്റ് സമീപനം സീമാതീതമായ ചൂഷണത്തിനും കഷ്ടപ്പാടുകള്‍ക്കുമാണ് പ്രവാസിജീവിതങ്ങളെ എറിഞ്ഞുകൊടുക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്നവരുടെ മൃതശരീരം പലപ്പോഴും നാട്ടിലെത്തുന്നത് മാസങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ്.

പൊലീസ് സ്റ്റേഷനടക്കമുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും ലഭ്യമാവേണ്ട വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം വിവിധ രാജ്യങ്ങളുടെ എംബസികള്‍ അതിവേഗം പൂര്‍ത്തിയാക്കുമ്പോള്‍ പ്രവാസി സംഘടനകളെ ചുമതലയേല്‍പിച്ച് മാറിനില്‍ക്കുന്ന സമീപനമാണ് ഇന്ത്യന്‍ എംബസികള്‍ സ്വീകരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ നാമമാത്രമായിരുന്ന അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ സൗദി അറേബ്യയില്‍ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്താന്‍ ആറുമാസം മുതല്‍ ഒരു കൊല്ലം വരെ കാലതാമസം വന്നിരുന്നു എന്നത് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഈ ലേഖകന് നേരിട്ടറിയാവുന്ന കാര്യമാണ്.

നിയമാനുസൃതമായ ഇടപെടലുകളുടെ അഭാവത്തില്‍ പല നിര്‍ധന കുടുംബങ്ങള്‍ക്കും ലഭ്യമാവേണ്ട ധനസഹായം നിഷേധിക്കപ്പെടുന്ന സംഭവങ്ങളും ധാരാളം ആണ്. തൊഴില്‍ പീഡനങ്ങളിലും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും ലഭ്യമാവേണ്ട നിയമസഹായം, ശിക്ഷാകാലാവധി കഴിഞ്ഞും തടവറകളില്‍ കഴിയുന്നവരുടെ മോചനം, സുഗമമായ യാത്ര, നിയമവിധേയമായ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുവാദം, അതിനായുള്ള വേദികള്‍ തുടങ്ങിയ പ്രവാസ ജീവിതത്തിന്റെ പരിമിതമായ അടിയന്തര ആവശ്യങ്ങള്‍ക്ക് പോലും പരിഹാരമില്ലാതെ തുടരുന്നത് ലക്ഷക്കണക്കിന് വരുന്ന മനുഷ്യജീവിതങ്ങളെയാണ് തലമുറകളായി നരകജീവിതത്തില്‍ തള്ളുന്നത് എന്ന് എന്നാണ് നമ്മുടെ സമൂഹം തിരിച്ചറിയുക. വര്‍ഷങ്ങള്‍ നീളുന്ന പ്രവാസത്തിനു ശേഷവും സ്വന്തമായി ഒരു തുണ്ട് ഭൂമിയോ, കേറിക്കിടക്കാന്‍ ഒരു കൂരയോ ഇല്ലാത്ത പ്രവാസികളുടെ എണ്ണം ഏറെയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പക്ഷേ അതാണ് സത്യം. ശാസ്ത്രസാഹിത്യ പരിഷത്ത് 2004ല്‍ നടത്തിയ "കേരളം എങ്ങനെ ജീവിക്കുന്നു" എന്ന പഠനത്തില്‍ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രവാസി വിഭാഗങ്ങള്‍ ഈ അടിമ ജീവിതത്തിന്റെ സത്യകാഴ്ചയാവുന്നു.

ഇത്തരം പഠനങ്ങളുടെ തിരിച്ചറിവും പ്രവാസി സംഘടനകളുടെ വേദികളില്‍ നേരിട്ടെത്തി ഇടതുപക്ഷ നേതാക്കള്‍ അനുഭവിച്ച ദരിദ്ര ജീവിത കാഴ്ചകളും നിസ്വപക്ഷപാത ദര്‍ശനവും ആവാം പാവപ്പെട്ട പ്രവാസികളുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കാവുന്ന പ്രവാസി പെന്‍ഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ക്ഷേമനിധി പദ്ധതിയില്‍ അംഗമായ പ്രവാസി മരിച്ചാല്‍ കുടുംബത്തിനു ലഭ്യമാവുന്ന ധനസഹായവും കുടുംബ പെന്‍ഷനും എത്രമാത്രം ആശ്വാസപ്രദവും ആത്മവിശ്വാസം പ്രധാനം ചെയ്യുന്നതും ആണെന്ന് മനസ്സിലാകണമെങ്കില്‍ മാസാന്ത്യം ലഭിക്കുന്ന ഡ്രാഫ്റ്റിന്റെ അഭാവത്തില്‍ പട്ടിണിയില്‍ ആവുന്ന കുടുംബങ്ങളെ തൊട്ടറിയാന്‍ കഴിയണം. ഇത്തരം തൊഴിലാളി അനുകൂല പദ്ധതികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചിരുന്നെങ്കില്‍ എത്രയോ ലക്ഷം കുടുംബങ്ങള്‍ ഒരുപക്ഷേ ജീവിതപച്ചപ്പുകളില്‍ ഒന്നിക്കുമായിരുന്നു എന്ന ആത്മഗതം ഒരു വലിയ ഒച്ചയായി മാറിയാല്‍ വിചാരണയ്ക്ക് വിധേയമാക്കപ്പെടുന്നവര്‍ ആരൊക്കെയായിരിക്കും. ഭരണമാറ്റതിനു ശേഷം അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ ദരിദ്ര പ്രവാസി പക്ഷ നിലപാടുകള്‍ കേന്ദ്രഗവണ്‍മെന്റുമായി ചേര്‍ന്ന് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തുന്നില്ല എന്നത് കടുത്ത വിമര്‍ശനത്തിന് വിധേയമാക്കേണ്ടതാണ്. നൂറുകൂട്ടം നീറുന്ന പ്രയാസങ്ങളില്‍ ഉരുകുന്ന ഒരു സാധാരണ പ്രവാസിയുടെ ഏറ്റവും വലിയ ആശങ്കയും കടമ്പയും എന്താണെന്ന ചോദ്യത്തിനു മുമ്പില്‍ സംശയലേശമെന്യേ പറയാന്‍ കഴിയുന്ന ഉത്തരം പിറന്ന മണ്ണിലെ സ്ഥിരതാമസത്തിന്റെ സ്വപ്നം എന്നായിരിക്കും. കൗമാരം വിട്ടുമാറാത്ത യൗവനത്തില്‍ തുടങ്ങുന്ന പ്രവാസം മിക്കവരും അവസാനിപ്പിക്കുന്നത് ഷഷ്ടിപൂര്‍ത്തിക്ക് തൊട്ടുമുമ്പ് മാത്രമാണ്. ഇരുപത്തഞ്ചോ, മുപ്പതോ വര്‍ഷം നീളുന്ന ശരാശരി പ്രവാസിയുടെ കുടുംബ-നാട്ടുജീവിതം ഏറിയാല്‍ ആയിരം ദിവസം വരും. സമാനതകളില്ലാത്ത ത്യാഗഭരിതമായ ബലിദാനത്തിലൂടെ പ്രവാസികള്‍ നാടിനും വീടിനും വേണ്ടി സമ്മാനിക്കുന്ന സമ്പത്ത് ഫലപ്രദമായി ഉപയോഗിക്കാനും ഈ ഹതഭാഗ്യരെ തിരിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാനും കേരളീയ സമൂഹത്തിന് ഉത്തരവാദിത്തമില്ലേ?

അതോ കഴുത്തറുപ്പന്‍ കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രകൃതിക്ക് ഇണങ്ങാത്ത കോണ്‍ക്രീറ്റ് നാലുകെട്ടുകള്‍ക്കും ബഹുരാഷ്ട്ര കുത്തകകളുടെ പോക്കറ്റ് വീര്‍പ്പിക്കുന്ന അന്തം ഇല്ലാത്ത ഉപഭോഗപരതക്കും ഇന്ധനമായി കത്തി ഒടുങ്ങേണ്ടവരാണോ നാടിനെ പൊന്നണിയിച്ച ഈ നിര്‍ധന ജനസമൂഹം. ഉത്തരംനല്‍കേണ്ടത് കേരളത്തിനെ ലോകനിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ എണ്ണമറ്റ ജനമുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. ഭൂപരിഷ്കരണത്തിലൂടെയും വിദ്യാഭ്യാസ നിയമത്തിലൂടെയും പ്രവാസമെന്ന അതിവേഗ വളര്‍ച്ചയുടെ ചിറകുകള്‍ കൈരളിക്ക് സമ്മാനിച്ചത് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണല്ലോ. പ്രവാസജീവിതത്തിലെ അരക്ഷിതാവസ്ഥകള്‍ പരിഹരിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെടാന്‍ കേരളീയ പൊതുസമൂഹം തയ്യാറാവണം. അതിനായി വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സാധാരണക്കാരായ പ്രവാസി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകളുമായും വ്യക്തികളുമായും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളെക്കുറിച്ച് പൊതു ധാരണകള്‍ സൃഷ്ടിക്കുകയും വേണം.

താഴ്ന്ന വരുമാനക്കാരായ, കായികാധ്വാനം ചെയ്യുന്ന പ്രവാസികളാവണം പരിപാടിയുടെ കേന്ദ്രം. പ്രവാസത്തിനു നിശ്ചിത കാലപരിധി വയ്ക്കാവുന്നതും വരുമാനത്തിന്റെ ഒരു പങ്ക് സര്‍ക്കാര്‍ നേരിട്ടോ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏജന്‍സി മുഖേനയോ ശേഖരിക്കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. ഇതിനായി വിവിധ മേഖലകളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും പ്രോജക്ടുകള്‍ രൂപപ്പെടുത്തുകയും വേണം. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ്മയിലോ സര്‍ക്കാര്‍ പങ്കാളിത്തത്തോടെയോ ചെറുകിട പദ്ധതികള്‍ തുടങ്ങാനാവണം. പ്രവാസത്തിലെ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ വര്‍ഷങ്ങളായി ഏറ്റുവാങ്ങൂന്നവര്‍ വനരോദനം പോലെ ഉന്നയിക്കുന്ന സമസ്യകളാണിവയൊക്കെയും.

ഉത്പാദന രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ കഴിയുന്ന തൊഴില്‍ സമ്പത്ത് കരഗതമാക്കിയവരാണ് മറ്റു ഭൗതിക നേട്ടങ്ങള്‍ ഏറെയൊന്നും നേടാന്‍ കഴിയാത്ത ബഹുഭൂരിപക്ഷം പ്രവാസികളും. എമിഗ്രേഷന്‍ ഇനത്തിലും മറ്റും കെട്ടിക്കിടക്കുന്ന അളവറ്റ പ്രവാസി ധനവും പ്രവാസികളുടെ കൊച്ചു കൊച്ചു സമ്പാദ്യങ്ങളും മികച്ച ആസൂത്രണവും തൊഴിലാളി അനുകൂല നിലപാടുകളും ഒത്തുചേര്‍ന്നാല്‍ കേരളീയ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. കേരളത്തിന്റെ മണ്ണിനെയും പ്രകൃതിയെയും ചുളുവിലയ്ക്ക് വിറ്റുതിന്നാനുള്ള എമര്‍ജിങ് കേരള വികസനത്തിനുള്ള ശരിയായ മറുപടിയായിരിക്കും ദിശാബോധത്തോടെയുള്ള ഇത്തരം പദ്ധതികള്‍. പ്രവാസിയുടെ ആടുജീവിതത്തിന് ആരു മണികെട്ടും എന്ന ചോദ്യം പക്ഷേ ഉത്തരം ഇല്ലാതെ നീളുകയാണ്.

*
രഘുനാഥ് ഷൊര്‍ണൂര്‍ ദേശാഭിമാനി വാരിക 22 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന മലയാളി പ്രവാസത്തിന്റെ ദിശാഗതികള്‍ അവലോകനം ചെയ്യുന്ന വാരികയിലെ ലേഖനങ്ങള്‍ പൈങ്കിളിത്വത്തോടെ പ്രവാസി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പതിവ് മാധ്യമരീതികളെ തിരുത്തുന്നു എന്നത് ആശ്വാസമാണ്. പരസ്യവരുമാനത്തിന്റെ സിംഹഭാഗത്തെ തൃപ്തിപ്പെടുത്താന്‍ ദിനംപ്രതി ഗള്‍ഫ് വാര്‍ത്തകളും സാംസ്കാരിക വിനോദപരിപാടികളും സംപ്രേഷണം ചെയ്യുന്ന ദൃശ്യമാധ്യമങ്ങളും ഗള്‍ഫ് എഡിഷനുകള്‍ തന്നെ പ്രസിദ്ധീകരിക്കുന്ന മുഖ്യധാരാ പത്രങ്ങളും പ്രവാസി ജീവിതത്തിന്റെ ഇരുളടഞ്ഞ ആശങ്കകളിലേക്ക് വേണ്ടത്ര വെളിച്ചം തെളിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.