Friday, September 21, 2012

ഒബാമ ഇച്ഛിച്ചതും മന്‍മോഹന്‍ കല്‍പ്പിച്ചതും

""രോഗി ഇച്ഛിച്ചതും പാല്‍, വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍"" എന്നൊരു ചൊല്ലുണ്ടല്ലോ. അതുപോലെയായി ഇന്ത്യയില്‍ ചില്ലറവ്യാപാര രംഗത്ത് 51 ശതമാനം വിദേശമൂലധന നിക്ഷേപം (എഫ്ഡിഐ) അനുവദിച്ചത്. തകര്‍ച്ച നേരിടുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പൊതുവിലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മങ്ങലേറ്റുകൊണ്ടിരിക്കുന്ന ബറാക് ഒബാമയ്ക്ക് ഉത്തേജനം നല്‍കാന്‍ പ്രത്യേകിച്ചും ഇത് സഹായകമാകും. ഇതിനുവേണ്ടിയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ മൂന്നു മാസം മുമ്പ് ഇന്ത്യയില്‍ വന്ന് ലോബിയിങ് നടത്തിയതും സ്റ്റാന്റേര്‍ഡ് ആന്‍ഡ് പൂവര്‍, ഫിച്ച് ആന്‍ഡ് മൂഡി എന്നീ അമേരിക്കന്‍ ക്രെഡിറ്റ് നിര്‍ണയ ഏജന്‍സികള്‍ ഇന്ത്യയുടെ ക്രെഡിറ്റ് യോഗ്യത വെട്ടിക്കുറച്ചതും ടൈം മാസികയും വാഷിങ്ടണ്‍ പോസ്റ്റും മന്‍മോഹന്‍സിങ്ങിനെ കഴിവു കെട്ടവന്‍ എന്നു പരിഹസിച്ചതും. ഇതിനൊപ്പം കൂട്ടിവായിക്കേണ്ട ഒന്നാണ്

അമേരിക്കന്‍ റീട്ടെയില്‍ വ്യാപാര ഭീമന്‍ വാള്‍മാര്‍ട്ട് അവര്‍ക്കനുകൂലമായ തീരുമാനമെടുപ്പിക്കുന്നതിനുവേണ്ടി ലോബിയിങ് നടത്താന്‍ ഇന്ത്യയില്‍ 50 കോടിയോളം രൂപ മുടക്കി എന്ന വാര്‍ത്ത. ഇന്ത്യയെപ്പറ്റി അമേരിക്കന്‍ കമ്പനികളുടെ മോശമായ അഭിപ്രായം മാറ്റാനാണ് വിദേശ നിക്ഷേപം അനുവദിച്ചതെന്ന് പ്ലാനിങ് കമീഷന്‍ വൈസ് ചെയര്‍മാന്‍ മോണ്ടേക് സിങ് അലുവാലിയ ഇക്കഴിഞ്ഞ 14ന് സ്ഥിരീകരിച്ചു. ഈ അവസരത്തില്‍ പരിഗണിക്കപ്പെടേണ്ട ചില കാര്യങ്ങള്‍ താഴെ കാണിക്കുന്നു. 1) അമേരിക്കന്‍ മൂലധനത്തിന് ഇന്ത്യയില്‍ യഥേഷ്ടം കടന്നുവരാന്‍ അവസരം വേണമെന്ന് നിര്‍ബന്ധിക്കുന്ന ഒബാമ അമേരിക്കന്‍ കമ്പനികളുടെ തുക്കടാ പണികള്‍ ഇന്ത്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്യുന്നതിന് വിലക്കിടുന്നു. അതായത് അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയും അതുതന്നെ (അമേരിക്കന്‍ താല്‍പ്പര്യം രക്ഷിക്കല്‍) ചെയ്യുന്നു! 2) ഇന്ത്യയിലെ റീട്ടെയില്‍ വ്യാപാരത്തില്‍ വിദേശമൂലധനം വര്‍ധിപ്പിക്കുന്നത് ഇന്ത്യക്ക് ഗുണംചെയ്യും എന്നാണ് ഇന്ത്യാ ഗവണ്‍മെന്റും വന്‍ കച്ചവടക്കാരും അവകാശപ്പെടുന്നത്. അത് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വൃഥാവ്യയം (ണമെമേഴല) കുറയ്ക്കും, കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭ്യമാക്കും, ഇടത്തട്ടുകാരെ ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കും, തൊഴില്‍സാധ്യത വര്‍ധിപ്പിക്കും എന്നൊക്കെ അവര്‍ അവകാശപ്പെടുന്നു.

കാര്‍ഷികോല്‍പ്പന്നങ്ങളുടെ വൃഥാവ്യയത്തിനുള്ള പ്രധാനകാരണം ആവശ്യമായ സംഭരണ സംവിധാനങ്ങളില്ല എന്നതാണ്. ഇന്ത്യയിലെ ഗോഡൗണുകളില്‍ ലക്ഷക്കണക്കിന് ടണ്‍ ധാന്യങ്ങളും പയറുവര്‍ഗങ്ങളും കേടുവന്ന് നശിക്കുന്നതിനുള്ള പ്രധാന കാരണം ഇതാണ്. ഭീമന്‍ റീട്ടെയില്‍ കുത്തകകള്‍ ഒരു രാജ്യത്തും ധാന്യങ്ങള്‍ ആദ്യഘട്ടത്തില്‍ സംഭരിക്കുന്നതിന് താല്‍പ്പര്യമെടുക്കുന്നില്ല. സംഭരണികളില്‍നിന്ന് ശേഖരിച്ചാണ് മൂല്യവര്‍ധന നടത്തി വിതരണം നടത്തുന്നത്. ഇന്ത്യയിലെ പ്രശ്നം ആദ്യഘട്ട സംഭരണമാണ്. അതുകൊണ്ട് സംഭരണ രംഗത്ത് ഭീമന്‍ കുത്തകകളുടെ വരവ് വലിയ ഗുണമൊന്നും ചെയ്യില്ല. 3) റീട്ടെയില്‍ വ്യാപാര രംഗത്ത് നേരിട്ട് വിദേശമൂലധന നിക്ഷേപം വരുന്നത് കൃഷിക്ക് വലിയ അനുഗ്രഹമാണെന്ന് പ്രധാനമന്ത്രി വീണ്ടും വീണ്ടും പറയുന്നു. എന്നാല്‍, അനുഭവം മറിച്ചാണ്. അമേരിക്കയില്‍പോലും റീട്ടെയില്‍ കുത്തകകള്‍ കൃഷിയെ സഹായിച്ചിട്ടില്ല. അമേരിക്കന്‍ സര്‍ക്കാരിന്റെ സബ്സിഡിയാണ് അവിടെ കൃഷിയെ താങ്ങിനിര്‍ത്തുന്നത്. വര്‍ഷംതോറും കോടിക്കണക്കിന് ഡോളറാണ് അവിടെ കൃഷിക്ക് സബ്സിഡിയായി നല്‍കുന്നത്. 4) ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാക്കും എന്നതും ശരിയല്ല. ധാന്യവും മറ്റും സംഭരിച്ച് ചെറുകിടക്കാര്‍ക്ക് വിതരണംചെയ്യുന്ന ഇടനിലക്കാര്‍ക്കുപകരം സര്‍ട്ടിഫിക്കേഷന്‍, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, പാക്കിങ്, പരസ്യം തുടങ്ങിയ മേഖലകളില്‍ പുത്തന്‍ ഇടനിലക്കാര്‍ വരും. വലിയ ശമ്പളവും കമീഷനും ലാഭവും പറ്റുന്ന ഇവര്‍ക്ക് നല്‍കേണ്ടതായി വരുന്ന പണം ഇപ്പോഴുള്ള ഇടനിലക്കാര്‍ക്കു നല്‍കേണ്ടതിലും അധികമായിരിക്കും. 5) ഉപഭോക്താക്കള്‍ക്ക് വിലകുറഞ്ഞ് സാധനങ്ങള്‍ കിട്ടും എന്നതും ശരിയല്ല. വന്‍കിടക്കാര്‍ വ്യാപാരം കൈയടക്കുമ്പോള്‍ മത്സരം കുറഞ്ഞ് വില കൂടുതലാകാനാണ് സാധ്യത. ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലും മറ്റും വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളിലെ വിലകള്‍, ആ നാടുകളിലെ തുറന്ന ചെറുകിട മാര്‍ക്കറ്റിലുള്ളതിനേക്കാള്‍ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 6) ഇന്ത്യയിലെ റീട്ടെയില്‍ വ്യാപാരം 2200 കോടി രൂപയുടേതാണ്. ഇതില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒന്നേകാല്‍ കോടി ചില്ലറ കച്ചവടക്കാര്‍ അഞ്ചു കോടിയോളം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു.

അമേരിക്കന്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ വ്യാപാരം 2500 കോടി രൂപ (42 കോടി ഡോളര്‍)യുടേതാണ്. ഇതില്‍ പണിയെടുക്കുന്നതോ 22 ലക്ഷം ആളുകള്‍മാത്രം. ഈ ഒരു ഉദാഹരണം മതി കുത്തകകളുടെ പ്രവേശനം നിരവധി പേര്‍ക്ക് തൊഴിലില്ലാതാക്കും എന്നുകാണാന്‍. 7) ഇന്ത്യയില്‍ ഇപ്പോള്‍ വലിയ നഗരങ്ങളില്‍ അതും സംസ്ഥാനസര്‍ക്കാരുകള്‍ അനുവദിച്ചാല്‍ മാത്രമേ എഫ്ഡിഐ അനുവദിക്കൂ എന്നു പറയുന്നു. എന്നാല്‍, ഇവര്‍ക്ക് ഒരിക്കല്‍ വ്യാപാരാനുവാദം കിട്ടിയാല്‍ അറബിയുടെയും ഒട്ടകത്തിന്റെയും കഥപോലെ മറ്റിടങ്ങളിലേക്ക് വ്യാപിച്ച് ചെറുകിടക്കാരെ തുരത്തും. അതാണ് മെക്സിക്കോവില്‍ സംഭവിച്ചത്. അവിടെ 10 വര്‍ഷംകൊണ്ട് അമ്പതു ശതമാനം റീട്ടെയില്‍ വ്യാപാരവും വാള്‍മാര്‍ട്ട് കൈയടക്കി. ഇതിനായി അവര്‍ പല അവിഹിതമാര്‍ഗങ്ങളും ഉപയോഗിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. 8) തൊഴില്‍നിയമങ്ങള്‍ക്ക് പുല്ലുവിലമാത്രം കല്‍പ്പിക്കുന്നവരാണ് മിക്ക റീട്ടെയില്‍ രാക്ഷസന്മാരും എന്നത് കുപ്രസിദ്ധമാണ്.

അമേരിക്കയില്‍തന്നെ വാള്‍മാര്‍ട്ടിനെതിരായി നിരവധി തൊഴില്‍നിയമലംഘന കേസുകളുണ്ട്. ഇവരുടെ കടന്നുവരവ് റീട്ടെയില്‍ തൊഴില്‍ രംഗത്ത് കാലാകാലമായി സമരംചെയ്ത് നേടിയിട്ടുള്ള പല ആനുകൂല്യങ്ങളും ഇല്ലാതാക്കും. കുറഞ്ഞ ശമ്പളത്തിന് കൂടുതല്‍ സമയം ജോലിചെയ്യിക്കുക, അവധി ദിനങ്ങള്‍ കുറയ്ക്കുക, ബോണസാനുകൂല്യങ്ങള്‍ നിയന്ത്രിക്കുക, പ്രസവത്തിനും മുലയൂട്ടലിനുംവരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവ റീട്ടെയില്‍ രാക്ഷസന്മാരുടെ നയമാണ്. ചുരുക്കത്തില്‍ മന്‍മോഹന്‍ സിങ്ങിന്റെ ""ധീരമായ നടപടി"" എന്ന് കുത്തക പത്രങ്ങള്‍ വിശേഷിപ്പിക്കുന്ന ഈ നീക്കം ഇന്ത്യന്‍ റീട്ടെയില്‍ വ്യാപാരരംഗത്ത് വലിയ നാശങ്ങള്‍ക്കിടയാക്കും. ഇതിന്റെ ഗുണം ഇന്ത്യയിലേയും വിദേശങ്ങളിലേയും കുത്തക മൂലധന ശക്തികള്‍ക്കും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്കും ഒബാമയുടെ യശസ്സുയര്‍ത്തുന്നതിനും മാത്രമായിരിക്കും.

*
ഡോ. എ അച്യുതന്‍ ദേശാഭിമാനി 19 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

""രോഗി ഇച്ഛിച്ചതും പാല്‍, വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍"" എന്നൊരു ചൊല്ലുണ്ടല്ലോ. അതുപോലെയായി ഇന്ത്യയില്‍ ചില്ലറവ്യാപാര രംഗത്ത് 51 ശതമാനം വിദേശമൂലധന നിക്ഷേപം (എഫ്ഡിഐ) അനുവദിച്ചത്. തകര്‍ച്ച നേരിടുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പൊതുവിലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മങ്ങലേറ്റുകൊണ്ടിരിക്കുന്ന ബറാക് ഒബാമയ്ക്ക് ഉത്തേജനം നല്‍കാന്‍ പ്രത്യേകിച്ചും ഇത് സഹായകമാകും. ഇതിനുവേണ്ടിയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ മൂന്നു മാസം മുമ്പ് ഇന്ത്യയില്‍ വന്ന് ലോബിയിങ് നടത്തിയതും സ്റ്റാന്റേര്‍ഡ് ആന്‍ഡ് പൂവര്‍, ഫിച്ച് ആന്‍ഡ് മൂഡി എന്നീ അമേരിക്കന്‍ ക്രെഡിറ്റ് നിര്‍ണയ ഏജന്‍സികള്‍ ഇന്ത്യയുടെ ക്രെഡിറ്റ് യോഗ്യത വെട്ടിക്കുറച്ചതും ടൈം മാസികയും വാഷിങ്ടണ്‍ പോസ്റ്റും മന്‍മോഹന്‍സിങ്ങിനെ കഴിവു കെട്ടവന്‍ എന്നു പരിഹസിച്ചതും. ഇതിനൊപ്പം കൂട്ടിവായിക്കേണ്ട ഒന്നാണ്