Wednesday, September 12, 2012

കേരളത്തെ കൈയൊഴിഞ്ഞ് പ്രധാനമന്ത്രി

കേരളത്തിന് നല്‍കാന്‍ ആശംസകളല്ലാതെ കേന്ദ്രത്തിന്റെ പക്കല്‍ പണമോ പദ്ധതികളോ ഇല്ല എന്ന് വിളംബരംചെയ്യുന്നതായി "എമര്‍ജിങ് കേരള" ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗം. വ്യവസായ സംരംഭകര്‍ക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാകട്ടെ കേരളത്തില്‍ എന്ന് ആശംസിച്ച പ്രധാനമന്ത്രി പുതിയ ഒരു പദ്ധതിപോലും കേരളത്തിനായി പ്രഖ്യാപിച്ചില്ല. നേരത്തെതന്നെ നടന്നുവരുന്ന ചില പദ്ധതികളെ പരാമര്‍ശിച്ചു. ഐഐടി സജീവ പരിഗണനയിലാണെന്നു പറഞ്ഞു. സംഘാടകരുടെതന്നെ സമസ്ത പ്രതീക്ഷകളെയും തകര്‍ത്തുകളയുന്ന വിധത്തിലായി പേരിനെങ്കിലും ഒരു പദ്ധതി പ്രഖ്യാപിക്കാതെയുള്ള പ്രധാനമന്ത്രിയുടെ എമര്‍ജിങ് കേരള ഉദ്ഘാടനം.

കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 22 ശതമാനം വിദേശ മലയാളികളുടെ നിക്ഷേപമാണെന്നു പറഞ്ഞ പ്രധാനമന്ത്രി അവര്‍ക്കായി എന്തെങ്കിലും പദ്ധതികളോ അവരുടെ പണമുപയോഗിച്ച് നടത്താവുന്ന വ്യവസായസംരംഭങ്ങളോ മുന്നോട്ടുവയ്ക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. വലിയ തുകയുടെ കേന്ദ്രനിക്ഷേപം, ആ രംഗത്ത് മാന്ദ്യത്തില്‍ തുടരുന്ന കേരളത്തിനായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ തെറ്റി. വാസ്കോഡഗാമ വന്നതിന്റെ ചരിത്രവും കേരളത്തിന്റെ സവിശേഷതയും ഒക്കെ മുന്‍നിര്‍ത്തിയുള്ള ഭംഗിവാക്കുകളില്‍ മാത്രമായി പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ഒതുങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപോലും ഇത്തരമൊരു തണുപ്പന്‍ പ്രതികരണം പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിച്ചുകാണില്ല.

ഓരോ സംസ്ഥാനത്തും പോയി അവിടേക്കുള്ള പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ ശ്രദ്ധവയ്ക്കാറില്ലാത്തയാളല്ല പ്രധാനമന്ത്രി. തമിഴ്നാട് സന്ദര്‍ശനവും ബിഹാര്‍ സന്ദര്‍ശനവും അവിടെ ചെന്നു നടത്തിയ പതിനായിരക്കണക്കിനു കോടികളുടെ പ്രഖ്യാപനങ്ങളും അറിയാത്തവരല്ല കേരളീയര്‍. കേരളത്തിലെത്തിയപ്പോള്‍, ആ സന്ദര്‍ശനം ഒരു വ്യവസായസംരംഭ സമ്മേളന പശ്ചാത്തലത്തിലായിട്ടുകൂടി പേരിനൊരു പദ്ധതിയോ ഫണ്ടോ പ്രഖ്യാപിക്കാന്‍ അദ്ദേഹം സന്മനസ്സു കാട്ടിയില്ല. വല്ലാര്‍പാടം ടെര്‍മിനലിനായി കബോട്ടാഷ് നിയമത്തില്‍ ഇളവു വരുത്തുക തുടങ്ങിയ കാര്യങ്ങളിലല്ലാതെ വികസനോന്മുഖമായ ഒരു കാര്യത്തിലേക്കും പ്രധാനമന്ത്രി കടന്നില്ല. സാമൂഹ്യവികസന സൂചകങ്ങളുടെ കാര്യത്തില്‍ വികസിതരാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തിന്റെ നിലയെന്നു പറഞ്ഞ പ്രധാനമന്ത്രി അങ്ങനെയായത് സാമൂഹ്യമേഖലകളില്‍ ഊന്നിയുള്ള നിക്ഷേപ- വികസനപദ്ധതികള്‍ കേരളത്തില്‍ ആവിഷ്കരിച്ചു നടപ്പാക്കിയതുകൊണ്ടാണെന്നും സാമൂഹ്യസേവനമേഖലകളില്‍നിന്ന് പിന്‍വലിയുന്ന ഉദാരവല്‍ക്കരണനയങ്ങള്‍ കേരളത്തിന് ഇന്നുള്ള നേട്ടങ്ങളെ പടിപടിയായി ഇല്ലാതാക്കുകയേ ചെയ്യൂ എന്നും തിരിച്ചറിയേണ്ടതുണ്ട്. എന്നുമാത്രമല്ല, ഇപ്പോള്‍ നടക്കുന്ന എമര്‍ജിങ് കേരള കേരളം പതിറ്റാണ്ടുകളായി ഉണ്ടാക്കിയെടുത്ത സാമൂഹികമേഖലകളിലെ നേട്ടങ്ങളെ അതിവേഗത്തില്‍ ഇല്ലാതാക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നത് മനസ്സിലാക്കേണ്ടതും അതിലെ ആപത്തിനെക്കുറിച്ച് സംഘാടകരെ ബോധവല്‍ക്കരിക്കേണ്ടതുമുണ്ട്. എന്നാല്‍, ഉദാരവല്‍ക്കരണ- ആഗോളവല്‍ക്കരണ നയങ്ങളുടെ പ്രയോക്താവായ പ്രധാനമന്ത്രിക്ക് അതിനൊന്നും കഴിയുകയില്ല. സാമൂഹ്യസൂചകങ്ങളുടെ കാര്യത്തിലെ നേട്ടത്തെക്കുറിച്ചു പറഞ്ഞ് അത് നേരിടുന്ന വിപത്തിലേക്ക് കടക്കാന്‍ നില്‍ക്കാതെ അര്‍ധോക്തിയില്‍ വിരമിക്കാനേ സാധിക്കൂ. അതുതന്നെയാണ് അദ്ദേഹം ചെയ്തതും. ഏതായാലും ക്രിയാത്മകമായ ഒരു നിര്‍ദേശമോ എന്തെങ്കിലും സാമ്പത്തിക പാക്കേജോ ഒന്നുമില്ലാത്ത പ്രധാനമന്ത്രിയുടെ പ്രസംഗം കേരളത്തെ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. ഇതിന്റെ മ്ലാനത എമര്‍ജിങ് കേരളയുടെ ചര്‍ച്ചാ സെഷനുകളില്‍ നിഴല്‍പരത്തി നില്‍ക്കും എന്നതും തീര്‍ച്ചയാണ്.

കേന്ദ്രം ഒരുതരത്തിലും കേരളത്തെ സഹായിക്കാനോ, ഇവിടെ മുതല്‍മുടക്കാനോ സന്നദ്ധമല്ല എന്ന നിശബ്ദമായ സന്ദേശമാണ് എമര്‍ജിങ് കേരളയ്ക്കെത്തുന്ന സംരംഭകര്‍ക്ക് ലഭിക്കുന്നത്. അത് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമാണോ? കേന്ദ്രവും കേരളവും ഒരേ കക്ഷി ഭരിക്കുന്നതുകൊണ്ട് ഉണ്ടാകാനിടയുള്ള ഗുണങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ കേന്ദ്രത്തിലേതില്‍നിന്ന് വ്യത്യസ്തമായ രാഷ്ട്രീയകക്ഷി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന നേട്ടങ്ങള്‍ കാണട്ടെ. ദാസ്യമനോഭാവത്തോടെ കേന്ദ്രത്തില്‍ ചെന്ന് നില്‍ക്കുന്നതിലൂടെ യുഡിഎഫ് കേരളത്തിന് നഷ്ടപ്പെടുത്തുന്നത് എന്താണെന്ന് തിരിച്ചറിയട്ടെ. എമര്‍ജിങ് കേരള (ഉയര്‍ന്നുവരുന്ന കേരളം) എന്നത് സബ്മേര്‍ജിങ് കേരള (മുങ്ങിത്താഴുന്ന കേരളം) എന്ന് തിരുത്തേണ്ട അവസ്ഥയാണുണ്ടാകുന്നത് എന്നു പറയേണ്ടിവരുന്നത് ദുഃഖത്തോടെയാണ്.

കേരളവിരുദ്ധ താല്‍പ്പര്യങ്ങളുടെ പ്രളയത്തില്‍ കേരളത്തെ മുക്കിത്താഴ്ത്തുന്ന തരത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളത്. കേരളത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസരണമായി കുറച്ചു ഭൂമി, മലിനീകരണമില്ലായ്മ, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ എന്നിവ ഉറപ്പുതരുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോടെക്നോളജി, ഇലക്ട്രോണിക്സ് രംഗങ്ങളിലാണ് ഊന്നല്‍ വേണ്ടത്. എന്നാല്‍, ഭൂമി കച്ചവടമാക്കാന്‍ വേണ്ട സാധ്യത തുറന്നുകൊടുക്കാത്ത ഒരു പദ്ധതിക്കും എമര്‍ജിങ് കേരളയില്‍ സ്ഥാനമില്ല.

വ്യവസായത്തിന്റെ പേരില്‍ ഭൂമി അന്യാധീനപ്പെടുത്താന്‍ നേരത്തെതന്നെ യുഡിഎഫ് സര്‍ക്കാര്‍ നീക്കമാരംഭിച്ചിരുന്നു. 2005 വരേക്കുള്ള നിലംനികത്തലാകെ വിവേചനരഹിതമായി സാധൂകരിച്ചുകൊടുക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തതും ആ തീരുമാനം മന്ത്രിസഭാ ബ്രീഫിങ്ങില്‍പ്പോലും പറയാതെ രഹസ്യമാക്കി സൂക്ഷിച്ചതും അതിനാണ്. തോട്ടങ്ങളുടെ അഞ്ചു ശതമാനം വകമാറ്റി ഉപയോഗിക്കാമെന്നു നിശ്ചയിച്ചതും കശുവണ്ടിയെക്കൂടി തോട്ടം എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതും അതിനാണ്. നെല്‍വയല്‍- തണ്ണീര്‍ത്തട- ഭൂപരിധി- ഭൂവിനിയോഗ നിയമങ്ങളെല്ലാം ലംഘിക്കാന്‍ പാകത്തില്‍ ഭൂമികൈമാറ്റം ഏകജാലക സംവിധാനത്തിലാക്കിയതും അതിനാണ്. 4000 ഏക്കര്‍മാത്രം വേണ്ട പെട്രോകെമിക്കല്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് പദ്ധതിക്ക് 10,000 ഏക്കര്‍ കൈമാറാന്‍ നിശ്ചയിച്ചതും 200 ഏക്കര്‍മാത്രം വേണ്ട ചീമേനിപദ്ധതിയുടെ പേരില്‍ 1400 ഏക്കര്‍ കൈമാറാന്‍ പുറപ്പെട്ടതും മറ്റും വ്യവസായസംരംഭത്തെ മറയാക്കി ഭൂമികച്ചവടം തകൃതിയായി നടത്താനുള്ള കള്ളക്കളിയായിരുന്നു. അതുകൊണ്ടുതന്നെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാനുള്ള മറയായി എമര്‍ജിങ് കേരള മാറി.

ആശയക്കുഴപ്പങ്ങളുടെ അരങ്ങായി നില്‍ക്കുകയാണ് ഇപ്പോഴും എമര്‍ജിങ് കേരള. വെബ്സൈറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ 50 എണ്ണം സമ്മേളനം തുടങ്ങാന്‍ മൂന്നുനാള്‍ ബാക്കിനില്‍ക്കെ പിന്‍വലിക്കേണ്ടിവന്നു. ഒരു വകുപ്പ് കൊടുത്ത പദ്ധതിയെ മറ്റൊരു വകുപ്പ് എതിര്‍ക്കുന്ന നിലവന്നു. പദ്ധതികളുടെ പ്രായോഗികതയെക്കുറിച്ച് കേന്ദ്രമന്ത്രിമാര്‍പോലും സംശയം പ്രകടിപ്പിക്കുന്ന സ്ഥിതിവന്നു. സാങ്കേതിക- സാമ്പത്തിക സാധ്യതാപഠനങ്ങളോ പരിസ്ഥിതിപഠനമോ ഒന്നും നടത്താതെ പദ്ധതികള്‍ അവതരിപ്പിക്കുന്ന നിലവന്നു. ഒരു ഗൃഹപാഠവും ചെയ്യാതെ സര്‍ക്കാര്‍തന്നെ ആശയക്കുഴപ്പത്തില്‍ ഉഴലുന്ന നിലവന്നു. ഈ ആശയക്കുഴപ്പം എമര്‍ജിങ് കേരള സംരംഭത്തിലാകെ പ്രകടമാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഇത് ഒന്നും നേടിത്തരില്ലെന്നും എന്തോ മഹാകാര്യം ചെയ്യുന്നു എന്ന മേനി നടിക്കലല്ലാതെ യുഡിഎഫ് സര്‍ക്കാര്‍ ഇതുകൊണ്ട് മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും കരുതേണ്ട നിലവന്നു. ഇതൊക്കെ മനസ്സിലാക്കിക്കൊണ്ടെന്നവണ്ണമാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തിയതും എന്നുവേണം കരുതാന്‍. അല്ലെങ്കില്‍ കേരളത്തെ പാടേ വിസ്മരിക്കുന്നതാവുമായിരുന്നില്ലല്ലോ, ഇത്തരമൊരു സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തുന്ന ഉദ്ഘാടന പ്രസംഗം!

*
ദേശാഭിമാനി മുഖപ്രസംഗം 13 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിന് നല്‍കാന്‍ ആശംസകളല്ലാതെ കേന്ദ്രത്തിന്റെ പക്കല്‍ പണമോ പദ്ധതികളോ ഇല്ല എന്ന് വിളംബരംചെയ്യുന്നതായി "എമര്‍ജിങ് കേരള" ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗം. വ്യവസായ സംരംഭകര്‍ക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാകട്ടെ കേരളത്തില്‍ എന്ന് ആശംസിച്ച പ്രധാനമന്ത്രി പുതിയ ഒരു പദ്ധതിപോലും കേരളത്തിനായി പ്രഖ്യാപിച്ചില്ല. നേരത്തെതന്നെ നടന്നുവരുന്ന ചില പദ്ധതികളെ പരാമര്‍ശിച്ചു. ഐഐടി സജീവ പരിഗണനയിലാണെന്നു പറഞ്ഞു. സംഘാടകരുടെതന്നെ സമസ്ത പ്രതീക്ഷകളെയും തകര്‍ത്തുകളയുന്ന വിധത്തിലായി പേരിനെങ്കിലും ഒരു പദ്ധതി പ്രഖ്യാപിക്കാതെയുള്ള പ്രധാനമന്ത്രിയുടെ എമര്‍ജിങ് കേരള ഉദ്ഘാടനം.