Tuesday, September 11, 2012

പാല്‍ കടഞ്ഞൊരു വിപ്ലവം

വര്‍ഗീസ് കുര്യനെ 2001ലാണ് ഞാന്‍ നേരിട്ടു പരിചയപ്പെട്ടത്. ഗുജറാത്തിലെ ആനന്ദില്‍വച്ചായിരുന്നു ആ കൂടിക്കാഴ്ച. മാരാരിക്കുളം വികസന പദ്ധതിയുടെ കരട് ചര്‍ച്ചചെയ്യുകയും മാരാരി മാര്‍ക്കറ്റിങ് കമ്പനിയുടെ ചെയര്‍മാനാകാനുളള സാധ്യത ആരായുകയുമായിരുന്നു എന്റെ ഉദ്ദേശ്യം. കുര്യന്‍ ചെയര്‍മാനായിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റിലെ (ഇര്‍മ) വിദ്യാര്‍ഥികളുമായി ഈ വിഷയത്തില്‍ ഒരു സംവാദവും നടത്തിയിരുന്നു. മില്‍ക്ക് മാന്‍ ഓഫ് ഇന്ത്യ എന്നു പ്രസിദ്ധനായ വര്‍ഗീസ് കുര്യന് സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ നടത്തിപ്പിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. മാരാരിക്കുളം വികസന പദ്ധതി ചര്‍ച്ചചെയ്തപ്പോള്‍ അതേക്കുറിച്ചാണ് അദ്ദേഹം വാചാലനായത്. വിപണനത്തിനും മറ്റുമായി സൂക്ഷ്മ തൊഴില്‍സംരംഭങ്ങള്‍ക്ക് ഒരു അപ്പക്സ് ബോഡി കൂടിയേ തീരൂവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സഹകരണസ്ഥാപനമായോ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്തോ ഈ സ്ഥാപനം ആകാം എന്നും അദ്ദേഹം ഉപദേശിച്ചു. കേരളത്തില്‍ വരുമ്പോള്‍ മാരാരിക്കുളത്തു വരാം എന്നദ്ദേഹം സമ്മതിച്ചു. പിന്നീട് മാരാരിക്കുളം വികസന പദ്ധതി വിവാദത്തിലായി. വിവാദവേളയില്‍ അദ്ദേഹം എന്നെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. കുപ്രചാരണങ്ങളില്‍ മനസ്സ് മടുത്ത ഞാനും പിന്മാറി.

നായനാര്‍ സര്‍ക്കാരില്‍ ഗൗരിയമ്മ കൃഷിമന്ത്രിയായിരിക്കെയാണെന്നു തോന്നുന്നു, കുര്യനെ കേരളത്തിലെ പാല്‍സംഘങ്ങളുടെ നായകനാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഗുജറാത്ത് വിട്ടുപോകാന്‍ അദ്ദേഹം വിമുഖനായിരുന്നു. പിന്നീട് ഗുജറാത്ത് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനുമായും ഇര്‍മയുടെ അധികൃതരുമായും കുര്യന്‍ തെറ്റി. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പാല്‍പ്പൊടിയും മറ്റും ഇറക്കുമതിചെയ്യാനുള്ള നീക്കത്തെ അദ്ദേഹം എതിര്‍ത്തു. പ്രശസ്ത അക്കാദമിക് സ്ഥാപനമായ ഇര്‍മയുടെ പാഠ്യപദ്ധതിയില്‍ ഗ്രാമീണമേഖലയുടെ പ്രാമുഖ്യം കുറയുന്നു എന്ന വിമര്‍ശവുമുണ്ടായിരുന്നു. ഈ അഭിപ്രായവ്യത്യാസം മൂര്‍ച്ഛിച്ചത് അറിഞ്ഞാണ് കുടുംബശ്രീയുമായി ബന്ധപ്പെട്ട സൂക്ഷ്മ തൊഴില്‍സംരംഭ പദ്ധതിയില്‍ അദ്ദേഹത്തിന്റെ സേവനം ലഭിക്കുമോ എന്ന് ആരാഞ്ഞത്. സഹകരണ മേഖലയില്‍ ആനന്ദ് പാറ്റേണ്‍ സൃഷ്ടിച്ചതുപോലെ സൂക്ഷ്മ തൊഴില്‍സംരംഭങ്ങള്‍ക്ക് ഒരു പുതിയ പാറ്റേണ്‍ ഉണ്ടാക്കാന്‍ കഴിയുമോ എന്ന വിഷയം അദ്ദേഹത്തിന് വലിയ താല്‍പ്പര്യം ഉണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ ചര്‍ച്ചകള്‍ക്ക് തുടര്‍ച്ചയുണ്ടായില്ല.

ഇരുപത്തെട്ടാം വയസ്സിലാണ് എന്‍ജിനിയറിങ് ബിരുദവുമായി ഗുജറാത്തിലെ ഒരു ക്രീം ഫാക്ടറിയില്‍ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. ആ ജോലി താമസിയാതെ ഉപേക്ഷിച്ചു. തുടര്‍ന്ന് കെയ്റ ജില്ല മില്‍ക്ക് മാര്‍ക്കറ്റിങ് സൊസൈറ്റിയില്‍ സാങ്കേതിക വിദഗ്ധനായി ചേര്‍ന്നു. സൊസൈറ്റിക്ക് ദേശീയപ്രസ്ഥാനത്തില്‍ ഒരിടമുണ്ട്. കെയ്റ ജില്ലയിലെ കര്‍ഷകരുടെ പാല്‍ വാങ്ങിയിരുന്നത് പോള്‍സണ്‍ എന്ന ഒരു കമ്പനിയായിരുന്നു. കൃഷിക്കാരെ പാലിന് ന്യായമായ വില നല്‍കാതെയും മറ്റും വലിയ ചൂഷണമാണ് ഈ കമ്പനി നടത്തിക്കൊണ്ടിരുന്നത്. ഇതിനെതിരെ 1946ല്‍ പാല്‍ കര്‍ഷകര്‍ പണിമുടക്കി. പണിമുടക്ക് നീണ്ടപ്പോള്‍ സര്‍ദാര്‍ പട്ടേല്‍ ഇടപെട്ടു. അങ്ങനെയാണ് ഈ കെയ്റ പാല്‍ സഹകരണ സംഘം രൂപീകൃതമായത്. ഈ പാല്‍ സഹകരണ പ്രസ്ഥാനത്തെ കുര്യന്‍ ഒരു അഖില ഗുജറാത്ത് പ്രസ്ഥാനമാക്കി മാറ്റി. പാല്‍ സംഭരണത്തിന് പ്രാഥമിക സഹകരണ സംഘങ്ങള്‍, സംസ്കരണത്തിന് ജില്ലാ യൂണിയനുകള്‍, വിപണനത്തിന് കേന്ദ്ര ഫെഡറേഷന്‍. ഇങ്ങനെയൊരു ത്രിതല സമ്പ്രദായത്തെയാണ് ആനന്ദ് പാറ്റേണ്‍ എന്നറിയപ്പെടുന്നത്. ആനന്ദ് എന്ന ചെറുപട്ടണത്തെ കേന്ദ്രീകരിച്ചാണ് ഗുജറാത്തിലെ പാല്‍ സഹകരണ പ്രസ്ഥാനം വളര്‍ന്നത്. അതുകൊണ്ടാണ് ഈ പേരു വീണത്. വലിയ തോതില്‍ പാല്‍ സംസ്കരിച്ച് ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി. അമുല്‍ എന്ന ബ്രാന്‍ഡ് നെയിം ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നായി തീര്‍ന്നു. കുര്യന്റെ സംഘടനാ പാടവമായിരുന്നു ഈ വിജയത്തിനു പിന്നില്‍. അതോടൊപ്പം വിജയരഹസ്യത്തിനു കാരണം, എരുമയുടെ പാല്‍ സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനുമുണ്ടായ വിജയമാണ്. പശുവിന്‍പാലിനേക്കാള്‍ വില കുറച്ച് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇത് അമുലിനെ സഹായിച്ചു.

പാലില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കാനും വിറ്റഴിക്കാനും കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. സ്പ്രേ ഡ്രയിങ് സാങ്കേതികവിദ്യ വഴി പാല്‍പ്പൊടി, ചോക്ക്ലേറ്റ്, നൂതന പാക്കിങ് സാങ്കേതിക വിദ്യകള്‍ എന്നിവയൊക്കെ അദ്ദേഹത്തിന്റെ ശ്രദ്ധേയ സംഭാവനയാണ്. ആകര്‍ഷകമായ പരസ്യങ്ങള്‍ വഴി അമുലിന്റെ ബ്രാന്‍ഡ് നെയിം ഉറപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇവ വഴി ഗ്ലാക്സോ, കാഡ്ബറീസ് തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകളെ വിജയകരമായി അദ്ദേഹത്തിന്റെ സഹകരണ പ്രസ്ഥാനം വെല്ലുവിളിച്ചു. ഗുജറാത്തിലെ പാല്‍ സഹകരണ പ്രസ്ഥാനത്തിന്റെ വിജയത്തില്‍ സംപ്രീതനായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി കുര്യനെ നാഷണല്‍ ഡെയ്റി ഡെവലപ്മെന്റ് ബോര്‍ഡിന്റെ ചെയര്‍മാനായി അവരോധിച്ചു. ആ സ്ഥാനത്തിരുന്നാണ് ഓപ്പറേഷന്‍ ഫ്ളഡ് എന്ന വമ്പന്‍ പാല്‍ വികസന പരിപാടിക്ക് അദ്ദേഹം രൂപം നല്‍കിയത്. 1973ലെ രണ്ടു കോടി ടണ്ണില്‍ നിന്ന് ഇന്ന് ഇന്ത്യയുടെ ഉല്‍പ്പാദനം ആറ് കോടി ടണ്ണായി ഉയര്‍ന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. അങ്ങനെ കുര്യന്‍ ഇന്ത്യന്‍ ധവളവിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെട്ടു. പാല്‍രംഗത്ത് ഇന്ത്യയ്ക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുമെന്നതിന് കുര്യന് സംശയമുണ്ടായിരുന്നില്ല.

സ്വാശ്രയ വികസനപാത വെടിഞ്ഞ് കമ്പോളത്തിന് പരമപ്രാധാന്യം കല്‍പ്പിക്കുന്ന പുതിയ വികസന നയങ്ങളുടെ കാലഘട്ടത്തില്‍ കുര്യനെപ്പോലുള്ളവരുടെ അനുഭവങ്ങളും അവര്‍ സൃഷ്ടിച്ച പാരമ്പര്യവും നമുക്ക് പ്രചോദനമാകേണ്ടതുണ്ട്. സ്വാശ്രയ വികസനത്തിനും സഹകരണ പ്രസ്ഥാനത്തിനും എക്കാലത്തെയും ദീപ്തമായ സ്മരണയായി വര്‍ഗീസ് കുര്യന്‍ എന്ന നാമം ചരിത്രത്തിലുണ്ടാകും.

*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി 10 സെപ്തംബര്‍ 2012

No comments: