Thursday, September 27, 2012

പണം കായ്ക്കുന്ന മരം

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഒരു സത്യം ബോധ്യപ്പെടാന്‍ ഒരുപാട് വര്‍ഷം വേണ്ടിവന്നു. ലോകത്തില്‍ ജനസംഖ്യയില്‍ രണ്ടാമത്തെ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയാണദ്ദേഹം. 2004 മുതല്‍ എട്ടുവര്‍ഷമായി ആ പദവിയില്‍ തുടരുകയാണ്. 2008ല്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചിട്ടും ഭൂരിപക്ഷം ഒപ്പിച്ചെടുത്ത് പ്രധാനമന്ത്രിപദത്തില്‍ തുടരാനുള്ള കഴിവ് തെളിയിച്ച മഹാനാണദ്ദേഹം. അമേരിക്കന്‍ സാമ്രാജ്യത്വശക്തിയുമായി വേര്‍പിരിയാന്‍ കഴിയാത്ത സുദൃഢമായ ബന്ധം സ്ഥാപിക്കുന്നതില്‍ ആത്മാര്‍ഥമായ നേതൃപാടവം പ്രകടിപ്പിച്ച പ്രധാനമന്ത്രി എന്ന സ്ഥാനവും അദ്ദേഹത്തിനവകാശപ്പെട്ടതാണ്. സാമ്പത്തികവിദഗ്ധനാണ്. ലോക്സഭയിലേക്ക് ഒരിക്കല്‍പോലും മത്സരിക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ടുതന്നെ വോട്ടിനായി ജനങ്ങളെ സമീപിക്കേണ്ടിയും വന്നിട്ടില്ല. എന്തിന് ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍പോലും മത്സരിച്ചിട്ടില്ല. ഇത്തരത്തില്‍ ഒട്ടേറെ പ്രത്യേകതകളുള്ള പ്രധാനമന്ത്രിക്ക് എന്തുവേണമെങ്കിലും പറയാം.

24 മണിക്കൂറും ചര്‍ച്ചയിലേര്‍പ്പെടുന്ന ദൃശ്യമാധ്യമങ്ങള്‍ക്കോ ദേശീയതലത്തില്‍ പ്രചാരമുള്ള പത്രമാധ്യമങ്ങള്‍ക്കോ പ്രധാനമന്ത്രിയുടെ അസാധാരണമായ ഗവേഷണപാടവം ഒരിക്കല്‍പോലും ചര്‍ച്ചാവിഷയമാകില്ലെന്ന് ഉറപ്പുണ്ട്. പണം കായ്ക്കുന്ന മരമില്ലെന്നാണ് അദ്ദേഹം ഒടുവില്‍ കണ്ടെത്തിയത്. ഈ ഗവേഷണപാടവത്തിന് അദ്ദേഹത്തെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചാല്‍ വമ്പന്‍ പണക്കാര്‍ക്ക് മാത്രമേ പ്രയാസമുള്ളൂ എന്നും അദ്ദേഹം കണ്ടെത്തി. സാധാരണക്കാരായ മഹാഭൂരിപക്ഷം ജനങ്ങള്‍ ഡീസല്‍ ഉപയോഗിക്കുന്നില്ല. അവര്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നില്ല. ഡീസലും പെട്രോളും കുടിക്കുന്നുമില്ല. അതുകൊണ്ട് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില വര്‍ധിപ്പിച്ചാല്‍ സാധാരണക്കാര്‍ക്ക് പ്രശ്നമേയല്ല. ഇതിനപ്പുറം ഒരു പ്രധാനമന്ത്രി എന്ത് വിജ്ഞാനമാണ് ജനങ്ങളുടെ മുമ്പില്‍ വെളിപ്പെടുത്തേണ്ടത്. ഇത്തരം പണ്ഡിതന്മാരില്‍നിന്നും ഭരണാധികാരികളില്‍നിന്നും ഈ രാജ്യത്തെ രക്ഷിക്കണമേ എന്നായിരിക്കും ജനങ്ങളുടെ പ്രാര്‍ഥന. ഡീസല്‍ വില വര്‍ധിപ്പിച്ച ഉടനെയാണ് ലോറിയുടമകള്‍ ചരക്കുകൂലി കുത്തനെ കൂട്ടിയത്.

ബസ്ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ സമരം പ്രഖ്യാപിച്ചു. ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. അരിവില കിലോയ്ക്ക് ആറു രൂപ പെട്ടെന്ന് വര്‍ധിപ്പിച്ചു. ഹോട്ടല്‍ഭക്ഷണത്തിന്റെ വിലകൂട്ടി. വിലക്കയറ്റംമൂലം ജനങ്ങള്‍ കഷ്ടപ്പെടുന്നു. ഇതൊന്നും കാണാനുള്ള കണ്ണ് പ്രധാനമന്ത്രിക്കില്ലാതെപോയി. വിലവര്‍ധനയ്ക്കെതിരെ ബഹുജനങ്ങളുടെ സമരം ശക്തിപ്പെടുന്നത് കണ്ടപ്പോഴാണ് വീണ്ടും വില വര്‍ധിപ്പിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്ക് തോന്നിയത്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗമാണ് വാള്‍മാര്‍ട് പോലുള്ള കുത്തക ഭീമന്മാരെ ചില്ലറവ്യാപാരമേഖലയിലേക്ക് ക്ഷണിച്ചുവരുത്തിയത്. രണ്ടാഴ്ച മുമ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ മൂക്ക് വീര്‍ത്തത്. കുത്തക വ്യാപാരികളെ ചെറുകിട വ്യാപാരമേഖലയിലേക്ക് കടന്നുവരാന്‍ അനുവദിക്കാത്തതിലുള്ള രോഷവും പ്രതിഷേധവും നയതന്ത്രതലത്തില്‍ കൈകാര്യം ചെയ്യാനല്ല ഒബാമ മുതിര്‍ന്നത്. പ്രധാനമന്ത്രിക്കെതിരെ ഒബാമ പരസ്യമായ വിമര്‍ശം തൊടുത്തുവിട്ടു. അമേരിക്കയിലെ മാധ്യമങ്ങളും പ്രധാനമന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഉടന്‍തന്നെ വന്‍കിടവ്യാപാരികളെ ഇന്ത്യയിലേക്ക് കടന്നുവരാന്‍ അനുവദിച്ച് ഉത്തരവിറക്കി. നാലുകോടിയില്‍പരം ചെറുകിട വ്യാപാരികളെ നിഷ്കരുണം തെരുവിലേക്ക് വലിച്ചെറിയാന്‍ പ്രധാനമന്ത്രിക്ക് അശേഷം മടിയുണ്ടായില്ല. ഇതേ പ്രധാനമന്ത്രിയാണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്ക് മൂകസാക്ഷിയായത്. 2 ജി സ്പെക്ട്രം അഴിമതിമൂലം കേന്ദ്ര ഖജനാവിന് 1.76 ലക്ഷം കോടിരൂപയാണ് നഷ്ടപ്പെട്ടത്. ഖനി അഴിമതിമൂലം 1.86 ലക്ഷം കോടിരൂപ കേന്ദ്രഖജനാവിന് നഷ്ടപ്പെട്ടതായും സിഎജി വെളിപ്പെടുത്തി. സ്വിറ്റ്സര്‍ലന്‍ഡിലെ വിവിധ കമ്പനികളില്‍ നിക്ഷേപിച്ച കള്ളപ്പണം ചുരുങ്ങിയത് 25 ലക്ഷം കോടിരൂപയാണ്. 782 ഭാരതീയര്‍ക്ക് സ്വിസ് ബാങ്കുകളില്‍ കള്ളപ്പണനിക്ഷേപമുണ്ട്. ഇത്തരത്തില്‍ വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നവര്‍ നികുതി വെട്ടിപ്പുകാര്‍ മാത്രമല്ല, രാജ്യദ്രോഹികള്‍ കൂടിയാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ഈ നിക്ഷേപമൊന്നും മരത്തില്‍ കായ്ച്ച പണമല്ല. ഇന്ത്യയിലെ കുത്തകള്‍ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷം അനുവദിച്ച നികുതിയിളവ് 28 ലക്ഷം കോടി രൂപയുടേതാണ്. ഇതും മരത്തില്‍ കായ്ച്ച പണമല്ല. 2004ല്‍ മന്‍മോഹന്‍സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തപ്പോള്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ കേവലം ഒമ്പത് മാത്രമായിരുന്നു. ഏഴുവര്‍ഷം ഭരിച്ചപ്പോള്‍ ശതകോടീശ്വരന്മാരുടെ എണ്ണം 55 ആയി പെരുകി. ഇതില്‍ ഒരു ശതകോടീശ്വരന്റെ ആസ്തി രണ്ടുലക്ഷം കോടിരൂപയാണ്. ലോകത്തെ പത്ത് ധനികരില്‍ നാലുപേര്‍ ഇന്ത്യയിലാണ്. ഈ പണമൊന്നും ഒരു മരത്തിലും കായ്ച്ചതല്ല. 77 ശതമാനം ജനങ്ങളുടെ ശരാശരി ജീവിതവരുമാനം കേവലം 20 രൂപ മാത്രമായ രാജ്യമാണ് ഇന്ത്യ. ഭക്ഷ്യവിലക്കയറ്റം മൂലം പൊറുതിമുട്ടിയ ജനത സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം നടപ്പാക്കണമെന്നും എല്ലാ കാര്‍ഡുടമകള്‍ക്കും 35 കിലോ അരി രണ്ടുരൂപ നിരക്കില്‍ നല്‍കണമെന്നും ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് പ്രധാനമന്ത്രി പണം കായ്ക്കുന്ന മരം അന്വേഷിച്ച് വലയുന്നത്.

പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന തനി ധിക്കാരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഇത് സ്വയം ബോധ്യപ്പെട്ട് ജനങ്ങളുടെ മുമ്പില്‍ കുറ്റസമ്മതം നടത്താന്‍ അദ്ദേഹം തയ്യാറാകുമെന്നാണ് ജനം പ്രതീക്ഷിച്ചത്. എന്നാല്‍, സാമ്രാജ്യത്വ പാദസേവയില്‍ മുഴുകിയ ഒരാള്‍ക്ക് ജനങ്ങളുടെ വികാരം, ജനങ്ങളുടെ നൊമ്പരം അറിയാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി സ്വയം തെളിയിച്ചുകഴിഞ്ഞു. ഗാന്ധിജിയും നെഹ്റുവും നയിച്ച ഒരു പാര്‍ടിയുടെ പ്രധാനമന്ത്രി ഇത്രയും പരിഹാസകഥാപാത്രമാകാന്‍ പാടില്ലായിരുന്നു. അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെ സംഘടിതസമരങ്ങളിലൂടെ പ്രതിഫലിക്കുന്ന വികാരമെങ്കിലും തിരിച്ചറിയാന്‍ പ്രധാനമന്ത്രിക്ക് കഴിയണമായിരുന്നു. രണ്ടുവര്‍ഷമായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ തൊഴിലാളികളും യോജിച്ച സമരത്തിലാണ്. ഐഎന്‍ടിയുസി, സിഐടിയു, ബിഎംസ്, എഐടിയുസി, എച്ച്എംഎസ്, യുടിയുസി തുടങ്ങിയ എല്ലാ തൊഴിലാളിസംഘടനകളും യോജിച്ചാണ് ഫെബ്രുവരി 28ന് പണിമുടക്കിയത്. 10 കോടി തൊഴിലാളികള്‍ ഈ സമരത്തില്‍ പങ്കാളികളായി.

കേരളത്തില്‍ ഇന്നലെ നടന്ന ജില്ലാ- കലക്ടറേറ്റ് വളയല്‍ സമരത്തില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ അണിനിരന്നു. 2013 ഫെബ്രുവരിയില്‍ തൊഴിലാളി സംഘടനകള്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ജോലി, കൂലി, ഭക്ഷണം തുടങ്ങിയ ന്യായവും പരിമിതവുമായ ആവശ്യങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ടുവയ്ക്കുന്നത്. ആ സമരത്തിനുമുന്നിലും പണം മരത്തില്‍ കായ്ക്കുന്നില്ല എന്ന അറിവ് പ്രധാനമന്ത്രി വിളമ്പിയാല്‍ ഫലം ഗുരുതരമായിരിക്കും. മഹാഭൂരിപക്ഷം ജനങ്ങളുടെയും വികാരം അംഗീകരിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണം. അല്ലെങ്കില്‍ പരാജയം സമ്മതിച്ച് അധികാരം വിട്ടൊഴിയാന്‍ തയ്യാറാകണം.

*
ദേശാഭിമാനി മുഖപ്രസംഗം 27 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഒരു സത്യം ബോധ്യപ്പെടാന്‍ ഒരുപാട് വര്‍ഷം വേണ്ടിവന്നു. ലോകത്തില്‍ ജനസംഖ്യയില്‍ രണ്ടാമത്തെ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയാണദ്ദേഹം. 2004 മുതല്‍ എട്ടുവര്‍ഷമായി ആ പദവിയില്‍ തുടരുകയാണ്. 2008ല്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചിട്ടും ഭൂരിപക്ഷം ഒപ്പിച്ചെടുത്ത് പ്രധാനമന്ത്രിപദത്തില്‍ തുടരാനുള്ള കഴിവ് തെളിയിച്ച മഹാനാണദ്ദേഹം. അമേരിക്കന്‍ സാമ്രാജ്യത്വശക്തിയുമായി വേര്‍പിരിയാന്‍ കഴിയാത്ത സുദൃഢമായ ബന്ധം സ്ഥാപിക്കുന്നതില്‍ ആത്മാര്‍ഥമായ നേതൃപാടവം പ്രകടിപ്പിച്ച പ്രധാനമന്ത്രി എന്ന സ്ഥാനവും അദ്ദേഹത്തിനവകാശപ്പെട്ടതാണ്. സാമ്പത്തികവിദഗ്ധനാണ്. ലോക്സഭയിലേക്ക് ഒരിക്കല്‍പോലും മത്സരിക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ടുതന്നെ വോട്ടിനായി ജനങ്ങളെ സമീപിക്കേണ്ടിയും വന്നിട്ടില്ല. എന്തിന് ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍പോലും മത്സരിച്ചിട്ടില്ല. ഇത്തരത്തില്‍ ഒട്ടേറെ പ്രത്യേകതകളുള്ള പ്രധാനമന്ത്രിക്ക് എന്തുവേണമെങ്കിലും പറയാം.