Sunday, September 2, 2012

പ്രച്‌ഛന്ന വേഷമല്ല രാഷ്‌ട്രീയം‍

പി.സുരേന്ദ്രന്റെ കഴിഞ്ഞ ആഴ്‌ചയിലെ ഉഷ്‌ണമാപിനി എന്ന പംക്‌തിയിലെ 'നവതിരുത്തല്‍വാദികളുടെ ഹരിതരാഷ്‌ട്രീയം' എന്ന ലേഖനത്തില്‍ നടത്തിയ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളുമാണ്‌ ഈ കുറിപ്പിനാധാരം.

യൂത്ത്‌ കോണ്‍ഗ്രസിന്റെ ഒരു പഠനക്യാമ്പില്‍ പ്രഭാഷണം നടത്താന്‍ സംഘാടകര്‍ തന്നെ ക്ഷണിച്ചതില്‍ അതിരറ്റ്‌ ആഹ്ലാദിക്കുന്ന അദ്ദേഹം യൂത്ത്‌ കോണ്‍ഗ്രസിനെയും യൂത്ത്‌ ലീഗിനെയുമൊക്കെ വാതോരാതെ പുകഴ്‌ത്തുകയാണ്‌. പരിസ്‌ഥിതി സംരക്ഷണത്തിന്റെയും, ജനാധിപത്യപ്രവര്‍ത്തനത്തിന്റെയും ഭാവി പ്രതീക്ഷയായി യൂത്ത്‌ കോണ്‍ഗ്രസ്‌, യൂത്ത്‌ ലീഗ്‌ നേതാക്കന്മാരെ അവതരിപ്പിക്കുന്ന പി. സുരേന്ദ്രന്‍ ഡി.വൈ.എഫ്‌.ഐയെയും, സംഘടനയുടെ സംസ്‌ഥാന സെക്രട്ടറി ടി.വി. രാജേഷിനെയും കണക്കിന്‌ ആക്ഷേപിക്കുന്നുമുണ്ട്‌.

പ്രസംഗിക്കാന്‍ ഒരു വേദികിട്ടയതിന്റെ സന്തോഷത്തില്‍ ഉപകാരസ്‌മരണാര്‍ഥം യൂത്ത്‌ കോണ്‍ഗ്രസിനെ അപദാനങ്ങള്‍ കൊണ്ട്‌ ആശിര്‍വദിക്കാനും ഡി.വൈ.എഫ്‌.ഐയെ ആക്ഷേപിക്കാനുമുള്ള പി. സുരേന്ദ്രന്റെ സ്വാതന്ത്ര്യത്തെ ഡി.വൈ.എഫ്‌.ഐ എതിര്‍ക്കുന്നില്ല. അദ്ദേഹത്തിന്‌ തുടര്‍ന്നും ഇപ്പണി ചെയ്യാവുന്നതാണ്‌. എന്നാല്‍ കമ്യൂണിസ്‌റ്റ് വിരുദ്ധത തലയ്‌ക്കു പിടിക്കുമ്പോള്‍ മറ്റുപലര്‍ക്കും സംഭവിച്ച മതിഭ്രമം അദ്ദേഹത്തിനും ബാധിച്ചിരിക്കുന്നുവെന്ന്‌ ആ ലേഖനം വായിക്കുന്നവര്‍ ന്യായമായും സംശയിക്കും.

യുവാക്കള്‍ കയ്യൊഴിഞ്ഞ യൂത്ത്‌ കോണ്‍ഗ്രസിനെ മഹത്വവല്‍ക്കരിക്കാന്‍ പി. സുരേന്ദ്രന്‍ ശ്രമിക്കുന്നതു വസ്‌തുതകളെ വളച്ചൊടിച്ചും അസത്യം പറഞ്ഞും പലയിടത്തും അജ്‌ഞതനടിച്ചുമാണ്‌.

യൂത്ത്‌ കോണ്‍ഗ്രസിലും, യൂത്ത്‌ ലീഗിലും വിമര്‍ശനങ്ങള്‍ക്കുള്ള ഇടം വിശാലമാണെന്നും ഡി.വൈ.എഫ്‌.ഐയില്‍ അതില്ലെന്നും അദ്ദേഹം പരിതപിക്കുന്നത്‌ എന്തു വസ്‌തുതയുടെ അടിസ്‌ഥാനത്തിലാണ്‌? വിമര്‍ശനവും, സ്വയം വിമര്‍ശനവും ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തനശൈലിയുടെ ഭാഗമാണ്‌. ഈ ദിശയില്‍ ഒരു യോഗമെങ്കിലും ചേര്‍ന്ന്‌ എല്ലാകാര്യങ്ങളും ചര്‍ച്ചചെയ്യാന്‍ യൂത്ത്‌ കോണ്‍ഗ്രസിനു സാധിക്കുമോ? സോണിയാഗാന്ധിയെ വിമര്‍ശിക്കുന്ന യൂത്ത്‌ കോണ്‍ഗ്രസുകാരന്റെയും, പാണക്കാട്‌ തങ്ങളെ വിമര്‍ശിക്കുന്ന യൂത്ത്‌ ലീഗ്‌കാരന്റെയും സ്‌ഥിതി എന്തായിരിക്കും? ചുരുങ്ങിയ കാലംകൊണ്ട്‌ റോബര്‍ട്ട്‌ വധേര ഇന്ത്യയിലെ ഒന്നാംകിട കോടീശ്വരന്മാരില്‍ ഒരാളായത്‌ എങ്ങനെയെന്ന്‌ ചോദിക്കുവാന്‍ സ്വാതന്ത്ര്യമുള്ള ഏതു കോണ്‍ഗ്രസുകാരനാണ്‌ ഇന്ത്യയിലുള്ളത്‌? കോണ്‍ഗ്രസിലെയും മുസ്ലീം ലീഗിലെയും ജനാധിപത്യവും സ്വാതന്ത്ര്യവും സോണിയാഗാന്ധിക്കും പാണക്കാട്‌ തങ്ങള്‍ക്കും സിന്ദാബാദ്‌ വിളിക്കാനും ഓച്‌ഛാനിച്ചു നില്‍ക്കാനുമുള്ള സ്വാതന്ത്ര്യമാണെന്ന്‌ അറിയാത്തയാളാണോ പി. സുരേന്ദ്രന്‍?

ടി.വി. രാജേഷ്‌ ജയിലിലായതിനെയും അദ്ദേഹം പരിഹസിക്കുന്നുണ്ട്‌. അടിയന്തരാവസ്‌ഥയ്‌ക്കുശേഷം ഏറ്റവും കൂടുതല്‍കാലം ജയിലില്‍ കിടക്കേണ്ടിവന്ന യുവനേതാവാണ്‌ ടി.വി. രാജേഷ്‌. നാടിനും ജനങ്ങള്‍ക്കും വേണ്ടി സമരം ചെയ്‌തതിനായിരുന്നു ആ കാരാഗൃഹവാസമത്രയും. സിനിമയില്‍ മാത്രം ജയില്‍കണ്ട്‌ ശീലിച്ചവര്‍ക്ക്‌ അതൊന്നും മനസിലായിക്കൊള്ളണമെന്നില്ല. ഐ.പി.സി 118-ാം വകുപ്പുപ്രകാരം കള്ളക്കേസെടുത്താണ്‌ ഇപ്പോള്‍ ടി.വി. രാജേഷിനെ ജയിലിലടച്ചത്‌. അതില്‍ ആവേശം കൊള്ളുന്നവര്‍ മനസിലാക്കേണ്ടത്‌ ഈ വകുപ്പുപ്രകാരം കേസെടുക്കാന്‍ തുടങ്ങിയാല്‍ ആര്‍ക്കെതിരെയും അതാകാമെന്നതാണ്‌.

യു.ഡി.എഫിന്റെ ജീര്‍ണ രാഷ്‌ട്രീയത്തിന്റെയും കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ പോരിന്റെയും പശ്‌ചാത്തലത്തില്‍ രാഷ്‌ട്രീയ-സംഘടനാ ലക്ഷ്യങ്ങളും വ്യക്‌തി-ഗ്രൂപ്പ്‌ താല്‍പര്യവും മുന്‍നിര്‍ത്തി ചില യുവ എം.എല്‍.എമാര്‍ നടത്തിയ നെല്ലിയാമ്പതിയിലെ പ്രച്‌ഛന്നവേഷമത്സരത്തെ ഹരിതാവബോധം നിറഞ്ഞ ഒരു രാഷ്‌ട്രീയമെന്നു പറയാന്‍ അസാമാന്യമായ ചര്‍മബലം തന്നെവേണം.

ഇതിനോടകം നെല്ലിയാമ്പതിയിലേക്ക്‌ ഡി.വൈ.എഫ്‌.ഐ നടത്തിയ-ആയിരങ്ങള്‍ പങ്കെടുത്ത-യുവജനങ്ങളുടെ രണ്ട്‌ പ്രതിഷേധമാര്‍ച്ചുകള്‍ കണ്ടില്ലെന്നു നടിക്കുന്നത്‌ എന്തിന്റെ ലക്ഷണമാണ്‌? ഏറ്റവും ചെറുപ്പക്കാരനായ കോണ്‍ഗ്രസ്‌ എം.എല്‍.എയും യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്‌ഥാന പ്രസിഡന്റുമായ പി.സി. വിഷ്‌ണുനാഥ്‌ നെല്ലിയാമ്പതിയാത്രയില്‍നിന്നും വിട്ടുനിന്നത്‌ എന്താണെന്ന്‌ പി. സുരേന്ദ്രന്‌ അറിയുമോ? ഹരിത രാഷ്‌ട്രീയത്തില്‍ ഈ യുവപ്രതീക്ഷകള്‍ക്കു താല്‍പര്യമില്ലാതെ പോയതിന്റെ കാരണം പി. സുരേന്ദ്രന്‍ അന്വേഷിച്ചിട്ടുണ്ടോ? നെല്ലിയാമ്പതിയെ രക്ഷിക്കാന്‍ മലകയറിയ വയനാട്ടിലെ എം.എല്‍.എയുടെ കല്‍പറ്റയിലെ ഹരിതരാഷ്‌ട്രീയം അദ്ദേഹം മനസിലാക്കിയിട്ടുണ്ടോ? നെല്ലിയാമ്പതിക്ക്‌ പുറത്തുള്ള രൂക്ഷമായ പാരിസ്‌ഥിത പ്രശ്‌ന പ്രദേശങ്ങളിലേക്ക്‌ ഇതുവരെ ഏതെങ്കിലും യുവകോണ്‍ഗ്രസ്‌ എം.എല്‍.എമാരുടെ പ്രഛന്നവേഷമത്സരം കണ്ടിട്ടുണ്ടോ?

പി. സുരേന്ദ്രന്റെ ജില്ലയിലെ മുണ്ടേരിയില്‍ ചാലിയാറിന്റെ ഉത്ഭവപ്രദേശത്ത്‌ 1,600 ഏക്കര്‍ നിത്യഹരിതവനം ലേലം ചെയ്‌ത് വില്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നപ്പോള്‍ എവിടെയായിരുന്നു ഈ ഹരിത രാഷ്‌ട്രീയക്കാര്‍? നൂറുകണക്കിന്‌ ആദിവാസികളുടെ ആവാസകേന്ദ്രം കൂടിയായ മുണ്ടേരിവനം മുറിച്ച്‌ വില്‍പ്പന നടന്നിരുന്നെങ്കില്‍ ചാലിയാറിന്റെ ഭാവി എന്താകുമായിരുന്നുവെന്ന്‌ പി. സുരേന്ദ്രന്‍ ചിന്തിച്ചിട്ടുണ്ടോ?

ആ പ്രദേശത്ത്‌ ഒന്നു പോകണമെന്ന്‌ പി. സുരേന്ദ്രനോ അദ്ദേഹത്തിന്റെ യുവപ്രതീക്ഷകള്‍ക്കോ തോന്നാതിരുന്നതെന്തുകൊണ്ടാണ്‌? മുണ്ടേരിയിലെ കാടിന്റെ മക്കളും, പരിസ്‌ഥിതി പ്രവര്‍ത്തകരും ആശങ്കയില്‍ കഴിയുമ്പോള്‍ അവിടെ ഓടിയെത്തിയതും ജനകീയ സമരത്തിനു രൂപം നല്‍കിയതും ടി.വി. രാജേഷ്‌ എം.എല്‍.എയും, കെ.ടി. ജലീല്‍ എം.എല്‍.എയും ആയിരുന്നെന്നു ഹരിത രാഷ്‌ട്രീയത്തിന്റെ മൊത്തക്കച്ചവടക്കാരും, സ്‌തുതി പാഠകരും മനസിലാക്കണം. ഡി.വൈ.എഫ്‌.ഐയുടെ ഹരിത രാഷ്‌ട്രീയം നെല്ലിയാമ്പതിയില്‍ കെട്ടിയിട്ടിരിക്കുകയല്ല. നെല്ലിയാമ്പതിയിലും, നിലമ്പൂരിലും, കാസര്‍ഗോട്ടും ഒരേ നിലപാട്‌ സ്വീകരിക്കാനുള്ള ആര്‍ജവം ഡി.വൈ.എഫ്‌.ഐയ്‌ക്കുണ്ട്‌.

ഭാവി കേരളം ആവശ്യപ്പെടുന്നത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌-ലീഗ്‌ നേതാക്കന്മാരെപ്പോലെയുള്ളവരെയാണെന്ന്‌ വിശ്വസിക്കാന്‍ പി. സുരേന്ദ്രനു സ്വാതന്ത്ര്യമുണ്ട്‌. കെ.എം. ഷാജിയെ പേരെടുത്തു പുകഴ്‌ത്തുമ്പോള്‍ തെരഞ്ഞെടുപ്പ്‌ സമയത്തു സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ സ്വത്തുവകകള്‍ മറച്ചുവച്ചതിനു നിയമ നടപടികള്‍ നേരിടുന്നയാളാണ്‌ അദ്ദേഹമെന്ന്‌ പറയാനുള്ള സത്യസന്ധതയെങ്കിലും കാണിക്കണമായിരുന്നു.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തിന്റെ ലേബലും കെ.എം. ഷാജിക്കു മേല്‍ പതിക്കാന്‍ വല്ലാതെ വിയര്‍പ്പൊഴുക്കുമ്പോള്‍ കൊഞ്ഞനം കുത്തുന്നത്‌ സമീപകാല ചരിത്രത്തെ തന്നെയാണ്‌. എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്കെതിരായി ഡി.വൈ.എഫ്‌.ഐ. നടത്തിയ ബഹുമുഖസമരത്തെ ലോകം മുഴുവന്‍ അംഗീകരിച്ചിട്ടുള്ളതാണ്‌. ദുരിതബാധിതമേഖലകളിലൂടെ ടി.വി. രാജേഷ്‌ നയിച്ച അതിജീവനയാത്ര മുതല്‍ ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന കമ്മിറ്റിക്കുവേണ്ടി ടി.വി. രാജേഷ്‌ സുപ്രീംകോടതിയില്‍ കേസ്‌ നടത്തിയതുവരെയുള്ള സുദീര്‍ഘമായ സമരങ്ങള്‍ കാണാന്‍ സങ്കുചിതത്വം തടസമാവരുത്‌.

ആ കേസിലാണ്‌ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവുണ്ടായതെന്ന്‌ എങ്കിലും ഓര്‍ക്കേണ്ടതായിരുന്നില്ലേ. സമരവും നിയമപോരാട്ടവും നടത്തുന്നതോടൊപ്പം ഇരകളെ സഹായിക്കാന്‍ ഡി.വൈ.എഫ്‌.ഐ. നടത്തിയ പാക്കേജ്‌ ഏവരാലും പ്രശംസിക്കപ്പെട്ടിരിക്കുന്നു. ദുരിതബാധിത കുടുംബങ്ങളിലെ 50 കുട്ടികളുടെ വിദ്യാഭ്യാസചെലവ്‌ ഡി.വൈ.എഫ്‌.ഐ. സമ്പൂര്‍ണമായി ഏറ്റെടുത്തു. 15 വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്‌. രോഗികള്‍ക്കായി 24 മണിക്കൂറും സൗജന്യസേവനം നടത്തുന്നത്‌ ഡി.വൈ.എഫ്‌.ഐയുടെ ആംബുലന്‍സാണ്‌. ഇതിനുപുറമെ നിര്‍ദ്ധനരായ രോഗികള്‍ക്ക്‌ മാസംതോറും ധനസഹായവും നല്‍കിവരുന്നു. ഞങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സത്യസന്ധമായി വിലയിരുത്തൂ, ഞങ്ങളോടൊപ്പം അണിനിരക്കുന്ന യുവലക്ഷങ്ങളെ കാണൂ; എന്നിട്ട്‌ ഞങ്ങളെ വിമര്‍ശിക്കൂ.

*
എം. സ്വരാജ്‌ Courtesy: Mangalam Daily

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സമരവും നിയമപോരാട്ടവും നടത്തുന്നതോടൊപ്പം ഇരകളെ സഹായിക്കാന്‍ ഡി.വൈ.എഫ്‌.ഐ. നടത്തിയ പാക്കേജ്‌ ഏവരാലും പ്രശംസിക്കപ്പെട്ടിരിക്കുന്നു. ദുരിതബാധിത കുടുംബങ്ങളിലെ 50 കുട്ടികളുടെ വിദ്യാഭ്യാസചെലവ്‌ ഡി.വൈ.എഫ്‌.ഐ. സമ്പൂര്‍ണമായി ഏറ്റെടുത്തു. 15 വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്‌. രോഗികള്‍ക്കായി 24 മണിക്കൂറും സൗജന്യസേവനം നടത്തുന്നത്‌ ഡി.വൈ.എഫ്‌.ഐയുടെ ആംബുലന്‍സാണ്‌. ഇതിനുപുറമെ നിര്‍ദ്ധനരായ രോഗികള്‍ക്ക്‌ മാസംതോറും ധനസഹായവും നല്‍കിവരുന്നു. ഞങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സത്യസന്ധമായി വിലയിരുത്തൂ, ഞങ്ങളോടൊപ്പം അണിനിരക്കുന്ന യുവലക്ഷങ്ങളെ കാണൂ; എന്നിട്ട്‌ ഞങ്ങളെ വിമര്‍ശിക്കൂ.