Tuesday, September 18, 2012

കളമൊരുക്കുന്നത് ടേക്ക് ഓവറിന്

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് തന്റെ 'നയപക്ഷാഘാത'ത്തില്‍ നിന്ന് ഉണര്‍ന്നിരിക്കുന്നുവെന്നാണ് കുത്തക മാധ്യമലോകം ഉദ്‌ഘോഷിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും മുതലാളിത്തലോകം ആ തിരിച്ചുവരവ് ആഘോഷിക്കുകയാണ്. അമേരിക്കന്‍ മാധ്യമകുത്തകകള്‍ അതിന്റെ മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. 'നിശബ്ദനും, ഭയചകിതനും, കാര്യശേഷിയില്ലാത്തവനും അടിമുടി അഴിമതിയില്‍ മുങ്ങിയ ഭരണത്തിനു നേതൃത്വം നല്‍കുന്നവനു'മെന്ന് ഒരാഴ്ച മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആക്ഷേപിച്ച വാഷിംഗ്ടണ്‍ പോസ്റ്റ് ഇപ്പോള്‍ വരച്ചുകാട്ടുന്നത് മറ്റൊരു ചിത്രമാണ്. '2004 ല്‍ അധികാരമേറ്റശേഷം കൈക്കൊണ്ട ഏറ്റവും വലിയ, അതികഠിനമായ തീരുമാന'മെന്നാണ് പ്രത്യക്ഷ വിദേശ നിക്ഷേപം സംബന്ധിച്ച യു പി എ സര്‍ക്കാരിന്റെ തീരുമാനത്തെ അവര്‍ കൊണ്ടാടിയത്. 'ദന്തിസ്റ്റിന്റെ മുമ്പില്‍ പോലും വാതുറക്കാത്ത പ്രധാനമന്ത്രി' എന്ന് തങ്ങള്‍ വിശേഷിപ്പിച്ച ഡോ. മന്‍മോഹന്‍സിംഗിന്റെ നടപടികളെ 'സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രാഷ്ട്രത്തെ കരകയറ്റാനും വിദേശ മൂലധനനിക്ഷേപ പ്രവാഹത്തെ പ്രോത്സാഹിപ്പിക്കാനും മതിയായ നാടകീയ നീക്കമെന്നാണ്' വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വലയിരുത്തുന്നത്. അമേരിക്കന്‍ മൂലധന താല്‍പര്യങ്ങളുടെ മുന്നണി പോരാളികളായ ഈ ആഗോള കുത്തകമാധ്യമങ്ങളുടെ പ്രതികരണംമതിയാവും യു പി എ സര്‍ക്കാര്‍ ചില്ലറവ്യാപാരം, സിവില്‍ വ്യോമയാനം, വാര്‍ത്താപ്രക്ഷേപണം എന്നീ രംഗങ്ങളില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിച്ചതിലുള്ള അമേരിക്കന്‍ കോര്‍പ്പറേറ്റ് ലോകത്തിനും അവര്‍ നിയന്ത്രിക്കുന്ന സാമ്രാജ്യത്വ ഭരണകൂടത്തിനുമുള്ള ആഹഌദം അളക്കാന്‍. യു പി എ സര്‍ക്കാരിന്റെ നയപക്ഷാഘാതം ആ ഗവണ്‍മെന്റിനെ അനുകൂലിക്കുന്നവര്‍ക്കും അതിനെ താങ്ങിനിര്‍ത്തുന്നവര്‍ക്കുമെന്നപോലെ അതിന്റെ നയപരിപാടികളെ നഖശിഖാന്തം എതിര്‍ക്കുന്ന ഈ രാജ്യത്തെ മഹാഭൂരിപക്ഷത്തിനും അനുഭവവേദ്യമായിരുന്ന യാഥാര്‍ഥ്യമാണ്. നൂറ്റിയിരുപത് കോടി ജനങ്ങളെയും രാഷ്ട്രത്തിന്റെ സമസ്തസമ്പത്തും കൊള്ളയടിക്കാന്‍ തക്കംപാര്‍ത്തിരുന്ന മൂലധന ശക്തികള്‍ക്ക് അതിവേഗം അവസരമൊരുക്കാത്ത സര്‍ക്കാരിനെപ്പറ്റി പരാതിയും അതൃപ്തിയുമുണ്ടാവുക സ്വാഭാവികം മാത്രം. മറുവശത്ത് സാമ്പത്തിക തകര്‍ച്ചയും വിലക്കയറ്റവും തൊഴില്‍ സ്തംഭനവും പട്ടിണിയും കൊണ്ടു പൊറുതിമുട്ടിയ ജനകോടികള്‍ക്ക് ഡോ. മന്‍മോഹന്‍സിംഗിന്റെ പുത്തനുണര്‍വ് കനത്ത വെല്ലുവിളിയാണ്.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും യു പി എ സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും എല്ലാവിഭാഗം ജനങ്ങളില്‍നിന്നും ഇത്രയേറെ ഒറ്റപ്പെട്ട മറ്റൊരു കാലമില്ല. ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നിറവേറ്റപ്പെട്ടില്ലെന്നു മാത്രമല്ല, അവര്‍ അതീവ ക്രൂരമായി വഞ്ചിക്കപ്പെട്ടിരിക്കുന്നു. പക്ഷാഘാത കിടക്കയില്‍ നിന്നുള്ള മന്‍മോഹന്‍സിംഗിന്റെ തിരിച്ചുവരവ് രാജ്യത്തിനും ജനങ്ങള്‍ക്കും അളവറ്റ ദുരിതമാണ് സമ്മാനിക്കുക. ചില്ലറ വ്യാപാര രംഗം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തുറന്നുകൊടുക്കുന്നത് ലോകത്തിലെതന്നെ ഏറ്റവും വലിയ ചില്ലറവ്യാപാരമേഖലയെ തകര്‍ക്കും. വ്യാപാരികളും തൊഴിലാളികളുമായി നാലു കോടിയില്‍പ്പരം ഇന്ത്യക്കാരുടെ ജീവിതോപാധിയാണ് ഈ രംഗം. വിദേശ നിക്ഷേപം അവരില്‍ മഹാഭൂരിപക്ഷത്തേയും തൊഴില്‍രഹിതരാക്കും. വ്യാപാരരംഗത്തെ കുത്തകവല്‍ക്കരണം സര്‍ക്കാര്‍ പറയുന്നതിനു വിരുദ്ധമായി കാര്‍ഷികരംഗത്തെ കൂടുതല്‍ തളര്‍ത്തും. ചില്ലറവ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിച്ച രാജ്യങ്ങളുടെ അനുഭവം അതാണ് കാണിച്ചുതരുന്നത്. ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും കാര്‍ഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക അടിത്തറതോണ്ടുന്ന തീരുമാനമാണിത്. മഹാഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ്‌യൂണിയനുകളും കര്‍ഷക സംഘടനകളും പൗരസമൂഹ സംഘടനകളും നഖശിഖാന്തം എതിര്‍ക്കുന്ന; സംസ്ഥാന ഗവണ്‍മെന്റുകള്‍ ഏറെയും നിരാകരിച്ച, ഇത്തരമൊരു പരിഷ്‌കാരം ആര്‍ക്കുവേണ്ടിയാണെന്നത് വാഷിംഗ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ കുത്തക ജിഹ്വകളുടെയും ഇന്ത്യന്‍ മൂലധന കേന്ദ്രങ്ങളെ പ്രതിനിധീകരിക്കുന്ന സി ഐ ഐ തുടങ്ങിയവയുടേയും പ്രതികരണങ്ങള്‍ അര്‍ഥശങ്കക്കിടമില്ലാതെ വ്യക്തമാക്കുന്നു. വ്യോമയാന രംഗത്തെ 49 ശതമാനം വിദേശ നിക്ഷേപം തകര്‍ന്നടിയുന്ന കിംഗ്ഫിഷര്‍പോലുള്ള വിമാനകമ്പനികളെ രക്ഷിക്കാനെന്ന് ചിത്രീകരിക്കപ്പെടുന്നുണ്ട്. നഷ്ടക്കച്ചവടത്തില്‍ പങ്കാളികളാകാന്‍ ഒരു മൂലധന ശക്തിയും തയാറാവില്ലെന്നത് അനിഷേധ്യ വസ്തുതയാണ്. എയര്‍ ഇന്ത്യയടക്കമുള്ള വ്യോമയാന രംഗത്തെ ആസ്തികളും വളരുന്ന ഗതാഗത വിപണിയുമാണ് വില്‍പനയ്ക്കു വച്ചിരിക്കുന്നത്. മാധ്യമരംഗത്തെ വിദേശനിക്ഷേപം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സുസ്ഥിരതക്കുമെതിരെ കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഈ കുത്തൊഴുക്ക് ഇന്ത്യന്‍ രാഷ്ട്രീയ ഗതിവിഗതികളുടെ പ്രതിഫലനമാണ്. ജനവിരുദ്ധ നയങ്ങളും ജനകീയ പ്രശ്‌നങ്ങളോടുള്ള സമീപനത്തെ പിടികൂടിയിരിക്കുന്ന പക്ഷാഘാതവും അഴിമതി പരമ്പരകളും യു പി എ സര്‍ക്കാരിനെ ദേശീയ രംഗത്ത് ഒറ്റപ്പെടുത്തിയിരിക്കുന്നു. ഡീസല്‍-പാചകവാതക വില വര്‍ധനാ വിഷയത്തില്‍ യു പി എ ഘടകകക്ഷികളും പുറത്തുനിന്നു പിന്തുണക്കുന്നവരും കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസുകാര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന രാഹുല്‍ ഗാന്ധിക്കുപോലും ജനങ്ങളില്‍ പ്രതീക്ഷ വളര്‍ത്താന്‍ കഴിയില്ലെന്ന് യു പി യടക്കമുള്ള സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകള്‍ തെളിയിച്ചുകഴിഞ്ഞു. ഈ രാജ്യത്ത് പ്രതീക്ഷയര്‍പ്പിക്കാവുന്ന യാതൊന്നും അവശേഷിക്കുന്നില്ലെന്ന തിരിച്ചറിവാണ് ഡോ. മന്‍മോഹന്‍സിംഗിന്റെ നവോന്മേഷത്തിലൂടെ കോണ്‍ഗ്രസ് കാഴ്ചവെയ്ക്കുന്നത്. എന്തും പണത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തമാക്കാമെന്ന മുതലാളിത്ത യുക്തിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ആഗോള കോര്‍പ്പറേറ്റ് ധനശക്തിയുടെ പിന്‍ബലമുള്ള ഒരു പൊതുതെരഞ്ഞെടുപ്പിനും കയ്യാളലിനു (ടേക്ക് ഓവര്‍)മാണ് കളമൊരുക്കുന്നത്.

*
ജനയുഗം മുഖപ്രസംഗം 17 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...