Thursday, September 27, 2012

സിറിയ കത്തുകയാണ്, ലോകം വീണ വായിക്കുകയല്ല

എല്ലാ വൈരുധ്യങ്ങള്‍ക്കിടയിലും അറബ് ദേശീയത ഒരു വികാരമായി കൊണ്ടുനടന്ന കാലഘട്ടത്തെ അറബ് ലോകവും മൊഴിചൊല്ലുകയാണ്! ഇപ്പോള്‍ ക്രൈം അഥവാ കുറ്റകൃത്യമെന്നത് തികച്ചും ആപേക്ഷികമായി നിര്‍ണയിക്കപ്പെടുന്ന ഒന്നായിത്തീര്‍ന്നിരിക്കുന്നു. കുറച്ചു കാലമായി കൊല്ലപ്പെടുന്ന അറബ് വംശജന്‍ ഒരാള്‍ക്ക് "ശഹീദ്" അഥവാ രക്തസാക്ഷിയാണെങ്കില്‍ അപരന്‍ അറബിക്ക് രാജ്യദ്രോഹിയോ ഭീകരനോ ആണ്. സിറിയന്‍ കലാപത്തെ അറബ് വസന്തത്തിന്റെ ചെലവില്‍ പാശ്ചാത്യ ശക്തികള്‍ തുടങ്ങിവച്ച ജനാധിപത്യ വിരുദ്ധ സായുധ അട്ടിമറി ശ്രമമെന്ന് പ്രസിഡന്റ് ബഷര്‍ അന്‍ അസദും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ബാത്ത് പാര്‍ടിയും നിര്‍വചിക്കുമ്പോള്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരമെന്ന് പ്രക്ഷോഭകരും അമേരിക്കയും നാറ്റോ സഖ്യവും അവകാശപ്പെടുന്നു.

സിറിയന്‍ കലാപത്തിന് പതിനെട്ട് മാസം പ്രായമായിരിക്കുന്നു. ഇരുപക്ഷത്തുനിന്നുമായി കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപതിനായിരം കവിയുമെന്നാണ് കണക്ക്. പൊലീസും പട്ടാളവും ഭരണകൂടങ്ങളും മര്‍ദനോപകരണങ്ങളായി മാറുകയും ഭരണകൂട ഭീകരതയിലൂടെ നിരപരാധികള്‍ ആക്രമണങ്ങള്‍ക്കിരയാവുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരമൊരു ആരോപണത്തിന്റെ മുള്‍മുനയില്‍ തന്നെയാണ് സിറിയ എന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. ഈ സ്ഥിതിവിശേഷത്തെ സംബന്ധിച്ച് സത്യസന്ധമായി ലോകത്തോട് വിശദീകരിക്കാനുള്ള ബാധ്യത സിറിയന്‍ ഭരണാധികാരികള്‍ക്കുണ്ട്. അസദിന്റെ അഭിമുഖങ്ങള്‍ ഇപ്പോള്‍ അറബ് ലീഗില്‍ അംഗത്വമുള്ള രാജ്യങ്ങളില്‍ ലഭിക്കുക ഏറെ ശ്രമകരമായിരിക്കും. സിറിയന്‍ ഔദ്യോഗിക ടി വിയിലും ചില സ്വകാര്യ ടി വികളിലും പ്രത്യക്ഷപ്പെട്ട് അസദ് തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു. അറബ് ലോകത്ത് തമസ്കരിക്കപ്പെടുന്ന വാര്‍ത്തകളിലാണ് ഇപ്പോള്‍, അസദിന്റെ അഭിമുഖങ്ങളും വാര്‍ത്താ സമ്മേളനങ്ങളും. എങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അസദ് നല്‍കുന്ന വിശദീകരണങ്ങള്‍ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഏറെ വിശകലന സാധ്യതകള്‍ നല്‍കുന്നുണ്ട്.

ടുണിഷ്യയില്‍ മുല്ലപ്പൂ വിപ്ലവം തുടങ്ങുമ്പോള്‍ സിറിയ താരതമ്യേന ശാന്തമായിരുന്നു. മുല്ലപ്പൂവ് യുവ അറബികളുടെ ജീവിത മോഹങ്ങളെ ഉത്തേജിപ്പിച്ചുവെന്നതും നേരാണ്. സിറിയ ഇതിനപവാദമാവണമെന്നില്ല. ആ ഘട്ടത്തില്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലുമായി (2011-ജനുവരി 31) അസദ് നടത്തിയ അഭിമുഖം തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു. താന്‍ നേരിട്ട രണ്ട് തെരഞ്ഞെടുപ്പുകളിലും മഹാഭൂരിപക്ഷത്തോടെ വിജയിച്ച അസദ് ആഭ്യന്തര പരിഷ്കാരങ്ങളെക്കുറിച്ചും ചില സൂചനകള്‍ നല്‍കി. അനിതരസാധാരണമായ ആലങ്കാരിക പ്രയോഗങ്ങള്‍കൊണ്ട് സമ്പന്നമാണ് അസദിന്റെ ഓരോ അഭിമുഖങ്ങളും. രണ്ടായിരത്തിഒന്നില്‍ സിറിയയില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമാക്കിയ അസദിന്റെ നിലപാട് പരിഷ്കാരങ്ങള്‍ അനിവാര്യമാണ് എന്ന് തന്നെയായിരുന്നു. ""കെട്ടിക്കിടക്കുന്ന ജലം മലിനീകരിക്കപ്പെടുമെന്നുറപ്പാണ്. അത് ഒഴുകുകതന്നെ വേണം. പക്ഷേ അതെത്ര അളവിലും വേഗത്തിലും എന്നത് വളരെ പ്രസക്തമാണ്. ഒഴുക്ക് കരകവിഞ്ഞാല്‍ സംഹാരാത്മകവും പ്രളയപൂര്‍ണവുമായിത്തീരും"" എന്നായിരുന്നു മുല്ലപ്പൂ വിപ്ലവത്തെ കുറിച്ചുള്ള അസദിന്റെ പ്രതികരണം.

ഇപ്പോള്‍ സിറിയ സംഹാരാത്മകമായ ഒരു പ്രളയത്തെ അതിജീവിക്കുകയാണ്. പക്ഷേ അത് കേവലം ആഭ്യന്തര പരിഷ്കാരങ്ങള്‍ക്കുവേണ്ടി ആഭ്യന്തരമായി സൃഷ്ടിക്കപ്പെട്ടതാണ് എന്ന വാദം അസദ് ഖണ്ഡിക്കുന്നു. ആഗസ്ത് മാസം ഒടുവില്‍ ഒരു സ്വകാര്യ ടി വിക്ക് അനുവദിച്ച അഭിമുഖത്തില്‍ സിറിയന്‍ കലാപത്തെ അസദ് വിലയിരുത്തിയതിങ്ങനെ: ""ഞങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് ഒരു അഭ്യന്തര-ആഗോള യുദ്ധത്തെയാണ്. അതുകൊണ്ടുതന്നെ ശാശ്വത പരിഹാരത്തിന് സമയമെടുക്കും. പക്ഷെ ആത്യന്തിക വിജയം സിറിയക്കായിരിക്കും"". അസദിന്റെ കീഴടങ്ങല്‍ സാധ്യതകളെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ നിരന്തരം എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അഭിമുഖം പുറത്തുവന്നത് എന്ന കാര്യം ശ്രദ്ധേയമായിരുന്നു. സിറിയക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച് ശക്തമായ ആരോപണങ്ങളാണ് അസദ് ഉന്നയിക്കുന്നത്. പ്രക്ഷോഭത്തോട് ദ്വിമുഖ സമീപനം കൈകൊള്ളുമെന്നും അഭിമുഖത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു. നിരായുധരായി സമാധാനമാര്‍ഗത്തില്‍ സമരം ചെയ്യുന്നവരോട് അനുനയത്തിന്റെ ഭാഷയിലും സായുധ അട്ടിമറി ശ്രമങ്ങളെ തോക്ക്കൊണ്ടും പട്ടാളത്തെ ഉപയോഗിച്ചും നേരിടുമെന്നാണ് അദ്ദേഹം അര്‍ഥമാക്കിയത്. പതിനായിരക്കണക്കിന് സിറിയന്‍ അഥയാര്‍ഥികള്‍ കഴിയുന്ന തുര്‍ക്കിയുടെ അതിര്‍ത്തികളില്‍ ചെന്ന് അവരെ ജന്മനാട്ടിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളും ഭരണതലത്തില്‍ നടക്കുന്നു. അസദ് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍തന്നെ വിമത നീക്കങ്ങള്‍ക്ക് വിദേശത്തിരുന്ന് നേതൃത്വം കൊടുക്കുന്ന സിറിയയുടെ മുന്‍ മന്ത്രിയും അസദിന്റെ വിശ്വസ്തനുമായിരുന്ന കൂറുമാറ്റക്കാരിലെ പ്രമുഖന്‍ റിയദ് ഫരീദ് ഹജബ് ഏതാണ്ട് എഴുപത് ശതമാനത്തോളം ഭൂപ്രദേശങ്ങളും ജനകീയ സൈന്യത്തിന്റെ പിടിയിലാണ് എന്ന് അവകാശപ്പെടുന്നു. വിമതപക്ഷത്തെ മറ്റൊരു പ്രമുഖന്‍ സിറിയയുടെ മുന്‍ ബ്രിഗേഡിയര്‍ ജനറല്‍ മനാഫ് ട്ലാസ് പാരീസില്‍ പ്രഖ്യാപിച്ചത് സിറിയന്‍ പട്ടാളത്തിലെ ബഹുഭൂരിപക്ഷവും ജനകീയ സൈന്യത്തോടൊപ്പം ചേര്‍ന്നുവെന്നാണ്. ഈ അവകാശവാദങ്ങളും പോര്‍വിളികളും സജീവമായി നിലനില്‍ക്കുമ്പോള്‍തന്നെ അറബ് ലോകത്ത് ഏറെ പരിഷ്കൃതരെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സിറിയന്‍ ജനത ചരിത്രത്തിലെ ഏറ്റവും കടുത്ത പരീക്ഷണങ്ങളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സിറിയക്ക് മേലുള്ള സാമ്രാജ്യത്വ താല്പര്യങ്ങള്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ നിരന്തരം ആവര്‍ത്തിക്കുന്നതുപോലെ സ്വന്തം ജനതയെ കൂട്ടക്കുരുതി ചെയ്യുന്ന സിറിയന്‍ ഭരണാധികാരിക്കെതിരായ ജനങ്ങളുടെ ചെറുത്തുനില്‍പ്പിനെ സഹായിക്കുകയും അതുവഴി ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുകയുമല്ല അമേരിക്കയുടെ ലക്ഷ്യമെന്നത് ഈ വിഷയത്തില്‍ സാമാന്യ ബോധമുള്ള ആര്‍ക്കും മനസിലാക്കാവുന്നതാണ്. ജനാധിപത്യത്തെക്കുറിച്ചും പൗരാവകാശത്തെക്കുറിച്ചും നിരന്തരം പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ അറബ് ലോകത്താകെ "മുല്ലപ്പൂ വിപ്ലവം" പടരണമെന്ന ആഗ്രഹം ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല. എന്ന് മാത്രമല്ല ടുണിഷ്യയിലും മറ്റും കലാപവും അധികാര കൈമാറ്റ സൂചനകളും പ്രകടമാവുന്ന ഘട്ടത്തില്‍പോലും സിറിയയുടെ "മനം മാറ്റാ"നുളള ശ്രമങ്ങള്‍ അമേരിക്കയുടെ ഭാഗത്ത്നിന്നുണ്ടായി എന്ന് വേണം അനുമാനിക്കാന്‍. സിറിയന്‍ കലാപം തുടങ്ങുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഡിപ്ലോമേറ്റും അമേരിക്കന്‍ ജൂത സംഘടനയുടെ (US Jewish organisation) പ്രസിഡന്റുമായ മാല്‍ക്കം ഹൊണെലില്‍ (Malcom Honelin) സിറിയ സന്ദര്‍ശിച്ചത്. മനുഷ്യാവകാശ സംരക്ഷണമാണ് തന്റെ സന്ദര്‍ശനോദ്ദേശ്യം എന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചെങ്കിലും അസദിന്റെ വിശദീകരണങ്ങള്‍, കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നു. അതില്‍ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ ഒന്ന് ഇറാന്‍-സിറിയ ബന്ധവും മറ്റൊന്ന് ഇസ്രായേലിനോടുള്ള സിറിയന്‍ നിലപാടുമായിരുന്നു. ഈ രണ്ടു വിഷയങ്ങളിലും തുടര്‍ന്നുവരുന്ന നിലപാടുകള്‍ തിരുത്താന്‍ തയ്യാറല്ല എന്ന സൂചനയാണ് സിറിയ നല്‍കിയത്.

ഇറാന്റെ യുറേനിയം സംപുഷ്ടീകരണം അനിവാര്യമാണെന്ന് ഇറാന് തോന്നിയാല്‍ അതില്‍ അപാകതയില്ലെന്നും കണ്ടുപിടുത്തങ്ങളുടെ കുത്തകവല്‍ക്കരണം അഭികാമ്യമല്ലെന്നും പല പശ്ചാത്യ ശക്തികളും ആര്‍ജിച്ച നേട്ടത്തോടൊപ്പമെത്താന്‍ ഇറാന്‍ ആഗ്രഹിച്ചാല്‍ അതിനെ അപലപിക്കാനാവില്ലെന്നും സിറിയ വ്യക്തമാക്കി. ഫലസ്തീന്‍ സംബന്ധിച്ച ചര്‍ച്ചകളുടെ സൂചനകള്‍ (Signals) സിറിയ ഉള്‍ക്കൊള്ളുമെന്നും പക്ഷെ ഫലസ്തീന്‍ പ്രശ്നം "റിമോട്ട്" കൊണ്ട് പരിഹരിക്കാവുന്ന ഒരു സാങ്കേതിക പ്രശ്നമല്ലെന്നും ലോകത്തിന് മുന്നിലുള്ള വസ്തുതകളെ ഉള്‍ക്കൊണ്ട് യാഥാര്‍ഥ്യ ബോധത്തോടെയുള്ള പരിഹാരമാണതിനാവശ്യം എന്നുമുള്ള സിറിയന്‍ നിപാട് താന്‍ ഉന്നയിച്ചുവെന്ന് അസദ് പിന്നീട് വ്യക്തമാക്കി. ഫലസ്തീന്‍ പ്രശ്നം ശാശ്വതമായി പരിഹരിക്കുകയെന്നാല്‍ നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ അതിക്രമിച്ച് കയ്യടക്കിയ മണ്ണ് വിട്ടുകൊടുക്കുകയെന്നതില്‍ കുറഞ്ഞ് ഒന്നുമല്ലെന്നും അസദ് വ്യക്തമാക്കി. അമേരിക്കന്‍ പ്രതിനിധിയുടെ സന്ദര്‍ശനത്തിനും അസദിന്റെ പ്രഖ്യാപനങ്ങള്‍ക്കും ശേഷമാണ് സിറിയയില്‍ പൊടുന്നനെ കലാപം പൊട്ടിപ്പുറപ്പെട്ടത്. സിറിയന്‍ കലാപത്തിന്റെ ധാര്‍മിക വശം മനുഷ്യത്വം വറ്റിയിട്ടില്ലാത്ത ലോകത്തെ മനുഷ്യകുലത്തിന്റെ വേദനയായി അത് മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ്. കലാപത്തെക്കുറിച്ച് പശ്ചാത്യ ശക്തികള്‍ കൂട്ടിയ കണക്കുകള്‍ തെറ്റുന്നുവെന്നതാണ് അതിന്റെ രാഷ്ട്രീയ പാഠം. പാരിസ്, ലണ്ടന്‍, വാഷിങ്ടണ്‍ തുടങ്ങിയ നഗരങ്ങളിലിരുന്ന് കണക്കുകള്‍ കൂട്ടുന്ന വിമത നേതാക്കന്മാരുടെ "ശുഭ"പ്രതീക്ഷക്കനുസരിച്ച് മാത്രമല്ല കാര്യങ്ങള്‍ നീങ്ങുന്നത്. അറബ് ലീഗിെന്‍റയും യു എന്നിെന്‍റയും സംയുക്ത പ്രതിനിധി ലക്തര്‍ ബ്റാഹിമി സിറിയന്‍ കലാപം സമീപ ഭാവിയിലൊന്നും അവസാനിക്കില്ലെന്ന് പ്രഖ്യാപിച്ചത് ഈ മാസം ആദ്യ ആഴ്ചയിലാണ്.

അഫ്ഗാന്‍ , ഇറാഖ് യുദ്ധത്തില്‍ അമേരിക്കന്‍ പക്ഷത്തുണ്ടായിരുന്ന രാജ്യാന്തര ശക്തികളൊക്കെ സിറിയക്കെതിരെയും ശക്തമായി രംഗത്തുണ്ട്. ഫ്രഞ്ച് വിദേശ മന്ത്രി ലാറന്‍റ് ഫാബിയോസ്, ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഹിലാരി ക്ലിന്‍റണ്‍ തുടങ്ങിയവരൊക്കെ അസദ് വിരുദ്ധ അഭിപ്രായ രൂപീകരണത്തില്‍ മുന്‍നിരയില്‍ തന്നെയാണ്. എങ്കിലും കാര്യങ്ങള്‍ അവരുടെ പ്രതീഷക്കൊത്ത് ഉയരാതെ പോവുന്നത് ഇറാന്‍ - അഫ്ഗാന്‍ കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്ഥമായി ലോക രാഷ്ട്രീയത്തിലുണ്ടായ ചെറിയ മാറ്റങ്ങളും ചുവട് വെപ്പുകളുമാണ്. അത് ശക്തമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ മാസം ആദ്യം റഷ്യയിലെ വ്ളാഡിനോ സ്റ്റോക്കില്‍ നടന്ന ഏഷ്യ പസഫിക് ഇക്കണോമിക് കോര്‍പറേഷന്‍ കണ്‍വെന്‍ഷന്‍. സമ്മേളനത്തില്‍ അമേരിക്കന്‍ സംഘത്തെ നയിച്ചത് ഹിലാരി ക്ലിന്‍റണ്‍ ആയിരുന്നു.

സിറിയയിലെ മനുഷ്യരെ കൂട്ടക്കുരുതി ചെയ്യുന്ന അസദിനെ ഒറ്റപ്പെടുത്താനുള്ള ജനാധിപത്യ ശക്തികളുടെ താല്‍പര്യങ്ങളെ നിരാശപ്പെടുത്തുന്ന ചൈനയുടെയും റഷ്യയുടെയും നിലപാടുകളെ wrong side of the history എന്നാണ് യു എസ് വിദേശ കാര്യ സെക്രട്ടറി വിശേഷിപ്പിച്ചത്. റഷ്യന്‍ പ്രസിഡണ്ട് പുടിനും ചൈനീസ് പ്രസിഡണ്ട് ഹു ജിന്‍ താവോയും പങ്കെടുത്ത സമ്മേളനത്തിലെ ബ്രീഫിംഗില്‍ ആണ് ശ്രീമതി ക്ലന്‍റണ്‍ അമേരിക്ക നേരിടുന്ന സമ്മര്‍ദ്ദം തുറന്ന് പ്രഖ്യാപിച്ചത്. ഇതിനോട് പ്രതികരിച്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗി ലാവ്റോവ് റഷ്യന്‍ വാണിജ്യ താല്‍പര്യങ്ങളെയും നയതന്ത്ര സമീപനങ്ങളെയും സംഘര്‍ഷരഹിതമായി സമന്വയിപ്പിക്കാനുള്ള റഷ്യയുടെ സ്വാതന്ത്ര്യം കുരുതികൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കി. ചൈനീസ് വിദേശകാര്യ മന്ത്രി ഹ്വാങ് ലീ അമേരിക്കന്‍ നിലപാടുകളോട് കൂടുതല്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു.

അഫ്ഗാനിസ്ഥാനില്‍നിന്നും ഇറാഖില്‍നിന്നും സിറിയയിലെത്തുമ്പോള്‍ ലോക രാഷ്ട്രീയത്തിലെ നേരിയ മാറ്റങ്ങള്‍ യഥാര്‍ഥത്തില്‍ അമേരിക്കയെ നിരാശപ്പെടുത്തുന്നു. മൂന്നു തവണ യു എന്‍ രക്ഷാസമിതിയില്‍ റഷ്യയും ചൈനയും നിരാകരിച്ച സിറിയന്‍ വിരുദ്ധ പ്രമേയം പൊടിതട്ടിയെടുക്കാനുള്ള അമേരിക്കയുടെ അവസാന ശ്രമം വീണ്ടും പാളുകയാണ്. റഷ്യയും ചൈനയും നിലപാടുകളില്‍ ഉറച്ചുനിന്നാല്‍ അത് അമേരിക്കന്‍ മേല്‍ക്കോയ്മക്ക് കടുത്ത വെല്ലുവിളിയാവുമെന്നുറപ്പാണ്. സിറിയന്‍ കലാപവും മുസ്ലിം ലോകവും പാശ്ചാത്യലോകം "എക്സ്ടീമിസ്റ്റു"കള്‍ എന്ന് വിളിക്കുന്ന ലോകത്തെ ഇസ്ലാമിസ്റ്റുകളും, കടുത്ത മത യഥാസ്ഥിതികരും നിരന്തരം ആവര്‍ത്തിക്കുന്ന ഒരു വാദമാണ് , പ്രായോഗികമായും പ്രത്യയശാസ്ത്രപരമായും സാമ്രാജ്യത്വം നേരിടുന്ന ഏക ഭീഷണി "ഇസ്ലാം" ആണ് എന്ന്. ആ വാദം എത്ര ദുര്‍ബലമാണ് എന്ന് തെളിയിക്കുന്നതാണ് സമകാലിക സംഭവങ്ങള്‍. മുസ്ലിങ്ങള്‍ക്കിടയിലെ ആഭ്യന്തര വൈരുധ്യങ്ങളെ അനായാസേന അമ്മാനമാടിക്കളിക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ക്കാവുന്നു. മുസ്ലിം ലോകത്തെ ഓരോ രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ക്കുള്ളില്‍ വെച്ച്തന്നെ വളരെ സമര്‍ഥമായി അത് അവര്‍ നിര്‍വഹിക്കുന്നു. പൊതുവെ മുസ്ലിങ്ങള്‍ക്കിടയിലെ സുന്നി-ഷിയാ വൈരുധ്യങ്ങളെ അഗ്നിപര്‍വത സമാനമായി വികസിപ്പിച്ചെടുക്കുന്നതില്‍ അമേരിക്ക വിജയിച്ചിരിക്കുന്നു. സിറിയയിലും ഇറാനിലും സുന്നി വികാരം പ്രക്ഷോഭങ്ങള്‍ക്ക് ഇന്ധനമായി തീരുമ്പോള്‍ ഇറാഖില്‍ ഷിയാ വികാരത്തെയാണ് സാമ്രാജ്യത്വം ഉപയോഗിച്ചത്.

ബഹറൈനില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന പ്രക്ഷോഭത്തിന്റെ വെടിമരുന്ന് സുന്നി-ഷിയാ വികാരമല്ലാതെ മറ്റൊന്നല്ല. ഇസ്ലാമിനെ വാനോളം പുകഴ്ത്തുകയും അമേരിക്കയിലെ മുസ്ലിങ്ങള്‍ക്കുവേണ്ടി "അസ്സലാമു അലൈക്കും" എന്ന് സലാം ചൊല്ലി തുടങ്ങുകയും ചെയ്ത ബരാക് ഒബാമയുടെ പ്രസിദ്ധമായ കെയ്റോ പ്രസംഗത്തില്‍ ""ഇസ്ലാമിന്റെ നിഷേധാത്മക മുഖം എവിടെ പ്രത്യക്ഷപ്പെട്ടാലും അതിനെതിരെ പൊരുതാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്"" എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ആ പ്രസ്താവനയെ അന്വര്‍ഥമാക്കുമാറ് ഇസ്ലാമിന്റെ ക്രിയത്മക മുഖവും നിഷേധാത്മക മുഖവും അവര്‍ നിര്‍വചിച്ചുകൊണ്ടിരിക്കുന്നു. വിവിധ അറബ് വംശജരുമായി സംവദിക്കുമ്പോള്‍ നമുക്ക് ബോധ്യമാവുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. അറബികളുടെ ഏറ്റവും വലിയ കരുത്ത് അറബ് ദേശീയതയായിരുന്നു.

അറബ് സമൂഹത്തിെന്‍റ പരിവര്‍ത്തനദശയിലെ ദൗര്‍ഭാഗ്യകരമായ ഒരു പരിണാമം ഇപ്പോള്‍ അറബ് ദേശീയത ഈ സമൂഹത്തെ ബാധിക്കുന്ന ഒരു ഘടകമല്ലാതായിത്തീര്‍ന്നിരിക്കുന്നുവെന്നാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോകമുസ്ലിംങ്ങളുടെ സംഗമകേന്ദ്രങ്ങളായ മെക്കയിലും മദീനയിലുമെത്തുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഭ്യസ്തവിദ്യരും സാധാരണക്കാരും പ്രൊഫഷണലുകളുമടങ്ങുന്ന നിരവധി മനുഷ്യരുമായി സംവദിക്കാന്‍ എനിക്കവസരമുണ്ടായിട്ടുണ്ട്. പലപ്പോഴും ജനങ്ങളുടെ മോഹങ്ങളല്ല രാഷ്ട്ര നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഫലിക്കപ്പെടുന്നത്. രാഷ്ട്രീയ പ്രശ്നങ്ങളില്‍ സ്വതന്ത്രമായ നിലപാടുകളെടുക്കാനുള്ള ജനാധിപത്യ അവകാശം അറബി നാടുകളില്‍ പരിപാലിക്കപ്പെടുന്നില്ല. എന്നുമാത്രമല്ല ഓരോ സര്‍ക്കാരിന്റെയും നിലപാടുകള്‍ വിശ്വാസത്തിന്റെ അടിസ്ഥാന കര്‍മങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതും അറബ് ലോകത്തെ നമ്മുടെ പതിവ് കാഴ്ചകളാണ്.

ഉദാഹരണമായി നമസ്കാരത്തിന് ശേഷം മാത്രമല്ല നമസ്കാരത്തില്‍തന്നെ "ഖുനൂത്ത്" എന്ന പേരില്‍ അസദ് ഭരണകൂടത്തിനെതിരെയും മുജാഹിദുകള്‍ക്ക് അനുകൂലമായും പ്രത്യേക പ്രാര്‍ഥനകള്‍ സുന്നികള്‍ക്കിടയില്‍ സാധാരണമാവുന്നു. ഷിയാ വിഭാഗക്കാര്‍ തിരിച്ചും ഇത്തരം പ്രാര്‍ഥനകള്‍ അവരുടെ ആരാധനയുടെ ഭാഗമാക്കിത്തീര്‍ക്കുന്നു. ചുരുക്കത്തില്‍ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ദേശീയതയുടെയും പേരില്‍ ഇനിയൊരിക്കലും ഐക്യപ്പെടാന്‍ കഴിയാത്ത തരത്തില്‍ അറബ് സമൂഹം അകലുകയാണ്. സിറിയന്‍ ഭരണകൂടം നിലംപതിച്ചാലും ഇല്ലെങ്കിലും പലസ്തീന്‍ പോലുള്ള പൊതുപ്രശ്നങ്ങള്‍ ഉന്നയിക്കാന്‍പോലും കഴിയാത്ത തരത്തില്‍ അറബ് സമൂഹത്തില്‍ അന്തഃഛിദ്രമുണ്ടാക്കിയതില്‍ അമേരിക്ക ആശ്വസിക്കുന്നുണ്ടാവും.

*
അസീസ് തുവ്വൂര്‍ ദേശാഭിമാനി വാരിക 29 സെപ്തംബര്‍ 2012

1 comment:

asrus irumbuzhi said...

മൂന്നാം ലോക രാജ്യങ്ങളെ വരുതിയിലാക്കാം അങ്കിള്‍സാം പുതിയ തന്ത്രമാണ് മുല്ലപൂ വിപ്ലവം !
കാരണം തീവ്രവാദം പഴയത് പോലെ ഏല്‍ക്കുന്നില്ല ..!? . അപ്പൊ ഓയില്‍ ഊറ്റാന്‍ ,ആയുധ കച്ചവടം പൊടിപൊടിക്കാന്‍ ഇതിലും നല്ലമാര്‍ഗം വേരെയില്ലല്ലോ....
മണ്ടന്മാരെ ഇപ്പോഴും പറഞ്ഞു പറ്റിക്കാം...!!!!