Tuesday, September 18, 2012

തൊഴിലും കൂലിയും സംരക്ഷിക്കാന്‍

നവലിബറല്‍ നയങ്ങള്‍ രാജ്യത്തെ ഗുരുതരമായ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നു. രാജ്യത്ത് 23 കോടിയിലധികം ജനങ്ങള്‍ പട്ടിണിയിലും 70 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യത്തിലുമാണ് കഴിയുന്നത്. പകുതിയിലേറെ കുട്ടികള്‍ പോഷകാഹാരദൗര്‍ബല്യം അനുഭവിക്കുന്നവരാണെന്ന് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. 70 ശതമാനത്തിലേറെ ജനങ്ങള്‍ ആശ്രയിക്കുന്ന കാര്‍ഷികമേഖല ഗുരുതരമായ തകര്‍ച്ചയിലാണ്. കര്‍ഷക ആത്മഹത്യ ദൈനംദിനം പെരുകുന്നു. വ്യവസായ മേഖല മുരടിപ്പിലാണ്. ജൂലൈയില്‍ രേഖപ്പെടുത്തിയ വ്യവസായ വളര്‍ച്ചനിരക്ക് 0.1 ശതമാനം മാത്രമാണ്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യമേഖലയ്ക്കുവേണ്ടി നശിപ്പിക്കുന്നു. റെയില്‍വേ, കോള്‍ ഇന്ത്യാ ലിമിറ്റഡ്, ബിഎസ്എന്‍എല്‍ എന്നിവയെ തകര്‍ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ അവലംബിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ അവധിവ്യാപാരവും ഊഹക്കച്ചവടവും നിയന്ത്രിച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതേയില്ല. സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം ഭക്ഷ്യസുരക്ഷാബില്ലിന്റെ പേരില്‍ തകര്‍ക്കുന്നു. രാസവളം, പാചകവാതകം, പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെ എല്ലാത്തിന്റെയും വില നിരന്തരം ഉയര്‍ത്തുന്നു. പാചകവാതക സിലിണ്ടറിന്റെ എണ്ണം വര്‍ഷത്തില്‍ ആറായി ചുരുക്കി.

ഉദാരവല്‍ക്കരണനയങ്ങള്‍ അഴിമതിക്കുള്ള വലിയ അവസരമാണ് സൃഷ്ടിക്കുന്നത്. എണ്ണ, ഖനി, കല്‍ക്കരി, സ്പെക്ട്രം തുടങ്ങി എല്ലാ പ്രകൃതിവിഭവങ്ങളും കൈയടക്കാന്‍ സ്വകാര്യ കുത്തകകള്‍ക്ക് അവസരം നല്‍കി. ലക്ഷക്കണക്കിന് കോടി രൂപയാണ് ഇതുവഴി കൊള്ളയടിക്കപ്പെട്ടത്. പൊതുമേഖലാ വ്യവസായങ്ങളെ തുച്ഛമായ വിലയ്ക്ക് കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നു. ഈ ഇടപാടുകളിലെല്ലാം ഞെട്ടിക്കുന്ന അഴിമതികളാണ് നടക്കുന്നത്.

2011ല്‍ കേരളത്തില്‍ അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ അതേ പാതയാണ് പിന്തുടരുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക- വ്യവസായ മേഖലകളില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. പശ്ചാത്തലവികസന മേഖലയില്‍ നിരവധി പദ്ധതികള്‍ക്ക് തുടക്കംകുറിച്ചു. പൊതുവിതരണം ശക്തിപ്പെടുത്തി വിലക്കയറ്റം നിയന്ത്രിച്ചു. പൊതുജനാരോഗ്യം കാര്യക്ഷമമാക്കി. ക്ഷേമപദ്ധതികള്‍ വിപുലപ്പെടുത്തി. പൊതുവിദ്യാഭ്യാസരംഗം കൂടുതല്‍ ശക്തമാക്കി. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും നല്ല രീതിയില്‍ കേരളം സാമ്പത്തിക വളര്‍ച്ച നേടി. വൈദ്യുതിമേഖലയില്‍ നേട്ടം കൈവരിച്ചു. പൊതുമേഖലാ വ്യവസായങ്ങളെ ലാഭത്തിലാക്കി. ക്രമസമാധാനില മെച്ചപ്പെടുത്തി.

എന്നാല്‍, യുഡിഎഫ് സര്‍ക്കാരാവട്ടെ ഈ നേട്ടങ്ങളെയാകെ തകര്‍ക്കുന്ന നയമാണ് സ്വീകരിക്കുന്നത്. കാര്‍ഷികമേഖല വീണ്ടും പ്രതിസന്ധിയിലായി. കര്‍ഷക ആത്മഹത്യ നിത്യസംഭവമായി. വൈദ്യുതി, ബസ്ചാര്‍ജ്, വെള്ളക്കരം, പാല്‍വില എന്നിവ വര്‍ധിപ്പിച്ച് ജനങ്ങളുടെമേല്‍ വലിയ ഭാരമാണ് യുഡിഎഫ് കെട്ടിവയ്ക്കുന്നത്. ലോഡ് ഷെഡ്ഡിങ്ങും പവര്‍കട്ടും തിരിച്ചുവന്നു. ക്രമസമാധാനില തകര്‍ച്ചയിലായി. യുഡിഎഫിന്റെ വികലമായ നയങ്ങള്‍മൂലം വര്‍ഗീയത വീണ്ടും തലപൊക്കുന്നു. സര്‍ക്കാര്‍ഭൂമിയും മറ്റു പ്രകൃതിവിഭവങ്ങളും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്നു. ചുരുക്കത്തില്‍ എല്‍ഡിഎഫിന്റെ കാലത്ത് നേടിയ സാമൂഹിക സാമ്പത്തിക പുരോഗതിയാകെ യുഡിഎഫ് തകിടംമറിക്കുകയാണ്.
അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. എല്‍ഡിഎഫിന്റെ കാലത്ത് വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനമായിരുന്ന കേരളം ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമായി മാറി. പൊതുവിതരണ സംവിധാനം ദുര്‍ബലപ്പെടുത്തിയതിന്റെയും കമ്പോളത്തിലെ ഇടപെടലുകള്‍ ഇല്ലാതാക്കിയതിന്റെയും ഫലമാണ് ഈ അവസ്ഥ. കണ്‍സ്യൂമര്‍ഫെഡ് വഴിയും മാവേലിസ്റ്റോര്‍ വഴിയും വിതരണംചെയ്യുന്ന സാധനങ്ങളുടെ വിലപോലും യുഡിഎഫ് അധികാരത്തില്‍ വന്നശേഷം വര്‍ധിപ്പിച്ചു.

കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ചെയ്ത് തൊഴിലിന് കാത്തിരിക്കുന്ന 44 ലക്ഷത്തോളം ചെറുപ്പക്കാരുണ്ട്. അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല. സര്‍ക്കാര്‍ മേഖലയില്‍ നിയമനിരോധനം വീണ്ടും കൊണ്ടുവന്നു. പൊതുമേഖലാ വ്യവസായങ്ങളെയും പരമ്പരാഗത വ്യവസായങ്ങളെയും തകര്‍ത്ത് ആ മേഖലകളിലെ തൊഴില്‍ സാധ്യതയും ഇല്ലാതാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭകരമാക്കുന്നതിന് നടപടി സ്വീകരിച്ചപ്പോള്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അവയെ നശിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും ഇന്ന് നഷ്ടത്തിലാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുതായി ആരംഭിച്ച എട്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നില്ല.

പരമ്പരാഗത വ്യവസായങ്ങള്‍ നാശത്തിന്റെ വക്കിലാണ്. കയര്‍, കൈത്തറി, കശുഅണ്ടി, ഖാദി, കള്ളുചെത്ത് എന്നീ മേഖലകള്‍ അതീവ ഗുരുതരാവസ്ഥയിലാണ്. അസംഘടിത മേഖലകളായ നിര്‍മാണം, മോട്ടോര്‍ തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കേരളത്തില്‍ വ്യവസായ വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട പശ്ചാത്തലമേഖലയാണ് വൈദ്യുതി. വൈദ്യുതി ചുരുങ്ങിയ വിലയ്ക്ക് നല്‍കുന്നു എന്നതുകൊണ്ടു മാത്രമാണ് പല വ്യവസായങ്ങളും കേരളത്തില്‍ നിലനില്‍ക്കുന്നത്. കറന്റ് ചാര്‍ജ് വര്‍ധിപ്പിച്ചതുമൂലം വ്യവസായങ്ങള്‍ പലതും പ്രതിസന്ധിയിലാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍മൂലം കേരളം കടുത്ത ഊര്‍ജ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാലായിരത്തോളം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കംകുറിച്ചു. ഒറീസയില്‍നിന്ന് 1000 മെഗാവാട്ട് വൈദ്യുതിക്കാവശ്യമായ കല്‍ക്കരിപ്പാടം നേടിയെടുക്കാനും കഴിഞ്ഞു. ചെറുതും വലുതുമായ ഇരുപതോളം ജലവൈദ്യുത പദ്ധതികള്‍ തുടങ്ങി. കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു. എന്നാല്‍, യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം ഇതെല്ലാം സ്തംഭനാവസ്ഥയിലാണ്.

കേരളത്തിന്റെ സാമൂഹ്യസുരക്ഷാസംവിധാനങ്ങള്‍ തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. മിനിമം കൂലി ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നില്ല. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പു വരുത്തുന്നതില്‍ തൊഴില്‍വകുപ്പ് തികഞ്ഞ ഉദാസീനതയാണ് കാണിക്കുന്നത്. തൊഴിലാളി ക്ഷേമ പെന്‍ഷനുകള്‍ ഒരു പൈസപോലും വര്‍ധിപ്പിക്കുന്നതിന് തയ്യാറായിട്ടില്ല എന്നുമാത്രമല്ല, നിലവിലുള്ള തുക കൃത്യമായി വിതരണംചെയ്യാനും സന്നദ്ധമാകുന്നില്ല. ക്ഷേമപെന്‍ഷനുകള്‍ ആയിരം രൂപയാക്കണം എന്ന ആവശ്യം സിഐടിയു ശക്തമായി ഉന്നയിക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി ഈ മേഖലയിലുണ്ടായിരുന്ന സുരക്ഷിതത്വം ഇല്ലാതാക്കുകയാണ്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം നിര്‍ത്തലാക്കുന്നതിലൂടെ പെന്‍ഷന്‍ നല്‍കുക എന്ന "ബാധ്യത"യില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. മാത്രമല്ല പെന്‍ഷന്‍ഫണ്ട് കമ്പോളത്തില്‍ ചൂതാട്ടത്തിന് വിട്ടുകൊടുക്കുന്നു. ഇപിഎഫ് പെന്‍ഷന്‍ ഏറ്റവും ചുരുങ്ങിയത് ആയിരം രൂപയെങ്കിലും നല്‍കണമെന്ന തൊഴിലാളിസംഘടനകളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നില്ല.

സബ്സിഡി നിര്‍ത്തലാക്കലും രാസവളങ്ങളുടെ വിലവര്‍ധനയും ഉല്‍പ്പന്നങ്ങളുടെ വിലയിടിവുംമൂലം കര്‍ഷകരാകെ ദുരിതത്തിലാണ്. രാസവളത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ കമ്പനികള്‍ക്കു നല്‍കി. അതുമൂലം രാസവളങ്ങളുടെ വില കുതിച്ചുയരുകയും കര്‍ഷകര്‍ക്ക് താങ്ങാന്‍ കഴിയാതാകുകയുംചെയ്തു. സസ്യ എണ്ണയുടെയും റബറിന്റെയും മറ്റും ഇറക്കുമതിമൂലം നാളികേര കര്‍ഷകരും റബര്‍ കര്‍ഷകരും വലിയ പ്രതിസന്ധിയിലാണ്. ഏകദേശം ഒന്‍പത് ലക്ഷം ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന തെങ്ങുകൃഷിയെ ആശ്രയിച്ച് 35 ലക്ഷം കര്‍ഷകകുടുംബങ്ങളാണ് ജീവിക്കുന്നത്. നാളികേരത്തിന്റെ ഉല്‍പ്പാദനം 46 ശതമാനമായി കുറഞ്ഞു. ഇറക്കുമതിച്ചുങ്കം ഇല്ലാതായതോടെ പ്രതിവര്‍ഷം 88 ലക്ഷം ടണ്‍ ഭക്ഷ്യഎണ്ണ ഇറക്കുമതിചെയ്യുന്നു. ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് കേരകര്‍ഷകരാണ്. നാളികേരത്തിന്റെ വില കുത്തനെ ഇടിഞ്ഞു. കൊപ്രയുടെ താങ്ങുവില 5100 രൂപയായി പ്രഖ്യാപിച്ചെങ്കിലും നാഫെഡോ കേരഫെഡോ സംഭരണത്തിന് തയ്യാറായിട്ടില്ല. ഇതുമൂലം കേരകര്‍ഷകരുടെ ദുരിതം പതിന്മടങ്ങ് വര്‍ധിച്ചു.

കേരളത്തിലെ ക്രമസമാധാനില തകര്‍ന്നു എന്നു മാത്രമല്ല, പൊലീസിനെ ഉപയോഗിച്ച് ഇടതുപക്ഷ പ്രവര്‍ത്തകരെയും തൊഴിലാളികളെയും ആക്രമിക്കുന്ന നയമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. എമര്‍ജിങ് കേരളയുടെ പേരില്‍ കേരളത്തിന്റെ പ്രകൃതിസമ്പത്തും ഭൂമിയും സ്വദേശ- വിദേശ കുത്തകകള്‍ക്ക് അടിയറവയ്ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇത് കേരളത്തിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് അപരിഹാര്യമായ ആഘാതം ഏല്‍പ്പിക്കും. എമര്‍ജിങ് കേരള കേരളത്തിന്റെ അടിസ്ഥാനപ്രശ്നങ്ങളായ തകരുന്ന കാര്‍ഷികമേഖല, കുറഞ്ഞുവരുന്ന ഉല്‍പ്പാദനക്ഷമത, പ്രതിസന്ധിയിലകപ്പെട്ട പരമ്പരാഗത വ്യവസായങ്ങള്‍, തൊഴിലില്ലായ്മ ഇവയ്ക്കൊന്നും പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. ലക്ഷക്കണക്കിനുപേര്‍ തൊഴില്‍ചെയ്യുന്ന പരമ്പരാഗത വ്യവസായം സംരക്ഷിക്കുന്നതിനും പ്രതിസന്ധി നേരിടുന്ന നിലവിലുള്ള ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും ഒരു പ്രഖ്യാപനവും കൊട്ടിഘോഷിക്കപ്പെട്ട എമര്‍ജിങ് കേരളയില്‍ ഇല്ല.

ഈ സാഹചര്യത്തില്‍ ജോലിക്കും കൂലിക്കും ഭക്ഷണത്തിനും വേണ്ടിയുള്ള തൊഴിലാളികളുടെ സംഘടിത പോരാട്ടം ഉയര്‍ന്നുവരണം. സെപ്തംബര്‍ 26 ലെ സെക്രട്ടറിയറ്റ്- കലക്ടറേറ്റ് വളയല്‍ തുടക്കംമാത്രമാണ്. സെപ്തംബര്‍ 26 ലെ തൊഴിലാളികളുടെ ഈ വലിയ മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ എല്ലാ തൊഴിലാളി സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സിഐടിയു അഭ്യര്‍ഥിക്കുന്നു.

*
എം എം ലോറന്‍സ് ദേശാഭിമാനി 18 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നവലിബറല്‍ നയങ്ങള്‍ രാജ്യത്തെ ഗുരുതരമായ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നു. രാജ്യത്ത് 23 കോടിയിലധികം ജനങ്ങള്‍ പട്ടിണിയിലും 70 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യത്തിലുമാണ് കഴിയുന്നത്. പകുതിയിലേറെ കുട്ടികള്‍ പോഷകാഹാരദൗര്‍ബല്യം അനുഭവിക്കുന്നവരാണെന്ന് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. 70 ശതമാനത്തിലേറെ ജനങ്ങള്‍ ആശ്രയിക്കുന്ന കാര്‍ഷികമേഖല ഗുരുതരമായ തകര്‍ച്ചയിലാണ്. കര്‍ഷക ആത്മഹത്യ ദൈനംദിനം പെരുകുന്നു. വ്യവസായ മേഖല മുരടിപ്പിലാണ്.