Saturday, September 22, 2012

മന്‍മോഹന്‍ സര്‍ക്കാരിന് താക്കീത്

അഴിമതിയും ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടുപോകുന്ന മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരിന് ശക്തമായ താക്കീതാണ് വ്യാഴാഴ്ച രാജ്യവ്യാപകമായി നടന്ന ഹര്‍ത്താലും ബന്ദും. ഹര്‍ത്താലിന് വിവിധ വിഭാഗം ജനങ്ങളില്‍നിന്ന് പൂര്‍ണമനസ്സോടെയുള്ള പിന്തുണയാണ് ലഭിച്ചത്. ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ പാര്‍ടികളും ബിജെപിയും ആഹ്വാനംചെയ്ത ഹര്‍ത്താല്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്ന സമരങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായമാണ് എഴുതിച്ചേര്‍ത്തത്. ഐക്യപുരോഗമന സഖ്യം- ഐക്യവുമില്ല, പുരോഗമനവുമില്ല, സഖ്യവുമില്ല എന്ന നിലയിലാണ് എത്തിനില്‍ക്കുന്നത്. യുപിഎയില്‍നിന്ന് രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുപോയി. ഉറച്ച സഖ്യകക്ഷിയാണെന്നു കരുതിയ ഡിഎംകെ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ഹര്‍ത്താലില്‍ പങ്കാളിയാവുകയും ചെയ്തു. യുപിഎ സര്‍ക്കാരിന് പുറമെനിന്ന് പിന്തുണ നല്‍കുന്ന സമാജ്വാദി പാര്‍ടിയാകട്ടെ ഹര്‍ത്താലില്‍ മുഖ്യപങ്കാളിയായി.

""കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പലേടത്തും റോഡ്- റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. 75 ലക്ഷത്തോളം ട്രക്കുകളും ഓടിയില്ല"" എന്നാണ് ഒരു വലതുപക്ഷ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ബന്ദ് ഡല്‍ഹിയിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ശക്തം എന്നെഴുതിയ അതേ പത്രത്തിന് ബംഗാളിലും ഇടതുപാര്‍ടികളുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താല്‍ ഏതാണ്ട് പൂര്‍ണമായിരുന്നെന്ന് തുറന്നു സമ്മതിക്കേണ്ടിവന്നു. ഹര്‍ത്താലിന്റെ ഫലമായി രാഷ്ട്രത്തിന് 10,000 കോടി മുതല്‍ 12,000 കോടി രൂപവരെ നഷ്ടം വന്നതായി വന്‍കിട വ്യവസായികളുടെ സംഘടന പറയുന്നു. ഈ നഷ്ടത്തിന്റെ ഉത്തരവാദിത്തം തൊഴിലാളി സംഘടനകളുടെയോ പ്രതിപക്ഷ കക്ഷികളുടെയോ ജനങ്ങളുടെയോ തലയില്‍ കെട്ടിവയ്ക്കാന്‍ ആരും ശ്രമിക്കേണ്ടതില്ല. നഷ്ടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മന്‍മോഹന്‍ സര്‍ക്കാരിനു മാത്രമാണ്. യുപിഎ സര്‍ക്കാരിന്റെ തുടരെത്തുടരെയുള്ള ജനവിരുദ്ധനയങ്ങളും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ് ഇത്തരം ഒരു സമരത്തിന് ജനങ്ങളെ നിര്‍ബന്ധിതരാക്കിയത്. രാജ്യവ്യാപകമായി കൊടുങ്കാറ്റുപോലെ ഉയര്‍ന്ന ജനരോഷം കണ്ടില്ലെന്നു നടിച്ചാണ് ചെറുകിട കച്ചവടമേഖലയിലേക്ക് വാള്‍മാര്‍ട്ടുപോലുള്ള വിദേശ കുത്തകഭീമന്മാരെ ക്ഷണിച്ചുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. സാമ്രാജ്യത്വ സാമ്പത്തികനയം കൂടുതല്‍ വേഗത്തില്‍ നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഏതാനും ദിവസംമുമ്പാണ് മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ സാമ്പത്തികനയത്തോട് അസംതൃപ്തി പ്രകടിപ്പിച്ചത്. ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചാല്‍ അമേരിക്കയുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതോടൊപ്പം ഇന്ത്യക്കും പ്രയോജനകരമെന്നാണ് ഒബാമ പറഞ്ഞത്. എന്നാല്‍, വിവര സാങ്കേതികമേഖലയില്‍ പുറംതൊഴില്‍ നിര്‍ത്തലാക്കി ഇന്ത്യയിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ തൊഴില്‍രഹിതരാക്കിയ ഒബാമയുടെ നയം വിമര്‍ശന വിധേയമായെങ്കിലും ഇതിനെതിരെ മന്‍മോഹന്‍സിങ് ഒരക്ഷരം ഉരിയാടിയില്ല. പകരം, ഒബാമയുടെ ആവശ്യം നിറവേറ്റി ഉത്തരവിറക്കി. ബഹുജനരോഷം യുപിഎ സര്‍ക്കാരിന് ഒരു പ്രശ്നമേയല്ല. ഇന്ത്യയിലെ നാലുകോടിയോളം വരുന്ന ചെറുകിടവ്യാപാരികളെ തൊഴില്‍രഹിതരായി തെരുവിലേക്ക് വലിച്ചെറിയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഒട്ടും മനഃസാക്ഷിക്കുത്ത് അനുഭവപ്പെടുന്നില്ല. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിദേശകുത്തകകള്‍ക്ക് തീറെഴുതാനും ഇതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതൊക്കെ ആര്‍ക്കുവേണ്ടിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത യുപിഎ സര്‍ക്കാരിനുണ്ടെന്നത് മറന്നുപോകരുത്. പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞതിനെത്തുടര്‍ന്നാണ് രണ്ടുവര്‍ഷത്തിനകം പെട്രോള്‍ വില 14 തവണ കുത്തനെ കൂട്ടിയത്.

ഇപ്പോള്‍ ഡീസല്‍വില നിയന്ത്രണം നിലനില്‍ക്കെത്തന്നെ അഞ്ചുരൂപ വര്‍ധിപ്പിച്ചു. പാചകവാതകത്തിന്റെ വിതരണവും കര്‍ശനമായി നിയന്ത്രിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം ജനവിരുദ്ധ നടപടികള്‍മൂലം ജനജീവിതം ദുഃസഹമായി മാറിയിരിക്കുന്നു. ജനങ്ങളുടെ ക്ഷമയ്ക്കും അതിരുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കണം. രണ്ടാം യുപിഎ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് വ്യക്തം. അഴിമതിയും ജനവിരുദ്ധനയങ്ങളുംമൂലം കോണ്‍ഗ്രസ് ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. മുങ്ങുന്ന കപ്പലില്‍നിന്ന് സഖ്യകക്ഷികള്‍ രക്ഷപ്പെട്ട് പുറത്തുകടക്കാന്‍ തുടങ്ങി. പകരം ബിജെപി എന്നത്് ജനങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല. സങ്കീര്‍ണമായ ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ജനവികാരം മാനിച്ച് ജനവിരുദ്ധനയങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ആപത്ത് ക്ഷണിച്ചുവരുത്തുകയായിരിക്കും. കീഴടങ്ങേണ്ടത് ജനങ്ങളല്ല, സര്‍ക്കാര്‍തന്നെയാണ്. ജനവികാരം മാനിച്ചേ മതിയാകൂ.

*
ദേശാഭിമാനി മുഖപ്രസംഗം 22 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...