Saturday, September 1, 2012

നരോദപാട്യ: മോഡിയോളമെത്തുന്ന അന്വേഷണമാണ് വേണ്ടത്

നരോദപാട്യ വംശീയഹത്യയ്ക്ക് ഉത്തരവാദികളെന്ന് കോടതി കണ്ടെത്തിയ 32 പേര്‍ക്ക് ശിക്ഷവിധിച്ചു. മോഡി മന്ത്രിസഭയിലെ മുന്‍ അംഗവും നരോദപാട്യയില്‍ നിന്നു മൂന്നുതവണ എം എല്‍ എയുമായ ഡോ. മായാ കോട്‌നാനി, ഭജരംഗദള്‍ നേതാവ് ബാബു ഭജരംഗി എന്നിവരടക്കം ബി ജെ പി യുടെയും സംഘപരിവാറിന്റെയും ഉന്നതനേതാക്കളടക്കമുള്ളവരെയാണ് കുറ്റവാളികളെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചിരിക്കുന്നത്. നാളിതുവരെ ഗുജറാത്ത് വര്‍ഗീയകലാപങ്ങളില്‍ പലരും കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അവരെയെല്ലാം നിയമത്തിന്റെ പിടിയില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിച്ച മോഡിസര്‍ക്കാരും ബി ജെ പിയും കുറ്റവാളികളെന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ടവരുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്നു വരുത്തി കൈകഴുകാനാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ മായാ കോട്‌നാനിയെപ്പോലെ ഗുജറാത്തിലെ ഉന്നത ബി ജെ പി നേതാവ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ''ഇത് കീഴ്‌ക്കോടതിയാണ്, മുകളിലോട്ടും കോടതികളുണ്ടെ''ന്ന ബി ജെ പി വക്താവ് പ്രകാശ് ജാവേദ്കര്‍ പ്രതികരിച്ചതില്‍ നിന്നും ഗുജറാത്ത് കലാപത്തില്‍ ആ പാര്‍ട്ടിക്കുള്ള പങ്ക് വ്യക്തമാണ്. പുറമെ മായാ കോട്‌നാനിക്ക് സമുന്നത ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയുമായുള്ള ഉറ്റബന്ധവും സുവിദിതമാണ്. ഗുജറാത്ത് കലാപത്തെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും അട്ടിമറിക്കാന്‍ മോഡി സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചിരുന്നു. ഇതിനെതിരെ കലാപത്തില്‍ കൊലചെയ്യപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം പി എഹ്‌സാന്‍  ജഫ്രിയുടെ വിധവ സാക്കിയ ജഫ്രിയും ദേശീയ മനുഷ്യാവകാശ കമ്മിഷനും നല്‍കിയ പരാതിയെ തുടര്‍ന്നാണ് സുപ്രിംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും പ്രത്യേക കോടതികള്‍ രൂപീകരിച്ച് വിചാരണ നടത്താനും ഉത്തരവായത്. എഹ്‌സാന്‍ വധിക്കപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റിക്കേസില്‍ പ്രത്യേക അന്വേഷണസംഘം നരേന്ദ്രമോഡിയെ കുറ്റവിമുക്തനാക്കി അന്വേഷണം അവസാനിപ്പിച്ചത് ഏറെ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ ആര്‍ കെ രാഘവന്‍ മോഡിയുടെ പ്രിയങ്കരനായി മാറിയ ടാറ്റയുമായുള്ള ഉറ്റബന്ധവും ചര്‍ച്ചാവിഷയമായിമാറിയിരുന്നു. നരോദപാട്യയിലെ വംശഹത്യയില്‍ ഇപ്പോഴുണ്ടായ വിധി പ്രത്യേക അന്വേഷണസംഘത്തെപ്പറ്റിയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയെപ്പറ്റിയും ഉയര്‍ന്ന ആശങ്ക അല്‍പമെങ്കിലും ദൂരീകരിക്കാന്‍ സഹായകമായി.

നരോദപാട്യയിലെ കൂട്ടക്കൊല 2002 ഫെബ്രുവരി 27നുണ്ടായ ഗോധ്ര സംഭവത്തോടുള്ള ഭൂരിപക്ഷ സമുദായത്തിന്റെ പ്രതികരണമാണെന്നു വ്യാഖ്യാനിച്ച് സംഭവത്തെ നിസാരവല്‍ക്കരിക്കാനാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും ബി ജെ പിയും സംഘപരിവാറും ശ്രമിച്ചു പോന്നിരുന്നത്. എന്നാല്‍ നരോദപാട്യയില്‍ നടന്നത് തികച്ചും ആസൂത്രിതവും ഗുജറാത്ത് സര്‍ക്കാരിന്റെയും പൊലീസ് സേനയുടെയും പിന്തുണയോടെയും അരങ്ങേറിയ വംശീയ ഉന്മൂലനമാണെന്ന് രാജ്യത്തെ മാധ്യമങ്ങളും ഇടത് മതേതര പാര്‍ട്ടികളും ആരോപിച്ചിരുന്നു. കലാപത്തെ തുടര്‍ന്ന് 2002 മാര്‍ച്ച് 11-12 തീയതികളില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഡോ. കമല്‍മിത്ര ചിനോയ്, വിഷ്ണു നാഗര്‍, പ്രസേന്‍ജിത്ത് ബോസ്, വിജു കൃഷ്ണന്‍ എന്നിവര്‍ ഗുജറാത്ത് സന്ദര്‍ശിക്കുകയും അവിടെ നടന്നത് ആകസ്മികമായ ഒരു വര്‍ഗീയ കലാപമല്ലെന്നും ആസൂത്രിതമായ 'വംശീയ വെടിപ്പാക്കലാ'ണെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘത്തെ നയിച്ച ഡോ. കമല്‍മിത്ര ചിനോയ് സി പി ഐ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. അഹമ്മദാബാദിലെ ഏറ്റവും വലിയ മുസ്‌ലിം പാര്‍പ്പിട മേഖലകളില്‍ ഒന്നാണ് നരോദപാട്യ. അവിടെ നടന്ന അക്രമങ്ങളില്‍ സായുധരും പരിശീലനം സിദ്ധിച്ചവരുമായ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. പൊലീസും സ്‌പെഷല്‍ റിസര്‍വ് പൊലീസും കലാപം തടയുന്നതിനു പകരം മുസ്ലിങ്ങളെ കൂട്ടത്തോടെ രക്ഷപ്പെടാനാവാത്തവിധം കെണികളില്‍ ഒതുക്കി കൂട്ടക്കൊലയ്ക്ക് അവസരമൊരുക്കി നല്‍കുകയായിരുന്നു. എം എല്‍ എ മായാ കോട്‌നാനിയും മറ്റു ജനപ്രതിനിധികളും അവിടെ അരങ്ങേറിയ കൂട്ടക്കൊലകള്‍ക്കും കൊടും ക്രൂരതകള്‍ക്കും നേരിട്ട് നേതൃത്വം നല്‍കി എന്ന് സ്ഥലം സന്ദര്‍ശിച്ച സംഘം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നരോദാപാട്യ കൂട്ടക്കൊലയെപ്പറ്റിയുള്ള അന്വേഷണവും തുടര്‍ന്നുള്ള വിചാരണയും ശിക്ഷാവിധിയും രാജ്യത്തെ കുറ്റാന്വേഷണ സംവിധാനത്തിന്റെ നിഷ്പക്ഷത, കാര്യക്ഷമത എന്നിവ സംബന്ധിച്ചും നീതിന്യായ വ്യവസ്ഥയെപ്പറ്റിയും ജനങ്ങള്‍ക്കിടയില്‍ പൊതുവിലും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചുമുള്ള ആശങ്കകള്‍ ഒരുപരിധിവരെ ദൂരീകരിക്കാന്‍ പര്യാപ്തമാണ്. അത്തരം  സംവിധാനങ്ങള്‍ ജനങ്ങള്‍ ആഗ്രഹിക്കുംവിധം നിഷ്പക്ഷവും നീതിപൂര്‍വവും പ്രവര്‍ത്തിക്കണമെങ്കില്‍ എത്രയെത്ര കടമ്പകള്‍ കടക്കണമെന്നത് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട അന്വേഷണ പരമ്പരകളും കോടതി വ്യവഹാരങ്ങളും വ്യക്തമാക്കുന്നു. ശക്തവും നിര്‍ഭയവുമായ ഒരുപറ്റം മനുഷ്യസ്‌നേഹികളുടെ നിരന്തര പോരാട്ടമാണ് നരോദപാട്യയിലെ കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സഹായകമായത്. നമ്മുടെ നീതിന്യായ സംവിധാനത്തില്‍ അന്തര്‍ലീനമായ നന്മകള്‍പോലും വലിയ വിലനല്‍കി നേടേണ്ടതാണെന്ന് നരോദപാട്യ നമ്മെ പഠിപ്പിക്കുന്നു. നരോദപാട്യ വംശഹത്യാവിചാരണയും വിധിന്യായവും ബി ജെ പിയും സംഘപരിവാറും നാളിതുവരെ ഗുജറാത്ത് കലാപത്തെപ്പറ്റി ഉന്നയിച്ചുപോന്നിരുന്ന വാദഗതികളുടെ കടപുഴക്കി. യഥാര്‍ഥ കുറ്റവാളിയായ നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി സ്വപ്നങ്ങള്‍ക്കുമേല്‍ കോടതിവിധി നിഴല്‍വീഴ്ത്തിയിരിക്കുന്നു. എന്നാല്‍, നരേന്ദ്രമോഡിയെപ്പോലെ ഒരു ഫാസിസ്റ്റ് തന്റെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. നരോദപാട്യ ഗുജറാത്തില്‍ അരങ്ങേറിയ ഫാസിസ്റ്റ് കൂട്ടക്കുരുതിയുടെ ആസൂത്രണത്തിലേക്കും നിര്‍വഹണത്തിലേക്കുമുള്ള വാതില്‍ തുറക്കുകമാത്രമാണ് ചെയ്യുന്നത്. അത്തരം മനുഷ്യത്വഹീനവും ജുഗുപ്‌സാവഹമായ അന്യായങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മോഡിയോളം നീണ്ടെത്തുന്ന അന്വേഷണം ആവശ്യമാണ്.

*
ജനയുഗം മുഖപ്രസംഗം 01 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നരോദപാട്യ വംശീയഹത്യയ്ക്ക് ഉത്തരവാദികളെന്ന് കോടതി കണ്ടെത്തിയ 32 പേര്‍ക്ക് ശിക്ഷവിധിച്ചു. മോഡി മന്ത്രിസഭയിലെ മുന്‍ അംഗവും നരോദപാട്യയില്‍ നിന്നു മൂന്നുതവണ എം എല്‍ എയുമായ ഡോ. മായാ കോട്‌നാനി, ഭജരംഗദള്‍ നേതാവ് ബാബു ഭജരംഗി എന്നിവരടക്കം ബി ജെ പി യുടെയും സംഘപരിവാറിന്റെയും ഉന്നതനേതാക്കളടക്കമുള്ളവരെയാണ് കുറ്റവാളികളെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചിരിക്കുന്നത്. നാളിതുവരെ ഗുജറാത്ത് വര്‍ഗീയകലാപങ്ങളില്‍ പലരും കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അവരെയെല്ലാം നിയമത്തിന്റെ പിടിയില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിച്ച മോഡിസര്‍ക്കാരും ബി ജെ പിയും കുറ്റവാളികളെന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ടവരുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്നു വരുത്തി കൈകഴുകാനാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ മായാ കോട്‌നാനിയെപ്പോലെ ഗുജറാത്തിലെ ഉന്നത ബി ജെ പി നേതാവ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ''ഇത് കീഴ്‌ക്കോടതിയാണ്, മുകളിലോട്ടും കോടതികളുണ്ടെ''ന്ന ബി ജെ പി വക്താവ് പ്രകാശ് ജാവേദ്കര്‍ പ്രതികരിച്ചതില്‍ നിന്നും ഗുജറാത്ത് കലാപത്തില്‍ ആ പാര്‍ട്ടിക്കുള്ള പങ്ക് വ്യക്തമാണ്.