Monday, September 3, 2012

പോരാട്ടത്തില്‍ അണിചേരുക

കേരളത്തിലെ നെല്‍വയലുകളും നീര്‍ത്തടങ്ങളും വാണിജ്യ താല്‍പ്പര്യത്തോടെ നികത്തപ്പെടുന്നത് വ്യാപകമാകുന്നു. ഇത്, കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെയും പരിസ്ഥിതി സന്തുലനത്തെയും കുടിവെള്ളത്തെയും അതീവ ഗൗരവമായി ബാധിക്കുന്ന സ്ഥിതിയിലാണ് എത്തിച്ചിരിക്കുന്നത്. ഈ ഘട്ടത്തിലാണ് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുള്ള പോരാട്ടത്തിന്റെ ഭാഗമായി 2012 സെപ്തംബര്‍ നാലിന് തൃശൂര്‍ ടൗണ്‍ ഹാളില്‍ ചേരുന്ന കണ്‍വന്‍ഷനില്‍ നെല്‍വയലും നീര്‍ത്തടവും സംരക്ഷിക്കുന്നതിനുള്ള വലിയ പോരാട്ടത്തിന് കര്‍ഷക തൊഴിലാളി യൂണിയന്‍ നേതൃത്വം നല്‍കുന്നത്.

ഏറ്റവും അധികം മനുഷ്യാധ്വാനം ആവശ്യമായ മേഖലയും ഏറ്റവുമധികം തൊഴില്‍ ലഭിക്കുന്ന മേഖലയുമാണ് നെല്‍കൃഷി. ഒരേക്കര്‍ നെല്‍വയല്‍ സംരക്ഷിക്കപ്പെട്ടാല്‍ 100 തൊഴില്‍ദിനങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ധാരാളം തൊഴില്‍ദിനങ്ങള്‍ പ്രദാനംചെയ്ത ഈ തൊഴില്‍മേഖല ഇന്ന് നാശോന്മുഖമാണ്. കൃഷിക്ക് ഉപയോഗിക്കാതെ ഏക്കറുകണക്കിന് നെല്‍വയലുകള്‍ തരിശിടുന്നതുമൂലം ലക്ഷക്കണക്കിന് തൊഴില്‍ദിനങ്ങള്‍ നഷ്ടമാകുന്നു. കോടിക്കണക്കിന് രൂപ വരുമാന നഷ്ടമുണ്ടാകുന്നത് കൂടാതെ ഗ്രാമീണമേഖലയില്‍ ജനങ്ങളുടെ ക്രയവിക്രയശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. മുന്‍പ് കേരളത്തിലെ 60 ശതമാനത്തിലധികം തൊഴിലാളികള്‍ നിത്യവൃത്തിക്കായി നെല്‍കൃഷിയെ ആശ്രയിച്ചിരുന്നു. സ്ത്രീകള്‍ക്ക് തൊഴില്‍ലഭ്യത ഉറപ്പുവരുത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ച നെല്‍വയലുകള്‍ നഷ്ടമാകുമ്പോള്‍ അവര്‍ക്കുലഭിക്കുന്ന തൊഴിലവസരങ്ങളും ഇല്ലാതാക്കുന്നു. 2001-02 മുതല്‍ 2010-11 വരെയുള്ള 10 വര്‍ഷത്തിനുള്ളില്‍ 34 ശതമാനം നെല്‍കൃഷിയാണ് അപ്രത്യക്ഷമായത്. നെല്ലറകളില്‍ ഒന്നായ പാലക്കാട്ട് മാത്രം ഒറ്റ വര്‍ഷംകൊണ്ട് 13 ശതമാനം സ്ഥലത്ത് നെല്‍കൃഷി ഇല്ലാതായി.

1975-76 മുതല്‍ 2010-11 വരെയുള്ള 25 വര്‍ഷംകൊണ്ട് കേരളത്തിലെ 76 ശതമാനം നെല്‍വയലുകള്‍ വികസനത്തിന് കീഴടങ്ങിയതായി ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ കണക്കില്‍ വെളിപ്പെടുത്തുന്നു. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയും ഒരു പരിധിവരെ സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച നെല്‍പ്പാടങ്ങള്‍ക്ക് പരിസ്ഥിതി സന്തുലന സംരക്ഷണത്തിലും വലിയ പങ്കാണുള്ളത്. നെല്‍കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ, ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത, പരിസ്ഥിതിക്ക് അനുയോജ്യമായ കൃഷിരീതികള്‍, നെല്‍വയലുകളുമായി ബന്ധപ്പെട്ട് കാണുന്ന ഭക്ഷ്യയോഗ്യമായ സസ്യങ്ങളും ചെറു ജീവികളും മത്സ്യങ്ങളും നെല്‍വയലുകളെ ആശ്രയിക്കുന്ന വളര്‍ത്തുമൃഗങ്ങളും എല്ലാം നമ്മുടെ നാടിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ പങ്ക് നിര്‍വഹിച്ചിരുന്നു. കാലവര്‍ഷക്കാലത്ത് പെയ്യുന്ന മഴവെള്ളം കുത്തിയൊലിച്ച് സമുദ്രത്തിലേക്ക് പോകാതെ സംഭരിച്ചു നിറുത്തുകയും ഭൂഗര്‍ഭത്തിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്നതു വഴി നെല്‍വയലുകള്‍ക്ക് ഭൂഗര്‍ഭ ജലശേഖരം വര്‍ധിപ്പിക്കുന്നതിലും വരള്‍ച്ചയെ തടയുന്നതിനും പ്രധാന പങ്കാണുള്ളത്. നെല്‍വയലുകളുടെ നഷ്ടം നമ്മുടെ പരമ്പരാഗത ജല സ്രോതസ്സുകളുടെ നിലനില്‍പ്പിനെ ബാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നെല്‍കൃഷി ലാഭകരമാണെന്ന്, നെല്‍കൃഷി വികസനത്തിലൂടെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ കര്‍ഷകര്‍ ആ രംഗത്തു പിടിച്ചുനില്‍ക്കുകയുള്ളൂ. നെല്‍വയലുകള്‍ സംരക്ഷിച്ചാല്‍ ആ ഭൂമിയില്‍നിന്ന് ഇരട്ടി വിളവുണ്ടാക്കാന്‍ കഴിയുമെന്ന് ഗാലസപോലുള്ള കൃഷിരീതി വഴി പരീക്ഷിച്ച് ബോധ്യം വന്നിട്ടുള്ളതാണ്.

കടക്കെണിയില്‍പ്പെട്ട് നട്ടം തിരിഞ്ഞ് ആത്മഹത്യ ചെയ്യേണ്ടിവന്ന കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം നല്‍കുകയും അവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാര്‍, കൃഷിക്കാരന്റെ ദുഃഖങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. കര്‍ഷകരുടെ വിളവിന് ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയാണ് ആ സര്‍ക്കാര്‍ നല്‍കിയത്. അവരുടെ വിളവ് മുഴുവന്‍ സിവില്‍ സപ്ലൈസ് വഴി ഏറ്റെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ നെല്‍വയല്‍ സംരക്ഷണനിയമത്തിന്റെ പ്രാധാന്യം ശ്രദ്ധേയമാകുന്നത്. കേരളാസ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കഴിഞ്ഞ നാലു പതിറ്റാണ്ടായി നെല്‍വയല്‍ സംരക്ഷിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും കേരളത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കും വേണ്ടി എണ്ണമറ്റ സമരപോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത മര്‍ദനങ്ങളും യാതനകളും പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി. ആ പോരാട്ടങ്ങള്‍ ഇന്നും തുടരുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കാനാണ് ഇന്ന് യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിയമത്തിന് വലിയ പിന്തുണയാണ് പല ഭാഗത്ത് നിന്നും ഉണ്ടായത്. തമിഴ്നാട്ടിലെ നെല്ലറയായ തഞ്ചാവൂരില്‍ 2 ലക്ഷം ഹെക്ടര്‍ വയലുകളാണ് ഇതര ആവശ്യങ്ങള്‍ക്കായി മാറ്റപ്പെട്ടത്. അവിടത്തെ പ്രധാന പത്രങ്ങളിലും മാസികകളിലുമെല്ലാം കേരള തണ്ണീര്‍ത്തട നിയമം ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നു. എന്നിട്ടും കേരളത്തില്‍ ഈ നിയമം അങ്ങേയറ്റം അപഹസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ വിലക്കുറവുള്ള ഭൂമി എന്ന നിലയില്‍, ഏത് വികസന പദ്ധതിക്കും ഏറ്റെടുക്കാവുന്ന ഭൂമിയായി നെല്‍വയലുകള്‍ മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് യുഡിഎഫിന്റെ ഗൂഢനീക്കം ബോധ്യമാകുന്നത്. 2012 ഫെബ്രുവരി 8ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 2005ന് മുന്‍പ് നികത്തിയ നെല്‍വയലുകള്‍ക്ക് അംഗീകാരം നല്‍കാനും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം കരം ഒടുക്കാനും ആ സ്ഥലം മേലില്‍ നെല്‍വയല്‍ എന്ന പരിഗണനയില്‍ പെടുകയില്ലന്നുമുള്ള തീരുമാനം നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കവര്‍ന്നെടുക്കാന്‍ ഇറങ്ങിപുറപ്പെട്ട ഭൂമാഫിയകള്‍ക്ക് ആഹ്ലാദം പകരുന്നതാണ്. ഇതിന്റെ പേരില്‍ സംസ്ഥാനമെമ്പാടും നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തിയെടുക്കാന്‍ കിട്ടിയ അവസരമായി ഭൂമാഫിയ ഉപയോഗപ്പെടുത്തും. ഭൂമാഫിയകള്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും യഥേഷ്ടം നെല്‍വയല്‍ നികത്താന്‍ അനുവാദം കൊടുക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സാധാരണ കര്‍ഷകന്റെയും കര്‍ഷക തൊഴിലാളികളുടെയും ജീവിതം പന്താടുകയാണ്. വന്‍കിട ഭൂമാഫിയകളോടാണ് സര്‍ക്കാരിന്് പ്രതിപത്തിയുള്ളത്. ഭൂപരിധിയില്‍നിന്ന് ഒഴിവ് നേടിയ തോട്ടങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ച് വരികയാണ്. യുഡിഎഫ് സര്‍ക്കാര്‍ ഇത്തരം തോട്ടങ്ങളില്‍ 5 ശതമാനം ഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് തീരുമാനിച്ചിരിക്കുന്നു. 5 ശതമാനം ഭൂമി കണക്കാക്കിയാല്‍ കേരളത്തിലാകെ ഏകദേശം ഒരു ലക്ഷം ഏക്കര്‍ ഭൂമി വരും. ഇത്രയും ഭൂമിയില്‍ ടൂറിസം ആവശ്യത്തിന് ഉപയോഗിക്കാവുന്ന റിസോര്‍ട്ടുകളും മറ്റു പശ്ചാത്തല സൗകര്യങ്ങളും ഒരുക്കാന്‍ പോവുകയാണ്. അതിനാണ് യുഡിഎഫ് സര്‍ക്കാര്‍ അനുവാദം നല്‍കുന്നത്. കോണ്‍ക്രീറ്റ് കൃഷിയാണ് നടക്കാന്‍ പോകുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ അപകടത്തിലാക്കുന്ന തരത്തിലായിരിക്കും ഇതിന്റെ പ്രയോഗം ഉണ്ടാകുക. പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇതിനെതിരായി പ്രകൃതിസ്നേഹികളും ജനങ്ങളും അണിനിരക്കേണ്ടിയിരിക്കുന്നു. മോഹവില നല്‍കി കേരളത്തിനകത്തും പുറത്തുമുള്ള സമ്പന്നര്‍ കേരളത്തിന്റെ വിവിധ മേഖലകളില്‍ കായല്‍, പൊക്കാളി കൃഷിയിടങ്ങളും, നെല്‍വയലുകളും അനുബന്ധമായുള്ള പ്രദേശങ്ങളും വാങ്ങികൂട്ടുകയാണ്. രേഖകള്‍ പലതും ആരുടേതാണെന്ന് വകതിരിച്ചു മനസിലാക്കാന്‍പോലും കഴിയാത്ത അസ്ഥയിലാണ് ഭൂമി കൈമാറിയിരിക്കുന്നത്. തരിശിടപ്പെടുന്ന നൂറുകണക്കിന് ഏക്കര്‍ ഭൂമിയാണ് ഇങ്ങനെയുള്ളത്. അനുകൂല സാഹചര്യം ലഭിക്കുന്നതിനുസരിച്ച് തരിശിടുന്ന ഭൂമി നികത്താനാണ് ശ്രമം. കാര്‍ഷിക ഭൂപരിഷ്കരണ നിയമമനുസരിച്ച് ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്. അതിലധികം ഉള്ളത് നിയമ വ്യവസ്ഥയനുസിച്ച് മിച്ചഭൂമിയാണ്. മിച്ചഭൂമി സര്‍ക്കാരിന് ലഭിക്കേണ്ടതാണ്. നാമമാത്ര കര്‍ഷകര്‍ക്കും, ഭൂരഹിതരായ ആദിവാസി, പട്ടികജാതി കര്‍ഷക തൊഴിലാളികള്‍ക്ക് വിതരണംചെയ്യേണ്ട ഭൂമിയാണത്. വന്‍ പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ഫലമായി മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനും, പരിമിതമായി വിതരണം നടത്താനും സാധിച്ചിട്ടുണ്ട്.

മിച്ചഭൂമി പ്രമാണിമാര്‍ക്ക് തിരിമറിനടത്തി വില്‍പ്പനടത്താനും, സ്വന്തമാക്കാനും യുഡിഎഫ് സര്‍ക്കാരുകള്‍ എല്ലാക്കാലത്തും സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്. കണ്ടെത്തിയ മിച്ചഭൂമിപോലും കൃത്യമായി വിതരണംചെയ്യുകയോ ഭൂമി സംബന്ധമായി നിരവധി കേസുകള്‍ തീര്‍പ്പാക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ ഭൂബന്ധങ്ങളില്‍ പുതിയ ചില പ്രവണതകള്‍ കണ്ടുതുടങ്ങിയത്. കൃഷിഭൂമി തുണ്ടുവല്‍ക്കരിക്കപ്പെട്ടു. വലിയ വിസ്തൃതമായ ഭൂമി ഒരാളുടെ കൈയിലും ഇല്ലാതായി. കര്‍ഷകര്‍ പാപ്പരീകരിക്കപ്പെടുന്ന അവസ്ഥ സാമ്പത്തിക നയത്തിന്റെ ഭാഗമായി ഉണ്ടാകുകയുംചെയ്തു. ക്രയവിക്രയത്തിന്റെ പ്രധാനപ്പെട്ട ഇനമായി ഭൂമി മാറി. ഭൂമാഫിയകളും റിയല്‍ എസ്റ്റേറ്റ് ഭീമന്മാരും, വിദേശപണം ലഭിക്കുന്ന വര്‍ഗീയവാദികളുമെല്ലാം നിക്ഷേപത്തിന്റെ പ്രധാനമായ ഒരു തലമായി ഭൂമിയെ കണ്ട്, ഭൂമി വാങ്ങിക്കൂട്ടാന്‍ തുടങ്ങി.

ഭൂമിയുടെ വിലയ്ക്ക് ഒരു നിയന്ത്രണവും, മര്യാദയും ഇല്ലാതായി. മോഹവില കണ്ട് പാവപ്പെട്ട കുടികിടപ്പുകാരന്‍വരെ നഗരങ്ങളില്‍ നിന്ന് 10 സെന്റ് വിറ്റ് പ്രാന്തപ്രദേശങ്ങളിലേക്ക് കുടിയേറി. ഇങ്ങനെ വാങ്ങിക്കൂട്ടിയ ഭൂമി പലതും ബിനാമിപ്പേരുകളിലും സ്ഥാപനങ്ങളുടെ പേരുകളിലുമായി. ജന്മിത്വകാലഘട്ടത്തില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈയിലുണ്ടായിരുന്ന ജന്മിത്വ ഭൂപ്രഭുത്വം, നിയമക്കുരുക്കില്‍ നിന്ന് രക്ഷനേടി നൂറുകണക്കിന് ഏക്കര്‍ സ്വന്തം കൈയില്‍ നിലനിര്‍ത്താന്‍ നായയുടെയും പൂച്ചയുടെയും വിട്ടിലെ ജോലിക്കാരുടെയും പേരില്‍ രേഖ തീര്‍ത്ത് സ്വന്തമാക്കിയ അനുഭവം കേരളത്തിനുണ്ട്. അതുപോലെ ആധുനിക സമൂഹത്തിലും പുതിയ ധനികവര്‍ഗം ഭൂമികള്‍ ബിനാമിപ്പേരുകളിലും മറ്റു സ്ഥാപനങ്ങളുടെ പേരിലും ചാര്‍ത്തി വാങ്ങുകയാണ്. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കുന്ന പുതിയ രീതിയില്‍ കൈകാര്യംചെയ്യുകയാണ്. ഇത്തരം പുതിയ പ്രവണതകളെക്കൂടി നാം തിരിച്ചറിയണം. കേരളത്തിലെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനുമുള്ള ഈ പോരാട്ടത്തെ വിജയിപ്പിക്കേണ്ടത് നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും ഉത്തരവാദിത്തമാണ്.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി 03 സെപ്തംബര്‍ 2012

No comments: