Sunday, September 23, 2012

ഉമ്മന്‍ചാണ്ടി കേരളത്തെ തീറെഴുതുമ്പോള്‍

നാളിതുവരെയില്ലാത്ത ബഹുജനപ്രക്ഷോഭത്തിന് സംസ്ഥാനം സാക്ഷ്യംവഹിക്കാന്‍ പോകുകയാണ്. മൂലധന മാഫിയയുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ അകപ്പെട്ട് കേരളത്തിന്റെ പ്രകൃതിസമ്പത്തും പരിസ്ഥിതിയും ജനജീവിതവും തവിടുപൊടിയാവുക എന്നതുതന്നെയായിരിക്കും യുഡിഎഫ് സര്‍ക്കാരിന്റെ "എമര്‍ജിങ് കേരള" പദ്ധതിയുടെ ഫലം. 2003 ല്‍ യുഡിഎഫ് സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള മൂലധനിക്ഷേപ മാമാങ്കത്തിന്റെ തുടര്‍ച്ചയാണ് എമര്‍ജിങ് കേരള പദ്ധതി. പിന്മടക്കവും പരിഹാരവുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള അമേരിക്കയിലെയും മറ്റും കോര്‍പറേറ്റ് ഭീമന്മാരുടെ കഴുകന്‍ കണ്ണുകള്‍ കേരളത്തെ ലക്ഷ്യമിടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നവോത്ഥാന-ഇടതുപക്ഷപ്രസ്ഥാനങ്ങളിലൂടെ രൂപംകൊണ്ട കേരളത്തിന്റെ അടിസ്ഥാന മാതൃകകള്‍ ലോകപ്രസിദ്ധമാണ്.

സംഘടിത തൊഴിലാളിവര്‍ഗ-കര്‍ഷകപ്രസ്ഥാനം, ഭൂപരിഷ്കരണം, ജാതിവിരുദ്ധ-മതനിരപേക്ഷ സമൂഹം, സാര്‍വത്രിക വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുവിതരണസമ്പ്രദായം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സുരക്ഷ, വനഭൂമി സംരക്ഷണം, ശുദ്ധജലവിതരണം തുടങ്ങിയ മേഖലകളില്‍ കേരളം വളര്‍ത്തിയെടുത്ത മാതൃകകളെല്ലാം തകര്‍ത്തെറിഞ്ഞ് ഈ കൊച്ചുസംസ്ഥാനത്തെ മൂലധന മാഫിയകള്‍ക്ക് വിറ്റഴിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കുടിലനീക്കങ്ങള്‍ക്കെതിരെ വമ്പിച്ച ജനരോഷം ഉയര്‍ന്നുവരികതന്നെ ചെയ്യും. ആഗോളവല്‍ക്കരണ നടപടികളുടെ കൊട്ടിക്കലാശമാണ് എമര്‍ജിങ് കേരളയിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഭാവന ചെയ്യുന്നത്. കോര്‍പറേറ്റ് മാഫിയകളുടെ ഇന്ത്യന്‍ സംഘടനയായ "കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(CII), ഐടി സംഘടനയായ നാസ്കോം തുടങ്ങി മൂലധനഭീമന്മാരുടെ ദല്ലാള്‍മാരായ സാങ്കേതിക വിദഗ്ധര്‍, ഉദ്യോഗസ്ഥമേധാവികള്‍, ബിസിനസ്-ഇന്‍ഡസ്ട്രിയല്‍ കണ്‍സല്‍ട്ടന്‍സികള്‍, ഭൂമാഫിയകള്‍, കരാറുകാര്‍-ഇവരുടെയെല്ലാം അഭൂതപൂര്‍വമായ അവിഹിത കൂട്ടുകെട്ടിന്റെ ജാരസന്തതിയാണ് "എമര്‍ജിങ് കേരള" യെന്ന ഓമനപ്പേരില്‍ കേരളത്തിലെ ജനലക്ഷങ്ങളെ പെരുവഴിയിലാക്കാന്‍ പുറപ്പെട്ടിരിക്കുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി, ആറന്മുള വിമാനത്താവളം, തൃശൂര്‍, എറണാകുളം തുടങ്ങിയ നിരവധി ജില്ലകളെ കേന്ദ്രീകരിക്കുന്ന വാണിജ്യപദ്ധതി, നൂറുകണക്കിന് ടൂറിസ്റ്റ് പദ്ധതികള്‍, ബാര്‍ഹോട്ടലുകള്‍, നിശാനൃത്ത ശാലകള്‍, കാബറേ ശാലകള്‍, മസാജ് സെന്ററുകള്‍, ടെക്നോപാര്‍ക്കുകള്‍, കുപ്പിവെള്ള നിര്‍മാണ പ്രൊജക്ടുകള്‍, സൈബര്‍സിറ്റികള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങി അറ്റമില്ലാത്ത പദ്ധതികളാണ് എമര്‍ജിങ് കേരളയുടെ വികസന പദ്ധതികള്‍. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ നേതൃത്വത്തില്‍ കൊള്ളക്കച്ചവടം നടത്തി പതിനായിരങ്ങളെ പെരുവഴിയിലാക്കാന്‍ ഇടയുള്ള ഈ ജനവിരുദ്ധപദ്ധതി അത്യന്തം ഗൂഢവും രഹസ്യവുമായാണ് രൂപകല്പനചെയ്യപ്പെടുന്നതും നടപ്പിലാക്കാന്‍ പോകുന്നതും. സര്‍ക്കാര്‍ വളരെ സുതാര്യമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് എമര്‍ജിങ് കേരള പദ്ധതി വിവാദം സൃഷ്ടിക്കുന്നത് എന്നാണ് ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം. എന്നാല്‍ യാഥാര്‍ഥ്യമെന്താണ്?

പല പദ്ധതികളും നിഗൂഢമായാണ് പ്ലാന്‍ ചെയ്തത്. റദ്ദാക്കപ്പെട്ട പല പദ്ധതികളും പരിശോധിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെയും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയുടെയും കള്ളത്തരം വെളിച്ചത്താകും. മൂന്നുസംസ്ഥാനങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്തിയ മുംബൈ ആസ്ഥാനമായ എസ്ടിയുപിയുടെ കണ്ണൂര്‍ വിമാനത്താവള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറാണ് ഇങ്ങനെ റദ്ദാക്കപ്പെട്ട ഒന്ന്. എമര്‍ജിങ് കേരളപദ്ധതിയുടെ ഭാഗമായ "ഇന്‍കെലി"ന് ഒരു വ്യവസ്ഥയുമില്ലാതെ ഭൂമി നല്‍കാനാവില്ലെന്ന് സര്‍ക്കാരിന്റെ റവന്യൂവകുപ്പുതന്നെ വ്യക്തമാക്കിയിരിക്കുന്നു. ആലുവയിലെ ഫര്‍ണിച്ചര്‍ ഫാക്ടറി, തിരുവനന്തപുരത്തെ ഒളിമ്പിക്സ് ടവര്‍, രാമനാട്ടുകരയിലെ 85 ഏക്കറിലധികം വരുന്ന വികസനപദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ക്ക് ഭൂമി നല്‍കാന്‍ കഴിയില്ലെന്നാണ് റവന്യൂവകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്. നാളിതുവരെയുള്ള സര്‍ക്കാരുകള്‍ പാലിച്ചുപോന്ന ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നഗ്നമായി ലംഘിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. അതില്‍ പ്രധാനപ്പെട്ട മറ്റൊന്നാണ് വിവാദമായ കരിമണല്‍ സംസ്കരണപദ്ധതി. ആലപ്പുഴ, കൊല്ലം ജില്ലകളെ കേന്ദ്രീകരിച്ച് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പഞ്ചായത്തുകളില്‍ സ്വകാര്യകുത്തക കമ്പനികളുടെ നേതൃത്വത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതി ആഴമേറിയ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഈ വിവാദപദ്ധതി കരിമണല്‍ഖന ലോബിയെ തടിപ്പിക്കാനും അതുവഴി കോടികള്‍ തട്ടിയെടുക്കാന്‍ തയ്യാറെടുക്കുന്ന സര്‍ക്കാര്‍ പിണിയാളുകളുടെ താല്‍പ്പര്യം സംരക്ഷിക്കാനുമുള്ളതാണെന്ന് വ്യക്തം. എതിര്‍പ്പിനെ തുടര്‍ന്ന് ഈ വിവാദപദ്ധതി പിന്‍വലിച്ചെങ്കിലും അത് നടപ്പാക്കാനുള്ള ഗൂഢശ്രമങ്ങള്‍ തുടരുകയാണ്.

എമര്‍ജിങ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര ഭൂമി ഏറ്റെടുക്കേണ്ടിവരും എന്ന് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സ്വകാര്യ കമ്പനികള്‍ക്ക് ഭൂമി കൈമാറുമ്പോള്‍ അത് കൈമാറ്റം ചെയ്യാതിരിക്കാനുള്ള വ്യവസ്ഥയില്ല. ഭൂമി പണയപ്പെടുത്താതിരിക്കാനും മേല്‍പ്പാട്ടത്തിനു കൊടുക്കാതിരിക്കാനുമുള്ള വ്യവസ്ഥയുമില്ല. ഭൂമി കൈമാറ്റവ്യവസ്ഥയില്‍ റവന്യൂവകുപ്പിന് പൂര്‍ണമായ അധികാരം നല്‍കുന്ന വ്യവസ്ഥയില്ല. പാട്ടക്കാലാവധി നിശ്ചയിച്ചിട്ടില്ല. പദ്ധതികളെപ്പറ്റി വിശദവും സമഗ്രവും ജനപക്ഷത്തുനിന്നുകൊണ്ടുള്ള കാഴ്ചപ്പാടും പഠനവും പരിശോധനയും കണക്കെടുപ്പുമില്ല. എല്ലാം സ്വകാര്യ ഏജന്‍സികളുടെ ധനാര്‍ത്തിയുടെ ലക്കും ലഗാനുമില്ലാത്ത അഴിഞ്ഞാട്ടത്തിന് വിട്ടുകൊടുക്കുന്ന ഈ സര്‍ക്കാര്‍ മൂലധന മാഫിയയുടെ ദല്ലാള്‍ജോലിയാണ് ചെയ്തുതീര്‍ക്കുന്നത്. ഭൂമിയില്‍നിന്ന് ആയിരങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നതിനെ എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത് എന്നത് ആരെയും അമ്പരപ്പിക്കും. എമര്‍ജിങ് കേരള പദ്ധതി എത്ര തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ നല്‍കുമെന്നോ, കുടിയൊഴിപ്പിക്കപ്പെടുന്നവരെ എവിടെ പുനരധിവസിപ്പിക്കുമെന്നോ വ്യക്തമാക്കപ്പെട്ടിട്ടില്ല. കേരളത്തെ നെടുകെ പിളര്‍ത്തി തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെ രണ്ടര മണിക്കൂര്‍കൊണ്ട് അതിവേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ സംസ്ഥാനത്തെ അരലക്ഷത്തിലേറെ വരുന്ന ജനങ്ങളുടെ നെഞ്ചില്‍ തുളഞ്ഞുകയറുന്ന ബുള്ളറ്റ് തന്നെയാണ്. നൂറുകണക്കിന് വീടുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആരാധനാലയങ്ങളും തൊഴിലിടങ്ങളും പുഴകളും, തോടുകളും ജലാശയങ്ങളും കണ്ടല്‍ക്കാടുകളും നീര്‍ത്തടങ്ങളും നെല്‍വയലുകളും പാടങ്ങളും തോപ്പുകളും തൊടികളും ഔഷധസസ്യങ്ങളും ജൈവവൈവിധ്യവുമെല്ലാം നശിപ്പിച്ചും ആയിരങ്ങളെ തെരുവാധാരമാക്കിയും ആരുടെ അതിവേഗയാത്രയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുരക്ഷിതമാക്കുന്നത്. തട്ടുകടകളും ലോട്ടറിയും തുണിത്തരങ്ങളും പഴങ്ങളും പച്ചക്കറികളും ഇളനീരും മത്സ്യവും മറ്റും വിറ്റ് അന്നന്നത്തെ അഷ്ടിക്കു വകനേടുന്ന ആയിരങ്ങളെ തെരുവോരങ്ങളില്‍നിന്ന് ആട്ടിയോടിച്ച് ഏത് കുലീനവര്‍ഗ സന്തതികളെയാണ് സര്‍ക്കാര്‍ പരിരക്ഷിക്കുന്നത്.

പാരിസ്ഥിതിക ആഘാതം

ഹരിതവാദികളെന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന യുഡിഎഫിലെ പുരോഗമന മുഖംമൂടിയണിഞ്ഞ നേതാക്കള്‍ നടത്തുന്ന ചക്കളത്തിപ്പോരാട്ടം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സൂത്രംമാത്രമാണ്. ഭരണപക്ഷവും പ്രതിപക്ഷവും തങ്ങള്‍തന്നെയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അടവ്. മറ്റൊരു മൗലിക താല്‍പ്പര്യംകൂടി ഹരിതവാദികളായ ഈ നേതാക്കള്‍ സംരക്ഷിക്കുന്നുണ്ട്. ഈ നേതാക്കള്‍ എമര്‍ജിങ് കേരളക്ക് അംഗീകാരം നല്‍കി ഭരണ സുഖത്തിന്റെ മാളങ്ങളിലേക്കു ഉള്‍വലിഞ്ഞാല്‍ എല്ലാ പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്ന വ്യാജബോധം സൃഷ്ടിക്കാന്‍ അത് സര്‍ക്കാരിനെയും കോര്‍പറേറ്റ് കൊള്ളക്കാരെയും സഹായിക്കും.

കാര്‍ഷിക സമൃദ്ധവും പ്രകൃതി-പരിസ്ഥിതി സമ്പന്നവുമായ കേരളം അത്യഗാധമായ പാരിസ്ഥിതിക-ജനജീവിതാഘാതങ്ങള്‍ക്ക് അടിപ്പെട്ട് തകര്‍ന്നുകൊണ്ടിരിക്കയാണ്. കപട പരിസ്ഥിതി വാദികളും ഹരിതപ്രേമികളുമായ ഉദാരവാദികള്‍ അന്തിമമായി ചേക്കേറുന്നത് ഭരണവര്‍ഗത്തിന്റേയും മൂലധനശക്തിയുടെയും താവളങ്ങളിലാണ്. അധ്വാനിച്ചു ജീവിക്കുന്ന ജനങ്ങളുടെ ജീവിതവും ജീവിതാവസ്ഥകളുമായി ബന്ധപ്പെട്ട് വളര്‍ന്നുവന്നതുകൂടിയാണ് നമ്മുടെ പരിസ്ഥിതിയെന്ന് ഈ ഹരിതപ്രേമികള്‍ക്കറിയില്ല. ജലാശയങ്ങളും പാടങ്ങളും മേടുകളും സസ്യജാലവും തോപ്പുകളുമെല്ലാം ജനങ്ങളുടെ സാമൂഹികവും ചരിത്രപരവുമായ അധ്വാനശക്തി ഉള്‍ച്ചേര്‍ന്ന് ഉയര്‍ന്നുവന്നതാണെന്നറിയാത്തതാണ് കേവല പാരിസ്ഥിതികവാദത്തിന്റെ അടിസ്ഥാന ദൗര്‍ബല്യം. കാര്‍ഷികോല്‍പ്പാദനത്തിലെ വിഭിന്ന മാതൃകകള്‍ മുതല്‍ അധ്വാനത്തിന്റെ വിവിധഘട്ടങ്ങളിലൂടെ കടന്നു പോവുന്നതിനിടയില്‍ ഒട്ടേറെ ജന്തു-ജീവജാലത്തിന്റെ വളര്‍ച്ചയ്ക്കും ജൈവാവാസവ്യവസ്ഥയുടെ പുനഃസംഘാടനത്തിനും മനുഷ്യസമൂഹം വഴിതെളിച്ചിട്ടുണ്ട് എന്ന യാഥാര്‍ഥ്യം കേവല പരിസ്ഥിതി പ്രേമികള്‍ക്കറിയില്ല. പട്ടുവസ്ത്രനിര്‍മാണം, തേന്‍സംഭരണം, വൃക്ഷ-സസ്യ ഉല്‍പ്പാദനം, കന്നുകാലി വളര്‍ത്തല്‍ തുടങ്ങി നിരവധി മാര്‍ഗങ്ങളിലൂടെ പാരിസ്ഥിതിക മേഖലയില്‍ പുനഃസംഘാടനം നടത്താനുള്ള മനുഷ്യന്റെ കഴിവ്, മനുഷ്യനെ ഇതര ജീവരാശിയില്‍നിന്ന് വ്യത്യസ്തനാക്കുന്നു. എന്നാല്‍ മുതലാളിത്തത്തിന്റെ നഗ്നമായ ചൂഷണരീതികള്‍ ഭൂമിയില്‍നിന്ന് പല ജീവരാശിയെയും ഉന്മൂലനം ചെയ്യുന്നതിനും പലതിനും ഭീഷണിയുയര്‍ത്തുന്നതിനും ഇടയാക്കിയിരിക്കുന്നു. മുതലാളിത്ത മൂലധനത്തിന്റെ അനിയന്ത്രിതമായ ഈ കുത്തൊഴുക്കില്‍പെട്ട് അതിഭീകരമായ പരിസ്ഥിതി നാശമുണ്ടാവുമ്പോള്‍, മനുഷ്യരാശിയുടെ ഈ പരിസ്ഥിതി പുനഃസംഘാടനത്തിന്റെ ചിത്രം വിസ്മൃതമാവുന്നുവെന്നതാണ് യാഥാര്‍ഥ്യം. പ്രകൃതി-പരിസ്ഥിതി സംരക്ഷണം തൊഴില്‍, വിദ്യാഭ്യാസം, വികസനം, പുരോഗതി തുടങ്ങിയ ആശയങ്ങളെയെല്ലാം സമഗ്രവും പരസ്പര പൂരകവുമായിട്ടാണ് മാര്‍ക്സിസം വിശകലനം ചെയ്യുന്നത്.

മൂലധനത്തിന്റെ സമ്പൂര്‍ണമായ ആവാഹനഘട്ടമാണ് ആഗോളവല്‍ക്കരണകാലം. മൂലധനത്തിന്റെ സ്ഫോടനാത്മകമായ ഈ വികാസഘട്ടം എല്ലാറ്റിന്റെയും മേല്‍ സര്‍വാധിനിവേശം നടത്തുന്നു. അടിത്തറയെ അത് ഉപരിഘടനയാക്കുന്നു. (മൂലധനത്തിന്റെ മലവെള്ളപ്പാച്ചിലില്‍ കൃഷിയെന്നത് വിസ്മൃത സംസ്കാരമോ കേവലം അക്കാദമിക് വിഷയമോ ആയി അധഃപതിക്കുന്നത് ഉദാഹരണം) ഉപരിഘടനയായിരുന്നത് അടിത്തറയാവുന്നു. (മാധ്യമ-ഭാഷാകേന്ദ്രിത സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍) അടിത്തറ/ഉപരിഘടന ദ്വന്ദത്തെ മൂലധനസര്‍വാധിനിവേശം പൊളിച്ചെഴുതുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അത് മൂലധനമാഫിയകളുടെ ചെരുപ്പുനക്കികളായ ദല്ലാളന്മാരായി അധഃപതിപ്പിക്കുന്നു. ഇടത്തരക്കാരെ തെരുവാധാരമാക്കുന്നു. ദല്ലാളന്മാരെയും ഊഹക്കച്ചവടക്കാരെയും കൊള്ളപ്പലിശക്കാരെയും ശതകോടീശ്വരന്മാരാക്കുന്നു. കൃഷിക്കാരെ പാപ്പരാക്കി മരണത്തിലേക്ക് വലിച്ചെറിയുന്നു. തൊഴിലാളികളെ കടക്കെണിയിലാഴ്ത്തുന്നു. സ്ത്രീകളെ അധമമായ ജോലികളിലേക്കും ലൈംഗിക ചൂഷണത്തിലേക്കും വലിച്ചെറിയുന്നു. ബുദ്ധിജീവികളെ മൂലധനതാല്‍പ്പര്യങ്ങളുടെ ഗുണഭോക്താക്കളാക്കി അധഃപതിപ്പിക്കുന്നു. ഭാഷയെയും സംസ്കാരത്തെയും ചരിത്രത്തെയും അത് ഉപഭോഗവസ്തുക്കളും വില്‍പ്പനച്ചരക്കുകളുമാക്കി നശിപ്പിക്കുന്നു. ഉല്‍പ്പാദനാത്മകമായ മൂലധനത്തിന്റെ സ്ഥാനത്ത് മൃതമായ മൂലധനം, വാണിജ്യാധിഷ്ഠിതവും ഉപഭോഗാധിഷ്ഠിതവുമായ ഒരു ലോകം സൃഷ്ടിച്ച് ബഹുഭൂരിപക്ഷത്തെ പാപ്പരാക്കുകയും പരിസ്ഥിതിയില്‍ ആഴമേറിയ ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു.

മുതലാളിത്തവുമായി ബന്ധപ്പെട്ട ഈ പ്രതിസന്ധിയാണ് പാരിസ്ഥിതിക പ്രശ്നങ്ങളുടെ അടിത്തറ എന്നര്‍ഥം. മൃതമൂലധനം അധ്വാനശക്തിയുടെ സഹായമില്ലാതെതന്നെ മിച്ചമൂല്യം കുന്നുകൂട്ടാനുള്ള തത്രപ്പാടിലാണ്. പരസ്യങ്ങളുടെ ഭയാനകലോകത്തില്‍ ഒരാള്‍ക്ക് അധ്വാനശക്തി ചെലവഴിക്കാതെ തന്നെ വരുമാനം സൃഷ്ടിക്കാനും ഊഹക്കച്ചവടക്കാര്‍ക്ക് നിര്‍ലോപം മൂലധന മേഖലയില്‍ അഴിഞ്ഞാട്ടം നടത്താനും കഴിയുന്നു.

അന്താരാഷ്ട്ര കോര്‍പറേറ്റ് ഭീമന്മാരുടെ വലയിലകപ്പെട്ട ഗാന്ധിശിഷ്യന്മാരായ കോണ്‍ഗ്രസ് നേതൃത്വവും ഗോഡ്സെ ശിഷ്യരായ സംഘപരിവാര്‍ നേതൃത്വവും ഇന്ത്യയെ വലിച്ചിഴച്ചുകൊണ്ടുപോവുന്നത് പിന്മടക്കമില്ലാത്ത ഒരു ആത്മഹത്യാ മുനമ്പിലേക്കാണ്. സമുദ്രസമ്പത്തും സമുദ്രതീരവും പുഴകളും ജലാശയങ്ങളും മണ്ണും മണലും പാറകളും പാടങ്ങളും കുന്നുകളും കാടുകളും മരങ്ങളും സസ്യങ്ങളും മുതല്‍ പൂക്കളെയും പുഴുക്കളെയും ഔഷധങ്ങളെയും ജൈവവൈവിധ്യങ്ങളെയും ആവാസവ്യവസ്ഥയേയും എന്തിന് മനുഷ്യരക്തത്തെയും ബീജത്തെയും അവയവങ്ങളെയും വരെ കൊള്ളചെയ്ത് വില്പനച്ചരക്കാക്കുന്നു. ഇതിന്റെയെല്ലാം വിശ്വരൂപമാണ് കേരളത്തില്‍ കാണുന്നത്. കൊട്ടാരങ്ങളും ചരിത്രസ്മാരകങ്ങളും ഹോട്ടലുകളാവുന്നു. ആദിവാസികളും വനജീവികളും സൈ്വരമായി ജീവിച്ചുപോന്ന വനങ്ങള്‍ ടൂറിസം മാഫിയയുടെ വിഹാരരംഗമായി അധഃപതിക്കുന്നു. കായലുകള്‍ നികത്തി ബാര്‍ഹോട്ടലുകള്‍ ഉയരുന്നു. കണ്ടല്‍ക്കാടുകളും പാടങ്ങളും നികത്തി റിസോര്‍ട്ടുകളും നിശാ നൃത്തശാലകളും ഉയരുന്നു. സാംസ്കാരികകേന്ദ്രങ്ങള്‍ മയക്കുമരുന്നു കേന്ദ്രങ്ങളാവുന്നു. തിരുവനന്തപുരത്തെ കഠിനംകുളം കായല്‍, വേളി കായല്‍, കേരളത്തിലെ രണ്ടാമത്തെ ശുദ്ധജല തടാകമായ വെള്ളായണി കായല്‍ എന്നിവയെല്ലാം ഇത്തരം ഭീഷണികളെ നേരിടുകയാണ്.

നഗരവാസികളും ഹോട്ടലുടമകളും ബാര്‍മുതലാളിമാരും പ്ലാസ്റ്റിക് സഞ്ചികളിലാക്കി വലിച്ചെറിയുന്ന മാലിന്യം കുന്നുകൂടുന്ന നഗരങ്ങളും ഗ്രാമങ്ങളും ഇന്ന് കേരളത്തിന് തീരാശാപമായിമാറിയിരിക്കുന്നു. ഗ്രാമങ്ങള്‍ നഗരമാലിന്യം പേറേണ്ട പ്രദേശങ്ങളാണെന്ന ധാരണ ഭരണവര്‍ഗവും പൊതുസമൂഹവും കോടതികള്‍പോലും കൈയൊഴിഞ്ഞിട്ടില്ല. തിരുവനന്തപുരം നഗരത്തില്‍ മാത്രം 250 ടണ്‍ മാലിന്യം പ്രതിദിനം വലിച്ചെറിയപ്പെടുകയാണ്. പ്ലാസ്റ്റിക് ബാഗുകള്‍ പൊതുനിരത്തുകളിലിട്ട് കത്തിക്കുന്നു. മാലിന്യവിഷം കലര്‍ന്നൊഴുകുന്ന നദികളും മറ്റും സ്ഥിരം കാഴ്ചയാണ്. ഇതിന്റെയെല്ലാം ഫലമായി മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നു. രൂക്ഷമാവുന്ന മാലിന്യപ്രശ്നത്തെപ്പോലും വ്യവസായമാക്കി അധഃപതിപ്പിച്ച് പണമുണ്ടാക്കാന്‍ വേണ്ടി വന്‍കിട കമ്പനികള്‍ നടത്തുന്ന നീക്കങ്ങളാണ് നാം കാണുന്നത്. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന മാലിന്യപ്രശ്നത്തിന് ആരോഗ്യകരവും ശാശ്വതവുമായ പരിഹാരം കാണാന്‍കഴിയാത്ത സാഹചര്യത്തില്‍ പുതിയപദ്ധതികള്‍ കൂടി വന്നുകഴിഞ്ഞാലത്തെ സ്ഥിതി എന്തുഭയാനകമായിരിക്കും. മാലിന്യപ്രശ്നത്തിന്റെ ഇരകളാവുന്നതില്‍ നല്ലൊരുഭാഗവും പാവപ്പെട്ട ജനങ്ങളാണ് എന്നതാണ് മാലിന്യത്തിന്റെ വര്‍ഗരാഷ്ട്രീയം.

കേവലം സാങ്കേതികവും ശാസ്ത്രപരവുമായി പരിഹരിക്കാന്‍ കഴിയുന്നതല്ല മാലിന്യപ്രശ്നം എന്നതാണ് നാം തിരിച്ചറിയേണ്ടത്. ഒരിഞ്ചുപോലും ഭൂമിയില്ലാത്തതും പൂര്‍ണമായും കോണ്‍ക്രീറ്റ് വല്‍ക്കരിക്കപ്പെട്ടതുമായ വീടുകളും കൂരകളുമാണ് നഗരങ്ങളില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ ദരിദ്ര-ഇടത്തരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യമാലിന്യം സംസ്കരിക്കാന്‍ ഇടവുമില്ല. ഭൂമാഫിയകളും കൊള്ളപ്പലിശക്കാരും അവരുടെ ബിനാമികളും വ്യാപാരികളും കരാറുകാരും ചേര്‍ന്നുരൂപപ്പെട്ട ക്ലോണിക്യാപ്പിറ്റലിസത്തിന്റെ ഭാഗമായി സാധാരണജനങ്ങള്‍ക്ക് നഗരത്തില്‍ ഭൂമി ലഭ്യമാവുന്നില്ല. നല്ലഭാഗം ചേരികളിലേക്കും മറ്റും ആട്ടിപ്പായിക്കപ്പെടുന്നു. ഭൂമിയുടെ മേലുള്ള സ്വകാര്യ ഉടമസ്ഥതയും വര്‍ധിച്ചുവരുന്ന ഭൂമി വാങ്ങിക്കൂട്ടലും ഭൂപരിഷ്കരണത്തെ അട്ടിമറിച്ചുകൊണ്ടുള്ള വനം കൃഷിഭൂമി കൈയേറ്റവും പാവപ്പെട്ടവരുടെ ഭൂമി അന്യാധീനപ്പെടലും മാലിന്യപ്രശ്നത്തെ രൂക്ഷമാക്കിയ അടിസ്ഥാന ഘടകങ്ങളാണ് എന്നു തിരിച്ചറിയാതെ ഈ പ്രശ്നം ചുളിവില്‍ പരിഹരിക്കാമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും.

ഭൂമിയിലെ സ്റ്റേറ്റ്, സ്വകാര്യ മുതലാളിത്തം

കേരളത്തിന്റെ വര്‍ധിച്ചുവരുന്ന തൊഴില്‍പ്രശ്നം, സാമ്പത്തികാസമത്വം, സാമൂഹികമര്‍ദനം, പാരിസ്ഥിതിക ദുരന്തങ്ങള്‍ ഇവയുടെയെല്ലാം അടിവേരുകള്‍ അന്വേഷിക്കുമ്പോള്‍ ചെന്നെത്തുന്നത് ഉല്‍പ്പാദനരംഗത്തെ അടിസ്ഥാനപരമായ പ്രതിസന്ധിയിലാണ്. കാര്‍ഷികമേഖലയും പരമ്പരാഗത വ്യവസായമേഖലയും നേരിടുന്ന മൗലികമായ പ്രതിസന്ധികള്‍ പരിഹരിക്കാതെയുള്ള ഏതൊന്വേഷണവും പദ്ധതിസംരംഭങ്ങളും എരിതീയില്‍ എണ്ണയൊഴിക്കുന്നതിനേ ഉപകരിക്കുള്ളൂവെന്നതാണ് യാഥാര്‍ഥ്യം.

കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയുടെ സിംഹഭാഗവും കൃഷി അസാധ്യമാവുംവിധം സര്‍ക്കാരിന്റെയോ സ്വകാര്യകുത്തകകളുടെയോ കീഴിലാണ് എന്നതാണ് നമ്മുടെ കാര്‍ഷിക പ്രതിസന്ധിയുടെ രഹസ്യം. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടാണ് നല്ലൊരു ഭാഗം കൃഷിഭൂമിയും തോട്ടം മേഖലയാക്കി പരിവര്‍ത്തിപ്പിച്ചത്. വ്യവസായാടിസ്ഥാനത്തിലുള്ള നാണ്യവിളകള്‍ കൃഷിചെയ്യുന്ന ഇത്തരം ആയിരക്കണക്കിന് ഏക്കര്‍ എസ്റ്റേറ്റുഭൂമികള്‍ കൈവശം വയ്ക്കുന്നതിന് ഒരു പരിധിയുമില്ല. കൊളോണിയല്‍ ഭരണകാലത്തു നിലനിന്ന വന-തോട്ടം ഭൂ നിയമങ്ങളുടെ പഴുതുകളുപയോഗിച്ചുകൊണ്ട് പുത്തന്‍ ഭൂവുടമകള്‍ ഭൂമിയില്‍ അധീശത്വം സ്ഥാപിച്ചത് നമ്മുടെ കാര്‍ഷികോല്‍പ്പാദനത്തെയും ഭൂവിതരണത്തെയും സാമ്പത്തിക-സാമൂഹിക സമത്വസങ്കല്‍പ്പത്തെയുമാണ് അട്ടിമറിച്ചത്.

പരമ്പരാഗതമായി കാര്‍ഷികവൃത്തിയിലേര്‍പ്പെട്ട ദളിതരും ആദിവാസികളുമടങ്ങുന്ന വലിയ വിഭാഗം ജനത കൃഷിഭൂമിയില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടു. ഇന്ന് ഒന്നേകാല്‍ ലക്ഷത്തിലധികം ഏക്കര്‍ വനഭൂമി കേരളത്തിലുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ 42,420 ഏക്കര്‍ ഭൂമി കൈയേറ്റക്കാരുടെ പിടിയിലാണ്. ആകെ സര്‍ക്കാര്‍ വനഭൂമിയുടെ മൂന്നിലൊന്ന് ഭൂമാഫിയകളുടേയും മറ്റു കൈയേറ്റക്കാരുടെയും അധീനതയിലാണ് എന്നര്‍ഥം. കേരളത്തിലെ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കാണിത്. യഥാര്‍ഥ കൈയേറ്റം ഇതിലുമധികം വരും.

കേരളത്തിന്റെ കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ പ്രതിസന്ധിയും ഉല്‍പ്പാദന മുരടിപ്പും തൊഴിലില്ലായ്മയും പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചയും, സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെത്തന്നെ മാറ്റിമറിച്ചിരിക്കുന്നു. പ്ലാനിങ് ബോര്‍ഡ് പ്രസിദ്ധീകരിച്ച എക്കണോമിക് റിവ്യൂവിന്റെ 2011-ലെ പതിപ്പില്‍ കേരളത്തിന്റെ തൊഴിലില്ലാത്ത അഭ്യസ്തവിദ്യരുടെ കണക്ക് 4342 ലക്ഷമാണ്. കാര്‍ഷികമേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടേയും കര്‍ഷകത്തൊഴിലാളികളുടെയും കര്‍ഷകരുടെയും എണ്ണം ഗണ്യമാംവിധം കുറഞ്ഞിരിക്കുന്നു. കാര്‍ഷികോല്പ്പന്നങ്ങള്‍ക്കും ആഹാരത്തിനുംവേണ്ടി കേരളം സഹോദരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഭൂരഹിതരായ ആളുകളുടെ എണ്ണം വര്‍ധിച്ചതോടെ സാമ്പത്തികാസമത്വം മൂര്‍ച്ഛിച്ചു.

തൊഴില്‍രഹിതരായ അനേകലക്ഷമാളുകള്‍ തൊഴിലന്വേഷിച്ച് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ചേക്കേറി. ബാക്കിവരുന്നവര്‍ കുറഞ്ഞകൂലിക്ക് തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരായി. മുപ്പതുലക്ഷത്തിലധികം വരുന്ന പീടിക-ഹോട്ടല്‍ തൊഴിലാളികള്‍ ഇന്നും അസംഘടിതരാണ്. വളരെ കുറഞ്ഞകൂലിയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. പരമ്പരാഗത തൊഴില്‍ മേഖലയുടെ തകര്‍ച്ച, തോട്ടം തൊഴിലാളികള്‍ നേരിടുന്ന കടുത്ത ചൂഷണം എന്നിവയെല്ലാം പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു. കൊളോണിയല്‍ ഭൂനിയമം പൊളിച്ചെഴുതി വനം-തോട്ടം ഭൂമികള്‍ പരമ്പരാഗത കൃഷിക്കും പരമ്പരാഗത തൊഴിലുകള്‍ക്കും അനുയോജ്യമാക്കിയിരുന്നെങ്കില്‍ കേരളത്തിന്റെ അടിസ്ഥാന സാമ്പത്തിക വ്യവസ്ഥ പരിരക്ഷിക്കാമായിരുന്നു. സര്‍ക്കാര്‍ വനഭൂമി അവിടെ പരമ്പരാഗതമായി അധിവസിച്ചുപോന്ന ആദിവാസികള്‍ക്കും മറ്റുകൃഷിക്കാര്‍ക്കും അധ്വാനിച്ചും വീടുവച്ചും ജീവിക്കാന്‍ പാകത്തില്‍ ഉപയോഗപ്പെടുത്തുക, തോട്ടം ഭൂനിയമം പൊളിച്ചെഴുതി അതെല്ലാം ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നശേഷം, അത് ഭൂരഹിതര്‍ക്കും കൃഷിക്കാര്‍ക്കുമായി പുനര്‍വിതരണം നടത്തുക എന്നതെല്ലാം എളുപ്പമുള്ള വിഷയങ്ങളല്ല. കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍പ്പെടുന്നവയാണവ.

എന്നാല്‍ അത് പൊളിച്ചെഴുതി സമഗ്രമായ കാര്‍ഷികവിപ്ലവം നടത്താനാവശ്യമായ പ്രക്ഷോഭസമരങ്ങള്‍മാത്രമേ ഇനി പരിഹാരമാര്‍ഗമായുള്ളൂ. അസംസ്കൃത വസ്തുക്കള്‍ മൂലധനഭീമന്മാര്‍ക്കുവേണ്ടി കയറ്റി അയയ്ക്കാനും ആഡംബര വസ്തുക്കള്‍ ഇറക്കുമതിചെയ്യാനുമുള്ള സംസ്ഥാനമാണ് കേരളം എന്ന കൊളോണിയല്‍ സങ്കല്‍പനത്തിനു മുകളിലാണ് ഇന്നത്തെ മൂലധനമാഫിയകളും മറ്റും സൈ്വരവിഹാരം നടത്തുന്നത്. വെള്ളക്കോളര്‍ ജോലിയോടുള്ള ആസക്തി, മേലനങ്ങാതെ പണമുണ്ടാക്കുക, ആഡംബരജീവിതം നയിക്കുക, കാര്‍ഷിക വൃത്തിയിലുള്ള വിരക്തി തുടങ്ങിയവയെല്ലാം ഈ അടിത്തറയില്‍ നിന്നും ഉയര്‍ന്നുവന്നതാണ്. എമര്‍ജിങ് കേരളയുമായി ഉയര്‍ന്നുവന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടത് ഈ അടിസ്ഥാനസാമ്പത്തിക കാഴ്ചപ്പാടില്‍നിന്നുകൊണ്ടായിരിക്കണം. കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ന്യായവാദം.

എമര്‍ജിങ് കേരള പദ്ധതിയെ എതിര്‍ക്കുന്നവരെല്ലാം വികസന വിരോധികളാണ് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇത് പഴകി ജീര്‍ണിച്ച ഒരാരോപണമാണ്. ഇടതുപക്ഷപ്രസ്ഥാനം വികസനത്തിനെതിരല്ല, ശാസ്ത്രസാങ്കേതിക പുരോഗതിയും അറിവുകളും സമൂഹത്തിന്റെ മൊത്തം ക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്തുക എന്നതായിരിക്കണം അടിസ്ഥാനപരമായ കാഴ്ചപ്പാട്. സാമ്പത്തിക സമത്വം, സാമൂഹിക തുല്യത, പ്രാന്തവല്‍ക്കൃതരുടെയും ദളിത് -ആദിവാസി-സ്തീ സമൂഹങ്ങളുടെയും അടിസ്ഥാനപ്രശ്നങ്ങള്‍ എന്നിവയെല്ലാം ഉല്‍ക്കൊള്ളുന്നതും പ്രകൃതി-പാരിസ്ഥിതിക-ആവാസവ്യവസ്ഥകളെ പരിരക്ഷിക്കുന്നതുമായ ഒരു ജനാധിപത്യസമൂഹമായിരിക്കണം വികസനപദ്ധതികളിലൂടെ ഉയര്‍ന്നുവരേണ്ടത്. എന്നാല്‍ ഉമ്മന്‍ചാണ്ടി നേതൃത്വംകൊടുക്കുന്ന സര്‍ക്കാരിന് ഇത്തരമൊരു കാഴ്ചപ്പാട് ഇല്ല എന്നുമാത്രമല്ല, അത് സംരക്ഷിക്കുന്നത് അധോലോകമൂലധനമാഫിയകളുടെ ധനാസക്തിയെയാണ്.

ഉല്‍പ്പാദനാധിഷ്ഠിതമായ തൊഴില്‍ മേഖലയക്കുപകരം ഉപഭോഗാധിഷ്ഠിതവും കമ്പോളാധിഷ്ഠിതവുമായ ഒരു പിടി കുലീനവര്‍ഗത്തിന്റെ ലാഭക്കൊതി പൂവണിയുന്ന പദ്ധതിയാണിത്. കാര്‍ഷികമേഖലയെ പുരോഗതിയിലേക്ക് നയിക്കുന്ന ഒന്നും ഈ പദ്ധതിയിലില്ല എന്നുമാത്രമല്ല കേരളത്തിലെ അവശേഷിക്കുന്ന കാര്‍ഷികമേഖലയെത്തന്നെ കുഴിച്ചുമൂടുന്ന ക്രൂരമായ പദ്ധതിയാണ് കൃഷിഭൂമിയും ജലാശയങ്ങളും മണ്ണിട്ട് കുന്നാക്കിയും കുന്നിടിച്ച് ഭൂമി നിലംപരിശാക്കിയും പാവപ്പെട്ടവന്റെ പറമ്പും തൊടിയും തുരന്ന് തുരങ്കമൂണ്ടാക്കിയും എന്തിന് വായു, ജലം, മണ്ണ്, ആഹാരം എന്നിവയിലെല്ലാം വിഷംകലര്‍ത്തി ജീവരാശിയെത്തന്നെ അപായപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികളാണ് ഇവിടെ നടപ്പിലാവാന്‍ പോവുന്നത്.

ബുള്ളറ്റ് ട്രെയിനും വിമാനത്താവളങ്ങളും റിസോര്‍ട്ടുകളും മസാജ് പാര്‍ലറുകളും നിശാനൃത്തശാലകളും കാബറേ തിയേറ്ററുകളും ചൂതാട്ട കേന്ദ്രങ്ങളും എല്ലാം ഉയര്‍ന്നുവരുമ്പോള്‍ ദുരിതക്കയത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുന്ന ജനങ്ങള്‍ അവര്‍ പതിനായിരങ്ങളാണ് എന്നതും നഷ്ടപ്പെടുന്നത് ഉമ്മന്‍ചാണ്ടിയുടെ വിദേശനിക്ഷേപകര്‍ക്കോ മൂലധനശക്തികള്‍ക്കോ ഒരിക്കലും നികത്താനാവാത്ത കേരളത്തിന്റെ ഭാവിയാണ് എന്നതും ചോദ്യചിഹ്നമായി നിലനില്‍ക്കും. അനേകരാജ്യങ്ങളെയും അവയുടെ സമ്പദ്ഘടനയെയും തകര്‍ത്തുതരിപ്പണമാക്കിയ ഈ കോര്‍പറേറ്റ് പരീക്ഷണങ്ങളുടെ ഇരയാക്കി കേരളത്തെ പിച്ചിച്ചീന്തുന്നതിന് ദല്ലാള്‍ പണിചെയ്യുന്നവരില്‍ കമ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന വ്യാജ സാമ്പത്തികവിദഗ്ധരും ഉള്‍പ്പെടുന്നുവെന്നത് ചിരിക്കാന്‍ വക നല്‍കുന്നു.

*
പി പി സത്യന്‍ ദേശാഭിമാനി വാരിക 23 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നാളിതുവരെയില്ലാത്ത ബഹുജനപ്രക്ഷോഭത്തിന് സംസ്ഥാനം സാക്ഷ്യംവഹിക്കാന്‍ പോകുകയാണ്. മൂലധന മാഫിയയുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ അകപ്പെട്ട് കേരളത്തിന്റെ പ്രകൃതിസമ്പത്തും പരിസ്ഥിതിയും ജനജീവിതവും തവിടുപൊടിയാവുക എന്നതുതന്നെയായിരിക്കും യുഡിഎഫ് സര്‍ക്കാരിന്റെ "എമര്‍ജിങ് കേരള" പദ്ധതിയുടെ ഫലം. 2003 ല്‍ യുഡിഎഫ് സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള മൂലധനിക്ഷേപ മാമാങ്കത്തിന്റെ തുടര്‍ച്ചയാണ് എമര്‍ജിങ് കേരള പദ്ധതി. പിന്മടക്കവും പരിഹാരവുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള അമേരിക്കയിലെയും മറ്റും കോര്‍പറേറ്റ് ഭീമന്മാരുടെ കഴുകന്‍ കണ്ണുകള്‍ കേരളത്തെ ലക്ഷ്യമിടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നവോത്ഥാന-ഇടതുപക്ഷപ്രസ്ഥാനങ്ങളിലൂടെ രൂപംകൊണ്ട കേരളത്തിന്റെ അടിസ്ഥാന മാതൃകകള്‍ ലോകപ്രസിദ്ധമാണ്.