Saturday, September 22, 2012

കേരകര്‍ഷകന്റെ കഥകഴിക്കുന്നു

കേരകര്‍ഷകര്‍ അതിരൂക്ഷമായ പ്രതിസന്ധി നേരിടുമ്പോഴും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സംഗത തുടരുകയാണ്. തേങ്ങവില മൂന്നുരൂപയായി താണതോടെ കേരകൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജനലക്ഷങ്ങളുടെ ജീവിതമാണ് വഴിമുട്ടിയത്. അവരുടെ വിഷമതകള്‍ കേള്‍ക്കാനോ പ്രശ്നം പരിഹരിക്കാനോ അധികൃതര്‍ക്ക് താല്‍പ്പര്യമില്ലാതായി. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങളുടെ നേര്‍ഫലമായുള്ള ദുരന്തമാണിത്. ഒരു വശത്ത് വെളിച്ചെണ്ണ കയറ്റുമതിചെയ്യുന്നത് നിരോധിച്ചു. മറുവശത്ത് പാമോയില്‍ നിയന്ത്രണരഹിതമായി ഇറക്കുമതിചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തു. പാം-കെര്‍ണല്‍ ഓയില്‍ വ്യാപകമായി കമ്പോളങ്ങളില്‍ നിറയുകയും വെളിച്ചെണ്ണയ്ക്ക് വില്‍പ്പന കുറയുകയുംചെയ്തു. രാജ്യത്തിനാവശ്യമായതാണോ അല്ലയോ എന്നുപോലും നോക്കാതെ വിദേശതാല്‍പ്പര്യത്തില്‍, നിരോധിതലിസ്റ്റില്‍നിന്ന് നിയന്ത്രിത ഇറക്കുമതി ലിസ്റ്റിലേക്കും അതില്‍നിന്ന് നിയന്ത്രണരഹിത ഇറക്കുമതിലിസ്റ്റിലേക്കും

ഉല്‍പ്പന്നങ്ങളെ മാറ്റുന്ന ഉദാരവല്‍കൃത ഇറക്കുമതിനയം രാജ്യത്തിന്റെ നാനാഭാഗങ്ങളിലും വിനാശം വിതയ്ക്കുകയാണ്. യുപിഎ സര്‍ക്കാര്‍ കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് നാനൂറ്റിപതിനെട്ടിനങ്ങളെയാണ് ഇങ്ങനെ പട്ടികമാറ്റി നിയന്ത്രണരഹിത ഇറക്കുമതി അനുവദിക്കുന്ന നിലയിലാക്കിയത്. വളരെമുമ്പ് ആഭ്യന്തര ഉല്‍പ്പന്നങ്ങളെ സംരക്ഷിക്കാന്‍ സമാനസ്വഭാവത്തിലുള്ള ഇനങ്ങളുടെ ഇറക്കുമതി തീര്‍ത്തും നിരോധിച്ചിരുന്നു. പിന്നീട് ഉയര്‍ന്ന കയറ്റുമതിചുങ്കം കെട്ടിയാല്‍ ഇറക്കുമതിചെയ്യും എന്ന അവസ്ഥയായി. തുടര്‍ന്ന് ഇറക്കുമതിച്ചുങ്കം പടിപടിയായി കുറയ്ക്കുകയോ പാടേ നീക്കുകയോ ചെയ്തു. ഇതിന്റെ ഫലമായി ഇറക്കുമതി കാര്‍ഷികോല്‍പ്പന്നങ്ങള്‍ കമ്പോളങ്ങളില്‍ വന്ന് നിറയുന്ന നിലയായി. ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പോളം കിട്ടാതെവരുന്ന അപകടം ഒഴിവാക്കാനായിരുന്നു അത്തരം ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെ ചുങ്കം ഉയര്‍ത്തി നിശ്ചയിച്ചിരുന്നത്. രാജ്യത്തെ കര്‍ഷകരോടല്ല, മറിച്ച് വിദേശ വാണിജ്യ സ്ഥാപനങ്ങളോടും അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളോടും അവയെ നിയന്ത്രിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തോടുമാണ് കേന്ദ്ര ഭരണാധികാരികള്‍ക്ക് കൂറ് എന്ന് വന്നതോടെയാണ് വിപല്‍ക്കരമായ സ്ഥിതിവിശേഷമുണ്ടായത്.

ഇവിടെ ഈ വിധത്തില്‍ നയം മാറികൊണ്ടിരുന്ന ഇതേ കാലയളവിലാണ് മലേഷ്യയിലും മറ്റും അമേരിക്കന്‍ കോര്‍പറേറ്റുകള്‍ സ്ഥലമേറ്റെടുത്ത് വ്യാപകമായി പാമോയില്‍ കൃഷി ആരംഭിച്ചത്. അവര്‍ ഉണ്ടാക്കുന്ന പാം- കെര്‍ണല്‍ ഓയില്‍ വിറ്റഴിക്കാനായി കേരളത്തിലെ കേരകര്‍ഷകരുടെ കഥകഴിക്കുക എന്ന കൃത്യമാണ് യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വെളിച്ചെണ്ണയ്ക്ക് 65 രൂപ വിലയുള്ളപ്പോള്‍ പാം-കെര്‍ണല്‍ ഓയില്‍ 56 രൂപയ്ക്ക് കമ്പോളത്തിലെത്തിക്കുന്ന നിലയായി. പാം-കെര്‍ണല്‍ ഓയില്‍ വെളിച്ചെണ്ണയെ വ്യാപകമായി പകരംവച്ചു. വെളിച്ചെണ്ണ കയറ്റുമതിചെയ്യുന്നത് നിരോധിക്കുകകൂടി ചെയ്തതോടെ നാളികേരത്തിന് ആഭ്യന്തര കമ്പോളവുമില്ല, വിദേശകമ്പോളവുമില്ല എന്ന സ്ഥിതിവന്നു. കര്‍ഷകര്‍ വലഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ നിലനില്‍ക്കെയാണ് സംസ്ഥാന സര്‍ക്കാര്‍കൂടി കേരകര്‍ഷകരെ കൈയൊഴിഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ കൊപ്ര- തേങ്ങാ സംഭരണം പൂര്‍ണമായി നിലച്ചു. കര്‍ഷകന് ന്യായവില ഉറപ്പാക്കി തേങ്ങയും കൊപ്രയും സംഭരിക്കുന്ന ഏര്‍പ്പാട് സര്‍ക്കാര്‍ അവസാനിപ്പിച്ചു. 5100 രൂപയാണ് സംഭരണവിലയായി പ്രഖ്യാപിച്ചത്. അതുതന്നെ അപര്യാപ്തമാണ്. നാമമാത്രമായ ചില സംഭരണങ്ങള്‍ ആദ്യഘട്ടത്തില്‍ നടത്തിയതൊഴിച്ചാല്‍ പ്രഖ്യാപിത സംഭരണവിലയ്ക്ക് കര്‍ഷകരില്‍നിന്ന് തേങ്ങയും കൊപ്രയും ഏറ്റെടുക്കുന്ന പരിപാടി ഇല്ലാതായി. സംഭരണച്ചുമതലയുള്ള കേരഫെഡും മാര്‍ക്കറ്റ് ഫെഡും കര്‍ഷകരെ കൈയൊഴിഞ്ഞു. എട്ടു മാസങ്ങള്‍കൊണ്ട് പതിനായിരം ടണ്‍പോലും ഏറ്റെടുത്തില്ല എന്നറിയുമ്പോള്‍ ഇവരുടെ ഇടപെടല്‍ ഏത് വിധത്തിലായിരുന്നു എന്നത് വ്യക്തമാകും. സംഭരിച്ചവ സഹകരണ സംഘങ്ങളില്‍നിന്ന് ഏറ്റെടുക്കാത്തതും സ്ഥിതി ഗുരുതരമാക്കി. സര്‍ക്കാര്‍ ഫാമുകളിലടക്കം ലക്ഷക്കണക്കിന് തേങ്ങ നശിക്കുന്ന നിലയായി. കര്‍ഷകന് മൂന്നുരൂപപോലും വില കിട്ടാത്തപ്പോഴും സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പതിനഞ്ച് രൂപയ്ക്ക് മുകളില്‍ വില നിശ്ചയിച്ച് തേങ്ങ ഉപയോക്താക്കള്‍ക്ക് കൊടുക്കുന്നു. ഇടനിലക്കാരും സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റ് ഉടമകളും ഇതിനിടയില്‍ ലാഭംകൊയ്യുന്നുവെന്നര്‍ഥം. ഇരട്ടച്ചൂഷണമാണ് ഇവിടെ നടക്കുന്നത്. ഒരു വശത്ത് കര്‍ഷകന് ന്യായവില നിഷേധിക്കുന്നു; മറുവശത്ത് ഉപയോക്താവിനെ പിഴിയുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് നിസ്സംഗതകൊണ്ട് അധ്യക്ഷതവഹിക്കുകയാണ് സംസ്ഥാനസര്‍ക്കാരും അതിന്റെ കൃഷിവകുപ്പും.

നാളികേരകര്‍ഷകരെ രഷിക്കാനുള്ള ഒരു പദ്ധതിക്കുപോലും കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. ഏതെങ്കിലും പദ്ധതി നേടിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നുമില്ല. എള്ളുമുതല്‍ ഗോതമ്പുവരെയുള്ള കൃഷികള്‍ക്ക് പ്രത്യേക പാക്കേജ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിലത് വാങ്ങിയെടുത്തു. കേരളത്തിലെ നെല്‍കൃഷിക്കോ കേരകൃഷിക്കോ ഇത്തരം ഒരു പാക്കേജ് നേടിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നില്ല. കേന്ദ്ര സബ്സിഡിക്കുപുറമെ ക്വിന്റലിന് 700 രൂപ അധികം നല്‍കി ചില സംസ്ഥാന സര്‍ക്കാരുകള്‍ കൊപ്ര സംഭരിക്കുന്നുണ്ട്. ആ വിധത്തിലുള്ള ഇടപെടലിലൂടെ കേരകര്‍ഷകരെ രക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമല്ല. ഒരു അയല്‍ സംസ്ഥാനം അധികം നല്‍കുന്ന വില 1000 രൂപയാക്കി ഉയര്‍ത്താന്‍ നിശ്ചയിച്ചു. അതുപോലും യുഡിഎഫ് സര്‍ക്കാര്‍ കണ്ടമട്ടില്ല. കൊപ്ര- വെളിച്ചെണ്ണ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 10,450 ല്‍നിന്ന് 6200 ലേക്കാണ് ഒരു ക്വിന്റല്‍ വെളിച്ചെണ്ണയുടെ വിലയില്‍ ഇടിവുവന്നത്. 6400 രൂപയില്‍നിന്ന് 4100 രൂപയിലേക്ക് കൊപ്രവില താണു. കേരകൃഷിരംഗത്ത് ഗുരുതരമായ സ്ഥിവിശേഷമാണുള്ളത്.

അടിയന്തരമായി നടപടി എടുക്കാന്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ സന്നദ്ധമാവുന്നില്ലെങ്കില്‍ ആ രംഗത്ത് ആത്മഹത്യകള്‍ വ്യാപകമായെന്നുവരും. അത് തടഞ്ഞേ പറ്റു. ഇറക്കുമതിച്ചുങ്കമില്ലാതെയുള്ള പാമോയില്‍ ഇറക്കുമതി പോയവര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയായി ഈ വര്‍ഷത്തിന്റെ ആദ്യ എട്ടുമാസങ്ങളില്‍തന്നെ. ഭക്ഷ്യഎണ്ണകള്‍ക്കുമേല്‍ 65 ശതമാനംവരെ ഇറക്കുമതിച്ചുങ്കം ചുമത്താന്‍ കഴിയുമെന്നിരിക്കെ എണ്ണപ്പനകമ്പനികളുടെ താല്‍പ്പര്യങ്ങള്‍ രക്ഷിച്ചുകൊടുക്കുന്നവിധം ചുങ്കം എടുത്തുകളഞ്ഞ നടപടി കേന്ദ്രം പുനഃപരിശോധിക്കണം. കേരകൃഷിയുടെ കഥകഴിക്കുന്ന നിലപാട് തിരുത്തണം. കേരഫെഡിനെയും മാര്‍ക്കറ്റ്ഫെഡിനെയും ഇടപെടുവിച്ച് ന്യായവിലയ്ക്ക് തേങ്ങയും കൊപ്രയും സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ഇതൊക്കെയല്ലാതെ ഈ രംഗത്ത് വേറെ വഴിയില്ല. 15 കോടി തെങ്ങുകളുള്ള നാടാണ് കേരളം. അമ്പത് ശതമാനം കര്‍ഷകര്‍ കേരകൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. ഈ മേഖലയെ മറന്നുകൊണ്ട് "എമര്‍ജിങ് കേരള" സൃഷ്ടിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്; അതിലുപരി മാപ്പില്ലാത്ത കുറ്റകൃത്യമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 21 സെപ്തംബര്‍ 2012

No comments: