Saturday, September 22, 2012

പത്രപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യം

പൊലീസ് ഉദ്യോഗസ്ഥന്‍ മൂവായിരത്തിലധികം തവണ വിവിധ മാധ്യമപ്രവര്‍ത്തകരെ ബന്ധപ്പെട്ടുവെന്ന വാര്‍ത്ത മോഹന്‍ദാസ് നല്‍കുന്നത്   ആധികാരിക തെളിവുകളുടെ പിന്‍ബലത്തിലാണ് . അത് കുറ്റകരമാണെന്നാണ്  പൊലീസ് കണ്ടെത്തിയത്..
 
ദേശാഭിമാനി ലേഖകന്‍ കെ എം മോഹന്‍ദാസിനെതിരായ പൊലീസ് നടപടി പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. ആ ഗൗരവത്തില്‍ കേരളീയ സമൂഹം ഈ പ്രശ്നം ചര്‍ച്ച ചെയ്തോ എന്ന് സംശയമാണ്. ടി പി ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ക്കായി നിരന്തരം വാര്‍ത്തകള്‍ ചോര്‍ത്തുന്നുവെന്ന വിവരമാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ മോഹന്‍ദാസ് പുറത്തുകൊണ്ടുവന്നത്. ഒരു വാര്‍ത്തയെന്ന നിലയില്‍ വലിയ പ്രാധാന്യമുള്ളതായിരുന്നു ഇത്. അതുവരെ നടത്തിക്കൊണ്ടിരുന്ന പ്രചാരവേലയുടെ തനിനിറം പുറത്തുകൊണ്ടുവരാന്‍ ഇത് സഹായകരമായി. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മോഹന്‍ദാസിന് അഭിമാനിക്കാവുന്ന സന്ദര്‍ഭം. എന്നാല്‍, അദ്ദേഹത്തെ കാത്തിരുന്നത് പുരസ്കാരങ്ങളും അഭിനന്ദനങ്ങളുമല്ല, പകരം കേസാണ്. അടിയന്തരാവസ്ഥയില്‍ പോലും ഇങ്ങനെ ഒരു സര്‍ക്കാര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവില്ല.

പൊലീസ് ഉദ്യോഗസ്ഥന്‍ മൂവായിരത്തിലധികം തവണ വിവിധ മാധ്യമപ്രവര്‍ത്തകരെ ബന്ധപ്പെട്ടുവെന്ന വാര്‍ത്ത മോഹന്‍ദാസ് നല്‍കുന്നത് ആധികാരികമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ആ ഉദ്യോഗസ്ഥന്‍ വിളിച്ച കോളുകളുടെ ആധികാരിക തെളിവുകളുടെ പിന്‍ബലത്തിലാണ് ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അങ്ങനെ ചെയ്യുന്നത് കുറ്റകരമാണെന്നാണ് കേരളത്തിലെ പൊലീസ് കണ്ടെത്തിയത്. അതിന്റെ പേരില്‍ മോഹന്‍ദാസിനെതിരെ കേസെടുക്കുകയും അദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പത്രപ്രവര്‍ത്തക യൂണിയനും ദേശാഭിമാനിയും മറ്റും ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം അറിയച്ചതോടെ കേസൊന്നും എടുക്കില്ലെന്ന് അഭ്യന്തരമന്ത്രി പറഞ്ഞു. എന്നാല്‍, അതില്‍നിന്നും വ്യത്യസ്തമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുവാനുള്ള അറിയിപ്പാണ് മോഹന്‍ദാസിന് ലഭിച്ചത്. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സ്ഥലത്തില്ലെന്നും പിന്നീട് അറിയിക്കുമ്പോള്‍ വന്നാല്‍ മതിയെന്നും പറഞ്ഞ് വിടുകയും ചെയ്തു. എന്നാല്‍, നേരത്തെ ഫോണ്‍ വിളിച്ച് പറഞ്ഞിട്ടും മോഹന്‍ദാസ് വന്നതാണ് കുറ്റമെന്ന മട്ടിലാണ് മന്ത്രി കെ സി ജോസഫ് പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളനത്തിലെ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. എന്തുകൊണ്ട് കേസൊന്നുമില്ലെന്നും അതുകൊണ്ട് ഹാജരാകേണ്ടതില്ലെന്നും പൊലീസ് അറിയിച്ചില്ലെന്ന ചോദ്യത്തിന് മറുപടിയില്ല.

എന്നു മാത്രമല്ല മോഹന്‍ദാസിനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ദേശാഭിമാനി ജീവനക്കാര്‍ക്കെതിരെ എല്ലായിടത്തും കേസ് എടുക്കുകയും ചെയ്തു. എത്രമാത്രം ധിക്കാരപരമായാണ് കേരളത്തിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റില്‍പറത്തി പ്രവര്‍ത്തിക്കാന്‍ എവിടെ നിന്നാണ് ഇവര്‍ക്ക് ധൈര്യം കിട്ടുന്നത്? അതില്‍ മാധ്യമങ്ങളില്‍ തന്നെ ഒരു വിഭാഗം നല്‍കുന്ന അന്ധമായ പിന്തുണ പ്രധാന ഘടകമാണ്. തീര്‍ത്തും രാഷ്ട്രീയവും സങ്കുചിത താല്‍പ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം മാധ്യമങ്ങള്‍ക്ക് ഇത് ഒരു മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്നം പോലുമായി തോന്നുന്നില്ല. മാത്രമല്ല, അങ്ങനെ വരുത്തിത്തീര്‍ക്കുന്നതിന് സിപിഐ എം ശ്രമിക്കുന്നതായി ഇതില്‍ ചിലര്‍ ആരോപിക്കുകയും ചെയ്തു. ഫോണ്‍ രേഖകള്‍ സംഘടിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ കുറ്റകരമായ പ്രവൃത്തിയാണ് ചെയ്യുന്നതെന്ന മട്ടിലാണ് പ്രചാരവേല. എവിടെ നിന്നാണ് ഈ പുതിയ ബോധം ഈ സംഘത്തിനു ലഭിച്ചത്?

ഫോണ്‍ രേഖകള്‍ മാത്രമല്ല സംഭാഷണങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ വരെ അടുത്തകാലത്ത് ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് സൃഷ്ടിച്ച കൊടുങ്കാറ്റ് ഇവരെല്ലാം മറന്നിട്ടുണ്ടാകും. റാഡിയ ടേപ്പ് കേവല ഫോണ്‍ വിവരങ്ങള്‍ മാത്രമായിരുന്നില്ല, നീരാ റാഡിയ എന്ന ഇടനിലക്കാരി മന്ത്രിമാരും മാധ്യമപ്രവര്‍ത്തകരും ചില കുത്തകകളുമായി നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങളാണ് ഔട്ട്ലുക്ക് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ സംഭാഷണങ്ങള്‍ കൂടി ഉള്‍പ്പെട്ടുവെന്ന ബോധത്തിന്റെ അടിസ്ഥാനത്തില്‍ അതിനെതിരെ നിലപാട് സ്വീകരിക്കാന്‍ മഹാഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറായില്ല. എന്നു മാത്രമല്ല അവരെല്ലം ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും അതിന്റെ പിന്തുടര്‍ച്ചക്കായി ശ്രമിക്കുകയും ചെയ്തു.

ഉമ്മന്‍ചാണ്ടിയുടെ പാര്‍ടി തന്നെ നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഔട്ട് ലുക്ക് ലേഖകനെതിരെ കേസെടുത്തതായി ആരും കേട്ടില്ല. ഇത് പ്രസിദ്ധീകരിക്കുന്നതിനെതിരെ ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ കോടതിയും ഇത് വലിയ കുറ്റമായി കണ്ട് കേസെടുക്കാന്‍ ആവശ്യപ്പെട്ടില്ല. എന്നു മാത്രമല്ല അതിന്റെ പ്രസിദ്ധീകരണം പൂര്‍ണമായും തടയുകയും ചെയ്തില്ല. വന്‍ മാധ്യമ തോക്കുകളില്‍ ചിലരുടെ തനിനിറം പുറത്തുകൊണ്ടുവരാന്‍ ധൈര്യം കാണിച്ച ഔട്ട് ലുക്ക് വാരികയെ അഭിനന്ദിക്കുകയാണ് പൊതുസമൂഹം ചെയ്തത്. എന്നാല്‍, കേരളത്തില്‍ ഫോണ്‍ വിളിച്ചെന്ന വിവരം പ്രസിദ്ധീകരിക്കുന്നതുപോലും ഗൗരവമായ ക്രിമിനല്‍ കുറ്റമായി മാറുമ്പോള്‍ അത് ഒരു പത്രത്തിനോ പാര്‍ടിക്കോ എതിരായി മാത്രമുള്ള ഒരു നീക്കമാണെന്ന് ആരും കുറച്ചുകാണരുത്. യഥാര്‍ഥത്തില്‍ പാസ്റ്റര്‍ നിയോമുള്ളരുടെ കവിതയില്‍ പറയുന്നതുപോലെ നാളെ നിങ്ങള്‍ക്കുനേരെയും ഇതേ ആയുധം പ്രയോഗിക്കപ്പെടാമെന്നും അപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരും അവശേഷിക്കുകയുമില്ലെന്ന മുന്നറിയിപ്പ് ഓര്‍ക്കുന്നത് നന്നായിരിക്കും.

ബംഗാളിലെ സിപിഐ എമ്മിനെതിരായ വേട്ടയില്‍ ആഹ്ലാദപൂര്‍വം പങ്കാളികളായ ചിലര്‍ ഇപ്പോഴത്തെ അനുഭവങ്ങള്‍ നോക്കുന്നത് നന്നായിരിക്കും. അന്ന് സിപിഐ എമ്മിനെതിരാണെങ്കില്‍ എന്തും ചെയ്യാമെന്നതായിരുന്നു പ്രമാണം. അതിനായി മാധ്യമങ്ങളും ഒരു വിഭാഗം സാംസ്കാരിക പ്രവര്‍ത്തകരും എല്ലാം ചേരുന്ന വിശാലമായ അവിശുദ്ധസഖ്യം തന്നെ രൂപികരിച്ചു. അവര്‍ നടത്തിയ പ്രചണ്ഡമായ പ്രചാരവേലകള്‍ ഇടതുഭരണത്തെ താഴെയിറക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചു.

മമത അധികാരത്തില്‍ വന്നതിനുശേഷമുള്ള ബംഗാളില്‍ എല്ലാ ജനാധിപത്യമര്യാദകളും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെട്ടു. വായനശാലകളില്‍ വരുന്നവര്‍ ഏതു പത്രമാണ് വായിക്കേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. തനിക്ക് മെയിലില്‍വന്ന കാര്‍ട്ടൂണ്‍ ഫോര്‍വേഡ് ചെയ്ത കോളേജ് പ്രൊഫസര്‍ക്ക് കഠിനമായ മര്‍ദനവും ജയില്‍വാസവുമാണ് സമ്മാനമായി ലഭിച്ചത്. ചാനല്‍ ചാറ്റ്ഷോയില്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ച കോളേജ് വിദ്യാര്‍ഥിനിക്കെതിരെ കേസെടുക്കാന്‍ മടിച്ചില്ല മമത. പൊതുപരിപാടിയില്‍ വിമര്‍ശനപരമായ ചോദ്യം ചോദിച്ച കര്‍ഷകനെയും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിടാന്‍ മടിച്ചില്ല മമത. തന്നോടൊപ്പം അതിശക്തമായി സിപിഐ എമ്മിനെതിരെ നിലപാട് സ്വീകരിക്കുകയും അതിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്ത പൊലീസ് ഓഫീസര്‍ എഴുതിയ പുസ്തകത്തില്‍ പരോക്ഷമായ എന്തോ വിമര്‍ശനമുണ്ടെന്ന് തോന്നിയയുടന്‍ ആ പുസ്തകം തന്നെ നിരോധിച്ചുകളഞ്ഞു.

കേരളത്തില്‍ സിപിഐ എമ്മിനെതിരായ ഇത്തരം നീക്കങ്ങളെ പിന്തുണച്ചിരുന്നവര്‍ ഇപ്പോള്‍ തങ്ങള്‍ക്കുനേരെ തന്നെ ആയുധങ്ങള്‍ തിരിയുന്നതുകണ്ട് അമ്പരന്നു നില്‍ക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ചില പ്രത്യേക രീതികള്‍ കണ്ട് ആഹ്ലാദിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ കൂടി പഠിക്കുന്നത് നന്നായിരിക്കും.

*
പി രാജീവ് ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പൊലീസ് ഉദ്യോഗസ്ഥന്‍ മൂവായിരത്തിലധികം തവണ വിവിധ മാധ്യമപ്രവര്‍ത്തകരെ ബന്ധപ്പെട്ടുവെന്ന വാര്‍ത്ത മോഹന്‍ദാസ് നല്‍കുന്നത് ആധികാരിക തെളിവുകളുടെ പിന്‍ബലത്തിലാണ് . അത് കുറ്റകരമാണെന്നാണ് പൊലീസ് കണ്ടെത്തിയത്..