Friday, September 21, 2012

വാള്‍സ്ട്രീറ്റും പ്രധാനമന്ത്രിയും

വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ വാര്‍ഷിക ഘട്ടമാണിത്. ഒരു ശതമാനം മാത്രംവരുന്ന ചൂഷകരായ അതിസമ്പന്നവിഭാഗത്തിനെതിരെ 99 ശതമാനം വരുന്ന ചൂഷിതരായ നിസ്വ ജനവിഭാഗം എന്നതായിരുന്നു വാള്‍സ്ട്രീറ്റ് കൈയടക്കല്‍ പ്രക്ഷോഭത്തിന്റെ സന്ദേശം. ആ സന്ദേശം പ്രക്ഷോഭത്തിന്റെ വാര്‍ഷികഘട്ടത്തിലും കൂടുതല്‍ ശക്തമായി ലോകത്തെമ്പാടും അലയടിക്കുകയാണ്.

എന്നാല്‍, ഇവിടെ ഒരു പ്രധാനമന്ത്രി ലോകത്താകെ ചലനങ്ങള്‍ ഉണര്‍ത്തിവിട്ട ആ പ്രക്ഷോഭത്തില്‍നിന്ന് ഒരു പാഠവും ഉള്‍ക്കൊള്ളാതെ 99 ശതമാനത്തിനെതിരായ ഒരു ശതമാനത്തിന്റെ പക്ഷത്ത് ചേര്‍ന്നുനില്‍ക്കുന്നു. ചരിത്രത്തില്‍നിന്ന് മുഖംതിരിച്ചുകൊണ്ടുള്ള വിചിത്രമായ നില്‍പ്പാണിത്.

കഴിവുകെട്ട പ്രധാനമന്ത്രി എന്ന് ടൈം മാഗസിന്‍ ആക്ഷേപിച്ചതുമുതല്‍ ടൈമിനെക്കൊണ്ട് താന്‍ കഴിവുള്ളവനാണെന്ന് അംഗീകരിപ്പിക്കാനുള്ള വ്യഗ്രതയിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. അതിനായി അദ്ദേഹം കൂടുതല്‍ ഉത്സാഹത്തോടെ ഇന്ത്യയെ തുറന്ന വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു. ലോകം പുതിയ കാലത്ത് എങ്ങനെ അമേരിക്കയില്‍നിന്നും ആ രാഷ്ട്രത്തിന്റെ വിപല്‍ക്കരമായ നയങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ വ്യഗ്രതപ്പെടുന്നുവെന്നത് ഇദ്ദേഹത്തിന്റെ ചിന്തയിലേ ഇല്ല.

അമേരിക്കന്‍നയങ്ങളെ മാതൃകയാക്കി ഇതേ പാതയില്‍ സഞ്ചരിച്ച ഗ്രീസ്, സ്പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ സമ്പദ്ഘടന തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുന്നതോ അവിടൊക്കെ ജനങ്ങള്‍ രോഷാകുലരായി പൊതുനിരത്തില്‍ കലാപക്കൊടിയുമായി ഇറങ്ങിനില്‍ക്കുന്നതോ പ്രധാനമന്ത്രി കാണുന്നില്ല. അതിദരിദ്രരുടെ ജനസംഖ്യ അമേരിക്കയില്‍ത്തന്നെ പുതിയ റെക്കോഡിട്ടിരിക്കുന്നതോ, അവിടത്തെ ഇടത്തരം കുടുംബങ്ങളുടെ പ്രതിവര്‍ഷ വരുമാനത്തില്‍ 5.7 ശതമാനം ഇടിവ് വന്നതോ, അവിടത്തെ തെരുവീഥികളില്‍ത്തന്നെ അമര്‍ഷം നീറിപ്പുകയുന്നതോ ഈ പ്രധാനമന്ത്രി കാണുന്നില്ല.

മുപ്പതുകളിലെ മഹാമാന്ദ്യത്തെ ഓര്‍മിപ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധി, അതിന്റെ ദുരന്തഫലങ്ങളില്‍നിന്ന് കരകയറാനാകാതെ കുഴപ്പങ്ങളില്‍നിന്ന് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് മുതലക്കൂപ്പു കുത്തുന്ന മുതലാളിത്ത നാടുകള്‍, യൂറോപ്യന്‍ യൂണിയന്റെയും യൂറോയുടെതന്നെയും ഭാവി ആശങ്കാകുലമാണെന്ന അവസ്ഥ, സോവിയറ്റ് തകര്‍ച്ചയെത്തുടര്‍ന്ന് ആഗോളസാമ്പത്തിക മേധാവി ചമഞ്ഞുനടന്ന അമേരിക്ക നേരിടുന്ന സാമ്പത്തികപ്രതിസന്ധി, അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിലൂടെ അമേരിക്ക മുമ്പോട്ടുവച്ച വികലനയങ്ങള്‍ അന്ധമായി നടപ്പാക്കിയ രാജ്യങ്ങളിലൊക്കെ പടര്‍ന്നുപിടിച്ച തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ് ഇവയ്ക്കൊക്കെ എതിരെ ലോകമെമ്പാടും ഉയരുന്ന ജനങ്ങളുടെ കലാപശബ്ദം, ചെലവുചുരുക്കലിന്റെ മറവില്‍ ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഭാരം കയറ്റിവയ്ക്കുന്ന അവിടങ്ങളിലെ ഭരണങ്ങള്‍, അവ കവര്‍ന്നെടുക്കുന്ന പെന്‍ഷന്‍- വേതന- ആനുകൂല്യങ്ങള്‍, തങ്ങളുടെ തലയിലുള്ള ഭാരം അത്രയും വികസ്വരരാഷ്ട്രങ്ങളുടെ തലയിലേക്ക് മാറ്റാന്‍ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ ദോഹാറൗണ്ട് ചര്‍ച്ചകളെയും പരിസ്ഥിതി ഉച്ചകോടികളെയുംപോലുള്ള സമ്മേളനങ്ങളെമുതല്‍ ഐഎംഎഫ്, ലോകബാങ്ക്, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സാമ്പത്തിക വ്യാപാര സംഘടനകളെയും ഗാട്ട്മുതല്‍ ഫ്രീട്രേഡ് എഗ്രിമെന്റുവരെയുള്ള കരാറുകളെയുംവരെ ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തുന്ന വിപല്‍ക്കരമായ നീക്കങ്ങള്‍ തുടങ്ങിയവയൊന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കണ്ട മട്ടില്ല.

യൂറോപ്പിന് നെടുകെയും കുറുകെയും നടക്കുന്ന പ്രതിഷേധ മുന്നേറ്റങ്ങള്‍, അമേരിക്കയുടെ ചൊല്‍പ്പടിക്കുള്ള ഭരണങ്ങള്‍ക്കെതിരെ ജനാധിപത്യഭരണ പരിഷ്കാരങ്ങള്‍ ആവശ്യപ്പെട്ട് പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കന്‍മേഖലയിലും ഒക്കെ നടക്കുന്ന ജനമുന്നേറ്റങ്ങള്‍ എന്നിവയും ഇന്ത്യന്‍ പ്രധാനമന്ത്രി കാണുന്ന മട്ടില്ല. പാശ്ചാത്യമാധ്യമങ്ങള്‍ വിമര്‍ശിക്കുകകൂടി ചെയ്തതോടെ ആ വിമര്‍ശങ്ങള്‍ തിരുത്തിക്കാന്‍ തക്കവിധം സമ്പദ്ഘടനയെ എങ്ങനെയൊക്കെ കൂടുതല്‍ ഉദാരവല്‍ക്കരിച്ച് പാശ്ചാത്യ വിധേയമാക്കാം എന്നതിന്റെ പുതുവഴികള്‍ തേടുകയാണ് മന്‍മോഹന്‍സിങ്. അന്താരാഷ്ട്ര ധനമൂലധനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് നിര്‍ലജ്ജം കീഴടങ്ങുകയാണ് പ്രധാനമന്ത്രി എന്നതിന്റെ കൂടുതല്‍ ഉദാഹരണങ്ങളാണ് കഴിഞ്ഞ ആഴ്ചകളില്‍ പൊതുശ്രദ്ധയില്‍ വന്നത്. ചില്ലറ വില്‍പ്പന- ഇന്‍ഷുറന്‍സ്- വ്യോമയാന മേഖലകള്‍ സമ്പൂര്‍ണമായി വിദേശനിക്ഷേപത്തിന് തുറന്നുകൊടുക്കാനുള്ള നടപടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മന്‍മോഹന്‍സിങ് കൂടുതല്‍ തീവ്രകരമാക്കി. ഇടിയുന്ന വികസന നിരക്ക്, ഇരട്ട അക്ക പണപ്പെരുപ്പം, 34 ശതമാനം വര്‍ധനയുടെ റെക്കോഡിട്ട് നില്‍ക്കുന്ന ഭക്ഷ്യധാന്യവില തുടങ്ങിയവയില്‍ പ്രതിഫലിക്കുന്ന സാമ്പത്തിക തകര്‍ച്ചയുടെ ആഴം പ്രധാനമന്ത്രി കാണുന്നില്ല. അദ്ദേഹം കോര്‍പറേറ്റ് മേഖലയ്ക്ക് വമ്പന്‍ ഇളവു നല്‍കിയും സബ്സിഡി വെട്ടിക്കുറച്ചും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വീണ്ടും ഉയര്‍ത്തിയും ജനങ്ങളുടെ ഭാരം ദുസ്സഹമായി വര്‍ധിപ്പിച്ചുപോരുകയാണ്. അമേരിക്കന്‍ പ്രീതിക്കുവേണ്ടി കൈക്കൊള്ളുന്ന വികല സാമ്പത്തികനയങ്ങള്‍ ആഭ്യന്തര സാമൂഹ്യഘടനയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അദ്ദേഹത്തിന് പ്രശ്നമേയല്ല. മന്‍മോഹന്‍സിങ് മാതൃകയാക്കുന്ന അമേരിക്കയില്‍ ഓരോ ആറുപേരിലും ഒരാള്‍ അതിദരിദ്രനാണെന്ന് മിച്ചിഗണ്‍ സര്‍വകലാശാലാ സാമ്പത്തിക ശാസ്ത്രവിഭാഗം പുറത്തുവിട്ട കണക്കുകളില്‍നിന്ന് തെളിയുന്നു. 2010നെ അപേക്ഷിച്ച് 2011ല്‍ അവിടെ ഇടത്തരം കുടുംബങ്ങളുടെ പ്രതിവര്‍ഷ വരുമാനത്തില്‍ ആറുശതമാനത്തോളം ഇടിവുവന്നതായി അവരുടെ പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്ക പറയുന്നതുകേട്ട് നടന്ന ഗ്രീസ് ആദ്യവും സ്പെയിന്‍ പിന്നാലെയും അതിരൂക്ഷ പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്നു. സ്പാനിഷ് സമ്പദ്ഘടനയില്‍ വിശ്വാസമില്ലാതായ ആ നാട്ടുകാര്‍ 9400 കോടി ഡോളര്‍ ഒറ്റമാസംകൊണ്ട് ബാങ്കുകളില്‍നിന്ന് പിന്‍വലിച്ചു. യൂറോപ്യന്‍ യൂണിയന്‍ 10,000 കോടി യൂറോ നല്‍കിയിട്ടും സ്പെയിന്‍ രക്ഷപ്പെടുന്നില്ല. 30,000 പേര്‍ തൊഴില്‍തേടി രണ്ടുമാസംകൊണ്ട് പലായനംചെയ്തു. ഇതൊന്നും കാണാന്‍ മന്‍മോഹന്‍സിങ്ങിന് കണ്ണുകളില്ല.

ഇന്‍ഷുറന്‍സ്മേഖല ഒരു പോരായ്മയുമില്ലാത്തവിധം നല്ലനിലയില്‍ നടന്നുവരികയായിരുന്നു ഇവിടെ. ആ മേഖലയിലാണ് ഇപ്പോള്‍ വിദേശനിക്ഷേപം 26ല്‍ നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തിക്കൊടുക്കുന്നത്. മൊത്തം ദേശീയവരുമാനത്തിലെ 11 ശതമാനം ചില്ലറ വില്‍പ്പനരംഗത്തുനിന്നുള്ളതാണ്. 40 ദശലക്ഷംപേര്‍ തൊഴിലെടുക്കുന്ന ഈ മേഖലയിലേക്കാണ് വാള്‍മാര്‍ട്ടുപോലുള്ള ബഹുരാഷ്ട്ര കുത്തകകളെ നിയന്തണരഹിതമായി ആനയിക്കുന്നത്. ഗ്രാമങ്ങളിലുള്ള തൊഴിലിന്റെ 38 ശതമാനവും നഗരങ്ങളിലെ 46 ശതമാനവും തൊഴില്‍ ഈ മേഖലയിലാണ്. വ്യാപകമായി തൊഴില്‍നാശമുണ്ടാക്കാനാകും ഈ സര്‍ക്കാര്‍നീക്കം വഴിതെളിക്കുക. 5.28 ലക്ഷം കോടിയുടെ നികുതി സൗജന്യങ്ങള്‍ കോര്‍പറേറ്റ് മേഖലയ്ക്ക് അനുവദിച്ചിട്ടും വ്യവസായവളര്‍ച്ചനിരക്ക് 2011 ജൂണില്‍ 8.8 ശതമാനമായിരുന്നത് 2012 ഏപ്രില്‍ ആയപ്പോള്‍ 3.1 ശതമാനമായി ഇടിഞ്ഞു. ഇത്തരമൊരു അവസ്ഥയില്‍ ചില്ലറ വില്‍പ്പനരംഗത്തുള്ള ദശലക്ഷക്കണക്കായ ആളുകളെക്കൂടി പിഴുതെറിഞ്ഞാല്‍ എത്ര രൂക്ഷകരമാകും നില? ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാത്ത പ്രധാനമന്ത്രി കാലഹരണപ്പെട്ട യുഎസ് പ്രീണനയങ്ങളുമായി മുന്നോട്ടുപോവുകയാണ്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ വാര്‍ഷികത്തില്‍ ആ പ്രക്ഷോഭമുയര്‍ത്തിയ സന്ദേശമെങ്കിലും പ്രധാനമന്ത്രിയുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 19 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ വാര്‍ഷിക ഘട്ടമാണിത്. ഒരു ശതമാനം മാത്രംവരുന്ന ചൂഷകരായ അതിസമ്പന്നവിഭാഗത്തിനെതിരെ 99 ശതമാനം വരുന്ന ചൂഷിതരായ നിസ്വ ജനവിഭാഗം എന്നതായിരുന്നു വാള്‍സ്ട്രീറ്റ് കൈയടക്കല്‍ പ്രക്ഷോഭത്തിന്റെ സന്ദേശം. ആ സന്ദേശം പ്രക്ഷോഭത്തിന്റെ വാര്‍ഷികഘട്ടത്തിലും കൂടുതല്‍ ശക്തമായി ലോകത്തെമ്പാടും അലയടിക്കുകയാണ്.

എന്നാല്‍, ഇവിടെ ഒരു പ്രധാനമന്ത്രി ലോകത്താകെ ചലനങ്ങള്‍ ഉണര്‍ത്തിവിട്ട ആ പ്രക്ഷോഭത്തില്‍നിന്ന് ഒരു പാഠവും ഉള്‍ക്കൊള്ളാതെ 99 ശതമാനത്തിനെതിരായ ഒരു ശതമാനത്തിന്റെ പക്ഷത്ത് ചേര്‍ന്നുനില്‍ക്കുന്നു. ചരിത്രത്തില്‍നിന്ന് മുഖംതിരിച്ചുകൊണ്ടുള്ള വിചിത്രമായ നില്‍പ്പാണിത്.