Wednesday, September 26, 2012

നാടുകടത്തലിന്റെ രാഷ്ട്രീയവും രാഷ്ട്രീയത്തിന്റെ നാടുകടത്തലും

സെപ്തംബര്‍ 26- സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍നിന്ന് നാടുകടത്തിയതിന്റെ വാര്‍ഷികദിനം. 1910 സെപ്തംബര്‍ 26നാണ് വിചിത്രമായ നാടുകടത്തല്‍ വിളംബരം പ്രസിദ്ധീകരിച്ചതും പത്രാധിപരെ രായ്ക്കുരാമാനം ആരുവാമൊഴി കടത്തിയതും. പത്രാധിപര്‍ എന്തുകുറ്റമാണ് ചെയ്തതെന്നോ, ഏതു നിയമത്തിലെ ഏതു വകുപ്പുപ്രകാരമാണ് നാടുകടത്തുന്നതെന്നോ വിളംബരത്തില്‍ പറഞ്ഞിട്ടില്ല. ""ജനക്ഷേമം മുന്‍നിര്‍ത്തി തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്ന സ്വദേശാഭിമാനി വര്‍ത്തമാനപത്രത്തെ നിരോധിക്കുകയും ആ പത്രത്തിന്റെ മാനേജിങ് പ്രൊപ്രൈറ്ററും പത്രാധിപരുമായ കെ രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്യണമെന്ന് നമുക്ക് ബോധ്യംവന്നിരിക്കുന്നതിനാല്‍ പ്രസ്തുത രാമകൃഷ്ണപിള്ളയെ അറസ്റ്റുചെയ്തു നാടുകടത്തിക്കൊണ്ടും നമ്മുടെ രാജ്യത്തേയ്ക്കുള്ള അദ്ദേഹത്തിന്റെ പുനഃപ്രവേശനം നമ്മുടെ മറിച്ചൊരുത്തുരവുണ്ടാകുന്നതുവരെ തടഞ്ഞുകൊണ്ടും ഇതിനാല്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു"". ഉത്തരവിന്റെ പ്രസക്ത ഭാഗമാണിത്.

ഇതില്‍ പത്രാധിപര്‍ എന്തു കുറ്റമാണ് ചെയ്തത് എന്നു പറയുന്നില്ല. അതെങ്ങനെ ജനക്ഷേമത്തിനു വിരുദ്ധമാകുന്നു എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നുമാത്രമല്ല, ഇതിനെതിരെ ആരും പരാതിയോ വ്യവഹാരമോ കൊടുക്കാന്‍ പാടില്ല എന്നും വ്യവസ്ഥ ചെയ്യുന്നു. ""നമ്മുടെ ഗവണ്‍മെന്റിനോ ഏതെങ്കിലും ഗവണ്‍മെന്റുദ്യോഗസ്ഥനോ എതിരെ ആരെങ്കിലും ഇതുസംബന്ധിച്ചു സിവിലായോ മറ്റുവിധത്തിലോ യാതൊരു വ്യവഹാരവും ഫയല്‍ ചെയ്യാന്‍ പാടില്ലെന്നും ഇതിനാല്‍ നാം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു"". ഉത്തരവിന്റെ അവസാന ഭാഗമാണിത്. അതായത്, നിയമപരമായ ഒരു പരിരക്ഷയും കുറ്റാരോപിതനു നല്‍കാത്ത ഏകാധിപത്യഭരണമായിരുന്നു അന്ന് നിലവിലിരുന്നത് എന്ന്. അതിനും 22 വര്‍ഷംമുമ്പുതന്നെ ശ്രീമൂലംപ്രജാസഭയെന്ന നിയമസഭ നിലവില്‍ വന്നു. അതിന്റെ വാര്‍ഷികം കേരള നിയമസഭ ഇപ്പോള്‍ ആഘോഷിക്കുകയാണ്. എന്നാല്‍, ആ നിയമസഭ സംസ്ഥാനത്തെ ഒരു പ്രജയായ പത്രാധിപരെ രക്ഷിക്കാനെത്തിയില്ല.

ശ്രീമൂലംപ്രജാസഭയിലേക്ക് നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍നിന്ന് രാമകൃഷ്ണപിള്ള തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹത്തിനെതിരെ ആരും പത്രിക സമര്‍പ്പിച്ചിരുന്നില്ല. അത്ര സര്‍വസമ്മതനായിരുന്നു അദ്ദേഹം. എന്നാല്‍, ദിവാന്‍ തെരഞ്ഞെടുപ്പ് അസാധുവാക്കി. രാമകൃഷ്ണപിള്ള നെയ്യാറ്റിന്‍കരയില്‍ സ്ഥിരതാമസക്കാരനല്ല എന്നതായിരുന്നു കാരണം. വീണ്ടും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചില്ല. ശിഷ്ടകാലം മണ്ഡലം ഒഴിഞ്ഞുകിടന്നു. എന്തായിരുന്നു പത്രാധിപര്‍ ചെയ്ത കുറ്റം. സര്‍ക്കാരുദ്യോഗസ്ഥന്മാരെയും ദിവാനെയും വിമര്‍ശിച്ചു എന്നതായിരുന്നു കുറ്റം. അഴിമതിക്കാരും ആഭാസന്മാരും നാടുവാഴുമ്പോള്‍ അത് തുറന്നുകാട്ടുക മാത്രമാണ് പത്രാധിപര്‍ ചെയ്തത്. സമകാലീന ലോകത്തിലെ ഭരണവ്യവസ്ഥകളെ തിരുവിതാംകൂര്‍ ഭരണവുമായി താരതമ്യംചെയ്താണ് അദ്ദേഹമത് ചെയ്തത്. ജനക്ഷേമമായിരിക്കണം ഭരണകര്‍ത്താവിന്റെ കടമ എന്നാണദ്ദേഹം ഓര്‍മിപ്പിച്ചത്. പ്രജകളില്‍നിന്ന് പിരിക്കുന്ന നികുതിപ്പണം ബ്രാഹ്മണര്‍ക്കുള്ള അന്നദാനത്തിനും അമ്മച്ചിമാരുടെയും തങ്കച്ചിമാരുടെയും ആടയാഭരണങ്ങള്‍ക്കും അമ്മവീടുകള്‍ പണിയാനും ധൂര്‍ത്തടിക്കാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

""തിരുവിതാംകൂറിലെ ഖജനാവ് പൊന്നുതമ്പുരാന്റെ തറവാട്ടു സ്വത്തല്ല എന്നു പറഞ്ഞത്"" അതുകൊണ്ടാണ്. ""അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരെ പട്ടിത്തുടലില്‍ കെട്ടി കുതിരക്കവഞ്ചിവച്ചടിക്കണം"" എന്നും പറഞ്ഞു. ഭരണാധിപന്മാരെയും അവരെ താങ്ങിനിര്‍ത്തുന്നവരെയും വിമര്‍ശിക്കാമെന്നും അതാണ് പത്രധര്‍മമെന്നും അദ്ദേഹം വിശ്വസിച്ചു. ഭരണകൂടത്തിന്റെ രാഷ്ട്രീയം തുറന്നുകാട്ടുകയായിരുന്നു അദ്ദേഹം; മറ്റൊരു പത്രാധിപരും തിരുവിതാംകൂറില്‍ അന്ന് ചെയ്യാന്‍ തയ്യാറാകാത്ത കാര്യം. സമൂഹത്തെ രാഷ്ട്രീയവല്‍ക്കരിക്കുക എന്ന ധര്‍മം പത്രാധിപര്‍ക്കുണ്ടെന്നു സ്ഥാപിക്കുകയായിരുന്നു അദ്ദേഹം.

1908ല്‍ ബാലഗംഗാധരതിലകനെ രാജ്യദ്രോഹകുറ്റം ചുമത്തി ബ്രിട്ടീഷ് സര്‍ക്കാര്‍ നാടുകടത്തിയപ്പോള്‍ അതിന്റെ രാഷ്ട്രീയം തുറന്നുകാട്ടാനും രാമകൃഷ്ണപിള്ള മടിച്ചില്ല. അഴിമതിയെ വിമര്‍ശിക്കുന്നതോടൊപ്പം ആ വിമര്‍ശത്തിലൂടെ സമൂഹം അതിവേഗം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണെന്ന സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് അദ്ദേഹത്തെ നാടുകടത്തി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, തൊട്ടടുത്ത വര്‍ഷങ്ങളില്‍ ഭരണത്തെ താങ്ങിനിര്‍ത്തിയിരുന്ന ഭൂവുടമകള്‍ക്ക് അടിയാളന്മാരായ കര്‍ഷകത്തൊഴിലാളികളുടെ സമരത്തെ നേരിടേണ്ടി വന്നു. പത്രാധിപരുടെ ഉറ്റമിത്രമായിരുന്ന അയ്യന്‍കാളിയായിരുന്നു ആ സമരത്തിന്റെ നേതാവ്.

"അമ്മച്ചിമാരും തങ്കച്ചിമാരും ഞാറുനടാനും വയലുകൊയ്യാനും പോകേണ്ടിവരും" എന്നാണ് അയ്യന്‍കാളി ഓര്‍മിപ്പിച്ചത്. ഇതിന്റെ രാഷ്ട്രീയമാണ് രാമകൃഷ്ണപിള്ളയുടെ പേനത്തുമ്പില്‍നിന്ന് ഒഴുകിവന്നത്. നൂറ്റിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷം സ്വദേശാഭിമാനിയുടെ പൈതൃകത്തിന്റെ നേരവകാശിയായ ദേശാഭിമാനി പത്രത്തിന്റെ ലേഖകന്മാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തിരിക്കുന്നു. അഴിമതിക്കാരും ദുര്‍വൃത്തരുമായ ഭരണാധികാരികളുടെ നിര്‍ദേശാനുസരണമാണ് കേസെടുത്തത്. അഴിമതിയും അനാശാസ്യവും തുറന്നുകാട്ടി എന്നതാണ് കുറ്റം. സഹജീവികള്‍ ചെയ്യാന്‍ മടിച്ചത് ദേശാഭിമാനി ചെയ്തു. കാലമേറെ മാറി. പത്രപ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തനമായി. വാര്‍ത്ത ചരക്കായി. ചരക്കുല്‍പ്പാദിപ്പിക്കുന്നത് വിറ്റഴിക്കാനാണ്; ലാഭമുണ്ടാക്കാനാണ്. മൂലധനിക്ഷേപകന്റെ താല്‍പ്പര്യമാണിവിടെ പ്രധാനം. മാധ്യമപ്രവര്‍ത്തകന്റെ ആത്മാംശത്തിനിവിടെ സ്ഥാനമില്ല. മൂലധനത്തിന്റെ രാഷ്ട്രീയമാണിവിടെ പ്രധാനം. ആ രാഷ്ട്രീയം ഉള്‍ക്കൊള്ളാത്ത മാധ്യമപ്രവര്‍ത്തകനെ സ്ഥാപനത്തിനുവേണ്ട. അതായത്, മാധ്യമ പ്രവര്‍ത്തകന് രാഷ്ട്രീയം വേണ്ട. മുതലാളിയുടെ രാഷ്ട്രീമായിരിക്കണം അവന്റെയും രാഷ്ട്രീയം. മാധ്യമ പ്രവര്‍ത്തനം രാഷ്ട്രീയത്തിനതീതമായിരിക്കണം എന്ന് ഉദ്ബോധിപ്പിക്കുന്നതിന്റെ പൊരുള്‍ അതാണ്.

മാധ്യമങ്ങളില്‍നിന്ന് രാഷ്ട്രീയത്തെ നാടുകടത്തണമെന്നു സാരം. വിദ്യാര്‍ഥിക്കും തൊഴിലാളിക്കും കര്‍ഷകനും ചെറുകിട കച്ചവടക്കാരനും രാഷ്ട്രീയം വേണ്ട എന്നു പറയുന്നതിലെ രാഷ്ട്രീയംതന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകം. അധികാരികള്‍ അഴിമതിയും ആഭാസത്തരവും കാട്ടിയതല്ല കുറ്റം, ഖജനാവ് മുടിപ്പിച്ചതുമല്ല കുറ്റം; അത് വിളിച്ചുപറഞ്ഞതാണ് കുറ്റം. രാജാവ് തുണിയുടുക്കാത്തതല്ല കുറ്റം, കുട്ടി അതു വിളിച്ചു പറഞ്ഞതാണ് എന്ന്. അതില്‍ ഞെട്ടിയവരാണ് കുട്ടിയുടെ വാ പൊത്തിയത്. സത്യത്തെ മിഥ്യയാക്കാനും നിരപരാധിയെ അപരാധിയാക്കാനും മൊബൈല്‍ ഫോണിലൂടെ ഗൂഢാലോചന നടത്തിയതല്ല കുറ്റം; അത് കണ്ടെത്തി വെളിപ്പെടുത്തിയതാണ്. സ്ത്രീകളടക്കമുള്ളവരോട് അക്രമം കാട്ടിയതല്ല കുറ്റം; അത് ചൂടോടെ വാര്‍ത്തയാക്കിയതാണ്. അത്തരം കാര്യങ്ങള്‍ വാര്‍ത്തായാക്കപ്പെടുന്നതിന്റെ രാഷ്ട്രീയത്തെ ഭയക്കുന്നവരാണ് ശിക്ഷാനിയമത്തിന്റെ വാളോങ്ങി ഭയപ്പെടുത്തുന്നത്. ഭാരതീയചിന്തയില്‍ പ്രധാനപ്പെട്ട ഒന്നാണ് പഞ്ചഭൂതങ്ങള്‍. ആ പഞ്ചഭൂതങ്ങളെയും വിറ്റുകാശാക്കുന്ന ദല്ലാളന്മാരുടെ മേളയായിരുന്നു എമര്‍ജിങ് കേരള. മണ്ണും വായുവും വെള്ളവും പണയം തരാം എന്നാണതിന്റെ മുദ്രാവാക്യം.

മുറുമുറുക്കുന്നവരോട് പറയുന്നത് വികസനത്തില്‍ രാഷ്ട്രീയംപാടില്ല എന്നാണ്. നെഹ്റൂയിസത്തിന്റെ തലയറുത്ത് താലത്തില്‍വച്ച് വിദേശിക്കു നീട്ടിയ സര്‍ദാര്‍ജിയാണ് മേള ഉദ്ഘാടനം ചെയ്തത് എന്നതിനാല്‍ രാഷ്ട്രീയം തീരെ പാടില്ലായെന്നാണ്. കൊളോണിയലിസത്തെ നേരിടാന്‍ കര്‍ഷകരെ അണിനിരത്തി സമരംചെയ്ത, ഒറ്റമുണ്ടുടുത്ത്് വടിയും കുത്തി നടന്ന ഒരു വൃദ്ധനെ മറന്നുപോയവര്‍ പറയുകയാണ് നെല്‍ക്കൃഷി വേണ്ടെന്ന്. രാഷ്ട്രീയത്തെ നാടുകടത്താനുള്ള ആഭിചാരക്രിയയിലേര്‍പ്പെട്ടിരിക്കുകയാണ് ദല്ലാളന്മാര്‍. സ്വദേശാഭിമാനിയെ നാടുകടത്തിയതില്‍ രാഷ്ട്രീയമുണ്ട്. ഇപ്പോള്‍ സമസ്ത മേഖലകളില്‍നിന്നും രാഷ്ട്രീയത്തെ നാടുകടത്താന്‍ ശ്രമിക്കുന്നതിലും രാഷ്ട്രീയമുണ്ട്. വിവേകമുള്ളവര്‍ക്ക് ആ രാഷ്ട്രീയം തിരിച്ചറിയാന്‍ കഴിയും.

*
വി കാര്‍ത്തികേയന്‍നായര്‍ ദേശാഭിമാനി 26 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സെപ്തംബര്‍ 26- സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍നിന്ന് നാടുകടത്തിയതിന്റെ വാര്‍ഷികദിനം. 1910 സെപ്തംബര്‍ 26നാണ് വിചിത്രമായ നാടുകടത്തല്‍ വിളംബരം പ്രസിദ്ധീകരിച്ചതും പത്രാധിപരെ രായ്ക്കുരാമാനം ആരുവാമൊഴി കടത്തിയതും. പത്രാധിപര്‍ എന്തുകുറ്റമാണ് ചെയ്തതെന്നോ, ഏതു നിയമത്തിലെ ഏതു വകുപ്പുപ്രകാരമാണ് നാടുകടത്തുന്നതെന്നോ വിളംബരത്തില്‍ പറഞ്ഞിട്ടില്ല. ""ജനക്ഷേമം മുന്‍നിര്‍ത്തി തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്ന സ്വദേശാഭിമാനി വര്‍ത്തമാനപത്രത്തെ നിരോധിക്കുകയും ആ പത്രത്തിന്റെ മാനേജിങ് പ്രൊപ്രൈറ്ററും പത്രാധിപരുമായ കെ രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്യണമെന്ന് നമുക്ക് ബോധ്യംവന്നിരിക്കുന്നതിനാല്‍ പ്രസ്തുത രാമകൃഷ്ണപിള്ളയെ അറസ്റ്റുചെയ്തു നാടുകടത്തിക്കൊണ്ടും നമ്മുടെ രാജ്യത്തേയ്ക്കുള്ള അദ്ദേഹത്തിന്റെ പുനഃപ്രവേശനം നമ്മുടെ മറിച്ചൊരുത്തുരവുണ്ടാകുന്നതുവരെ തടഞ്ഞുകൊണ്ടും ഇതിനാല്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു"". ഉത്തരവിന്റെ പ്രസക്ത ഭാഗമാണിത്.