Friday, September 14, 2012

അമേരിക്ക കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നു

'അറബ് വസന്ത'ത്തെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ട സദ്ഭാവനകളെല്ലാം വഞ്ചിക്കപ്പെട്ടിരിക്കുന്നു. അവിടെ ജനാധിപത്യ പുനഃസ്ഥാപനത്തിനുവേണ്ടി രംഗത്തിറങ്ങി എന്ന് അവകാശപ്പെട്ട അമേരിക്കന്‍ ഭരണനയങ്ങളുടെ കാപട്യം വീണ്ടും വീണ്ടും തുറന്നുകാണിക്കപ്പെടുകയാണ്. ജനാധിപത്യത്തിന്റെ മേല്‍വിലാസത്തില്‍ പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും പിടിമുറുക്കാന്‍ കൊതിച്ച അമേരിക്ക ഇപ്പോള്‍ കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ്. വൈറ്റ് ഹൗസിന്റെ പശ്ചിമേഷ്യന്‍ നയത്തിന്റെ സമ്പൂര്‍ണ പരാജയമാണ് ലിബിയയിലെ അമേരിക്കന്‍ അംബാസഡറുടെയും സഹപ്രവര്‍ത്തകരുടെയും കൊലയില്‍ എത്തിനില്‍ക്കുന്നത്. ലോകത്തിനുമുമ്പില്‍ എടുത്തണിയാന്‍ അവര്‍ സൂക്ഷിച്ചുവച്ച മുഖംമൂടി പിഞ്ഞിപ്പോയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി മിറ്റ് റോംനിയും തമ്മിലുള്ള വാക്‌യുദ്ധം കൊണ്ടൊന്നും സാമ്രാജ്യത്വ നയങ്ങളുടെ അധിനിവേശ മോഹങ്ങള്‍ ഒളിപ്പിച്ചു വയ്ക്കാന്‍ കഴിയില്ല.

ഭീകരവാദികളുടെ ആക്രമണത്തിനുമുമ്പില്‍ അമേരിക്കയുടെ അഹങ്കാരകോട്ടകള്‍ തകര്‍ന്നടിഞ്ഞ സെപ്റ്റംബര്‍ 11 ന്റെ പതിനൊന്നാം വാര്‍ഷികത്തിലാണ് പശ്ചിമേഷ്യയിലെ പല നഗരങ്ങളിലും അമേരിക്കന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ആക്രമിക്കപ്പെട്ടത്. ലിബിയയിലെ ബെന്‍ഗാസിയിലും ഈജിപ്തില്‍ കെയ്‌റോയിലും അതു കൂടുതല്‍ അക്രമാസക്തമായി. ഇപ്പോള്‍ യമന്‍ അടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് കലാപം പടരുന്നതായി വാര്‍ത്തകളുണ്ട്. ലിബിയയിലേയ്ക്കും മറ്റു കലാപബാധിത സ്ഥലങ്ങളിലേയ്ക്കും പടക്കപ്പലുകള്‍ നീങ്ങിയതുകൊണ്ടോ, അവിടങ്ങളില്‍ ഇപ്പോള്‍ തന്നെയുള്ള പട്ടാളക്കുപ്പിണികള്‍ക്ക് വലുപ്പം കൂട്ടിയതുകൊണ്ടോ അമേരിക്ക നേരിടുന്ന ജനരോഷത്തില്‍ നിന്നു രക്ഷപ്പെടാമെന്നു അവര്‍ വ്യാമോഹിക്കുന്നതു വെറുതെയാണ്.
അമേരിക്കയിലെ ഇസ്രായേലി വംശജനായ സാം ബാക്കിള്‍ നിര്‍മിച്ച ഒരു ചലച്ചിത്രമാണ് ആളിപ്പടര്‍ന്ന കലാപങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇസ്‌ലാം മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന് വിമര്‍ശിക്കപ്പെട്ട ആ ചിത്രത്തിന് പിറകില്‍ പ്രവര്‍ത്തിച്ചത് നിയോ ക്രിസ്ത്യന്‍ മതമൗലികവാദിയായ ടെറിജോണ്‍സ് എന്ന ആളാണത്രെ. മതതീവ്രവാദത്തിന്റെ ദുഷ്ടശക്തികള്‍ ജനങ്ങള്‍ക്കിടയില്‍ ശത്രുത പരത്താനായി എന്തെല്ലാം ചെയ്യുമെന്ന് ലോകം പലപ്പോഴും കണ്ടിട്ടുണ്ട്. തീവ്രവാദത്തിന്റെ ഇത്തരം ശക്തികള്‍ക്ക് മതവ്യത്യാസങ്ങള്‍ ബാധകമല്ല. നിഗൂഢമായ താല്‍പര്യങ്ങള്‍ക്കായി മതത്തെ ചട്ടുകമാക്കുന്ന ഇത്തരം ഭീകരന്മാര്‍ സത്യത്തില്‍ ചൂഷക വര്‍ഗത്തിന്റെ വളര്‍ത്തുപുത്രന്മാരാണ്. സാമ്രാജ്യത്വം ലോകത്തിന്റെ പലകോണുകളിലും മത-നിറ വ്യത്യാസങ്ങള്‍ നോക്കാതെ ഇക്കൂട്ടരെ എന്നും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അത്തരം വിഷപ്പാമ്പുകള്‍ക്ക് പാല്‍കൊടുത്തു വളര്‍ത്തുന്ന മഹാപരാധത്തിന്റെ കളങ്കപ്പാടുകള്‍ മുതലാളിത്തത്തിന്റെ ചരിത്രത്തിലുടനീളം പതിഞ്ഞുകിടപ്പുണ്ട്.

'അറബ് വസന്തം' എന്നുപേര്‍ വിളിക്കപ്പെട്ട പ്രതിഭാസത്തിനു പിറകില്‍ ജനാധിപത്യവും സാമൂഹ്യ പുരോഗതിയും കൊതിച്ച ലക്ഷക്കണക്കായ മനുഷ്യര്‍ അണിനിരന്നതാണ്. സ്വേച്ഛാപ്രമത്തതയും കുടുംബവാഴ്ചയും അഴിമതിയുടെ വേലിയേറ്റവും കൊണ്ട് പൊറുതിമുട്ടിയവരാണവര്‍. അവരുടെ ആശയാഭിലാഷങ്ങളെ കൗശലപൂര്‍വം ഉപയോഗപ്പെടുത്തി എണ്ണയുടെയും മറ്റു വിഭവങ്ങളുടെയും മേല്‍ പിടിമുറുക്കാനായിരുന്നു അമേരിക്കയും അവരുടെ പാശ്ചാത്യ കൂട്ടാളികളും കരുക്കള്‍ നീക്കിയത്. 'അറബ് വസന്ത'ത്തിന്റെ വയറ്റാട്ടികള്‍ എന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് അവര്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെ ചതുരംഗക്കളത്തില്‍ കളിക്കാനിറങ്ങിയത്. മതതീവ്രവാദികളടക്കം എല്ലാത്തരം ശക്തികേളയും ജനാധിപത്യപ്പോരാളികളുടെ കുപ്പായമണിയിക്കാന്‍ അമേരിക്ക മുമ്പിലുണ്ടായിരുന്നു. അവര്‍ക്ക് ആശയങ്ങളും ആയുധങ്ങളും ആളും എത്തിച്ചുകൊടുക്കാന്‍ അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഓവര്‍ടൈം പാടുപെട്ടു. ജനങ്ങള്‍ക്കുവേണ്ടത് മെച്ചപ്പെട്ട ജീവിതവും ജനാധിപത്യവുമായിരുന്നു. അമേരിക്കക്കു വേണ്ടത് എണ്ണയുടെ മേലുള്ള ആധിപത്യവും കളിപ്പാവകളായ ഭരണകൂടങ്ങളുമായിരുന്നു. ഈ താല്‍പര്യങ്ങള്‍ തമ്മിലുള്ള വൈരുധ്യം ചെറുതല്ല. പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ ഉയര്‍ച്ചതാഴ്ചകളായിരിക്കും ഇനി ഉണ്ടാകാന്‍ പോകുന്നത്. ദുരമൂത്ത തങ്ങളുടെ കരുനീക്കങ്ങളുടെ ഭാഗമായി അമേരിക്കന്‍ ഭരണനേതൃത്വം വാരിവിതറിയ ആയുധങ്ങള്‍ അവര്‍ക്കെതിരെ തന്നെ തിരിയുന്ന സാഹചര്യങ്ങളും അവിടെ വളര്‍ന്നു വരുന്നുണ്ട്.

നാനാതരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കു വിധേയരായവരാണ് ഈ മേഖലയിലെ ജനങ്ങള്‍. തലമുറകളായി അവര്‍ കണ്ണീര്‍കുടിക്കുന്നു. രക്ഷകന്മാരായി രംഗത്തുവന്നവരാരും അവരെ രക്ഷിച്ചില്ല, സ്വേച്ഛാധിപത്യ ഭരണക്കാരും അമേരിക്കന്‍ പിണിയാളരും അവസരംപോലെ അവരെ ഉപയോഗപ്പെടുത്തി. യഥാര്‍ഥ ജനാധിപത്യത്തിന്റെ ശക്തികള്‍, മതേതരത്വത്തിന്റെ ആശയങ്ങള്‍, സാമൂഹിക പുരോഗതിയുടെ വീക്ഷണങ്ങള്‍ ആ ഭൂഭാഗങ്ങളില്‍ വേണ്ടത്ര ശക്തമല്ല. അതിന്റെ കെടുതികളും അവിടങ്ങളിലെ സംഭവവികാസങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. സാമ്രാജ്യത്വ ദുരയും മതമൗലികവാദത്തിന്റെ ദുഷ്ടും ചേര്‍ന്ന് ഒരുക്കിയ ഒരു തരം കെണിയിലാണ് അവിടങ്ങളിലെ ജനങ്ങള്‍ അകപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ സഹഭാവം ആ ജനങ്ങള്‍ക്കുള്ളതാണ്. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെടുന്ന ദിനങ്ങള്‍ ഇനിയും ദൂരെയാണെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

*
ജനയുഗം മുഖപ്രസംഗം 14 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...